ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വിഗ്രഹഭഞ്ജകനും അസാധാരണനുമായ സെൻ ഗുരുവാണ് ഇക്ക്യു സോജുൺ(1394-1481). സെൻ വ്യവസ്ഥാപിതമതമാവുകയും അങ്ങനെ അതു ജീർണ്ണിക്കുകയും ചെയ്തപ്പോൾ പഴയ കാലത്തെ സെൻ പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.
ഗോക്കോമാറ്റ്സു ചക്രവർത്തിക്ക് കൊട്ടാരത്തിലെ പരിചാരികയിൽ പിറന്ന ഇക്ക്യു അഞ്ചാമത്തെ വയസ്സിൽ ക്യോട്ടോയിലെ അങ്കോകു-ജി ക്ഷേത്രത്തിൽ സെൻ പഠിക്കാൻ ചേർന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ കവിത രചിക്കാൻ മാത്രം ക്ളാസ്സിക്കൽ ചൈനീസ് സാഹിത്യത്തിലും അവിടെ വച്ചു പരിജ്ഞാനം നേടി. പതിനാറാമത്തെ വയസ്സിൽ കെനോ സോയി എന്ന സെൻ ഗുരുവിന്റെ ശിഷ്യനായി. അഞ്ചു കൊല്ലം കഴിഞ്ഞ്, ഗുരുവിന്റെ മരണശേഷം, ബീവ തടാകക്കരയിൽ കസോ സോഡൊൻ എന്ന ഗുരുവിന്റെ ശിഷ്യനായി. ദൈടോകു-ജി എന്ന പ്രശസ്തമായ ക്ഷേത്രത്തിന്റെ പരമ്പരയിൽ പെട്ട ആളായിരുന്നു ഗുരുവെങ്കിലും, സർക്കാരിന്റെയും ഉന്നതസമൂഹത്തിന്റെയും സ്ഥാപിതതാല്പര്യങ്ങൾക്ക് ക്ഷേത്രം വശംവദമാകാൻ തുടങ്ങിയപ്പോൾ അദ്ദേഹം അവിടം വിട്ട് പഴയ ചിട്ടകൾ പാലിക്കുന്ന ചെറിയ ഒരാശ്രമം തുടങ്ങുകയായിരുന്നു.
ഇരുപത്താറാം വയസ്സിൽ ബീവ തടാകത്തിൽ ഒരു തോണിയിൽ ധ്യാനിച്ചിരിക്കെ പെട്ടെന്ന് ഒരു കാക്ക കരയുന്നത് അദ്ദേഹം കേട്ടു. അതായിരുന്നു അദ്ദേഹത്തിനു ജ്ഞാനോദയം നല്കിയ അനുഭവം. പിന്നീടദ്ദേഹം സകായ് എന്ന കച്ചവടനഗരത്തിൽ സ്ഥിരതാമസമാക്കി. ഒരു സെൻ ഗുരുവിന്റെ പതിവുമര്യാദകൾ ലംഘിക്കുന്നതിൽ അദ്ദേഹത്തിന് വലിയ ഔത്സുക്യമായിരുന്നു. മദ്യശാലകളും വേശ്യാലയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ വിഹാരരംഗം.
വ്യവസ്ഥാപിതസെൻമതത്തെ തുറന്നുകാട്ടിക്കൊണ്ട് പിന്നീടദ്ദേഹം രാജ്യം മുഴുവൻ യാത്ര ചെയ്തു. കലാകാരന്മാരിലും കവികളിലും അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. 1450ലെയും 60ലെയും ആഭ്യന്തരകലാപങ്ങളിൽ ക്യോട്ടോനഗരം തകർന്നടിഞ്ഞപ്പോൾ ദൈടോകു-ജി ക്ഷേത്രം പുനർനിർമ്മിക്കാനുള്ള നിയോഗം അദ്ദേഹത്തിനാണു വന്നുചേർന്നത്. ക്ഷേത്രത്തിന്റെ ഭരണാധികാരികളോട് കടുത്ത വെറുപ്പുണ്ടായിരുന്നിട്ടും അദ്ദേഹം അതിന്റെ പുനർനിർമ്മാണം വിജയകരമായി നിർവഹിച്ചു. അതേ സമയം മോരി എന്നു പേരുള്ള അന്ധയായ ഒരു യുവഗായികയുമായി എഴുപതാമത്ത വയസ്സിൽ കടുത്ത പ്രണയത്തിൽ വീണുകൊണ്ട് സമൂഹത്തെ അദ്ദേഹം ഞെട്ടിക്കുകയും ചെയ്തു. കാമാവേശം നിറഞ്ഞുനില്ക്കുന്ന സെൻ കവിതകളെഴുതിക്കൊണ്ടാണ് അദ്ദേഹം ആ ബന്ധത്തെ ആഘോഷിച്ചത്.
ഇക്ക്യുവിന്റെ രചനകൾ പല മാദ്ധ്യമങ്ങളിലായി പരന്നു കിടക്കുന്നു- ചൈനീസ്, ജാപ്പനീസ് കവിതകൾ, കാലിഗ്രാഫി, ചിത്രങ്ങൾ എന്നിങ്ങനെ. ‘ഭ്രാന്തൻ മേഘം’ എന്ന കവിതാസമാഹാരവും ‘അസ്ഥികൂടങ്ങൾ’ എന്ന ഗദ്യകവിതയുമാണ് ഏറ്റവും പ്രശസ്തം.
ഒരു ഭ്രാന്തൻ മേഘമെഴുതിയ കവിതകൾ
എന്റെ സെന്നിനൊറ്റ വരി,
നീറുന്ന മുറിവിൽ
തറയ്ക്കുന്ന മുള്ളുപോലെ.
*
പൈൻമരങ്ങളിൽ
കാറ്റിന്റെ ചിത്രവേല-
ആരുണ്ടതു കേൾക്കാൻ?
*
അതെയതെ, വസ്തുക്കളുണ്ട്-
വന്മലയ്ക്കടിയിൽ നിന്നു കൂക്കുമ്പോൾ
അതിന്റെ മാറ്റൊലി പോലെ.
*
രണ്ടല്ല, ഒന്നല്ല-
ചിത്രത്തിൽ വരയാത്ത
തെന്നലു കൊണ്ടെനിക്കു
കുളിരുകോരുന്നു!
*
മരങ്ങൾക്കും കല്ലുകൾക്കും മുന്നിൽ
ഞാനാരുമായിരുന്നില്ല;
മരിച്ചുപോയാൽപ്പിന്നെ
ഒരിടത്തും ഞാൻ ഒന്നുമാവില്ല.
*
നിങ്ങൾ കൊളുത്തിയ തീയിൽ
പുര വെന്തുതീരുമ്പോൾ
അതിൽ ദഹിക്കുന്നു നിങ്ങളും.
*
നല്ലതെന്നാൽ
കെട്ടതിനെ വെറുക്കലാണെന്നു
കരുതുന്നു നിങ്ങൾ-
വെറുക്കുന്ന മനസ്സു തന്നെ
കെട്ടതാണെന്നറിയണം നിങ്ങൾ.
*
ബുദ്ധനെ നേരാംവണ്ണ-
മറിഞ്ഞുകഴിഞ്ഞാൽ
താനൊട്ടും മാറീട്ടില്ലെ-
ന്നറിയും നിങ്ങൾ.
*
എങ്ങും തിരഞ്ഞിട്ടൊടുവിൽ
ഒരുനാളും പ്രായമേശാത്തൊരാളെ
നിങ്ങൾ കണ്ടെടുക്കുന്നു -
"അഹം"-എന്തൊരത്ഭുതം!
*
വാളുകൾ വളരുന്ന,
കത്തിമരങ്ങൾ തിങ്ങിയ
കുന്നു പോലാണു ജീവിതം-
രാവും പകലും
എന്തോ നിങ്ങളെ കുത്തിക്കീറുന്നു.
.*
എങ്ങും പോകാനല്ലെങ്കിൽ
ഏതു വഴിയും നേരായ വഴി.
*
മനുഷ്യർക്കില്ല ശത്രുക്കൾ-
തുടക്കമാണങ്ങനെ.
ശരിതെറ്റുകളിഴക്Iറി
നിങ്ങളവരെ സൃഷ്ടിക്കും.
*
ആരും പറഞ്ഞിട്ടല്ല
പൂക്കൾ വന്നത്;
വസന്തത്തിനൊപ്പം
അവരും പോകും-
ആരും പറയാതെതന്നെ.
*
അതിനെക്കുറിച്ചെത്ര വാക്കുകൾ-
വേണ്ടതൊരു ഭാഷ-
മൗനം.
*
ഒരു സൂചിമുനയിൽ
പെരുവിരലൂന്നിനിൽക്കൂ
വെയിലിൽത്തിളങ്ങുന്ന
മണൽത്തരി പോലെ.
*
ഭിക്ഷുക്കൾ നിത്യവും
ധർമ്മത്തെ വ്യാഖ്യാനിക്കുന്നു,
ദുരൂഹസൂത്രങ്ങൾ
നിർത്താതെ ചൊല്ലുന്നു-
അവരറിയേണ്ടതൊന്നുണ്ട്:
കാറ്റും മഴയും
മഞ്ഞും നിലാവുമയക്കുന്ന
പ്രേമലേഖനങ്ങൾ വായിക്കാൻ.
*
സ്വന്തം ജീവൻ പണയം വച്ചും
സ്വർണ്ണം വാരിക്കൂട്ടും നിങ്ങൾ-
അതു വെറും മൺകട്ടയെന്ന്
മരണം കൊണ്ടറിയും നിങ്ങൾ.
*
ഒഴുക്കിൽപ്പെട്ടൊരീലോകം
അയഥാർത്ഥമെന്നിരിക്കെ
ഉള്ളിലൊന്നും വയ്ക്കേണ്ടാ,
പോയിപ്പാടൂ ചങ്ങാതീ!
*
നിങ്ങൾ തെറ്റു ചെയ്യുമ്പോൾ
ചെയ്യുന്ന ബുദ്ധി നിങ്ങളുടേത്-
അതിനാൽ
പുറത്തില്ലൊരു നരകം.
*
നരകത്തെ വെറുത്തും
സ്വർഗ്ഗത്തിനു ദാഹിച്ചും
സുഖിക്കേണ്ട ലോകത്ത്
തപിക്കുന്നു നിങ്ങൾ.
*
ഞാൻ ചെയ്ത ദുഷ്ചെയ്തികളൊക്കെ
ചിതയിലെ പുകയാകും-
അതുപോലെ ഞാനും പോകും.
*
മഴ പെയ്യട്ടെ,പെയ്യാതിരിക്കട്ടെ
നനഞ്ഞ മുണ്ടിന്നറ്റം
പൊക്കിപ്പിടിച്ചു നടന്നോളൂ.
*
ഒരു മണവും മണക്കുന്നില്ല ഞാൻ
ഒരു നിറവും കാണുന്നില്ല ഞാൻ-
വസന്തമൊന്നു വന്നോട്ടെ
ചില്ലകളിൽ കാണാമവയെ.
*
സുഖവും ദുഃഖവും
തെളിഞ്ഞ മനസ്സിനൊന്നു പോലെ--
ഒരു മലയും മറയ്ക്കില്ല ചന്ദ്രനെ.
*
തോണിയുണ്ട്
തോണിയില്ല-
തോണി മുങ്ങിയാൽ
രണ്ടുമില്ല.
*
നിങ്ങൾ നിങ്ങളല്ലാതെ
മറ്റാരാകാൻ?
അതിനാൽ
നിങ്ങൾ സ്നേഹിക്കുന്ന മറ്റേയാളും
നിങ്ങൾ തന്നെ.
*
വാളിന്നിരുതലകൾ
ജീവിതവും മരണവും;
ഏതേതെന്നറിയില്ലാർക്കും.
*
മിന്നുന്ന വാളുറയിൽ
മരം കൊണ്ടൊരു വാൾ-
അതാരെയും കൊല്ലില്ല
ആരെയും രക്ഷിക്കില്ല.
*
ഇനിയും കുഴിക്കാത്ത കിണറിൽ
അലയിളക്കുന്ന വെള്ളം-
നിഴലില്ലാത്തൊരാൾ
അതു കോരിക്കുടിക്കുന്നു.
*
ചോദ്യങ്ങളെഴുതിവച്ച്
നിങ്ങളുറങ്ങാൻ കിടക്കുന്നു-
ഉണരുമ്പോൾ
നിങ്ങളുമില്ല.
*
ഈ പാഴ്ക്കിനാവും ഉന്മാദവും
ഇത്ര മനോഹരമായതെങ്ങനെ?
*
അന്യന്റെ വീട്ടുവഴി
ഇരുളടഞ്ഞതാണെന്നു
നിങ്ങൾ പറയുന്നു -
സ്വന്തം ഹൃദയത്തിന്റെവഴി
പായൽ പിടിച്ചതിനു
നിങ്ങളെന്തു പറയും?
*
വീണു കിട്ടുന്നതല്ല മനശ്ശാന്തി-
ഉരിയാട്ടമില്ലാത്ത ചുമരും നോക്കി
ആറുകൊല്ലമിരിക്കുക;
നിങ്ങളുടെ മുഖത്തെ നിങ്ങൾ
മെഴുകുതിരിയെരിയുമ്പോലെ
എരിഞ്ഞുതീരട്ടെ.
*
പോരിനു പോകുമ്പോളെന്തു സെൻ?-
വടിയെടുത്തടിയ്ക്കുക
ശത്രുക്കളെ.
*
"ഒറ്റയ്ക്കു വന്നു ഞാൻ,
മടങ്ങുന്നതൊറ്റയ്ക്ക്"-
അതുമൊരു മായ തന്നെ.
വരൂ, പഠിപ്പിക്കാം ഞാൻ-
വരാതിരിക്കാൻ
പോകാതിരിക്കാൻ.
*
തിന്നും കുടിച്ചും
ഉറങ്ങിയും വീണ്ടുമുണർന്നും
നമുക്കു ജീവിതം തീരുന്നു.
അതിൽപ്പിന്നെന്തു ചെയ്യാൻ?
മരിക്കുക തന്നെ.
*
കിളികൾക്കും ചൊല്ലാനുണ്ട്
നിർവാണത്തിന്റെ സൂത്രങ്ങൾ.
മരങ്ങളിലവ കോരിനിറയ്ക്കുന്നു
അപൂർവരാഗങ്ങൾ.
കാട്ടുപൂക്കൾ ബോധിസത്വന്മാർ-
ഒരു കിളിബുദ്ധനു ചുറ്റും
അവർ കൂട്ടം കൂടി നില്ക്കുന്നു.
. *
ഒരേയൊരു പാട്ടിലുണ്ട്
പതിനായിരം സൂത്രങ്ങളരിച്ചെടുത്തത്.
*
കണ്ണുമടച്ചു ബ്രഹ്മചര്യമനുഷ്ടിച്ചു നടന്നോളൂ,
ഒരു കഴുത തന്നെ നിങ്ങൾ;
വ്രതം തെറ്റിച്ചുവെന്നാലോ,
മനുഷ്യനായിട്ടേയുള്ളു നിങ്ങൾ.
സെന്നിന്റെ പ്രത്യക്ഷങ്ങൾ
ഗംഗയിലെ മണൽത്തരികൾ പോലസംഖ്യം;
പരിണയം ഫലിച്ചതാണോരോ ശിശുവും.
നിഗൂഢപുഷ്പങ്ങൾ വിടർന്നിട്ടും വാടിയിട്ടും
കല്പങ്ങളെത്ര കഴിഞ്ഞു?
*
മുട്ടുകുത്തിക്കിടന്നു പ്രാർത്ഥിച്ചോളൂ;
എന്തിന്?
നാളെ ഇന്നലെയായി.
*
എത്ര തവണ ഞാൻ നിങ്ങളോടു പറഞ്ഞതാണ്,
ഒരു വഴിയുമില്ല,
നിങ്ങളായതല്ലാതെയാവാനെന്ന്.
*
എനിക്കു ജീവനുണ്ടെന്നേ!
ശരിതന്നെ.
ചവിട്ടിനടക്കുന്ന എല്ലിൻകഷണങ്ങളെ
കാണാറുമില്ല നാം.
*
ഒരു കുഞ്ഞുപാവയ്ക്കുള്ളിടമേ,
ആ കുടത്തിനുള്ളു;
അച്ഛന്റെ ചിതാഭസ്മമാണതിനുള്ളിൽ.
*
എനിക്കു മുളകളിഷ്ടം,
മനുഷ്യരതു ചെത്തി
ഓടക്കുഴലാക്കുന്നതിനാൽ.
*
ആരുമറിയുന്നില്ല,
ഞാനൊരു കൊടുങ്കാറ്റാണെന്ന്,
മലമുകളിലെ പുലരിയാണെന്ന്,
നഗരത്തിനു മേൽ സന്ധ്യയാണെന്ന്.
*
എന്റെ മരണക്കിടക്കയ്ക്കരികിൽ
ബുദ്ധൻ വന്നു മുട്ടുകുത്തിയാലും,
പുല്ലോളം മതിയ്ക്കില്ല ഞാനയാളെ.
*
നാൽപ്പത്തേഴെനിക്കായപ്പോൾ
സകലരും വന്നെന്നെക്കണ്ടു;
അതിനാൽ ഞാനിവിടം വിട്ടന്നേ പോയി.
*
കുറേനാളായിട്ടെനിക്കില്ല,
മോക്ഷത്തിന്‍റെ ചിന്തകൾ.
അതുകൊണ്ടെന്താ,
രാവിലെയെഴുന്നേൽക്കാനെന്തു സുഖം!
*
ഒരുനാളിൽ മരിച്ചെന്റെ
കുരുവിക്കുഞ്ഞ്-
അതിനെ ഞാനടക്കിയെൻ
മകളെപ്പോലെ.
*
ഈ ദേഹമിവന്റെ ദേഹമെന്ന്
ഇവനു വിചാരമില്ലതിനാൽ-
നാടാവട്ടെ,നഗരമാവട്ടെ
ഒരേയിടത്താണിവന്റെ വാസം.
*
ഒരുന്മാദിയെപ്പോലെ പാപം ചെയ്യുക-
ഇനിയൊന്നും ചെയ്യാനില്ലെന്നു വരുംവരെ,
ഇനിയൊന്നിനുമിടമില്ലെന്നു വരുംവരെ.
*
കൊണ്ടുനടന്ന വേദങ്ങളൊക്കെ
ചുട്ടെരിച്ചു ഞാൻ-
കവിതകളാളുന്നെൻ
നെഞ്ചിലെന്നാൽ.
*
ഞാൻ പാർക്കുമിടത്തിനു
തൂണുകളില്ല,
കൂരയുമില്ല.
അതിനാൽ-
മഴയതിനെ നനയ്ക്കില്ല,
കാറ്റതിനെ വീഴ്ത്തില്ല.
*
ആരും വരാനില്ലെങ്കിൽ
അതാണെനിക്കേറെയിഷ്ടം.
കൂട്ടിരിക്കാനെനിക്കു
കരിയിലകൾ മതി,
കൊഴിഞ്ഞ പൂക്കൾ മതി.
തന്നിഷ്ടം നടത്തുന്ന
കിഴവനൊരു സെൻഗുരു-
പടുമരം പൊടുന്നനേ പൂവിടുന്നു!
*
കാടും പാടവും കല്ലും പുല്ലും-
അവരാണെന്നിഷ്ടതോഴന്മാർ.
ഇതേവരെ നടന്ന വഴി
മാറിനടക്കില്ലീ ഭ്രാന്തമേഘം.
ഈ ലോകത്തു ഞാന്‍ പിശാചെങ്കിൽ
എന്തിനു ഞാൻ
വരാനുള്ള ലോകത്തെ ഭയക്കണം.
*
എന്നെക്കാണണോ?
വരൂ, വേശ്യാലയങ്ങളിൽ
കള്ളുകടയിൽ
മീഞ്ചന്തയിൽ!
*
തേവിടിശ്ശിത്തെരുവിനറ്റത്തൊരു
കൂരയിലാണെന്റെ വാസം.
ഞാൻ, ശരൽക്കാലം, ഒറ്റവിളക്ക്.
*
ഒരു യതിയുടെ ചെയ്തികളെ ആരളക്കും?
അതാണു സെൻ, ഇതാണു സെൻ എന്നു പക്ഷേ,
സന്ന്യാസിമാർ വായിട്ടലയ്ക്കുന്നു.
ഈ കിഴവൻ കള്ളഭിക്ഷുവല്ല.
ബുദ്ധന്റെ മുന്നിലെ ധൂപം മണക്കുമ്പോൾ
എനിക്കെന്റെ മൂക്കു ചൊറിയുന്നു.
*
എൻപതു കഴിഞ്ഞു
ബലം കെട്ട ഞാൻ
ബുദ്ധനു നിവേദിക്കുന്നു-
സ്വന്തം മലം.
*
ഇലകൊഴിഞ്ഞ പടുമരത്തിൽ
വസന്തമായി വന്നു നീ.
പുതുമുളകൾ,തളിരിലകൾ,
പൂവിൻ നറുമൊട്ടുകൾ.
ഒരുനാളെങ്കിലും നിന്നെ-
യോർക്കാതെ പോയെങ്കിൽ
മോരീ, ഞാൻ വീഴട്ടെ
നരകത്തിന്നെരിതീയിൽ.
*
(യോനി)
ആദിയിലെ വായ-
എന്നാൽ വാക്കുകളില്ലാത്തത്.
അതിനു വരമ്പിടുന്നു,
പ്രതാപത്തോടൊരു രോമക്കാട്.
ജ്ഞാനികൾ ജീവികൾ പലർ
അതിൽപ്പോയിത്തുലഞ്ഞിരിക്കുന്നു.
പതിനായിരം ലോകത്തേക്കുള്ള
ബുദ്ധന്മാർ പിറവിയെടുത്തതും
അവിടെത്തന്നെ.
*
(ലിംഗം)
എട്ടിഞ്ചു ബലത്തിൽ
ഇതാണെന്റെ പ്രിയവസ്തു.
രാത്രിയിലൊറ്റയ്ക്കാകുമ്പോൾ
ഞാനതിനെപ്പുണരുന്നു.
ഒരുവളിതിനെത്തൊട്ടിട്ടു
യുഗങ്ങളെത്ര കഴിഞ്ഞിരിക്കുന്നു.
എന്റെ കോണകത്തിനുള്ളിലുണ്ട്,
ഒരു പ്രപഞ്ചമങ്ങനെത്തന്നെ.
*
പൂമ്പാറ്റ മുഖം തൊട്ടു
പാറിനിൽക്കെ
എത്രനേരമുറങ്ങുമവൾ?
*
ഉറയിൽക്കിടക്കുമ്പോഴും
നിന്നെക്കാണുന്നുണ്ട്,
എന്റെ ഉടവാൾ!
*
ദാഹിക്കുമ്പോൾ നിങ്ങൾ
തണുത്ത വെള്ളം സ്വപ്നം കാണും,
തണുക്കുമ്പോൾ തീയും.
എനിക്കു വേണ്ടതൊരു യോനിയുടെ നനവും,
ഉറച്ച മുലകളുടെ ചൂടും.
*
പിരിയുമ്പോളെന്റെ ഹൃദയം തകർന്നു;
വാസന്തപുഷ്പങ്ങളെക്കാൾ ചന്തമായിരുന്നല്ലോ
ആ വാസനിക്കുന്ന കവിളുകൾക്ക്.
ഇന്നൊരന്യനോടൊപ്പമാണെന്റെയോമന;
അവൾ പാടുന്നതതേ പ്രണയഗാനം,
വേറെയാണീണമെന്നു മാത്രം.
അസ്ഥികൂടങ്ങൾ
[ഈ നേർത്തുകറുത്ത രേഖകൾ വെളിച്ചപ്പെടുത്തുന്നു,
അറിയാനുള്ള നേരൊക്കെയും.]
ശിഷ്യരേ,
ഏകാന്തധ്യാനത്തിലുറച്ചിരിയ്ക്കൂ, എങ്കിൽ നിങ്ങളറിയും, ഈ ലോകത്തു പിറക്കുന്നതെന്തും, താനും ജീവിതവുമൊക്കെ, ശുദ്ധശൂന്യമെന്ന്. ശൂന്യത്തിൽ നിന്നുതന്നെ സർവതിനുമാവിർഭാവം. ഈ ആദിമനിരാകാരം തന്നെ ബുദ്ധൻ; ബുദ്ധപ്രകൃതി, ബുദ്ധമാനസം, തഥാഗതൻ, ഗുരു, ദൈവം- ഒരേ ശൂന്യത്തിന്റെ പലേ പേരുകളാണൊക്കെയും. ഇതു ശരിയായി ധരിക്കാതിരിക്കുക, നിങ്ങൾ നരകത്തിൽ ചെന്നുവീഴുന്നു.
നിർവേദം കൊണ്ടു നിറഞ്ഞും, ഈ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ കൊണ്ടു വലഞ്ഞും ഞാനൊരുനാളിറങ്ങിനടന്നു. ഒരു രാത്രിയിൽ ഞാൻ ചെന്നുകേറിയത് ഏകാന്തമായൊരമ്പലത്തിൽ. പൊതുവഴിയിൽ നിന്നകലെ, ഒരു മലയടിവാരത്തിൽ, വിശ്രാന്തിയുടെ വിശാലമായൊരു താഴ്വാരത്താണത്. ചുറ്റും കുഴിമാടങ്ങളായിരുന്നു. പെട്ടെന്നതാ, ദൈന്യം തോന്നിക്കുന്നൊരസ്ഥികൂടം എനിക്കു മുന്നിലാവിർഭവിച്ചു. അതു പറഞ്ഞു:
ലോകം വീശിക്കടന്നുപോകുന്നു,
ശരൽക്കാലത്തിന്റെ വിഷാദവാതം.
പുല്പരപ്പലഞൊറിയുന്നു,
ചതുപ്പിലേക്കു നാമൊഴുകുമ്പോൾ,
കടലിലേക്കു നാമൊഴുകുമ്പോൾ.
സർവതും അവയുടെ ഉറവയിലേക്കു മടങ്ങി ശൂന്യമാവുന്നു. ബോധിധർമ്മൻ ചുമരും നോക്കി ധ്യാനത്തിലിരുന്നു; പക്ഷേ അദ്ദേഹത്തിന്റെ മനസ്സിലുറന്ന ഒരു ചിന്തയും യഥാർത്ഥമായിരുന്നില്ല. ബുദ്ധൻ ധർമ്മഘോഷണം ചെയ്തുനടന്ന അമ്പതു കൊല്ലത്തിന്റെ ഗതിയും ഇതുതന്നെ. ഈ വിധമുള്ള ഉപാധികളിൽ തളയുന്നതല്ല മനസ്സ്.
ഇങ്ങനെ വിവിധതരം ആലോചനകളാൽ മനസ്സസ്വസ്ഥമായപ്പോൾ എനിക്കുറക്കവും നഷ്ടപ്പെട്ടു. പുലർച്ചയോടടുപ്പിച്ച് ഞാനൊന്നു മയങ്ങി. സ്വപ്നത്തിൽ ഒരുപറ്റം അസ്ഥികൂടങ്ങൾ എനിക്കു ചുറ്റും കൂട്ടം കൂടി. ഒരസ്ഥികൂടം എനിക്കടുത്തു വന്ന് ഇങ്ങനെ പറഞ്ഞു:
ഓർമ്മകൾ പാഞ്ഞുപോകുന്നു,
കാണാതെയാവുന്നു:
അർത്ഥശൂന്യമായ
പൊള്ളക്കിനാക്കളാണൊക്കെയും.
*
യാഥാർത്ഥ്യത്തെ ധിക്കരിക്കുക,
ദൈവം, ബുദ്ധനെന്നൊക്കെപ്പുലമ്പുക,
നേരായ വഴി പിന്നെ നിങ്ങൾ കാണുകയുമില്ല.
*
നിങ്ങൾ ശ്വാസമെടുക്കുന്നുണ്ട്,
കൈകാലുകൾക്കനക്കമുണ്ട്,
അതിനാൽ തുറസ്സിൽ കിടക്കുന്ന ശവമല്ല
നിങ്ങളെന്നും പറയാം.
ഈ അസ്ഥികൂടവുമായി എനിക്കൊത്തുപോകാനായി. സത്യമന്വേഷിച്ചു ലോകം വെടിഞ്ഞതാണയാൾ; ഓളപ്പരപ്പിൽ നിന്നാഴക്കയത്തിലേക്കയാൾ പോയിരിക്കുന്നു. കാര്യങ്ങളെ അവയുടെ സ്വരൂപത്തിൽത്തന്നെ അയാൾ കാണുന്നു. ഞാനവിടെ അങ്ങനെ കിടന്നു, പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും, മുഖത്തു നൃത്തം വയ്ക്കുന്ന ശരത്കാലനിലാവിനെ കണ്ടും.
എന്തുണ്ട്, സ്വപ്നമല്ലാതെ? ആരുണ്ട്, ഒരസ്ഥികൂടമായൊടുങ്ങാതെ? തൊലിയിൽ പൊതിഞ്ഞ്, ആണും പെണ്ണുമായി നാം കാണപ്പെടുന്നു; ഒരാൾ മറ്റൊരാൾക്കു പിന്നാലെ ആർത്തി പിടിച്ചോടുന്നു. പ്രാണൻ നിലയ്ക്കുമ്പോൾപ്പക്ഷേ, തൊലി വെടിയ്ക്കുന്നു, ലിംഗഭേദം മറയുന്നു, ഉയർച്ചതാഴ്ചകളില്ലാതാവുന്നു. ഈ നിമിഷം നാം താലോലിക്കുന്ന വ്യക്തിയുടെ തൊലിയ്ക്കടിയിൽ വെറുമൊരുപിടി എല്ലുകളേയുള്ളു. ഒന്നോർത്തുനോക്കൂ- ഉയർന്നതും താഴ്ന്നതും, കുട്ടിയും വയസ്സനും, ആണും പെണ്ണും ഒക്കെ ഒന്നുതന്നെ. ഈ മഹാരഹസ്യത്തിലേക്കൊന്നുണരൂ, അക്ഷണം നിങ്ങൾക്കു ഗ്രഹിക്കാറാവും, ‘ജനനമരണരഹിതം’ എന്നാലെന്താണെന്ന്.
മരിച്ചവർക്കോർമ്മക്കല്ലു വയ്ക്കാൻ
കൃഷ്ണശിലകൾ വേണമെന്നാണെങ്കിൽ,
അതിലും നല്ല തലക്കല്ലല്ലേ, ഒരമ്മിക്കുഴവി?
ശരിക്കും ഭയം ജനിപ്പിക്കുന്ന ജീവികൾ തന്നെ മനുഷ്യർ.
തെളിഞ്ഞ മാനത്തു
ചന്ദ്രൻ തിളങ്ങുമ്പോൾ
ഇരുണ്ട ലോകത്തു നാം
തപ്പിത്തടയുന്നു.
ഒന്നു സൂക്ഷിച്ചുനോക്കൂ- ശ്വാസം നിർത്തൂ, ചർമ്മമൂരിമാറ്റൂ, സർവരും കാണാനൊരുപോലെ. എത്രകാലം നിങ്ങൾ ജീവിച്ചാലും ഫലം മാറുന്നില്ല. ‘ഞാനുണ്ട്’ എന്ന ധാരണയൊക്കെ വലിച്ചെറിയൂ. കാറ്റു പിടിച്ച മേഘങ്ങൾക്കു നിങ്ങൾ സ്വയം വിട്ടുകൊടുക്കൂ.
ഒരു സ്വപ്നമീ ലോകമെങ്കിൽ
സ്വപ്നം പോലതു പോയി മറഞ്ഞോട്ടെ;
അതിൻ പേരിലെന്തിനീ വേവലാതി?
നിങ്ങളുടെ ജീവിതാവധി നിശ്ചിതമായിരിക്കെ, അതൊന്നു നീട്ടിക്കിട്ടാൻ ദൈവങ്ങളോടു നിവേദനം ചെയ്തിട്ടെന്തു ഫലം? ജീവിതവും മരണവുമെന്ന മഹാസത്യത്തിൽ മനസ്സർപ്പിക്കൂ, ജീവിതം മരണത്തിലവസാനിക്കും: അതാണു ലോകഗതി.
ജീവിതത്തിലെ വിപര്യയങ്ങൾ,
ദുഃഖപൂർണ്ണമാണവയെങ്കിലും,
നമ്മെ പഠിപ്പിക്കുന്നു,
ഒഴുകുന്ന ഈ ലോകത്തിൽ
അള്ളിപ്പിടിക്കാതിരിക്കാൻ.
*
ഒരു പാടും വയ്ക്കാതെ
മാഞ്ഞുപോകുന്ന എലുമ്പിൻക്കൂട്ടം
അതിനെ പട്ടും മാലയുമണിയിക്കുന്ന-
തെന്തിണാണാളുകൾ?
*
ഇരുന്നിടത്തേക്കു മടങ്ങുമീയുടൽ.
തിരഞ്ഞുപോവുകയുമരുത്,
തിരഞ്ഞാൽ കിട്ടാത്തതിനെ.
*
ജനനത്തിന്റെ പ്രകൃതിയാരറിയാൻ?
ഉറവിലേക്കു മടങ്ങുന്നു നാം,
പൊടിയായി മാറുന്നു നാം.
*
മലയുടെ മുകളിലേക്കു
വഴികളേറെ;
മുകളെത്തിയാൽപ്പക്ഷേ,
എല്ലാരും കാണുന്ന-
തൊരേ ചന്ദ്രനെ.
*
യാത്രയ്ക്കൊടുവിൽ
വിശ്രമിക്കാനിടമില്ലെങ്കിൽപ്പിന്നെ,
വഴി തെറ്റുമോയെന്നു
ഭയക്കുകയും വേണ്ട നാം.
*
തുടക്കമില്ല, ഒടുക്കമില്ല;
ജനിച്ചതും മരിച്ചതും
നമ്മുടെ മനസ്സ്:
ശൂന്യത്തിന്റെ ശൂന്യം.
*
അഴിച്ചുവിടൂ,
മനസ്സു വഴി വിട്ടു പായും;
പിടിച്ചുനിർത്തൂ,
അതിനെ വേണ്ടെന്നും വയ്ക്കാം.
*
മഴ, മഞ്ഞ്, ആലിപ്പഴം:
ഒക്കെയും വെവ്വേറെ.
വീഴുമ്പോൾപ്പക്ഷേ,
ഒരേ പുഴവെള്ളം.
*
പൈനിലകൾ വാരിമൂടി
പോന്ന വഴി മറയ്ക്കുക;
എവിടെ നിങ്ങളിരിയ്ക്കുമിടമെ-
ന്നറിയാതെ പോകട്ടെ ലോകം.
*
എത്ര വ്യർത്ഥം,
ചുടുകാട്ടിലെ ചടങ്ങുകൾ.
വിലപിക്കുന്നവരറിയുന്നില്ലേ,
വരുമൂഴം തങ്ങളുടേതെന്ന്?
*
‘ജീവിതം നശ്വരം!’
ചിത പുകയുമ്പോൾ
നാമോർക്കുന്നു;
എന്നറിയും നാം പക്ഷേ,
അതേ വഞ്ചിയിലാണു നാമെന്ന്?
*
ഒക്കെയും വ്യർത്ഥം!
ദൃഢഗാത്രനൊരു ചങ്ങാതി,
ഇന്നു രാവിലെ;
ചിതയിലെ പുകച്ചുരുൾ,
ഇന്നു സന്ധ്യക്ക്.
*
എത്ര ദാരുണം!
കാറ്റു വീശിയകറ്റുന്നു,
ചിതയിലെ പുകച്ചുരുൾ.
*
കത്തിച്ചാലതു ചാരമാവുന്നു,
കുഴിച്ചിട്ടാൽ മണ്ണാവുന്നു.
നാം ശേഷിപ്പിച്ചുപോകുന്നതു
നാം ചെയ്തുവച്ച പാപങ്ങളോ?
*
ഇങ്ങനെയാണു ലോകത്തിന്റെ പ്രകാരം. ലോകത്തിന്റെ നശ്വരതയെക്കുറിച്ചു ഗ്രാഹ്യമില്ലാത്തവർ അതു കണ്ടു ചകിതരാവുകയും, ആശ്ചര്യപ്പെടുകയും ചെയ്യുന്നു. ചുരുക്കം പേരേ ഇന്നു ബുദ്ധമാർഗ്ഗത്തിലുള്ളു. ആശ്രമങ്ങൾ മിക്കവയും ശൂന്യം. ഗുരുക്കന്മാർ അജ്ഞന്മാരായിരിക്കുന്നു; അവർ ധ്യാനം ശല്യമെന്നു കരുതി ഉപേക്ഷിച്ചിരിക്കുന്നു. ധ്യാനത്തിലല്ല, ക്ഷേത്രം മോടിപ്പെടുത്തുന്നതിലാണവർക്കു ശ്രദ്ധ. വെറും ജാടയാണവരുടെ ധ്യാനം; അവർ ഭിക്ഷുക്കളെന്ന വേഷം കെട്ടുന്നതേയുള്ളു- അവരുടെ സന്ന്യാസവേഷം പീഡനത്തിന്റെ കനത്ത പടച്ചട്ടയായേക്കാം ഇനിയൊരു നാൾ.
സംസാരചക്രത്തിൽ ജന്മമെടുക്കുക എന്നതു നരകത്തിലേക്കു നയിക്കുന്നു; ദുരാർത്തി വിശപ്പടങ്ങാത്ത ഭൂതമായി നിങ്ങൾക്കു പുനർജ്ജന്മം നൽകുന്നു; അജ്ഞത അടുത്ത ജന്മത്തിൽ നിങ്ങളെ മൃഗമാക്കുന്നു; കോപം പിശാചാക്കുന്നു. ഉപദേശങ്ങളെ പിൻപറ്റുക, മനുഷ്യജന്മം നിങ്ങൾക്കു കിട്ടും. നല്ലതു ചെയ്യുക, ദേവകളുടെ തലത്തിലേക്കു നിങ്ങളുയരും. ഈ ആറു മണ്ഡലങ്ങൾക്കും മുകളിൽ ബുദ്ധന്മാരുടെ മണ്ഡലങ്ങൾ നാലുണ്ട്; അങ്ങനെ പത്തായിട്ടാണ് അസ്തിത്വത്തിന്റെ വിന്യാസം. എന്നാൽ ബോധോദയത്തിന്റെ മുഹൂർത്തത്തിൽ നിങ്ങൾക്കു വെളിപ്പെടുന്നു, അവ രൂപരഹിതങ്ങളാണെന്ന്, അവയ്ക്കിടനിലകളില്ലെന്ന്, അവയെ വെറുക്കുകയോ, ഭയക്കുകയോ, ആഗ്രഹിക്കുകയോ ചെയ്യേണ്ടതില്ലെന്ന്. അസ്തിത്വമെന്നാൽ വിശാലമായ ആകാശത്തു പാറിപ്പോകുന്ന ഒരു മേഘത്തുണ്ടു പോലെയേയുള്ളു, വെള്ളത്തിലെ നുര പോലെയേയുള്ളു. മനസ്സിൽ ഒരു ചിന്തയും അങ്കുരിക്കുന്നില്ല, അതിനാൽ യാതൊന്നും സൃഷ്ടമാവുന്നുമില്ല. സംശയിക്കേണ്ട, മനസ്സും വസ്തുവും ഒന്നുതന്നെ, ഒരേപോലെ ശൂന്യവും.
അഗ്നി പോലെയാണു മനുഷ്യജന്മം- അമ്മയച്ഛന്മാരായ അരണികൾക്കു പിറക്കുന്ന തീപ്പൊരിയാണു മനുഷ്യശിശു. അമ്മയച്ഛന്മാരും എരിഞ്ഞടങ്ങുന്നു - ഒക്കെയും ശൂന്യത്തിൽ നിന്നു പിറന്നവ. രൂപങ്ങളിൽ നിന്നു സ്വയം മുക്തനാവൂ, സത്തയുടെ ആദിമാധാരത്തിലേക്കു മടങ്ങൂ.
ചെറിമരം വെട്ടിപ്പിളർന്നാൽ
പൂക്കളെവിടെ?
വസന്തമെത്തുമ്പോൾപ്പക്ഷേ,
പൂക്കളാണെങ്ങും.
*
ഒരു പാലവും വേണ്ടാതെയല്ലേ,
മേഘങ്ങളുയരത്തിലെത്തി?
തുണയ്ക്കായവയ്ക്കു വേണ്ട,
ഒരു ബുദ്ധന്റെ സാരോപദേശവും.
ഗൗതമബുദ്ധൻ അമ്പതു കൊല്ലം ധർമ്മം പ്രസംഗിച്ചു നടന്നു; ഒരിക്കൽ ശിഷ്യകാശ്യപൻ അദ്ദേഹത്തിന്റെ ഉപദേശങ്ങളിലേക്കുള്ള സൂചകമെന്തെന്നു ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞു, ‘തുടക്കം മുതലൊടുക്കം വരെ ഒരു വാക്കും ഞാനുരിയാടിയിട്ടില്ല.’ എന്നിട്ടദ്ദേഹം ഒരു പൂവെടുത്തു കാട്ടി. കാശ്യപൻ അതു കണ്ടു മന്ദഹസിച്ചു; ബുദ്ധൻ പൂവെടുത്തു കാശ്യപനു നൽകിക്കൊണ്ടു പറഞ്ഞു, ‘നിത്യസത്യത്തിന്റെ ആശ്ചര്യമാനസം നിനക്കു സ്വന്തം.’ ‘അങ്ങെന്താണർത്ഥമാക്കുന്നത്?’ കാശ്യപൻ ചോദിച്ചു. ബുദ്ധൻ പറഞ്ഞു, ‘എന്റെ അമ്പതു കൊല്ലത്തെ പ്രബോധനത്തിനിടയിൽ നിന്നെ മാടിവിളിയ്ക്കുകയായിരുന്നു ഞാൻ, സമ്മാനം തരാമെന്നു കൊതിപ്പിച്ച് ഒരു കുഞ്ഞിനെ കൈകളിലേക്കു വശീകരിച്ചുവരുത്തുന്നപോലെ.‘
ഈ ധർമ്മപുഷ്പത്തെ ഭൗതികമോ, മാനസികമോ, വാചികമോ ആയി വിവരിക്കാനാവില്ല. അതു വസ്തുവോ, ആത്മാവോ അല്ല. അതു വിജ്ഞാനമല്ല. നമ്മുടെ ധർമ്മം ഭൂതഭാവിവർത്തമാനകാലങ്ങളിലെ ബുദ്ധന്മാരെയൊക്കെ വഹിക്കുന്ന ഏകയാനമത്രെ. അതിലുണ്ട്, ഇരുപത്താറു ഭാരതീയഗുരുക്കുന്മാരും, ആറു ചീനഗുരുക്കന്മാരും. അതത്രേ, സത്തയുടെ ആദിമാധിഷ്ഠാനം. ഒന്നിനും തുടക്കമില്ല, അതിനാൽ തന്നിൽത്തന്നെയടങ്ങുന്നവയാണൊക്കെയും. ആറിന്ദ്രിയങ്ങൾ, നാലു കാലങ്ങൾ, നാലു മഹാഭൂതങ്ങൾ എല്ലാം ഉല്പത്തിയാവുന്നതു ശൂന്യത്തിൽ; ചിലരേ അതറിയുന്നുള്ളു. വായു, ശ്വാസം; അഗ്നി, ചലനം; ജലം, രക്തം; ദേഹം എരിക്കുകയോ, കുഴിച്ചിടുകയോ ചെയ്യുമ്പോൾ അതു മണ്ണുമാവുന്നു. ഈ ഭൂതങ്ങളും പക്ഷേ ആരംഭമില്ലാത്തവയും, അതിനാൽ നിലനിൽക്കാത്തവയുമാണ്.
ഈ ലോകത്തു സർവ്വതും
അയഥാർത്ഥം;
മരണം തന്നെയും
മായ.
*
മായ നമ്മെ മോഹിപ്പിക്കുന്നു, ദേഹം മരിച്ചാലും ആത്മാവു ശേഷിക്കുമെന്ന്. പരമാബദ്ധമാണത്. ശരീരവും ആത്മാവും ഒരേപോലെ നശിക്കുമെന്ന് ജ്ഞാനം ലഭിച്ചവൻ പറയുന്നു. ’ബുദ്ധൻ‘ എന്നാൽ ശൂന്യം. എമ്പതിനായിരം വേദഗ്രന്ഥങ്ങൾ മാറ്റിവച്ചിട്ട്, ഈയൊരു ചെറുഗ്രന്ഥത്തിൽ ഒക്കെയും ഞാൻ സംക്ഷേപിച്ചിരിക്കുന്നു. നിങ്ങൾക്കിതു വലുതായ ആനന്ദം വരുത്തും.
മറ്റൊരാൾക്കു വായിക്കാൻ
എഴുതിവച്ചിട്ടുപോവുക:
അതുമൊരു സ്വപ്നം.
ഉണരുമ്പോൾ ഞാനറിയുന്നു,
വായിക്കാനാരുമില്ലെന്ന്.
No comments:
Post a Comment