Thursday, July 10, 2014

പെഡ്രോ സാലിനാസ് - നിന്റെ ഹൃദയം...


അത്ര തെളിഞ്ഞതും അത്ര തുറന്നതുമായിരുന്നുpedro_salinas2
നിന്റെ ഹൃദയം,
അതിനാൽത്തന്നെ
എനിക്കതു കടക്കരുതാത്തതുമായി.
ഞാൻ തേടിയതു കുറുക്കുവഴികളായിരുന്നു,
ചെങ്കുത്തായ കയറ്റങ്ങളും ഇടവഴികളുമായിരുന്നു...
നിന്നിലേക്കെത്താൻ പക്ഷേ,
വിശാലമായ പാതകളുണ്ടായിരുന്നു.
നിന്റെ ഹൃദയത്തിനു ചുറ്റും
ഉയർന്ന കോട്ടമതിലുകൾ ഞാൻ സ്വപ്നം കണ്ടു;
നിന്റെ ഹൃദയത്തിനു പക്ഷേ,
കാവലില്ലായിരുന്നു,
വേലിയും ചുമരുമില്ലായിരുന്നു.
നിന്റെ ഹൃദയത്തിലേക്കു ഞാൻ തേടിയത്
ഒരിടുക്കുവഴിയായിരുന്നു,
അതു പക്ഷേ മലർക്കെത്തുറന്നതായിരുന്നു,
അതിനൊരു വാതിലുമുണ്ടായിരുന്നില്ല.
അതു തുടങ്ങുന്നതെവിടെ?
അതവസാനിക്കുന്നതെവിടെ?
നിന്റെ ഹൃദയത്തിന്റെ പടിവാതിൽക്കൽ
കാത്തുകാത്തു ഞാനിരുന്നു.


No comments: