വിചിത്രയായ ദേവതേ, രാത്രികൾ പോലിരുണ്ടവളേ,
പാതി കസ്തൂരിയും പാതി പുകയിലയും മണക്കുന്നവളേ,
നിന്നെ മെനഞ്ഞെടുത്തതേതു കരീബിയൻ മന്ത്രവാദി,
കരിവീട്ടിത്തുടയുള്ളവളേ, കറുത്ത രാവിന്റെ സന്തതീ?
ആഫ്രിക്കൻ മദിരയല്ല, കറുപ്പല്ല, ഫ്രഞ്ചുവീഞ്ഞല്ല,
എനിക്കു ഹിതം, പ്രണയം മൂർച്ഛിക്കുന്ന നിന്റെയധരാമൃതം;
എന്റെ തൃഷ്ണകളുടെ വർത്തകസംഘങ്ങൾ നിന്നിലേക്കു യാത്രപോകുമ്പോൾ
അവ ദാഹം തീർക്കുന്ന രണ്ടു നീരുറവകൾ നിന്റെ കണ്ണുകൾ.
നിന്റെ ആത്മാവിന്റെ പുകക്കുഴലുകൾ, ആ രണ്ടു മിഴികളിൽ നിന്നും
ഇത്ര തീയും പുകയും വമിപ്പിക്കരുതേ, കനിവറ്റ രാക്ഷസീ;
ഒമ്പതുവട്ടം നിന്നെയാശ്ളേഷിക്കാൻ മരണനദിയല്ലല്ലോ ഞാൻ.
കഷ്ടമേ, ഞാനാളല്ല, കാമാസക്തയായ ചണ്ഡികേ,
നിന്റെ വീര്യം തകർക്കാൻ, നിന്നെ നിലയ്ക്കു നിർത്താൻ,
നിന്റെ കിടപ്പറനരകത്തിൽ മറ്റൊരു പ്രൊസർപ്പൈനാകാൻ!
ഒമ്പതുവട്ടം...ഗ്രീക്കുപുരാണമനുസരിച്ച് മരണലോകത്തെ ഒമ്പതു തവണ ചുറ്റിക്കിടക്കുന്ന നദി.
പ്രൊസെർപ്പൈൻ...ഗ്രീക്കുപുരാണത്തിൽ മരണത്തിന്റെ ദേവൻ തന്റെ ലോകത്തേക്കപഹരിച്ചുകൊണ്ടുപോകുന്ന വാസന്തദേവത.
No comments:
Post a Comment