ഇനിയൊരു കാലം,
സ്ത്രീയോ, പുരുഷനോ ആയ യാത്രികാ,
ഇനിയൊരിക്കൽ,
എനിയ്ക്കു ജീവനില്ലാത്തൊരു കാലം,
ഇവിടെ വന്നു നോക്കൂ,
ഞാനിവിടെയുണ്ടോയെന്നു നോക്കൂ,
കല്ലിനും കടലിനുമിടയിൽ,
നുരയിലൂടിരച്ചുപായുന്ന
വെളിച്ചത്തിൽ.
ഇവിടെ നോക്കൂ,
ഇവിടെ വന്നെന്നെ നോക്കൂ,
ഞാൻ മടങ്ങുന്നതിവിടെയ്ക്ക്,
ഒരു വസ്തുവുമുരിയാടാതെ,
ശബ്ദമില്ലാതെ,
ചുണ്ടുകളില്ലാതെ,
നിർമ്മലനായി,
ഇവിടെയ്ക്കു ഞാൻ മടങ്ങും,
ഈ സമുദ്രമഥനമാവാൻ,
അതിന്റെ അഖണ്ഡഹൃദയമാവാൻ,
ഇവിടെ, ഇവിടെ ഞാൻ വെളിച്ചപ്പെടും,
ഇവിടെ ഞാൻ മാഞ്ഞുപോകും;
ഇവിടെ ഞാനൊരുവേള,
ശിലയുമതിന്റെ മൗനവുമാകും.
link to image
No comments:
Post a Comment