Wednesday, July 2, 2014

നിക്കോളാസ് ഗിയേൻ - ഫെഡെറിക്കോ


ഒരു നാടോടിപ്പാട്ടിന്റെ വാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
-ഫെഡെറിക്കോ ഇവിടെ വന്നിരുന്നോ?Lorca_(1934)
ഒരു തത്ത മറുപടി പറയുന്നു:
-അയാൾ പൊയ്ക്കഴിഞ്ഞു.

ഒരു ചില്ലുവാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
-ഫെഡെറിക്കോ ഇവിടെ വന്നിരുന്നോ?
ഒരു കൈ വന്നു മറുപടി തരുന്നു:
അയാൾ പുഴക്കരെയാണ്‌.

ഒരു ജിപ്സിയുടെ വാതിൽക്കൽ ഞാൻ ചെന്നു മുട്ടി.
-ഫെഡെറിക്കോ ഇവിടെ വന്നിരുന്നോ?
ആർക്കും മറുപടിയില്ല, ആരും മിണ്ടുന്നില്ല...
-ഫെഡെറിക്കോ! ഫെഡെറിക്കോ!

വെളിച്ചമില്ലാത്ത, ഒഴിഞ്ഞ പുര.
ചുമരുകളിൽ കരിമ്പായൽ;
ആൾമറ കെട്ടിയ കിണർ, തൊട്ടിയില്ലാതെ;
പച്ചപ്പല്ലികളോടിക്കളിക്കുന്ന തൊടി.


ഉഴുതുമറിച്ച മണ്ണിൽ
ഒച്ചുകളിഴയുന്നു;
നാശാവശിഷ്ടങ്ങൾക്കിടയിലൂടെ
ജൂലൈയിലെ ചുവന്ന കാറ്റിന്റെ താരാട്ട്.
ഫെഡെറിക്കോ! ഫെഡെറിക്കോ!


ആ ജിപ്സി മരിക്കാൻ പോയതെവിടെ?
അവന്റെ കണ്ണുകൾ തണുത്തുപോയതെവിടെ?
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
ഫെഡെറിക്കോ! ഫെഡെറിക്കോ!

(ഒരു ഗാനം)

ഞായറാഴ്ച ഒമ്പതിനു പോയതാണ്‌,
ഞായറാഴ്ച രാത്രിയിൽ പോയതാണ്‌,
ഞായറാഴ്ച പോയി പിന്നെ വന്നിട്ടില്ല!
അവന്റെ കൈയിലൊരു ലില്ലിപ്പൂവുണ്ടായിരുന്നു,
അവന്റെ കണ്ണുകളിൽ ജ്വരമുണ്ടായിരുന്നു.
ലില്ലിപ്പൂ ചോരയായി,
ചോര പിന്നെ മരണമായി.

(മറ്റൊരു ഗാനം)

എവിടെയായിരിക്കും ഫെഡെറിക്കോ,
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
ഫെഡെറിക്കോ! ഫെഡെറിക്കോ!
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?
വരാതിരിക്കാനും മാത്രം എവിടെക്കാണവൻ പോയത്?

(സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഫാസിസ്റ്റുകൾ വെടിവച്ചു കൊന്ന കവിയും നാടകകൃത്തുമായ ഫെഡെറിക്കോ ഗാർസിയ ലോർക്കയെക്കുറിച്ചെഴുതിയത്)


No comments: