Wednesday, July 30, 2014

ഹാൻ ഷാൻ - തണുപ്പന്‍ മല

ഒമ്പതാം നൂറ്റാണ്ടിൽ ചൈനയിലെ ഹാൻ ഷാൻ (തണുപ്പൻ മല) എന്നു പേരിട്ട ഒരു മലയിൽ ഏകാന്തജീവിതം നയിച്ച സെൻ വൈരാഗി. കൃത്യമായ ജീവചരിത്രം ലഭ്യമല്ല. അദ്ദേഹം വികലാംഗനായിരുന്നുവെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും പറയുന്നു. എപ്പോഴും ചിരിച്ചുകൊണ്ടു നടക്കുന്ന ഒരാളായിട്ടാണ്‌ അദ്ദേഹത്തെ ചിത്രീകരിക്കാറുള്ളത്.

han shan


എണ്ണമറ്റ ചോലകൾക്കിടയിൽ ഒരായിരം മേഘങ്ങൾ;
അവയ്ക്കിടയിലതിസ്വസ്ഥനായൊരാളും.
പകലു മുഴുവൻ പച്ച തെഴുത്ത കുന്നുകളിലലഞ്ഞുനടക്കുമയാൾ.
രാത്രികളിൽ പാറകൾക്കടിയിൽ വീടെത്തിക്കിടന്നുറങ്ങുമയാൾ.
ഋതുപ്പകർച്ചകളയാളെക്കടന്നുപോകുന്നതെത്രവേഗമെന്നോ!
സ്വസ്ഥൻ, കറ പുരളാത്തവൻ, ഭൂബന്ധമറ്റവൻ.
എന്തുമാതിരി ആനന്ദങ്ങൾ- അവയാശ്രയിച്ചിരിക്കുന്നതേതിനെ?
തെളിഞ്ഞ ശമത്തെ, ശരൽക്കാലത്തെ പുഴവെള്ളം പോലെ.

*

ഹാൻ ഷാനെക്കാണുമ്പോളാളുകൾ പറയുന്നു,
ആളൊരു തുമ്പു കെട്ടവനാണെന്ന്,
കാണാനത്രയ്ക്കേയുള്ളു, കക്ഷിയെന്നും-
കീറത്തുണിയും മരത്തൊലിയും
വാരിച്ചുറ്റി നടക്കുന്നൊരുത്തൻ.
ഞാൻ പറയുന്നതെന്തെന്നവർക്കു പിടികിട്ടുന്നില്ല,
അവരുടെ ഭാഷയല്ല, ഞാൻ സംസാരിക്കുന്നതും.
എന്നെക്കാണാൻ വരുന്നവരോടൊന്നേ ഞാൻ പറയാറുള്ളു:
“തണുപ്പൻമല കയറാനൊന്നു ശ്രമിക്കെന്നേ!”

*

ആളുകൾ ചോദിക്കുന്നു,
തണുപ്പൻമലയിലേക്കുള്ള വഴിയേതെന്ന്.
ഒരു വെട്ടുവഴിയുമവിടെയ്ക്കില്ല.
വേനലിൽ മഞ്ഞുരുക്കമില്ല,
ചുഴലുന്ന മൂടലിൽ ഉദയസൂര്യനും മറയും.
പിന്നെങ്ങനെ ഞാനൊപ്പിച്ചു?
നിങ്ങളുടേതു പോലല്ലെന്റെ ഹൃദയം.
എന്റേതു പോലായിരുന്നു നിങ്ങളുടേതുമെങ്കിൽ
പണ്ടേ നിങ്ങളിവിടെയെത്തിയേനെ.

