Monday, October 6, 2014

മിത്‌സുഹാരു ഹാനെക്കോ- എതിർപ്പ്

 

images


ചെറുപ്പത്തിൽ
എനിക്കു സ്കൂളിനോടെതിർപ്പായിരുന്നു.
ഇപ്പോഴാകട്ടെ,
ജോലി ചെയ്യുന്നതിനോടെനിക്കെതിർപ്പാണ്‌.

എന്തിലുമുപരി ഞാൻ വെറുക്കുന്നത്
ആരോഗ്യത്തെയും സ്വഭാവഗുണത്തെയുമാണ്‌.
ആരോഗ്യവും സത്യസന്ധതയും പോലെ
മനുഷ്യനോടിത്രയും ക്രൂരമായ മറ്റൊന്നില്ല.

‘ജാപ്പനീസ് സ്പിരിറ്റി’നോടെനിക്കെതിർപ്പാണെന്നു
ഞാൻ പറയേണ്ട കാര്യമില്ലല്ലോ,
കടമയും മാനുഷികവികാരങ്ങളും
എനിക്കു മനംപുരട്ടുലുണ്ടാക്കുമെന്നും.
എവിടെത്തെയും ഏതു ഭരണകൂടത്തിനുമെതിരാണു ഞാൻ,
എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മകൾക്കു മുന്നിൽ
ഞാനെന്റെ ആസനം കാണിച്ചുകൊടുക്കുകയും ചെയ്യും.

എന്തിനാണു ജനിച്ചതെന്നാരെങ്കിലും ചോദിച്ചാൽ
ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഞാൻ പറയും, “എതിർക്കാൻ.”
കിഴക്കായിരിക്കുമ്പോൾ
പടിഞ്ഞാറോട്ടു പോകാനാണെനിക്കാഗ്രഹം.

ഇടത്തോട്ടാണ്‌ ഞാനെന്റെ കോട്ടു കെട്ടുന്നത്,
ഷൂസിടുന്നത് ഇടത്തും വലത്തും മാറ്റിയും.
തിരിഞ്ഞിട്ടാണു ഞാൻ കുതിരപ്പുറത്തിരിക്കുക.
എല്ലാവരും വെറുക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു,
എല്ലാവരുടെയും താല്പര്യങ്ങൾ സമാനമാകുമ്പോൾ,
അതിനെയാണു ഞാനേറ്റവും വെറുക്കുക.

ഞാൻ വിശ്വസിക്കുന്നതിതിലാണ്‌:
എതിർക്കുക എന്നതാണ്‌
ജീവിതത്തിൽ ആകെക്കൂടിയുള്ള നല്ല കാര്യം.
എതിർക്കുക എന്നാൽ ജീവിക്കുക എന്നു തന്നെ.
എതിർക്കുക എന്നാൽ അവനവനിൽ ഒരു പിടുത്തം കിട്ടുക എന്നാണ്‌.


 

No comments: