Thursday, March 29, 2012

നെരൂദ - വൃദ്ധകൾ, കടൽക്കരയിൽ

800px-Klimt_-_Sitzende_alte_Frau_nach_links

ഗൗരവം പൂണ്ട കടലിലേക്കു വൃദ്ധകളെത്തുന്നു,
പിഞ്ഞിക്കീറിയ ഷാളുകളുമായി,
ദുർബലമായ കാലുകളുമായി.

കടൽക്കരയിലവരിരിക്കുന്നു,
കണ്ണും കൈയുമിളക്കാതെ,
മേഘവും മൗനവുമിളക്കാതെ.

ആഭാസനായ കടൽ പുളയ്ക്കുന്നു,
കാഹളങ്ങളുടെ മലകളോടിയിറങ്ങുന്നു,
കാളത്താടകൾ കുലുക്കുന്നു.

ഒരു ചില്ലുതോണിയിലെന്നപോലെ
അമ്മമാരിളകാതിരിക്കുന്നു,
കിരാതത്തിരകളെ നോക്കുന്നു.

അവരെവിടെയ്ക്കു പോകുന്നു, അവരെവിടെയായിരുന്നു?
അവർ വരുന്നതെവിടെ നിന്നും,
നമ്മുടെ, നമ്മുടെ ജീവിതങ്ങളിൽ നിന്നും.

ഇന്നവർക്കു സ്വന്തം, ഈ സാഗരം,
കുളിരുന്ന, പൊള്ളുന്ന ശൂന്യത,
ജ്വാലകളാളുന്ന ഏകാന്തത.

അവർ വരുന്നതു പോയ കാലങ്ങളിൽ നിന്ന്,
വാസനകൾ വീശിയിരുന്ന വീടുകളിൽ നിന്ന്,
എരിഞ്ഞടങ്ങിയ സന്ധ്യകളിൽ നിന്ന്.

അവർ കാണുന്നുണ്ട്, കാണുന്നുമില്ല കടലിനെ,
ഊന്നുവടികൾ കൊണ്ടവർ പൂഴിയിൽ വരയ്ക്കുന്നു,
ആ ലിപികളൊക്കെയും കടൽ മായ്ച്ചുകളയുന്നു.

ആ വൃദ്ധകൾ പിന്നെയെഴുന്നേറ്റു പോകുന്നു,
പക്ഷിക്കാലുകളിലവർ വേയ്ച്ചുനടക്കുന്നു,
വമ്പൻതിരകളൊച്ചയെടുക്കുന്നു,
പൂഴിയിൽ നഗ്നരായുരുണ്ടുമറിയുന്നു.


The Old Women Of The Ocean

To the solemn sea the old women come
With their shawls knotted around their necks
With their fragile feet cracking.
They sit down alone on the shore
Without moving their eyes or their hands
Without changing the clouds or the silence.
The obscene sea breaks and claws
Rushes downhill trumpeting
Shakes its bull's beard.
The gentle old ladies seated
As if in a transparent boat
They look at the terrorist waves.
Where will they go and where have they been?
They come from every corner
They come from our own lives.
Now they have the ocean
The cold and burning emptiness
The solitude full of flames.
They come from all the pasts
From houses which were fragrant
From burnt-up evenings.
They look, or don't look, at the sea
With their walking sticks they draw signs in the sand
And the sea erases their calligraphy.
The old women get up and go away
With their fragile bird feet
While the waves flood in
Traveling naked in the wind.


link to image


No comments: