ചൈനീസ് സെൻ പാരമ്പര്യത്തിൽ മൂന്നാമത്തെ കുലപതിയാണ് ക്രിസ്തുവർഷം 606ൽ സമാധിയായ ത്‌സെംഗ്-ത്‌സാൻ. ബോധിധർമ്മന്റെ പിൻഗാമിയായ ഹുയി-കോ ആണ് അദ്ദേഹത്തിനു ദീക്ഷ നല്കിയത്. കുഷ്ഠരോഗിയായ ത്‌സെംഗ്-ത്‌സാൻ ഗുരുവിനെ ചെന്നുകണ്ടു പറഞ്ഞു: ‘എന്റെ ദേഹത്തെ ഒരു മാറാരോഗം ബാധിച്ചിരിക്കുന്നു, ഗുരോ. എന്റെ പാപങ്ങൾ തുടച്ചുകളയണേ.’ ഹുയി-കോ പറഞ്ഞു, ‘നിന്റെ പാപങ്ങൾ എന്റെ മുന്നിലേക്കെടുത്തുകൊണ്ടു വരിക. ഞാനവ തുടച്ചുകളയട്ടെ.’ അല്പനേരം മിണ്ടാതിരുന്നിട്ട് ത്‌സെംഗ്-ത്‌സാൻ പറഞ്ഞു, ‘പുറത്തെടുക്കാൻ നോക്കുമ്പോൾ ഞാനവ കാണുന്നില്ല, ഗുരോ.’ ‘കണ്ടോ, ഞാൻ നിന്റെ പാപങ്ങൾ തുടച്ചുമാറ്റിക്കളഞ്ഞു,’ ഗുരു പറഞ്ഞു.
സെൻ എന്തെന്നു വിശദീകരിക്കുന്നതിനായി ത്‌സെംഗ്-ത്‌സാൻ രചിച്ച കൃതിയാണ് ഹ്സിൻ-ഹ്സിൻ-മിംഗ് (മനസ്സിലുള്ള വിശ്വാസം.)
വഴി ദുഷ്കരമല്ല,
മമതകളുണ്ടാവരുതെന്നേയുള്ളു.
ഇഷ്ടാനിഷ്ടങ്ങൾ വലിച്ചെറിയൂ,
ആകാശം പോലെല്ലാം തെളിയുന്നു.
ഭൂമിയുമാകാശവും പിളർന്നുമാറാൻ
തലനാരിഴയുടെ വേർതിരിവു മതി.
സത്യമെന്തെന്നറിയാൻ,
ഒപ്പമാകരുത്, എതിരുമാകരുത്.
ഇഷ്ടാനിഷ്ടങ്ങൾ
മനസ്സിന്റെ മഹാരോഗങ്ങളാണ്.
അർത്ഥം യഥാർത്ഥത്തിലറിയുന്നില്ലെങ്കിൽ
ചിന്തകളടക്കിയിട്ടു കാര്യവുമില്ല.
മഹാകാശം പോലെ തെളിഞ്ഞതാണത്,
അതിൽ കുറവില്ല, കൂടുതലുമില്ല.
തള്ളുകയും കൊള്ളുകയുമാണു ചെയ്യുന്നതെങ്കിൽ
കാര്യങ്ങളുടെ സ്വരൂപം നിങ്ങളറിയുന്നുമില്ല.
പുറത്ത്, വസ്തുക്കളിൽ പോയി കുരുങ്ങരുത്;
അകത്ത്, ശൂന്യത്തിൽ പോയി തുലയരുത്.
നിശ്ചലനാകൂ, ഒന്നേയൊന്നാകൂ,
സ്ഖലിതങ്ങൾ താനേ പോയിമറഞ്ഞോളും.
ഒന്നിനെ നിങ്ങൾക്കു മനസ്സിലാകുന്നില്ലെങ്കിൽ
അതിലും ഇതിലും നിങ്ങൾ പോയി വീഴുന്നു.
നിരസിക്കൂ, ലോകമതിന്റെ വഴിക്കു പോകുന്നു;
സ്വീകരിക്കൂ, ശൂന്യത്തെ നിങ്ങളറിയാതെപോകുന്നു.
ചിന്തിക്കുകയും പറയുകയും ചെയ്യുന്തോറും
വഴിയിൽ നിന്നു നിങ്ങളകന്നുപോകുന്നു.
എല്ലാ ചിന്തകളും മുറിച്ചുമാറ്റൂ,
തടവില്ലാതെവിടെയ്ക്കും കടന്നുചെല്ലൂ.
വേരിലേക്കു മടങ്ങുമ്പോൾ നിങ്ങൾക്കു മനസ്സിലാകുന്നു,
പ്രതീതികൾക്കു പിന്നാലെ പായുമ്പോൾ ഉറവു നഷ്ടമാകുന്നു.
ഉൾക്കണ്ണു തെളിയുന്ന നിമിഷത്തിൽ
ശൂന്യവും പ്രതീതിയും നിങ്ങളതിജീവിക്കുന്നു.
ശൂന്യം വസ്തുക്കളായി പരിണമിക്കുന്നുവെങ്കിൽ
മായ നമ്മുടെ കണ്ണു കെട്ടിയതു കൊണ്ടാണത്.
സത്യത്തെ തിരഞ്ഞുപോകരുത്,
അഭിപ്രായങ്ങളെ മുറുകെപ്പിടിക്കാതിരുന്നാൽ മതി.
വിരുദ്ധങ്ങളുടെ ലോകത്തു ജീവിക്കരുത്.
ഓർക്കുക! ആ വഴിക്കൊരിക്കലും പോകരുത്!
ശരിയും തെറ്റും തിരിക്കാൻ നിന്നാൽ
നിങ്ങളുടെ മനസ്സു കുഴങ്ങിപ്പോകുമെന്നേയുള്ളു.
രണ്ടുണ്ടാകുന്നതൊന്നിൽ നിന്ന്;
ആ ഒന്നിൽപ്പോലും പക്ഷേ, പറ്റിക്കൂടരുത്.
ഒരു മനസ്സുദിക്കുന്നില്ലെങ്കിൽ
പതിനായിരം വസ്തുക്കൾക്കും പിശകൊന്നുമില്ല.
പിശകില്ല, പതിനായിരം വസ്തുക്കളില്ല,
മനസ്സില്ല, ഉദയമില്ല.
ലോകമില്ല, അതു കാണാനാരുമില്ല,
അതു കാണാനാരുമില്ല, ലോകമില്ല.
അതു പോകുമ്പോളിതു വരുന്നു.
ഇതു താഴുമ്പോളതുയരുന്നു.
രണ്ടുമൊന്നു തന്നെയെന്നറിയുക:
ഒരേ ശൂന്യത്തിൽ പിറന്നത്.
ശൂന്യത്തിൽ രണ്ടുമൊന്നുതന്നെ,
പതിനായിരം കാര്യങ്ങളോരോന്നിലും.
വലുതോ ചെറുതോ കാണുന്നില്ലെങ്കിൽ
എങ്ങനെ നിങ്ങൾ ഒന്നിനെത്തള്ളി മറ്റൊന്നെടുക്കും?
വഴി വിശാലമാണ്, പ്രശാന്തവുമാണ്,
അതനായാസമല്ല, ദുഷ്കരവുമല്ല.
ഹീനമനസ്സുകൾക്കു പക്ഷേ, വഴി തെറ്റുന്നു.
ധൃതി കൂട്ടുമ്പോൾ അവർ പിന്നിലാകുന്നു.
പറ്റിപ്പിടിക്കുമ്പോൾ അവരകലേക്കലയുന്നു,
വളവെടുക്കുമ്പോളവർക്കു തെറ്റിപ്പോകുന്നു.
തിടുക്കപ്പെടരുത്! ഒന്നും പോകുന്നില്ല,
ഒടുവിൽ, ഒന്നും ശേഷിക്കുന്നുമില്ല.
പ്രകൃതിയെ പിന്തുടരൂ, വഴി കണ്ടെത്തൂ,
നിർബാധവും അനായാസവും അകലുഷവും.
ചിന്തകളിൽ പിണയുമ്പോൾ സത്യം നഷ്ടമാകുന്നു,
നിങ്ങൾ മന്ദനും രോഗിയുമാവുന്നു.
ആറിന്ദ്രിയങ്ങളെ വെറുക്കാതിരുന്നാൽത്തന്നെ
നിങ്ങൾക്കു ബോധമുദിച്ചുകഴിഞ്ഞു.
ബുദ്ധിമാന്മാർ പ്രവർത്തിക്കുന്നില്ല,
വിഡ്ഡികൾ സ്വയം ബന്ധിതരുമാകുന്നു.
ധർമ്മമാർഗ്ഗത്തിൽ അതുമില്ല, ഇതുമില്ല,
എന്തിനന്ധരായി തൃഷ്ണകൾക്കു പിന്നാലെ പോകുന്നു?
മനസ്സു കൊണ്ടു മനസ്സിനെ മനസ്സിലാക്കുക-
അതു തന്നെയാണാദ്യപാപം.
വ്യാമോഹങ്ങൾ, ആകാശപുഷ്പങ്ങൾ-
എന്തിനവ പറിക്കാൻ നോക്കണം?
ജയം, തോല്‌വി, ശരി, തെറ്റ്-
ഒക്കെ താഴെ വയ്ക്കൂ.
കണ്ണുകളുറങ്ങുന്നില്ലെങ്കിൽ
കിനാവുകൾ താനേ മറയും.
മനസ്സിനതുമിതും ഭേദമില്ലെങ്കിൽ
പതിനായിരം വസ്തുക്കളൊരേ സത്തയുമാകും.
അതുമിതും ഭേദമുണ്ടെങ്കിലേ
താരതമ്യങ്ങളുമുണ്ടാകുന്നുള്ളു.
നില്ക്കൂ, ചലന്മുണ്ടാകുന്നില്ല,
നടക്കൂ, നിശ്ചലതയുമില്ല.
ചലനമോ നിശ്ചലതയോ ഇല്ലാതെ
എങ്ങനെയാണൊന്നിനസ്തിത്വമുണ്ടാവുക?
യഥാർത്ഥസ്വരൂപത്തിൽ
ലക്ഷ്യങ്ങളില്ല, കണക്കുകൂട്ടലുകളില്ല.
യാതൊന്നും ശേഷിക്കുന്നില്ല,
യാതൊന്നും നമ്മോടു ചേരുന്നില്ല.
മനസ്സു സ്വയം പ്രകാശിക്കുന്നു,
ദീപ്തവും ശൂന്യവുമായി.
ഇളക്കമില്ലാത്ത മനസ്സിൽ
ചിന്തകൾ വേരിറക്കുന്നില്ല.
യഥാർത്ഥധർമ്മത്തിന്റെ ലോകത്ത്
ഞാനും അന്യനുമില്ല.
ആ ലോകത്തധിവസിക്കാൻ
‘രണ്ടല്ല’ എന്നേ പറയേണ്ടു.
‘രണ്ടല്ല’ എല്ലാം ഉൾക്കൊള്ളുന്നു,
ഒന്നിനെയും പുറന്തള്ളുന്നില്ല.
ഇവിടൊന്നുമില്ല, അവിടൊന്നുമില്ല,
പ്രപഞ്ചം പക്ഷേ, നിങ്ങൾക്കു മുന്നിലുണ്ട്.
എത്രയും ചെറുത് അത്രയും വലുതാകുന്നു,
അതിർത്തികളില്ല, വ്യത്യാസങ്ങളില്ല.
അത്രയും വലുത് അത്രയും ചെറുതാകുന്നു.
അളവുകൾക്കിവിടെയിടവുമില്ല.
ഉള്ളത്, ഇല്ലാത്തതാകുന്നു,
ഇല്ലാത്തത്, ഉള്ളതും.
ഇതങ്ങനെയല്ലാത്തൊരിടത്ത്
തങ്ങിനില്ക്കാൻ നോക്കരുത്.
ഒന്ന്, എല്ലാമാകുന്നു,
എല്ലാം, ഒന്നുമാകുന്നു.
കാര്യങ്ങളെ ഇങ്ങനെ കാണാൻ നിങ്ങൾക്കായാൽ
നിങ്ങൾ പൂർണ്ണനായിക്കഴിഞ്ഞു.
മനസ്സും വിശ്വാസവും രണ്ടല്ല,
‘രണ്ടല്ല’ തന്നെ, മനസ്സിൽ വിശ്വാസവും.
വാക്കുകൾക്കുമപ്പുറത്താണു വഴി:
ഭൂതമില്ല, ഭാവിയില്ല, വർത്തമാനവുമില്ല.
No comments:
Post a Comment