Tuesday, July 29, 2014

ഡോഗെൻ - ഈ ലോകമേതുപോലെ?

dogen

ഡോഗെൻ(1200-1253) ജപ്പാനിലെ ക്യോട്ടോവിൽ ജനിച്ചു. ചെറുപ്പത്തിലേ അനാഥനായി. പതിമൂന്നാമത്തെ വയസ്സിൽ സെൻ ഭിക്ഷുവായി. ഒമ്പതു കൊല്ലത്തിനു ശേഷം ചൈനയിൽ പോയി ടിയെൻ-ടുങ്ങ് ജു-ചിങ്ങിന്റെ ശിഷ്യനായി. തിരിച്ചുവന്ന് സോട്ടോ എന്ന സെൻ വിഭാഗത്തിന്റെ സ്ഥാപകനായി. സസെൻ (സമാധി)ന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങൾ.


ഈ ലോകമേതുപോലെ?
കൊറ്റി കൊക്കു കുടഞ്ഞപ്പോൾ
തെറിച്ചുവീണ മഞ്ഞുതുള്ളിയിൽ
പ്രതിഫലിച്ച നിലാവു പോലെ.
*

അരുവിക്കരയിൽ നില്ക്കാൻ
എനിക്കു പേടിയായി:
എന്റെ നിഴലും
ലോകത്തേക്കൊഴുകിയാലോ?
*

പാതിരാത്രി.
കാറ്റില്ല, തിരകളില്ല,
ഒഴിഞ്ഞ തോണിയിൽ
നിലാവിന്റെ പ്രളയം.
*

പൂവു കൊഴിയുന്നു,
നമുക്കതിനെ ഇഷ്ടമാണെങ്കിലും;
കള വളരുന്നു,
നമുക്കതിനെ ഇഷ്ടമല്ലെങ്കിലും.
*

അഭ്യാസത്തിനു തുടക്കമില്ല,
ബോധോദയത്തിനൊടുക്കമില്ല;
ബോധോദയത്തിനു തുടക്കമില്ല,
അഭ്യാസത്തിനൊടുക്കമില്ല.
*

ഈ പരിധിയറ്റ ലോകത്തു യാത്ര ചെയ്യുമ്പോൾ
എവിടെയ്ക്കാണു പോകുന്നതെന്നോടു ചോദിക്കരുത്.
ഞാനോരോ ചുവടു വയ്ക്കുമ്പോഴും
അതെന്റെ നാടു തന്നെ.

zen

ഡോഗെൻ പറയുന്നു:
വാദങ്ങൾ കൊണ്ടു മറ്റൊരാളെ വീർപ്പു മുട്ടിക്കുന്നതു നല്ലതല്ല, അതിനി നിങ്ങളാണു ശരി, മറ്റേയാളുടെ ഭാഗം തെറ്റാണെങ്കിൽക്കൂടി. അതേ സമയം, സ്വന്തം ഭാഗം ശരിയാവാൻ അത്രയധികം കാരണങ്ങളുണ്ടായിരിക്കെ  ‘എനിക്കു തെറ്റി’ എന്നു പറഞ്ഞുകൊണ്ട് അത്ര വേഗം വഴങ്ങിക്കൊടുക്കുന്നതും ശരിയല്ല. ഏറ്റവും നല്ല വഴി വാദപ്രതിവാദങ്ങൾ സ്വാഭാവികമായി അണയാൻ വിട്ടുകൊടുക്കുകയാണ്‌, മറ്റേയാളെ ഞെരുക്കാതെ, തെറ്റുകാരൻ താനാണെന്ന് തെറ്റായി സമ്മതിക്കാതെ. മറ്റേയാളുടെ വാദങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നില്ല നിങ്ങളെങ്കിൽ, അവ തന്നെ അലട്ടാൻ നിന്നുകൊടുക്കുന്നില്ല നിങ്ങളെങ്കിൽ അയാളും അതേപടി ചെയ്യും, അയാൾ കുപിതനാവുകയുമില്ല. ഇത് ശ്രദ്ധ വയ്ക്കേണ്ടതൊന്നാണ്‌.

ഡോഗെൻ പറയുന്നു:
നശ്വരത നമ്മുടെ കണ്മുന്നിലുള്ള വസ്തുതയാണ്‌. അന്യരുടെ ഉപദേശങ്ങൾക്കോ വേദപ്രമാണങ്ങൾക്കോ ബോധോദയത്തെക്കുറിച്ചുള്ള തത്ത്വജ്ഞാനത്തിനോ കാത്തുനില്ക്കരുത്. നാം രാവിലെ ജനിക്കുന്നു, വൈകിട്ടു മരിച്ചും പോകുന്നു; ഇന്നലെ നാം കണ്ട മനുഷ്യൻ ഇന്നു നമ്മോടൊപ്പമില്ല. ഈ വസ്തുതകളൊക്കെ നാം സ്വന്തം കണ്ണുകൾ കൊണ്ടു കാണുന്നതാണ്‌, സ്വന്തം കാതുകൾ കൊണ്ടു കേൾക്കുന്നതാണ്‌. പക്ഷേ നിങ്ങൾ നശ്വരതയെ കാണുകയും കേൾക്കുകയും ചെയ്യുന്നത് മറ്റൊരാളിലൂടെയാണ്‌. സ്വന്തം ശരീരം കൊണ്ട് അതിന്റെ ഭാരമൊന്നു തൂക്കിനോക്കൂ. എഴുപതോ എമ്പതോ കൊല്ലം ജീവിച്ചതിൽ പിന്നെ മരണത്തിന്റെ അനിവാര്യതയ്ക്കു വഴങ്ങി നിങ്ങൾ മരിച്ചുപോകുന്നു. ഈ ജീവിതത്തിൽ നിങ്ങളെ ബാധിക്കുന്ന ദുഃഖങ്ങൾ, സന്തോഷങ്ങൾ, മമതകൾ, സംഘർഷങ്ങൾ ഇവയോടെങ്ങനെയാണു നിങ്ങളൊന്നു സമരസപ്പെട്ടുപോവുക? ബുദ്ധമാർഗ്ഗത്തിൽ വിശ്വസിച്ച് നിർവാണത്തിന്റെ ശാശ്വതാനന്ദം തേടിപ്പോവുക. പ്രായമായവർ, ജീവിതത്തിന്റെ പാതി കടന്നവർ- എത്ര കൊല്ലം ബാക്കിയുണ്ടെന്നറിയാൻ ഒരു വഴിയുമില്ലെന്നിരിക്കെ എങ്ങനെയാണവർ സമാധാനത്തോടെ പഠനത്തിൽ മുഴുകുക? ഇന്ന്, ഈ നിമിഷം എന്തു സംഭവിക്കാം എന്നു ചിന്തിച്ചു നോക്കുക. ഒരു പക്ഷേ, ഇന്നു രാത്രിയിൽ, അല്ലെങ്കിൽ നാളെ നിങ്ങൾ കഠിനരോഗം ബാധിച്ചു വീണുവെന്നു വരാം; അസഹ്യമായ വേദന കൊണ്ടു നിങ്ങളുടെ ദേഹം നീറിയെന്നു വരാം; ഏതോ പിശാചുക്കളുടെ ശാപത്താൽ അപമൃത്യു വരിച്ചുവെന്നു വരാം; കവർച്ചക്കാരുടെ കൈകളിൽ പെട്ടുവെന്നു വരാം; പക വീട്ടാൻ തക്കം പാർത്തു നടന്ന ഒരാളുടെ കൈകളാൽ വധിക്കപ്പെട്ടുവെന്നു വരാം. ജീവിതം അനിശ്ചിതമാണെന്നതിനു സംശയമെന്തിരിക്കുന്നു. ഏതു നിമിഷവും മരണം കടന്നുവരാവുന്ന ഈ കുത്സിതലോകത്ത് ജീവിതത്തെക്കുറിച്ചു കണക്കുകൂട്ടലുകൾ നടത്തുന്നത് അസംബന്ധമാണ്‌, അന്യരെ വീഴ്ത്താൻ കരുക്കൾ നീക്കുന്നതും നിരുപയോഗമായ സംഗതികളിൽ സമയം ചെലവിടുന്നതും അസംബന്ധമാണ്‌. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചേ ബുദ്ധൻ പറഞ്ഞിട്ടുള്ളു, ആദിഗുരുക്കന്മാർ പഠിപ്പിച്ചിട്ടുള്ളു. ഞാൻ ആവർത്തിക്കുന്നു: ഈ സത്യം മറക്കരുത്. ഈ നിമിഷത്തെക്കുറിച്ചു മാത്രം ചിന്തിക്കുക. അതില്പിന്നെ എല്ലാം എളുപ്പമാകുന്നു.

ഡോഗെൻ പറയുന്നു:
ജലത്തിൽ പ്രതിഫലിക്കുന്ന ചന്ദ്രനെപ്പോലെയാണ്‌ ബോധോദയം. ചന്ദ്രൻ നനയുന്നില്ല, ജലമിളകുന്നുമില്ല. വിശാലവും മഹത്തുമാണതിന്റെ വെളിച്ചമെങ്കിലും ഒരടി വീതിയുള്ള കുണ്ടിലും ചന്ദ്രൻ പ്രതിഫലിക്കുന്നു. പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളികളിൽ, ഒരു മഴത്തുള്ളിയിൽ പോലും ചന്ദ്രന്റെ പൂർണ്ണതയും ആകാശത്തിന്റെ വിശാലതയും പ്രതിഫലിക്കുന്നു. ചന്ദ്രൻ ജലത്തെ ഇളക്കുന്നില്ല എന്നപോലെ തന്നെ ബോധോദയം നിങ്ങളെ വിഭജിക്കുന്നുമില്ല. ആകാശത്തു ചന്ദ്രനെ തടുക്കാൻ ഒരു ജലബിന്ദുവിനാകില്ലെന്നപോലെ തന്നെ ബോധോദയത്തെ തടുക്കാൻ നിങ്ങൾക്കുമാകില്ല. തുള്ളിയുടെ ആഴമാണ്‌ ചന്ദ്രന്റെ ഉയരം. ഓരോ പ്രതിഫലനത്തിലും, അതിന്റെ ദൈർഘ്യം എത്രയെങ്കിലുമാവട്ടെ, മഞ്ഞുതുള്ളിയുടെ വൈപുല്യം പ്രത്യക്ഷമാകുന്നു, ചന്ദ്രന്റെ അപാരത സാക്ഷാത്കൃതമാവുന്നു.


 

No comments: