ഒരു സ്വപ്നത്തിന്റെ ചുവന്ന വെളിച്ചം കിഴക്കുദിക്കിൽ കാണാകുന്നു ,
ഒരു സ്വപ്നവെളിച്ചം. പേടിയാകുന്നില്ലേ നിന,ക്കലയുന്ന പഥികാ?
പച്ചപ്പുൽമേടിനുമപ്പുറം, പൂവിടുന്ന കുന്നുകൾക്കു മേൽ,
ആസന്നമായി നിന്റെ യാത്രയ്ക്കവസാനമെന്നുമാവാം.
ഇനി നീ കാണുകില്ല, പാകമെത്തിയ കതിർക്കുലകളെ,
കനികൾ മുഴുത്തു തൂങ്ങുന്ന ആപ്പിൾമരങ്ങളെ;
നിന്റെ ചഷകത്തിലേക്കു പിഴിഞ്ഞൊഴിക്കുകയുമില്ല,
മുന്തിരിവള്ളികളവയുടെ ചുവന്ന ദ്രാവകം.
മുല്ലക്കൊടികളാദ്യപരിമളം പാറ്റുന്ന നാൾ,
പ്രണയം കൊണ്ടു വിറകൊള്ളാൻ പനിനീർപ്പൂക്കളൊരുങ്ങുന്ന നാൾ,
ഉദ്യാനങ്ങളെ വെളിച്ചപ്പെടുത്തുന്നൊരു പൊൻപുലരിയിൽ
നിന്റെ സുന്ദരസ്വപ്നമലിഞ്ഞുപോകില്ലേ, ഒരു ധൂസരമേഘം പോലെ?
പൂവുകൾ പൂത്തുതുടങ്ങിയ പച്ചപ്പുൽപ്പാടങ്ങളേ,
ഇനിയുമേറെനാളെനിയ്ക്കു സ്വപ്നം കാണാനായെങ്കിൽ,
പുൽമേടുകളെ പുള്ളി കുത്തുന്ന നീലിച്ച ദലപുടങ്ങളെ,
കണ്ണിൽപ്പെടാൻ കൂടിയില്ലാത്ത ഡെയ്സിപ്പൂക്കളെ!
No comments:
Post a Comment