ഒരുദ്യാനപാലകനാണിക്കവി.
അയാളുടെ പൂന്തോപ്പുകളിൽ വീശുന്നുണ്ട്,
അതിമാത്രം നേർത്തൊരു തെന്നൽ,
വയലിനുകളുടെ മന്ദ്രനാദവുമായി,
രാപ്പാടികളുടെ തേങ്ങലുമായി,
ഏതോ വിദൂരശബ്ദത്തിന്റെ മാറ്റൊലിയുമായി,
പ്രണയസല്ലാപത്തിന്റെ മുഗ്ധ്ഹാസവുമായി.
വേറെയുമുദ്യാനങ്ങളുണ്ടിയാൾക്ക്.
അവിടെയൊരു ജലധാര അയാളോടു പറയുന്നു:
നിങ്ങളാരെന്നെനിയ്ക്കറിയാം,
നിങ്ങളെ ഞാൻ കാത്തിരിയ്ക്കുന്നു.
തെളിഞ്ഞ ജലവീചികളിൽ
തന്റെ മുഖം നോക്കി അയാൾ പറയുന്നു:
ഒരു സ്വപ്നത്തിൽ നിന്നലെ
ഞെട്ടിയുണർന്നവനാണു ഞാൻ!
വേറെയുമുദ്യാനങ്ങളുണ്ടീയാൾക്ക്.
അവിടെ മുല്ലക്കൊടികൾ
വെർബിനാച്ചെടികൾക്കു ദാഹിക്കുന്നു,
ലില്ലിപ്പൂക്കൾ വാസനിയ്ക്കുന്നു,
തെന്നലിന്റെ തണുത്ത വിരലുകൾ
വീണക്കമ്പികളിലലയുന്നു.
കാലമേകാന്തമായിക്കടന്നുപോകവെ,
പൂർണ്ണചന്ദ്രന്റെ ചോടെ,
വെണ്ണക്കൽത്തൊട്ടികളിൽ
ജലധാരകൾ ദീർഘനിശ്വാസമുതിർക്കുന്നു,
ജലമൊഴുകുന്നതേ കേൾക്കാനുമുള്ളു.
Wednesday, March 14, 2012
അന്തോണിയോ മച്ചാദോ - കവിയുടെ പൂന്തോപ്പുകൾ
Labels:
കവിത,
മച്ചാദോ,
വിവര്‍ത്തനം,
സ്പാനിഷ്,
സ്പെയിന്
Subscribe to:
Post Comments (Atom)
No comments:
Post a Comment