Wednesday, December 31, 2014

ചെമ്പുലപ്പെയൽനീരാർ- ചെമ്മണ്ണും പെയ്ത്തുവെള്ളവും

 


vairam

എന്റമ്മയും നിന്റമ്മയും തമ്മിലെന്തിരിക്കുന്നു?
എന്റച്ഛനും നിന്റച്ഛനും തമ്മിലെന്തു ബന്ധം?
നീയും ഞാനും തമ്മിലെങ്ങനെയറിയാൻ?
എങ്കിലും നമ്മുടെ ഹൃദയങ്ങൾ തമ്മിലെങ്ങനെയൊന്നായി,
ചെമ്മണ്ണിൽ വീണ പെയ്ത്തുവെള്ളം പോലെ!

(തികച്ചും അപരിചിതരായിരുന്നിട്ടും ആദ്യദർശനത്തിൽ തന്നെ പ്രണയബദ്ധരായപ്പോൾ നായകൻ നായികയോടു പറഞ്ഞത്)

കുറിഞ്ചിത്തിണ
കുറുന്തൊകൈ 40


யாயும் ஞாயும் யார் ஆகியரோ
எந்தையும் நுந்தையும் எம் முறைக் கேளிர்
யானும் நீயும் எவ்வழி அறிதும்
செம்புலப் பெயல் நீர் போல
அன்புடை நெஞ்சம் தாம் கலந்தனவே.

 

My mother and your mother,
what are they to each other?
My father and your father,
how are they related?
You and I,
how did we know each other?

Like rainwater that falls and
merges with the red earth, our
loving hearts have become one.

ഔവയാർ - പ്രണയമാളിക്കത്തുമ്പോൾ

 

10616181_986252208070734_8341936423186451739_nBala Saraswathi performing


എഴുന്നേറ്റുചെന്നു സർവതും തച്ചുടയ്ക്കണോ?
ചുമരിൽ തല കൊണ്ടിടിച്ചു പൊട്ടിക്കണോ?
ഭ്രാന്തു പിടിച്ചപോലെ പിച്ചും പേയും പറയണോ?
തണുത്ത കാറ്റത്തെന്റെ പ്രണയമാളിക്കത്തുമ്പോൾ
എത്ര സുഖമായിട്ടാണൂരുറങ്ങുന്നതെന്നു നോക്കൂ!

(നായിക തോഴിയോടു പറഞ്ഞത്; രാത്രിയിലെ തണുത്ത കാറ്റ് കാമുകരെ എരിപൊരി കൊള്ളിക്കുന്നതാണെങ്കിൽ ഗ്രാമക്കാർക്കത് ഉറക്കം സുഖമാകാനുള്ള കാരണമാണ്‌!)

പാലൈത്തിണ
കുറുന്തൊകൈ 28


மூட்டுவேன் கொல் தாக்குவேன் கொல்
ஓரேன் யானும் ஓர் பெற்றி மேலிட்டு
ஆஅ ஒல்லெனக் கூவுவேன் கொல்
அலமரல் அசை வளி அலைப்ப என்
உயவு நோய் அறியாது துஞ்சும் ஊர்க்கே.

Will I hit?  Will I attack?
I do not know what to do!
Will I scream ‘Ah’ and ‘Ol’
citing some reason?
The wind swirls and sways,
and this town sleeps, not
aware of my painful disease.

വെള്ളിവീതിയാർ- തൂവിപ്പോയ പാൽ

 

DSC_0124


കുട്ടി കുടിക്കാതെ, കലത്തിലും വീഴാതെ
നിലത്തു തൂവുന്ന പശുവിൻ പാലു പോലെ
എന്റെയുടലിന്റെ സൌന്ദര്യം വിളറുന്നു,
എനിക്കുതകാതെ, എന്റെ നാഥനുമുതകാതെ.

(വിരഹിണിയായ നായിക തോഴിയോടു പറഞ്ഞത്)

പാലൈത്തിണ
കുറുന്തൊകൈ 27



கன்றும் உண்ணாது கலத்தினும் படாது
நல் ஆன் தீம் பால் நிலத்து உக்காங்கு
எனக்கும் ஆகாது என்னைக்கும் உதவாது
பசலை உணீஇயர் வேண்டும்
திதலை அல்குல் என் மாமைக் கவினே.

Like sweet cow’s milk

spilt on the ground

the beauty of my complexion

paled by heartbreak

lost to my lover

lost to me


Tuesday, December 30, 2014

കപിലർ - ഒരേയൊരു സാക്ഷി


 

lieg1 copy



അവനെന്നെ രഹസ്യമായി വേട്ട നാൾ
ആ കള്ളനല്ലാതാരുമതിനു സാക്ഷിയുണ്ടായില്ല.
അവൻ നുണ പറഞ്ഞാൽ ഞാനെന്തു ചെയ്യാൻ?
തിനത്തണ്ടു പോലെ മെലിഞ്ഞ കാലുകളിൽ
ഒഴുക്കുവെള്ളത്തിലാരലും നോക്കി
ഒരു ഞാറക്കിളി പക്ഷേ, അന്നവിടെ നിന്നിരുന്നു.



(നായിക തോഴിയോടു പറഞ്ഞത്; പിന്നീടു വന്നു കണ്ടുകൊള്ളാമെന്നു പറഞ്ഞു പോയ കാമുകനെപ്പറ്റി നായിക ആവലാതി പറയുകയാണ്‌. ഏകാന്തമായ ഒരു സ്ഥലത്തു വച്ചു ചെയ്ത പ്രതിജ്ഞ ആരെ പറഞ്ഞു വിശ്വസിപ്പിക്കാൻ? ആകെ ഒരു സാക്ഷിയുണ്ടായത് ഒരു ഞാറക്കിളിയാണ്‌; അതിനു പക്ഷേ, ആരലിനെ പിടിക്കുക എന്നതല്ലാതെ മറ്റൊന്നിലും ശ്രദ്ധയുണ്ടായിരുന്നതുമില്ല!)
കുറിഞ്ചിത്തിണ
കുറുന്തൊകൈ 25


யாரும் இல்லை; தானே கள்வன்;
தான் அது பொய்ப்பின், யான் எவன் செய்கோ?
தினை தாள் அன்ன சிறு பசுங் கால
ஒழுகு நீர் ஆரல் பார்க்கும்
குருகும் உண்டு, தான் மணந்த ஞான்றே.

கபிலர்

Kurunthokai 25

There was no one there,

only that man

who is like thief.

If he lies, what can I do?

With little green legs like millet stalks,

a heron searched for eels in the running water

when he took me.

Poet:Kapilar

(Translated by George L. Hart)

Monday, December 29, 2014

പേരെയിൻ മുറുവലാർ - പ്രണയം തലയ്ക്കു പിടിച്ചാൽ

 

To_My_Valentine


മടൽക്കുതിര മേൽ സവാരി ചെയ്യും,
എരുക്കിൻ മൊട്ടു മാല കെട്ടി തലയിലണിയും,
തെരുവിൽ ആളുകളുടെ പരിഹാസപാത്രമാകും
-പ്രണയം തലയ്ക്കു പിടിച്ചവനെന്തൊക്കെച്ചെയ്യില്ല!

(നായകൻ നായികയുടെ തോഴിയോടു പറഞ്ഞത്)

കുറിഞ്ചിത്തിണ
കുറുന്തൊകൈ 17


மாவென மடலும் ஊர்ப பூவெனக்
குவி முகிழ் எருக்கங் கண்ணியும் சூடுப
மறுகின் ஆர்க்கவும் படுப
பிறிதும் ஆகுப காமம் காழ்க் கொளினே.

When love is ripe beyond bearing
and goes to seed,
men will ride even palmyra stems
as if they were horses;
will wear on their heads
the reeking cones of the erukkam bud
as if they were flowers;
will draw to themselves
the laughter of the streets;
and will do worse.

(English version by A.K.Ramanujan)

 

 

കോപ്പെരുഞ്ചോഴൻ - ഞാൻ മൂഢയായിക്കോളാം

palai


കരുണയും മമതയും തട്ടിത്തെറിപ്പിച്ചു
പണത്തിനു പിന്നാലെ പോകുന്നതാണറിവെങ്കിൽ
അയാൾ അറിവുള്ളവനായിക്കോട്ടെ;
ഞാൻ മൂഢയായിക്കോളാം.


(പണത്തിനായി നാടു വിട്ട നായകനെക്കുറിച്ച് നായിക തോഴിയോടു പറഞ്ഞത്)
പാലൈത്തിണ
കുറുന്തൊകൈ 20


அருளும் அன்பும் நீக்கித் துணை துறந்து
பொருள் வயின் பிரிவோர் உரவோர் ஆயின்
உரவோர் உரவோர் ஆக
மடவம் ஆக மடந்தை நாமே.

Kurunthokai 20, King Kōperunchōlan, Pālai Thinai – What the heroine said to her friend
My tender friend!
If abandoning one’s partner
to earn wealth, and
forgetting love and grace
is intelligence,
let him be the intelligent one.

ദേവകുലത്താർ - പാരിനെക്കാൾ പരന്നത്

images


പാരിനെക്കാൾ പരന്നതാ-
ണാകാശത്തെക്കാളുയർന്നതാ-
ണാഴിയെക്കാളാഴമേറിയതത്രേ,
തണ്ടിരുണ്ട കുറിഞ്ചിപ്പൂക്കളിൽ നിന്നു
തേനീച്ചകൾ തേനെടുക്കുന്ന കുന്നുകൾ
തനിയ്ക്കു നാടായവനോടെന്റെ പ്രണയം.

(നായിക തോഴിയോടു പറഞ്ഞത്)
കുറിഞ്ചിത്തിണ
കുറുന്തൊകൈ 3



நிலத்தினும் பெரிதே; வானினும் உயர்ந்தன்று; 

நீரினும் ஆர் அளவின்றே- சாரல்

கருங்கோல் குறிஞ்சிப்பூக் கொண்டு, 

பெருந்தேன் இழைக்கும் நாடனொடு நட்பே.

 

Bigger than earth, certainly,
higher than the sky,
more unfathomable than the waters
is this love for this man

of the mountain slopes
where bees make rich honey
from the flowers of the kurinci
that has such black stalks.

(English version by A.K.Ramanujan)

Sunday, December 28, 2014

ഇറൈയനാർ - മുടി മണക്കുന്നവൾ

index


തേൻ തേടൽ തന്നെ ജീവിതമായ വണ്ടേ,
എന്റെ ഹിതം നോക്കാതെ
നേരു നേരായിത്തന്നെ പറയൂ:
വരിയൊത്ത പല്ലുള്ളവൾ,
മയിലിനെപ്പോലഴകുള്ളവൾ,
എന്നിൽ പ്രണയമുറച്ചവൾ,
അവളുടെ മുടി പോലെ വാസനിക്കുമോ,
നീയറിഞ്ഞ പൂവുകളിലൊന്നെങ്കിലും?

(കാമുകൻ വണ്ടിനോടു പറഞ്ഞത്, നായിക അതൊളിച്ചുനിന്നു കേൾക്കുന്നുമുണ്ട്)


കുറിഞ്ഞിത്തിണ
അകനാനൂറ്‌ 2


குறுந்தொகை 2, இறையனார், குறிஞ்சித் திணை  – தலைவன் சொன்னது
கொங்கு தேர் வாழ்க்கை அம் சிறைத் தும்பி
காமம் செப்பாது கண்டது மொழிமோ
பயி்லியது கெழீஇய நட்பின் மயில் இயல்
செறி எயிற்று அரிவை கூந்தலின்
நறியவும் உளவோ நீ அறியும் பூவே.

Kurunthokai 2, Iraiyanār, Kurinji Thinai – What the hero said about his lover’s beauty
O beautiful winged bee
whose life is choosing honey!
Tell me what you found
and not what pleases me!

Is there a flower with more
fragrance than the hair of
my woman with perfect teeth,
peacock nature and enduring love?

Notes:    This is the only poem that this poet wrote. In this song, the karu elements are the bee and the flower.  Uri is the love feeling of the hero.  The word ‘thumpi‘ is used for a bee that lives drinking honey.  It has also been used for dragonfly in other Kurunthokai poems (211, 239 and 392).

link to Tamil original

കപിലർ - കള്ളക്കാമുകൻ

 

pg20a
(നായിക തോഴിയോടു പറഞ്ഞത്)

കൈകളിൽ പൊൻവള തിളങ്ങുന്ന തോഴീ,
അന്നത്തെയാ വികൃതിപ്പയ്യനെ നിനക്കോർമ്മയില്ലേ?-
നമ്മുടെ മണൽവീടുകൾ തട്ടിനിരത്തിയവൻ,
നമ്മുടെ മുടിയിൽ നിന്നു പൂക്കൾ കവർന്നോടിയവൻ,
നമ്മുടെ നൂല്പന്തുകൾ തട്ടിപ്പറിച്ചവൻ?
അന്നൊരിക്കൽ അമ്മയും ഞാനും കൂടിയിരിക്കുമ്പോൾ
ഇവിടാരുമില്ലേ, ദാഹിച്ചിട്ടു വയ്യെന്നും പറഞ്ഞു
വീട്ടുപടിക്കലവൻ വന്നുവെന്നേ;
‘പൊൻകിണ്ടിയിൽ അവനു വെള്ളം കൊടുക്കു, മോളേ’
എന്നമ്മ പറഞ്ഞപ്പോൾ അതുമായി ഞാൻ ചെന്നു.
പിന്നെയാ പോക്കിരി എന്തു ചെയ്തുവെന്നോ?
അവനെന്റെ വളയിട്ട കൈയിൽ കടന്നുപിടിച്ചു!
‘അമ്മേ,യിവൻ!’ എന്നു ഞാൻ വിളിച്ചുകൂവിയപ്പോൾ
വിരണ്ടും കൊണ്ടമ്മയോടിവന്നു.
അവൻ നിന്നു പരുങ്ങുന്നതു കണ്ടപ്പോൾ
അമ്മയോടു ഞാനൊരു നുണ പറഞ്ഞു, തോഴീ.
‘ഒന്നുമില്ലമ്മേ, വെള്ളം കുടിക്കുമ്പോൾ വിക്കിയതാണ്‌!’
പാവമമ്മ, അടുത്തിരുന്നവന്റെ പുറം തടവുമ്പോൾ
കടക്കണ്ണിലുടവനെന്നെ രൂക്ഷമായൊന്നു നോക്കി,
കള്ളച്ചിരിയോടെന്നെ നോക്കി കണ്ണിറുക്കി,
അവൻ, ആ കള്ളൻ, എന്റെ കാമുകൻ.

-കുറിഞ്ചിത്തിണ
കലിത്തൊകൈ 51

 

51
தலைவி தோழியிடம் சொன்னது
சுடர் தொடீஇ கேளாய் தெருவில் நாம் ஆடும்
மணல் சிற்றில் காலின் சிதையா அடைச்சிய
கோதை பரிந்து வரிப் பந்து கொண்டு ஓடி
நோதக்க செய்யும் சிறு பட்டி மேல் ஓர் நாள்
அன்னையும் யானும் இருந்தேமா இல்லிரே
உண்ணு நீர் வேட்டேன் என வந்தாற்கு அன்னை
அடர் பொன் சிரகத்தால் வாக்கிச் சுடர் இழாய்
உண்ணு நீர் ஊட்டி வா என்றாள் என யானும்
தன்னை அறியாது சென்றேன் மற்று என்னை
வளை முன்கை பற்றி நலியத் தெருமந்திட்டு
அன்னாய் இவன் ஒருவன் செய்தது காண் என்றேனா
அன்னை அலறிப் படர்தர தன்னை யான்
உண்ணு நீர் விக்கினான் என்றேனா அன்னையும்
தன்னைப் புறம்பு அழித்து நீவ மற்று என்னைக்
கடைக் கண்ணால் கொல்வான் போல் நோக்கி நகை கூட்டம்
செய்தான் அக் கள்வன் மகன்
51
What the heroine said to her friend

Listen my friend donning bright bangles!
That wild brat who used to kick our little sand
houses on the street with his leg, pull flower
strands from our hair, and yank striped balls
from us causing agony, came one day when
mother and I were at home.

“O, people of this house!  Please give me some
water to drink,” he said.  Mother said to me,
“Pour water in the thick gold vessel, and give it
to him to drink, my daughter with bright jewels.”
And so I went unaware that it was him.

He seized my bangled wrist and squeezed it,
shocking me.  “Mother, see what he has done,”
I shouted.
My distressed mother came running with a shriek
and I said to her “He had hiccups drinking water.”
Mother stroked his back gently, and asked him to
drink slowly.

He looked at me through the corners of his eyes,
smiled greatly, and gave me killer looks, that thief!

link to the Tamil original

ഈ സംഘം കവിതയ്ക്കു നൃത്തരൂപം നല്കിയ അലർമേൽ വല്ലി ഇങ്ങനെ പറയുന്നു:

"I remember, around 12 years ago, my mother rushing into my room, all excited about a translation of a poem from the Kalithogai (one of the Sangam anthologies) that she had just read. Interestingly, it was not one of Shri. A.K. Ramanujam's famous translations (which are responsible in no small measure in granting Sangam poetry international recognition), to which I was introduced only later. The poem was a revelation to me, though I had had a brief taste of Sangam poetry in School. The poem was about a moment of transition between childhood and adolescence in a young girl. The images virtually came leaping off the pages at me. It seemed to have been written expressly for dance! My fascination for these poems began that day and the enchantment has only grown stronger over the years.”

Monday, December 22, 2014

ടാഗോർ - പ്രാർത്ഥന

tagore


മനസ്സു ഭയശൂന്യമായിരിക്കുന്നതെവിടെ,
ശിരസ്സുയർന്നു നിൽക്കുന്നതെവിടെ,
ഇടുങ്ങിയ വീട്ടുമൺചുമരുകൾ രാപകൽ
ലോകത്തെ ശകലിതമാക്കാതിരിക്കുന്നതെവിടെ,
വാക്കുകൾ ഹൃദയത്തിൽ നിന്നുറവെടുക്കുന്നതെവിടെ,
കർമ്മങ്ങൾ ചരിതാർത്ഥയത്നങ്ങളാകുന്നതെവിടെ,
ദുരാചാരത്തിന്റെ ഊഷരമായ മണല്പരപ്പിൽ
ചിന്തയുടെ നീർച്ചാലു വരളാത്തതെവിടെ,
പൌരുഷം സ്ഥിരചിത്തമായിരിക്കുന്നതെവിടെ,
കർമ്മചിന്തകളുടെ വികസ്വരചക്രവാളം
മനസ്സുകൾക്കു നീ കാട്ടിക്കൊടുക്കുന്നതെവിടെ,
നിൻ കൈയാൽ നിഷ്കരുണം പ്രഹരിച്ചെന്റെ പിതാവേ,
ആ സ്വർഗ്ഗത്തിലേക്കെന്റെ നാടിനെ ഉയർത്തേണമേ!

(നൈവേദ്യ - ജൂൺ‍ 1901)


Chitto jetha voi shunno , Uccho jetha shir

gyan jetha mukto , jetha griher prachir

apon prangon tole dibos shorbori

bosudhare rakhe nai khondo khudro kori

jetha bakko ridoyer utsomukh hote

ucchosia uthe, jetha nirbarito srote

deshe deshe dishe dishe kormodhara dhai

ojosro sohosro bidho choritarthotai ,

jetha tuccho acharer morubalu rashi

bicharer sroto poth fele nai grasi

pourushere kore ni shotodha , nitto jetha

tumi sorbo kormo chinta anonder neta ,

nij hoste nirdoi aghat kori pita

Bharotere sei sorge koro jagorito

 

Where the mind is without fear and the head is held high;
Where knowledge is free;
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way
Into the dreary desert sand of dead habit;
Where the mind is led forward by thee
Into ever-widening thought and action;
Into that heaven of freedom, Father, let my country awake.

Saturday, December 20, 2014

ഹീനെ - ആമ്പൽ

images


സൂര്യദേവന്റെ ഭീഷണദീപ്തി കാണുമ്പോൾ
ആമ്പൽപ്പൂവു ഭീതി കൊണ്ടു വിറയ്ക്കുന്നു;
ഇതളുകൾ വിടർന്ന മുഖമവൾ താഴ്ത്തുന്നു,
രാത്രിയെ സ്വപ്നം കണ്ടു വാടിക്കിടക്കുന്നു.

പിന്നെ ചന്ദ്രൻ, അവളുടെ കാമുകനായവൻ,
തന്റെ വെളിച്ചം കൊണ്ടവളെയുണർത്തുന്നു;
അത്രമേൽ വിമലമായ തന്റെ പ്രഫുല്ലമുഖം
അവളവനായി മറനീക്കിക്കാണിയ്ക്കുന്നു.

അവൾ വിരിയുന്നു, എരിയുന്നു, തെളിയുന്നു,
അവനെ നോക്കി മൌനമായി നില്ക്കുന്നു;
അവൾ നിശ്വസിക്കുന്നു, വിറയ്ക്കുന്നു, തേങ്ങുന്നു,
പ്രേമത്തോടെ. പ്രേമത്തിന്റെ വേദനയോടെ.



Friday, December 19, 2014

ഹീനേ - പ്രണയകവിത

wpid-http3a2f2fimagescale-tumblr-com2fimage2f12802f319f68432ca061458461c27a7f31eae22ftumblr_mi6pf1oqjk1r3dkygo1


ഇരുവർക്കും അന്യോന്യം സ്നേഹമായിരുന്നു,
ഇരുവരും അന്യോന്യമതു പറഞ്ഞിട്ടുമില്ല;
ഉള്ളിൽ പ്രണയം കൊണ്ടെരിയുമ്പോഴും
അവർ കൈമാറിയതു തണുത്ത നോട്ടമായിരുന്നു.

ഒടുവിലെന്നോ അവർ തമ്മിൽ പിരിഞ്ഞു,
സ്വപ്നങ്ങളിലല്ലാതെ പിന്നവർ കണ്ടിട്ടുമില്ല;
ഒടുവിലെന്നോ പിന്നെയവർ മരിക്കുകയും ചെയ്തു,
തങ്ങൾക്കന്യോന്യം സ്നേഹമായിരുന്നുവെന്നറിയാതെ.


 

Thursday, December 18, 2014

ടാഗോർ - അമ്പലമുറ്റത്ത്...


tagore_by_satyajit
അമ്പലമുറ്റത്തു മേള നടക്കുകയായിരുന്നു.
പുലർച്ച മുതൽ പെയ്ത മഴയ്ക്കൊടുവിൽ
ഇപ്പോൾ നേരമിരുളുകയുമായിരുന്നു.

ആളുകളുടെ ആഹ്ളാദത്തെക്കാൾ തെളിഞ്ഞതായിരുന്നു,
ഒരണയ്ക്ക് ഒരോലപ്പീപ്പി വാങ്ങിയ
ഒരു പെൺകുട്ടിയുടെ മുഖത്തെ തെളിഞ്ഞ പുഞ്ചിരി.

ഉത്സവപ്പറമ്പിലെ കളിചിരികൾക്കു മേൽ
ഒരോലപ്പീപ്പിയുടെ ചൂളമൊഴുകിനടന്നു.

ആളുകൾ തിക്കിത്തിരക്കുകയായിരുന്നു,
വഴികളാകെ ചെളി കുഴഞ്ഞിരുന്നു,
പുഴയിൽ വെള്ളം പെരുകിയിരുന്നു,
തോരാത്ത മഴയിൽ പാടം മുങ്ങിപ്പോയിരുന്നു.

ആളുകളുടെ വിഷമങ്ങളെക്കാളൊക്കെ വലുതായിരുന്നു,
ഒരു കൊച്ചുകുട്ടിയുടെ വിഷമം-
ഒരു കിലുക്കാമ്പെട്ടി വാങ്ങാൻ ഒരണ അവനുണ്ടായില്ല.

കൊതിയോടെയും നിരാശയോടെയും
കടയിലേക്കു നോക്കിനില്ക്കുന്ന അവന്റെ കണ്ണുകൾ
ആ ജനസംഗമത്തെ എത്ര ദയനീയമാക്കിത്തീർത്തു!
(ഉദ്യാനപാലകൻ)


Wednesday, December 17, 2014

ടാഗോർ - അവരും നീയും

tagore2

എനിക്കടുത്തിരിക്കുന്നവരറിയുന്നില്ല,
അവരിലുമടുത്താണെനിക്കു നീയെന്ന്;
എന്നോടു മിണ്ടുന്നവരറിയുന്നില്ല,
നീ പറയാത്ത വാക്കുകൾ കൊണ്ടു നിറഞ്ഞതാണെന്റെ ഹൃദയമെന്ന്;
എന്റെ വഴിയിൽ തിക്കിത്തിരക്കുന്നവരറിയുന്നില്ല,
നിന്നോടൊത്തൊറ്റയ്ക്കു നടക്കുകയാണു ഞാനെന്ന്;
എന്നെ സ്നേഹിക്കുന്നവരറിയുന്നില്ല,
നിന്നെയെന്നിലേക്കു വരുത്തുകയാണവരുടെ സ്നേഹമെന്ന്.

Sunday, December 14, 2014

ജ്യൂസപ്പെ ഉംഗറെട്ടി - 2

 

ungaretti


ഇടച്ചിൽ


ചെന്നായവിശപ്പോടെ
എന്റെയുടലെന്ന കുഞ്ഞാടിനെ
ഞാൻ വലിച്ചുകീറുന്നു

തുണയറ്റ തോണി പോലെയാണു
ഞാൻ
കാമം മൂത്ത കടൽ പോലെയും



സാൻ മാർട്ടിനോ ഡെൽ കാർസോ
1916 ആഗസ്റ്റ് 27



ചുമരിന്റെ ചില ചീളുകളല്ലാതെ
ഈ വീടുകളുടേതായി
യാതൊന്നും ശേഷിച്ചിട്ടില്ല

ഞാൻ ജീവിതം പങ്കിട്ടവരുടേതായി
അത്രപോലും ശേഷിച്ചിട്ടില്ല

അവരിലൊരാളുടെയും കുരിശുകൾ
എന്റെ നെഞ്ചിലുയരാതെയില്ല

എന്റെ ഹൃദയം പോലിത്രയും
തകർന്നമ്പിയ ദേശം വേറെയില്ല



ക്രിസ്തുമസ്
നേപ്പിൾസ്, 1916 ഡിസംബർ 26


തെരുവുകളുടെ
നൂലാമാലയിൽ
ചെന്നുചാടാൻ
എനിക്കാഗ്രഹമില്ല

അത്ര തളർന്നതാണ്‌
എന്റെ
ചുമലുകൾ

ഒരു മൂലയ്ക്കു
മറന്നുവച്ച
വസ്തു പോലെ
എന്നെ വിടൂ

ഈ ഇളംചൂടു
മാത്രമായി
ഞാനിരിക്കാം

അടുപ്പിൽ
തല കുത്തി മറിയുന്ന
പുകയുടെ
കളി കണ്ടും


Saturday, December 13, 2014

ജ്യൂസപ്പെ ഉംഗറെട്ടി

ungaretti1


നിത്യത


ഇറുത്ത പൂവിനും
കൊടുത്ത മറ്റൊന്നിനുമിടയിൽ
അവാച്യമായൊരു ശൂന്യത.


ഇന്നു രാത്രി


തെന്നലിന്റെ അഴിവേലി
ഇന്നു രാത്രിയിൽ
എന്റെ വിഷാദത്തെ
ചാരിയിരുത്താൻ


അസ്തമയം


പ്രണയമെന്ന നാടോടിക്കായി
മരുപ്പച്ചകളെ തട്ടിയുണർത്തുന്നു
ആകാശത്തിന്റെ തുടുത്ത മുഖം

(വേർസ 1916 മേയ് 20)


വിദൂരം


ഒരു വിദൂരദേശത്തിന്റെ
വിദൂരതയിൽ
ഒരന്ധനെയെന്നപോലെ
അവരെന്നെയുപേക്ഷിച്ചു

(വേർസ 1917 ഫെബ്രുവരി 15)


പട്ടാളക്കാർ


ഇവിടെ ഞങ്ങൾ
ശരൽക്കാലത്ത്
മരങ്ങളിൽ
ഇലകൾ പോലെ


 

 

Thursday, December 11, 2014

മരീന സ്വെറ്റായെവ - എനിക്കു നിന്നോടൊപ്പം ജീവിക്കണം...

 



...എനിക്കു നിന്നോടൊപ്പം ജീവിക്കണം,
ഒരു കൊച്ചുഗ്രാമത്തിൽ,
ഒരിക്കലും മായാത്ത അന്തിവെളിച്ചത്തിനുള്ളിൽ,
ഒരിക്കലുമടങ്ങാത്ത മണിനാദങ്ങൾക്കിടയിൽ.
ഒരു ഗ്രാമസത്രത്തിൽ-
പുരാതനമായൊരു ഘടികാരത്തിന്റെ
നേർത്ത മണിനാദം-
കാലം തുള്ളിയിറ്റുന്നപോലെ.
പിന്നെ ചിലപ്പോൾ, ചില സന്ധ്യകളിൽ,
ഏതോ മച്ചുമ്പുറത്തെ മുറിയിൽ നിന്നും
ഒരു പുല്ലാങ്കുഴൽ,
ജനാലയ്ക്കൽ പുല്ലാങ്കുഴൽ വായിക്കുന്നവനും.
ജനാലപ്പടികളിൽ കൂറ്റൻ ട്യൂലിപ്പുകൾ.
നിനക്കെന്നെ സ്നേഹമല്ലെന്നുമാവാം.

മുറിയ്ക്കു നടുവിൽ ഓടു കൊണ്ടുള്ള വലിയൊരു സ്റ്റൌ,
ഓടുകളോരോന്നിലും ചിത്രങ്ങൾ-
ഒരു ഹൃദയം, ഒരു പായവഞ്ചി, ഒരു പനിനീർപ്പൂവ്.
മുറിയ്ക്കാകെയുള്ള ജനാലയ്ക്കു പുറത്ത്
മഞ്ഞ്, മഞ്ഞ്, പുതമഞ്ഞ്.

നീ കിടക്കുകയാവും:
ആ കിടപ്പിന്റെ പടുതി എനിക്കിഷ്ടവുമാണ്‌-
അലസനായി, ഉദാസീനനായി, നിർമ്മമനായി.
ഇടയ്ക്കൊന്നോ രണ്ടോ തവണ
തീപ്പെട്ടിയുരയ്ക്കുന്ന പരുഷശബ്ദം.

സിഗരറ്റ് കത്തുന്നു, പിന്നെ അണയുന്നു,
അതിനറ്റത്തേറെനേരം നിന്നു വിറയ്ക്കുന്നു,
നരച്ച മുരടു പോലെ- ചാരം.
അതു തട്ടിക്കളയാൻ പോലും നിനക്കു മടിയാകുന്നു-
പിന്നെ എറ്റിയെറിഞ്ഞ ഒരു സിഗററ്റ്
തീയിൽ ചെന്നുവീഴുന്നു.


I’d like to live with You
In a small town,
Where there are eternal twilights
And eternal bells.
And in a small village inn—
The faint chime
Of ancient clocks—like droplets of time.
And sometimes, in the evenings, from some garret—
A flute,
And the flautist himself in the window.
And big tulips in the window-sills.
And maybe, You would not even love me…

In the middle of the room—a huge tiled oven,
On each tile—a small picture:
A rose—a heart—a ship.—
And in the one window—
Snow, snow, snow.

You would lie—thus I love You: idle,
Indifferent, carefree.
Now and then the sharp strike
Of a match.

The cigarette glows and burns down,
And trembles for a long, long time on its edge
In a gray brief pillar—of ash.
You’re too lazy even to flick it—
And the whole cigarette flies into the fire.

— Marina Tsvetaeva

Monday, December 8, 2014

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റിൽക്കെ അയച്ച കത്തുകൾ-4



rilke3
വോർപ്‌സ്വീഡ്, ബ്രെമനു സമീപം
1903 ജൂലൈ 16

തീരെ സുഖമില്ലാതെയും ക്ഷീണിതനായും പത്തു ദിവസം മുമ്പ് ഞാൻ പാരീസിൽ നിന്ന് ഈ വടക്കൻ സമതലത്തിലേക്കു പോന്നു; ഇപ്രദേശത്തിന്റെ വിപുലതയും നിശബ്ദതയും ആകാശവും ആരോഗ്യം വീണ്ടെടുക്കാൻ എന്നെ സഹായിക്കുമെന്നതിൽ സംശയിക്കാനില്ല; പക്ഷേ തോരാതെ മഴ പെയ്യുന്നൊരു കാലത്തായിപ്പോയി ഞാൻ ഇവിടെയെത്തിയത്; നിർത്താതെ കാറ്റു വീശുന്ന ഈ ദേശത്ത് ഇന്നിപ്പോഴാണ്‌ മഴയ്ക്കൊരു ശമനമുണ്ടായത്. തെളിച്ചത്തിന്റെ ഈ നിമിഷം നിങ്ങളോടു കുശലം പറയാൻ ഉപയോഗപ്പെടുത്തട്ടെ, പ്രിയപ്പെട്ട സർ.
പ്രിയപ്പെട്ട കപ്പൂസ്, നിങ്ങളുടെ കത്ത് എന്റെ മറുപടി പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുന്നു. ഞാനതിനെ മറവിയിൽ തള്ളി എന്നല്ല; മറിച്ച്, മറ്റു കത്തുകളുടെ കൂട്ടത്തിൽ കാണുമ്പോൾ വീണ്ടുമെടുത്തു വായിക്കുന്ന തരത്തിൽപ്പെട്ടതൊന്നാണത്. വായിക്കുന്തോറും നിങ്ങൾ എനിക്കത്ര സമീപസ്ഥനാണെന്ന് എനിക്കു തോന്നുകയുമായിരുന്നു. മേയ് രണ്ടാം തീയതിയിലെ കത്താണത്; നിങ്ങൾക്ക് അതോർമ്മയുണ്ടാവണം. ഈ വിദൂരദേശത്തെ വിപുലമൌനത്തിലിരുന്ന് വീണ്ടും ഈ കത്തു വായിക്കുമ്പോൾ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ മനോഹരമായ ആകാംക്ഷകൾ പാരീസിൽ വച്ചെന്നതിനെക്കാൾ എന്റെ മനസ്സിനെ സ്പർശിച്ചുപോവുകയാണ്‌!; അവിടെയാകട്ടെ, ഭൂമി കുലുക്കുന്ന ആ ഒച്ചപ്പാടിൽ എന്തും നമ്മുടെ കാതിലേക്കെത്തുന്നത് വ്യത്യസ്തമായൊരു പ്രകാരത്തിലാണല്ലോ. ഇവിടെ, കടൽക്കാറ്റുകൾ മേയുന്ന ഈ പ്രബലപ്രകൃതി വലയം ചെയ്തുനിൽക്കെ, എനിക്കു തോന്നുകയാണ്‌, ഒരു മനുഷ്യനുമാവില്ല, താങ്കളുടെ ആ ചോദ്യങ്ങൾക്കു മറുപടി നല്കാനെന്ന്, ഉള്ളിന്റെയുള്ളിൽ സ്വന്തമായൊരു ജീവിതമുള്ള ആ അനുഭൂതികളെ വിശദീകരിക്കാനെന്ന്. എന്തെന്നാൽ, എത്രയും സൂക്ഷ്മമായ, അവാച്യമെന്നുതന്നെ പറയാവുന്ന അനുഭൂതികളെക്കുറിച്ചു പറയേണ്ടി വരുമ്പോൾ ഏതു കേമനായ എഴുത്തുകാരനും കാലിടറും.
അതങ്ങനെയാണെങ്കിൽക്കൂടി, ഈ നിമിഷം എന്റെ കണ്ണുകളെ ഉന്മേഷപ്പെടുത്തുന്ന ഈ വസ്തുക്കളോടു സദൃശമായമായവയിലാണു നിങ്ങൾ പറ്റിച്ചേർന്നു നിൽക്കുന്നതെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെപോകില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയിൽ, അതിന്റെ സാരള്യത്തിൽ, കണ്ണിൽപ്പെടാൻ കൂടിയില്ലാത്ത വിധത്തിൽ അത്ര നിസ്സാരമെങ്കിലും പൊടുന്നനേ വിശ്വരൂപമെടുത്തേക്കാവുന്ന ചെറിയവയിൽ നിങ്ങൾ വിശ്വാസമർപ്പിക്കുമെങ്കിൽ; എളിമയുള്ളതുകളോടാണു നിങ്ങൾക്കു മമതയെങ്കിൽ, നിസ്സാരങ്ങളുടെ സ്നേഹമാർജ്ജിക്കാൻ ഒരു സേവകനെപ്പോലെ നിങ്ങൾ ശ്രമിക്കുമെങ്കിൽ; എങ്കിൽ സർവതും നിങ്ങൾക്കു കൂടുതൽ അനായാസമാവുകയാണ്‌, കൂടുതൽ സന്തുലിതവും യുക്തവുമാവുകയാണ്‌- നിങ്ങളുടെ ബോധമനസ്സിനല്ല- അത് അത്ഭുതസ്തബ്ധമായി പിൻവലിയുകയാണല്ലൊ- നിങ്ങളിൽ അന്തര്യാമിയായ ബോധത്തിന്‌, ജാഗ്രതയ്ക്ക്, ജ്ഞാനത്തിന്‌.
നിങ്ങൾ തീരെ ചെറുപ്പമാണ്‌; തുടക്കങ്ങൾ വരാൻ കിടക്കുന്നതേയുള്ളു; അതിനാൽ പ്രിയപ്പെട്ട കപ്പൂസ്, എനിക്കായ വിധം ഞാൻ നിങ്ങളോടപേക്ഷിക്കട്ടെ: നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ ഒരല്പം ക്ഷമ കാണിക്കുക, ആ ചോദ്യങ്ങളെത്തന്നെ സ്നേഹിക്കാൻ പഠിക്കുക, അടഞ്ഞുകിടക്കുന്ന മുറികളെയെന്നപോലെ, നമുക്കു തീർത്തുമന്യമായ ഭാഷയിലെഴുതിയ പുസ്തകങ്ങളെപ്പോലെ. ഉത്തരങ്ങൾ തേടിപ്പോകരുത്; അവ സ്വീകരിക്കാൻ ഇപ്പോൾ നിങ്ങൾ അർഹനായിട്ടില്ല, കാരണം, അവയെ അനുഭവമാക്കാനുള്ള കഴിവു നിങ്ങൾക്കായിട്ടില്ല എന്നുതന്നെ. സർവതും അനുഭവമാവുക എന്നതിലാണു കാര്യം. ഇപ്പോൾ ചോദ്യങ്ങൾ നിങ്ങൾക്കനുഭവമാകട്ടെ. എങ്കിൽ വിദൂരഭാവിയിലൊരു നാൾ പതിയെപ്പതിയെ, നിങ്ങൾ പോലുമറിയാതെ ഉത്തരങ്ങൾ നിങ്ങൾക്കനുഭവമായെന്നു വരാം. തീർത്തും സംതൃപ്തവും ആഹ്ളാദപ്രദവും നിർമ്മലവുമായ ഒരു ജീവിതശൈലി തനിക്കായി മനസ്സിൽ കാണാനും ആസൂത്രണം ചെയ്യാനും നടപ്പിൽ വരുത്താനുമുള്ള ശക്തി നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നുവെന്നുതന്നെയും വരാം. അതിനായി സ്വയം പരിശീലിപ്പിക്കുക; അതേ സമയം, വരുന്നതെന്തിനെയും, നിങ്ങളുടെ സ്വതന്ത്രേച്ഛയിൽ നിന്നാണതു വരുന്നതെങ്കിൽ, നിങ്ങളുടെ അന്തരാത്മാവിന്റെ ഒരാവശ്യത്തിൽ നിന്നാണു വരുന്നതെങ്കിൽ, പൂർണ്ണവിശ്വാസത്തോടെ കൈക്കൊള്ളുക, ഒന്നിനെയും വെറുക്കാതിരിക്കുക.
ലൈംഗികത ദുഷ്കരമാണ്‌; അതെ, അതു ദുഷ്കരം തന്നെയാണ്‌. പക്ഷേ നമുക്കു പറഞ്ഞിട്ടുള്ള ഉദ്യമങ്ങളിൽ ദുഷ്കരമല്ലാത്തതായി ഏതിരിക്കുന്നു? സാരമായിട്ടുള്ളതെല്ലാം ദുഷ്കരമാണ്‌, സാരമല്ലാത്തതായി ഒന്നുമില്ലതാനും. ഇതംഗീകരിക്കാൻ നിങ്ങൾക്കായാൽ, നിങ്ങളിൽ നിന്ന്, നിങ്ങളുടെ സ്വന്തം പ്രകൃതത്തിലും മനോഭാവത്തിലും നിന്ന്, നിങ്ങളുടെ സ്വന്തം അനുഭവസമ്പത്തിൽ നിന്ന്, നിങ്ങളുടെ കരുത്തുകളിൽ നിന്ന്, നിങ്ങളുടെ ബാല്യകാലത്തിൽ നിന്ന് പൂർണ്ണമായും നിങ്ങളുടേതായ ഒരു ബന്ധം (മാമൂലുകൾ സ്വാധീനിക്കാത്തതായ ഒന്ന്) ലൈംഗികതയോടു രൂപപ്പെടുത്താൻ നിങ്ങൾക്കായാൽ, എങ്കിൽ നിങ്ങൾ വ്യക്തിത്വമില്ലാത്തവനാവുമെന്നോ, നിങ്ങളുടെ ഏറ്റവും അനർഘമായ സ്വത്തായ ലൈംഗികതയ്ക്ക് നിങ്ങൾ അർഹനല്ലാതാവുമെന്നോ പിന്നെ പേടിക്കാനില്ലാതാവുന്നു.
ഉടലിന്റെ ആനന്ദങ്ങളെ മറ്റേതൊരു ഐന്ദ്രിയാനുഭവം പോലെ തന്നെ എടുത്താൽ മതി- ശുദ്ധമായ കാഴ്ച പോലെ, നന്നായി പഴുത്ത ഒരു മധുരഫലം നാവിൽ നിറയുമ്പോലെ. നമുക്കു നല്കപ്പെട്ട മഹത്തായതും അനന്തവുമായ ജ്ഞാനമാണത്, എല്ലാ ജ്ഞാനത്തിന്റെയും പൂർണ്ണതയും മഹിമയുമാണത്. അതിനെ കൈക്കൊള്ളുന്നതിൽ ഹീനമായിട്ടൊന്നുമില്ല. മിക്കവരും അതിനെ ദുരുപയോഗപ്പെടുത്തുന്നു, ദുർവ്യയം ചെയ്യുന്നു എന്നതാണു ഹീനമായിട്ടുള്ളത്. തങ്ങളുടെ ഏറ്റവും ഉന്നതമായ മുഹൂർത്തങ്ങളിലേക്കുള്ള മാർഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നതിനു പകരം സ്വന്തം ജീവിതത്തിലെ വിരസവും ക്ഷീണിതവുമായ ഇടങ്ങളിൽ ഒരു പ്രലോഭനമായിട്ടാണ്‌ അവരതിനെ കാണുന്നത്.
ഭക്ഷണം കഴിക്കുന്നതിനെപ്പോലും മനുഷ്യൻ മറ്റൊന്നായി മാറ്റിയിരിക്കുന്നു. ഒരിടത്തു കുറവും മറ്റൊരിടത്തു കൂടുതലും ആ അടിസ്ഥാനപരമായ ആവശ്യത്തെപ്പോലും കലുഷമാക്കിയിരിക്കുന്നു. ഇതേ പ്രകാരം തന്നെ കലുഷമായിരിക്കുന്നു, ജീവിതം സ്വയം നവീകരിക്കുന്ന സരളവും അഗാധവുമായ എല്ലാ ആവശ്യങ്ങളും. വ്യക്തിക്കു പക്ഷേ, അവയെ തെളിച്ചെടുക്കാവുന്നതേയുള്ളു, ആ തെളിമയിൽ ജീവിക്കാവുന്നതേയുള്ളു- അന്യരെ അമിതമായി ആശ്രയിക്കുന്നില്ല അയാളെങ്കിൽ, ഏകാന്തതയുമായി ഉടമ്പടിയിലാണയാളെങ്കിൽ.
ജന്തുക്കളിലും സസ്യങ്ങളിലുമുള്ള സൌന്ദര്യം സ്നേഹത്തിന്റെയും അഭിലാഷത്തിന്റെയും മൂകവും ചിരന്തനവുമായ രൂപമാണെന്നും നാമോർക്കുക. സസ്യങ്ങളെപ്പോലെതന്നെ വേണം നാം ജന്തുക്കളെയും വീക്ഷിക്കുക- ക്ഷമാപൂർവ്വമായും സ്വേച്ഛയോടെയും വളരുകയും പെരുകുകയുമാണവ; അതുപക്ഷേ, ഭൌതികമായ സുഖത്തിലും വേദനയിലും നിന്നല്ല, അവയെക്കാളുന്നതവും സ്വേച്ഛയെക്കാൾ, പ്രതിരോധത്തെക്കാൾ ശക്തവുമായ ആവശ്യകതകൾക്കു വഴങ്ങിയിട്ടാണ്‌. ഈ രഹസ്യം കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌, ഭൂമി അതിന്റെ ഏറ്റവും നിസ്സാരമായ വസ്തുക്കൾ വരെ. ഹാ, അതിനെ നിസ്സാരമായി കാണാതെ എളിമയോടെ ആ രഹസ്യത്തെ കൈയേല്ക്കാൻ നമുക്കായെങ്കിൽ, ഭവ്യതയോടെ കൊണ്ടുനടക്കാൻ നമുക്കായെങ്കിൽ, അതിനെ നിസ്സാരമായി കാണാതെ എത്ര ഭയാനകമാം വിധത്തിൽ ദുഷ്കരമാണതെന്നറിയാൻ നമുക്കു കഴിഞ്ഞെങ്കിൽ!
തന്നിലെ ഉർവരതയെ ഭക്തിയോടെ കാണാൻ മനുഷ്യനായെങ്കിൽ! ആത്മീയമോ ഭൌതികമോ ആയിട്ടാണതിന്റെ ആവിഷ്കാരങ്ങളെന്നു തോന്നിയാലും സാരാംശത്തിൽ രണ്ടും ഒന്നു തന്നെ. കാരണം, ആത്മീയമായ ഒരു സൃഷ്ടിയും മുളയെടുക്കുന്നത് ഭൌതികതയിലാണ്‌, രണ്ടിനും ഒരേ പ്രകൃതിയുമാണ്‌; ശാരീരികാനന്ദങ്ങളുടെ കുറച്ചുകൂടി സൌമ്യവും നിർവൃതിദായകവും ചിരന്തനവുമായ ഒരാവർത്തനമാണെന്നേയുള്ളു മറ്റേത്. ‘സ്രഷ്ടാവാകാനുള്ള, ജനയിതാവാകാനുള്ള, രൂപപ്പെടുത്തിയെടുക്കാനുള്ള തൃഷ്ണ’ ഭൌതികലോകത്ത് അതു സാക്ഷാല്ക്കരിക്കപ്പെടുന്നില്ലെങ്കിൽ, ജന്തുക്കളുടെയും വസ്തുക്കളുടെയും അളവറ്റ സമ്മതി അതിനു ലഭിക്കുന്നില്ലെങ്കിൽ ഒന്നുമല്ലാതായിപ്പോകുന്നു. സൃഷ്ടിയിൽ നാം അനുഭവിക്കുന്ന ആനന്ദം അവാച്യമാം വിധത്തിൽ സുന്ദരവും സമ്പുഷ്ടവുമാണെങ്കിൽ അതിനു കാരണം പ്രജനനത്തിന്റെയും ജനനത്തിന്റെയും കോടിക്കണക്കായ മുഹൂർത്തങ്ങളുടെ സ്മൃതിപരമ്പര അതിൽ നിറയുന്നു എന്നതുതന്നെ. സൃഷ്ടി എന്നൊരു ചിന്ത ഒരാളുടെ മനസ്സിൽ ഉദയം കൊള്ളുമ്പോൾ പ്രണയത്തിന്റെ ഒരായിരം വിസ്മൃതരാത്രികൾ അതിൽ വീണ്ടും ജന്മമെടുക്കുകയാണ്‌, അതിനെ ഗംഭീരവും ഉദാത്തവുമാക്കുകയാണ്‌. രാത്രികളിൽ തമ്മിലൊരുമിക്കുന്നവർ, ത്രസിക്കുന്ന തൃഷ്ണയോടെ ഉടലുകൾ കെട്ടിവരിയുന്നവർ, അവർ ഭവ്യമായ ഒരനുഷ്ഠാനം നിർവഹിക്കുകയാണ്‌, അവാച്യമായ പ്രഹർഷങ്ങളെക്കുറിച്ചു പറയാൻ ഭാവിയിൽ ജനിക്കാനിരിക്കുന്ന ഏതോ കവിയുടെ ഗീതത്തിനായി മാധുര്യവും ഗഹനതയും ബലവും ശേഖരിച്ചുവയ്ക്കുകയാണ്‌. അവർ ഭാവിയെ ആവാഹിച്ചുവരുത്തുകയാണ്‌; ഇനിയഥവാ, അവർക്കൊരു സ്ഖലിതം പിണഞ്ഞുവെന്നിരിക്കട്ടെ, അന്ധതയോടെയാണ്‌ അവർ ആശ്ളേഷിക്കുന്നതെന്നിരിക്കട്ടെ, എന്നാൽക്കൂടി ഭാവി വന്നുചേരുകതന്നെ ചെയ്യും, പുതിയൊരു മനുഷ്യജീവി ജന്മമെടുക്കും, യാദൃച്ഛികതയ്ക്കു മേൽ പ്രകൃതിനിയമം പ്രയുക്തമാവും, ബലിഷ്ഠവും അപ്രതിരോധ്യവുമായ ഒരു ബീജം തനിക്കായി സ്വയം തുറക്കുന്ന ഒരണ്ഡത്തിലേക്ക് ഊറ്റത്തോടെ പ്രവേശിക്കുകയും ചെയ്യും.
വസ്തുക്കളുടെ ഉപരിതലം കണ്ടു വഴി തെറ്റാൻ നിന്നുകൊടുക്കരുത്; ആഴങ്ങളിൽ എല്ലാം നിയമമത്രെ. ആ നിഗൂഢത അയഥാർത്ഥമായി, വികലമായി അനുഭവിക്കുന്നവർക്ക് - അങ്ങനെയുള്ളവർ കുറച്ചൊന്നുമല്ല- അതു നഷ്ടപ്പെടുന്നുണ്ടെങ്കിലും ആ നഷ്ടം അവരെ സംബന്ധിച്ചു മാത്രമേയുള്ളു. ആ നിഗൂഢതയെക്കുറിച്ചജ്ഞരാണെങ്കിലും അതവർ അടുത്ത തലമുറയിലേക്കു പകരുന്നുണ്ട്, മുദ്ര വച്ച ഒരു കത്ത് കൊണ്ടേല്പിക്കുമ്പോലെ. പേരുകൾ എത്രയാണെന്നതും എത്ര സങ്കീർണ്ണമാണ്‌ ഓരോ ജീവിതമെന്നോർത്തും മനസ്സു കലുഷമാക്കുകയുമരുത്. പ്രബലമായ ഒരു മാതൃഭാവം പരസ്പരാകർഷണത്തിന്റെ രൂപത്തിൽ സർവതിനും മേലുണ്ടെന്നുമാവാം.
ഒരു കന്യകയുടെ,  നിങ്ങൾ അതിമനോഹരമായി പറഞ്ഞപോലെ ഇനിയുമൊന്നും കൈയവരിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ സൌന്ദര്യം എന്നു പറയുന്നത് അവളുടെ മാതൃത്വമാണ്‌, അതിന്റെ പ്രതീക്ഷയാണ്‌; അതിന്റെ ഒരുക്കങ്ങളും ഉത്കണ്ഠകളും അഭിലാഷങ്ങളുമാണ്‌. അമ്മയുടെ സൌന്ദര്യമാകട്ടെ, ശുശ്രൂഷിക്കുന്ന മാതൃത്വത്തിന്റേതും. പ്രായമായ ഒരു സ്ത്രീയിൽ അതൊരു വിപുലസ്മൃതിയുമാകുന്നു.
പുരുഷനിലുമുണ്ട് ഒരു മാതൃഭാവമെന്നെനിക്കു തോന്നുന്നു, ശാരീരികമായും ആത്മീയമായും. പ്രജനനം ഒരു തരത്തിൽ പ്രസവം കൂടിയാണ്‌; പ്രസവം തന്നെയാണ്‌, അയാൾ തന്റെ ഉള്ളിന്റെയുള്ളിൽ നിന്ന് സൃഷ്ടി നടത്തുമ്പോൾ സംഭവിക്കുന്നതും.
ആണിനും പെണ്ണിനും തമ്മിൽ നാം കരുതുന്നതിനെക്കാൾ അടുപ്പമുള്ള ബന്ധമായിരിക്കാമുള്ളത്. ലോകത്തിന്റെ നവോത്ഥാനം ഒരുപക്ഷേ, ഇതിലായിരിക്കാം: സ്ത്രീയും പുരുഷനും, സകലവിധ ചിന്താകാലുഷ്യങ്ങളിലും വിദ്വേഷങ്ങളിലും നിന്നു മുക്തരായി, ഒരാൾ തന്റെ വിപരീതത്തെ എന്നല്ലാതെ സ്വന്തം സഹോദരനെയോ സഹോദരിയേയോ ഒരയൽക്കാരനെയോ എന്നപോലെ അന്യോന്യം തേടുക; മനുഷ്യജീവികളായി തമ്മിലൊരുമിക്കുക; തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ലൈംഗികത എന്ന ഭാരിച്ച ചുമതല ഗൌരവത്തോടെയും ക്ഷമയോടെയും ഒരുമിച്ചു വഹിക്കുക.
ഭാവിയിൽ പലരെക്കൊണ്ടും സാദ്ധ്യമാകുന്നതൊക്കെ ഏകാകിയായ മനുഷ്യന്‌ അത്രയധികം പിശകുകൾ വരുത്താത്ത സ്വന്തം കൈകൾ കൊണ്ട് ഇപ്പോഴേ ചെയ്തുതുടങ്ങാവുന്നതേയുള്ളു. അതിനാൽ പ്രിയപ്പെട്ട സ്നേഹിതാ, നിങ്ങളുടെ ഏകാന്തതയെ സ്നേഹിക്കുക. അതു കൊണ്ടുണ്ടാകുന്ന വേദന സഹിക്കാൻ പഠിക്കുക, അതിനെ പാടി മറി കടക്കുക. തനിക്കേറ്റവുമടുത്തവർ അകലെയാണെന്നല്ലേ നിങ്ങൾ എഴുതിയത്; നിങ്ങളുടെ കാഴ്ചപ്പാടു വിപുലമാവാൻ തുടങ്ങുന്നു എന്നാണതു കാണിക്കുന്നത്. അടുത്തുള്ളത് അകലെയായിക്കഴിഞ്ഞുവെങ്കിൽ നിങ്ങളുടെ ചക്രവാളം നക്ഷത്രങ്ങളിലേക്കു വികസിച്ചിരിക്കുന്നു എന്നാണർത്ഥം. നിങ്ങളുടെ വളർച്ചയിൽ ആഹ്ളാദിക്കുക; തീർച്ചയായും ആ വളർച്ചയിൽ നിങ്ങൾക്കാരെയും ഒപ്പം കൂട്ടാനാവില്ല; പിന്നിലായിപ്പോയവരോടു സൌമ്യരാവുക, അവരുടെ സാന്നിദ്ധ്യത്തിൽ നിങ്ങളുടെ പെരുമാറ്റം ആത്മവിശ്വാസവും അക്ഷോഭ്യതയും നിറഞ്ഞതാവട്ടെ; നിങ്ങളുടെ സന്ദേഹങ്ങൾ കൊണ്ട് അവരെ പീഡിപ്പിക്കരുത്; നിങ്ങളുടെ ആത്മവിശ്വാസമോ അവർക്കു പിടി കിട്ടാത്ത നിങ്ങളുടെ ആഹ്ളാദമോ കൊണ്ട് അവരെ വിരട്ടുകയുമരുത്. സരളവും ആത്മാർത്ഥവുമായ ഒരു ചാർച്ചയിലേക്ക് അവരെ കൊണ്ടുവരാൻ ശ്രമിക്കുക; നിങ്ങൾ നിരന്തരം മാറിക്കൊണ്ടിരുന്നാലും ആ ബന്ധത്തിനു മാറ്റം വരണമെന്നുമില്ല. നിങ്ങളിൽ നിന്നു വ്യത്യസ്തമാണതെങ്കിലും അവർ ജീവിക്കുന്ന ജീവിതത്തെ സ്നേഹിക്കുക. പ്രായമാകുന്നവരോടു പരിഗണന കാണിക്കുക; കാരണം, നിങ്ങൾ അത്രമേൽ വിശ്വാസമർപ്പിക്കുന്ന അതേ ഏകാന്തതയെ ഭയക്കുന്നവരാണവർ. കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ നിത്യേന അരങ്ങേറുന്ന ആ ബലപരീക്ഷണനാടകത്തിനു  കൊഴുപ്പു കൂട്ടാതെ നോക്കുക. അതു കുട്ടികളുടെ ശക്തി കവർന്നെടുക്കുകയാണ്‌, മുതിർന്നവരുടെ സ്നേഹത്തെ പാഴിലാക്കുകയുമാണ്‌; കുട്ടികളെ മനസ്സിലാക്കുന്നില്ലെങ്കിലും ചടുലവും ഊഷ്മളവുമാണല്ലോ, അവരുടെ സ്നേഹം. അവരിൽ നിന്ന് ഉപദേശം തേടരുത്, അവർ തന്നെ മനസ്സിലാക്കുമെന്നു മോഹിക്കുകയുമരുത്. പകരം, ഒരു പിതൃസ്വത്തു പോലെ തനിക്കായി കാത്തുവച്ചിരിക്കുന്ന ഒരു സ്നേഹത്തിൽ വിശ്വാസമർപ്പിക്കുക, ഒരു ശക്തിയും അനുഗ്രഹവും അതിലുണ്ട് എന്ന ദൃഢവിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ ഏറ്റവും അകലത്തേക്കുള്ള യാത്രകളിൽ പോലും ആ സാന്നിദ്ധ്യം നിങ്ങളോടൊപ്പമുണ്ടാവുകയും ചെയ്യും.
നിങ്ങളെ സ്വതന്ത്രനാക്കുകയും ഏതർത്ഥത്തിലും സ്വന്തം കാലിൽ നിൽക്കാൻ നിങ്ങളെ പ്രാപ്തനാക്കുകയും ചെയ്യുന്ന ഒരു തൊഴിലിലേക്കാണ്‌ ഇപ്പോൾ നിങ്ങൾ പ്രവേശിക്കുന്നതെന്നത് നല്ല കാര്യമാണ്‌. ആ തൊഴിലിന്റെ സ്വഭാവം കൊണ്ട് നിങ്ങളുടെ ആന്തരജീവിതം ഞെരുങ്ങുമോയെന്ന് ക്ഷമയോടെ കാത്തിരുന്നു കാണുക. അതു വളരെ ദുഷ്കരമായിരിക്കുമെന്നാണ്‌ എന്റെ അഭിപ്രായം; കാരണം, അതിന്റെ നിർദ്ദിഷ്ടമായ കടമകളെ വ്യക്തിപരമായി വ്യാഖ്യാനിക്കാൻ ഒരു പഴുതും നല്കാത്ത വിധം മാമൂലുകൾ കൊണ്ട് അത്ര ഭാരം തൂങ്ങുന്നതാണ്‌ ആ തൊഴിൽ. പക്ഷേ അപരിചിതമായ ചുറ്റുപാടിലും നിങ്ങളുടെ ഏകാകിത നിങ്ങൾക്കൊരു സാന്ത്വനവും ആശ്രയവുമായിരിക്കും. ആ ഏകാകിതയിൽ നിന്ന് നിങ്ങൾ നിങ്ങളുടെ വഴികൾ തുറക്കുകയും ചെയ്യും. എന്റെ എല്ലാ ആശംസകളും നിങ്ങളുടെ യാത്രകളിൽ ഒപ്പം പോരാൻ ഒരുങ്ങിനിൽക്കുകയാണ്‌, അതുപോലെ തന്നെ എനിക്കു നിങ്ങളിലുള്ള വിശ്വാസവും.
സ്വന്തം,
റെയ്നർ മരിയ റിൽക്കെ




എമിലി ഡിക്കിൻസൺ - ചതുപ്പു ഞാൻ കണ്ടിട്ടേയില്ല…

Emili Dickinson


ചതുപ്പു ഞാൻ കണ്ടിട്ടേയില്ല,
കടലു ഞാൻ കണ്ടിട്ടേയില്ല;
കണ്ടൽച്ചെടിയേതു പോലെയെന്നു പക്ഷേ, എനിക്കറിയാം,
തിരയേതു പോലിരിക്കുമെന്നുമെനിക്കറിയാം.
ദൈവത്തോടു ഞാൻ സംസാരിച്ചിട്ടേയില്ല,
സ്വർഗ്ഗത്തേക്കു ഞാൻ യാത്ര പോയിട്ടുമില്ല;
എന്നാലതെവിടെയെന്നെനിക്കു കൃത്യമാണ്‌,
അതു രേഖപ്പെടുത്തിയ ഭൂപടം മുന്നിലിരിക്കുമ്പോലെ.


Saturday, December 6, 2014

നാസിം ഹിക്മെത്ത് - ഒസ്യത്ത്

 

hikmet_thumb[7]


സഖാക്കളേ, ആ ദിവസം കാണാൻ ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ,
അതായത്, സ്വാതന്ത്ര്യമെത്തും മുമ്പേ ഞാൻ മരിച്ചുപോയെങ്കിൽ,
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ
എന്നെക്കൊണ്ടുപോയടക്കൂ.

ഹസ്സൻ ബേയുടെ കല്പന പ്രകാരം വെടി വച്ചുകൊന്ന പണിക്കാരൻ ഒസ്മാൻ
എന്റെ ഒരു വശത്തു കിടക്കട്ടെ,
മറ്റേ വശത്ത് രക്തസാക്ഷിയായ അയിഷയും,
വരകുപാടത്തു കുഞ്ഞിനെ പെറ്റ് നാല്പതിനുള്ളിൽ മരിച്ചവൾ.

സിമിത്തേരിക്കു താഴേക്കൂടി ട്രാക്റ്ററുകളും പാട്ടുകളും കടന്നുപൊയ്ക്കോട്ടെ-
പുലർവെളിച്ചത്തിൽ പുതിയ മനുഷ്യർ, പെട്രോളു കത്തുന്ന മണം,
പൊതുസ്വത്തായ പാടങ്ങൾ, വെള്ളം നിറഞ്ഞ കനാലുകൾ,
വരൾച്ചയില്ല, പോലീസുഭീതിയില്ല.

അതെയതെ, ആ പാട്ടുകൾ ഞങ്ങൾ കേൾക്കുകയില്ല:
മരിച്ചവർ മണ്ണിനടിയിൽ നിവർന്നുകിടക്കും,
കറുത്ത ചില്ലകൾ പോലെ ജീർണ്ണിക്കും,
മണ്ണിനടിയിൽ, അന്ധരായി, ബധിരരായി, മൂകരായി.

പക്ഷേ, എഴുതപ്പെടും മുമ്പേ
ആ പാട്ടുകൾ ഞാൻ പാടിയിരുന്നു,
ട്രാക്റ്ററുകളുടെ ബ്ലൂപ്രിന്റുകൾ തയാറാവും മുമ്പേ
പെട്രോളു കത്തുന്ന മണം ഞാൻ ശ്വസിച്ചിരുന്നു.

എന്റെ അയൽക്കാരാണെങ്കിൽ,
പണിക്കാരൻ ഒസ്മാനും രക്തസാക്ഷിയായ അയിഷയും,
ഒരുപക്ഷേ, തങ്ങളറിയാതെതന്നെ,
ജീവിച്ചിരിക്കുമ്പോൾ അവർ അതിനായി മോഹിച്ചിരുന്നു.

സഖാക്കളേ, ആ ദിവസമെത്തും മുമ്പേ ഞാൻ മരിച്ചുപോയാൽ,
-അതിനാണു സാദ്ധ്യതയെന്നെനിക്കു തോന്നുകയാണ്‌-
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ എന്നെ അടക്കൂ,
കൈവാക്കിനൊരു മരം കിട്ടിയെന്നാണെങ്കിൽ,

               ഒരു പാഴ്മരം എന്റെ തലയ്ക്കൽ വച്ചുപിടിപ്പിച്ചേക്കൂ,
               ശിലാഫലകവു മറ്റും എനിക്കാവശ്യമില്ല.


1953 ഏപ്രിൽ 27



[ടർക്കിഷ് കവിയും നോവലിസ്റ്റും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ നാസിം ഹിക്മെത് (1902-1963) മോസ്ക്കോവിലെ ഒരാശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ എഴുതിയത്]

Wednesday, December 3, 2014

ഹാൻസ് ആൻഡേഴ്സൻ - ഒരമ്മയുടെ കഥ

index




ഒരമ്മ തന്റെ കുഞ്ഞിനരികിൽ ഇരിക്കുകയായിരുന്നു: അതു മരിച്ചുപോ കുമോ എന്ന പേടിച്ച് ആകെ ദുഃഖിതയാണവർ. അതിന്റെ കുഞ്ഞുമുഖം വിളറിവെളു ത്തിരിക്കുന്നു; അതിന്റെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു. വിമ്മിഷ്ടപ്പെട്ടുകൊ ണ്ടാണ്‌ കുഞ്ഞ് ശ്വാസമെടുക്കുന്നത്; ചിലപ്പോൾ അതൊരു നെടുവീർപ്പു പോലെയാകും നമുക്കു തോന്നുക. അതു കേൾക്കു മ്പോൾ മുമ്പത്തേക്കാൾ ഏറിയ ദുഃഖത്തോടെ ആ അമ്മ കുഞ്ഞിനെ ഉറ്റുനോക്കും.
ഈ സമയത്താണ്‌ വാതിൽക്കൽ ആരോ മുട്ടുന്നത്; വളരെ പാവപ്പെട്ട ഒരു വൃദ്ധൻ കയറിവന്നു; കുതിരകളെ പുതപ്പിക്കുന്ന തരം വിരിപ്പു പോലൊന്നു കൊണ്ട് അയാൾ മൂടിപ്പുതച്ചിരിക്കുന്നു. മഞ്ഞുകാലമായതി നാൽ അതിന്റെ ചൂട് അയാൾക്കത്യാവശ്യവുമാണ്‌. പുറത്തു സർവതും പുതമഞ്ഞു മൂടിക്കിടക്കുക യാണ്‌; മുഖത്തു കത്തി കുത്തിക്കേറുന്ന പോലെയാണ്‌ തണുത്ത കാറ്റു വീശുന്നത്.
വൃദ്ധൻ തണുത്തു വിറയ്ക്കുന്നതു കണ്ടപ്പോൾ, ഈ സമയത്ത് കുഞ്ഞ് ഒന്നു സമാധാനപ്പെട്ടു കിടക്കുകയുമായിരുന്നു, അമ്മ അടുക്കളയിൽ പോയി ഒരു ചെറിയ പാത്രത്തിൽ ബിയറൊഴിച്ച് ചൂടാക്കാനായി അടുപ്പിൽ വച്ചു. വൃദ്ധൻ അടുത്തിരുന്ന് കുഞ്ഞു കിടക്കുന്ന തൊട്ടിൽ പതിയെ ആട്ടിക്കൊടുത്തു; അമ്മ അയാൾക്കരികിൽ പഴയൊരു കസേരയിലിരുന്നുകൊണ്ട് കുഞ്ഞിനെ നോക്കി; അത്ര വേദനയോടെ യാണ്‌ അതു ശ്വാസമെടുക്കുന്നത്. അവർ ആ കുഞ്ഞുകൈയിൽ പിടിച്ചു.
‘എനിക്കെന്റെ കുഞ്ഞിനെ നഷ്ടപ്പെടില്ലല്ലോ, ഇല്ലേ?’ അവർ അയാളോടു ചോദിച്ചു. ‘കരുണാമയനായ ദൈവം എന്റെ കുഞ്ഞിനെ കൊണ്ടുപോകില്ല!’
വൃദ്ധനാവട്ടെ-അതു മരണമായിരുന്നു- വല്ലാത്ത രീതിയിൽ ഒന്നു തലയാട്ടിയ തേയുള്ളു; അത് ഏതർത്ഥത്തിലുമാവാം. അമ്മ തല കുനിച്ചിരുന്നു; അവരുടെ കണ്ണുകളിൽ നിന്ന് കുടുകുടെ കണ്ണീരൊഴുകി. തലയ്ക്കു വല്ലാതെ ഭാരം തോന്നി യപ്പോൾ- കാരണം, മൂന്നു രാവും പകലും അവർ ഒന്നു കണ്ണടച്ചിട്ടില്ല- അവർ ഒന്നു മയങ്ങിപ്പോയി; അതും ഒരു നിമിഷത്തേക്കു മാത്രം. പെട്ടെന്നു തന്നെ തണുപ്പു കൊണ്ടു കിടുങ്ങി വിറച്ച് അവർ ഞെട്ടിയുണരുകയും ചെയ്തു.
‘എന്താത്?’ ചുറ്റും നോക്കിക്കൊണ്ട് അവർ ചോദിച്ചു; പക്ഷേ വൃദ്ധനെ എങ്ങും കാണാനുണ്ടായിരുന്നില്ല; അവരുടെ കുഞ്ഞിനേയും കാണാ നില്ല. അയാൾ അതിനെയുമെടുത്താണ്‌ പോയിരിക്കുന്നത്. മൂലയ്ക്കലി രുന്ന പഴയ ഘടികാരം ഞരങ്ങാനും വിറയ്ക്കാനും തുടങ്ങി. അതിന്റെ പെൻഡുലമൂരി തറയിൽ വീണു: ഠപ്പേ! അതു നിശ്ചലമാവുകയും ചെയ്തു. ആ പാവം അമ്മ തന്റെ കുഞ്ഞി നെയും വിളിച്ചു കരഞ്ഞു കൊണ്ട് വീട്ടിനു പുറത്തേക്കോടി.
പുറത്തു മഞ്ഞത്ത് നീണ്ടുകറുത്ത കുപ്പായം കൊണ്ടു ദേഹം മൂടി ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. അവർ പറഞ്ഞു, ‘മരണം നിന്റെ വീട്ടിൽ കയറിവന്നിരുന്നു. നിന്റെ കുഞ്ഞിനേയും കൈയിൽ വച്ച് അവൻ പോകുന്നതു ഞാൻ കണ്ടു. കാറ്റിലും വേഗത്തിലാണവൻ പോവുക; താനെടുത്തത് ഒരിക്കലുമവൻ തിരിച്ചുനൽകാറുമില്ല.’
‘ഏതു വഴിക്കാണയാൾ പോയതെന്നു മാത്രം പറഞ്ഞുതരൂ,’ അമ്മ പറഞ്ഞു. ‘വഴിയറിഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ അയാളെ കണ്ടുപി ടിച്ചോളാം.’
‘വഴിയൊക്കെ എനിക്കറിയാം,’ കറുപ്പുടുത്ത സ്ത്രീ പറഞ്ഞു. ‘അതു പറയണമെ ങ്കിൽ പക്ഷേ, നീ നിന്റെ കുഞ്ഞിനു പാടിക്കൊടുത്ത പാട്ടുകളൊക്കെ എനിക്കു വേണ്ടി ഒന്നു പാടണം. എന്നെ അറിയില്ലേ, ഞാനാണു രാത്രി.  നിന്റെ താരാട്ടുപാട്ടുകൾ എനിക്കു വളരെ ഇഷ്ടമാണ് . മുമ്പു പലപ്പോഴും ഞാനവ കേട്ടിരിക്കുന്നു. പാടുമ്പോൾ നിന്റെ കണ്ണീരും ഞാൻ കണ്ടിരിക്കുന്നു.’
‘എല്ലാം, എല്ലാം ഞാൻ പാടാം!’ അമ്മ പറഞ്ഞു. ‘എന്നാൽ ഇപ്പോൾ എന്നെ നിർബന്ധിക്കരുതേ. എനിക്കയാൾക്കൊപ്പമെത്തണം, എന്റെ കുഞ്ഞിനെ കണ്ടുപിടിക്കണം.’
രാത്രി പക്ഷേ മിണ്ടാതനങ്ങാതിരുന്നതേയുള്ളു; അമ്മ പാടി; കൈകൾ കൂട്ടിത്തി രുമ്മിയും തേങ്ങിക്കരഞ്ഞും കൊണ്ട് അവർ പാടി. അവർ എത്രയെത്ര പാട്ടു കൾ പാടി; അതിലുമെത്രയോ അധികമായിരുന്നു, അവരൊഴുക്കിയ കണ്ണുനീർ. ഒടുവിൽ രാത്രി പറഞ്ഞു, ‘വലത്തു തിരിഞ്ഞ് ഇരുണ്ട പൈന്മരക്കാട്ടിലേക്കു പൊയ്ക്കോളൂ. മരണം നിന്റെ കുഞ്ഞിനെയും കൊണ്ട് ആ വഴിക്കു പോകുന്നതു ഞാൻ കണ്ടു.’
കാട്ടിനു നടുവിൽ ഒരു നാൽക്കവലയിലെത്തിയപ്പോൾ പിന്നെ എങ്ങോട്ടു പോകണമെന്ന് അമ്മയ്ക്കു തിട്ടമില്ലാതായി. അവിടെ ഒരു കരിമുൾച്ചെടി നിന്നിരുന്നു, ഒരില പോലുമില്ലാതെ, ഒരു പൂവു പോലുമി ല്ലാതെ; മഞ്ഞുകാലമാ യതിനാൽ അതിൽ മഞ്ഞു കട്ട പിടിച്ചു തൂങ്ങിക്കിടന്നിരുന്നു.
‘എന്റെ കുഞ്ഞിനേയും കൊണ്ട് മരണം ഇതുവഴി പോകുന്നതു നീ കണ്ടോ?’
‘കണ്ടു,’ മുൾച്ചെടി പറഞ്ഞു. ‘പക്ഷേ എന്നെ നിന്റെ നെഞ്ചത്തടുക്കി പ്പിടിച്ച് എനിക്കൊരല്പം ചൂടു തന്നാലല്ലാതെ ഞാൻ വഴി പറഞ്ഞുതരാൻ പോകുന്നില്ല. ഞാൻ തണുത്തുമരിക്കാൻ പോവുകയാണ്‌. ഞാനുറഞ്ഞു മഞ്ഞാവാൻ പോവു കയാണ്‌.‘
അമ്മ ആ കരിമുൾച്ചെടിയെ തന്റെ നെഞ്ചോടമർത്തിപ്പിടിച്ച് അതിനു ചൂടു നല്കി. അതിന്റെ മുള്ളുകൾ അവരുടെ നെഞ്ചത്തു തറച്ചുകേറി; കടുംചുവ പ്പുനിറത്തിൽ അവരുടെ ചോര കുത്തിയൊലിച്ചു. അങ്ങനെ ആ തണുത്ത മഞ്ഞുകാലരാത്രിയിൽ ഒരു കരിമുൾച്ചെടിക്കു പൂക്കൾ വിരിഞ്ഞു, അതിനു തളിരിലകൾ വന്നു: അത്ര ചുടുന്നതാണ്‌ ദുഃഖിതയായ ഒരമ്മയുടെ ഹൃദയം! കരിമുൾച്ചെടി പിന്നെ അവർ പോകേണ്ട വഴി ആ അമ്മയ്ക്കു പറഞ്ഞുകൊ ടുക്കുകയും ചെയ്തു.
അവർ നടന്നെത്തിയത് വലിയൊരു തടാകത്തിന്റെ കരയിലാണ്‌; അതിൽ വഞ്ചിയോ കപ്പലോ ഒന്നും കാണാനില്ല. കയറി നടന്നു പോകാൻ പാകത്തിൽ അതുറഞ്ഞു കട്ടിയായിട്ടില്ല; ഇറങ്ങി നടന്നു പോകാൻ മാത്രം മഞ്ഞലിഞ്ഞതു മല്ല, ആഴം കുറഞ്ഞതുമല്ല. പക്ഷേ സ്വന്തം കുഞ്ഞിനെ കണ്ടെത്തണമെങ്കിൽ അതു കടന്നപ്പുറത്തെ ത്താതെയും പറ്റില്ല. അവർ തടാകത്തിന്റെ കരയിലിരുന്ന് അതു കുടിച്ചുവറ്റിക്കാൻ നോക്കി; ഒരു മനുഷ്യജീവിയെക്കൊണ്ടും പറ്റാത്തതൊ ന്നാണതെന്നതിനു സംശയമില്ല. പക്ഷേ ഒരത്ഭുതം സംഭവിച്ചുകൂടേ യെന്ന പ്രതീക്ഷയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു ആ പാവം സ്ത്രീ.
’ഇതു വിജയിക്കാൻ പോകുന്നില്ല,‘ തടാകം പറഞ്ഞു. ’നമുക്കു തമ്മിൽ ഒരൊത്തു തീർപ്പിലെത്തിയാലോ? മുത്തുകൾ ശേഖരിക്കുന്നത് എനിക്കു വളരെ ഇഷ്ട മാണ്‌; നിന്റെ കണ്ണുകൾ പോലെ ഇത്ര തെളിഞ്ഞ മുത്തു കൾ ഞാൻ ഇന്നേ വരെ കണ്ടിട്ടുമില്ല; നീ കരഞ്ഞുകരഞ്ഞവ വീഴ്ത്തി യാൽ ഞാൻ നിന്നെ മറുക രയിൽ മരണം പാർക്കുന്ന പുരയിലെ ത്തിക്കാം; അവിടെ മൂടിക്കെട്ടിയ ഒരു പുര യ്ക്കുള്ളിൽ അയാൾ മരങ്ങളും പൂച്ചെടികളും നട്ടുവളർത്തുന്നുണ്ട്; ഓരോന്നും ഓരോ മനുഷ്യജീവിതമത്രെ.‘
’ഹാ, എന്റെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ എന്തുതന്നെ ഞാൻ നല്കില്ല,‘ ശോകാ കുലയായ ആ അമ്മ പറഞ്ഞു. കണ്ണീരൊഴുക്കിക്കൊണ്ടു കരഞ്ഞു; കരഞ്ഞു കരഞ്ഞ് അവരുടെ കണ്ണുകൾ തടാകത്തിന്റെ കയത്തിലേക്കു പൊഴിഞ്ഞുവീ ണു; അവ അനർഘമായ രണ്ടു മുത്തുമണികളുമായി. തടാകം അവരെ വാരി യെടുത്ത് ഒരൂഞ്ഞാലി ലിരുത്തിയാട്ടുന്ന പോലെ മറുകരയിലെത്തിച്ചു. അവിടെ എത്രയും വിചിത്രമായ ഒരു ഭവനം കണ്ടു; മൈലുകളോളം ദൈർഘ്യത്തിൽ അതു നീണ്ടുകിടന്നു. കാടുകളും ഗുഹകളും നിറഞ്ഞ ഒരു പർവതമാണോ അതോ പണിതെടുത്ത ഒരെടുപ്പാണോ അതെന്നു പറയാൻ നിങ്ങൾക്കു കഴി യില്ല. കരഞ്ഞുകരഞ്ഞു കണ്ണുകൾ കളഞ്ഞ ആ അമ്മയ്ക്കാവട്ടെ, അതു കാണാനും കഴിയുമായിരുന്നില്ല.
’എന്റെ കുഞ്ഞിനെയും കൊണ്ടു കടന്നുകളഞ്ഞ മരണം എവിടെയാണി രിക്കുന്നത്?‘ അവർ ചോദിച്ചു.
’അദ്ദേഹം തിരിച്ചെത്തിയിട്ടില്ല,‘ മരണത്തിന്റെ കെട്ടിയടച്ച ഉദ്യാനം പരിപാലി ക്കുന്ന തല വെളുവെളെ നരച്ച ഒരു വൃദ്ധ പറഞ്ഞു. ’നീയെ ങ്ങനെ ഇവിടെ യെത്തി? ആരാണു നിനക്കു വഴി പറഞ്ഞുതന്നത്?‘
’ദൈവമാണെന്നെ സഹായിച്ചത്,‘ അവർ പറഞ്ഞു. ’ദൈവം എന്നോടു കരുണ കാണിച്ചു; അതുപോലെ നിങ്ങളും എന്നോടു കരുണ കാണി ക്കില്ലേ? എവിടെയാണെന്റെ കുഞ്ഞ്?‘
’അതിനെ എനിക്കറിയില്ലല്ലോ,‘ വൃദ്ധ പറഞ്ഞു. ’നിനക്കാണെങ്കിൽ കാണാനും പറ്റില്ല. പക്ഷേ ഇന്നലെ രാത്രിയിൽ കുറേയധികം പൂക്കളും മരങ്ങളും വാടി വീണുപോയിട്ടുണ്ട്. അവ പറിച്ചുനടാൻ മരണം വൈകാതെ ഇവിടെ യെത്തും. ഓരോ മനുഷ്യജീവിക്കും, ഏതുതരം വ്യക്തിയാണയാൾ എന്നത നുസരിച്ച്, ഒരു ജന്മവൃക്ഷമോ ജന്മപുഷ്പമോ ഉണ്ടെന്നുള്ളത് നിനക്കറിയാവു ന്നതാണല്ലോ. കണ്ടാൽ മറ്റു സസ്യ ങ്ങളെപ്പോലെയാണവയെങ്കിലും അവ യ്ക്കോരോന്നിനും മിടിയ്ക്കു ന്നൊരു ഹൃദയമുണ്ടാവും. കുഞ്ഞുങ്ങളുടെ ഹൃദയ ങ്ങളും മിടിയ്ക്കും. നിന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പു നിനക്കറിയാവുന്നതല്ലേ. ഒന്നു കാതോ ർത്തു നോക്കൂ, നിനക്കതു തിരിച്ചറിയാൻ പറ്റിയെന്നു വരാം. ഇനിയെന്തു ചെയ്യണമെന്നു പറഞ്ഞുതന്നാൽ നീയെനിക്കെന്തു തരും?‘
’ഇനിയെനിക്കൊന്നും നല്കാനില്ല,‘ ആ പാവം അമ്മ പറഞ്ഞു. ’എന്നാൽ നിങ്ങൾക്കു വേണ്ടി ഞാൻ ഈ ലോകത്തിന്റെ ഏതറ്റം വരെയും പോകാം.‘
’അവിടെച്ചെന്നിട്ട് എനിക്കൊന്നും ചെയ്യാനില്ല,‘ വൃദ്ധ പറഞ്ഞു. ’നിന്റെ ഈ നീണ്ടുകറുത്ത മുടി എനിക്കു തന്നുകൂടേ? എത്ര മനോഹരമാണ തെന്നു നിനക്കു തന്നെ അറിയാം; എനിക്കാണെങ്കിൽ അതു വല്ലാതെ ഇഷ്ടമാവുകയും ചെയ്തു. ഞാൻ എന്റെ വെളുത്ത മുടി നിനക്കു തരാം; ഒന്നുമില്ലാത്തതിലും നല്ലതല്ലേ അത്.‘
’അത്രയേ വേണ്ടൂ?‘ അമ്മ ചോദിച്ചു. ’ഞാനതു സന്തോഷത്തോടെ തരാം.‘ എന്നിട്ടവർ തന്റെ മനോഹരമായ മുടി വൃദ്ധയ്ക്കു നല്കി; പകരം അവരുടെ വെളുത്ത മുടി സ്വീകരിക്കുകയും ചെയ്തു.
എന്നിട്ടവർ മരണത്തിന്റെ മൂടിക്കെട്ടിയ ഉദ്യാനത്തിലേക്കു പോയി. അവിടെ പൂക്കളും മരങ്ങളും എത്രയും വിചിത്രമായ മട്ടിൽ കെട്ടുപി ണഞ്ഞു നില്ക്കുക യാണ്‌. ഒരിടത്ത് അതിലോലമായ ലില്ലിപ്പൂക്കൾ ചില്ലുപാത്രങ്ങൾ കൊണ്ട് അടച്ചുവച്ചിരിക്കുന്നു; ചിലതു നല്ല പുതുമ യോടെ തന്നെ ഇരിക്കുന്നുണ്ട്; പക്ഷേ ചിലതാകട്ടെ, ദീനം പിടിച്ച പോലെ വാടിത്തളർന്നും കാണപ്പെട്ടു. ജലസസ്യ ങ്ങൾക്കിടയിലൂടെ നീർക്കോലികൾ പുളഞ്ഞുനടക്കുന്നുണ്ട്; കറുത്ത ഞണ്ടുകൾ തണ്ടുക ളിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നു. പനമരങ്ങൾ നെട്ടനെ നില്ക്കുന്നു, പിന്നെ ഓക്കുമരങ്ങൾ, വാഴകൾ, അയമോദകം, സുഗന്ധവാഹികളായ കർപ്പൂ രതുളസികളും. ഓരോ പൂവിനും മരത്തിനും ഓരോ വ്യക്തിയുടെ പേരാണ്‌; അവർ ചൈനയിലോ ഗ്രീൻലന്റിലോ ഭൂമിയുടെ മറ്റേതോ കോണിലോ ഒക്കെ ജീവിച്ചിരിക്കുകയാണ്‌. ചെറിയ ചട്ടികളിൽ കുത്തി ക്കേറ്റി വച്ചിരിക്കുന്നതു കാരണം ചില കൂറ്റൻ മരങ്ങൾ വളർച്ച മുരടിച്ചു നില്ക്കുന്നു; മറ്റൊരിടത്താ കട്ടെ, നല്ല വളക്കൂറുള്ള മണ്ണും നിരന്തരമായ പരിചരണവുമുണ്ടായിട്ടും ഒട്ടും ആരോഗ്യമില്ലാതെ വളരുന്ന കുറേ പൂക്കൾ. ദുഃഖഭരിതയായ ആ അമ്മ ഓരോ കുഞ്ഞുപൂവിനും കുഞ്ഞുചെ ടിക്കും മേൽ കുനിഞ്ഞുനിന്നുകൊണ്ട് അവയുടെ മനുഷ്യഹൃദയത്തിന്റെ മിടിപ്പിനു കാതോർത്തു; കോടിക്കണക്കായ ഹൃദയമി ടിപ്പുകളിൽ നിന്ന് അവർ സ്വന്തം കുഞ്ഞിന്റേതു വേർതിരിച്ചറിയുകയും ചെയ്തു.
‘ഇതു തന്നെ!’ വാടിത്തളർന്ന്, ഒരു വശത്തേക്കു ചരിഞ്ഞു വീണുകിട ക്കുന്ന ഒരു ഐറിസ് പൂവിനു നേർക്കു കൈ നീട്ടിക്കൊണ്ട് അവർ വിളിച്ചുപറഞ്ഞു.
‘പൂവിൽ തൊടരുത്!’ വൃദ്ധ പറഞ്ഞു; ‘നീ ഇവിടെത്തന്നെ നില്ക്കുക; മരണം ഏതു നിമിഷവും വരാം. ആ ചെടി പിഴാൻ നീ അനുവദിക്കരുത്; അതു പിഴു താൽ മറ്റു ചെടികൾ നീ പിഴുതുകളയുമെന്ന് ഭീഷണിപ്പെ ടുത്തുക. അപ്പോൾ മരണത്തിനു പേടി വരും; കാരണം ഓരോ ചെടി യുടെ കണക്കും ദൈവത്തിനു മുന്നിൽ ബോധിപ്പിക്കാനുള്ളതാണ്‌; ദൈവം പറയാതെ ഒന്നു പോലും പിഴാൻ പാടുള്ളതല്ല.’
ഈ സമയത്ത് അവിടെയൊരു തണുത്ത കാറ്റു വീശി; മരണം തനിക്കരി കിൽ നില്ക്കുന്നത് അന്ധയായ അമ്മ അറിഞ്ഞു.
‘നീയെങ്ങനെ ഇവിടെയെത്തി?’ മരണം ചോദിച്ചു. ‘എനിക്കു മുമ്പേ ഇവിടെ യെത്താൻ നിനക്കു കഴിഞ്ഞതെങ്ങനെ?’
‘ഞാൻ അമ്മയാണ്‌’ അവർ പറഞ്ഞു.
മരണം തന്റെ മെല്ലിച്ച വിരലുകൾ ആ വാടിയ കുഞ്ഞുപൂവിനു നേർക്കു നീട്ടി; അവർ അതിനെ അടുക്കിപ്പിടിച്ചു നിന്നു; എന്നിട്ടും മരണം അതി ന്റെ ഒരിലയി ലെങ്ങാനും തൊടുമോ എന്നവർ പേടിച്ചു. അപ്പോൾ മരണം അവളുടെ കൈക ളിലേക്കു നിശ്വസിച്ചു; ഏതു തണുത്ത കാറ്റിലും തണുത്തതായിരുന്നു മരണ ത്തിന്റെ നിശ്വാസം. അവളുടെ കൈകൾ ശക്തി നശിച്ച് കുഴഞ്ഞുവീണു.
‘എന്നെ ചെറുക്കാനുള്ള ബലം നിനക്കില്ല,‘ മരണം അവരോടു പറഞ്ഞു.
’ദയാമയനായ ദൈവത്തിനതുണ്ടല്ലോ,‘ അവർ പറഞ്ഞു.
’അവിടത്തെ കല്പന ഞാൻ നിറവേറ്റുന്നുവെന്നേയുള്ളു,‘ മരണം പറഞ്ഞു. ’അവന്റെ തോട്ടക്കാരനാണു ഞാൻ. അവന്റെ പൂക്കളും മരങ്ങളും പറിച്ചെടുത്ത് സ്വർഗ്ഗത്തിലെ ഉദ്യാനത്തിൽ, ആ അജ്ഞാ തദേശത്ത് മാറ്റിനടുകയാണു ഞാൻ ചെയ്യുന്നത്. അതിനപ്പുറം, അവിടെ എങ്ങനെയവ വളരുന്നുവെന്നോ, എന്തൊക്കെയാണ വിടത്തെ കാര്യങ്ങളെന്നോ ഞാൻ പറയാൻ പാടുള്ളതല്ല.‘
’എനിക്കെന്റെ കുഞ്ഞിനെ മടക്കിത്തരൂ,‘ അമ്മ കരഞ്ഞും കൊണ്ടു യാചിച്ചു. പെട്ടെന്നവർ ഓരോ കൈ കൊണ്ടും അതിസുന്ദരമായ രണ്ടു പൂക്കളെ കടന്നുപിടിച്ചു; എന്നിട്ടു മരണത്തോടു വിളിച്ചുപറഞ്ഞു: ’ഞാൻ നിങ്ങളുടെ സകല പൂക്കളും പിഴുതുകളയും; അത്ര ആശ കെട്ടവളാണു ഞാൻ!‘
’അതിൽ തൊടരുത്!‘ മരണം പറഞ്ഞു. ’ദുഃഖിതയാണു നീയെന്നല്ലേ പറ ഞ്ഞത്? എന്നിട്ടിപ്പോൾ നീ മറ്റൊരമ്മയെ അത്രയും ദുഃഖിതയാക്കാനും പോകുന്നു!‘
’മറ്റൊരമ്മ?‘ ആ സാധു സ്ത്രീ ചോദിച്ചു; അവർ പൂക്കളുടെ പിടി വിട്ടു.
’ഇതാ നിന്റെ കണ്ണുകൾ,‘ മരണം പറഞ്ഞു. ’തടാകം കടക്കുമ്പോൾ കയത്തിൽ കിടന്നു തിളങ്ങുന്നതു കണ്ട് ഞാൻ മുങ്ങിയെടുത്തതാണവ. നിന്റേതാണെന്നു പക്ഷേ, എനിക്കറിയില്ലായിരുന്നു. ഇപ്പോഴവയ്ക്ക് മുമ്പത്തേക്കാൾ തെളിച്ചമു ണ്ട്. അതു വച്ച് ഈ കിണറ്റിനുള്ളി ലേക്കൊന്നു നോക്കൂ. നീ പിഴുതെടുക്കാൻ പോയ ആ രണ്ടു പൂക്കളുടെ പേരു ഞാൻ പറയാം; നീ നശിപ്പിക്കാൻ പോയ ആ മനുഷ്യജീവിത ങ്ങളുടെ ഭാവി നിനക്കപ്പോൾ മനസ്സിലാകും.‘
അമ്മ കിണറ്റിന്റെ ആഴത്തിലേക്കു നോക്കി. ഒരു ജീവിതം ലോകത്തി നാകമാനം അനുഗ്രഹമാകുന്നതു കണ്ടപ്പോൾ അവർ എത്ര സന്തോഷി ച്ചുവെന്നോ; അത്ര ആഹ്ളാദവും കാരുണ്യവും നിറഞ്ഞതായിരുന്നു അത്. അവർ പിന്നെ മറ്റേ ജീവിതം നോക്കിക്കണ്ടു; ദുഃഖവും ദുരിതവും ദാരിദ്ര്യവും ഭീതിയുമായിരുന്നു അതു നിറയെ.
’രണ്ടും ഒരേപോലെ ദൈവഹിതം തന്നെ,‘ മരണം പറഞ്ഞു.
’അതിലേതാണു ദൌർഭാഗ്യത്തിന്റെ പുഷ്പം, ഏത് സന്തുഷ്ടിയുടെ പുഷ്പം?‘
’അതെനിക്കു പറഞ്ഞുകൂട,‘ മരണം മറുപടി പറഞ്ഞു. ’എന്നാൽ ഇത്രയും ഞാൻ പറയാം. അതിൽ ഒരു പൂവ് നിന്റെ കുഞ്ഞിന്റേതാണ്‌. നീ കണ്ട ഒരു ജീവിതം നിന്റെ കുഞ്ഞിന്റെ വിധിയാണ്‌- നിന്റെ സ്വന്തം കുഞ്ഞിന്റെ ഭാവി!‘
അപ്പോൾ ആ അമ്മ ഭീതിയോടെ അലറിക്കരഞ്ഞു. ’അതിലേതാണെ ന്റെ കുഞ്ഞ്? അതു പറയൂ! നിഷ്കളങ്കനായ എന്റെ കുഞ്ഞിനെ രക്ഷിക്കൂ! അത്രയും ദുരിതം അവനു വരുത്തിവയ്ക്കരുതേ! അതിലും ഭേദം അവനെ കൊണ്ടുപോകു ന്നതാണ്‌! അവനെ ദൈവത്തിന്റെ രാജ്യത്തിലേക്കു കൊണ്ടുപൊയ്ക്കോളൂ! എന്റെ കണ്ണീരു മറന്നേക്കൂ, എന്റെ യാചനകൾ മറന്നേക്കൂ, ഞാൻ ചെയ്ത തൊക്കെയും മറന്നേക്കൂ!‘
’നീ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല,‘ മരണം പറഞ്ഞു. ’നിനക്കു നിന്റെ കുഞ്ഞിനെ മടക്കിവേണോ അതോ നിനക്കജ്ഞാതമായ ഒരു ദേശത്തേക്കു ഞാനവനെ കൊണ്ടുപോകണോ?‘
ആ അമ്മയപ്പോൾ മുട്ടുകാലിൽ വീണുകൊണ്ട് ദൈവത്തിനോട് ഇങ്ങനെ പ്രാർത്ഥിച്ചു:
‘എന്റെ പ്രാർത്ഥന നിന്റെ ഹിതത്തിനെതിരാവുമ്പോൾ നീയതു കേൾക്കരുതേ! നിന്റെ ഹിതം തന്നെ ഏതിലും ഹിതം. നീയതു കേൾക്കരുതേ! നീയതു കേൾക്ക രുതേ!’ അവരുടെ തല കുനിഞ്ഞു നെഞ്ചത്തേക്കു വീണു.
മരണം അവരുടെ കുഞ്ഞിനെ ഒരജ്ഞാതദേശത്തേക്കു കൊണ്ടുപോവുകയും ചെയ്തു.
(1847)



















































ബോദ്‌ലേർ - നിങ്ങൾക്കസൂയയായിരുന്നു...

Jean-Simeon-Chardin-Woman-Cleaning-TurnipsKitchen Maid by Jean-Baptiste Simeon Chardin (1699-1779, France)


ആ ദയാമയിയായ ആയയോടു നിങ്ങൾക്കസൂയയായിരുന്നു!
ഇന്നൊരെളിയ പുൽത്തട്ടിനടിയിലവരന്ത്യവിശ്രമം കൊള്ളുമ്പോൾ
ഒരു പിടി പൂവെങ്കിലും നാമവരുടെ കുഴിമാടത്തിലർപ്പിക്കേണ്ടേ?
മരിച്ചുമണ്ണടിഞ്ഞവർ, പാവങ്ങൾ, അവർക്കുമില്ലേ ശോകങ്ങൾ?
വൃദ്ധവൃക്ഷങ്ങളിലിലകൾ കോതാൻ ശരൽക്കാലമെത്തുമ്പോൾ,
തണുത്ത കാറ്റത്തവരുടെ തലക്കല്ലുകൾ വിറ കൊള്ളുമ്പോൾ
എത്ര കൃതഘ്നരാണു ജീവിച്ചിരിക്കുന്നവരെന്നു മരിച്ചവർക്കു തോന്നും:
ഊഷ്മളമായ മെത്തകളിൽ പുതഞ്ഞു സസുഖം നാമുറങ്ങുമ്പോൾ
പേടിക്കിനാവുകളുടെ കറുത്ത പാതകളിലവരലഞ്ഞുതളരുന്നു;
അവർക്കു ചൂടു പകരാനാരുമില്ല, സ്നേഹസല്ലാപത്തിനാരുമില്ല;
പുഴുക്കൾ കരണ്ടുതിന്നുന്ന തണുത്തുവെറുങ്ങലിച്ച എല്ലുകൂടങ്ങൾ-
കാലത്തിന്റെ മഞ്ഞുവീഴ്ചകളറിഞ്ഞും കൊണ്ടവർ കിടക്കുന്നു.
ആണ്ടുകളങ്ങനെ കടന്നുപോകുമ്പോൾ ഒരു കുടുംബക്കാരനുമില്ല,
ആ കുഴിമാടങ്ങളിൽ നിന്നു കരിഞ്ഞ പൂവുകളെടുത്തുമാറ്റാൻ.

ഇനിയൊരു രാത്രിയിൽ മുറിയിൽ തീയും കാഞ്ഞിരിക്കുമ്പോൾ
ചാരുകസേരയിൽ ചിന്താധീനയായി ഞാനവരെ കണ്ടുവെന്നിരിക്കട്ടെ;
അല്ലെങ്കിലൊരു തണുത്തു നീലിച്ച ഡിസംബർ രാത്രിയിൽ
ഒരു കോണിലൊതുങ്ങിനില്ക്കുന്നതായവരെ കണ്ടുവെന്നിരിക്കട്ടെ,
(മുതിർന്നുപോയ തന്റെ കുട്ടിയെ ഒന്നു കാണാനുള്ള വെമ്പലോടെ
നിത്യനിദ്രയിൽ നിന്നവരൊരു നിമിഷത്തിനവധിയെടുത്തതാവാം)
കണ്ണുകളെന്ന കുഴികളിൽ നിന്നു കണ്ണീരടർന്നുവീഴുന്നതു കാണുമ്പോൾ
ആ വിശ്വസ്തഹൃദയത്തോടെനിക്കെന്തു പറയാനുണ്ടാവും?

(പാപത്തിന്റെ പൂക്കൾ)


അമ്മയെ സംബോധന ചെയ്തുകൊണ്ടെഴുതിയത്. കുട്ടിക്കാലത്തു ബോദ്‌ലേറെ നോക്കിവളർത്തിയ മരീയെറ്റ് ആണ്‌ ‘ആ ദയാമയിയായ ആയ.’ തന്റെ ‘ഇന്റിമേറ്റ് ജേണലി’ൽ അദ്ദേഹം എഴുതുന്നുണ്ട്, തനിക്കു മാദ്ധ്യസ്ഥം പറയാൻ താൻ പ്രാർത്ഥിച്ചത് എഡ്ഗാർ ആലൻ പോ, മരീയെറ്റ് എന്നീ വിശുദ്ധരോടായിരുന്നുവെന്ന്.


La servante au grand coeur dont vous étiez jalouse

La servante au grand coeur dont vous étiez jalouse,
Et qui dort son sommeil sous une humble pelouse,
Nous devrions pourtant lui porter quelques fleurs.
Les morts, les pauvres morts, ont de grandes douleurs,
Et quand Octobre souffle, émondeur des vieux arbres,
Son vent mélancolique à l'entour de leurs marbres,
Certe, ils doivent trouver les vivants bien ingrats,
À dormir, comme ils font, chaudement dans leurs draps,
Tandis que, dévorés de noires songeries,
Sans compagnon de lit, sans bonnes causeries,
Vieux squelettes gelés travaillés par le ver,
Ils sentent s'égoutter les neiges de l'hiver
Et le siècle couler, sans qu'amis ni famille
Remplacent les lambeaux qui pendent à leur grille.
Lorsque la bûche siffle et chante, si le soir
Calme, dans le fauteuil je la voyais s'asseoir,
Si, par une nuit bleue et froide de décembre,
Je la trouvais tapie en un coin de ma chambre,
Grave, et venant du fond de son lit éternel
Couver l'enfant grandi de son oeil maternel,
Que pourrais-je répondre à cette âme pieuse,
Voyant tomber des pleurs de sa paupière creuse?

Charles Baudelaire

The Kind-Hearted Servant of Whom You Were Jealous

The kind-hearted servant of whom you were jealous,
Who sleeps her sleep beneath a humble plot of grass,
We must by all means take her some flowers.
The dead, ah! the poor dead suffer great pains,
And when October, the pruner of old trees, blows
His melancholy breath about their marble tombs,
Surely they must think the living most ungrateful,
To sleep, as they do, between warm, white sheets,
While, devoured by gloomy reveries,
Without bedfellows, without pleasant causeries,
Old, frozen skeletons, belabored by the worm,
They feel the drip of winter's snow,
The passing of the years; nor friends, nor family
Replace the dead flowers that hang on their tombs.

If, some evening, when the fire-log whistles and sings
I saw her sit down calmly in the great armchair,
If, on a cold, blue night in December,
I found her ensconced in a corner of my room,
Grave, having come from her eternal bed
Maternally to watch over her grown-up child,
What could I reply to that pious soul,
Seeing tears fall from her hollow eyelids?

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


ഹാൻസ് ആൻഡേഴ്സൻ - പന്തും പമ്പരവും


index



മറ്റു കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ മേശവലിപ്പിൽ കിടക്കുകയായിരുന്നു, ഒരു പമ്പരവും ഒരു കൊച്ചുപന്തും; പമ്പരം പന്തിനോടു ചോദിച്ചു, ‘ഒരേ പെട്ടിയിൽ ഒരുമിച്ചു കിടക്കുന്ന സ്ഥിതിയ്ക്ക് നമുക്കെന്തുകൊണ്ടു ഭാര്യാഭർത്താക്കന്മാരായിക്കൂടാ?’

മൊറോക്കോത്തുകലു കൊണ്ടു തുന്നിയെടുത്തതും ഏതു പരിഷ്ക്കാരിച്ചെറുപ്പക്കാരിയെയും പോലെ ഗർവിഷ്ഠയുമായ പന്തു പക്ഷേ, അതിനു മറുപടി പറയാൻ തയാറായില്ല.


അടുത്ത ദിവസം കളിപ്പാട്ടങ്ങളുടെ ഉടമയായ കുട്ടി വന്നു. അവൻ പമ്പരമെടുത്ത് അതിന്‌ ചുവപ്പും മഞ്ഞയും ചായം പൂശി; ഒരു പിത്തള ആണി അതിന്റെ നടുവിൽ അടിച്ചുകേറ്റി; ഇപ്പോൾ പമ്പരം കറങ്ങുമ്പോൾ അതൊന്നു കാണേണ്ടതു തന്നെ!

‘എന്നെ നോക്കെന്നേ!’ അവൻ പന്തിനോടു വിളിച്ചുപറഞ്ഞു. ‘ഇപ്പോഴെന്തു പറയുന്നു? നമുക്കു കല്യാണമുറപ്പിക്കുകയല്ലേ? എന്തു ചേർച്ചയാണു നമുക്ക്! നീ കുതിക്കുന്നു, ഞാൻ നൃത്തം വയ്ക്കുന്നു. നാമിരുവരെപ്പോലെ സന്തുഷ്ടർ ആരുണ്ടാവാൻ!’

‘ഇതാണല്ലേ തന്റെ മനസ്സിലിരിപ്പ്!’ പന്തു പറഞ്ഞു. ‘എന്റെ അച്ഛനും അമ്മയും മൊറോക്കോചെരുപ്പുകളായിരുന്നുവെന്നും എന്റെയുള്ളിൽ ഒരു സ്പാനിഷ് കോർക്കുണ്ടെന്നും തനിക്കറിയില്ലായിരിക്കും!’

‘ആയിക്കോട്ടെ, എന്നെ മഹാഗണി കൊണ്ടാണുണ്ടാക്കിയിരിക്കുന്നത്,’ പമ്പരം പറഞ്ഞു. ‘തന്നെയുമോ, മേയറാണെന്നെ കടഞ്ഞെടുത്തതും! സ്വന്തം ലെയ്ത്തിൽ തടി കടയുന്നത് അദ്ദേഹത്തിനെന്തു രസമായിരുന്നെന്നോ!’

‘സത്യം? തന്നെ വിശ്വസിക്കാമോ?’പന്തു ചോദിച്ചു.

‘ഞാൻ പറഞ്ഞതു നേരല്ലെങ്കിൽ ഇനിയാരും എന്നെ കറക്കിയെറിയാതെ പോകട്ടെ!’ പമ്പരം ആണയിട്ടു.

‘നിങ്ങൾക്കതു പറയാം,’ പന്തു പറഞ്ഞു. ‘പക്ഷേ എന്റെ കാര്യത്തിൽ അതു പറ്റില്ല. ഞാനും ഒരു മീവൽ പക്ഷിയുമായുള്ള വിവാഹം ഒരുമട്ടൊക്കെ ഉറപ്പിച്ച പോലെയാണ്‌. ഓരോ തവണ ഞാൻ വായുവിൽ ഉയരുമ്പോഴും അവൻ കൂട്ടിൽ നിന്നു തല പുറത്തിട്ടുകൊണ്ടു ചോദിക്കും, “സമ്മതിച്ചോ? സമ്മതിച്ചോ?” ഉവ്വെന്നു ഞാൻ മനസ്സിൽ പറഞ്ഞുകഴിഞ്ഞു; എന്നു പറഞ്ഞാൽ അതു സമ്മതം മൂളിയ പോലെയാണല്ലൊ. എന്തായാലും നിന്നെ ഒരിക്കലും മറക്കില്ലെന്നു ഞാൻ ഉറപ്പു തരുന്നു!’

‘ആവട്ടെ, അതു വലിയ സഹായം തന്നെ!’ പമ്പരം പറഞ്ഞു; അവർ പിന്നെ മിണ്ടിയിട്ടുമില്ല.

പിറ്റേ ദിവസം കുട്ടി വന്ന് പന്തുമെടുത്തു പുറത്തേക്കു പോയി. എന്തുയരത്തിലാണവൾ കുതിക്കുന്നതെന്നു പമ്പരം കണ്ടു; ശരിക്കുമൊരു കിളിയെപ്പോലെ! ഒടുവിൽ അവൾ കാഴ്ചയിൽ നിന്നു മറയുകയും ചെയ്തു. ഓരോ തവണ തിരിച്ചുവന്നു നിലം തൊടുമ്പോഴും മുമ്പത്തേതിലും ഉയരത്തിലാണ്‌ അവളുടെ കുതിപ്പ്! അതിനി അവളുടെ അഭിലാഷത്തിന്റെ കുതിപ്പാവാം, അല്ലെങ്കിൽ അവൾക്കുള്ളിലെ കോർക്കിന്റെ കുതിപ്പുമാവാം. ഒമ്പതാമത്തെ കുതിപ്പിൽ പക്ഷേ, പന്തു തിരിച്ചുവന്നില്ല, എന്നെന്നേക്കുമായി അതു പോയിമറഞ്ഞിരുന്നു. കുട്ടി തേടാത്ത സ്ഥലമില്ല; പക്ഷേ അതു പൊയ്പ്പോയിരുന്നു.

‘അവൾ എവിടെയാണെന്ന് എനിക്കറിയാം,‘ പമ്പരം നെടുവീർപ്പിട്ടു. ’അവൾ മീവലിനെ കല്യാണം കഴിച്ച് അവന്റെ കൂട്ടിലാണ്‌!‘

അതു തന്നെയായി അവന്റെ ആലോചന; ആലോചന കൂടുന്തോറും അവളോടുള്ള അവന്റെ ഭ്രമവും മൂത്തുവന്നു. തനിക്കവളെ കിട്ടില്ലെന്നു വന്നതോടെ അവനവളോടു പ്രേമവുമായി. പന്താകട്ടെ, മറ്റൊരാളെ വരിച്ചും കഴിഞ്ഞു! കറങ്ങിയും നൃത്തം വച്ചും നടക്കുകയായിരുന്നു പമ്പരമെങ്കിലും അവന്റെ ചിന്ത പന്തിനെക്കുറിച്ചു മാത്രമായിരുന്നു; അവന്റെ ഭാവനയിൽ അവളുടെ ചന്തം ഏറിയേറി വരികയുമായിരുന്നു. അങ്ങനെ കൊല്ലങ്ങൾ കുറേ കഴിഞ്ഞു- അതു പണ്ടെന്നോ നടന്നൊരു പ്രണയവുമായി.


പമ്പരം ഇപ്പോൾ ചെറുപ്പവുമല്ല! അങ്ങനെയിരിക്കെ ഒരു ദിവസം പമ്പരത്തിനവര്‍  ഗിൽറ്റു പൂശി. മുമ്പൊരിക്കലും അവൻ ഇത്ര സുന്ദരനായിട്ടില്ല! ഇപ്പോഴവൻ ഒരു സ്വർണ്ണപ്പമ്പരമത്രെ; മൂളിക്കൊണ്ടവൻ കറങ്ങുകയായിരുന്നു. അതെ, കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. കറങ്ങിക്കറങ്ങി പെട്ടെന്നവൻ മുകളിലേക്കൊന്നു കുതിച്ചു- പിന്നെ ആളെ കാണാനില്ല.

അവനെ എവിടൊക്കെ തിരഞ്ഞു, നിലവറയിൽ പോലും പോയി നോക്കി; എങ്ങും അവനെ കാണാനില്ല. അവൻ എവിടെ പോയിരിക്കും?
അവൻ ചാടിച്ചെന്നു വീണത് ഒരു കുപ്പത്തൊട്ടിയിലാണ്‌; അതിലില്ലാത്തതായി ഒന്നുമില്ല: കാബേജിന്റെ തണ്ടുകൾ, ചപ്പുചവറുകൾ, പുരപ്പുറത്തു നിന്നു വീണ അതുമിതും.

’എനിക്കു കിടക്കാൻ പറ്റിയ ഇടം തന്നെ! ഗില്റ്റു പൂശിയതൊക്കെ ഇളകിപ്പോരാൻ ഇനി അധികസമയം വേണ്ട. എന്തു തരം ചവറുകൾക്കിടയിലാണോ, ഞാൻ വന്നു പെട്ടിരിക്കുന്നത്!‘

ഏറുകണ്ണിട്ടൊന്നു നോക്കിയപ്പോൾ നല്ല നീളത്തിൽ തൊട്ടടുത്ത് ഒരു കാബേജുതണ്ട് അവന്‍  കണ്ടു, പിന്നെ പഴകിയ ആപ്പിൾ പോലെ തോന്നിച്ച വിചിത്രമായ ഒരു ഉരുണ്ട സാധനവും. അതു പക്ഷേ, ആപ്പിളൊന്നുമായിരുന്നില്ല- വർഷങ്ങളായി മേൽക്കൂരയുടെ വെള്ളപ്പാത്തിയിൽ കിടന്ന ഒരു പഴയ പന്തായിരുന്നു; വെള്ളം കുടിച്ച് അതാകെ നനഞ്ഞുചീർത്തിരുന്നു.

’ദൈവത്തിനു സ്തുതി! മിണ്ടാനും പറയാനും തരത്തില്‍ പെട്ട ഒരാളെ കിട്ടിയല്ലോ!‘ 

ഗില്റ്റു പൂശിയ പമ്പരത്തെ കണ്ണു കൊണ്ടുഴിഞ്ഞുകൊണ്ട് പന്തു പറഞ്ഞു, ’അസ്സൽ മൊറോക്കോത്തുകലു കൊണ്ട് ചെറുപ്പക്കാരികൾ തുന്നിയെടുത്തതാണെന്നേ എന്നെ! അതുമല്ല, ഉള്ളിൽ ഒരു കോർക്കുമുണ്ട്! എന്നെ ഇപ്പോൾ കണ്ടാൽ പക്ഷേ, അങ്ങനെയൊന്നും തോന്നുകയില്ല! മീവൽ പക്ഷിയുമായുള്ള വിവാഹം നടക്കാറായപ്പോഴാണ്‌ ഞാൻ ചെന്നു വെള്ളപ്പാത്തിയിൽ വീണത്; വെള്ളവും കുടിച്ച് അഞ്ചുകൊല്ലം ഞാനവിടെ കിടന്നു. ഒരു ചെറുപ്പക്കാരിക്ക് അതൊരു വലിയ കാലയളവല്ലേ, അല്ലേ?‘

പമ്പരം പക്ഷേ, ഒരക്ഷരം മിണ്ടിയില്ല. അവൻ തന്റെ ആ പഴയ പ്രണയഭാജനത്തെക്കുറിച്ചോർക്കുകയായിരുന്നു. കേൾക്കുന്തോറും ഇതവൾ തന്നെയാണെന്ന് അവനു തെളിഞ്ഞുവരികയായിരുന്നു. 

അപ്പോഴാണ്‌ കുപ്പത്തൊട്ടിയെടുത്തു കാലിയാക്കാനായി വേലക്കാരി വരുന്നത്. ’അല്ലാ, ഇതെന്താ! നമ്മുടെ പമ്പരം ഇതാ, ഇവിടെക്കിടക്കുന്നു!‘ അവൾ വിളിച്ചുപറഞ്ഞു. 

അങ്ങനെ പമ്പരം വീണ്ടും വീട്ടിനുള്ളിലെത്തി; വലിയ പരിഗണനയും ബഹുമാനവുമാണ്‌ അവനു കിട്ടിയത്. പക്ഷേ ആ കൊച്ചുപന്തിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞുകേട്ടില്ല. പമ്പരവും പിന്നീട് തന്റെ പഴയ കാമുകിയെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അഞ്ചു കൊല്ലം വെള്ളപ്പാത്തിയിൽ കിടന്നു നനഞ്ഞ ഒരു പ്രണയഭാജനത്തോട് നമുക്കു പിന്നെ ഒരിഷ്ടവുമില്ലാതാകുന്നു; ഒരു കുപ്പത്തൊട്ടിയിൽ വച്ച് പിന്നീടു കാണുമ്പോൾ നമുക്കവളെ തീരെ ഓർമ്മ വരുന്നുമില്ല!
(1843 നവംബർ 11)

Tuesday, December 2, 2014

ഹാൻസ് ആൻഡേഴ്സൻ - കോട്ടമതിലിൽ നിന്നുള്ള കാഴ്ച

index

ശരൽക്കാലമാണ്‌; കോട്ടമതിലിൽ കയറിനിന്നു  നോക്കുമ്പോള്‍ സൌണ്ട് കടലിടുക്കിലൂടെ പായ വിരിച്ചോടുന്ന കപ്പലുകൾ ഞങ്ങൾക്കു കാണാം; സാന്ധ്യവെളിച്ചത്തിൽ അക്കരെ സ്വീഡന്റെ കരയും ഞങ്ങളുടെ കാഴ്ചയിൽ വരുന്നുണ്ട്. ഞങ്ങൾക്കു പിന്നിൽ ചെങ്കുത്തായുള്ള കോട്ടമതിലിനെ വലയം ചെയ്തു നിൽക്കുന്ന പ്രബലവൃക്ഷങ്ങളിൽ നിന്ന് പഴുക്കിലകൾ കൊഴിഞ്ഞുവീഴുന്നു. ഞങ്ങൾക്കു താഴെ, മതിലിനു ചുവട്ടടിയിലായി, ചുറ്റും മരവേലികളുള്ള ഇരുണ്ടു മ്ളാനമായ ചില കെട്ടിടങ്ങൾ ഞങ്ങൾക്കു കാണാം. അതിലുമിരുണ്ടതും മ്ളാനവുമാണ്‌, ആ ഇരുണ്ട കമ്പിയഴികൾക്കു പിന്നിൽ; കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്നതവിടെയാണല്ലൊ.

അസ്തമയസൂര്യനിൽ നിന്നൊരു രശ്മി ഒരു കുറ്റവാളിയുടെ തടവറയിലേക്കു ചെന്നുകേറുന്നു. നല്ലവർക്കും കെട്ടവർക്കും മേൽ ഒരേ പോലെയാണല്ലോ സൂര്യൻ തിളങ്ങുക! മുഖം മുഷിഞ്ഞ, മനം കടുത്ത ആ തടവുകാരൻ ആ വെയിൽനാളത്തെ അക്ഷമയോടെ ഉറ്റുനോക്കുന്നു. ഒരു ചെറുകിളി കമ്പിയഴികൾക്കടുത്തേക്കു പറന്നെത്തുന്നു. നല്ലവർക്കും കെട്ടവർക്കും ഒരേപോലെയാണല്ലോ കിളി പാടിക്കൊടുക്കുക! ചെറുതായൊന്നു ചിലച്ചതില്പിന്നെ അത് അഴിയിൽ പറന്നുചെന്നിരിക്കുന്നു, ചിറകു രണ്ടും വിടർത്തുന്നു, നെഞ്ചത്തു നിന്നൊരു തൂവൽ കൊത്തിയിടുന്നു, പിന്നെ ദേഹമൊന്നു കുടഞ്ഞ് ഉഷാറാവുകയും ചെയ്യുന്നു. തുടലിൽ കിടക്കുന്ന കുറ്റവാളി അതിനെത്തന്നെ നോക്കിയിരിക്കുകയാണ്‌; അയാളുടെ കടുപ്പിച്ച മുഖഭാവം ഒന്നയഞ്ഞപോലെ. അയാളുടെ മനസ്സിൽ എന്തോ ഒരു ചിന്ത ഊറിപ്പൊങ്ങുകയാണ്‌- അയാൾക്കു തന്നെ ഇന്നതെന്നറിയാത്തതൊന്ന്. പക്ഷേ ആ വെയിൽനാളവുമായി ബന്ധപ്പെട്ടതാണത്, വസന്തമെത്തുമ്പോൾ ജനാലയ്ക്കു പുറത്ത് സമൃദ്ധമായി വളരുന്ന വയലറ്റ് പൂക്കളുടെ ഗന്ധവുമായി ബന്ധപ്പെട്ടതാണത്. അപ്പോഴതാ, തെളിഞ്ഞും നിറഞ്ഞും ഒരു വേട്ടക്കാരന്റെ കുഴൽവിളി കേൾക്കാകുന്നു. കമ്പിയഴിയിൽ നിന്നു കിളി പറന്നകലുന്നു, വെയിൽനാളം പിൻവാങ്ങുന്നു, തടവറയ്ക്കുള്ളിൽ, കുറ്റവാളിയുടെ നെഞ്ചിനുള്ളിൽ പിന്നെയും ഇരുട്ടു മാത്രമാകുന്നു. എന്നാലും ആ ഹൃദയത്തെ ഒരു സൂര്യരശ്മി ഒന്നു തൊട്ടുവല്ലോ, ഒരു കിളിയുടെ കൊഞ്ചൽ അതിനെ ഒന്നു സ്പർശിക്കുകയും ചെയ്തു. 

വേട്ടക്കാരുടെ കാഹളങ്ങളേ, നിങ്ങളാഹ്ളാദത്തോടെ മുഴങ്ങിക്കോളൂ! സായാഹ്നം സൌമ്യം; ചില്ലുപാളി പോലെ മിനുസമായ കടല്പരപ്പാവട്ടെ, മൃദുതാളത്തിൽ ശ്വാസമെടുക്കുന്ന മാറിടം പോലെയും.
(1846 ഡിസംബർ)



ജ്യൂസപ്പെ ഉംഗറെട്ടി - സുഖം

244443b022e71d79a259c811d9dccdb2


ഈ വെളിച്ചത്തിന്റെ വേലിയേറ്റത്തിൽ
ഞാൻ തപിക്കുന്നു
പനി പിടിച്ചപോലെ

ഈ പകലു ഞാനിറുത്തെടുക്കുന്നു
മധുരം വായ്ക്കുന്ന
കനി പോലെ

ഇന്നു രാത്രിയിൽ
അനുതാപം ഞാനറിയും
മണൽക്കാട്ടിൽ
നഷ്ടമാകുന്നൊരു
മോങ്ങൽ പോലെ

(വെർസ, 1917 ഫെബ്രുവരി 18)


'Pleasure'

I burn with the
fever
of this spate of light

I wel­come this
day like
a sweet­en­ing fruit

Tonight
I shall feel
re­morse like a
howl
lost in the
desert

— Giuseppe Un­garetti

 

(Translated from the Italian by Patrick Creagh)

Friday, November 28, 2014

ഹാൻസ് ആൻഡേഴ്സൻ - രക്ഷ

prince-and-old-man

ഒരു രാജകുമാരനും രാജകുമാരിയും- അവരുടെ വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. അവരുടെ ആഹ്ളാദം ഇന്നതെന്നു പറയാനില്ല. എന്നാൽക്കൂടി ഒരു ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു; അതിതായിരുന്നു: എന്നും ഇതേപോലെ സന്തുഷ്ടരായിരിക്കുമോ തങ്ങൾ? അതിനാൽ തങ്ങളുടെ ദാമ്പത്യജീവിതത്തിൽ നിഴലു വീഴ്ത്തിയേക്കാവുന്നതെന്തിനെയും തടുക്കാനായി മന്ത്രശക്തിയുള്ള ഒരു രക്ഷ കണ്ടെത്താൻ അവർ തീരുമാനിച്ചു.

കാട്ടിൽ താമസിച്ചിരുന്ന ഒരു ജ്ഞാനിയെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് എല്ലാവർക്കും വലിയ അഭിപ്രായവുമായിരുന്നു. ഏതു ദുരിതമാകട്ടെ, ഏതു ദുഃഖമാവട്ടെ, ഉചിതമായ ഒരുപദേശം അദ്ദേഹത്തിനടുത്തു ചെന്നാൽ കിട്ടുമെന്നതിൽ സംശയിക്കാനില്ല. നവദമ്പതികൾ ആ ജ്ഞാനിയെ ചെന്നുകണ്ട് തങ്ങളുടെ മനസ്സു വിഷമിപ്പിക്കുന്ന സംഗതിയെക്കുറിച്ചു പറഞ്ഞു.

അദ്ദേഹം പറഞ്ഞു: ‘ലോകത്തെ സർവദേശങ്ങളിലും യാത്ര ചെയ്യൂ; തികച്ചും സംതൃപ്തരായ ഒരു ഭർത്താവിനേയും ഭാര്യയേയും കണ്ടാൽ അവരുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ചോദിച്ചുവാങ്ങൂ. ഒരു രക്ഷയായി അതെപ്പോഴും കൂടെ കൊണ്ടുനടക്കുക. നിങ്ങളുടെ വിഷമത്തിനു മതിയായൊരു പരിഹാരമാണത്.’

അങ്ങനെ അവർ ലോകയാത്രയ്ക്കിറങ്ങി; സന്തുഷ്ടരിൽ സന്തുഷ്ടരെന്നു പറയാവുന്ന ഒരു പ്രഭുവിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും കുറിച്ച് അവർ കേട്ടു. അവർ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി, ഇക്കേൾക്കുന്ന പോലെ അവരുടെ ദാമ്പത്യജീവിതം അത്ര സന്തോഷം നിറഞ്ഞതാണോ എന്നന്വേഷിച്ചു.

‘തീർച്ചയായും!’ എന്നായിരുന്നു മറുപടി. ‘പക്ഷേ ഒരു കുറവേയുള്ളു: ഞങ്ങൾക്കു കുട്ടികളില്ല!’

തങ്ങളന്വേഷിക്കുന്ന പ്രതിവിധി ഇവിടെ കിട്ടില്ലെന്നു മനസ്സിലായ രാജകുമാരനും രാജകുമാരിയും ഏറ്റവും സംതൃപ്തരായ ദമ്പതിമാരെ തേടിയുള്ള യാത്ര തുടർന്നു.

പിന്നെ അവരെത്തിയത് ഒരു നഗരത്തിലാണ്‌: അവിടുത്തെ മേയറും ഭാര്യയും എത്രയും രഞ്ജിപ്പിലും സന്തോഷത്തിലുമാണത്രെ കഴിയുന്നത്.

‘അതെ, അതിൽ സംശയമൊന്നുമില്ല,’ മേയർ പറഞ്ഞു. ‘ഞാനും എന്റെ ഭാര്യയും ഒരുമിച്ചുള്ള ജീവിതം പകരം വയ്ക്കാനില്ലാത്തതു തന്നെ. ഇത്രയും കുട്ടികൾ ഇല്ലാതിരുന്നെങ്കിൽ എന്നൊരാലോചനയേ ഞങ്ങൾക്കുള്ളു! എന്തുമാത്രം മന:പ്രയാസവും ഉത്കണ്ഠയുമാണെന്നോ അവർ കാരണം ഞങ്ങൾ അനുഭവിക്കുന്നത്!’

അവിടെയും തങ്ങൾ തേടുന്ന മരുന്നു കിട്ടില്ലെന്നുറപ്പായതോടെ സന്തുഷ്ടദമ്പതികളെത്തേടിയുള്ള യാത്ര അവർ വീണ്ടും തുടങ്ങി. പക്ഷേ അങ്ങനെയൊരു വർഗ്ഗമേ ലോകത്തില്ലാത്ത പോലെയായിരുന്നു!

അങ്ങനെയിരിക്കെ ഒരു ദിവസം, പാടങ്ങളും പുൽത്തകിടികളും താണ്ടി അവർ യാത്ര ചെയ്യുമ്പോൾ വളരെ സന്തോഷത്തോടെ ഓടക്കുഴലും വായിച്ചിരിക്കുന്ന ഒരാട്ടിടയനെ അവർ കണ്ടു. ഈ സമയത്ത് ഒരു സ്ത്രീ ഒരു കുഞ്ഞിനെ ഒക്കത്തു വച്ചും മറ്റൊരു കുട്ടിയെ കൈ പിടിച്ചു നടത്തിയും അയാൾക്കടുത്തേക്കു ചെല്ലുന്നതും കണ്ടു. ആട്ടിടയൻ അവളോടു കുശലം ചോദിക്കുകയും കുഞ്ഞിനെ എടുത്ത് ഓമനിക്കുകയും ചെയ്യുകയാണ്‌. അയാളുടെ നായ കുട്ടിയുടെ കൈയിൽ നക്കുകയും കുരയ്ക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. ഭാര്യ താൻ കൊണ്ടുവന്ന കഞ്ഞിക്കലം തുറന്നുവച്ചിട്ട് ഭർത്താവിനെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു.

അയാൾ ഒരു കരണ്ടിയെടുത്ത് കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുന്നു. അടുത്ത കരണ്ടി കുട്ടിയ്ക്കും നായയ്ക്കുമുള്ളതാണ്‌. രാജകുമാരനും രാജകുമാരിയും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അവർ പതുക്കെ അടുത്തു ചെന്ന് വിശേഷം ചോദിക്കാൻ തുടങ്ങി, ‘തികച്ചും സന്തുഷ്ടരും സംതൃപ്തരുമെന്നു പറയാവുന്ന ഭാര്യാഭർത്താക്കന്മാരെന്നു നിങ്ങളെ പറയാമോ?’

‘എന്തുകൊണ്ടല്ല!’ ആട്ടിടയൻ പറഞ്ഞു. ‘ദൈവത്തിനു സ്തുതി! ഞങ്ങളെക്കാൾ സന്തുഷ്ടരായിരിക്കില്ല, ഒരു രാജാവും റാണിയും!’

‘എങ്കിൽ കേൾക്കൂ,’ രാജകുമാരൻ പറഞ്ഞു, ‘ഒരു സൌജന്യം ഞങ്ങൾക്കു ചെയ്തുതരാമോ? അതിൽ ഒരിക്കലും നിങ്ങൾക്കു ഖേദിക്കേണ്ടിവരില്ല. നിങ്ങളുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ഞങ്ങൾക്കു തരൂ.’

ഈ അപേക്ഷ കേട്ടപ്പോൾ ആട്ടിടയനും ഭാര്യയും തമ്മിൽത്തമ്മിൽ വിചിത്രമായ ഒരു നോട്ടം കൈമാറി. ഒടുവിൽ അയാൾ ഇങ്ങനെ പറഞ്ഞു: ‘അതു തരുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളുവെന്ന് ദൈവത്തിനറിയാം; ഒരിഴയല്ല, ഷർട്ടോ പെറ്റിക്കോട്ടോ അങ്ങനെതന്നെ ഞങ്ങൾ തരും; പക്ഷേ, ഈ മേലുടുപ്പല്ലാതൊന്നും ഞങ്ങൾക്കില്ല!‘

അങ്ങനെ രാജദമ്പതികളുടെ യാത്ര തുടർന്നു. ഒടുവിൽ ഒരു ഫലവും കാണാത്ത ഈ അലച്ചിൽ തന്നെ മടുത്ത് അവർ നാട്ടിലേക്കു മടങ്ങി. അവർ ആ ജ്ഞാനിയുടെ കുടിലിൽ ചെന്ന് ഇത്രയും മോശമായ ഒരുപദേശം കൊടുത്തതിന്‌ അദ്ദേഹത്തെ ശകാരിച്ചു. അവരുടെ യാത്രാവിവരണം മുഴുവൻ അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. പിന്നെ ഒരു പുഞ്ചിരിയോടെ ചോദിച്ചു: ’അത്രയും നിഷ്ഫലമായെന്നു പറയാമോ, നിങ്ങളുടെ യാത്ര? അനുഭവസമ്പത്തു നേടിയിട്ടല്ലേ നിങ്ങൾ മടങ്ങിയെത്തിയത്?‘

’അതെ,‘ രാജകുമാരൻ പറഞ്ഞു. ’ഭൂമിയിൽ വളരെ അപൂർവ്വമായ ഒരനുഗ്രഹമാണു സംതൃപ്തി എന്നൊരു പാഠം ഞാൻ പഠിച്ചു.‘

’ഞാനും പഠിച്ചു, ‘ രാജകുമാരി പറഞ്ഞു, ’സംതൃപ്തരാവാൻ മറ്റൊന്നും ചെയ്യേണ്ടെന്ന്- സംതൃപ്തരാവുകയല്ലാതെ.‘

പിന്നെ രാജകുമാരൻ രാജകുമാരിയുടെ കരം ഗ്രഹിച്ചു. അഗാധമായ ഒരു സ്നേഹത്തോടെ അവരിരുവരും പരസ്പരം കണ്ണുകളിൽ നോക്കി. ജ്ഞാനി അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു, ’യഥാർത്ഥരക്ഷ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിൽ കണ്ടെത്തിക്കഴിഞ്ഞു. അതു കൈമോശം വരാതെ സൂക്ഷിക്കുക; എങ്കിൽ അസംതൃപ്തിയുടെ ദുഷ്ടപ്പിശാചിന്‌ നിങ്ങളെ ഒരിക്കലും കീഴടക്കാനാവില്ല.‘
(1836)

Wednesday, November 26, 2014

ഹാൻസ് ആൻഡേഴ്സൻ - ഫീനിക്സ്

Phoenix-Fabelwesen



പറുദീസയിലെ ഉദ്യാനത്തിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ഒരു പനിനീർച്ചെടി പൂവിട്ടുനിന്നിരുന്നു. അതിൽ ആദ്യം വിരിഞ്ഞ പൂവിൽ ഒരു പക്ഷി പിറവിയെടുത്തു.  അതിന്റെ തൂവലുകൾ വർണ്ണോജ്വലമായിരുന്നു, അതിന്റെ ഗാനം മോഹനമായിരുന്നു, അതിന്റെ പറക്കലാവട്ടെ, വെളിച്ചം മിന്നിമായുമ്പോലെയുമായിരുന്നു.
പക്ഷേ, അറിവിന്റെ വൃക്ഷത്തിൽ നിന്നു കനി പറിച്ച ഹവ്വയെ ആദാമിനൊപ്പം പറുദീസയിൽ നിന്നു നിഷ്കാസിതയാക്കാൻ  നിയുക്തനായ മാലാഖയുടെ എരിയുന്ന വാളിൽ നിന്നൊരു തീപ്പൊരി ഈ പക്ഷിയുടെ കൂട്ടിൽ വീഴാനിടയായി. അതു കത്തിയമർന്നു, പക്ഷി ദഹിച്ചുപോവുകയും ചെയ്തു. എന്നാൽ കൂട്ടിലുണ്ടായിരുന്ന ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയതൊന്ന് ചിറകടിച്ചുയർന്നു- ഒരേയൊരു ഫീനിക്സ് പക്ഷി. അതിന്റെ വാസസഥലം അറേബ്യ ആണെന്നും ഓരോ നൂറു കൊല്ലം കൂടുന്തോറും സ്വന്തം കൂട്ടിൽ അതു ദഹിച്ചുപോകുന്നുവെന്നും കഥ നമ്മോടു പറയുന്നു; പക്ഷേ ഓരോ വട്ടവും ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയൊരു ഫീനിക്സ് പക്ഷി, ലോകത്താകെയുള്ളതൊന്ന്, വിരിഞ്ഞുയരുകയും ചെയ്യുന്നു.
അതു നമുക്കു ചുറ്റും പറന്നുനടക്കുന്നു, വർണ്ണോജ്വലമായ തൂവലുകളുമായി, മോഹനമായ ഗാനവുമായി, വെളിച്ചം മിന്നിമായുമ്പോലെയും. അമ്മ കുഞ്ഞിനെ താരാട്ടു പാടിയുറക്കുമ്പോൾ അവൻ തലയിണ മേൽ കയറിനില്ക്കുന്നു, കുഞ്ഞിന്റെ ശിരസ്സിനു ചുറ്റുമായി ഒരു പ്രഭാവിശേഷം ചമയ്ക്കുകയും ചെയ്യുന്നു. സംതൃപ്തിയുടെ കുടിലിനുള്ളിലേക്കവൻ വെയിൽനാളവുമായി പറന്നുകേറുന്നു; എളിമയുടെ മേശ മേലപ്പോൾ വയലറ്റുകളുടെ സുഗന്ധം ഇരട്ടിക്കുകയും ചെയ്യുന്നു.
ഫീനിക്സ് പക്ഷേ, അറേബ്യയുടെ മാത്രം പക്ഷിയുമല്ല. ധ്രുവദീപ്തിയുടെ മിനുക്കത്തിൽ ലാപ്‌ലാന്റിലെ* സമതലങ്ങൾക്കു മേൽ അവൻ പറന്നുപോകുന്നതു കാണാം; ഗ്രീൻലാന്റിലെ ഹ്രസ്വമായ ഗ്രീഷ്മകാലത്ത് മഞ്ഞപ്പൂക്കൾക്കിടയിൽ അവൻ തത്തിക്കളിക്കുന്നതും കാണാം. ഫാലുണിലെ* ചെമ്പുമലകൾക്കുള്ളിലും ഇംഗ്ളണ്ടിലെ കല്ക്കരിഖനികളിലും അവൻ പറന്നുചെല്ലുന്നു, വിശ്വാസിയായ ഒരു ഖനിത്തൊഴിലാളിയുടെ കാൽമുട്ടുകളിൽ വച്ചിരിക്കുന്ന സങ്കീർത്തനപുസ്തകത്തിനു മേൽ ഒരു നിശാശലഭമായി. പാവനമായ ഗംഗാനദിയിലൂടെ ഒരു താമരയിലയിൽ അവൻ ഒഴുകിപ്പോകുന്നു; അതു കാണുമ്പോൾ ഒരു ഹിന്ദുയുവതിയുടെ കണ്ണുകൾ വിടരുകയും ചെയ്യുന്നു.
ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? പറുദീസയിലെ പക്ഷിയെ, സംഗീതത്തിന്റെ വിശുദ്ധഹംസത്തെ? തെസ്പിസിന്റെ* വണ്ടിയിൽ വീഞ്ഞിന്റെ അടിമട്ടു പറ്റിയ ചിറകുമടിച്ച് ചറപറ പറയുന്നൊരു മലങ്കാക്കയായി അവനിരുപ്പുണ്ടായിരുന്നു; ഐസ്‌ലന്റിലെ സംഗീതം പൊഴിക്കുന്ന കിന്നരത്തിന്റെ തന്ത്രികൾ തഴുകിയ ഹംസത്തിന്റെ ചുവന്ന കൊക്കുകൾ അവന്റേതായിരുന്നു; ഷേക്സ്പിയറുടെ ചുമലിൽ ഓഡിന്റെ കാക്കയായി* വന്നിരുന്ന് ‘നിത്യത!’ എന്ന് അദ്ദേഹത്തിന്റെ കാതുകളിൽ മന്ത്രിച്ചതവനായിരുന്നു; വാർട്ട്ബർഗിലെ രാജസഭകളിൽ* സഞ്ചാരികളായ ഗായകരുടെ വിരുന്നിൽ അവൻ ചിറകടിച്ചുപറന്നിരുന്നു.
ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? നിങ്ങളെ മഴ്സെയേൽ* പാടിക്കേൾപ്പിച്ചതവനായിരുന്നു; അവന്റെ ചിറകിൽ നിന്നുതിർന്നുവീണ തൂലികയെ നിങ്ങളന്നു ചുംബിക്കുകയും ചെയ്തിരുന്നു; പറുദീസയുടെ ദീപ്തിയുമായിട്ടാണവൻ വന്നത്; നിങ്ങളഥവാ, അവനിൽ നിന്നു മുഖം തിരിച്ച് ചിറകിൽ കാക്കപ്പൊന്നു തേച്ച കുരുവിയെ നോക്കി ഇരുന്നതാവാം.
പറുദീസയിലെ പക്ഷീ! ഓരോ നൂറ്റാണ്ടിലും അഗ്നിയിൽ പിറന്നഗ്നിയിലൊടുങ്ങുന്നവനേ! അതിധനികരുടെ ഭവനങ്ങളിൽ പൊൻചട്ടങ്ങൾക്കുള്ളിൽ നിന്റെ ചിത്രങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ടാവാം; നീയോ പക്ഷേ, ഒറ്റയായി, ആരും പരിഗണിക്കാതെ, ‘അറേബ്യയിലെ ഫീനിക്സ് പക്ഷി’ എന്ന മിത്തായി ചുറ്റിപ്പറക്കുകയും ചെയ്യുന്നു.
പറുദീസയിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ആദ്യം വിരിഞ്ഞ പനിനീർപ്പൂവിൽ നീ പിറവിയെടുത്തപ്പോൾ നമ്മുടെ നാഥൻ നിന്നെ ചുംബിച്ചു, നേരായ പേരു ചൊല്ലി നിന്നെ വിളിക്കുകയും ചെയ്തു- കവിത, അതാണു നിന്റെ പേര്‌!


* ഫീനിക്സ് (phoenix) - പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന കൂറ്റൻ അറബിപ്പക്ഷി. 500 കൊല്ലം കൂടുമ്പോൾ അതു സ്വയം ചിതയൊരുക്കി അതിൽ ദഹിക്കുമെന്നും ആ ചാരത്തിൽ നിന്ന് പുതിയൊരു ഫീനിക്സ് ഉയർന്നുവരുമെന്നും വിശ്വാസം. പുനർജ്ജന്മം, സൂര്യൻ, കാലം, ഉയിർത്തെഴുന്നേല്പ്, പറുദീസയിലെ ജീവിതം, ക്രിസ്തു, വിശുദ്ധമറിയം, കന്യകാത്വം ഇതിനൊക്കെ പ്രതീകമായി.
* ലാപ്‌ലാൻഡ് (Lapland)- ഫിൻലന്റിന്റെ വടക്കേയറ്റത്തുള്ള സമതലം
* ഫാലുന്‍(Falun)- ചെമ്പുഖനികൾക്കു പ്രസിദ്ധമായ ഫിൻലന്റിലെ മലമ്പ്രദേശം
*തെസ്പിസ് (Thespis) - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഗ്രീക്കുനടൻ. ഒരു നാടകത്തിലെ കഥാപാത്രമായി ആദ്യമായി അരങ്ങിലെത്തുന്നത് ഇദ്ദേഹമാണെന്ന് അരിസ്റ്റോട്ടിൽ പറയുന്നു. സഞ്ചരിക്കുന്ന നാടകവേദിയുടെ ഉപജ്ഞാതാവും തെസ്പിസ് തന്നെ; ചമയങ്ങളും മുഖാവരണങ്ങളും മറ്റു നാടകസാമഗ്രികളുമൊക്കെയായി ഒരു വണ്ടിയിൽ അദ്ദേഹം പഴയ ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ കടന്നുപോയി.
*ഓഡിന്റെ കാക്ക (Odin's raven)- നോഴ്സ് പുരാണങ്ങളിൽ പ്രധാനദേവനായ ഓഡിന്റെ ചുമലിൽ രണ്ടു മലങ്കാക്കകളെ കാണാം; ഷേക്സ്പിയറിന്റെ മാക്ബത്തിലും ഒഥല്ലോയിലും അശുഭസൂചകങ്ങളായി ഇവ കടന്നുവരുന്നുണ്ട്.
*വാർട്സ്ബർഗ് (Wartburg)- ജർമ്മനിയിലെ പുരാതനദുർഗ്ഗം; മദ്ധ്യകാലഘട്ടത്തിൽ നിർമ്മിച്ചത്. സഞ്ചാരികളായ ഗായകരുടെ മത്സരവേദി എന്ന നിലയിൽ പ്രസിദ്ധമായിരുന്നു.
*മഴ്സയേൽ (
Marseillaise)- ഫ്രാൻസിന്റെ ദേശീയഗാനം; ഫ്രഞ്ചുവിപ്ളവകാലത്ത് 1792ൽ രചിക്കപ്പെട്ടത്.

ഹാൻസ് ആൻഡേഴ്സൻ - ദുഷ്ടനായ രാജാവ്

 

evilpri



ഒരിക്കൽ ഒരിടത്ത് വളരെ ദുഷ്ടനും അഹംഭാവിയുമായ ഒരു രാജാവുണ്ടായിരുന്നു. ലോകം മുഴുവൻ തന്റെ വരുതിക്കാവണമെന്നും തന്റെ പേരു കേട്ടാൽ ആളുകൾ കിടുങ്ങിവിറയ്ക്കണമെന്നുമായിരുന്നു അയാളുടെ മനസ്സിൽ ആകെയുള്ള ചിന്ത. വാളും തീയും കൊണ്ടയാൾ പാഞ്ഞുനടന്നു. വിളഞ്ഞുനില്ക്കുന്ന പാടങ്ങൾ അയാളുടെ പടയാളികൾ ചവിട്ടി മെതിച്ചു; പാവം കൃഷിക്കാരുടെ കുടിലുകൾക്കവർ തീയിട്ടു; ചുവന്ന തീനാളങ്ങൾ മരങ്ങളുടെ ഇലകൾ ഒന്നു പോലും ബാക്കിവയ്ക്കാതെ നക്കിയെടുക്കുന്നതും കരിഞ്ഞിരുണ്ട ചില്ലകളിൽ നിന്നു കനികൾ തൂങ്ങിക്കിടക്കുന്നതും അവർ നോക്കിനിന്നു. പുകയുന്ന ചുമരുകൾക്കു പിന്നിൽ എത്ര അമ്മമാരാണ്‌ കൈക്കുഞ്ഞുങ്ങളുമായി ഒളിച്ചിരുന്നത്; പടയാളികൾ അവരെ തിരഞ്ഞുപിടിച്ച് തങ്ങളുടെ പൈശാചികാനന്ദങ്ങൾക്ക് അവരെ വിധേയരാക്കുകയായി. ദുഷ്ടപ്പിശാചുക്കൾ പോലും ഇത്ര ഹീനമായി പെരുമാറിയേക്കില്ല; പക്ഷേ രാജാവിന്റെ വിചാരം ഇതൊക്കെ ഇങ്ങനെ തന്നെയാണു വേണ്ടതെന്നായിരുന്നു. നാൾക്കു നാൾ അയാളുടെ ബലം വർദ്ധിക്കുകയായിരുന്നു; അയാളുടെ പേരു കേൾക്കുമ്പോൾ ആളുകൾ പേടിച്ചുചൂളുകയായിരുന്നു; അയാൾ ഏറ്റെടുത്ത ദൌത്യങ്ങളൊക്കെ വിജയം കാണുകയുമായിരുന്നു. കീഴടക്കിയ നഗരങ്ങളിൽ നിന്ന് അയാൾ പൊന്നും പണവും കുത്തിക്കവർന്നുകൊണ്ടുപോയി. അയാളുടെ രാജകൊട്ടാരത്തിൽ നിധികൾ കുന്നുകൂടി. പിന്നെ അയാൾ ഗംഭീരങ്ങളായ കോട്ടകളും പള്ളികളും കമാനങ്ങളും പടുത്തുയർത്തുകയായി. ആ കൂറ്റൻ എടുപ്പുകൾ കണ്ടവരെല്ലാം പറഞ്ഞു: ‘എത്ര മഹാനായ രാജാവ്!’ അന്യദേശങ്ങളിൽ അയാൾ വരുത്തിയ കെടുതികളെക്കുറിച്ച് അവർ ആലോചിച്ചില്ല; കത്തിച്ചാമ്പലായ നഗരങ്ങളിൽ നിന്നുയർന്ന നെടുവീർപ്പുകളും നിലവിളികളും അവർ കേട്ടില്ല.

തന്റെ സ്വർണ്ണക്കൂനകളിൽ, കൂറ്റൻ കെട്ടിടങ്ങളിൽ കണ്ണോടിച്ച രാജാവിനും ആ ആൾക്കൂട്ടത്തിന്റെ അതേ ചിന്ത തന്നെയായിരുന്നു: ‘എത്ര മഹാനായ രാജാവ്! പക്ഷേ എനിക്കിത്രയും കൊണ്ടു പോര! ഇനിയും വേണം! എന്നെക്കാൾ മേലെയെന്നല്ല, എന്നോടു തുല്യനായിപ്പോലും ഒരാളുമുണ്ടാകാൻ പാടില്ല!’ എന്നിട്ടയാൾ അയൽരാജാക്കന്മാരോടെല്ലാം യുദ്ധത്തിനു പോയി, അവരെയെല്ലാം ജയിച്ചടക്കി. പരാജിതരായ രാജാക്കന്മാരെ അയാൾ തന്റെ തേരിനു പിന്നിൽ സ്വർണ്ണത്തുടലുകൾ കൊണ്ടു കെട്ടിവലിച്ചിഴച്ചു; തീന്മേശയുടെ കാൽക്കൽ കെട്ടിയിട്ടു; അയാൾ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾ അവർ പെറുക്കിത്തിന്നണമായിരുന്നു.

പിന്നെ അയാൾ പട്ടണക്കവലകളിലും കൊട്ടാരമുറ്റത്തും തന്റെ പ്രതിമകൾ സ്ഥാപിക്കാൻ ഏർപ്പാടു ചെയ്തു. തന്നെയുമോ, പള്ളികളിലെ അൾത്താരകളിലും തന്റെ പ്രതിമയുണ്ടാവണമെന്ന് അയാൾ നിർബന്ധിച്ചു. പുരോഹിതന്മാർ പറഞ്ഞു, ‘മഹാരാജാവേ, അങ്ങു ശക്തൻ തന്നെ എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ അങ്ങയിലും ശക്തനാണു ദൈവം. അങ്ങയുടെ ആഗ്രഹം നിവർത്തിക്കാൻ ഞങ്ങൾക്കു ധൈര്യം വരുന്നില്ല.’

‘അതെയോ,’ ദുഷ്ടനായ രാജാവു പറഞ്ഞു, ‘എങ്കിൽ ഞാൻ ദൈവത്തെയും ജയിച്ചടക്കാൻ പോവുകയാണ്‌!’ ബുദ്ധിശൂന്യതയും ദൈവഭയമില്ലാത്ത ധാർഷ്ട്യവും കൂടിച്ചേർന്നപ്പോൾ അയാളുടെ തല തിരിഞ്ഞുപോയി! ആകാശത്തിലൂടെ പറക്കാൻ കഴിയുന്ന ഒരു യാനം അയാൾ പറഞ്ഞുണ്ടാക്കിച്ചു. മയിലിന്റെ പീലിക്കെട്ടു പോലെ ഉജ്ജ്വലവർണ്ണങ്ങൾ ചേർന്നതായിരുന്നു അത്; ഒരായിരം കണ്ണുകൾ അതിൽ പതിച്ചുവച്ചിരുന്നു; പക്ഷേ ഓരോ കണ്ണും ഓരോ പീരങ്കിക്കുഴലായിരുന്നു! യാനത്തിന്റെ മദ്ധ്യത്തിരുന്നുകൊണ്ട് ഒരു ദണ്ഡു പിടിച്ചു വലിക്കുകയേ വേണ്ടു, ഒരായിരം പീരങ്കിയുണ്ടകൾ വർഷിക്കുകയായി. യാനത്തിനു മുന്നിൽ ചിറകു ബലത്ത നൂറു കണക്കിനു ഗരുഢന്മാരെ കൊളുത്തിയിട്ടിരുന്നു; ഒന്നു ചൂളമടിച്ചപ്പോൾ അമ്പു പായുമ്പോലെ യാനം മാനത്തേക്കുയർന്നു. ഭൂമി എത്ര താഴെയായിരിക്കുന്നു! ആദ്യമൊക്കെ, കാടുകളും മലകളും മറ്റുമായി, ഉഴുതുമറിച്ച പാടം പോലെയാണതു കാണപ്പെട്ടത്; പിന്നെയത് നിവർത്തി വച്ച ഭൂപടം പോലെയായി; വൈകിയില്ല, മേഘങ്ങൾക്കും മൂടൽമഞ്ഞിനും പിന്നിൽ അതു കണ്ണിൽ നിന്നു മറയുകയും ചെയ്തു. ഗരുഢന്മാർ ഉയർന്നുയർന്നു പോയി. കോടാനുകോടികളായ തന്റെ മാലാഖമാരിൽ നിന്ന് ദൈവം ഒരേയൊരു മാലാഖയെ രാജാവിനെ നേരിടാനയച്ചു. ദുഷ്ടനായ രാജാവ് ഒരായിരം വെടിയുണ്ടകൾ കൊണ്ട് മാലാഖയെ എതിരേറ്റു. അവ പക്ഷേ, മാലാഖയുടെ തിളങ്ങുന്ന ചിറകുകളിൽ തട്ടി ആലിപ്പഴം പോലെ പൊഴിയുകയാണുണ്ടായത്. ഒരു തുള്ളി രക്തം-വെറുമൊരു തുള്ളി- ഒരു തൂവലിൽ നിന്നിറ്റുവീണു; ആ ഒരു തുള്ളി രാജാവിന്റെ യാനത്തിൽ വന്നുവീണു. എത്രയോ മന്നു ഭാരമുള്ള ഈയക്കട്ട പോലെയാണതു വന്നുവീണത്! യാനം കുത്തനെ ഭൂമിയിലേക്കു പതിക്കാൻ തുടങ്ങി. ഗരുഢന്മാരുടെ കരുത്തുറ്റ ചിറകുകൾ തകർന്നു; കൊടുങ്കാറ്റുകൾ രാജാവിന്റെ ശിരസ്സിനു ചുറ്റും പാഞ്ഞുനടന്നു; മേഘങ്ങൾ-ശരിക്കുമവ അയാൾ ചുട്ടുകരിച്ച നഗരങ്ങളിൽ നിന്നുയർന്ന പുകപടലങ്ങളായിരുന്നു- ഭീഷണരൂപങ്ങൾ പൂണ്ടു, കൂറ്റൻ കടൽ ഞണ്ടുകളെപ്പോലെ, ഇടിഞ്ഞിറങ്ങുന്ന പാറക്കെട്ടുകൾ പോലെ, തീ തുപ്പുന്ന വ്യാളികൾ പോലെ. അയാൾ അർദ്ധപ്രാണനായി കിടക്കവെ യാനം കാട്ടിനുള്ളിൽ മരക്കൊമ്പുകളിൽ കുരുങ്ങി തങ്ങിക്കിടന്നു.

‘ദൈവത്തെ ഞാൻ കീഴടക്കുകതന്നെ ചെയ്യും!’ അയാൾ പ്രഖ്യാപിച്ചു. ‘ഞാൻ പ്രതിജ്ഞ ചെയ്തുകഴിഞ്ഞു; ഞാനതു നടപ്പാക്കുകയും ചെയ്യും!’ ഏഴു കൊല്ലമെടുത്ത് അയാൾ ആകാശത്തു പറക്കുന്ന യാനങ്ങളുണ്ടാക്കിച്ചു. എത്രയും കടുത്ത ഉരുക്കിൽ നിന്ന് അയാൾ വെള്ളിടികൾ വാർപ്പിച്ചു; അയാൾക്ക് സ്വർഗ്ഗത്തിന്റെ കോട്ടകൾ തകർക്കണമല്ലോ! തന്റെ അധീനതയിലുള്ള ദേശങ്ങളിൽ നിന്നായി അയാൾ ഒരു മഹാസൈന്യം സ്വരൂപിച്ചു; അവർ നിരന്നുനിന്നപ്പോൾ എത്ര മൈലുകളെടുത്തുവെന്നോ! എല്ലാവരും ആ വിചിത്രയാനങ്ങളിൽ ചെന്നുകയറി. രാജാവ് തന്റെ യാനത്തിൽ കയറാൻ ചെല്ലുമ്പോഴാണ്‌ ദൈവം ഒരു കടന്നല്പറ്റത്തെ അയാൾക്കു നേർക്കയക്കുന്നത്; അത്ര വലുതല്ലാത്ത ഒരു കടന്നല്പറ്റം. അവ രാജാവിനും ചുറ്റും പറന്നുനടന്നുകൊണ്ട് മുഖത്തും കൈകളിലും കുത്താൻ തുടങ്ങി. അയാൾ രോഷത്തോടെ വാളു വലിച്ചൂരി വെട്ടിയതൊക്കെ ശൂന്യമായ വായുവിലായിരുന്നു. ഒന്നിനെപ്പോലും തൊടാൻ അയാൾക്കായില്ല. പിന്നെ അയാൾ വില കൂടിയ കമ്പളങ്ങൾ വരുത്തിച്ചു. അവ കൊണ്ടു തന്നെ പൊതിയാൻ അയാൾ പരിചാരകന്മാരോടു കല്പിച്ചു. ഒരു കടന്നലും ഇനി തന്നെ കുത്തരുത്! പക്ഷേ ഒരേയൊരു കടന്നൽ കമ്പളങ്ങൾക്കുള്ളിൽ കയറിപ്പറ്റിയിരുന്നു. അത് രാജാവിന്റെ കാതിനരികിൽ ഇഴഞ്ഞെത്തി ഒരു കുത്തു കൊടുത്തു. കനൽ പൊള്ളിക്കുമ്പോലെയാണ്‌ അയാൾക്കു തോന്നിയത്; അയാളുടെ തലച്ചോറിലേക്ക് വിഷം ഇരച്ചുകയറി. അയാൾ കമ്പളങ്ങൾ പറിച്ചെറിഞ്ഞു, ഉടുത്തിരുന്നതു പിച്ചിച്ചീന്തി, ക്രൂരന്മാരും കിരാതന്മാരുമായ തന്റെ പടയാളികൾക്കു മുന്നിൽ ഭ്രാന്തനെപ്പോലെ അയാൾ നൃത്തം വച്ചു. ദൈവത്തെ കീഴടക്കാൻ പോയിട്ട് ഒരേയൊരു കടന്നലിനു മുന്നിൽ കീഴടങ്ങേണ്ടി വന്ന സ്വന്തം രാജാവിനെ കളിയാക്കിച്ചിരിക്കുകയായിരുന്നു ആ പടയാളികൾ ഇപ്പോൾ.