നന്മ ചെയ്യുന്നവൻ
രാത്രിനേരമായിരുന്നു, അവൻ ഏകനുമായിരുന്നു.
അങ്ങകലെ ഒരു നഗരത്തിന്റെ വൃത്താകാരത്തിലുള്ള ചുമരുകൾ അവൻ കണ്ടു; അവൻ അതിനു നേർക്കു നടന്നു.
അടുത്തെത്തിയപ്പോൾ നഗരത്തിനുള്ളിൽ നിന്നും അവൻ കേട്ടു, ആഹ്ളാദത്തിന്റെ പാദപതനങ്ങളും, സന്തോഷത്തിന്റെ ചുണ്ടുകൾ ചിരിക്കുന്നതും പലതരം വീണകൾ കലാപമുയർത്തുന്നതും. അവൻ കവാടത്തിൽ മുട്ടിയപ്പോൾ കാവൽക്കാരിൽ ചിലർ അതവനായി തുറന്നുകൊടുത്തു.
വെണ്ണക്കല്ലു കൊണ്ടുള്ള ഒരു ഹർമ്മ്യം അവൻ കണ്ടു; വെൺകല്ലു കൊണ്ടുള്ള തൂണുകൾ അതിനുണ്ടായിരുന്നു; അവയിൽ പൂമാലകൾ തൂക്കിയിട്ടിരുന്നു; അകവും പുറവും പൈന്മരത്തിന്റെ പന്തങ്ങൾ വെളിച്ചം ചൊരിഞ്ഞിരുന്നു. അവൻ ഉള്ളിലേക്കു കയറിച്ചെന്നു.
ഗോമേദകത്തിന്റെ ശാലയും സൂര്യകാന്തത്തിന്റെ ശാലയും കടന്ന് വിശാലമായ ഭോജനശാലയിൽ അവൻ എത്തിച്ചേർന്നു. അവിടെ നീലലോഹിതമായ ഒരു ചാരുമഞ്ചത്തിൽ ഒരാൾ കിടന്നിരുന്നു; തലയിൽ അയാൾ ചുവന്ന പനിനീർപ്പൂക്കൾ കൊണ്ടുള്ള കിരീടമണഞ്ഞിരുന്നു, അയാളുടെ ചുണ്ടുകൾ വീഞ്ഞു കൊണ്ടു ചോരച്ചിരുന്നു.
അവൻ അയാൾക്കു പിന്നിൽ ചെന്ന് ചുമലിൽ തൊട്ടുകൊണ്ടു ചോദിച്ചു, ‘നീ ഇങ്ങനെ ജീവിക്കുന്നതെന്തിനാണ്?’
ആ യുവാവ് തിരിഞ്ഞുനോക്കി അവൻ ആരെന്നു കണ്ടു; അയാൾ ഇങ്ങനെ മറുപടി പറഞ്ഞു, ‘ഞാൻ ഒരിക്കൽ കുഷ്ഠരോഗിയായിരുന്നു, അങ്ങെന്നെ സുഖപ്പെടുത്തുകയും ചെയ്തു. ഞാൻ പിന്നെങ്ങനെ ജീവിക്കണം?‘
അവൻ ആ വീട്ടിൽ നിന്നിറങ്ങി പിന്നെയും തെരുവിലൂടെ നടന്നു.
അല്പദൂരം ചെന്നപ്പോൾ മുഖത്തു ചായം തേച്ച ഒരുവളെ അവൻ കണ്ടു; അവളുടെ ഉടയാടകൾ നിറപ്പകിട്ടുള്ളവയായിരുന്നു, പാദങ്ങളിൽ അവൾ മുത്തുമണികളണിഞ്ഞിരുന്നു. അവൾക്കു പിന്നിൽ, ഒരു വേട്ടക്കാരനെപ്പോലെ പാത്തും പതുങ്ങിയും, ഇരുനിറത്തിൽ മേലങ്കി ധരിച്ച ഒരു ചെറുപ്പക്കാരനെയും കണ്ടു. സ്ത്രീയുടെ മുഖം ഒരു വിഗ്രഹത്തിന്റേതു പോലെ മനോഹരമായിരുന്നു, ചെറുപ്പക്കാരന്റെ കണ്ണുകൾ ആസക്തി കൊണ്ടെരിഞ്ഞിരുന്നു.
അവൻ വേഗത്തിൽ അവരുടെ പിന്നാലെ ചെന്ന് ചെറുപ്പക്കാരന്റെ കൈയ്ക്കു പിടിച്ചിട്ടു ചോദിച്ചു, ’എന്തിനാണു നീ ആ സ്ത്രീയെ നോക്കുന്നത്, അതും ഇങ്ങനെയൊരു പ്രകാരത്തിൽ?‘
ആ ചെറുപ്പക്കാരൻ തിരിഞ്ഞുനോക്കി അവൻ ആരെന്നു കണ്ടു; അയാൾ പറഞ്ഞു, ’ഞാൻ ഒരിക്കൽ കണ്ണുപൊട്ടനായിരുന്നു, അങ്ങെനിക്കു കാഴ്ച തരികയും ചെയ്തു. ഞാൻ പിന്നെന്തിനെ നോക്കണം?‘
അവൻ പിന്നെ മുന്നിലേക്കോടിച്ചെന്ന് സ്ത്രീയുടെ പുടവയിൽ തൊട്ടുകൊണ്ടു ചോദിച്ചു, ’നിനക്കു നടക്കാൻ പാപത്തിന്റെ വഴിയല്ലാതെ മറ്റൊരു വഴിയില്ലേ?‘
സ്ത്രീ തിരിഞ്ഞുനോക്കി അവൻ ആരെന്നു കണ്ടു; അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു, ’അങ്ങെന്റെ പാപങ്ങൾ പൊറുത്തതല്ലേ? ഈ വഴി എനിക്കിഷ്ടവുമാണ്.‘
അവൻ നഗരത്തിൽ നിന്നു പുറത്തു കടന്നു.
കവാടം കടന്നുപോരുമ്പോൾ പാതയരികിൽ ഒരു ചെറുപ്പക്കാരൻ തേങ്ങിക്കരഞ്ഞും കൊണ്ടിരിക്കുന്നത് അവൻ കണ്ടു.
അവൻ അയാൾക്കടുത്തേക്കു ചെന്ന് അയാളുടെ നീണ്ട മുടിയിഴകളിൽ തൊട്ടുകൊണ്ടു ചോദിച്ചു, ‘നീ എന്തിനാണു കരയുന്നത്?’
ചെറുപ്പക്കാരൻ മുഖമുയർത്തിനോക്കി അവൻ ആരെന്നു കണ്ടു; എന്നിട്ടിങ്ങനെ പറഞ്ഞു, ‘ഞാൻ ഒരിക്കൽ മരിച്ചതായിരുന്നു, അങ്ങെന്നെ മരിച്ചവർക്കിടയിൽ നിന്നുയിർപ്പിക്കുകയും ചെയ്തു. കരയാതെ പിന്നെ ഞാനെന്തു ചെയ്യണം?’
ന്യായവിധിയുടെ ആലയം
ന്യായവിധിയുടെ ആലയത്തിൽ നിശബ്ദത പരന്നു; മനുഷ്യൻ ദൈവത്തിനു മുന്നിൽ നഗ്നനായി നിന്നു.
പിന്നെ ദൈവം മനുഷ്യജീവിതത്തിന്റെ ഗ്രന്ഥം തുറന്നു.
പിന്നെ ദൈവം മനുഷ്യനോടായി പറഞ്ഞു, ‘നിന്റെ ജീവിതം തിന്മയുടേതായിരുന്നു; സാന്ത്വനം തേടിയവരോടു നീ ക്രൂരത കാണിച്ചു, തുണയറ്റവരോടു നീ ഹൃദയം കല്ലാക്കി. പാവങ്ങൾ നിന്നെ വിളിച്ചു കരഞ്ഞപ്പോൾ നീയതിനു കാതു കൊടുത്തില്ല, എന്റെ പീഡിതർക്കു മുന്നിൽ നീ കാതുകൾ കൊട്ടിയടച്ചു. അഗതികളുടെ പിതൃസ്വത്തു നീ സ്വന്തമാക്കി, നിന്റെ അയൽക്കാരന്റെ മുന്തിരിത്തോപ്പിലേക്കു നീ കുറുനരികളെ കടത്തിവിടുകയും ചെയ്തു. കുഞ്ഞുങ്ങളുടെ കൈയിൽ നിന്നു നീ അപ്പം തട്ടിപ്പറിച്ചു നായ്ക്കൾക്കിട്ടുകൊടുത്തു. ചതുപ്പുനിലങ്ങളിൽ സമാധാനത്തോടെ ജീവിച്ച്, എന്നെ സ്തുതിച്ചിരുന്ന എന്റെ കുഷ്ഠരോഗികളെ നീ പെരുവഴിയിലേക്കാട്ടിയോടിച്ചു; ഞാൻ നിന്നെ മെനഞ്ഞെടുത്ത എന്റെ മണ്ണിൽ നീ നിരപരാധികളുടെ ചോര ചൊരിയുകയും ചെയ്തു.’
അപ്പോൾ മനുഷ്യൻ മറുപടിയായി പറയുഞ്ഞു, ‘അതു ഞാൻ ചെയ്തതു തന്നെ.’
ദൈവം പിന്നെയും മനുഷ്യജീവിതത്തിന്റെ ഗ്രന്ഥം തുറന്നു.
പിന്നെ ദൈവം മനുഷ്യനോടായി പറഞ്ഞു, ‘നിന്റെ ജീവിതം തിന്മയുടേതായിരുന്നു; ഞാൻ കാണിച്ചുതന്ന സൌന്ദര്യം നീ മറ്റെവിടെയോ തേടി, ഞാനൊളിപ്പിച്ച നന്മ നീ കാണാതെപോയി. നിന്റെ വീടിന്റെ ചുമരുകൾ നീ ചിത്രങ്ങൾ കൊണ്ടലങ്കരിച്ചു; ഗർഹണീയതകളുടെ കിടക്കയിൽ നിന്ന് പുല്ലാങ്കുഴലുകളുടെ സംഗീതം കേട്ടു നീ ഉറക്കമുണർന്നു. ഞാൻ സഹിച്ച പാപങ്ങൾക്കു നീ ഏഴൾത്താരകൾ പണിതു; ഭക്ഷിക്കരുതാത്തതു നീ ഭക്ഷിച്ചു; നിന്റെ ഉടയാടയ്ക്കു കര തുന്നിയതു അവമതിയുടെ മൂന്നടയാളങ്ങളായിരുന്നു. നിന്റെ വിഗ്രഹങ്ങൾ ഉടയാത്ത പൊന്നോ വെള്ളിയോ കൊണ്ടായിരുന്നില്ല, ജീർണ്ണിക്കുന്ന മാംസം കൊണ്ടായിരുന്നു. നീ അവരുടെ മുടിയിൽ വാസനത്തൈലങ്ങൾ തളിച്ചു, അവരുടെ കൈകളിൽ മാതളപ്പഴങ്ങൾ വച്ചുകൊടുക്കുകയും ചെയ്തു. നീ അവരുടെ പാദങ്ങളിൽ കുങ്കുമം തേച്ചു, അവർക്കു മുന്നിൽ പരവതാനി നിവർക്കുകയും ചെയ്തു. അവരുടെ കണ്ണുകളിൽ നീ അഞ്ജനമെഴുതി, അവരുടെ ചർമ്മത്തിൽ നീ മീറാ പൂശി. നീ അവർക്കു മുന്നിൽ ദണ്ഡനമസ്കാരം ചെയ്തു, നീ നിന്റെ വിഗ്രഹങ്ങൾക്കു പകൽവെളിച്ചത്തിൽ സിംഹാസങ്ങൾ നല്കി. സൂര്യനു മുന്നിൽ നീ നിന്റെ നാണക്കേടുകൾ തുറന്നുകാട്ടി, ചന്ദ്രനു മുന്നിൽ നിന്റെ ഭ്രാന്തുകളും. ’
അപ്പോൾ മനുഷ്യൻ മറുപടിയായി പറഞ്ഞു, ‘അതു ഞാൻ ചെയ്തതു തന്നെ.’
പിന്നെ മൂന്നാമതും ദൈവം മനുഷ്യജീവിതത്തിന്റെ ഗ്രന്ഥം തുറന്നു.
പിന്നെ ദൈവം മനുഷ്യനോടായി പറഞ്ഞു, ‘നിന്റെ ജീവിതം തിന്മയുടേതായിരുന്നു, നന്മയ്ക്കു നീ തിന്മ പകരം നല്കി, ദയയ്ക്കു നെറികേടും. നിന്നെ ഊട്ടിയ കൈകളെ നീ മുറിപ്പെടുത്തി, നിനക്കു പാലു തന്ന മാറിടത്തെ നീ അവജ്ഞയോടെ കണ്ടു. നിനക്കു വെള്ളവുമായി വന്നവൻ ദാഹിച്ചു മടങ്ങി, രാത്രിയിൽ നിനക്കു കിടക്കാനിടം തന്ന കവർച്ചക്കാരെ പുലരും മുമ്പേ നീ ഒറ്റു കൊടുത്തു. നിന്നോടു പൊറുത്ത നിന്റെ ശത്രുവിനെ പതിയിരുന്നു നീ കെണിയിൽ വീഴ്ത്തി, ഒപ്പം നടന്ന ചങ്ങാതിയെ നീ വിലയ്ക്കു വിറ്റു, നിനക്കു പ്രേമവുമായി വന്നവർക്കു നീ കാമമേ പകരമായി നല്കിയതുമുള്ളു.’
അപ്പോൾ മനുഷ്യൻ മറുപടിയായി പറഞ്ഞു, ‘അതു ഞാൻ ചെയ്തതു തന്നെ.’
പിന്നെ ദൈവം മനുഷ്യജീവിതത്തിന്റെ ഗ്രന്ഥം അടച്ചും കൊണ്ടു പറഞ്ഞു, ‘തീച്ചയായും നിന്നെ ഞാൻ നരകത്തിലേക്കയക്കും. നരകത്തിലേക്കു തന്നെ നിന്നെ ഞാനയക്കും.’
അപ്പോൾ മനുഷ്യൻ വിളിച്ചുപറഞ്ഞു, ‘അവിടുത്തെയ്ക്കതാവില്ല.’
ദൈവം മനുഷ്യനോടു ചോദിച്ചു, ‘എന്തുകൊണ്ടു നിന്നെ എനിക്കു നരകത്തിലേക്കയക്കാനാവില്ല, എന്തു കാരണത്താൽ?’
‘നരകത്തിലാണ് എന്നും ഞാൻ ജീവിച്ചതെന്നതിനാൽ,’ മനുഷ്യൻ പറഞ്ഞു.
ന്യായവിധിയുടെ ആലയത്തിൽ നിശബ്ദത പരന്നു.
അല്പനേരം കഴിഞ്ഞതില്പിന്നെ ദൈവം മനുഷ്യനോടായി പറഞ്ഞു, ‘എനിക്കു നിന്നെ നരകത്തിലേക്കയക്കാൻ പാടില്ലെന്നു കണ്ടിരിക്കുന്നതിനാൽ തീർച്ചയായും ഞാൻ നിന്നെ സ്വർഗ്ഗത്തിലേക്കയക്കും. സ്വർഗ്ഗത്തിലേക്കു തന്നെ നിന്നെ ഞാനയക്കും.‘
അപ്പോൾ മനുഷ്യൻ നിലവിളിച്ചുകൊണ്ടു പറഞ്ഞു, ’അവിടുത്തെയ്ക്കതാവില്ല.‘
അപ്പോൾ ദൈവം മനുഷ്യനോടായി പറഞ്ഞു, ’എന്തുകൊണ്ടു നിന്നെ എനിക്ക് സ്വർഗ്ഗത്തിലേക്കയക്കാനാവില്ല, എന്തു കാരണത്താൽ?‘
’ഒരിക്കലും, ഒരിടത്തും അതെനിക്കു ഭാവനയിൽ കാണാൻ കഴിഞ്ഞിട്ടെല്ലെന്നതിനാൽ,‘ മനുഷ്യൻ പറഞ്ഞു.
ന്യായവിധിയുടെ ആലയത്തിൽ നിശബ്ദത പരന്നു.
No comments:
Post a Comment