Saturday, July 26, 2014

ബോധിധർമ്മൻ - അറിയില്ല

 

images9


ആദ്യത്തെ സെൻ ഗുരുവായ ബോധിധർമ്മൻ (ജാപ്പനീസിൽ ദാരുമ)ദക്ഷിണേന്ത്യക്കാരനായ ഒരു ക്ഷത്രിയൻ ആണെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. ക്രിസ്തുവർഷം 500നടുത്ത് അദ്ദേഹം ചൈനയിലെത്തി. ലിയാങ്ങ് വംശത്തിൽ പെട്ട വു-ടി എന്ന ചക്രവർത്തി ബോധിധർമ്മനെ സ്വാഗതം ചെയ്തു. ക്ഷേത്രനിർമ്മാണം പോലെയുള്ള പല സത്കർമ്മങ്ങളും താൻ ചെയ്തിട്ടുണ്ടെന്നും അതുവഴി താൻ എന്തുമാത്രം പുണ്യം നേടിയെന്നറിഞ്ഞാൽ കൊള്ളാമെന്നും ചക്രവർത്തി പറഞ്ഞപ്പോൾ ഗുരുവിന്റെ മറുപടി “ഒന്നുമില്ല” എന്നായിരുന്നു.
“ആര്യസത്യത്തിന്റെ ആദ്യപ്രമാണം?”
“വിപുലശൂന്യത, പാവനമായിട്ടൊന്നുമില്ല.”
“എങ്കിൽ ആരാണെനിക്കു മുന്നിൽ നില്ക്കുന്നത്?”
“അറിയില്ല.”
ചക്രവർത്തി അന്ധാളിച്ചു നില്ക്കുമ്പോൾ ബോധിധർമ്മൻ യാങ്ങ്റ്റ്സി നദി കടന്ന് (ഒറ്റ മുളയിൽ എന്നാണ്‌ ഐതിഹ്യം) വടക്കൻ ചൈനയിലെത്തി. അവിടെ ഷാവോലിൻ ക്ഷേത്രത്തിനടുത്തുള്ള ഒരു ചുമരിലേക്കു നോക്കി ഒമ്പതു കൊല്ലം അദ്ദേഹം ധ്യാനത്തിലിരുന്നുവത്രെ. ഒമ്പതു വർഷത്തെ ധർമ്മോപദേശത്തിനു ശേഷം ബോധിധർമ്മൻ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിച്ചു. തന്റെ ശിക്ഷണത്തിൽ നിന്ന് എന്തു നേടി എന്ന് അദ്ദേഹം ശിഷ്യന്മാരോടു ചോദിച്ചു. താവോ-ഫു പറഞ്ഞു, “ഞാൻ അറിഞ്ഞിടത്തോളം സത്യം വാക്കുകളിലും എഴുത്തുകളിലും, ബന്ധിതമല്ല, എന്നാൽ അവയിൽ നിന്നു വ്യത്യസ്തവുമല്ല; എങ്കില്ക്കൂടി ധർമ്മസാക്ഷാല്ക്കാരത്തിനു സഹായകവുമാണവ.”
“നിനക്കു ഞാൻ എന്റെ ചർമ്മം നല്കുന്നു.“
പിന്നെ റ്റ്സുങ്ങ്-ചി എന്ന ഭിക്ഷുണി പറഞ്ഞു, ”ഞാൻ അറിഞ്ഞിടത്തോളം, സത്യം അക്ഷോഭ്യസ്വർഗ്ഗത്തിന്റെ നിമിഷദർശനം പോലെയാണ്‌; ഒരിക്കൽ കണ്ടാൽ പിന്നെയതു കാണണമെന്നില്ല.“
”നിനക്കു ഞാൻ എന്റെ മാംസം നല്കുന്നു.“
താവോ-യു അപ്പോൾ പറഞ്ഞു, ”നാലു ഭൂതങ്ങളില്ല, അഞ്ചു സ്കന്ദങ്ങളുമില്ല. ഞാൻ അറിഞ്ഞിടത്തോളം, സത്യം ശിക്ഷണത്തിലൂടെ അറിയുകയുമില്ല.“
”നിനക്കു ഞാൻ എന്റെ അസ്ഥികൾ നല്കുന്നു.“
ഹുയി-കോ ഗുരുവിനെ താണു വണങ്ങിയിട്ട് ഒന്നും മിണ്ടാതെ നിന്നതേയുള്ളു.
ഗുരു പറഞ്ഞു, “നിനക്കു ഞാൻ എന്റെ മജ്ജ നല്കുന്നു.”

*

images7

ബോധിധർമ്മൻ പറയുന്നു:

...പോയ ബുദ്ധന്മാരും വരാനുള്ള ബുദ്ധന്മാരും ഈ മനസ്സിനെക്കുറിച്ചേ പറഞ്ഞിട്ടുള്ളു. മനസ്സ് ബുദ്ധനാണ്‌, ബുദ്ധൻ മനസ്സുമാണ്‌. മനസ്സിനപ്പുറം മറ്റൊരു ബുദ്ധനില്ല, ബുദ്ധനപ്പുറം മറ്റൊരു മനസ്സുമില്ല. മനസ്സിനപ്പുറം മറ്റൊരു ബുദ്ധനുണ്ടെന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ, എവിടെയാണവൻ? മനസ്സിനപ്പുറം മറ്റൊരു ബുദ്ധനില്ല, എങ്കിൽ അങ്ങനെയൊന്നിനെ എന്തിനു മനസ്സിൽ കാണണം? സ്വയം കബളിപ്പിക്കുന്നിടത്തോളം കാലം നിങ്ങൾ നിങ്ങളുടെ യഥാർത്ഥമനസ്സിനെ അറിയാൻ പോകുന്നില്ല. ജീവരഹിതമായൊരു രൂപത്താൽ ത്രസിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങൾ മുക്തനുമല്ല. എന്നെ വിശ്വാസമില്ലെങ്കിൽ ആത്മവഞ്ചന കൊണ്ടു ഫലവുമില്ല. മനുഷ്യർ മായത്തിൽ പെട്ടുപോയിരിക്കുന്നു. സ്വന്തം മനസ്സു തന്നെ ബുദ്ധനാണെന്ന് അവരറിയുന്നില്ല. അല്ലെങ്കിൽ മനസ്സിനപ്പുറത്ത് ഒരു ബുദ്ധനെ അവർ തേടുമായിരുന്നില്ലല്ലൊ. ബുദ്ധന്മാർ ബുദ്ധന്മാരെ രക്ഷിക്കുന്നില്ല. മനസ്സു കൊണ്ടു ബുദ്ധനെ തേടിയാൽ നിങ്ങൾ ബുദ്ധനെ കാണുകയില്ല. മറ്റൊരിടത്തു ബുദ്ധനെ തേടുന്നിടത്തോളം കാലം സ്വന്തം മനസ്സു തന്നെയാണു ബുദ്ധനെന്ന് നിങ്ങൾ കാണുകയില്ല. ഒരു ബുദ്ധനെ ആരാധിക്കാൻ മറ്റൊരു ബുദ്ധനെ ഉപയോഗപ്പെടുത്തരുത്. ഒരു ബുദ്ധനെ ആവാഹിക്കാൻ മനസ്സിനെ ഉപയോഗപ്പെടുത്തുകയുമരുത്. ബുദ്ധന്മാർ സൂത്രങ്ങൾ ഉരുവിടുന്നില്ല. ബുദ്ധന്മാർ പ്രമാണങ്ങൾ അനുസരിക്കുന്നില്ല. ബുദ്ധന്മാർ പ്രമാണങ്ങൾ തെറ്റിക്കുന്നുമില്ല. ബുദ്ധന്മാർ യാതൊന്നും അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നില്ല. ബുദ്ധന്മാർ നല്ലതോ ചീത്തയോ ചെയ്യുന്നില്ല. ബുദ്ധനെ കണ്ടെത്താൻ സ്വപ്രകൃതമെന്തെന്നു നിങ്ങൾ കണ്ടെത്തിയേ പറ്റൂ. സ്വന്തം പ്രകൃതമെന്തെന്നു കണ്ടവൻ ബുദ്ധനുമാകുന്നു. നിങ്ങൾ സ്വന്തം പ്രകൃതം കണ്ടെടുക്കുന്നില്ലെങ്കിൽ ബുദ്ധനെ ധ്യാനിച്ചിട്ടോ സൂത്രങ്ങൾ ഉരുവിട്ടിട്ടോ വഴിപാടുകൾ നടത്തിയിട്ടോ പ്രമാണങ്ങൾ അനുസരിച്ചിട്ടോ ഒരു ഫലവുമില്ല.
*

images6
...യാഥാർത്ഥ്യത്തെ തിരയാൻ മനസ്സിനെ ഉപയോഗപ്പെടുത്തുന്നത് മായയാണ്‌. യാഥാർത്ഥ്യത്തെ തിരയാൻ മനസ്സിനെ ഉപയോഗപ്പെടുത്താതിരിക്കുന്നത് ബോധമാണ്‌. വാക്കുകളിൽ നിന്നു സ്വയം വേർപെടുത്തുന്നതു മുക്തിയാണ്‌. ഐന്ദ്രിയാനുഭവങ്ങളുടെ പൊടി പറ്റാതെ സ്വയം കാക്കുന്നത് ധർമ്മസംരക്ഷണമാണ്‌. ജീവിതത്തെയും മരണത്തെയും അതിവർത്തിക്കുക എന്നാൽ വീടു വിട്ടിറങ്ങുക എന്നുതന്നെ. വ്യാമോഹങ്ങൾക്കു ജന്മം കൊടുക്കാതിരിക്കുക എന്നാൽ ബോധോദയമാണ്‌. അജ്ഞതയിൽ അഭിരമിക്കാതിരിക്കുക എന്നാൽ ജ്ഞാനമാണ്‌. ദുഃഖനിവൃത്തി എന്നാൽ നിർവാണമാണ്‌. മനസ്സു പ്രത്യക്ഷമാകാതിരുന്നാൽ അതു മറുകരയുമായി. നിങ്ങൾ മായയിൽ പെട്ടിരിക്കുമ്പോൾ ഇക്കര എന്നൊന്നുണ്ടാകുന്നു. ഉണരുമ്പോൾ അതില്ലാതെയാകുന്നു. ജന്മമൃത്യുവശഗരായവർ ഇക്കരയിൽ തന്നെ വസിക്കുന്നു. മഹായാനം സ്വായത്തമായവർ ഇക്കരയിലുമല്ല, മറുകരയിലുമല്ല. അവർ ഇരുകരകളും വെടിയാൻ പ്രാപ്തരാകുന്നു. അക്കരയെ ഇക്കരയിൽ നിന്നു മാറിക്കാണുന്നവർ സെൻ എന്തെന്നറിയുന്നില്ല. മായ എന്നാൽ മർത്ത്യത. ബോധം, ബുദ്ധാവസ്ഥയും. രണ്ടും ഒന്നല്ല. അവ വ്യത്യസ്തവുമല്ല. മനുഷ്യർ മായയെ ബോധത്തിൽ നിന്നു മാറിക്കാണുന്നുവെന്നേയുള്ളു. നാം ഭ്രമിച്ചിരിക്കുമ്പോൾ നമുക്കു മോചനം നേടാൻ ഒരു ലോകമുണ്ടെന്നാകുന്നു. നമുക്കു പ്രജ്ഞ കിട്ടുമ്പോൾ നമുക്കു യാതൊന്നിൽ നിന്നും മോചനം നേടാനില്ലെന്നുമാവുന്നു.
*

images5

...രൂപങ്ങളിൽ നിന്നു നിഴലുകൾ ഉണ്ടാകുന്നു. ശബ്ദങ്ങൾക്കു പിന്നാലെ മാറ്റൊലികളുണ്ടാകുന്നു. ചിലർ ഉടലു തളരുവോളം നിഴലുകളോടു കളിക്കുന്നു; സ്വന്തം ഉടലുകൾ തന്നെയാണു നിഴലുകളെന്ന് അവരറിയുന്നില്ല. ചിലർ മാറ്റൊലികൾ ചെവിയിൽ പെടാതിരിക്കാനായി ഉച്ചത്തിൽ ഒച്ച വയ്ക്കുന്നു; ശബ്ദമാണ്‌ മാറ്റൊലി ജനിപ്പിക്കുന്നതെന്ന് അവരറിയുന്നില്ല. അശുദ്ധികളൊഴിവാക്കി നിർവാണം തേടുന്നത് ഉടലിനെ ഒഴിവാക്കി നിഴലിനെ തേടുന്ന പോലെയാണ്‌. സചേതനജീവികളെ നിരസിച്ച് ബുദ്ധത്ത്വം തേടുന്നത് ഒച്ചയടക്കിയിട്ട് മാറ്റൊലിയെ തേടുന്നപോലെയാണ്‌. അതിനാൽ നാമറിയുന്നു, മായയും മുക്തിയും ഒരേ പാത തന്നെയാണെന്ന്, മൂഢതയും പ്രജ്ഞയും വ്യത്യസ്തമല്ലെന്ന്. നാമരഹിതമായൊരിടത്തെ അവർ നാമകരണം ചെയ്യുന്നു; ആ നാമങ്ങളാൽ ഉള്ളതും ഇല്ലാത്തതുമുണ്ടാകുന്നു. പ്രമാണങ്ങളില്ലാത്തൊരിടത്ത് അവർ പ്രമാണങ്ങൾ പ്രതിഷ്ഠിക്കുന്നു; ആ പ്രമാണങ്ങളിൽ നിന്ന് തർക്കങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മായാജന്യമായ പരിണാമങ്ങൾ യഥാർത്ഥമല്ലെന്നിരിക്കെ ഏതു ശരി, ഏതു തെറ്റ്? ഉള്ളതേത്, ഇല്ലാത്തതേത്? നേടാനൊന്നുമില്ലെന്നാവുകയാണ്‌ നേട്ടം എന്നു നിങ്ങൾ അറിയണം, നഷ്ടപ്പെടാൻ ഒന്നുമില്ലെന്നാവുകയാണു നഷ്ടമെന്നും.
*

images8

...സർവലോകങ്ങളിലേക്കും തുറക്കുന്ന വാതിലാണ്‌ മനസ്സ്, മറുകരയിലേക്കുള്ള കടവും മനസ്സു തന്നെ. വാതിൽ എവിടെയെന്നറിയുന്നവൻ അവിടെ എങ്ങനെ എത്തുമെന്നോർത്തു വ്യാകുലനാവുന്നില്ല. കടവെവിടെ എന്നറിയുന്നവൻ അതെങ്ങനെ കടക്കും എന്നോർത്തു വ്യാകുലനാവുന്നുമില്ല.

ഇക്കാലത്തു ഞാൻ കാണുന്നവരൊക്കെ അന്തസ്സാരഹീനന്മാരായിരിക്കുന്നു. പുണ്യത്തിനു രൂപമുണ്ടെന്ന് അവർ കരുതുന്നു. അവർ ധനം ധൂർത്തടിക്കുന്നു, കരയിലും ജലത്തിലുമുള്ള ജീവികളെ ബലി കൊടുക്കുന്നു. അവർ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നു, സ്തൂപങ്ങൾ പണിയുന്നു; കല്ലും മരവും കൂമ്പാരം കൂട്ടാൻ അവർ ആളുകളോടു പറയുന്നു, ഇതിൽ പച്ചയും അതിൽ ചുവപ്പും ചായമടിക്കാൻ അവർ നിർദ്ദേശിക്കുന്നു. അവർ സ്വന്തം ശരീരത്തെയും മനസ്സിനെയും ക്ളേശിപ്പിക്കുന്നു, സ്വയം മുറിപ്പെടുത്തുന്നു, അന്യരെ വഴി തെറ്റിക്കുകയും ചെയ്യുന്നു. ലജ്ജ തോന്നാനുള്ള അറിവും അവർക്കില്ല. എന്നാണവർക്കു ബോധമുദിക്കുക? തൊടവുന്നതൊന്നിനെ കണ്ടാൽ അവർ അതിൽ പറ്റിക്കൂടുകയായി; രൂപമില്ലാത്തതിനെക്കുറിച്ച് അവരോടു പറഞ്ഞാൽ ഒന്നും മനസ്സിലാകാതെ, നാവുമിറങ്ങി അവർ ഇരിക്കും. ഈ ലോകത്തെ ചെറിയ ദാക്ഷിണ്യങ്ങൾക്കു പിന്നാലെ പോകുമ്പോൾ വരാനുള്ള മഹാദുഃഖങ്ങളെ അവർ കാണുന്നില്ല. അങ്ങനെയുള്ളവർ ഒരു ഫലവുമില്ലാതെ സ്വയം ക്ഷയിപ്പിക്കുകയാണ്‌.
നിങ്ങളുടെ മനസ്സിന്റെ ഉൾവെളിച്ചത്തിൽ ശ്രദ്ധിക്കുക മാത്രം ചെയ്താൽ മതി, സത്യത്തിലേക്കുള്ള വാതിലുകൾ തുറന്നുകിട്ടും. ദൈനന്ദിനജീവിതത്തിന്റെ സാധാരണതയിൽ നിന്ന് ഉദാത്തതയിലേക്കു നോട്ടം കിട്ടാൻ ഒന്നു കണ്ണടച്ചു തുറന്നാൽ മതി. മുക്തി ഇപ്പോൾത്തന്നെ പ്രാപ്യമാണ്‌. എന്തിനു നരച്ച മുടിയെക്കുറിച്ചോർത്തു ദുഃഖിക്കുന്നു?



No comments: