
വസന്തകാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഗ്രീഷ്മകാലരാത്രികളിലുമെന്നെക്കുറിച്ചോർക്കുക,
ശരത്കാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഹേമന്തരാത്രികളിലുമെന്നെക്കുറിച്ചോർക്കുക.
ഇവിടല്ല,മറ്റൊരിടത്താണു ഞാനെന്നായിക്കോട്ടെ,
നിനക്കരികിലല്ല, പരദേശത്താണെന്നുമായിക്കോട്ടെ,
കുളിരുന്ന വിരിയിൽ നീ നിവർന്നുകിടക്കുക,
കടലിലെന്നപോലെ പൊന്തിമലർന്നൊഴുകുക,
സൗമ്യതരംഗങ്ങൾക്കലസം കീഴ്വഴങ്ങി,
എനിക്കൊപ്പമെന്നപോലെ കടലിലുമെത്രയുമേകാകിയായി.
ശുദ്ധശൂന്യമായിരിക്കട്ടെ, നിന്റെ മനസ്സു പകലാകെ.
പകലു സകലതും കീഴുമേൽ മറിയ്ക്കട്ടെ,
പുകയറ പറ്റിയ്ക്കട്ടെ, വീഞ്ഞു കൊണ്ടൊഴുക്കട്ടെ,
കാഴ്ചയിൽ നിന്നു ഞാൻ മറയുവോളം
നിന്റെ ശ്രദ്ധ തിരിക്കട്ടെ.
പകലെന്തിനെക്കുറിച്ചും നീ ചിന്തിച്ചോളൂ,
രാത്രിയിൽ പക്ഷേ- എന്നെക്കുറിച്ചു മാത്രം.
തീവണ്ടിയെഞ്ചിനുകളുടെ ചൂളം വിളികൾക്കും മേലെയായി,
മേഘങ്ങളെ തുണ്ടം തുണ്ടമാക്കുന്ന കാറ്റിനും മേലെയായി,
ദയവു ചെയ്തെനിക്കു നീയൊന്നു കാതോർക്കൂ:
ഇടുങ്ങിയ മുറിയിലൊരുവട്ടം കൂടിയെന്നെക്കാട്ടൂ,
ആനന്ദവും വേദനയും കൊണ്ടു പാതിയടഞ്ഞ നിന്റെ കണ്ണുകൾ,
നോവുവോളം ചെന്നികളിലമർത്തിവച്ച നിന്റെ കൈപ്പടങ്ങൾ.
ഞാൻ യാചിക്കുന്നു- അനക്കമറ്റ നിശബ്ദതയിൽ,
ഇനിയല്ല, നിന്റെ പുരപ്പുറത്തു മഴ ചരലെറിയുമ്പോഴാവട്ടെ,
നിന്റെ ജനാലച്ചില്ലുകളിൽ മഞ്ഞു തിളങ്ങുമ്പോഴാവട്ടെ,
ഉണർവിനുമുറക്കത്തിനുമിടയിലാണു നീയെന്നുമാവട്ടെ-
വസന്തകാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഗ്രീഷ്മകാലരാത്രികളിലുമെന്നെക്കുറിച്ചോർക്കുക,
ശരത്കാലരാത്രികളിലെന്നെക്കുറിച്ചോർക്കുക,
ഹേമന്തരാത്രികളിലുമെന്നെക്കുറിച്ചോർക്കുക.
No comments:
Post a Comment