Monday, July 28, 2014

ഉപാസകനായ പാങ്ങ്-യുൺ

1sageymonkess


ഗൃഹസ്ഥനായിരുന്നുകൊണ്ടുതന്നെ സെന്നിന്റെ സാദ്ധ്യതകൾ സാക്ഷാത്ക്കരിക്കാമെന്നതിന്‌ ഉദാഹരണമായി എടുത്തുകാട്ടാറുള്ളതാണ്‌ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ ജീവിച്ചിരുന്ന പാങ്ങ്-യുൺ(740-808) എന്ന വ്യാപാരിയുടെ ജീവിതം. മധ്യവയസ്സെത്തിയപ്പോൾ അദ്ദേഹം തന്റെ വീട് ദാനം ചെയ്യുകയും സമ്പാദ്യങ്ങളൊക്കെ പുഴയിൽ ഒഴുക്കിക്കളയുകയും ചെയ്തിട്ട് ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പം യാത്ര ചെയ്തു കാലം കഴിച്ചു.

 

ഉപാസകന്റെ കവിതകൾ

 

എന്റെ നിത്യവൃത്തികളിൽ അസാധാരണമായിട്ടൊന്നുമില്ല;
അവയോടു സ്വഭാവേന പൊരുത്തമായി ഞാൻ ജീവിക്കുന്നു.
ഞാനൊന്നിനേയുമുൾക്കൊള്ളുന്നില്ല, ഒന്നിനേയും തള്ളുന്നില്ല,
എവിടെയുമൊരു വിഘാതമില്ല, എവിടെയുമൊരു സംഘർഷമില്ല;
ഇതാണെന്റെ അത്ഭുതശക്തിയും ആശ്ചര്യവൃത്തിയും:
വെള്ളം കോരുക, വിറകു വെട്ടുക.
*

എനിക്കൊരു മകനുണ്ട്, അവനു ഭാര്യയില്ല;
എനിക്കൊരു മകളുണ്ട്, അവൾക്കു ഭർത്താവില്ല;
സന്തുഷ്ടകുടുംബമായി ഞങ്ങൾ ജീവിക്കുന്നു,
‘അജാത’ത്തെക്കുറിച്ചു ഞങ്ങൾ സംസാരിക്കുന്നു.
*

അഹമെന്നൊന്നില്ല, വ്യക്തിയെന്നൊരാളില്ല,
പിന്നെങ്ങനെ, ബന്ധുവും അന്യനും?
പ്രഭാഷണത്തിൽ നിന്നു പ്രഭാഷണത്തിലേക്കോടരുതേ;
സത്യത്തെ നേരിട്ടു തേടിപ്പോകൂ.
‘പ്രജ്ഞാപാരമിതവജ്ര’ത്തിൽ ഒരു പൊടിയും പറ്റുന്നില്ല.
‘ഞാനിങ്ങനെ കേട്ടു’ എന്നതിൽ നിന്ന്
‘ഞാനിതു വിശ്വസിക്കുന്നു’ എന്നതിലേക്ക്
നേരില്ലാത്ത പേരുകളുടെ ഒരു നിരയുടെ ദൂരമേയുള്ളു.
*

കഴിഞ്ഞ കാലം കഴിഞ്ഞുപോയി,
അതിനെ വീണ്ടെടുക്കാൻ നോക്കരുത്;
വർത്തമാനകാലം നീണ്ടുനില്ക്കില്ല,
അതിലനുനിമിഷമള്ളിപ്പിടിക്കരുത്;
ഭാവികാലമിനിയുമെത്തിയിട്ടില്ല,
അതിനെക്കുറിച്ചിപ്പോഴേ വിചാരമരുത്.
മൂന്നു കാലങ്ങൾക്കുമസ്തിത്വമില്ലെന്നിരിക്കെ
ബുദ്ധമാനസം തന്നെയാണു നിങ്ങളുടെ മനസ്സും.
അനുസരിക്കാൻ കല്പനകളൊന്നുമില്ല,
തുടച്ചുമാറ്റാനൊരു മാലിന്യവുമില്ല.
മനസ്സിന്റെ ശൂന്യത കണ്ടുകഴിഞ്ഞാൽ
ജീവിതത്തിൽ ധർമ്മങ്ങളൊന്നുമില്ല.
ഇങ്ങനെയാകാൻ നിങ്ങൾക്കായാൽ
നിർവ്വാണം നിങ്ങൾ നേടിക്കഴിഞ്ഞു.
*

ആർത്തിയും കോപവും ത്യജിക്കാൻ നിങ്ങളാളല്ല,
എന്നിട്ടു പിന്നെ ബുദ്ധമാർഗ്ഗം പഠിക്കാൻ നിങ്ങൾ മെനക്കെടുന്നു.
നിങ്ങൾ കുറിപ്പടി വായിക്കുന്നു, പക്ഷേ മരുന്നു കഴിക്കുന്നില്ല-
എങ്ങനെ പിന്നെ നിങ്ങളുടെ രോഗം ഭേദപ്പെടാൻ?
‘ശൂന്യ’ത്തെ പിടിക്കുക, അതിനു രൂപമുണ്ടെന്നു വരുന്നു,
രൂപത്തെ പിടിക്കുക, അതസ്ഥിരമാണെന്നു തെളിയുന്നു.
രൂപവും ശൂന്യവും, രണ്ടുമെന്റെ സമ്പാദ്യങ്ങളല്ല-
നിവർന്നിരുന്നു ഞാനെന്റെ ജന്മദേശം കാണുന്നു.

 


No comments: