Thursday, July 3, 2014

പോൾ വലേറി - സ്നേഹവനം

 

406px-Van_Gogh_-_Liebespaar_in_Arles_(Ausschnitt)Van Gogh- The Lovers


കാട്ടുവഴികളിൽ തൊട്ടുതൊട്ടു നടക്കെ
നമ്മുടെ ചിന്തകൾ നിർമ്മലമായിരുന്നു;
കാഴ്ചയിൽ വരാത്ത പൂക്കൾക്കിടയിൽ
കൈ കോർത്തു മൌനമായി നാം നടന്നു.

രാത്രിയിൽ, പുല്പരപ്പിന്റെ പച്ചയിൽ
വധൂവരന്മാരെപ്പോലെ നാം നടന്നു;
ചന്ദ്രൻ, മനമുലഞ്ഞവർക്കിഷ്ടതോഴൻ,
ആ മായികഫലം നാം വീതിച്ചെടുത്തു.

പിന്നെ പായൽനിലത്തു കിടന്നു നാം മരിച്ചു,
അങ്ങകലെയായി, എത്രയുമേകാകികളായി,
മർമ്മരമുതിർക്കുന്ന ഈ കാടിന്റെ നിഴലുകളിൽ;

പിന്നെയവിടെ, മുകളിൽ, വിപുലവെളിച്ചത്തിൽ
കണ്ണീരിൽ മുങ്ങി നാമന്യോന്യം കണ്ടെത്തും,
മൌനത്തിലെന്റെ പ്രിയപ്പെട്ട സഹയാത്രികേ!


No comments: