പലതവണ ഞാനുയിർത്തെഴുന്നേറ്റിരിക്കുന്നു,
പരാജിതനക്ഷത്രങ്ങളുടെ ഗർത്തങ്ങളിൽ നിന്ന്,
നിത്യതയുടെ നൂൽക്കഴികളിൽ പിടിച്ചുകയറിക്കൊണ്ട്;
ഇന്നിതാ, ഞാൻ മരിക്കാനൊരുങ്ങുന്നു,
ഇനിയൊരൊച്ചപ്പാടിനും നിൽക്കാതെ,
എന്റെയുടലിൽ മണ്ണുമായി,
മണ്ണുമായലഞ്ഞുചേരാനായി.
പുരോഹിതന്മാർ വിറ്റുനടക്കുന്ന സ്വർഗ്ഗത്തിലൊരിടം
ഞാൻ വാങ്ങിവച്ചിട്ടില്ല,
ധനികരായ അലസവർഗ്ഗത്തിനായി
വേദാന്തികൾ തട്ടിക്കൂട്ടിയ നിത്യാന്ധകാരവുമെനിക്കു വേണ്ട.
മരണത്തിൽ പാവപ്പെട്ടവർക്കൊപ്പമാവട്ടെ ഞാൻ,
മരണത്തെക്കുറിച്ചു പഠിക്കാൻ സമയം കിട്ടാതിരുന്നവർ,
ആകാശം സ്വന്തമായിരുന്നവർ പ്രഹരങ്ങളേൽപ്പിച്ചവർ.
എന്റെ മരണം എന്റെ കണക്കിനൊപ്പിച്ചത്,
എന്നെ കാത്തിരിക്കുന്നൊരു കുപ്പായം പോലെ,
എനിക്കിഷ്ടപ്പെട്ടൊരു നിറത്തിൽ,
എനിയ്ക്കു കിട്ടാതെപോയ അളവുകളിൽ,
എനിയ്ക്കു വേണ്ടത്ര ആഴത്തിൽ.
പ്രണയമതിന്റെ ദൗത്യം തീർത്തു പൊയ്ക്കഴിഞ്ഞാൽ,
കരുത്തുകളൊരുമിച്ച മറ്റു കൈകളിലേക്കു
സമരമതിന്റെ ചുറ്റികകൾ കൈമാറിക്കഴിഞ്ഞാൽ,
മരണം വന്നെത്തുകയായി,
നിങ്ങൾക്കു ചുറ്റും അതിരുകൾ പണിതിരുന്ന
ചിഹ്നങ്ങൾ പാടേ തുടച്ചുമാറ്റാനായി.
1 comment:
really good trasalation
Post a Comment