Saturday, March 31, 2012

ബോദ്‌ലെയർ - സന്തുഷ്ടജഡം

482px-Egon_Schiele_091


ഒച്ചുകളിഴയുന്ന കൊഴുത്തുമിനുത്ത ചെളിമണ്ണിൽ
ആഴത്തിലൊരു കുഴിയെടുക്കാനെനിയ്ക്കു മോഹം,
അതിൽ ഈ കിഴവന്റെ അസ്ഥികളെ കിടത്താൻ,
കടലിലൊരു സ്രാവിനെപ്പോലെ മതികെട്ടുറങ്ങാൻ.

ഓർമ്മക്കല്ലുകളും വിൽപ്പത്രങ്ങളുമെനിയ്ക്കു വേണ്ട,
ഒരു മനുഷ്യനുമെനിക്കായി കണ്ണീരു ചൊരിയേണ്ടാ,
ഈ കിഴട്ടുജഡത്തിന്റെ കുടൽമാല കൊത്തിവലിയ്ക്കാൻ
ജീവനുള്ളപ്പോൾത്തന്നെ കാക്കകളെ ഞാൻ ക്ഷണിച്ചേക്കാം.

പുഴുക്കളേ! കണ്ണും കാതുമില്ലാത്ത കറുത്ത ചങ്ങാതിമാരേ,
ഒരു സന്തുഷ്ടജഡമിതാ വരുന്നു, നിങ്ങൾക്കു സ്വാദു നോക്കാൻ;
ദാർശനികാത്മാക്കളേ, ജീർണ്ണതയുടെ സന്തതികളേ,

ഒരു കുറ്റബോധവും തോന്നാതെന്നിൽക്കയറി നിരങ്ങിക്കോളൂ!
ആത്മാവു പൊയ്പ്പോയ ഈ വൃദ്ധദേഹത്തിനു സഹിക്കാൻ
ഒരു പീഡയെങ്കിലും ശേഷിക്കുന്നെങ്കിലതൊന്നു പറഞ്ഞേക്കൂ!

(പാപത്തിന്റെ പൂക്കൾ-75)


Le Mort joyeux

Dans une terre grasse et pleine d'escargots
Je veux creuser moi-même une fosse profonde,
Où je puisse à loisir étaler mes vieux os
Et dormir dans l'oubli comme un requin dans l'onde.

Je hais les testaments et je hais les tombeaux;
Plutôt que d'implorer une larme du monde,
Vivant, j'aimerais mieux inviter les corbeaux
À saigner tous les bouts de ma carcasse immonde.

Ô vers! noirs compagnons sans oreille et sans yeux,
Voyez venir à vous un mort libre et joyeux;
Philosophes viveurs, fils de la pourriture,

À travers ma ruine allez donc sans remords,
Et dites-moi s'il est encor quelque torture
Pour ce vieux corps sans âme et mort parmi les morts!

Charles Baudelaire

The Joyful Corpse

In a rich, heavy soil, infested with snails,
I wish to dig my own grave, wide and deep,
Where I can at leisure stretch out my old bones
And sleep in oblivion like a shark in the wave.

I have a hatred for testaments and for tombs;
Rather than implore a tear of the world,
I'd sooner, while alive, invite the crows
To drain the blood from my filthy carcass.

O worms! black companions with neither eyes nor ears,
See a dead man, joyous and free, approaching you;
Wanton philosophers, children of putrescence,

Go through my ruin then, without remorse,
And tell me if there still remains any torture
For this old soulless body, dead among the dead!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

The Happy Dead Man

Slowly, luxuriously, I will hollow a deep grave,
With my own hands, in rich black snail-frequented soil,
And lay me down, forspent with that voluptuous toil,
And go to sleep, as happy as a shark in the wave.

No funeral for me, no sepulcher, no hymns;
Rather than beg for pity when alive, God knows,
I have lain sick and shelterless, and let the crows
Stab to their hearts' content at my lean festering limbs.

O worms! my small black comrades without ears or eyes,
Taste now for once a mortal who lies down in bliss.
O blithe materialists! O vermin of my last bed!

Come, march remorselessly through me. Come, and devise
Some curious new torment, if you can, for this
Old body without soul and deader than the dead.

— George Dillon, Flowers of Evil (NY: Harper and Brothers, 1936)

Joyful Corpse

In a rich fertile loam where snails recess,
I wish to dig my own deep roomy grave,
There to stretch out my old bones, motionless,
Snug in death's sleep as sharks are in the wave.
Men's testaments and tombs spell queasiness,
The world's laments are not a boon I crave,
Sooner, while yet I live, let the crows press
My carrion blood from out my skull and nave.
O worms, black comrades without eyes or ears,
Behold, a dead man, glad and free, appears!
Lecher philosophers, spawn of decay,
Rummage remorseless through my crumbling head
To tell what torture may remain today
For this my soulless body which is dead.

— Jacques LeClercq, Flowers of Evil (Mt Vernon, NY: Peter Pauper Press, 1958)

link to image


Friday, March 30, 2012

ബോദ്‌ലെയർ - ചന്ദ്രന്റെ ശോകം

Falero_Luis_Ricardo_moon_nymph

അലസസ്വപ്നങ്ങളിൽ മുഴുകുന്നു ചന്ദ്രനിന്നു രാവിൽ,
മൃദുശയ്യകളിലൊരു സുന്ദരിയെന്നപോലെ;
അലയുന്ന കൈത്തലം കൊണ്ടവൾ തലോടുന്നു,
മയക്കത്തിലാഴും മുമ്പു തന്റെ മാറിടത്തിന്റെ വടിവുകളെ.

പതുപതുത്ത തൂവലുകളുടെ തട്ടിമറിഞ്ഞ ജലപാതത്തിൽ
ആസക്തിയുടെ നെടുവീർപ്പുകളുതിർത്തവൾ മൂർഛിക്കുന്നു;
പിന്നെ വിധുരനേത്രങ്ങളാലവൾ കാണുന്നു രൂപങ്ങളെ,
നീലിമയുടെ ഗഹനതയിൽ വിരിയുന്ന മേഘപുഷ്പങ്ങളെ.

പിന്നെ, ശോകത്തിന്റെ ശമം കൊണ്ടൊരു വേളയിൽ
ഒളിവായൊരു കണ്ണീർത്തുള്ളി ഭൂമിയിലവൾ വീഴ്ത്തുന്നു,
വർണ്ണരാജി വിടർത്തുമൊരു സ്ഫടികം പോലനഘം.

എന്നുമുറങ്ങാതിരിക്കുന്നവൻ, കവി, തന്റെ കൈക്കുടന്നയിൽ
അതീവഭക്തിയോടെ ദിവ്യോപഹാരമതേറ്റുവാങ്ങുന്നു,
സൂര്യന്റെ കണ്ണിൽപ്പെടാതെ തന്റെ ഹൃദയത്തിലതൊളിപ്പിക്കുന്നു.

(പാപത്തിന്റെ പൂക്കൾ-68)


link to image


Tristesses de la lune

Ce soir, la lune rêve avec plus de paresse;
Ainsi qu'une beauté, sur de nombreux coussins,
Qui d'une main distraite et légère caresse
Avant de s'endormir le contour de ses seins,

Sur le dos satiné des molles avalanches,
Mourante, elle se livre aux longues pâmoisons,
Et promène ses yeux sur les visions blanches
Qui montent dans l'azur comme des floraisons.

Quand parfois sur ce globe, en sa langueur oisive,
Elle laisse filer une larme furtive,
Un poète pieux, ennemi du sommeil,

Dans le creux de sa main prend cette larme pâle,
Aux reflets irisés comme un fragment d'opale,
Et la met dans son coeur loin des yeux du soleil.

Charles Baudelaire

Sadness of the Moon

Tonight the moon dreams with more indolence,
Like a lovely woman on a bed of cushions
Who fondles with a light and listless hand
The contour of her breasts before falling asleep;

On the satiny back of the billowing clouds,
Languishing, she lets herself fall into long swoons
And casts her eyes over the white phantoms
That rise in the azure like blossoming flowers.

When, in her lazy listlessness,
She sometimes sheds a furtive tear upon this globe,
A pious poet, enemy of sleep,

In the hollow of his hand catches this pale tear,
With the iridescent reflections of opal,
And hides it in his heart afar from the sun's eyes.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


Thursday, March 29, 2012

നെരൂദ - വൃദ്ധകൾ, കടൽക്കരയിൽ

800px-Klimt_-_Sitzende_alte_Frau_nach_links

ഗൗരവം പൂണ്ട കടലിലേക്കു വൃദ്ധകളെത്തുന്നു,
പിഞ്ഞിക്കീറിയ ഷാളുകളുമായി,
ദുർബലമായ കാലുകളുമായി.

കടൽക്കരയിലവരിരിക്കുന്നു,
കണ്ണും കൈയുമിളക്കാതെ,
മേഘവും മൗനവുമിളക്കാതെ.

ആഭാസനായ കടൽ പുളയ്ക്കുന്നു,
കാഹളങ്ങളുടെ മലകളോടിയിറങ്ങുന്നു,
കാളത്താടകൾ കുലുക്കുന്നു.

ഒരു ചില്ലുതോണിയിലെന്നപോലെ
അമ്മമാരിളകാതിരിക്കുന്നു,
കിരാതത്തിരകളെ നോക്കുന്നു.

അവരെവിടെയ്ക്കു പോകുന്നു, അവരെവിടെയായിരുന്നു?
അവർ വരുന്നതെവിടെ നിന്നും,
നമ്മുടെ, നമ്മുടെ ജീവിതങ്ങളിൽ നിന്നും.

ഇന്നവർക്കു സ്വന്തം, ഈ സാഗരം,
കുളിരുന്ന, പൊള്ളുന്ന ശൂന്യത,
ജ്വാലകളാളുന്ന ഏകാന്തത.

അവർ വരുന്നതു പോയ കാലങ്ങളിൽ നിന്ന്,
വാസനകൾ വീശിയിരുന്ന വീടുകളിൽ നിന്ന്,
എരിഞ്ഞടങ്ങിയ സന്ധ്യകളിൽ നിന്ന്.

അവർ കാണുന്നുണ്ട്, കാണുന്നുമില്ല കടലിനെ,
ഊന്നുവടികൾ കൊണ്ടവർ പൂഴിയിൽ വരയ്ക്കുന്നു,
ആ ലിപികളൊക്കെയും കടൽ മായ്ച്ചുകളയുന്നു.

ആ വൃദ്ധകൾ പിന്നെയെഴുന്നേറ്റു പോകുന്നു,
പക്ഷിക്കാലുകളിലവർ വേയ്ച്ചുനടക്കുന്നു,
വമ്പൻതിരകളൊച്ചയെടുക്കുന്നു,
പൂഴിയിൽ നഗ്നരായുരുണ്ടുമറിയുന്നു.


The Old Women Of The Ocean

To the solemn sea the old women come
With their shawls knotted around their necks
With their fragile feet cracking.
They sit down alone on the shore
Without moving their eyes or their hands
Without changing the clouds or the silence.
The obscene sea breaks and claws
Rushes downhill trumpeting
Shakes its bull's beard.
The gentle old ladies seated
As if in a transparent boat
They look at the terrorist waves.
Where will they go and where have they been?
They come from every corner
They come from our own lives.
Now they have the ocean
The cold and burning emptiness
The solitude full of flames.
They come from all the pasts
From houses which were fragrant
From burnt-up evenings.
They look, or don't look, at the sea
With their walking sticks they draw signs in the sand
And the sea erases their calligraphy.
The old women get up and go away
With their fragile bird feet
While the waves flood in
Traveling naked in the wind.


link to image


Wednesday, March 28, 2012

നെരൂദ - മത്സ്യകന്യകയും കുടിയന്മാരും: ഒരു പുരാവൃത്തം

Vilhelm_Pedersen-Little_mermaid

പൂർണ്ണനഗ്നയായി അവൾ കടന്നുവന്നപ്പോൾ
ആ മാന്യദേഹങ്ങളൊക്കെ ഉള്ളിലുണ്ടായിരുന്നു.
അവർ  കുടിയ്ക്കുകയായിരുന്നു,
അവരവളുടെ മേൽ കാറിത്തുപ്പി.
പുഴയിൽ നിന്നപ്പോൾ കയറിവന്നവൾ,
അവൾക്കൊന്നും മനസ്സിലായില്ല.
വഴിതെറ്റിവന്ന മത്സ്യകന്യകയായിരുന്നു അവൾ.
അവളുടെ മിനുങ്ങുന്ന ഉടലിലൂടെ അധിക്ഷേപങ്ങളൊഴുകി.
അവളുടെ സുവർണ്ണമാറിടങ്ങൾ അസഭ്യങ്ങളിൽ മുങ്ങി.
കണ്ണീരപരിചിതയായവൾ, അവൾ കരഞ്ഞില്ല.
വസ്ത്രങ്ങളപരിചിതയായവൾ, അവൾ വസ്ത്രം ധരിച്ചിരുന്നില്ല.
സിഗരറ്റുകുറ്റികളും കരിഞ്ഞ കോർക്കുകളും കൊണ്ടവരവളെ കുത്തി.
ചിരി സഹിക്കാതവർ തറയിൽ കിടന്നുരുണ്ടു.
അവളൊന്നും മിണ്ടിയില്ല, വാക്കുകൾക്കവളപരിചിതയായിരുന്നു.
അവളുടെ കണ്ണുകൾക്കു നിറം വിദൂരപ്രണയത്തിന്റേതായിരുന്നു.
അവളുടെ ഇരുകൈകൾ പുഷ്യരാഗങ്ങളായിരുന്നു.
ഒരു പവിഴവെളിച്ചത്തിൽ അവളുടെ ചുണ്ടുകൾ നിശബ്ദമനങ്ങി.
പിന്നെയൊടുവിൽ അവൾ ആ വാതിൽ വഴി ഇറങ്ങിപ്പോയി.
പുഴയിലിറങ്ങിയതും അവൾ നിർമ്മലയായി,
മഴ കഴുകിയ വെള്ളാരങ്കല്ലു പോലെ അവൾ തിളങ്ങി.
തിരിഞ്ഞൊന്നു നോക്കാതെ അവൾ നീന്തിപ്പോയി,
ശൂന്യതയിലേക്കവൾ നീന്തിപ്പോയി, മരണത്തിലേക്കവൾ നീന്തിപ്പോയി.


 

Fable of the Mermaid and the Drunks

From: ‘Estravagario’

All those men were there inside,

when she came in totally naked.

They had been drinking: they began to spit.

Newly come from the river, she knew nothing.

She was a mermaid who had lost her way.

The insults flowed down her gleaming flesh.

Obscenities drowned her golden breasts.

Not knowing tears, she did not weep tears.

Not knowing clothes, she did not have clothes.

They blackened her with burnt corks and cigarette stubs,

and rolled around laughing on the tavern floor.

She did not speak because she had no speech.

Her eyes were the colour of distant love,

her twin arms were made of white topaz.

Her lips moved, silent, in a coral light,

and suddenly she went out by that door.

Entering the river she was cleaned,

shining like a white stone in the rain,

and without looking back she swam again

swam towards emptiness, swam towards death.

Translation by A. S. Kline


ബോദ്‌ലെയർ - ഭൂതം

521px-Lady-Lilith

പൈശാചനേത്രനായ മാലാഖയെപ്പോലെ
നിന്റെ കിടപ്പറയിൽ ഞാൻ വന്നുകേറും,
രാത്രിയുടെ നിഴലുകൾ ചുഴലുന്ന നേരം
അനക്കമില്ലാതെ ഞാൻ പതുങ്ങിയെത്തും.


ഇരുണ്ട സൗന്ദര്യമേ, നിനക്കു ഞാനർപ്പിക്കും
നിലാവു പോലെ തണുത്ത ചുംബനങ്ങൾ,
ശവമാടത്തിൽ ചുറയിട്ട പാമ്പിനെപ്പോലെ 

നിന്റെയുടലുടനീളം ഞാനിഴഞ്ഞുകേറും.

മുഖം വിളർത്തു പിന്നെ പ്രഭാതമെത്തുമ്പോൾ
ഞാൻ കിടന്നിടം ശൂന്യമായി നിനക്കു കാണും,
കല്പലക പോലവിടം തണുത്തുകിടക്കും.


അന്യരാർദ്രതയാൽ ഭരിക്കാന്‍ നോക്കട്ടെ,
നിന്റെ ജീവിതത്തെ, നിന്റെ യൗവനത്തെ;
എനിക്കു മോഹം, ഭയം കൊണ്ടു നിന്നെ ഭരിക്കാന്‍.

(പാപത്തിന്റെ പൂക്കൾ - 66)


Le Revenant
Comme les anges à l'oeil fauve,
Je reviendrai dans ton alcôve
Et vers toi glisserai sans bruit
Avec les ombres de la nuit;
Et je te donnerai, ma brune,
Des baisers froids comme la lune
Et des caresses de serpent
Autour d'une fosse rampant.
Quand viendra le matin livide,
Tu trouveras ma place vide,
Où jusqu'au soir il fera froid.
Comme d'autres par la tendresse,
Sur ta vie et sur ta jeunesse,
Moi, je veux régner par l'effroi.
Charles Baudelaire
The Ghost
Like angels with wild beast's eyes
I shall return to your bedroom
And silently glide toward you
With the shadows of the night;
And, dark beauty, I shall give you
Kisses cold as the moon
And the caresses of a snake
That crawls around a grave.
When the livid morning comes,
You'll find my place empty,
And it will be cold there till night.
I wish to hold sway over
Your life and youth by fear,
As others do by tenderness.
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
The Ghost
Like angels fierce and tawny-eyed,
Back to your chamber I will glide,
And noiselessly into your sight
Steal with the shadows of the night.
And I will bring you, brown delight,
Kisses as cold as lunar night
And the caresses of a snake
Revolving in a grave. At break
Of morning in its livid hue,
You'd find I had bequeathed to you
An empty place as cold as stone.
Others by tenderness and ruth
Would reign over your life and youth,
But I would rule by fear alone.
— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)
The Revenant
Like angels with bright savage eyes
I will come treading phantom-wise
Hither where thou art wont to sleep,
Amid the shadows hollow and deep.
And I will give thee, my dark one,
Kisses as icy as the moon,
Caresses as of snakes that crawl
In circles round a cistern's wall.
When morning shows its livid face
There will be no-one in my place,
And a strange cold will settle here
Others, not knowing what thou art,
May think to reign upon thy heart
With tenderness; I trust to fear.
— George Dillon, Flowers of Evil (NY: Harper and Brothers, 1936)
The Ghost
Like angels that have monster eyes,
Over your bedside I shall rise,
Gliding towards you silently
Across night's black immensity.
O darksome beauty, you shall swoon
At kisses colder than the moon
And fondlings like a snake's who coils
Sinuous round the grave he soils.
When livid morning breaks apace,
You shall find but an empty place,
Cold until night, and bleak, and drear:
As others do by tenderness,
So would I rule your youthfulness
By harsh immensities of fear.
— Jacques LeClercq, Flowers of Evil (Mt Vernon, NY: Peter Pauper Press, 1958)


link to image


Tuesday, March 27, 2012

വാസ്കോ പോപ്പ - പന്നി


കിരാതമായ കത്തി
തൊണ്ടയ്ക്കു തൊട്ടപ്പോഴേ
ചുവന്ന തിരശ്ശീല
അതിന്റെ കളി വ്യക്തമാക്കിയുള്ളു
അപ്പോഴവൾ ഖേദിച്ചു
ചെളിയുടെ ആലിംഗനത്തിൽ നിന്ന്
താൻ കുതറിപ്പോന്നുവല്ലോ
ആ സായാഹ്നത്തിൽ
മഞ്ഞയടിച്ച കവാടത്തിനു നേർക്ക്
അത്രയുമാഹ്ളാദത്തോടെ
താനോടിച്ചെന്നുവല്ലോ.


 

ബോദ്‌ലെയർ - കാമുകരുടെ മദിര

File:Bird-3gen.svg

 

 

 


അകലങ്ങളിന്നെത്രയുജ്ജ്വലം!
കടിഞ്ഞാണും, കുതിമുള്ളും, കടിവാളവുമില്ലാതെ
മദിരയുടെ മുതുകേറിക്കുതികൊൾക നാം,
ദിവ്യവും വശ്യവുമായ ദേശങ്ങൾ തേടി!

ഇരുണ്ട ജ്വരസ്വപ്നങ്ങളുടെ പ്രഹരമേ-
റ്റിരുമാലാഖമാരെപ്പോലെ നാം ഗമിയ്ക്കും,
പുലരിയുടെ സ്ഫടികനീലത്തിലൂടെ
അതിവിദൂരമായൊരു മരീചിക തേടി!

ഒരു ചണ്ഡവാതത്തിന്റെ കാരുണ്യത്താൽ
അതിന്റെ ചിറകൊന്നിൽ നാമിരിക്കും,
സമാന്തരപ്രഹർഷങ്ങളിൽ നാം പിണയും,

ഒരിളവുമില്ലാ,തെവിടെയും തങ്ങാതെ
അരികിലരികിലിരുവരായ് നാം പറക്കും,
സ്വപ്നത്തിൽ ഞാൻ കണ്ട സ്വർഗ്ഗം തേടി!

(പാപത്തിന്റെ പൂക്കൾ-111)



The Wine of Lovers

Today space is magnificent!
Without bridle or bit or spurs
Let us ride away on wine
To a divine, fairy-like heaven!

Like two angels who are tortured
By a relentless delirium,
Let us follow the far mirage
Through the crystal blue of the morning!

Gently balanced upon the wings
Of the intelligent whirlwind,
In a similar ecstasy,

My sister, floating side by side,
We'll flee without ever stopping
To the paradise of my dreams!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

The Wine of Lovers

Oh, what a splendour fills all space!
Without bit, spur, or rein to race,
Let's gallop on the steeds of wine
To heavens magic and divine!

Now like two angels off the track,
Whom wild relentless fevers rack,
On through the morning's crystal blue
The swift mirages we'll pursue.

Now softly poised upon the wings
That a sagacious cyclone brings,
In parallel delirium twinned,

While side by side we surf the wind,
We'll never cease from such extremes,
To seek the Eden of our dreams!

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image

Monday, March 26, 2012

യെവ്തുഷെങ്കോ - ആരുമില്ല...

Yevtushenko


ആരുമില്ല, താല്പര്യമുണർത്താത്തതായി.
ഗ്രഹങ്ങളുടെ ചരിത്രം പോലെയാണവരുടെ ജാതകങ്ങൾ.
സവിശേഷമല്ലാത്തതായിട്ടൊന്നുമില്ലവരിൽ,
ഒരു ഗ്രഹം മറ്റൊന്നുപോലെയുമല്ല.

ലോകത്തെയൊളിച്ചാണൊരാൾ ജീവിക്കുന്നതെങ്കിൽ,
ഒളിച്ചിരുപ്പിനെയാണയാൾ കൂട്ടു പിടിക്കുന്നതെങ്കിൽ,
ആളുകൾക്കയാളിൽ താല്പര്യമാകും.
അയാളുടെ ഒളിച്ചിരുപ്പു കൊണ്ടുതന്നെ.

എല്ലാവർക്കുമുണ്ട്, നിഗൂഢമായൊരു സ്വകാര്യലോകം.
ആ ലോകത്തുണ്ട്, ഒരു സുന്ദരനിമിഷം,
ആ ലോകത്തുണ്ട്, ഒരു ദാരുണമുഹൂർത്തം,
അതൊക്കെയും പക്ഷേ, നമുക്കജ്ഞാതവും.

ഒരാൾ മരിക്കുമ്പോൾ ഒപ്പം മരിക്കുന്നു,
അയാളുടെ ആദ്യത്തെ ഹിമപാതം,
ആദ്യത്തെ ചുംബനം, ആദ്യത്തെ യുദ്ധം.
ഒക്കെയുമയാൾ ഒപ്പം കൊണ്ടുപോകുന്നു.

അതെ, പുസ്തകങ്ങളും പാലങ്ങളും ശേഷിക്കുന്നുണ്ട്,
വരച്ച കാൻവാസുകളും, യന്ത്രങ്ങളും ശേഷിക്കുന്നുണ്ട്.
അതെ, ശേഷിക്കാൻ വിധിക്കപ്പെട്ടവ എത്രയോ,
അപ്പോഴുമെന്തോ ശരിക്കും വിട്ടുപോകുന്നുമുണ്ട്.

ഇപ്രകാരമത്രേ, ഈ കരുണയറ്റ കളിയുടെ നിയമം.
ആളുകളല്ല, ലോകങ്ങളത്രേ മരിക്കുന്നു.
ആളുകളെ നാമോർക്കുന്നു, പാപികളെന്നും, ശുദ്ധരെന്നും;
അവരുടെ തനിപ്പൊരുൾ നാമെന്തറിയുന്നു?

നമ്മുടെ സഹോദരങ്ങളെ, സ്നേഹിതരെപ്പറ്റി നാമെന്തറിയുന്നു,
നമുക്കാകെയുള്ളൊരാളെപ്പറ്റി നാമെന്തറിയുന്നു,
നമ്മുടെ പിതാക്കന്മാരെപ്പറ്റിയും?
എല്ലാമറിഞ്ഞിട്ടും, ഒന്നുമറിയുന്നില്ല നാം.

അവർ മരിച്ചുപോകുന്നു. മടങ്ങിവരികയുമില്ലവർ.
അവരുടെ രഹസ്യലോകങ്ങൾക്കു പുനർജ്ജന്മവുമില്ല.
ഓരോ തവണയുമെനിക്കു തോന്നിപ്പോവുന്നു,
ഈ വീണ്ടെടുപ്പില്ലായ്മയ്ക്കെതിരെയൊന്നു വിളിച്ചുകൂവാൻ.


