Friday, July 11, 2014

ബോദ്‌ലേർ - സ്ഫിങ്ക്സ്

 

index

 


ഓർമ്മകൾ?
ഒരായിരം കൊല്ലം ജീവിച്ചാലുമിത്രയുമുണ്ടാവില്ല!
പ്രമാണങ്ങൾ, പ്രണയലേഖനങ്ങൾ, നോവലുകൾ, കവിതകൾ,
വില്പത്രങ്ങൾ, മുടിച്ചുരുളുകൾ പൊതിഞ്ഞുവച്ച രസീതുകൾ:
ഇത്രയൊക്കെ കുത്തിനിറച്ച കൂറ്റനൊരു മേശയ്ക്കകവും
എന്റെ നശിച്ച തലയ്ക്കുള്ളു പോലെ രഹസ്യങ്ങളൊളിപ്പിക്കില്ല!
ഒരു പിരമിഡാണത്, അടുക്കടുക്കായ ശവക്കല്ലറകളാണത്,
ഒരു പൊതുശ്മശാനത്തിലുള്ളതിലധികം ശവങ്ങളതിലുണ്ട്..
ചന്ദ്രൻ മുഖം തിരിച്ചൊരു ശവപ്പറമ്പാണു ഞാൻ,
വഴുക്കുന്ന പുഴുക്കളെപ്പോലെ കുറ്റബോധമതിലിഴയുന്നു,
എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ ശവങ്ങളതു കരളുന്നു.
പൊടി പിടിച്ച, പഴയൊരു വേശ്യാലയമാണു ഞാൻ,
പഴഞ്ചൻ ഗൌണുകളിൽ വാടിയ പനിനീർപ്പൂക്കളുടെ മണം,
എന്നോ തുറന്ന വാസനത്തൈലക്കുപ്പികൾ മണക്കാൻ
മങ്ങിയ പെൻസിൽ ചിത്രങ്ങളും വിളറിയ ബുഷ്ഷേകളും.

ആണ്ടുകൾക്കു മേലാണ്ടുകളുടെ കനത്ത ഹിമപാതത്തിനടിയിൽ
ബുദ്ധി മന്ദിപ്പിക്കുന്ന നിഷ്ക്രിയതയുടെ ഫലമായ വൈരസ്യം
നിത്യതയുടെ ഭയാനകമായ തോതിലേക്കു വളരുമ്പോൾ
മുടന്തുന്ന നാളുകളെക്കാൾ ദീർഘദീർഘമായിട്ടൊന്നുമില്ല.
-ഇനിമേൽ, പ്രാണനോടുന്ന ഉടലേ, നീ യാതൊന്നുമല്ല,
ഒരസ്പഷ്ടഭീതി വലയം ചെയ്യുന്ന വെറുമൊരു ശിലാഖണ്ഡം:
ഒരു സഹാറയുടെ വിപുലതയിൽ മയങ്ങുന്ന സ്ഫിങ്ക്സ്,
ലോകം നിന്നെ മറന്നു, ഭൂപടത്തിൽ നിന്നേ മായ്ച്ചുകളഞ്ഞു,
നിന്റെ ധാർഷ്ട്യം പാടുന്നതസ്തമയസൂര്യനോടു മാത്രം.

(പാപത്തിന്റെ പൂക്കൾ)



ബുഷ്ഷേ -Francois Boucher(1703-70)റൊക്കോക്കോ കാലഘട്ടത്തിലെ ഫ്രഞ്ചു ചിത്രകാരൻ
സ്ഫിങ്ക്സ് - ഈജിപ്തിലെ മെമ്നോണിന്റെ പ്രതിമ അസ്തമയരശ്മികളേല്ക്കുമ്പോൾ പാടും എന്നൊരു കഥയുണ്ട്. ബോദ്‌ലേർ അതിനെ ഒന്നു ഭേദപ്പെടുത്തുന്നു. മറവിയിൽ പെട്ട ഒരു സ്ഫിങ്ക്സ് പ്രതിമ ഏകാകിയും ലോകം അവഗണിച്ചവനുമായ കവിയുടെ ബിംബമാവുകയാണിവിടെ.


No comments: