അന്യദിനങ്ങളുടെ...
അന്യദിനങ്ങളുടെ സ്പർശനമേറ്റ
ഈറൻ തൂവാലകൾ, നിറം മങ്ങിയ പട്ടുകൾ:
പൊടിയടിഞ്ഞ മുറികളുടെ കോണുകളിൽ
ഒതുക്കിവച്ച സങ്കീർത്തനപ്പുസ്തകങ്ങൾ;
മങ്ങിപ്പോയ ഛായാചിത്രങ്ങൾ,
മഞ്ഞനിറമായ കത്തുകൾ;
ഉണങ്ങിയ പൂക്കളുള്ളിലായി
വായിക്കാതെ മാറ്റിവച്ച പുരാതനഗ്രന്ഥങ്ങൾ:
മരിച്ചുപോയ കാല്പനികതകൾ,
പഴകിയ അരുചികൾ,
ആത്മാവിന്റെ സമ്പാദ്യങ്ങളായ
ഇന്നലെയുടെ വസ്തുക്കൾ,
മുത്തശ്ശിയെനിക്കു ചൊല്ലിത്തന്ന
പാട്ടുകളും കഥകളും...
സായാഹ്നത്തിന്റെ വിളറിയ കാൻവാസിൽ...
സായാഹ്നത്തിന്റെ വിളറിയ കാൻവാസിൽ
കൂർത്ത ഗോപുരങ്ങളും,
ഇരുട്ടത്തു മണികൾ സൗമ്യമായിപ്പിടയുന്ന
മണിമേടയുമായി,
ഉന്നതവും ഭവ്യവുമായൊരു പള്ളി.
സ്വർഗ്ഗീയനീലിമയിൽ തങ്ങിനിൽക്കുന്നു,
കണ്ണീർത്തുള്ളി പോലൊരു നക്ഷത്രം.
ദീപ്തതാരത്തിനു ചോടെ
വെള്ളിനിറത്തിലൊരു മായികമേഘമൊഴുകുന്നു,
നുള്ളിവിതറിയ തൂവലുകൾ പോലെ.
No comments:
Post a Comment