Sunday, July 6, 2014

ബോദ്‌ലേർ - നിഷേധി

baudelaire_hash_selfportrait

 

രുഷ്ടനായൊരു മാലാഖ കഴുകനെപ്പോലെ റാഞ്ചിയിറങ്ങുന്നു,
ആ പാപിയുടെ മുടിക്കു കുത്തിപ്പിടിച്ചുകൊണ്ടലറുന്നു:
“ഞാൻ പറയുന്നതു തന്നെയാണു ശരി; അതനുസരിക്കുക!
നിന്റെ കാവൽമാലാഖയല്ലേ ഞാൻ? എന്റെ ഹിതം ചെയ്യുക!

ഒരറപ്പും മുഖത്തു കാണിക്കാതെ നീ സ്നേഹിക്കണം,
ഉടലിലുമാത്മാവിലും ദരിദ്രരായവരെ, താണവരെ, പതിതരെ,
അങ്ങനെ നിന്റെ സഹാനുഭൂതി ഈ മണ്ണിൽ വിരിക്കട്ടെ,
ഭാവിയിൽ യേശു വരുമ്പോൾ അവനായൊരു പരവതാനി.

അതാണ്‌ യഥാർത്ഥസ്നേഹം! നിന്റെ ഹൃദയം മരവിക്കും മുമ്പേ
ദൈവമഹിമയതിനെ ആനന്ദത്തിലേക്കുണർത്തട്ടെ,
നീയറിഞ്ഞ ആനന്ദങ്ങളിലതൊന്നേ ശേഷിക്കൂ!”

തന്റെ സ്നേഹത്തിന്റെ തോതിനൊത്തു ശിക്ഷിക്കുന്ന മാലാഖ
കൂറ്റൻ മുഷ്ടികൾ കൊണ്ടാ നിഷേധിയെ പ്രഹരിക്കുന്നു;
ആ ശപ്താത്മാവു പക്ഷേ, അപ്പോഴും പറയുന്നു: “ഞാൻ അനുസരിക്കില്ല!”

(പാപത്തിന്റെ പൂക്കൾ)

No comments: