Thursday, July 31, 2014

ബങ്കൈ യോടാകു - മാതൃഭാഷയുടെ സെൻ

Scan

 


പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാമൂഹ്യവും രാഷ്ട്രീയവുമായ കലങ്ങിമറിയലുകൾക്കൊടുവിൽ ജാപ്പനീസ് സമൂഹത്തിനു മേൽ വ്യവസ്ഥാപിതസെൻ മതത്തിന്‌ മുൻപുണ്ടായിരുന്ന മേൽക്കൈ നഷ്ടപ്പെട്ടു. ഭരണാധികാരികൾ ഉപദേശത്തിനായി നവകൺഫ്യൂഷ്യൻ ഗുരുക്കന്മാരെ ആശ്രയിക്കാൻ തുടങ്ങിയപ്പോൾ കലകൾ ഉൾപ്പെടെയുള്ള രംഗങ്ങളിൽ സെന്നിന്റെ സ്വാധീനം കുറയുകയോ അസ്തമിക്കുകയോ ചെയ്തുതുടങ്ങി. ഈ പുതിയ വ്യവസ്ഥയിൽ സെൻ ഗുരുക്കന്മാർ എങ്ങനെയാണ്‌ സ്വയം നിർവചിച്ചത്? ചിലർ തങ്ങൾക്കു സ്വന്തമായ ചില അനുഷ്ഠാനങ്ങളിലൂടെ പ്രഭുവർഗ്ഗവുമായി കൂടുതൽ അടുത്തു; ചിലർ ചുരുക്കം ചില അനുയായികളുമായി ഗ്രാമങ്ങളിലേക്കോ മലമ്പ്രദേശങ്ങളിലേക്കോ പിന്‌വാങ്ങി; വേറേ ചിലർ പക്ഷേ, സാമാന്യജനവുമായി കൂടുതൽ അടുക്കാനാണ്‌ ഈ വിപര്യയത്തെ ഉപയോഗപ്പെടുത്തിയത്. ഇങ്ങനെ ജനങ്ങളെ, അവർക്കറിയുന്ന ഭാഷയിൽ, അഭിമുഖീകരിച്ച സെൻ ഗുരുക്കന്മാരിൽ പ്രമുഖനാണ്‌ ബങ്കൈ യോടാകു (1622-1693). ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. പതിവനുസരിച്ച് കാലിഗ്രാഫി പഠിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. വിദ്യാലയത്തിൽ കൺഫ്യൂഷ്യൻ സൂക്തങ്ങൾ മനഃപാഠമാക്കുന്നതു കൊണ്ടു തൃപ്തനാവാതെ എന്താണവ കൊണ്ടർത്ഥമാക്കുന്നതെന്നതിനെച്ചൊല്ലി അദ്ധ്യാപകരുമായി തർക്കിക്കുകയും ചെയ്തിരുന്നു. പല ബൌദ്ധധാരകളും പരീക്ഷിച്ചിട്ട് പതിനാറാം വയസ്സിൽ ലിൻ-ചി (റിൻസായി) സെന്നിലേക്കു മാറി. മൂന്നു കൊല്ലത്തെ സെൻ പരിശീലനത്തിനു ശേഷം നാലു കൊല്ലം തീർത്ഥാടനത്തിലായിരുന്നു. തന്നിൽ നിന്നല്ലാതെ തനിക്കു ബോധോദയം കിട്ടാൻ പോകുന്നില്ല എന്ന് ഗുരു ഉപദേശിച്ചപ്പോൾ അദ്ദേഹം ഒരു മുറിക്കുള്ളിൽ സ്വയം അടച്ചിരുന്നു. ശരീരം ക്ഷീണിപ്പിക്കുന്ന ആ കഠിനവ്രതത്തിനിടയിൽ അദ്ദേഹത്തിന്‌ ക്ഷയം ബാധിക്കുകയും ചെയ്തു. ഒരിക്കൽ ചുമച്ചുതുപ്പിയ കറുത്ത കഫക്കട്ട ചുമരിലൂടെ ഒഴുകിയിറങ്ങുന്നതു കണ്ടപ്പോൾ അദ്ദേഹത്തിനു ബോധോദയമുണ്ടായി; സർവതും ‘അജാത’ത്തിൽ ലയിക്കുന്നതായി അദ്ദേഹമറിഞ്ഞു. പിന്നീട് അദ്ദേഹം വീണ്ടും പഠനത്തിനും യാത്രയ്ക്കുമായി പുറപ്പെട്ടു. 
ബങ്കൈയുടെ സെന്നിൽ സങ്കീർണ്ണമായ ഭാഷയോ ആശയങ്ങളോ ഇല്ല. വളരെയധികം ജനപ്രിയമായിരുന്ന തന്റെ മതപ്രസംഗങ്ങളിൽ സ്വജീവിതത്തിൽ നിന്നുള്ളവയുൾപ്പെടെ ദൈനന്ദിനാനുഭവങ്ങളാണ്‌ അദ്ദേഹം ദൃഷ്ടാന്തങ്ങളായി സ്വീകരിച്ചിരുന്നത്.


അജാതവും അമൃതവും


ബുദ്ധമാനസം ജനനമില്ലാത്തതാണെന്നും പ്രകാശപൂർണ്ണമാണെന്നും നിങ്ങൾക്കു ബോദ്ധ്യമായിക്കഴിഞ്ഞാൽ, അതിൽ നിങ്ങൾ ജീവിക്കാൻ തുടങ്ങിയാൽ നിങ്ങൾ ജീവൽബുദ്ധനായിക്കഴിഞ്ഞു. ആ വസ്തുത വെളിപ്പെടുത്തുന്ന വെറുമൊരു വാക്കു മാത്രമാണ്‌, ‘ബുദ്ധൻ’ എന്നതും. അത് തൊലിയും തോടും മാത്രമാണ്‌. ‘ബുദ്ധൻ’ എന്നു പറയുമ്പോൾത്തന്നെ നിങ്ങൾ ‘അജാത’ത്തിൽ നിന്നു രണ്ടോ മൂന്നോ ചുവട് പിന്നാക്കം മാറിക്കഴിഞ്ഞു. സർവബുദ്ധന്മാരുടെയും സ്രോതസ്സിൽ വാസമാക്കിയ ഒരാളാണ്‌ അജാതൻ. അജാതമല്ലാതെ ഒരു സ്രോതസ്സില്ല, അജാതത്തിനു മുമ്പ് ഒരു തുടക്കവുമില്ല. നിങ്ങൾ ജീവിക്കുന്നത് ‘അജാത’ത്തിലാണെങ്കിൽ പിന്നെ ‘അനാശ’ത്തെക്കുറിച്ച്, ‘അമൃത’ത്തെക്കുറിച്ച് സംസാരിക്കേണ്ട കാര്യവുമില്ല. അതൊരു പാഴ്വേലയാണ്‌. ജനിക്കാത്തതിനു മരണമുണ്ടാവുക വയ്യ. അതു പറയേണ്ട കാര്യം തന്നെയുണ്ടോ?
...നിങ്ങളൊക്കെ ജ്ഞാനികൾ തന്നെ. ബുദ്ധമാനസത്തെക്കുറിച്ച് നിങ്ങൾക്കുള്ള അജ്ഞത മാത്രമാണ്‌ നിങ്ങളെ ആർത്തി പിടിച്ച ഒരു ഭൂതമോ മല്ലു പിടിക്കുന്ന മൃഗമോ ആക്കിമാറ്റുന്നത്. നിങ്ങൾ അതിനെ ഇതും അതും മറ്റു പലതുമാക്കുന്നു; എന്നിട്ടു നിങ്ങൾ അതൊക്കെയാകുന്നു. ഒരു നരകത്തിൽ നിന്ന് മറ്റൊരു നരകത്തിലേക്ക്, ഒരു മൃഗജന്മത്തിൽ നിന്ന് എണ്ണമറ്റ മറ്റു ജന്മങ്ങളിലേക്ക് നിങ്ങൾ കടന്നുപോകുന്നു. നിരന്തരം ജന്മങ്ങളെടുത്തും എണ്ണമറ്റ യാതനകൾ അനുഭവിച്ചും തീരാത്ത അന്ധകാരത്തിലൂടെ, കല്പങ്ങൾ നിങ്ങൾ കടക്കുന്നു. ഇതിനിടയിൽ കർമ്മഭാരം ചുമലിൽ നിന്നെടുത്തു കളയാൻ നിങ്ങൾക്കു സമയവും കിട്ടുന്നില്ല. ഒരു ചിന്താഭ്രംശത്തിലൂടെ ബുദ്ധമാനസം വഴുതിപ്പോകാൻ വിട്ടുകൊടുത്തവരുടെയൊക്കെ ഗതിയാണിത്. ഇതു വളരെ ഗൌരവമുള്ള കാര്യമാണെന്ന് നിങ്ങൾ കാണുക.


ഉറങ്ങുന്നവരെ ഉണർത്തേണ്ട


എന്റെ ആശ്രമത്തിൽ, ഒരു പ്രസംഗസമയത്ത് ഒരു ഭിക്ഷു ഉറക്കം തൂങ്ങിപ്പോയി. മറ്റൊരു ഭിക്ഷു അയാളെ വിളിച്ചുണർത്താൻ മുതിരുമ്പോൾ ഞാൻ തടഞ്ഞു. “എന്തിനാണ്‌ ഒരാളുടെ സുഖനിദ്ര വിലക്കുന്നത്? ഉറങ്ങുമ്പോൾ അയാൾ തന്റെ ബുദ്ധമാനസം വിട്ട് മറ്റെവിടെയ്ക്കോ പോകുന്നുവെന്നാണോ താൻ കരുതുന്നത്?” എനിക്കു ചുറ്റുമിരിക്കുന്ന നിങ്ങൾ ഉറങ്ങിക്കോളാൻ പറയുകയല്ല ഞാൻ. പക്ഷേ ഒരാൾ ഉറങ്ങുമ്പോൾ അയാളെ ഉണർത്താൻ ശ്രമിക്കുന്നത് വലിയ അപരാധമാണ്‌. ആരും നിങ്ങളെ ഉറങ്ങാൻ നിർബന്ധിക്കുന്നില്ല. ഉറങ്ങിയാൽ ആരും നിങ്ങളെ ഉണർത്താൻ വരികയുമില്ല. ഉണർന്നിരിക്കുമ്പോൾ നിങ്ങൾ ഉണർന്നിരിക്കുന്നു. ഉറങ്ങുമ്പോൾ നിങ്ങൾ ഉറക്കത്തിലുമാണ്‌. ഉറങ്ങുമ്പോൾ, ഉണർന്നിരിക്കുമ്പോൾ നിങ്ങൾക്കുള്ള അതേ ബുദ്ധമാനസത്തോടെയാണ്‌ നിങ്ങൾ ഉറങ്ങുന്നത്. ഉറക്കത്തിലും ഉണർച്ചയിലും അതിൽ നിന്നകലെയല്ല നിങ്ങൾ. ഉറങ്ങുമ്പോൾ ആളുകൾ മറ്റൊന്നാവുന്നുവെന്നു ധരിക്കുന്നതു ശരിയല്ല.
...നിങ്ങളൊക്കെ ബുദ്ധന്മാരാവാൻ ശ്രമിക്കുകയാണല്ലൊ. അതുകൊണ്ടാണല്ലോ ഉറങ്ങുന്നവരെ ചീത്ത പറഞ്ഞും വടി കൊണ്ടടിച്ചും ഉണർത്താൻ നിങ്ങൾ ശ്രമിക്കുന്നതും. പക്ഷേ അതു ശരിയല്ല. ജനിക്കുമ്പോൾ അമ്മയിൽ നിന്നു നിങ്ങൾക്കു കിട്ടിയതൊന്നുണ്ട്- അജാതമായ ബുദ്ധമാനസം. ബുദ്ധനാവാൻ ശ്രമിക്കാതെ ആ അജാതമനസ്സിൽ മാത്രം ജീവിക്കാൻ നോക്കുക; ഉറങ്ങുമ്പോൾ ആ മനസ്സിൽ ഉറങ്ങുക; ഉണരുമ്പോൾ അതിൽ ഉണർന്നിരിക്കുക- എങ്കിൽ നിത്യജീവിതത്തിൽ നിങ്ങൾ ബുദ്ധനായിക്കഴിഞ്ഞു- ഏതു സമയവും. നിങ്ങൾ ബുദ്ധനല്ലാതിരിക്കുന്ന ഒരു നേരവുമില്ല. നിങ്ങൾ തന്നെ ബുദ്ധനാണെന്നതിനാൽ അതിൽ കൂടുതൽ മറ്റൊരു ബുദ്ധനാകാനുമില്ല. ബുദ്ധനാവാൻ ശ്രമിക്കുന്നതിലും ദൂരവും ക്ളേശവും കുറഞ്ഞ വഴിയാണ്‌ ബുദ്ധനാവുക എന്നത്.


കോപം എവിടെ?


തനിക്കു കോപമടക്കാൻ പറ്റുന്നില്ല എന്ന് ഒരു ശിഷ്യൻ പരാതിപ്പെട്ടപ്പോൾ ഗുരു പറഞ്ഞു, ആ കോപമെടുത്തു തന്റെ മുന്നിൽ കൊണ്ടുവന്നാൽ താനതിനെ സുഖപ്പെടുത്താമെന്ന്. ഇപ്പോൾ നോക്കുമ്പോൾ അതിനെ കാണാനില്ലെന്നും ഓർത്തിരിക്കാതെയാണ്‌ അതിന്റെ വരവെന്നും ശിഷ്യൻ വിശദീകരിച്ചപ്പോൾ ഗുരു പറഞ്ഞു:
അതുമായിട്ടല്ല നീ ജനിച്ചത്. ഓരോ കാരണത്തിന്മേൽ നീ തന്നെ അതിനെ സൃഷ്ടിക്കുകയാണ്‌...ജനിക്കുമ്പോൾ നിന്റെ അച്ഛനമ്മമാർ നിനക്കു തന്നത് ഒരു ബുദ്ധമാനസം മാത്രമായിരുന്നു. നീയതിനെ എന്തു ചെയ്തു? കുഞ്ഞായിരിക്കുമ്പോൾ തന്നെ മറ്റുള്ളവർ കോപിക്കുന്നതു കണ്ടും കേട്ടും നീ വളർന്നു; ഒടുവിൽ നിനക്കും അതു ശീലമായി. ഇപ്പോൾ നിനക്ക് ഇടയ്ക്കിടെ കോപം വരുന്നു. പക്ഷേ അതു നിന്റെ സഹജസ്വഭാവമാണെന്നു പറഞ്ഞാൽ അതു വിഡ്ഡിത്തമാണ്‌. സ്വന്തം തെറ്റു മനസ്സിലാക്കി കോപത്തെ ജനിപ്പിക്കാതിരുന്നാൽ പിന്നെ അതിനെ അടക്കേണ്ട ആവശ്യമെന്തിരിക്കുന്നു?


മാതൃഭാഷയുടെ സെൻ


ചെറുപ്പത്തിൽ എന്റെ സെൻ പഠനം ചൈനീസ് ഭാഷയിലായിരുന്നു. സെൻ ഗുരുക്കന്മാരോടു ഞാൻ സംഭാഷണം ചെയ്തിരുന്നതും അവരോടു വാദപ്രതിവാദങ്ങളിൽ പങ്കെടുത്തിരുന്നതും ആ ഭാഷയിലായിരുന്നു. ഞാനതിൽ വളരെ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. പക്ഷേ, ബുദ്ധമാർഗ്ഗത്തെക്കുറിച്ചു പഠിക്കുമ്പോൾ നാം നിത്യവും സംസാരിക്കുന്ന സാമാന്യഭാഷ തന്നെ ഉപയോഗിക്കുന്നതാണ്‌ നമ്മൾ ജപ്പാൻകാർക്കു കൂടുതൽ നല്ലത്. നമ്മുടെ ചൈനീസ് അത്ര ഭേദമല്ല. അത്തരം ചോദ്യോത്തരങ്ങൾക്കായി നാം ആ ഭാഷ ഉപയോഗിക്കുമ്പോൾ പറയാനുദ്ദേശിച്ചതു പറയാൻ നാം ബുദ്ധിമുട്ടുകയാണ്‌. എന്നാൽ, നമ്മുടെ ദൈനന്ദിനഭാഷയാണ്‌ നാം ഉപയോഗിക്കുന്നതെങ്കിൽ, സാധാരണ നാം ഉപയോഗിക്കുന്ന രീതിയിലാണ്‌ നാം സംസാരിക്കുന്നതെങ്കിൽ, നമുക്കു ചോദിക്കാൻ പറ്റാത്തതായി യാതൊന്നുമുണ്ടാവില്ല. എങ്ങനെയാണതു ചൈനീസിൽ ചോദിക്കുക എന്ന് ആധി പിടിച്ചു നടക്കുന്നതിനെക്കാൾ ഒരു വിദേശഭാഷയുടെ ഭാരങ്ങളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും മുക്തരായി, നമുക്കനയാസമായി വഴങ്ങുന്ന ഒരു ഭാഷയിൽ നമ്മുടെ ചോദ്യങ്ങൾ ചോദിക്കുകയാണു നാം ചെയ്യേണ്ടത്. തീർച്ചയായും, ചൈനീസ് ഉപയോഗിച്ചാലേ ബോധോദയം കിട്ടൂ എന്നതാണവസ്ഥയെങ്കിൽ അതുപയോഗപ്പെടുത്തൂ എന്ന് ആദ്യം പറയുന്നയാൾ ഞാനായിരിക്കും. പക്ഷേ നമ്മുടെ സ്വന്തം ഭാഷ ഉപയോഗിച്ച്, ഒരു വിഷമവും കൂടാതെ നമുക്ക് ബുദ്ധമാർഗ്ഗത്തെക്കുറിച്ചു ചോദിക്കാം, അതിനെ കൈവരിക്കാം എന്നതാണു വസ്തുത.


മരിച്ചവർ തിരിച്ചുവരില്ലെന്നിരിക്കെ...



ടാന്‌ഗോ, ഇസുമോ, മീനോ തുടങ്ങിയ ദേശങ്ങളിൽ നിന്ന് കുറേ സ്ത്രീകൾ ഗുരുവിനെ കാണാൻ വന്നു. ചിലർ അച്ഛന്റെയോ അമ്മയുടെയോ മരണത്തിൽ ദുഃഖിക്കുന്നവരാണ്‌. മറ്റു ചിലർ മകനോ മകളോ മരിച്ച ദുഃഖം അടങ്ങാത്തവരുമാണ്‌. അവരോട് ഗുരു പറഞ്ഞു:
മകൻ മരിച്ച അച്ഛന്റെ ദുഃഖം, അമ്മ മരിച്ച മക്കളുടെ ദുഃഖം ഇതൊക്കെ ലോകത്തെല്ലായിടത്തും ഒരുപോലെയാണ്‌. മക്കളെയും അച്ഛനമ്മമാരെയും തമ്മിൽ ബന്ധിക്കുന്ന കർമ്മം അത്ര ആഴമുള്ളതത്രെ. മരണം ഒരാളിൽ നിന്നു മറ്റൊരാളെ തട്ടിയെടുക്കുമ്പോൾ ദുഃഖം തോന്നുക സ്വാഭാവികവുമാണ്‌. അതേ സമയം, നിങ്ങളുടെ ദുഃഖം എത്ര വലുതായിക്കോട്ടെ, മരിച്ചവർ മടങ്ങിവരാൻ പോകുന്നില്ല. നമുക്കു മാറ്റം വരുത്താൻ സാദ്ധ്യതയില്ലാത്തതൊന്നിനെക്കുറിച്ചു നിരന്തരം ദുഃഖിച്ചു ജീവിതം കഴിക്കേണ്ടതുണ്ടോ? സ്വന്തം ദുഃഖത്തിന്റെ തീവ്രത കൊണ്ട് ആരെങ്കിലും മരിച്ചൊരാളെ ജീവിപ്പിച്ചതായി കേട്ടിട്ടുണ്ടോ? തീർച്ചയായുമില്ല. മരിച്ചവർ തിരിച്ചുവരില്ലെന്നിരിക്കെ, ദുഃഖിക്കാനായി കൂടുതൽ നേരവും കളയേണ്ട. ഇപ്പോൾത്തന്നെ അതു നിർത്തുക. ആ സമയം ഒന്നു ധ്യാനിക്കാൻ, ഒരു സൂക്തമുരുവിടാൻ, അവരുടെ ഓർമ്മയ്ക്കായി ഒരു പൂവോ ധൂപമോ അർപ്പിക്കാൻ ഉപയോഗപ്പെടുത്തുക. അതായിരിക്കും നിങ്ങളുടെ പുത്രവാത്സല്യത്തിന്റെയോ പിതൃസ്നേഹത്തിന്റെയോ യഥാർത്ഥമായ പ്രദർശനം.


...

No comments: