Monday, July 28, 2014

മെരുങ്ങിയ മൂരി

 

ബോധോദയത്തിലേക്കെത്തുന്നതിനുള്ള മാനസികപരിശീലനത്തിന്റെ പത്തു പടവുകൾ വിശദീകരിച്ചു കൊടുക്കുന്നതിനായി സെൻ ഗുരുക്കന്മാർ ഉപയോഗപ്പെടുത്തിയിരുന്ന ഒരു ചിത്രപരമ്പരയാണ്‌ ‘മൂരിയെ മെരുക്കൽ.’ 1050ൽ ചിങ്ങ്-ചൂ ആണ്‌ ആദ്യമായി ഈ ചിത്രങ്ങൾ വരയ്ക്കുന്നത്. പക്ഷേ 1150ൽ കുവോ-ആൻ ഷി-യുവാൻ വരച്ചതാണ്‌ ഏറ്റവും പ്രശസ്തമായതും പിന്നീടുള്ളവർക്ക് മാതൃകയായതും.

ഒരിക്കൽ ഒരു ഭിക്ഷു അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഗുരു വന്ന് എന്താണു ചെയ്യുന്നതെന്നു ചോദിച്ചു. ‘ഞാൻ വെറുതേ മൂരിയെ മേയ്ക്കുന്നു,’ ഭിക്ഷു പറഞ്ഞു. ‘താൻ എങ്ങനെയാണതിനെ മേയ്ക്കുന്നത്?’ ‘മൂരി വഴിയിൽ നിന്നു തെന്നി പുല്ലു തിന്നാൻ നോക്കുമ്പോൾ ഞാൻ മൂക്കുകയറിൽ പിടിച്ച് തിരിച്ചുകൊണ്ടുവരും.’

ഈ മൂരി നമ്മുടെ മനസ്സു തന്നെ. തർക്കവാദങ്ങളിലേക്കലഞ്ഞുപോകാതിരിക്കാൻ നാമതിനെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.

ox1

1. മൂരിയെ തേടുന്നു

തലയ്ക്കു മേൽ വളർന്ന പുല്ലു വകഞ്ഞുമാറ്റി
ഞാൻ മൂരിയെ തേടിനടക്കുന്നു.
പേരില്ലാത്ത പുഴകളുടെ കരയിലൂടെ,
അകലെ മലകളുടെ ചരിവുകളിലൂടെ,
ഇനി തേടാനൊരിടമില്ലാതെ
കുഴഞ്ഞും തളർന്നും ഞാനിരിക്കുമ്പോൾ
രാത്രിയിൽ മേപ്പിളിലകളുടെ മർമ്മരത്തിനിടയിൽ
ചീവീടുകൾ കരയുന്നതേ ഞാൻ കേൾക്കുന്നുള്ളു.

ox2

2. കാല്പാടു കാണുന്നു

പുഴക്കരെ, മരങ്ങൾക്കടിയിൽ
ചവിട്ടിക്കുഴച്ച കാല്പാടുകൾ!
വാസനിക്കുന്ന നിബിഡവനം-
ഇതാണോ അവൻ പോയ വഴി?
അകലെ മലകൾക്കിടയിലവനലയട്ടെ,
അവന്റെ മൂക്കു മാനം തൊടുന്നു.
അവനൊളിച്ചിരിക്കുന്നതെങ്ങനെ?

ox3

3. മൂരിയെ കാണുന്നു

മരങ്ങളിൽ മഞ്ഞക്കിളി പാടുന്നു,
തെളിഞ്ഞ വെയിൽ, കുളിരുന്ന തെന്നൽ.
പുഴക്കരെ നിരയായരളിമരങ്ങൾ.
അതാ, ഒറ്റയ്ക്കവൻ.
ആ തലയും കൊമ്പുകളും-
ആർക്കാണവ വരയ്ക്കാനാവുക?

ox4

4. മൂരിയെ പിടിക്കുന്നു

ഊർജ്ജമെല്ലാമെടുത്തു ഞാൻ ചാടിവീഴുന്നു,
എന്താണവന്റെ ശക്തി! അവന്റെ ഇച്ഛാശക്തി!
ചിലപ്പോഴവൻ പീഠഭൂമിയിലേക്കു കുതിക്കുന്നു,
ചിലപ്പോഴവൻ കൊല്ലിയിലേക്കിറങ്ങിയോടുന്നു.

ox5

5. മൂരിയെ മെരുക്കുന്നു

ചാട്ട കളയരുത്, കയറിന്റെ പിടി വിടരുത്.
അല്ലെങ്കിൽ പിന്നെയുമവൻ മലിനതയിലേക്കലയും.
വേണ്ടവണ്ണം മെരുക്കിയാൽ അവനിണങ്ങും,
കയറിട്ടു വലിച്ചില്ലെങ്കിലും പിന്നാലെ വരും.

ox6

6. മൂരിയെ വീട്ടിലേക്കു നടത്തുന്നു

മൂരിപ്പുറത്തു കയറി ഞാൻ വീട്ടിലേക്കു മടങ്ങുന്നു,
സാന്ധ്യവായുവിൽ എന്റെ പുല്ലാങ്കുഴൽ നാദമലിയുന്നു.
ഒരു പാട്ടും പാടി, അതിനു താളവും ഞാൻ പിടിക്കുന്നു-
വാക്കുകളിലൊതുങ്ങുന്നതല്ലിതൊന്നും!

ox7

7. മൂരിയെ മറക്കുന്നു

മൂരി മേൽ സവാരി ചെയ്തു വീട്ടിലെത്തിയതില്പിന്നെ
ഞാൻ വിശ്രമിക്കുന്നു, മൂരിയെ മറന്നും പോകുന്നു.
ഉച്ചസൂര്യനിൽ ധന്യമായൊരു നിദ്രയിലാഴുമ്പോൾ
ചാട്ടയും കയറും ഞാൻ കുടിലിനു പിന്നിലെറിഞ്ഞുകളഞ്ഞു.

ox8

8. മൂരിയെ മറികടക്കുന്നു

ചാട്ട, കയർ, ഞാൻ, മൂരി- എല്ലാം ശൂന്യതയിലലിയുന്നു,
വിപുലാകാശത്തേക്കു ചിന്തകളെത്തില്ല,
നെരുപ്പോടിന്റെ ചൂടിൽ മഞ്ഞലകു ശേഷിക്കില്ല.
ഇവിടെയെത്തിയപ്പോൾ ആദിഗുരുവിനെ ഞാൻ കാണുന്നു.

ox9

9. ഉറവിലേക്കു മടങ്ങുന്നു

ഉറവിലേക്കു മടങ്ങാൻ ഞാനെത്ര ചുവടുകൾ വച്ചു!
അനങ്ങാതെ വീട്ടിലിരുന്നാൽ മതിയായിരുന്നു,
പുറംലോകത്തോടന്ധനും ബധിരനുമായാൽ മതിയായിരുന്നു.
പുഴയൊഴുകുന്നതാർക്കുവേണ്ടി, പൂക്കൾ തുടുക്കുന്നതും?

ox10

10. അങ്ങാടിയിലേക്കിറങ്ങുന്നു

നഗ്നപാദനായി, മാറു നഗ്നമാക്കി ഞാൻ ചന്തയിലെത്തുന്നു,
ചാരവും പൊടിയും മൂടി ഞാൻ ലോകരോടിടകലരുന്നു.
അമാനുഷശക്തികളെനിക്കില്ല, ഗൂഢമന്ത്രങ്ങളുമില്ല:
ഉണക്കമരങ്ങളെ ഞാൻ പൂക്കാൻ പഠിപ്പിക്കുന്നതേയുള്ളു.


 

 

No comments: