ചിലരെന്നോടു പറയുന്നു,
പേരുകൾ, ഇരട്ടപ്പേരുകൾ, വിലാപങ്ങൾ
ഇവ ചേർന്ന മനുഷ്യവ്യാപാരങ്ങൾ
എന്റെ പുസ്തകത്താളുകളിലുണ്ടാവരുതെന്ന്,
എന്റെ വരികളിലവയ്ക്കിടം കൊടുക്കരുതെന്ന്:
അവർ പറയുന്നു, അവിടെ കവിത മരിക്കുകയാണെന്ന്,
ചിലർ പറയുന്നു, ഞാനതു ചെയ്യരുതെന്ന്:
അവരെ പ്രീതിപ്പെടുത്താൻ ഞാനില്ല എന്നതാണു സത്യം.
ഞാനവരോടു കുശലം പറയുന്നു,
തല വണങ്ങി ആദരിക്കുന്നു,
വെണ്ണക്കട്ടിയിൽ എലികളെപ്പോലെ സന്തുഷ്ടരായി
അവർ പർണ്ണാസ്സസിലേക്കു പോകുന്നതിൽ ഞാനെതിരു പറയുന്നുമില്ല.
മറ്റൊരു ഗണത്തിൽ പെട്ടവനാണു ഞാൻ.
ചോരയും നീരുമുള്ള വെറും മനുഷ്യൻ.
അതുകാരണം, എന്റെ സഹോദരനെ അവർ തല്ലിയാൽ
കൈയിൽ കിട്ടിയതെടുത്തു ഞാൻ ചെറുക്കും;
എന്റെ ഓരോ വരിയിലുമുണ്ട്,
മനുഷ്യത്വമില്ലാത്തവർക്കു മേൽ,
ക്രൂരന്മാർക്കും അഹങ്കാരികൾക്കും മേൽ
വെടിമരുന്നിന്റെയോ ഉരുക്കിന്റെയോ ഭീഷണി.
എന്റെ രുഷ്ടസമാധാനത്തിന്റെ ശിക്ഷ പക്ഷേ,
പാവങ്ങളെ, നല്ലവരെ വേട്ടയാടില്ല:
കൈയിലൊരു വിളക്കുമായി വീണവരെ തേടി ഞാൻ നടക്കുന്നു:
ഞാനവരെ സാന്ത്വനിപ്പിക്കുന്നു,
ഞാനവരുടെ മുറിവുകൾ വച്ചുകെട്ടുന്നു:
കവിയുടെ നിത്യകർമ്മങ്ങളാണിവ,
വിമാനം പറത്തുന്നവന്റെയും, കല്ലു വെട്ടുന്നവന്റെയും.
ഈ ഭൂമിയിൽ എന്തെങ്കിലും നാം ചെയ്തിരിക്കണം,
ഈ ഗ്രഹത്തിലാണു നാം പിറന്നതെന്നതിനാൽ;
മനുഷ്യസമൂഹത്തെ നാം ചിട്ടപ്പെടുത്തണം,
കിളികളോ, നായ്ക്കളോ അല്ല നാമെന്നതിനാൽ.
ഞാൻ വെറുക്കുന്നവരെ ഞാൻ ആക്രമിക്കുമ്പോൾ,
ഞാൻ സ്നേഹിക്കുന്നവർക്കു ഞാൻ പാടിക്കൊടുക്കുമ്പോൾ,
എന്റെ വിശ്വാസപ്രമാണങ്ങളെ വെടിയാനാണു
കവിതയ്ക്കു തോന്നുന്നതെങ്കിൽ,
എന്റെ നിയമത്തെ അക്ഷരാർത്ഥത്തിൽ ഞാനനുസരിക്കും,
നക്ഷത്രങ്ങളും ആയുധങ്ങളും ശേഖരിച്ചും കൊണ്ട്;
അമേരിക്കയോടുള്ള എന്റെ ചഞ്ചലിക്കാത്ത കടമയിൽ
ഒരു പനിനീർപ്പൂ കൂടിയിട്ടും കാര്യമൊന്നുമില്ല.
സൗന്ദര്യവുമായി പ്രണയം കൊണ്ടൊരുടമ്പടി എനിക്കു പാലിക്കാനുണ്ട്:
എന്റെ ജനതയുമായി ചോര കൊണ്ടൊരുടമ്പടി എനിക്കു പാലിക്കാനുണ്ട്.
No comments:
Post a Comment