നമ്മുടെ പ്രണയമൊരു മഹോത്സവമാക്കാമെന്നു
നാം കരുതി,
പേരറിയാത്ത മലനിരകളിൽ
നവപരിമളങ്ങൾ കൊളുത്താമെന്നും,
വിളറിയ നമ്മുടെ മുഖങ്ങൾ
മറച്ചുപിടിയ്ക്കാമെന്നും:
സ്ഫടികസമാനവും ഫേനിലവുമായൊരു പ്രതിധ്വനിയോടെ
മദിരയുടെ സുവർണ്ണദ്രവങ്ങൾ പൊട്ടിച്ചിരിക്കുന്ന
ജീവിതത്തിന്റെ മധുപാനോത്സവത്തിൽ
നിറയാതെ പോയവയായിരുന്നല്ലോ,
നമ്മുടെ ചഷകങ്ങളെന്നും.
ഏകാന്തമായ ഉദ്യാനത്തിന്റെ ചില്ലകൾക്കിടയിലെവിടെയോ
നമ്മെ കളിയാക്കി ചൂളം വിളിയ്ക്കുകയാണൊരു കിളി...
ഒരു സ്വപ്നത്തിന്റെ നിഴൽ
പാനപാത്രത്തിലേക്കു നാം പിഴിഞ്ഞൊഴിക്കുന്നു...
മൃണ്മയമായ നമ്മുടെയുടലറിയുന്നു,
ഉദ്യാനത്തിന്റെയീർപ്പം,
ഒരു തലോടൽ പോലെ.
No comments:
Post a Comment