Saturday, March 24, 2012

ബ്രെഹ്ത് - ചക്രം മാറ്റുമ്പോൾ

BertoltBrecht460



എനിയ്ക്കു സ്മാരകശില വേണ്ട

എനിയ്ക്കു സ്മാരകശില വേണ്ട,
അല്ല, വേണമെന്നാണു നിങ്ങൾക്കെങ്കിൽ
അതിലെഴുതിവയ്ക്കുന്നതിങ്ങനെയാവട്ടെ:
ഈയാൾ നിർദ്ദേശങ്ങൾ വച്ചു,
ഞങ്ങൾ അവ നടപ്പിലാക്കി.
ഇങ്ങനെയൊരു ലിഖിതം
നമ്മെയേവരേയുമാദരിക്കും.



ചക്രം മാറ്റുമ്പോൾ

ഡ്രൈവർ വണ്ടിയുടെ ചക്രം മാറ്റുമ്പോൾ
ഞാൻ വഴിവക്കിലിരുന്നു.
എനിക്കിഷ്ടമുള്ളൊരിടം വിട്ടു പോവുകയല്ല ഞാൻ,
എനിക്കിഷ്ടമുള്ളൊരിടത്തേക്കു പോവുകയുമല്ല ഞാൻ.
എങ്കിൽപ്പിന്നെന്തിനണു ഞാൻ ക്ഷമകേടു കാണിയ്ക്കുന്നത്,
ഡ്രൈവർ വണ്ടിയുടെ ചക്രം മാറ്റുമ്പോൾ?



സ്നേഹിതന്മാർ

യുദ്ധം ഞങ്ങളെ വേർപിരിച്ചു,
നാടകമെഴുത്തുകാരനായ എന്നെയും,
രംഗസംവിധായകനായ എന്റെ സ്നേഹിതനെയും.
അയാൾ പണിയെടുത്തിരുന്ന നഗരങ്ങളിന്നില്ല,
ശേഷിക്കുന്ന നഗരങ്ങളിലൂടെ നടക്കുമ്പോൾ
ചിലനേരം ഞാൻ പറഞ്ഞുപോകുന്നു:
തോരയിട്ടിരിക്കുന്ന ആ നീലത്തുണി,
എന്റെ സ്നേഹിതനുണ്ടായിരുന്നെങ്കിൽ
ഇതിലും ഭംഗി തോന്നിക്കുന്ന വിധത്തിൽ
അയാളതു മാറ്റിയിട്ടേനേ.



No comments: