എന്റെ തൊട്ടിലാടിയിരുന്നതു ബുക്കലമാരകളുടെ നിഴലിലായിരുന്നു;
കഥകൾ, കവിതകൾ, ചരിത്രങ്ങൾ, പുരാണങ്ങൾ- അതൊരു ബാബേലായിരുന്നു,
ലാറ്റിൻ കരിഞ്ഞ ചാരവും ഗ്രീക്കു ദ്രവിച്ച പൊടിയും തമ്മിൽ കലർന്നുകിടന്നിരുന്നു.
ഒരിക്കൽ- എനിക്കന്നൊരു പുസ്തകത്തിന്റെ പൊക്കമേയുള്ളു-
രണ്ടു ശബ്ദങ്ങളെന്നോടു പറയുന്നതു ഞാൻ കേട്ടു.
‘ഈ ലോകം ഒരു മധുരപലഹാരമാണു സുഹൃത്തേ,’ ഒരു ശബ്ദം പറഞ്ഞു;
‘എന്നുമെന്നുമതിലാനന്ദിക്കാൻ അതിനൊത്തൊരാർത്തിയും ഞാൻ നിനക്കു നല്കാം.’
മറ്റേ ശബ്ദമപ്പോൾ പറഞ്ഞു, ‘ എന്റെയൊപ്പം വരൂ, നമുക്കൊരു സ്വപ്നയാത്ര പോകാം,
സാദ്ധ്യമായതിനുമപ്പുറം, അറിഞ്ഞതിനുമപ്പുറം നമുക്കൊരുമിച്ചു പോകാം.’
ആ സ്വരത്തിലുണ്ടായിരുന്നു, കടലോരക്കാറ്റിന്റെ നിരർത്ഥസംഗീതം,
എവിടുന്നോ വന്നെവിടെയ്ക്കോ പോകുന്നൊരു പ്രേതത്തിന്റെ രോദനം,
കാതു കുളിർപ്പിക്കുമ്പോൾത്തന്നെ പേടിപ്പെടുത്തുന്നൊരു മാധുര്യം.
‘വരാം, ഞാൻ വരാം, സുന്ദരശബ്ദമേ!’ അതിനോടു ഞാൻ പറഞ്ഞു.
ആ നിമിഷം എന്റെ വിധി നിശ്ചയിക്കപ്പെട്ടു, എന്റെ മുറിവിനു പേരുമായി;
അതില്പിന്നെ സ്ഥലകാലങ്ങളുടെ പരിചിതസീമകൾക്കുമപ്പുറം,
നവലോകങ്ങളുടെ ദീപ്തവിസ്മയങ്ങൾ ഞാൻ കാണുകയായി,
അതീതദർശനങ്ങളുടെ വശ്യങ്ങൾക്കു ഞാൻ വേട്ടമൃഗമാവുകയായി.
പാദങ്ങളിൽ ചുറ്റിപ്പിണഞ്ഞ പാമ്പുകളെയും വലിച്ചിഴച്ചു ഞാൻ നടന്നു,
പാലസ്തീനിലെ പ്രാക്തനരായ ആ പ്രവാചകന്മാരെപ്പോലെ
കടലിനെ ഞാൻ സ്നേഹിച്ചു, മണൽക്കാടിനെ ഞാൻ സ്നേഹിച്ചു,
മരണവീട്ടിൽ ചെന്നു ഞാൻ പൊട്ടിച്ചിരിച്ചു, മേളകളിൽ തേങ്ങിക്കരഞ്ഞു,
കയ്പ്പു മാത്രമായ വീഞ്ഞുകളിൽ അതിമധുരം ഞാൻ നുണഞ്ഞു,
നുണകളെ വസ്തുതകളായി വെള്ളം കൂട്ടാതെ ഞാൻ വിഴുങ്ങി,
നക്ഷത്രങ്ങളെ നോക്കിനടക്കെ പടുകുഴികളിൽ ഞാൻ ചെന്നുചാടി.
‘സ്വപ്നത്തിന്റെ പിടി വിടരുതേ!’ ആ ശബ്ദമപ്പോഴുമെന്നെ ആശ്വസിപ്പിച്ചു,
‘വിഭ്രാന്തസ്വപ്നത്തിന്റെ സൌന്ദര്യം ജ്ഞാനിക്കൊരിക്കലും കിട്ടില്ല!’
(പാപത്തിന്റെ പൂക്കൾ)
No comments:
Post a Comment