 

ബോദ്‌ലെയർ - പശ്ചാത്താപം, മരണശേഷം

Jan Frans de Boever (Belgian, 1872–1949)

കറുത്ത വെണ്ണക്കല്ലിൽ പടുത്ത കുഴിമാടത്തിനടിയിൽ,
ഇരുണ്ട സൗന്ദര്യമേ, നീയുറങ്ങിക്കിടക്കുമ്പോൾ,
നനഞ്ഞൊലിയ്ക്കുന്നൊരു മരപ്പെട്ടകം നിന്റെ കിടപ്പറയും,
ഒരു മൺകിടങ്ങിന്നകം നിന്റെ മാളികയുമാവുമ്പോൾ,

വിരണ്ട നിന്റെ മാറിടങ്ങളും, വഴങ്ങുന്ന തുടകളും
ഒരു കല്പലകയ്ക്കടിയിലമർന്നു ഞെരിയുമ്പോൾ,
കൊതിയ്ക്കാതെ, തുടിയ്ക്കാതെ, ഹൃദയത്തെയതു വിലക്കുമ്പോൾ,
സാഹസസഞ്ചാരങ്ങളിൽ നിന്നു ചുവടുകളെയതു തടുക്കുമ്പോൾ,

എന്റെയുള്ളിൽ മരിയ്ക്കാത്ത സ്വപ്നങ്ങളറിയുന്ന കുഴിമാടം,
(കുഴിമാടമല്ലാതാരുള്ളൂ, കവിയ്ക്കു രഹസ്യങ്ങൾ പങ്കുവയ്ക്കാൻ?)
നിദ്രാരഹിതമായ ദീർഘരാത്രികളിലതു നിന്നോടു പറയും,

“മരിച്ചവർ കരയുന്നതെന്തിനെന്നിനിയും പഠിച്ചില്ലേ,
അപൂർണ്ണതകൾക്കാകരമായ ദുർന്നടപ്പുകാരീ!”
-നിന്റെ കവിളു കരളും, പശ്ചാത്താപം പോലൊരു പുഴുവും.

(പാപത്തിന്റെ പൂക്കൾ-35)


link to image


Posthumous Remorse

When you go to sleep, my gloomy beauty, below a black marble monument, when from alcove and manor you are reduced to damp vault and hollow grave;

     when the stone—pressing on your timorous chest and sides already lulled by a charmed indifference—halts your heart from beating, from willing, your feet from their bold adventuring,

     then the tomb, confidant to my infinite dream (since the tomb understands the poet always), through those long nights in which slumber is banished,

     will say to you: “What does it profit you, imperfect courtisan, not to have known what the dead weep for?” —And the worm will gnaw at your hide like remorse.

                                     trs. by Keith Waldrop


Sunday, March 25, 2012

ബ്രെഹ്ത് - ദുഷ്ടതയുടെ മുഖാവരണം

File:JapaneseMaskPOWM.jpg


എന്റെ വീട്ടുചുമരിൽ
ഒരു ജാപ്പനീസ് ശില്പം തൂക്കിയിട്ടിട്ടുണ്ട്:
ഒരു ദുഷ്ടപ്പിശാചിന്റെ മുഖാവരണം;
അതിന്റെ നെറ്റിയിലെ പിടഞ്ഞ ഞരമ്പുകൾ കാണുമ്പോൾ
എനിയ്ക്കു സഹതാപം തോന്നിപ്പോകുന്നു:
എത്ര യത്നിക്കേണ്ടിവരുന്നു,
ദുഷ്ടനാവാൻ!


 

ബോദ്‌ലെയർ - മേഘാവൃതവാനം

flowers-of-evil

മഞ്ഞിന്റെ മൂടുപടമണിഞ്ഞവയാണു നിന്റെ കണ്ണുകളെന്നു തോന്നും,
നിഗൂഢമായ കണ്ണുകൾ! (അവ നീലയോ, പച്ചയോ, ധൂസരമോ?)
ആർദ്രവും, ക്രൂരവും, നിദ്രാണവുമാണവ, മാറിമാറി,
അവയിൽ തെളിയുന്നതാകാശത്തിന്റെ വിളർച്ചയുമാലസ്യവും.

നീയോർമ്മിപ്പിക്കുന്നതു വെള്ളി പോൽ വെളുത്ത ശരൽക്കാലദിനങ്ങളെ,
ഹൃദയങ്ങളെ മായത്തിൽ വീഴ്ത്തി കണ്ണീരിലലിയിക്കുന്നവയെ,
അജ്ഞാതമായൊരു വേദനയാൽ പിടഞ്ഞുമുറുകിയ ഞരമ്പുകൾ
ഉറങ്ങുന്ന ഹൃദയത്തെ നോക്കി പരിഹസിക്കുന്നതുമപ്പോൾ.

ചിലനേരം നീയോർമ്മിപ്പിക്കുന്നതാ വിദൂരചക്രവാളങ്ങളെ,
മഞ്ഞു മൂടിയ ഋതുക്കളിൽ സൂര്യനാളിക്കത്തിയ്ക്കുന്നവയെ...
എത്രയുജ്ജ്വലയാണു നീ, മഴ കഴുകിയ താഴ്വാരമേ,
ഞൊറി വീണ വാനം പൊഴിയ്ക്കുന്ന കതിരുകളാലാളുന്നതേ!

അപായപ്പെടുത്തുന്ന സ്ത്രീയേ, ഋതുക്കൾ പോലെ മോഹിപ്പിക്കുന്നവളേ!
ഒരുമിച്ചാരാധിക്കട്ടെയോ ഞാൻ, നിന്റെ മഞ്ഞിനെ, കുളിരുന്ന നാളുകളെ?
നിന്റെ കഠിനഹേമന്തത്തിൽ നിന്നു ഞാൻ കവരട്ടെയോ,
മഞ്ഞിനേക്കാൾ, കത്തിയെക്കാൾ മൂർച്ചയേറിയൊരു ചുംബനം?

(പാപത്തിന്റെ പൂക്കൾ - 43)


Cloudy Sky

One would say that your gaze was veiled with mist;
Your mysterious eyes (are they blue, gray or green?)
Alternately tender, dreamy, cruel,
Reflect the indolence and pallor of the sky.
You call to mind those days, white, soft, and mild,
That make enchanted hearts burst into tears,
When, shaken by a mysterious, wracking pain,
The nerves, too wide-awake, jeer at the sleeping mind.
You resemble at times those gorgeous horizons
That the sun sets ablaze in the seasons of mist...
How resplendent you are, landscape drenched with rain,
Aflame with rays that fall from a cloudy sky!
O dangerous woman, O alluring climates!
Will I also adore your snow and your hoar-frost,
And can I draw from your implacable winter
Pleasures keener than iron or ice?


Saturday, March 24, 2012

ബ്രെഹ്ത് - ചക്രം മാറ്റുമ്പോൾ

BertoltBrecht460



എനിയ്ക്കു സ്മാരകശില വേണ്ട

എനിയ്ക്കു സ്മാരകശില വേണ്ട,
അല്ല, വേണമെന്നാണു നിങ്ങൾക്കെങ്കിൽ
അതിലെഴുതിവയ്ക്കുന്നതിങ്ങനെയാവട്ടെ:
ഈയാൾ നിർദ്ദേശങ്ങൾ വച്ചു,
ഞങ്ങൾ അവ നടപ്പിലാക്കി.
ഇങ്ങനെയൊരു ലിഖിതം
നമ്മെയേവരേയുമാദരിക്കും.



ചക്രം മാറ്റുമ്പോൾ

ഡ്രൈവർ വണ്ടിയുടെ ചക്രം മാറ്റുമ്പോൾ
ഞാൻ വഴിവക്കിലിരുന്നു.
എനിക്കിഷ്ടമുള്ളൊരിടം വിട്ടു പോവുകയല്ല ഞാൻ,
എനിക്കിഷ്ടമുള്ളൊരിടത്തേക്കു പോവുകയുമല്ല ഞാൻ.
എങ്കിൽപ്പിന്നെന്തിനണു ഞാൻ ക്ഷമകേടു കാണിയ്ക്കുന്നത്,
ഡ്രൈവർ വണ്ടിയുടെ ചക്രം മാറ്റുമ്പോൾ?



സ്നേഹിതന്മാർ

യുദ്ധം ഞങ്ങളെ വേർപിരിച്ചു,
നാടകമെഴുത്തുകാരനായ എന്നെയും,
രംഗസംവിധായകനായ എന്റെ സ്നേഹിതനെയും.
അയാൾ പണിയെടുത്തിരുന്ന നഗരങ്ങളിന്നില്ല,
ശേഷിക്കുന്ന നഗരങ്ങളിലൂടെ നടക്കുമ്പോൾ
ചിലനേരം ഞാൻ പറഞ്ഞുപോകുന്നു:
തോരയിട്ടിരിക്കുന്ന ആ നീലത്തുണി,
എന്റെ സ്നേഹിതനുണ്ടായിരുന്നെങ്കിൽ
ഇതിലും ഭംഗി തോന്നിക്കുന്ന വിധത്തിൽ
അയാളതു മാറ്റിയിട്ടേനേ.



ബോദ്‌ലെയർ - ഒരു ക്രിയോൾ സ്ത്രീയോട്

460b35240227937597861585351444941506f41

വെയിലു താലോലിക്കുന്ന, വാസനിയ്ക്കുന്നൊരു ദേശത്ത്,
കടുംചെമലമരങ്ങളുടെ ഇലച്ചാർത്തിനടിയിൽ,
പനമരങ്ങൾ കണ്ണുകളിലാലസ്യം പെയ്യുമവിടെ,
ഒരു ക്രിയോളുകാരിയുടെ നിഗൂഢചാരുത ഞാനറിഞ്ഞിരിക്കുന്നു.

ഊഷ്മളചർമ്മം വിളർത്തവൾ, കറുത്ത മന്ത്രവാദിനി,
അവൾ തല വെട്ടിയ്ക്കുമ്പോളതിലുണ്ടൊരു തറവാടിത്തം;
ആ ചടച്ച നട നടക്കുന്നതൊരു വേട്ടക്കാരി,
അവളുടേതമർന്ന മന്ദഹാസം, നില വിടാത്ത നോട്ടം.

സീൻ നദിക്കരയി,ലല്ലെങ്കിൽ ലോയിറേയുടെ പച്ചപ്പിൽ
മഹിമകളുടെ നാട്ടിലേക്കൊരുനാൾ ഭവതി ചെന്നുവെങ്കിൽ,
ആ പുരാതനഹർമ്മ്യങ്ങൾ മതിയ്ക്കും നിന്റെ ചന്തത്തെ.

വള്ളിക്കുടിലുകളുടെ നിഴലടഞ്ഞ നിഗൂഢതകൾക്കടിയിൽ
നീയങ്കുരിപ്പിക്കുമൊരായിരം ഗീതകങ്ങൾ കവിഹൃദയങ്ങളിൽ,
കാപ്പിരിപ്പെണ്ണുങ്ങളെക്കാൾ നിന്റെ കണ്ണുകൾക്കു മെരുങ്ങിയവരിൽ.

(പാപത്തിന്റെ പൂക്കൾ-54)



To A Creole Lady

In a perfumed land caressed by the sun

I found, beneath the trees’ crimson canopy,

palms from which languor pours on one’s

eyes, the veiled charms of a Creole lady.

Her hue pale, but warm, a dark-haired enchantress,

she shows in her neck’s poise the noblest of manners:

slender and tall, she strides by like a huntress,

tranquil her smile, her eyes full of assurance.

If you travelled, my Lady, to the land of true glory,

the banks of the Seine, or green Loire, a Beauty

worthy of gracing the manors of olden days,

you’d inspire, among arbours’ shadowy secrets,

a thousand sonnets in the hearts of the poets,

whom, more than your blacks, your vast eyes would enslave.

(A. S. Kline)



Friday, March 23, 2012

നെരൂദ - മഴ പെയ്യുന്നു

440px-Hiller_Karol,_Deszcz,_1934

മഴ പെയ്യുന്നു
പൂഴിയ്ക്കു മേൽ,
മേൽക്കൂരയ്ക്കു മേൽ
മഴയുടെ പ്രമേയം:
എന്റെ നാളുകൾക്കുപ്പായ
ചിരന്തനപ്രണയത്തിന്റെ
താളുകൾക്കു മേൽ
മഴയുടെ വിളംബതാളം:
മഴ, നീ,
നീ നിന്റെ പഴയ കൂട്ടിലേക്കു
മടങ്ങിപ്പൊയ്ക്കോളൂ,
സൂചികളുമായി നീ നിന്റെ
ഭൂതകാലത്തിലേക്കു പൊയ്ക്കോളൂ:
ഇന്നെനിയ്ക്കു കൊതി,
വെണ്മയിൽ വെണ്മയായൊരിടം,
പച്ചപ്പനിനീർപ്പൊന്തയുടെ ഒരു ചില്ലയ്ക്കും,
ഒരു പൊൻപനിനീർപ്പൂവിനുമായി
ഒരു ഹേമന്തത്തിന്റെ വെണ്മ:
അനന്തവസന്തം കാത്തിരിക്കുകയായിരുന്നു,
മേഘങ്ങളൊഴിഞ്ഞ മാനത്തിനു ചോടെ
വെണ്മ കാത്തിരിക്കുകയായിരുന്നു:
അപ്പോഴല്ലേ, മഴ മടങ്ങിയെത്തുന്നു,
എന്റെ ജനാലയിൽ
കദനത്തിന്റെ താളം കൊട്ടാൻ,
എന്റെ നെഞ്ചിനും
എന്റെ മേൽക്കൂരയ്ക്കും മേൽ
രോഷത്തിന്റെ താണ്ഡവമാടാൻ,
തന്റെയിടം പിടിച്ചുവാങ്ങാൻ:
അതെന്നോടൊരു പാത്രം ചോദിക്കുന്നു,
സൂചികളും,
മറുപുറം കാണുന്ന കാലവും,
കണ്ണീരുമിട്ടു നിറയ്ക്കാൻ.


link to image


നെരൂദ - ഞാൻ മടങ്ങിയെത്തും

Neruda-IslaNegraChile


ഇനിയൊരു കാലം,
സ്ത്രീയോ, പുരുഷനോ ആയ യാത്രികാ,
ഇനിയൊരിക്കൽ,
എനിയ്ക്കു ജീവനില്ലാത്തൊരു കാലം,
ഇവിടെ വന്നു നോക്കൂ,
ഞാനിവിടെയുണ്ടോയെന്നു നോക്കൂ,
കല്ലിനും കടലിനുമിടയിൽ,
നുരയിലൂടിരച്ചുപായുന്ന
വെളിച്ചത്തിൽ.
ഇവിടെ നോക്കൂ,
ഇവിടെ വന്നെന്നെ നോക്കൂ,
ഞാൻ മടങ്ങുന്നതിവിടെയ്ക്ക്,
ഒരു വസ്തുവുമുരിയാടാതെ,
ശബ്ദമില്ലാതെ,
ചുണ്ടുകളില്ലാതെ,
നിർമ്മലനായി,
ഇവിടെയ്ക്കു ഞാൻ മടങ്ങും,
ഈ സമുദ്രമഥനമാവാൻ,
അതിന്റെ അഖണ്ഡഹൃദയമാവാൻ,
ഇവിടെ, ഇവിടെ ഞാൻ വെളിച്ചപ്പെടും,
ഇവിടെ ഞാൻ മാഞ്ഞുപോകും;
ഇവിടെ ഞാനൊരുവേള,
ശിലയുമതിന്റെ മൗനവുമാകും.



link to image


Thursday, March 22, 2012

നെരൂദ - എന്നോടു ചോദിക്കരുത്

neruda380

ചിലരെന്നോടു പറയുന്നു,
പേരുകൾ, ഇരട്ടപ്പേരുകൾ, വിലാപങ്ങൾ
ഇവ ചേർന്ന മനുഷ്യവ്യാപാരങ്ങൾ
എന്റെ പുസ്തകത്താളുകളിലുണ്ടാവരുതെന്ന്,
എന്റെ വരികളിലവയ്ക്കിടം കൊടുക്കരുതെന്ന്:
അവർ പറയുന്നു, അവിടെ കവിത മരിക്കുകയാണെന്ന്,
ചിലർ പറയുന്നു, ഞാനതു ചെയ്യരുതെന്ന്:
അവരെ പ്രീതിപ്പെടുത്താൻ ഞാനില്ല എന്നതാണു സത്യം.
ഞാനവരോടു കുശലം പറയുന്നു,
തല വണങ്ങി ആദരിക്കുന്നു,
വെണ്ണക്കട്ടിയിൽ എലികളെപ്പോലെ സന്തുഷ്ടരായി
അവർ പർണ്ണാസ്സസിലേക്കു പോകുന്നതിൽ ഞാനെതിരു പറയുന്നുമില്ല.
മറ്റൊരു ഗണത്തിൽ പെട്ടവനാണു ഞാൻ.
ചോരയും നീരുമുള്ള വെറും മനുഷ്യൻ.
അതുകാരണം, എന്റെ സഹോദരനെ അവർ തല്ലിയാൽ
കൈയിൽ കിട്ടിയതെടുത്തു ഞാൻ ചെറുക്കും;
എന്റെ ഓരോ വരിയിലുമുണ്ട്,
മനുഷ്യത്വമില്ലാത്തവർക്കു മേൽ,
ക്രൂരന്മാർക്കും അഹങ്കാരികൾക്കും മേൽ
വെടിമരുന്നിന്റെയോ ഉരുക്കിന്റെയോ ഭീഷണി.
എന്റെ രുഷ്ടസമാധാനത്തിന്റെ ശിക്ഷ പക്ഷേ,
പാവങ്ങളെ, നല്ലവരെ വേട്ടയാടില്ല:
കൈയിലൊരു വിളക്കുമായി വീണവരെ തേടി ഞാൻ നടക്കുന്നു:
ഞാനവരെ സാന്ത്വനിപ്പിക്കുന്നു,
ഞാനവരുടെ മുറിവുകൾ വച്ചുകെട്ടുന്നു:
കവിയുടെ നിത്യകർമ്മങ്ങളാണിവ,
വിമാനം പറത്തുന്നവന്റെയും, കല്ലു വെട്ടുന്നവന്റെയും.
ഈ ഭൂമിയിൽ എന്തെങ്കിലും നാം ചെയ്തിരിക്കണം,
ഈ ഗ്രഹത്തിലാണു നാം പിറന്നതെന്നതിനാൽ;
മനുഷ്യസമൂഹത്തെ നാം ചിട്ടപ്പെടുത്തണം,
കിളികളോ, നായ്ക്കളോ അല്ല നാമെന്നതിനാൽ.
ഞാൻ വെറുക്കുന്നവരെ ഞാൻ ആക്രമിക്കുമ്പോൾ,
ഞാൻ സ്നേഹിക്കുന്നവർക്കു ഞാൻ പാടിക്കൊടുക്കുമ്പോൾ,
എന്റെ വിശ്വാസപ്രമാണങ്ങളെ വെടിയാനാണു
കവിതയ്ക്കു തോന്നുന്നതെങ്കിൽ,
എന്റെ നിയമത്തെ അക്ഷരാർത്ഥത്തിൽ ഞാനനുസരിക്കും,
നക്ഷത്രങ്ങളും ആയുധങ്ങളും ശേഖരിച്ചും കൊണ്ട്;
അമേരിക്കയോടുള്ള എന്റെ ചഞ്ചലിക്കാത്ത കടമയിൽ
ഒരു പനിനീർപ്പൂ കൂടിയിട്ടും കാര്യമൊന്നുമില്ല.
സൗന്ദര്യവുമായി പ്രണയം കൊണ്ടൊരുടമ്പടി എനിക്കു പാലിക്കാനുണ്ട്:
എന്റെ ജനതയുമായി ചോര കൊണ്ടൊരുടമ്പടി എനിക്കു പാലിക്കാനുണ്ട്.


 

ഫ്രാൻസിസ് ബേക്കൺ പറഞ്ഞത്

File:Francis Bacon 2.jpg

1. തനിയ്ക്കു കിട്ടുന്നതിലുമധികം അവസരങ്ങൾ താനായിട്ടുണ്ടാക്കും, ബുദ്ധിമാനായ ഒരാൾ.

2. പഴയതായാൽ നന്നാവുന്ന നാലുണ്ട്: പഴയ മരം എരിക്കാൻ കൊള്ളാം, പഴയ വീഞ്ഞു കുടിയ്ക്കാൻ കൊള്ളാം, പഴയ സുഹൃത്തുക്കളെ വിശ്വസിക്കാൻ കൊള്ളാം, പഴയ എഴുത്തുകാരെ വായിക്കാൻ കൊള്ളാം.

3. അംഗഭംഗം വന്ന  ചരിത്രമാണ്‌, പുരാതനവസ്തുക്കൾ; അഥവാ, കാലത്തിന്റെ കപ്പൽച്ചേതത്തിൽ നിന്ന് യാദൃച്ഛികമായി രക്ഷപ്പെട്ട ചരിത്രത്തിന്റെ ശേഷിപ്പുകൾ.

4. അനന്തം ഇന്ദ്രിയങ്ങൾക്കനുഭൂതമാവുമ്പോൾ നാമതിനെ സൗന്ദര്യം എന്നു പറയുന്നു.

5. പക്ഷേ മനുഷ്യനറിയണം, മനുഷ്യജീവിതമെന്ന രംഗവേദിയിൽ കാഴ്ചക്കാരാവാനുള്ള അവകാശം ദൈവത്തിനും മാലാഖമാർക്കും മാത്രമേയുള്ളുവെന്ന്.

6. ഒരു കാര്യം തീർച്ചയാണ്‌: -ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടികൾ, മനുഷ്യർക്കേറ്റവും ഉപകാരപ്രദമായ സൃഷ്ടികൾ നടത്തിയിരിക്കുന്നത് അവിവാഹിതരായ, അല്ലെങ്കിൽ കുട്ടികളില്ലാത്തവർ തന്നെ.

7. കുട്ടികളുണ്ടായാൽ ജീവിതായാസത്തിനു മധുരം കൂടുമെന്നതു ശരി; ദൗർഭാഗ്യങ്ങളുടെ കയ്പ്പു കൂട്ടാനും അവർ മതി എന്നതു മറക്കരുത്.

8. നിങ്ങൾക്കേറ്റവും ഉപകരിക്കുന്ന ജിവിതരീതി തിരഞ്ഞെടുക്കുക; ശീലം അതിനെ പിന്നെ നിങ്ങൾക്കു ഹിതകരവുമാക്കിക്കോളും.

9. പ്രശസ്തി പുഴയെപ്പോലെയാണ്‌: ഭാരം കുറഞ്ഞവയും ചീർത്തവയും അതിൽ പൊന്തിയൊഴുകും; ഭാരവും ഈടുമുള്ളവ അതിൽ മുങ്ങിക്കിടക്കും.

10. ഒരാളെ ഞെട്ടിക്കാനും, തുറന്നു കാട്ടാനും അപ്രതീക്ഷിതവും ധീരവുമായൊരു ചോദ്യം മതി.

11. എന്റെ പേരും എന്റെ ഓർമ്മയും അന്യരുടെ അനുഭാവപൂർണ്ണമായ സംസാരത്തിനു ഞാൻ വിട്ടുകൊടുക്കുന്നു; അന്യദേശങ്ങൾക്കും വരാനുള്ള കാലത്തിനും.

12. ഭാഗ്യം ഒരു ചന്ത പോലെയാണ്‌; അല്പം ക്ഷമിക്കാൻ തയാറാണെങ്കിൽ പലപ്പോഴും വില കുറഞ്ഞുകിട്ടും.

13. സമയം മോഷ്ടിക്കുന്നവരാണു സുഹൃത്തുക്കൾ.

14. സൌഹൃദസന്ദർശനങ്ങൾ സൌഹൃദമുറപ്പിയ്ക്കും; സന്ദർശനങ്ങൾ അപൂർവമായിരിക്കുമെങ്കിൽ.

15. മരണത്തെയല്ല, മരണമുഹൂർത്തത്തെയാണ്‌ മനുഷ്യൻ ഭയക്കുന്നതെന്നാണ്‌ എന്റെ വിശ്വാസം.

16. ഞാനൊരിക്കലും വൃദ്ധനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം, വൃദ്ധനാവുക എന്നു പറഞ്ഞാൽ എന്നെക്കാൾ 15 വയസ്സു കൂടുതലാവുക എന്നാണർത്ഥം.

17. നാം നീതി പുലർത്തുന്നില്ലെങ്കിൽ നീതി നമ്മെ പുലർത്തുകയുമില്ല.

18. പക വീട്ടുമ്പോൾ ഒരാൾ അയാളുടെ ശത്രുവിനൊപ്പമെത്തുന്നതേയുള്ളു; അതിനെ മറി കടക്കാൻ കഴിഞ്ഞാൽ അയാൾ മറ്റേയാളെക്കാൾ ഉന്നതനായി.

19. ജനനം പോലെ തന്നെ സ്വാഭാവികമാണു മരണവും; ഒരു കൈക്കുഞ്ഞിനൊരുപക്ഷേ ഒന്നുപോലെ വേദനാജനകമാവാം മറ്റേതും.

20. ജീവിതം, വേദന തിന്നാൻ ഒരു യുഗം, ആനന്ദിക്കാൻ ഒരു നിമിഷം.

21. മനുഷ്യർ മരണത്തെ ഭയക്കുന്നത് കുട്ടികൾ ഇരുട്ടിനെ ഭയക്കുന്ന പോലെയാണ്‌; കെട്ടുകഥകൾ കുട്ടികളുടെ ഭയത്തെ വളർത്തുന്ന പോലെയാണു മറ്റേതും.

22. പണം വളം പോലെയാണ്‌; വിതറിയാലേ ഫലമുള്ളു.

23. പ്രകൃതിയെ വശത്താക്കണമെങ്കിൽ നാമതിനു വശപ്പെടുകയും വേണം.

24. ആളുകളുടെ ചിന്ത പൊതുവേ അവരുടെ മനോഭാവത്തിനനുസരിച്ചായിരിക്കും; സംസാരം ആർജ്ജിതജ്ഞാനത്തിനനുസരിച്ചായിരിക്കും; പ്രവൃത്തി പക്ഷേ നാട്ടുനടപ്പനുസരിച്ചും.

25. വായിക്കുക, നിഷേധിക്കാനും ഖണ്ഡിക്കാനുമല്ല, വിശ്വസിക്കാനും പാടേ വിഴുങ്ങാനുമല്ല...വിവേചിച്ചറിയാനും  ആലോചിക്കാനും.

26. ചില പുസ്തകങ്ങൾ രുചി നോക്കിയാൽ മതി, മറ്റു ചിലത് വിഴുങ്ങിയാലേ പറ്റൂ; വേറേ ചിലതുണ്ട്, ചവച്ചരച്ചു ദഹിപ്പിക്കേണ്ടവ.

27. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക  എന്നതിനോടു ബന്ധപ്പെട്ടതാണ്‌, തന്റെ അയൽക്കാരനെപ്പോലെ തന്നെയും വെറുക്കുക എന്നത്.

28. രക്ഷിതാക്കളുടെ സന്തോഷങ്ങൾ ആരും കാണുന്നില്ല; അതുപോലെ തന്നെയാണ്‌ അവരുടെ വേദനകളും ഭീതികളും.

29. പകയെക്കുറിച്ചുതന്നെ ചിന്തിച്ചിരിക്കുന്നവന്റെ മുറിവുകൾ ഉണങ്ങുകയുമില്ല.

30. ഏകാന്തതയിൽ അത്ര രമിക്കുന്നവൻ ഒന്നുകിൽ ഒരു കാട്ടുമൃഗമായിരിക്കും, അല്ലെങ്കിൽ ഒരു ദേവൻ.

31. ഒരാൾ സ്വന്തം  ദുരിതങ്ങൾ ചിരിച്ചുതള്ളിയാൽ അയാൾക്കു നഷ്ടപ്പെടുന്ന സ്നേഹിതന്മാർ അനേകമായിരിക്കും; തങ്ങളുടേതായ ഒരവകാശം നഷ്ടപ്പെടുത്തിയതിന്‌ അവരെങ്ങനെ  മാപ്പു കൊടുക്കാന്‍!


(ഫ്രാൻസിസ് ബേക്കൺ 1561-1626. ഇംഗ്ളീഷ് ചിന്തകനും, രാഷ്ട്രതന്ത്രജ്ഞനും, ശാസ്ത്രജ്ഞനും, എഴുത്തുകാരനും, നിയമപണ്ഡിതനും, ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവും. )

Link to Francis Bacon

Wednesday, March 21, 2012

ഇർവിംഗ് ലെയ്ട്ടൺ - സ്മാരകം


ഞാൻ ഇപ്പോൾ മരിച്ചുപോയാൽ
നീയെന്തു ചെയ്യും?

നിന്നെക്കുറിച്ചൊരു കവിതയെഴുതും.

നീ എന്നെയോർത്തു ദുഃഖിക്കുമോ?

തീർച്ചയായും, ഞാൻ നെടുവീർപ്പിട്ടു.

ഒരുപാടു കാലം?

അതൊന്നിനെ ആശ്രയിച്ചിരിക്കും.

ഏതിനെ?

ആ കവിതയുടെ മേന്മയെ, ഞാൻ പറഞ്ഞു.


wiki link to Irving Layton

ബോദ്‌ലെയർ - സംവാദം


ഒരു ശരൽക്കാലാകാശത്തിന്റെ തെളിമയുമരുണിമയും നീ!
എന്നിട്ടുമൊരു കടൽപ്പെരുക്കം പോലെ വിഷാദമെന്നിലുയരുന്നു;
വേലിയിറങ്ങുമ്പോളെന്റെ ചുണ്ടുകളിലതു വിട്ടുപോകുന്നു,
ചെളി കുഴഞ്ഞ ഓർമ്മകളുടെ പൊള്ളുന്ന ലവണരുചി.

എന്റെ  മാറിടത്തിന്റെ മൂർച്ഛയിൽ നിന്റെ വിരലുകളലയുന്നതു വെറുതേ-
അവ തേടുന്നതെന്റെ പ്രിയേ, കൊള്ളയടിച്ചൊരു കൊട്ടാരം,
സ്ത്രീകളുടെ ദംഷ്ട്രകളും നഖങ്ങളും കവർന്നൊരിടം.
എന്റെ ഹൃദയത്തെത്തേടേണ്ട: മൃഗങ്ങളതു തിന്നുകഴിഞ്ഞു.

ചന്തക്കൂട്ടം കൈയേറിയ കൊട്ടാരമാണെന്റെ ഹൃദയം;
അവർ കുടിച്ചുമറിയുന്നു, തമ്മിൽത്തല്ലുന്നു, കൊല്ലുന്നു!
നിന്റെ നഗ്നമായ മാറിടത്തിലൊഴുകുന്നതേതു പരിമളം?

ആത്മാക്കളുടെ കൊരടാവേ, സുന്ദരീ, നിന്റെ ഹിതം നടക്കട്ടെ!
പെരുന്നാളുകൾ പോലാളുന്ന നിന്റെ കണ്ണുകളിലെ ജ്വാലയാൽ
മൃഗങ്ങൾ ബാക്കി വച്ച ഈ മാംസപിണ്ഡത്തെ നീയെരിക്കൂ!


(പാപത്തിന്റെ പൂക്കൾ-47)


Conversation

You are a pink and lovely autumn sky!
But sadness in me rises like the sea,
And leaves in ebbing only bitter clay
On my sad lip, the smart of memory.
Your hand slides up my fainting breast at will;
But, love, it only finds a ravaged pit
Pillaged by woman's savage tooth and nail.
My heart is lost; the beasts have eaten it.
It is a palace sullied by the rout;
They drink, they pull each others hair, they kill!
A perfume swims around your naked throat! ...
O Beauty, scourge of souls, you want it still!
You with hot eyes that flash in fiery feasts,
Burn up these meagre scraps spared by the beasts!


link to image


Tuesday, March 20, 2012

ചെസ് വാ മിവോഷ് - മറക്കുക

512px-Bilinska-Bohdanowiczowa.StarzecZKsiazk

മറക്കുക,
നിങ്ങളന്യർക്കു വരുത്തിയ ദുരിതങ്ങൾ,
മറക്കുക,
അന്യർ നിങ്ങൾക്കു വരുത്തിയ ദുരിതങ്ങൾ.
പുഴകളൊഴുകിയൊഴിപ്പോകുന്നു,
വസന്തങ്ങൾ തിളങ്ങിമായുന്നു.
മറവിയിൽപ്പെട്ടുവരുന്ന മണ്ണു ചവിട്ടി
നിങ്ങൾ നടക്കുന്നു.

ചിലനേരം നിങ്ങളുടെ കാതിൽപ്പെടുന്നുണ്ട്,
വിദൂരമായൊരു പല്ലവി.
എന്താണതിന്റെ പൊരുൾ, നിങ്ങൾ ചോദിക്കുന്നു,
ആരാണപ്പാടുന്നത്?
ഒരു ബാലസൂര്യൻ ചൂടു പിടിച്ചുവരുന്നു,
ഒരു പേരക്കുട്ടിയും അവനൊരു കുട്ടിയും പിറക്കുന്നു.
വീണ്ടും കൈ പിടിച്ചുനടത്തേണ്ടവനാവുന്നു നിങ്ങൾ.

പുഴകളുടെ പേരുകൾ നിങ്ങൾ മറന്നിട്ടില്ല.
എത്ര ദീർഘമാണവയെന്നു നിങ്ങൾക്കു തോന്നുന്നു!
നിങ്ങളുടെ പാടങ്ങൾ തരിശ്ശു കിടക്കുന്നു.
പണ്ടു കണ്ടവയല്ല, നഗരത്തിന്റെ മേടകൾ.
കവാടത്തിനു മുന്നിൽ നിങ്ങൾ നിൽക്കുന്നു,
മൂകനായി.


link to image


നിക്കാനോർ പാർറ - പറഞ്ഞതൊക്കെയും ഞാൻ തിരിച്ചെടുക്കുന്നു

nicanor-parra

മരിക്കുന്നതിനു മുമ്പ്
ഒരന്ത്യാഭിലാഷം സാധിക്കാമെന്നുണ്ടല്ലോ:
ഉദാരമതിയായ വായനക്കാരാ
ഈ പുസ്തകം കത്തിച്ചുകളയൂ
ഞാൻ പറയാൻ വന്നതിതൊന്നുമായിരുന്നില്ല
ചോര കൊണ്ടാണിതെഴുതിയിരിക്കുന്നതെന്നു വന്നാൽക്കൂടി
ഞാൻ പറയാൻ വന്നതിതായിരുന്നില്ല.

എന്റേതു പോലൊരു ദുർവിധി ആർക്കുമുണ്ടാവില്ല
സ്വന്തം നിഴൽ തന്നെ എന്നെ തോല്പിച്ചുകളഞ്ഞു:
എന്നോടു പക വീട്ടുകയാണു വാക്കുകൾ.

നിങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള ഒരു ചേഷ്ടയോടെയല്ല,
വിഷാദത്തോടെയുള്ള ഒരു കൃത്രിമച്ചിരിയോടെയാണു
ഞാൻ വിട്ടുപോകുന്നതെങ്കിൽ,
മാപ്പു തരൂ, വായനക്കാരാ, നല്ലവനായ വായനക്കാരാ.

അത്രേയുള്ളു ഞാനെന്നാവാം
എന്നാൽക്കൂടി എന്റെ അവസാനവാക്കുകൾക്കൊന്നു കാതോർക്കൂ:
പറഞ്ഞതൊക്കെയും ഞാൻ തിരിച്ചെടുക്കുന്നു.
ലോകത്തൊരാൾക്കുമില്ലാത്ത മനസ്താപത്തോടെ
പറഞ്ഞതൊക്കെയും ഞാൻ തിരിച്ചെടുക്കുന്നു.


I Take Back Everything I’ve Said

Before I go
I’m supposed to get a last wish:
Generous reader
burn this book
It’s not at all what I wanted to say
Though it was written in blood
It’s not what I wanted to say.
No lot could be sadder than mine
I was defeated by my own shadow:
My words took vengeance on me.
Forgive me, reader, good reader
If I cannot leave you
With a warm embrace, I leave you
With a forced and sad smile.
Maybe that’s all I am
But listen to my last word:
I take back everything I’ve said.
With the greatest bitterness in the world
I take back everything I’ve said.
— translated by Miller Williams


ബോദ്‌ലെയർ - യക്ഷി

File:Fleurs-du-mal ame du vin schlussvignette.jpg

കൂർത്ത കഠാര കുത്തിയിറക്കുന്ന പോ-
ലെന്റെ ഹൃദയത്തിലേക്കു വന്നവളേ:
കൂത്തടിയ്ക്കുന്ന പിശാചക്കൂട്ടം പോ-
ലെന്റെ ജീവിതം തകർത്തു കയറിയവളേ:

ദുഃഖതപ്തമായ എന്റെയാത്മാവിനെ
തന്റെ കിടപ്പറയും സ്വരാജ്യവുമാക്കിയവളേ:
കുലടേ! നിന്നോടെന്നെത്തളച്ചവളേ,
കുറ്റവാളിയെ തുടലിനോടെന്നപോലെ,

ചൂതാടിയെ പകിടയോടെന്നപോലെ,
കുടിയനെ കുപ്പിയോടെന്നപോലെ,
ശവങ്ങളെ പുഴുക്കളോടെന്നപോലെ-
ദഹിക്കട്ടെ നീ, കെടാത്ത നരകത്തിൽ!

വാളിന്റെ മൂർച്ചയോടു ഞാനിരന്നു,
ഒന്നു വീശിയെന്നെ മോചിപ്പിക്കാൻ,
കുടിലമായ വിഷച്ചെപ്പിനെ ഞാൻ ക്ഷണിച്ചു,
എന്റെ ഭീരുത്വത്തെ പുറത്തു കടത്താൻ.

വാളും വിഷവും, കഷ്ടം, മുഖം തിരിച്ചു,
കളിയാക്കിച്ചിരിച്ചും കൊണ്ടവർ പറഞ്ഞു:
“ഞങ്ങളുടെ സഹായത്തിനർഹനല്ല നീ,
സ്വതന്ത്രനാവാനർഹനല്ല നീ.

അവളുടെ മായത്തിൽ നിന്നു മുക്തനാവാൻ
ഒരുവേള നിന്നെ ഞങ്ങൾ തുണച്ചാൽത്തന്നെ
ചുംബനങ്ങൾ കൊണ്ടു വീണ്ടും ജീവൻ കൊടുക്കും,
ആ  യക്ഷിയുടെ  ശവത്തിനു നീ, കഴുതേ!”



(പാപത്തിന്റെ പൂക്കൾ-32)

link to image


The Vampire

Thou who abruptly as a knife
Didst come into my heart; thou who,
A demon horde into my life,
Didst enter, wildly dancing, through

The doorways of my sense unlatched
To make my spirit thy domain —
Harlot to whom I am attached
As convicts to the ball and chain,

As gamblers to the wheel's bright spell,
As drunkards to their raging thirst,
As corpses to their worms — accurst
Be thou! Oh, be thou damned to hell!

I have entreated the swift sword
To strike, that I at once be freed;
The poisoned phial I have implored
To plot with me a ruthless deed.

Alas! the phial and the blade
Do cry aloud and laugh at me:
"Thou art not worthy of our aid;
Thou art not worthy to be free.

"Though one of us should be the tool
To save thee from thy wretched fate,
Thy kisses would resuscitate
The body of thy vampire, fool!"

— George Dillon, Flowers of Evil (NY: Harper and Brothers, 1936)


Monday, March 19, 2012

അന്തോണിയോ മച്ചാദോ - അന്യദിനങ്ങളുടെ...

Antonio Machado (2)

അന്യദിനങ്ങളുടെ...


അന്യദിനങ്ങളുടെ സ്പർശനമേറ്റ
ഈറൻ തൂവാലകൾ, നിറം മങ്ങിയ പട്ടുകൾ:
പൊടിയടിഞ്ഞ മുറികളുടെ കോണുകളിൽ
ഒതുക്കിവച്ച സങ്കീർത്തനപ്പുസ്തകങ്ങൾ;
മങ്ങിപ്പോയ ഛായാചിത്രങ്ങൾ,
മഞ്ഞനിറമായ കത്തുകൾ;
ഉണങ്ങിയ പൂക്കളുള്ളിലായി
വായിക്കാതെ മാറ്റിവച്ച പുരാതനഗ്രന്ഥങ്ങൾ:
മരിച്ചുപോയ കാല്പനികതകൾ,
പഴകിയ അരുചികൾ,
ആത്മാവിന്റെ സമ്പാദ്യങ്ങളായ
ഇന്നലെയുടെ വസ്തുക്കൾ,
മുത്തശ്ശിയെനിക്കു ചൊല്ലിത്തന്ന
പാട്ടുകളും കഥകളും...



സായാഹ്നത്തിന്റെ വിളറിയ കാൻവാസിൽ...

സായാഹ്നത്തിന്റെ വിളറിയ കാൻവാസിൽ
കൂർത്ത ഗോപുരങ്ങളും,
ഇരുട്ടത്തു മണികൾ സൗമ്യമായിപ്പിടയുന്ന
മണിമേടയുമായി,
ഉന്നതവും ഭവ്യവുമായൊരു പള്ളി.
സ്വർഗ്ഗീയനീലിമയിൽ തങ്ങിനിൽക്കുന്നു,
കണ്ണീർത്തുള്ളി പോലൊരു നക്ഷത്രം.
ദീപ്തതാരത്തിനു ചോടെ
വെള്ളിനിറത്തിലൊരു മായികമേഘമൊഴുകുന്നു,
നുള്ളിവിതറിയ തൂവലുകൾ പോലെ.



ബോദ്‌ലെയർ - സാന്ധ്യസംഗീതം

800px-Bierstadt_Albert_Sunset_in_the_Rockies

ആ മുഹൂർത്തമെത്തുന്നു; മെലിഞ്ഞ തണ്ടുകളിലുലഞ്ഞും കൊണ്ടു
പരിമളം പാറ്റുന്ന ധൂപപാത്രം  പൂവുകളോരോന്നും.
സൗമ്യസായാഹ്നവായുവിലലയുന്നു ശബ്ദവും സുഗന്ധവും,
ഒരു വിഷാദത്തിന്റെ നൃത്തഗാനം, തല ചുറ്റുന്ന സുഖാലസ്യം.

പരിമളം പാറ്റുന്ന ധൂപപാത്രം പൂവുകളോരോന്നും.
കദനം കൊണ്ട ഹൃദയം പോലെ വയലിന്റെ രോദനം,
ഒരു വിഷാദത്തിന്റെ നൃത്തഗാനം, തല ചുറ്റുന്ന സുഖാലസ്യം.
വിപുലമായൊരൾത്താര പോലെ സുന്ദരം ശോകമയമാകാശം.

കദനം കൊണ്ട ഹൃദയം പോലെ വയലിന്റെ രോദനം.
ശൂന്യതയുടെ തമോഗർത്തം താങ്ങാനാവാത്തൊരു ഹൃദയം.
വിപുലമായൊരൾത്താര പോലെ സുന്ദരം ശോകമയമാകാശം.
കട്ട പിടിച്ച സ്വന്തം ചോരയിൽ മുങ്ങിത്താഴുന്നു സൂര്യൻ.

ശൂന്യതയുടെ തമോഗർത്തം താങ്ങാനാവാത്തൊരു ഹൃദയം.
അതു പെറുക്കിക്കൂട്ടുന്നു പോയകാലത്തിന്റെ ശേഷിപ്പുകൾ.
കട്ട പിടിച്ച സ്വന്തം ചോരയിൽ മുങ്ങിത്താഴുന്നു സൂര്യൻ.
ഒരു തിടമ്പു പോലെന്നിൽ വിളങ്ങുന്നു നിന്നെക്കുറിച്ചുള്ളോർമ്മകൾ.


(പാപത്തിന്റെ പൂക്കൾ - 40)


Evening Harmony

The hour has come at last when, trembling to and fro,
Each flower is a censer sifting its perfume;
The scent and sounds all swirl in evening’s gentle fume;
A melancholy waltz, a languid vertigo!
Each flower is a censer sifting its perfume;
A violin’s vibrato wounds the heart of woe;
A melancholy waltz, a languid vertigo!
The sky, a lofty altar, lovely in the gloom,
A violin’s vibrato wounds the heart of woe,
A tender heart detests the black of nullity,
The sky, a lofty altar, lovely in the gloom;
The sun is drowning in the evening’s blood-red glow.
A tender heart detests the black of nullity,
And lovingly preserves each trace of long ago!
The sun is drowning in the evening’s blood-red glow …
Your memory shines through me like an ostensory!


link to image


ബ്രെഹ്ത് - പരിഹാരം

File:DBPB 1953 110 17.Juni.jpg


ജൂൺ 17-ലെ കലാപമൊടുങ്ങിയതിൽപ്പിന്നെ
എഴുത്തുകാരുടെ യൂണിയന്റെ സെക്രട്ടറി
സ്റ്റാലിൻ തെരുവിൽ ലഘുലേഖകൾ വിതരണം ചെയ്തു,
സർക്കാരിനു ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നും,
ഇരട്ടിപ്പണിയെടുത്താലേ അവർക്കതു തിരിച്ചുകൊടുക്കാനാവൂയെന്നും.
അങ്ങനെയെങ്കിൽ സർക്കാരിനു ജനങ്ങളെ പിരിച്ചുവിട്ട്
മറ്റൊന്നിനെ തിരഞ്ഞെടുക്കാനായാൽ
അതല്ലേ കൂടുതലെളുപ്പം എന്നാണു ചോദ്യം.


(1953 ജൂൺ 16.ന്‌ കിഴക്കൻ ജർമ്മനിയിൽ (അന്നത്തെ GDR) നിർമ്മാണത്തൊഴിലാളികൾ തുടങ്ങിവച്ച പ്രക്ഷോഭം പെട്ടെന്നുതന്നെ രാജ്യമാകെ വ്യാപിച്ചുവെങ്കിലും അടുത്ത ദിവസമായപ്പോഴേക്കും സോവ്യറ്റ് യൂണിയന്റെ സൈനികസഹായത്തോടെ അത് അമർച്ച ചെയ്യപ്പെട്ടു.)


link to Uprising_of_1953_in_East_Germany

Sunday, March 18, 2012

നെരൂദ - മരണം

neruda


പലതവണ ഞാനുയിർത്തെഴുന്നേറ്റിരിക്കുന്നു,
പരാജിതനക്ഷത്രങ്ങളുടെ ഗർത്തങ്ങളിൽ നിന്ന്,
നിത്യതയുടെ നൂൽക്കഴികളിൽ പിടിച്ചുകയറിക്കൊണ്ട്;
ഇന്നിതാ, ഞാൻ മരിക്കാനൊരുങ്ങുന്നു,
ഇനിയൊരൊച്ചപ്പാടിനും നിൽക്കാതെ,
എന്റെയുടലിൽ മണ്ണുമായി,
മണ്ണുമായലഞ്ഞുചേരാനായി.

പുരോഹിതന്മാർ വിറ്റുനടക്കുന്ന സ്വർഗ്ഗത്തിലൊരിടം
ഞാൻ വാങ്ങിവച്ചിട്ടില്ല,
ധനികരായ അലസവർഗ്ഗത്തിനായി
വേദാന്തികൾ തട്ടിക്കൂട്ടിയ നിത്യാന്ധകാരവുമെനിക്കു വേണ്ട.

മരണത്തിൽ പാവപ്പെട്ടവർക്കൊപ്പമാവട്ടെ ഞാൻ,
മരണത്തെക്കുറിച്ചു പഠിക്കാൻ സമയം കിട്ടാതിരുന്നവർ,
ആകാശം സ്വന്തമായിരുന്നവർ പ്രഹരങ്ങളേൽപ്പിച്ചവർ.

എന്റെ മരണം എന്റെ കണക്കിനൊപ്പിച്ചത്,
എന്നെ കാത്തിരിക്കുന്നൊരു കുപ്പായം പോലെ,
എനിക്കിഷ്ടപ്പെട്ടൊരു നിറത്തിൽ,
എനിയ്ക്കു കിട്ടാതെപോയ അളവുകളിൽ,
എനിയ്ക്കു വേണ്ടത്ര ആഴത്തിൽ.

പ്രണയമതിന്റെ ദൗത്യം തീർത്തു പൊയ്ക്കഴിഞ്ഞാൽ,
കരുത്തുകളൊരുമിച്ച മറ്റു കൈകളിലേക്കു
സമരമതിന്റെ ചുറ്റികകൾ കൈമാറിക്കഴിഞ്ഞാൽ,
മരണം വന്നെത്തുകയായി,
നിങ്ങൾക്കു ചുറ്റും അതിരുകൾ പണിതിരുന്ന
ചിഹ്നങ്ങൾ പാടേ തുടച്ചുമാറ്റാനായി.


നെരൂദ - പ്രഹേളികകൾ

File:Kuniyoshi Utagawa, Lobster.jpg

ഞണ്ടുകൾ പൊന്നിൻകാലുകൾ കൊണ്ടു നെയ്തെടുക്കുന്നതെന്തെന്ന്
നീയെന്നോടു ചോദിച്ചു;
ഞാൻ പറഞ്ഞു: അതു കടലിനോടു ചോദിക്കൂ.
സുതാര്യചർമ്മവുമായി കടൽച്ചൊറികൾ കാത്തിരിക്കുന്നതെന്തിനെയെന്നു
നീ ചോദിക്കുന്നു; അതെന്തു കാത്തിരിക്കുന്നുവെന്ന്.
ഞാൻ പറഞ്ഞു: നിന്നെപ്പോലെ അതും തന്റെ കാലം കാത്തിരിക്കുന്നുവെന്ന്.
മാക്രോസിസ്റ്റിസ് കടല്പായലിന്റെ ആശ്ളേഷമെത്രത്തോളമെത്തുന്നുവെന്നു
നീ ചോദ്യമായി.
ഞാനറിയുന്നൊരു കടലിൽ, ഒരു പ്രത്യേകമുഹൂർത്തത്തിൽ
നോക്കിനോക്കിയിരിക്കൂ.
കൊമ്പൻതിമിംഗലത്തിന്റെ കുടിലദന്തത്തെക്കുറിച്ചും നീ ചോദിക്കുമെന്നതു തീർച്ച;
കടലിലെ യൂണീക്കോണുകൾ ചാട്ടുളിയേറ്റു ചാവുന്നതിനെക്കുറിച്ചു ഞാൻ പറയും.
തെക്കൻകടലിന്റെ വിമലഗർഭങ്ങളിൽ വിറക്കൊള്ളുന്ന
പൊന്മയുടെ തൂവലുകളെക്കുറിച്ചു നീ ചോദിക്കില്ലേ?
കടൽനാക്കിന്റെ ചില്ലുവിതാനത്തെക്കുറിച്ചും നിനക്കു സംശയമുണ്ടാവുമല്ലോ,
അതെങ്ങനെ കുരുക്കഴിക്കുമെന്നും?
കടൽത്തട്ടിലെ കൂർമ്പൻവേലികളിൽ വൈദ്യുതി പായിക്കുന്നതേതെന്നു നിനക്കറിയണോ?
നടക്കുമ്പോളടരുന്ന പടച്ചട്ട പോലത്തെ ചുണ്ണാമ്പുകല്ലിനെക്കുറിച്ചും?
ചൂണ്ടക്കാരൻ മീനിന്റെ ചൂണ്ടയെക്കുറിച്ചും,
കടൽക്കയങ്ങളിൽ നാട പോലെ വലിച്ചുകെട്ടിയ സംഗീതത്തെക്കുറിച്ചും?

എനിക്കു പറയണമെന്നുണ്ട്, അതൊക്കെ കടലിനറിയുമെന്ന്,
അതിന്റെ കലവറകളിൽ ജീവിതം വിപുലവും,
അസംഖ്യവും, വിമലവുമാണെന്ന്,
തുടുത്ത മുന്തിരിക്കുലകൾക്കിടയിൽ കാലം വിളക്കിയെടുത്തിരിക്കുന്നു,
കല്ലിച്ച പൂവിതളുകളെയും, കടൽവെള്ളരിയുടെ വെളിച്ചത്തെയുമെന്ന്,
പവിഴപ്പുറ്റുകൾ കൊണ്ടുണ്ടാക്കിയൊരു സമൃദ്ധകാഹളത്തിൽ നിന്ന്
സംഗീതത്തിന്റെ നൂലാമാലകളതിഴവേർപിരിക്കുന്നുവെന്ന്.

ഒന്നുമല്ല ഞാൻ, ഒരൊഴിഞ്ഞ വല,
മനുഷ്യനേത്രങ്ങൾക്കും മുമ്പേ പോയത്,
ആ ഇരുട്ടിൽ നിർജ്ജീവമായത്,
ത്രികോണത്തിനും, ഒരു മധുരനാരങ്ങയുടെ കാതരമായ പാതിഗോളത്തിനും
പരിചിതമായ വിരലുകൾ.

നിന്നെപ്പോലെതന്നെയാണു ഞാൻ ജീവിച്ചതും,
അന്തമറ്റ നക്ഷത്രവെളിച്ചത്തെ തുരന്നുകേറാൻ നോക്കിയും;
എന്റെ വലയിൽ, രാത്രിയിൽ, നഗ്നനായി ഞാൻ ഞെട്ടിയുണർന്നു,
ഞാനാകെപ്പിടിച്ചതോ, കാറ്റിൽ കുടുങ്ങിയൊരു പരലുമീനും.


link to image


Saturday, March 17, 2012

ബോർഹസ് - കഠാര

File:Dagger symbol.svg



മേശവലിപ്പിനുള്ളിൽ ഒരു കഠാര കിടക്കുന്നു.

പോയ നൂറ്റാണ്ടിനൊടുവിൽ ടോളിഡോവിലൊരാലയിൽ ഒരു കൊല്ലൻ പണിതെടുത്തതാണത്.
ലൂയി മെലിയൻ ലൂഫിനെർ അതെന്റെ അച്ഛനു കൊടുത്തു,
അച്ഛനാണ്‌ ഉറുഗ്വേയിൽ നിന്നതു കൊണ്ടുവന്നത്.
എവാരിസ്റ്റോ കാരിഗോ ഒരിക്കലതെടുത്തു പെരുമാറിയിരിക്കുന്നു.

അതു കാഴ്ചയിൽപ്പെടുന്ന ഒരാൾക്കും അതൊന്നു കൈയിലെടുത്തു നോക്കാതിരിക്കാൻ കഴിയാറില്ല.
എത്രയോ കാലമായി തങ്ങളതിനെയും നോക്കിനടക്കുകയായിരുന്നു എന്നൊരു തോന്നൽ അവർക്കുണ്ടായിപ്പോകുന്നു.
കാത്തിരിക്കുന്ന കൈപ്പിടിയെ വ്യഗ്രതയോടെ കൈ കയറിപ്പിടിയ്ക്കുന്നു.
ശക്തവും, നിർവികാരവുമായ വായ്ത്തല ഉറയിലേക്കു കൃത്യമായി ആണ്ടിറങ്ങുന്നു.

ഈ കഠാര മറ്റു ചിലതു തന്നെ.

ലോഹം കൊണ്ടൊരുരുപ്പടി മാത്രമല്ലത്.
കൃത്യമായൊരു ലക്ഷ്യത്തിനായി മനുഷ്യർ ചിന്തിച്ചെടുത്തതും രൂപപ്പെടുത്തിയതുമാണത്.
പോയ രാത്രിയിൽ ടക്വാറെംബോയിൽ വച്ച് ഒരു മനുഷ്യനെ കൊന്നത് ഈ കഠാര തന്നെ,
ഇതു തന്നെ സീസറെ മരണത്തിലേക്കയച്ച കഠാരകളും.
അതിന്റെ ഇച്ഛ കൊല്ലുക, ചോര ചിന്തുക.

ഒരു മേശവലിപ്പിൽ, കുറിപ്പടികൾക്കും കത്തുകൾക്കുമിടയിൽക്കിടന്ന്
കഠാര സ്വപ്നം കാണുന്നു, ഒരു വ്യാഘ്രത്തിന്റെ സരളസ്വപ്നം.
അതിനെ കടന്നെടുക്കുന്ന കൈയ്ക്കു ജീവൻ വയ്ക്കുന്നു,
എന്തെന്നാൽ തനിയ്ക്കു പറഞ്ഞ കൊലയാളിയുടെ കൈയാണ്‌
തന്നെ തൊടുന്നതെന്നറിയുമ്പോൾ ആ ലോഹത്തിനും ജീവൻ വയ്ക്കുകയാണ്‌.

ചിലനേരം എനിക്കു സങ്കടം തോന്നിപ്പോവാറുണ്ട്,
അത്രയുമൂറ്റം, അത്രയും ലക്ഷ്യബോധം,
അത്ര നിർവികാരവും, അത്രയ്ക്കഭിമാനപൂർണ്ണവും-
വർഷങ്ങൾ കടന്നുപോവുകയുമാണ്‌,
വ്യർത്ഥമായി.


Friday, March 16, 2012

നെരൂദ - പതാകകൾ പിറവിയെടുക്കുന്നതെങ്ങനെയെന്ന്

File:Chile flags in Puerto Montt.jpg

ഇക്കാലം വരെയ്ക്കും ഞങ്ങളുടെ പതാകകൾ പിറവിയെടുക്കുന്നതീവിധം.
ജനങ്ങൾ തങ്ങളുടെ മനസ്സലിവവയിൽ നെയ്തുചേർത്തു,
യാതന കൊണ്ടവർ കീറത്തുണികൾ തുന്നിയെടുത്തു.

പൊള്ളുന്ന കൈകൾ കൊണ്ടവരതിൽ നക്ഷത്രം പതിച്ചുവച്ചു.
സ്വരാജ്യത്തിന്റെ നക്ഷത്രത്തിനു തങ്ങിനിൽക്കാനായി
കുപ്പായത്തിൽ നിന്നോ, ആകാശമണ്ഡലത്തിൽ നിന്നോ,
നീലിമയുടെ തുണ്ടവർ മുറിച്ചെടുത്തു.

തുള്ളിയിറ്റി, തുള്ളിയിറ്റി ചെമല പിറവിയെടുക്കുകയുമായിരുന്നു.

.

(കാന്റോ ജനറൽ)


link to image


നെരൂദ - ഉറുഗ്വേ

 


File:Escarapela en escudo.png

ഉറുഗ്വേ ഒരു കിളിപ്പാട്ട്, ജലത്തിന്റെ ഭാഷ,
നിർഝരി പോലൊരക്ഷരം,
ചില്ലുപാത്രങ്ങളുടെ ചക്രവാതം-
ഉറുഗ്വേ, വാസനിയ്ക്കുന്ന വസന്തത്തിൽ
കനികളുടെ മർമ്മരം,
കാട്ടാറുകളുടെ ചുംബനം,
അറ്റ്ലാന്റിക്കിന്റെ നീലമുഖാവരണം.
ഉറുഗ്വേ, കാറ്റു വീശുന്ന പൊൻപകൽ
തോരയിട്ട തുണികൾ,
അമേരിക്കയുടെ മേശപ്പുറത്തെ അപ്പം,
മേശപ്പുറത്ത്
അപ്പത്തിന്റെ നൈർമ്മല്യം.

(കാന്റോ ജനറൽ)


link to image


അന്തോണിയോ മച്ചാദോ - കിഴക്കുദിക്കിൽ...

496px-Gifford_Sanford_Robinson_Morning_in_the_Adirondacks

ഒരു സ്വപ്നത്തിന്റെ ചുവന്ന വെളിച്ചം കിഴക്കുദിക്കിൽ കാണാകുന്നു ,
ഒരു സ്വപ്നവെളിച്ചം. പേടിയാകുന്നില്ലേ നിന,ക്കലയുന്ന പഥികാ?
പച്ചപ്പുൽമേടിനുമപ്പുറം, പൂവിടുന്ന കുന്നുകൾക്കു മേൽ,
ആസന്നമായി നിന്റെ യാത്രയ്ക്കവസാനമെന്നുമാവാം.

ഇനി നീ കാണുകില്ല, പാകമെത്തിയ കതിർക്കുലകളെ,
കനികൾ മുഴുത്തു തൂങ്ങുന്ന ആപ്പിൾമരങ്ങളെ;
നിന്റെ ചഷകത്തിലേക്കു പിഴിഞ്ഞൊഴിക്കുകയുമില്ല,
മുന്തിരിവള്ളികളവയുടെ ചുവന്ന ദ്രാവകം.

മുല്ലക്കൊടികളാദ്യപരിമളം പാറ്റുന്ന നാൾ,
പ്രണയം കൊണ്ടു വിറകൊള്ളാൻ പനിനീർപ്പൂക്കളൊരുങ്ങുന്ന നാൾ,
ഉദ്യാനങ്ങളെ വെളിച്ചപ്പെടുത്തുന്നൊരു പൊൻപുലരിയിൽ
നിന്റെ സുന്ദരസ്വപ്നമലിഞ്ഞുപോകില്ലേ, ഒരു ധൂസരമേഘം പോലെ?

പൂവുകൾ പൂത്തുതുടങ്ങിയ പച്ചപ്പുൽപ്പാടങ്ങളേ,
ഇനിയുമേറെനാളെനിയ്ക്കു സ്വപ്നം കാണാനായെങ്കിൽ,
പുൽമേടുകളെ പുള്ളി കുത്തുന്ന നീലിച്ച ദലപുടങ്ങളെ,
കണ്ണിൽപ്പെടാൻ കൂടിയില്ലാത്ത ഡെയ്സിപ്പൂക്കളെ!


link to image


Thursday, March 15, 2012

അന്തോണിയോ മച്ചാദോ - നമ്മുടെ പ്രണയം...



നമ്മുടെ പ്രണയമൊരു മഹോത്സവമാക്കാമെന്നു
നാം കരുതി,
പേരറിയാത്ത മലനിരകളിൽ
നവപരിമളങ്ങൾ കൊളുത്താമെന്നും,
വിളറിയ നമ്മുടെ മുഖങ്ങൾ
മറച്ചുപിടിയ്ക്കാമെന്നും:
സ്ഫടികസമാനവും ഫേനിലവുമായൊരു പ്രതിധ്വനിയോടെ
മദിരയുടെ സുവർണ്ണദ്രവങ്ങൾ പൊട്ടിച്ചിരിക്കുന്ന
ജീവിതത്തിന്റെ മധുപാനോത്സവത്തിൽ
നിറയാതെ പോയവയായിരുന്നല്ലോ,
നമ്മുടെ ചഷകങ്ങളെന്നും.
ഏകാന്തമായ ഉദ്യാനത്തിന്റെ ചില്ലകൾക്കിടയിലെവിടെയോ
നമ്മെ കളിയാക്കി ചൂളം വിളിയ്ക്കുകയാണൊരു കിളി...
ഒരു സ്വപ്നത്തിന്റെ നിഴൽ
പാനപാത്രത്തിലേക്കു നാം പിഴിഞ്ഞൊഴിക്കുന്നു...
മൃണ്മയമായ നമ്മുടെയുടലറിയുന്നു,
ഉദ്യാനത്തിന്റെയീർപ്പം,
ഒരു തലോടൽ പോലെ.




Wednesday, March 14, 2012

അന്തോണിയോ മച്ചാദോ - കവി ഓർക്കുന്നു, ഗ്വഡൽക്വിവിർ പുഴയ്ക്കു മേലുള്ള പാലത്തിൽ നിൽക്കുന്ന ഒരു സ്ത്രീയെ

779px-Joseph_Wright_Landscape_with_Rainbow

അസ്തമയത്തിന്റെ ദീപ്തതാരത്തിനു മേൽ,
ഒരു വെള്ളിക്കല പോലെ ചന്ദ്രൻ തിളങ്ങുന്നു,
അരുണവർണ്ണമായ അന്തിവെളിച്ചത്തിൽ,
പുഴയുടെ ഇരുണ്ട കയങ്ങളിൽ.
ചില്ലുകൾ പോലായ നിഴലുകളുടെ അമർന്ന ശബ്ദവുമായി
പുഴയൊഴുകുന്നു,
കല്ലു പടുത്ത പാലത്തിനു ചോടെ.
നിന്റെ പേരെന്നോടു മന്ത്രിച്ചുംകൊണ്ടലസമൊഴുകുമാറേ,
എന്റെയാത്മാവിനു മോഹം,
നിന്റെയോരത്തെ പച്ച ബദാം മരങ്ങളിൽ
വസന്തം കൊളുത്തിയ പൂമരച്ചില്ലകൾ
നിന്റെ തെളിനീരൊഴുക്കിലൊടിച്ചിടാൻ.
എനിക്കു മോഹം,
അതു ചെന്നുവീഴുന്നതു കാണാൻ,
ഒഴുകിപ്പോകുന്നതു കാണാൻ,
നിന്റെ തെളിനീരലകളിലതു മറയുന്നതു കാണാൻ.
കരയുമെന്ന മട്ടായിപ്പോകുന്നു ഞാൻ...
അല തെറുക്കുന്ന വിദൂരതയിലേക്കു
നിന്നോടൊപ്പമൊഴുകുമാറാകട്ടെ എന്റെ ഹൃദയം.
ഹാ, അതുമാതിരിയൊരപരാഹ്നത്തിൽ,
നിഴലുകൾ ചില്ലുകൾ പോലായ അലസമൊരു പുഴയിൽ!...
അസ്തമയത്തിന്റെ ദീപ്തതാരത്തിനു മേൽ
വെള്ളി പോലെ ചന്ദ്രൻ തിളങ്ങുന്നു.


link to image

അന്തോണിയോ മച്ചാദോ - കവിയുടെ പൂന്തോപ്പുകൾ

File:John Singer Sargent (1856 in Florenz;1925 in London) Villa Torlonia Fountain 1907.jpg

ഒരുദ്യാനപാലകനാണിക്കവി.
അയാളുടെ പൂന്തോപ്പുകളിൽ വീശുന്നുണ്ട്,
അതിമാത്രം നേർത്തൊരു തെന്നൽ,
വയലിനുകളുടെ മന്ദ്രനാദവുമായി,
രാപ്പാടികളുടെ തേങ്ങലുമായി,
ഏതോ വിദൂരശബ്ദത്തിന്റെ മാറ്റൊലിയുമായി,
പ്രണയസല്ലാപത്തിന്റെ മുഗ്ധ്ഹാസവുമായി.
വേറെയുമുദ്യാനങ്ങളുണ്ടിയാൾക്ക്.
അവിടെയൊരു ജലധാര അയാളോടു പറയുന്നു:
നിങ്ങളാരെന്നെനിയ്ക്കറിയാം,
നിങ്ങളെ ഞാൻ കാത്തിരിയ്ക്കുന്നു.
തെളിഞ്ഞ ജലവീചികളിൽ
തന്റെ മുഖം നോക്കി അയാൾ പറയുന്നു:
ഒരു സ്വപ്നത്തിൽ നിന്നലെ
ഞെട്ടിയുണർന്നവനാണു ഞാൻ!
വേറെയുമുദ്യാനങ്ങളുണ്ടീയാൾക്ക്.
അവിടെ മുല്ലക്കൊടികൾ
വെർബിനാച്ചെടികൾക്കു ദാഹിക്കുന്നു,
ലില്ലിപ്പൂക്കൾ വാസനിയ്ക്കുന്നു,
തെന്നലിന്റെ തണുത്ത വിരലുകൾ
വീണക്കമ്പികളിലലയുന്നു.
കാലമേകാന്തമായിക്കടന്നുപോകവെ,
പൂർണ്ണചന്ദ്രന്റെ ചോടെ,
വെണ്ണക്കൽത്തൊട്ടികളിൽ
ജലധാരകൾ ദീർഘനിശ്വാസമുതിർക്കുന്നു,
ജലമൊഴുകുന്നതേ കേൾക്കാനുമുള്ളു.


link to image

Tuesday, March 13, 2012

യെവ്തുഷെങ്കോ - മന്ത്രം


വസന്തകാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഗ്രീഷ്മകാലരാത്രികളിലുമെന്നെക്കുറിച്ചോർക്കുക,
ശരത്കാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഹേമന്തരാത്രികളിലുമെന്നെക്കുറിച്ചോർക്കുക.
ഇവിടല്ല,മറ്റൊരിടത്താണു ഞാനെന്നായിക്കോട്ടെ,
നിനക്കരികിലല്ല, പരദേശത്താണെന്നുമായിക്കോട്ടെ,
കുളിരുന്ന വിരിയിൽ നീ നിവർന്നുകിടക്കുക,
കടലിലെന്നപോലെ പൊന്തിമലർന്നൊഴുകുക,
സൗമ്യതരംഗങ്ങൾക്കലസം കീഴ്വഴങ്ങി,
എനിക്കൊപ്പമെന്നപോലെ കടലിലുമെത്രയുമേകാകിയായി.
ശുദ്ധശൂന്യമായിരിക്കട്ടെ, നിന്റെ മനസ്സു പകലാകെ.
പകലു സകലതും കീഴുമേൽ മറിയ്ക്കട്ടെ,
പുകയറ പറ്റിയ്ക്കട്ടെ, വീഞ്ഞു കൊണ്ടൊഴുക്കട്ടെ,
കാഴ്ചയിൽ നിന്നു ഞാൻ മറയുവോളം
നിന്റെ ശ്രദ്ധ തിരിക്കട്ടെ.
പകലെന്തിനെക്കുറിച്ചും നീ ചിന്തിച്ചോളൂ,
രാത്രിയിൽ പക്ഷേ- എന്നെക്കുറിച്ചു മാത്രം.
തീവണ്ടിയെഞ്ചിനുകളുടെ ചൂളം വിളികൾക്കും മേലെയായി,
മേഘങ്ങളെ തുണ്ടം തുണ്ടമാക്കുന്ന കാറ്റിനും മേലെയായി,
ദയവു ചെയ്തെനിക്കു നീയൊന്നു കാതോർക്കൂ:
ഇടുങ്ങിയ മുറിയിലൊരുവട്ടം കൂടിയെന്നെക്കാട്ടൂ,
ആനന്ദവും വേദനയും കൊണ്ടു പാതിയടഞ്ഞ നിന്റെ കണ്ണുകൾ,
നോവുവോളം ചെന്നികളിലമർത്തിവച്ച നിന്റെ കൈപ്പടങ്ങൾ.
ഞാൻ യാചിക്കുന്നു- അനക്കമറ്റ നിശബ്ദതയിൽ,
ഇനിയല്ല, നിന്റെ പുരപ്പുറത്തു മഴ ചരലെറിയുമ്പോഴാവട്ടെ,
നിന്റെ ജനാലച്ചില്ലുകളിൽ മഞ്ഞു തിളങ്ങുമ്പോഴാവട്ടെ,
ഉണർവിനുമുറക്കത്തിനുമിടയിലാണു നീയെന്നുമാവട്ടെ-
വസന്തകാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഗ്രീഷ്മകാലരാത്രികളിലുമെന്നെക്കുറിച്ചോർക്കുക,
ശരത്കാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഹേമന്തരാത്രികളിലുമെന്നെക്കുറിച്ചോർക്കുക.


Monday, March 12, 2012

ബോദ്‌ലെയർ - എരിപന്തം

Beresford Egan illustration from a 1947 US Sylvan Press edition of Flowers of Evil
courtesy of 50 Watts



എനിക്കു മുന്നിലായവ നടക്കുന്നു, പ്രകാശപൂർണ്ണമായ രണ്ടു കണ്ണുകൾ,
മാലാഖമാരിൽ കേമനായൊരാൾ പ്രചോദിപ്പിച്ചവയാണവ;
സ്വർഗ്ഗീയമിഥുനങ്ങളെങ്കിലുമെനിയ്ക്കവർ സഹോദരങ്ങൾ,
എന്റെ കണ്ണുകളിലേയ്ക്കവർ കുടഞ്ഞിടുന്നു, തങ്ങളുടെ വജ്രജ്വാലകൾ.

കെണികളിലും പാപങ്ങളിലും നിന്നെന്റെ ചുവടുകളവർ കാക്കുന്നു,
സൗന്ദര്യത്തിന്റെ നേർവഴിയിലൂടെന്നെയവർ നടത്തുന്നു.
എനിയ്ക്കു സേവകരാണവർ, ഞാനവർക്കടിമയും,
അവർ പറയുന്നതൊക്കെയും ഞാനനുസരിച്ചുനടക്കുന്നു.

വശീകരിക്കുന്ന കണ്ണുകളേ, നിഗൂഢദീപ്തിയുമായി നിങ്ങളെരിയുന്നു,
നട്ടുച്ചയ്ക്കു കൊളുത്തിവച്ച മെഴുകുതിരികളെപ്പോലെ.
ചുവന്ന സൂര്യന്മാർക്കാവില്ല, അവയുടെ ദീപ്തി തല്ലിക്കെടുത്താൻ.

അവ കൊണ്ടാടുന്നതു പക്ഷേ മരണത്തെ, നിങ്ങൾ പുകഴ്ത്തുന്നതുണർച്ചയെ,
നിങ്ങൾ കീർത്തിക്കുന്നതെന്റെയാത്മാവിൽ വിടരുന്ന പുലരിയെ;
ഒരു സൂര്യനു മുന്നിലും പലായനം ചെയ്യാത്ത നക്ഷത്രങ്ങൾ നിങ്ങൾ.


പാപത്തിന്റെ പൂക്കൾ - 45


The Living Torch

Those lit eyes go before me, in full view,
(Some cunning angel magnetised their light) -
Heavenly twins, yet my own brothers too,
Shaking their diamond blaze into my sight.
My steps from every trap or sin to save,
In the strait road of Beauty they conduct me,
They are my servants, and I am their slave,
Obedient in whatever they instruct me.
Delightful eyes, you burn with mystic rays
Like candles in broad day; red suns may blaze,
But cannot quench their still, fantastic light.
Those candles burn for death, but you for waking :
You sing the dawn that in my soul is breaking,
Stars which no sun could ever put to flight!


Sunday, March 11, 2012

യെവ്തുഷെങ്കോ - നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു


നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു,
സാവധാനം,
ഒച്ച കേൾപ്പിക്കാതെ,
മൂക്കു മുട്ടെത്തിന്നും കൊണ്ട്
കൂർക്കം വലിച്ചുറക്കമാണു പക്ഷേ നാം,
ആ ഭയാനകമുഹൂർത്തം നാമറിയാതെപോകുന്നു.
നമ്മുടെ അമ്മമാർ നമ്മെപ്പിരിഞ്ഞുപോകുന്നതു പെട്ടെന്നല്ല,
അല്ല-
പെട്ടെന്നാണെന്നു നമുക്കു തോന്നുന്നുവെന്നു മാത്രം.
അവർ വിട്ടുപോകുന്നതു സാവധാനം, വിചിത്രമായും,
വർഷങ്ങളുടെ കോണിപ്പടികളിൽ ചവിട്ടി
അവരിറങ്ങിപ്പോകുന്നു.
പിന്നെയൊരുകൊല്ലം,
പരിഭ്രാന്തിയോടെയോർമ്മവരുമ്പോൾ,
അവരുടെ പിറന്നാളാഘോഷിക്കാൻ നാം തിടുക്കപ്പെടുന്നു.
വൈകിവന്ന ആ ഉത്സാഹം അവരുടെ ആത്മാക്കളെ രക്ഷിക്കില്ല,
നമ്മുടെ ആത്മാക്കളെയും.
അവരകന്നുപോകുന്നു,
അകന്നകന്നുപോകുന്നു.
ഉറക്കം ഞെട്ടി,
നാമവരുടെ നേർക്കു കൈ നീട്ടുന്നു,
നമ്മുടെ കൈയിൽത്തടയുന്നതു ശൂന്യമായ വായു മാത്രം-
ഒരു കണ്ണാടിച്ചുമരവിടെ വളർന്നിരിക്കുന്നു!
നാമേറെ വൈകി.
ഭീതിയുടെ മുഹൂർത്തമെത്തിക്കഴിഞ്ഞു.
കണ്ണീരമർത്തി നാം നോക്കിനിൽക്കുമ്പോൾ
നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു,
നിശബ്ദരായി, വിരക്തരായി, നിരയായി...

-1960


link to image