*

ഹാൻ ഷാൻ നിങ്ങൾക്കെഴുതുന്നു.
ഒരാളും പക്ഷേ ഞാനെഴുതുന്നതു വിശ്വസിക്കില്ല.
തേൻ മധുരിക്കും: ആളുകൾക്കതാണിഷ്ടം;
കഷായം കയ്ക്കും: ഇറക്കാൻ വിഷമിക്കും.
വികാരങ്ങൾക്കു തലോടലേറ്റാൽ
സംതൃപ്തിയ്ക്കതു മതി;
ഇച്ഛയ്ക്കെതിരായിട്ടൊന്നു വന്നാൽ
കോപിക്കാനുമതു മതി.
മരപ്പാവകളെയൊന്നു നോക്കാനേ,
നിങ്ങളോടു ഞാൻ പറയൂ:
അരങ്ങിലാടിത്തളർന്നവയെ.

*

മൂന്നാം മാസം,
പട്ടുനൂൽപ്പുഴുക്കൾ വളർച്ച മുറ്റാത്ത കാലം,
പെൺകുട്ടികൾക്കന്നു നേരമുണ്ടായിരുന്നു,
പൂ നുള്ളാനുമോടിനടക്കാനും.
പൂമ്പാറ്റകളോടൊത്തവരോടിക്കളിച്ചു.
പുഴക്കരെ, ഒരു കിഴവൻതവളയെ
അവർ കല്ലെറിഞ്ഞോടിച്ചു.
കനിയെപ്പഴുത്ത പഴങ്ങളവർ
പട്ടുതൂവാലകളിൽ വാരിനിറച്ചു.
പൊൻമുടിപ്പിന്നു കൊണ്ടവർ
മുളങ്കൂമ്പുകൾ കുഴിച്ചെടുത്തു.
ബാഹ്യചാരുതയുടെ പകിട്ടുകൾ
ഇത്രയും വിളങ്ങിനിൽക്കെ,
അവയോടു മത്സരിക്കാൻ
തണുപ്പൻമല മോഹിക്കാമോ?

*

എന്റെ മനസ്സേതുപോലെയെന്നു ചോദിച്ചാൽ,
അതു ശരച്ചന്ദ്രനെപ്പോലെ,
ഒരിന്ദ്രനീലത്തടാകം പോലെ-
ശുദ്ധം, സ്പഷ്ടം, ദീപ്തം.
ഒന്നുമില്ലതിനോടുപമിക്കാൻ,
പറയൂ, ഞാനെങ്ങനെ വിശദീകരിക്കാൻ?

*


കുടിയിരിക്കാനൊരിടം തേടുകയാണെന്നോ?
ഹാൻ ഷാൻ തന്നെ പോരേയതിന്‌?
കനത്ത പൈൻമരങ്ങൾക്കിടെ നനുത്ത തെന്നലുണ്ട്,
കാതു കൊടുക്കുന്തോറും കാതിനിമ്പവും കൂടും;
അവയ്ക്കടിയിൽ തല നരച്ചൊരാളൊളിച്ചിരിക്കുന്നു,
ദാവോയുടെ സൂക്തങ്ങളും മന്ത്രിച്ചുമന്ത്രിച്ച്.
പത്താണ്ടായിട്ടും മടങ്ങാനയാൾക്കായിട്ടില്ല,
വന്ന വഴി അയാൾക്കു മറന്നും പോയി.

*


എന്നുമൊരു മിണ്ടാക്കുട്ടിയാണു നിങ്ങളെങ്കിൽ,
പുതിയ തലമുറയോടെന്തു കഥ പറയാനുണ്ടാവും?
എന്നുമൊരു കൊടുങ്കാട്ടിലൊളിച്ചിരിപ്പാണു നിങ്ങളെങ്കിൽ
നിങ്ങളുടെ ജ്ഞാനദീപമെങ്ങനെ വെളിച്ചം പരത്തും?
എല്ലുകളിട്ടുവച്ച ഈ തോൽസഞ്ചി അത്രയുറച്ച പാത്രമൊന്നുമല്ല,
കാറ്റും മഞ്ഞുമാണെങ്കിൽ തങ്ങളുടെ പണിയിലതിവിരുതന്മാരും.
കരിങ്കല്പാടത്തു കളിമൺകാളയെക്കൊണ്ടുഴാനാണെങ്കിൽ,
കൊയ്യാനുള്ള നാളൊരിക്കലും വന്നുചേരുകയുമില്ല.

*

ഇറങ്ങിച്ചെല്ലുന്തോറും ഭംഗിയേറുന്ന കുന്നുകൾ-
എന്നിട്ടൊരാളുപോലുമീവഴി വന്നിട്ടുമില്ല.
നെടുങ്കൻ പാറകളെ ചുറ്റിപ്പറ്റി അലസമേഘങ്ങൾ,
ഒരു മരത്തലപ്പിലൊരേയൊരു മൊച്ചയും:
മറ്റേതു ചങ്ങാതിമാരെയെനിക്കു വേണം?
ആണ്ടുകളാണ്ടുകൾ പോകെ മുഖവും വടിവും മാറിയാലും,
മനസ്സെന്ന മുത്തിനെ കൈവിടാതെ ഞാനിരിക്കുന്നു.

*

ഇന്നലെ പുഴക്കരെ മരങ്ങളെ ഞാൻ കണ്ടു,
വിശ്വാസം വരാത്ത മാതിരി തകർന്നും നശിച്ചും.
നിവർന്നു നിൽക്കുന്നവ രണ്ടോ, മൂന്നോ,
ഒരായിരം മഴുത്തലകളുടെ പ്രഹരങ്ങളേറ്റവ.
കോടമഞ്ഞു കൊഴിച്ചിടുകയാണു പഴുക്കിലകളെ,
പുഴയലകൾ കാർന്നുതിന്നുകയാണു ദ്രവിച്ച വേരുകളെ.
ജീവിതം കഴിച്ചുകൂട്ടേണ്ടതീവിധമായിരിക്കെ,
എന്തിനു ശപിക്കുന്നു ഭൂമിയെ, സ്വർഗ്ഗത്തെ?

*

നിങ്ങളുടെ പ്രബന്ധങ്ങളൊക്കെ കേമം തന്നെ,
നിങ്ങളുടെയുടൽ കനത്തതുമുറച്ചതും.
ജനനം പക്ഷേ നിങ്ങൾക്കു നല്കുന്നതു പരിമിതമായൊരുടൽ,
മരണം നിങ്ങളെ പേരില്ലാത്തൊരു പ്രേതവുമാക്കുന്നു.
ഈ യത്നം കൊണ്ടു നിങ്ങളെന്തു നേടാൻ?
വരൂ, ഈ വെളുത്ത മേഘങ്ങൾക്കിടയിലേക്കു വരൂ;
ഞാൻ പഠിപ്പിക്കാം ചെമന്ന കുമിളു പാടുന്ന ഗാനം.

*

ലോകരുടെ രീതികൾ കണ്ടുനിൽക്കുകയാണു ഞാൻ:
ഒരാൾക്കെതിരെ എല്ലാവരും,
എല്ലാവർക്കുമെതിരെ ഒറ്റയാളും.
ക്ഷോഭിക്കയാണവർ, തർക്കിക്കയാണവർ,
മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയാണവർ,
നോകിയിരിക്കെപ്പക്ഷേ, ചത്തുപോവുകയുമാണവർ.
ചതുരത്തിലൊരു തറ ആർക്കും കിട്ടാതെ പോകുന്നില്ല:
ആറടി നീളത്തിൽ, നാലടി വീതിയിലും.
ആ ചതുരത്തിനു പുറത്തു കടക്കാനൊരു വഴി പറയാമോ?
എങ്കിൽ, നിങ്ങളുടെ പേരും കൊത്തി
ഞാനൊരോര്‍മ്മക്കല്ലു നാട്ടിയേക്കാം.


No comments: