Monday, August 31, 2015

എമീൽ ചൊറാൻ - വ്യക്തിയുടെ ഏകാന്തത, ലോകത്തിന്റെ ഏകാന്തത



ഏകാന്തത രണ്ടു പ്രകാരത്തിൽ അനുഭവമാകാം: ലോകത്തു താൻ ഏകാകിയാണെന്ന തോന്നലായി, അല്ലെങ്കിൽ ലോകത്തിന്റെ ഏകാന്തത എന്ന തോന്നലായി. വ്യക്തിപരമായ ഏകാന്തത ഒരു സ്വകാര്യനാടകമാണ്‌; കേമമായ പ്രകൃതിസൗന്ദര്യത്തിനു നടുവിൽ വച്ചും ഒരാൾക്ക് ഏകാന്തത തോന്നിക്കൂടെന്നില്ല. ലോകത്ത് ഒരു ഭ്രഷ്ടനാവുക, ലോകം ഉജ്ജ്വലമോ ഇരുണ്ടതോ എന്നതിനെക്കുറിച്ചുദാസീനനാവുക, സ്വന്തം വിജയപരാജങ്ങളിൽ സ്വയം ദഹിക്കുക, തനിക്കുള്ളിൽ നടക്കുന്ന നാടകത്തിന്റെ നടനും കാണിയും താൻ തന്നെയാവുക- ഏകാകിയുടെ വിധിയാണത്. പ്രാപഞ്ചികമായ ഏകാന്തതയാവട്ടെ, മനുഷ്യന്റെ ആത്മനിഷ്ഠമായ യാതനയിൽ നിന്നെന്നതിനുപരി ലോകത്തിന്റെ ഒറ്റപ്പെടലിനെക്കുറിച്ചുള്ള അവബോധത്തിൽ നിന്ന്, ശൂന്യതയാണതിന്റെ വാസ്തവം എന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്നതാണ്‌. ഈ ലോകത്തിന്റെ മോടികളെല്ലാം ഒറ്റ നിമിഷത്തിൽ അപ്രത്യക്ഷമാകുന്ന പോലെയാണത്; ഒരു സിമിത്തേരിയുടെ വിരസമായ ഏകതാനത മാത്രമേ പിന്നെ ശേഷിക്കുന്നുള്ളു. ഹിമധവളമായ ഒരേകാന്തത വന്നു മൂടിയ, ഒരു സാന്ധ്യവെളിച്ചത്തിന്റെ വിളറിയ പ്രതിഫലനം പോലും സ്പർശിക്കാത്ത ഒരു വിജനലോകം സ്വപ്നത്തിൽ വന്നലട്ടുന്നവർ കുറച്ചല്ല. ആരാണു കൂടുതൽ അസന്തുഷ്ടർ? സ്വന്തം ഏകാന്തത അനുഭവമായവരോ അതോ ലോകത്തിന്റെ ഏകാന്തത അനുഭവമായവരോ? അതിനുത്തരം പറയുക എളുപ്പമല്ല; തന്നെയുമല്ല, ഞാനെന്തിന്‌ ഏകാന്തതയുടെ തരം തിരിവു നടത്താൻ മിനക്കെടണം? ഏകാകിയാണു ഞാൻ എന്നതു തന്നെ കണക്കിനായില്ലേ?
എനിക്കു പിന്നാലെ വരുന്നവർക്കു വായിക്കാനായി ഞാനിതാ എഴുതിവയ്ക്കുന്നു: ഞാൻ യാതൊന്നിലും വിശ്വസിക്കുന്നില്ല, മറവിയാണ്‌ മോചനം, സർവ്വതും എനിക്കു മറക്കണം, എന്നെ മറക്കണം, ഈ ലോകത്തെ മറക്കണം. നേരുള്ള കുമ്പസാരങ്ങൾ കണ്ണീരു കൊണ്ടെഴുതിയവയാണ്‌. എന്നാൽ എന്റെ കണ്ണീരിൽ ലോകം മുങ്ങിപ്പോകും, എനിക്കുള്ളിലെ അഗ്നി അതിനെ ചാമ്പലാക്കും. എനിക്കാരുടെയും തുണ വേണ്ട, ഒരു പ്രോത്സാഹനവും ഒരു സാന്ത്വനവും വേണ്ട; എന്തെന്നാൽ മനുഷ്യരിൽ വച്ചേറ്റവും നികൃഷ്ടനാണെങ്കില്ക്കൂടി ബലവും കടുപ്പവും വന്യതയും വേണ്ടത്രയുള്ളവനാണെന്ന തോന്നൽ എനിക്കുണ്ടല്ലോ! എന്തെന്നാൽ ആശ വയ്ക്കാതുള്ള ജീവിതം എന്ന വീരത്തത്തിന്റെയും വൈരുദ്ധ്യത്തിന്റെയും പരകോടിയായ ജീവിതം നയിക്കുന്ന ഒരേയൊരാൾ ഞാൻ മാത്രമാണല്ലോ! അതാണ്‌ പരമോന്മാദം! വ്യാമിശ്രവും വന്യവുമായ വികാരങ്ങളെ ഞാൻ മറവിയിലേക്കു ചാലു വെട്ടി ഒഴുക്കണം. എനിക്കുമൊരാശയുണ്ട്: കേവലമായ വിസ്മൃതിയ്ക്കു വേണ്ടിയുള്ള പ്രത്യാശ. അതു പക്ഷേ പ്രത്യാശയാണോ നൈരാശ്യമാണോ? സർവപ്രതീക്ഷകളുടേയും നിരാകരണമല്ലേയത്? എനിക്കറിയേണ്ട, എനിക്കറിയില്ലെന്നുപോലും എനിക്കറിയേണ്ട. എന്തിനാണിത്രയും പ്രശ്നങ്ങൾ, വാദപ്രതിവാദങ്ങൾ, വെറി പിടിക്കലുകൾ? എന്തിനു മരണത്തെക്കുറിച്ചു നാം ബോധവാന്മാരാകണം? ഈ ചിന്തയും തത്വശാസ്ത്രവുമൊക്കെ എത്ര നാൾ നാമിനി കൊണ്ടുനടക്കണം?

Saturday, August 29, 2015

എമീൽ ചൊറാൻ - വെളിപാടുപുസ്തകം



ഈ ഭൂമിയിലെ സകല മനുഷ്യരും, ചെറുപ്പക്കാരും പ്രായമായവരും ദുഃഖിതരും സന്തുഷ്ടരും സ്ത്രീകളും പുരുഷന്മാരും വിവാഹിതരും അല്ലാത്തവരും ഗൗരവബുദ്ധികളും ചിന്താഹീനരും, സർവരും ഒരു ദിവസം വീടുകളും പണിയിടങ്ങളും വിട്ടിറങ്ങുകയും സ്വന്തം കടമകളും ചുമതലകളും പരിത്യജിക്കുകയും ഇനി യാതൊന്നും തങ്ങൾ ചെയ്യുന്നതല്ലെന്ന ദൃഢനിശ്ചയത്തോടെ തെരുവുകളിൽ തടിച്ചുകൂടുകയും ചെയ്യുന്നതു കാണാൻ എനിക്കെന്തു മോഹമാണെന്നോ! ആ ഒരു മുഹൂർത്തത്തിൽ, ചിന്താശൂന്യമായ പ്രവൃത്തിക്കടിമകളായവർ, മനുഷ്യരാശിയുടെ നന്മയ്ക്ക് തങ്ങൾക്കായ വിധം സംഭാവന ചെയ്യുകയാണെന്ന ദാരുണമായ വ്യാമോഹത്തോടെ ഭാവിതലമുറകൾക്കു വേണ്ടി സ്വജീവിതം ഹോമിച്ചവർ, അവർ പക വീട്ടട്ടെ, ഊഷരവും അഗണ്യവുമായ ഒരു ശരാശരിജിവിതത്തിനു മേൽ, ഒരാത്മീയരൂപാന്തരം തങ്ങൾക്കു നിഷേധിച്ച വമ്പിച്ച ദുർവ്യയത്തിനു മേൽ. സകലവിധത്തിലുമുള്ള വിശ്വാസങ്ങളും സമർപ്പണങ്ങളും നഷ്ടമാകുന്ന ആ മുഹൂർത്തത്തിൽ ദൈനന്ദിനജീവിതത്തിന്റെ ചമയങ്ങൾ എന്നെന്നേക്കുമായി അഴിഞ്ഞുവീഴട്ടെ. പരിഭവത്തിന്റെ ഒരു നേർത്ത നെടുവീർപ്പു പോലും പുറത്തു വിടാതെ സർവതും നിശ്ശബ്ദമായി സഹിക്കുന്നവർ സർവ്വശക്തിയുമെടുത്ത് അലറിവിളിക്കട്ടെ, വിചിത്രവും ഭീഷണവും അപസ്വരവുമായ ആ ആരവത്തിൽ ലോകം കിടന്നു വിറയ്ക്കട്ടെ. ഒഴുക്കുകൾക്കൂക്കു കൂടട്ടെ, മലകൾ പേടിപ്പെടുത്തുമ്പോലുലയട്ടെ, നിത്യവും ബീഭത്സവുമായ ഒരധിക്ഷേപം പോലെ മരങ്ങൾ വേരുപടലങ്ങൾ പുറത്തെടുക്കട്ടെ, പക്ഷികൾ മലങ്കാക്കകളെപ്പോലെ കാറട്ടെ, ജന്തുക്കൾ ഭയവിഹ്വലരായി ചിതറിയോടിത്തളർന്നു വീഴട്ടെ. ആദർശങ്ങൾ പൊള്ളകളാണെന്നു പ്രഖ്യാപിക്കപ്പെടട്ടെ; വിശ്വാസങ്ങൾ തൃണങ്ങളാണെന്ന്; കല ഒരു നുണയാണെന്ന്; തത്വശാസ്ത്രം വെറും നേരമ്പോക്കാണെന്നും. മൺകട്ടകൾ വായുവിൽ പൊന്തി കാറ്റിൽ ചിതറട്ടെ; ചെടികൾ ഭയാനകവും വിരൂപവുമായ വിചിത്രചിത്രലിപികൾ ആകാശത്തു വരച്ചിടട്ടെ. കാട്ടുതീയാളിപ്പടരട്ടെ; അന്ത്യമാസന്നമായി എന്ന് ഏറ്റവും ചെറിയ ജന്തുവിനു പോലുമറിയാൻ തക്ക വിധത്തിൽ ഒരു ഭീഷണശബ്ദം സർവതുമതിൽ മുക്കിത്താഴ്ത്തട്ടെ. രൂപമുള്ളതിനൊക്കെ രൂപം നഷ്ടപ്പെടട്ടെ, അവ്യാകൃതത്തിന്റെ കൂറ്റൻ കടല്ച്ചുഴി ലോകത്തിന്റെ ഘടനയെ വിഴുങ്ങട്ടെ. അതിവിപുലമായ സംക്ഷോഭവും ഒച്ചപ്പാടും ഭീതിയും വിസ്ഫോടനവുമുണ്ടാവട്ടെ; അതില്പിന്നെ നിത്യനിശ്ശബ്ദതയും പൂർണ്ണവിസ്മൃതിയുമാവട്ടെ. ആ അന്ത്യനിമിഷങ്ങളിൽ, മനുഷ്യൻ ഇന്നേവരെ അറിഞ്ഞതെല്ലാം, ആശ, ഖേദം, സ്നേഹം, നൈരാശ്യം, വെറുപ്പ്, സകലതും പിന്നിലൊന്നും ശേഷിപ്പിക്കാതെ പൊട്ടിത്തെറിക്കട്ടെ. ആ തരം നിമിഷങ്ങളല്ലേ ശൂന്യതയുടെ വിജയം, അഭാവത്തിന്റെ പരമകാഷ്ഠ?

Thursday, August 27, 2015

കമല ദാസിന്റെ കവിതകള്‍ - 8



മറ്റാരുടെയോ ഗാനം
-----------------------
ഒരു കോടി മനുഷ്യരാണു ഞാൻ,
ഒരുമിച്ചൊരേ നേരം സംസാരിക്കുന്ന ഒരു കോടി മനുഷ്യർ,
കിണറ്റിൻകരയിൽ പെണ്ണുങ്ങളെപ്പോലെ
ഉച്ചത്തിൽ കലപില കൂട്ടുന്നവർ.
ഒരു കോടി മരണങ്ങളാണു ഞാൻ,
വസൂരിക്കല കുത്തിയ ഒരു കോടി മരണങ്ങൾ,
ഓരോ മരണവും ഒരുനാൾ കൊഴിയാനുണങ്ങുന്ന വിത്ത്,
മറ്റാർക്കോ വളരാനുള്ള ഓർമ്മ.
ഒരു കോടി ജനനങ്ങളാണു ഞാൻ,
സഫലമായ ചോര തുടുപ്പിച്ച ഒരു കോടി ജനനങ്ങൾ,
നഖം നീണ്ട കൈകൾ കൊണ്ട്
പൊള്ളയായ വായുവിൽ മാന്തിപ്പറിക്കുന്ന ജീവികൾ.
ഒരു കോടി മൗനങ്ങളാണു ഞാൻ,
മറ്റാരുടെയോ ഗാനത്തിൽ
പളുങ്കുമണികൾ പോലെ കൊരുത്തിട്ട
ഒരു കോടി മൗനങ്ങൾ.

എന്റെ പ്രഭാതവൃക്ഷം
------------------------
പ്രിയവൃക്ഷമേ, വിരൂപവൃക്ഷമേ, നീയെനിക്കു പ്രഭാതവൃക്ഷം,
ഉണരുമ്പോൾ ഓടിവന്നു ഞാൻ നിന്നെ നോക്കുന്നു...
ഇലകളില്ല, മൊട്ടുകളില്ല, പൂക്കളില്ല, ചില്ലകൾ മാത്രം,
ഊഷരാകാശത്തിനു നേർക്കു നീളുന്ന ശോഷിച്ച വേരുകൾ പോലെ.
ഒരു കിഴവിയുടെ നീരു വറ്റിയ കൈകാലുകൾ,
നൈരാശ്യത്തോടെ മുകളിലേക്കെറിഞ്ഞ കൈകൾ,
ആശയില്ല, ആശയില്ല, ആശിക്കാൻ യാതൊന്നുമില്ല...
ചില നാളുകളിൽ മൂടല്മഞ്ഞിന്റെ മാറാമ്പൽ നിന്നെ പൊതിയുന്നു,
പിന്നെച്ചിലപ്പോൾ ഇരുണ്ട കഴുകുകൾ നിന്മേൽ ചിറകൊതുക്കുന്നു,
കുടിലഫലങ്ങൾ പോലവയെ കാണുമ്പോൾ ഞാനോർത്തുപോകുന്നു,
ഒരുനാളവയും വിളഞ്ഞുപാകമാകുമോ, അവയിലും ചാറു നിറയുമോ,
നിന്റെ നിശ്ചേഷ്ടമായ ഉടലിൽ അവയുടെ ചാറൊലിച്ചിറങ്ങുമോ,
നിന്റെ നിഷ്ക്രിയമായ തടിയിൽ ചുടുചോര തുള്ളിതുള്ളിയായിറ്റുമോ?
പ്രഭാതവൃക്ഷമേ, നിന്റെ എല്ലിച്ച ചില്ലയിലൊരുനാൾ
ഒരാകസ്മികപുഷ്പം ഞാൻ കാണും,
എന്റെ മരണം വെറുമൊരു പൂവാണെന്നന്നേരം ഞാനറിയും,
ചുവന്നു, ചുവന്നു, ചുവന്നു തുടുത്തൊരു പ്രഭാതപുഷ്പം,
ഈ ജനാലച്ചില്ലിനു പിന്നിൽ നിന്നു ഞാനന്നു മന്ദഹസിക്കും,
പിന്നെ മന്ദഹസിക്കാനെനിക്കു പ്രഭാതങ്ങളുണ്ടാവുകയുമില്ല.

Saturday, August 22, 2015

എമീൽ ചൊറാൻ - അസംബന്ധം




ഘടികാരത്തിന്റെ സ്പന്ദനം നിത്യതയുടെ നിശ്ശബ്ദതയെ തകർക്കുമ്പോൾ, പ്രശാന്തധ്യാനത്തിൽ നിന്നു നിങ്ങളെയതു തട്ടിയുണർത്തുമ്പോൾ കാലമെന്ന അയുക്തികതയോട്, ഭാവിയിലേക്കുള്ള അതിന്റെ ജൈത്രയാത്രയോട്, പരിണാമത്തെയും പുരോഗതിയേയും കുറിച്ചുള്ള ബഡായികളോട് നിങ്ങൾക്കെങ്ങനെ വിരോധം തോന്നാതിരിക്കും? എന്തിനു മുന്നോട്ടു തന്നെ പോകണം, എന്തിനു കാലത്തിൽ ജീവിക്കണം? ആ തരം മുഹൂർത്തങ്ങളിൽ കാലത്തെക്കുറിച്ച് പെട്ടെന്നൊരു വെളിപാട് നമുക്കു കിട്ടുകയാണ്‌; മറ്റു വിധത്തിൽ അതിനില്ലാത്ത, ഞെരിച്ചമർത്തുന്ന ഒരു പ്രാമുഖ്യം അതിനു കൈവരികയാണ്‌; ജീവിതത്തിനോടു തോന്നുന്ന കടുത്ത അവജ്ഞയുടെ, മുന്നോട്ടു പോകുന്നതിനുള്ള വൈമുഖ്യത്തിന്റെ ഫലമാണത്. രാത്രിയിലാണ്‌ ഈ വെളിപാടുണ്ടാകുന്നതെങ്കിൽ കാലത്തിന്റെ അയുക്തികതയ്ക്കൊപ്പം അവാച്യമായ ഏകാകിത കൂടി നിങ്ങൾ അനുഭവിക്കുന്നു; കാരണം, അപ്പോൾ നിങ്ങൾ ആൾക്കൂട്ടത്തിൽ നിന്നകലെയാണ്‌, കാലത്തെ ഒറ്റയ്ക്കു നിങ്ങൾ നേരിടേണ്ടി വരികയാണ്‌, നിങ്ങൾ രണ്ടും നീക്കുപോക്കില്ലാത്ത ഒരു ദ്വന്ദ്വത്തിന്റെ ഭാഗങ്ങളാവുകയാണ്‌. രാത്രിയിലെ ഏകാന്തതയിൽ വസ്തുക്കളും പ്രവൃത്തികളുമില്ലാതെ കാലം വിജനമാണ്‌; നിത്യവികസ്വരമായ ശൂന്യതയാണത്, വായ പിളർന്നു വരുന്ന കൊടുംഗർത്തമാണത്, അതീതത്തിൽ നിന്നൊരു ഭീഷണിയാണത്. പ്രപഞ്ചത്തിന്റെ മരണം ഘോഷിക്കുന്ന മണിനാദം നിശ്ശബ്ദതയിൽ അപ്പോൾ മാറ്റൊലിയ്ക്കുന്നു. കാലത്തെ അസ്തിത്വത്തിൽ നിന്നു വേർപിരിച്ചവനേ ഈ നാടകത്തിൽ ഭാഗമെടുക്കുന്നുള്ളു. രണ്ടാമത്തേതിൽ നിന്നൊളിച്ചോടുമ്പോൾ ഒന്നാമത്തേതിനടിയിൽ വീണു ഞെരിയുകയാണയാൾ. കാലം, മരണത്തെപ്പോലെ, മേല്ക്കൈ നേടുന്നതും അയാൾക്കപ്പോൾ അനുഭവമാകുന്നു.


(On the Heights of Despair)



Friday, August 21, 2015

എമീൽ ചൊറാൻ - നമുക്കുള്ളിലെ ശവം



കുട്ടിക്കാലത്ത് ഞങ്ങൾ ആൺകുട്ടികൾ കളിച്ചിരുന്ന ഒരു കളിയുണ്ടായിരുന്നു: ശവക്കുഴിവെട്ടുകാരൻ കുഴിയെടുക്കുന്നത് നോക്കിനില്ക്കുക. ചിലപ്പോൾ അയാൾ ഞങ്ങൾക്ക് ഒരു തലയോട്ടി എടുത്തു തരും; ഞങ്ങൾ അത് പന്തു തട്ടിക്കളിക്കും. മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഇരുളടയ്ക്കാത്ത ഒരാഹ്ളാദമായിരുന്നു ഞങ്ങൾക്കത്.
പിന്നീട് കുറേ വർഷം എനിക്ക് പള്ളിവികാരികൾക്കൊപ്പം താമസിക്കാൻ ഇട വന്നു; ആയിരക്കണക്കിന്‌ അന്ത്യകൂദാശകൾക്കു നേതൃത്വം കൊടുത്തവർ. പക്ഷേ മരണത്തിന്റെ നിഗൂഢതയിൽ ജിജ്ഞാസ തോന്നിയവരായി അവരിൽ ഒരാളെപ്പോലും ഞാൻ കണ്ടില്ല. പില്ക്കാലത്താണെനിക്കു മനസ്സിലാവുന്നത്, നമുക്കെന്തെങ്കിലും പ്രയോജനം ചെയ്യുന്ന ഒരേയൊരു ശവം നമുക്കുള്ളിൽ സ്വയം തയാറായി വരുന്ന നമ്മുടെ സ്വന്തം ശവം മാത്രമാണെന്ന്.
(All Gall Is Divided)

കമല ദാസിന്റെ കവിതകള്‍ - 7



ഒരു ദേവദാസിയോട്
-------------------------
അങ്ങനെയങ്ങനെ ഒരു കാലം വന്നുചേരും,
അന്നെല്ലാ മുഖങ്ങളുമൊരുപോലിരിക്കും,
എല്ലാ മനുഷ്യർക്കുമൊരേ സ്വരമായിരിക്കും,
മലകളും മരങ്ങളും തടാകങ്ങളും
ഒരേ മുദ്ര വഹിക്കുന്നതായി കാണപ്പെടും,
അന്നാണു കൂട്ടുകാരെ കടന്നുപോകുമ്പോഴും
നിങ്ങളവരെ തിരിച്ചറിയാതിരിക്കുക,
അന്നാണവരുടെ ചോദ്യങ്ങൾ കേട്ടിട്ടും
നിങ്ങൾക്കതെന്താണെന്നു മനസ്സിലാകാതിരിക്കുക,
അന്നാണു നിങ്ങൾക്കു തൃഷ്ണകൾ നശിക്കുകയും
ഒരു ഗൃഹാതുരത തോന്നിത്തുടങ്ങുകയും ചെയ്യുക.
അങ്ങനെ നിങ്ങൾ അമ്പലപ്പടവുകളിലിരിക്കുന്നു,
പ്രണയത്യക്തയായൊരു ദേവദാസിയെപ്പോലെ,
നിശ്ശബ്ദയായി, തന്റെ വിധിയെക്കുറിച്ചു ബോധവതിയായി

സൗന്ദര്യം ദൈർഘ്യം കുറഞ്ഞ ഋതുവായിരുന്നു
-------------------------------------------------------
സന്തോഷം,
അതെ,
അതൊന്നോ രണ്ടോ നിമിഷങ്ങളായിരുന്നു,
സൗന്ദര്യം
ദൈർഘ്യം കുറഞ്ഞ ഒരു ഋതുവും...
ഏതവ്യക്തകാരണം കൊണ്ടാണു നാം
ഫലോല്പാദനകാലം കഴിഞ്ഞും
ആയുസ്സു നീട്ടിക്കൊണ്ടുപോകുന്നത്,
മുരടിച്ചു കോലം കെട്ട ഞാവൽമരങ്ങളെപ്പോലെ?

 ഏറ്റവും പുതിയ കളിപ്പാട്ടം
---------------------------------
അന്നത്തേക്കുള്ള കളികൾ നന്നായി കളിച്ചുകഴിഞ്ഞതില്‍പിന്നെ
തന്റെ ഏറ്റവും പുതിയ കളിപ്പാട്ടം സംസാരിക്കാൻ തുടങ്ങിയപ്പോൾ
അയാൾക്കതിൽ അസ്വസ്ഥത തോന്നിയെങ്കിൽ അത്ഭുതമില്ല;
കളിപ്പാട്ടങ്ങൾ, കൂടി വന്നാൽ, ഒന്നു ഞരങ്ങാനേ പാടുള്ളു,
അയാളുടെ ഏറ്റവും വില പിടിച്ച കളിപ്പാട്ടങ്ങൾ,
നടക്കുകയും മിണ്ടുകയും ചെയ്യുന്ന ആ കൊഴുത്ത പാവകൾ,
അവയും അത്രയേ ചെയ്തിട്ടുള്ളു.
എന്നാൽ കണ്ണീരു കൊണ്ടാർദ്രമായ സ്വരത്തിൽ
ഈ കുഞ്ഞുപാവ സംസാരിക്കുകയാണ്‌.
ഇരുണ്ട നെറ്റി ചുളിച്ചുകൊണ്ടയാൾ പറഞ്ഞു,
ദയവു ചെയ്തു വികാരാധീനയാവരുതേ,
വികാരമാണ്‌ ആനന്ദത്തിന്റെ യഥാർത്ഥശത്രു.

ഒരു പഴയ കഥ
------------------
ഇതിപ്പോൾ
പറഞ്ഞു പഴകിയ ഒരു കഥയായിരിക്കുന്നു:
ഒരിക്കൽ ഞാൻ മുടി കറുപ്പിച്ചു,
അതിൽ വാസനത്തൈലം പുരട്ടി,
മൃദുവചനങ്ങൾ ചൊല്ലി
ഞാനയാളെ എന്റെ ആശ്ളേഷത്തിലൊതുക്കി.
അയാൾ പ്രണയത്തിന്റെ കെണിയിൽ പെട്ടു.
ഒന്നോ രണ്ടോ കൊല്ലം
ഞങ്ങൾ ആനന്ദമറിയുകയും ചെയ്തു.
എന്നാൽ കെണിയിൽ വീണ എല്ലാ മൃഗങ്ങളെയും പോലെ
പുറത്തു പോകാനൊരു വഴി കണ്ടെത്താനായി
ഒരുനാളയാൾ മാന്തിപ്പറിച്ചു.
ഞാൻ ശാന്തയായി വാതിൽ തുറന്നുകൊടുത്തു,
അയാൾക്കിറങ്ങിപ്പോകാനായി.


എമീൽ ചൊറാൻ - ജ്ഞാനത്തിന്റെ പോരായ്മ





ജ്ഞാനികളെന്നു പറയുന്നവരെ ഞാൻ വെറുക്കുന്നു, എന്തെന്നാൽ, അവർ അലസരാണ്‌, ഭീരുക്കളാണ്‌, വിവേകികളുമാണ്‌. സുഖദുഃഖങ്ങളോടൊരേപോലുദാസീനരായ തത്വചിന്തകരുടെ സമചിത്തതയേക്കാൾ ഞാനിഷ്ടപ്പെടുക ദഹിപ്പിക്കുന്ന തൃഷ്ണകളാണ്‌. ജ്ഞാനിക്ക് ആസക്തിയുടെ ദുരന്തമറിയില്ല, മരണഭയമറിയില്ല, എടുത്തുചാട്ടങ്ങളറിയില്ല, ഉത്സാഹമറിയില്ല, പ്രാകൃതമോ വികൃതമോ ഉദാത്തമോ ആയ സാഹസികതകളുമറിയില്ല. അയാൾ ജീവിക്കുന്നില്ല, അയാൾ വികാരങ്ങളറിയുന്നില്ല, അയാൾക്കാഗ്രഹങ്ങളില്ല, അയാൾ ഒന്നിനും കാത്തിരിക്കുന്നുമില്ല. ജീവിതത്തിലെ പൊരുത്തക്കേടുകൾ മുഴുവൻ അയാൾ ഇടിച്ചുനിരത്തുന്നു, എന്നിട്ടതിന്റെ പരിണതഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. അളവറ്റ ഉത്കണ്ഠ അനുഭവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതം അതിലുമെത്രയോ സങ്കീർണ്ണമാണ്‌. ജ്ഞാനിയുടെ ജീവിതം ശൂന്യവും വന്ധ്യവുമാണ്‌, കാരണം അതിൽ വൈരുദ്ധ്യങ്ങളില്ല, നൈരാശ്യമില്ല. അതിനെക്കാളെത്രയോ സമൃദ്ധവും സർഗ്ഗാത്മകവുമാണ്‌ പൊരുത്തപ്പെടുത്താനാവാത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജീവിതം. ജ്ഞാനിയുടെ നിർമ്മമത ഉറവെടുക്കുന്നത് ആന്തരശൂന്യതയിൽ നിന്നാണ്‌, ആന്തരാഗ്നിയിൽ നിന്നല്ല. ശൂന്യതയിൽ മുങ്ങിമരിക്കാനല്ല, അഗ്നിയിൽ ദഹിച്ചു മരിക്കാനാണ്‌ ഞാനിഷ്ടപ്പെടുക.
(On the Heights of Despair)

Thursday, August 20, 2015

എമീൽ ചൊറാൻ - എനിക്കറിയില്ല

 


ഏതാണു ശരി, ഏതാണു തെറ്റെന്ന് എനിക്കറിയില്ല; എന്തു ചെയ്യാം, എന്തു ചെയ്യരുതെന്നും എനിക്കറിയില്ല; വിലയിരുത്താൻ എനിക്കറിയില്ല, പ്രശംസിക്കാൻ എനിക്കറിയില്ല. സാധുവായ പ്രമാണങ്ങളില്ല, അവിരുദ്ധമായ തത്വങ്ങളും ഈ ലോകത്തില്ല. ജ്ഞാനസിദ്ധാന്തത്തെക്കുറിച്ചു തല പുണ്ണാക്കാൻ ഇപ്പോഴും ചിലരുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. സത്യം പറയട്ടെ, ജ്ഞാനം ആപേക്ഷികമായാല്പോലും എനിക്കൊരു പിണ്ണാക്കുമില്ല; അറിയാനും വേണ്ടി ലോകത്തൊന്നുമില്ല എന്നതു തന്നെയാണ്‌ അതിനു കാരണം. ഈ ലോകത്തെ നിശ്ശേഷം ഞാൻ അറിഞ്ഞുകഴിഞ്ഞു എന്നു ചിലനേരം എനിക്കു തോന്നാറുണ്ട്; ചിലപ്പോഴാകട്ടെ, എനിക്കു ചുറ്റുമുള്ള ലോകം എനിക്കു പിടി കിട്ടാതെയും പോകുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ സർവതും എനിക്കു ചവർക്കുന്നു; പൈശാചികവും വിലക്ഷണവുമായ ആ ചവർപ്പുചുവയിൽ മരണം പോലും വിരസമായിപ്പോകുന്നു. ആ ചവർപ്പിനെ നിർവചിക്കുക എത്ര ദുഷ്കരമാണെന്ന് ഇതാദ്യമായി ഞാൻ മനസ്സിലാക്കുന്നു. അതിനൊരു താത്വികാധിഷ്ഠാനം നിർമ്മിക്കാൻ ഫലമില്ലാതെ പണിപ്പെടുകയാണു ഞാനെന്നു വരാം; സിദ്ധാന്തങ്ങൾക്കും മുമ്പുള്ള ഒരു മണ്ഡലത്തിലാണ്‌ അതിന്റെ ഉത്ഭവം എന്നതാണു വാസ്തവം എന്നും വരാം. ഈ നിമിഷത്തിൽ എനിക്കൊന്നിലും വിശ്വാസമില്ല, ഒന്നിലും ഞാൻ ആശ വയ്ക്കുന്നുമില്ല. ജീവിതത്തിനതിന്റെ ചാരുതകൾ നല്കുന്ന എല്ലാ രൂപങ്ങളും ഭാവങ്ങളും നിരർത്ഥകമായി എനിക്കു തോന്നുന്നു. ഭാവിയാകട്ടെ, ഭൂതകാലമാവട്ടെ, എന്റെ ബോധത്തിലേക്കു കടന്നു വരുന്നില്ല; വർത്തമാനകാലം വിഷലിപ്തമായും തോന്നുന്നു. ഞാൻ നൈരാശ്യത്തിലാണോയെന്നും എനിക്കറിയില്ല; പ്രത്യാശാനാശം നൈരാശ്യത്തിലേക്കവശ്യം നയിക്കണമെന്നുമില്ലല്ലോ. എനിക്കൊന്നും നഷ്ടപ്പെടാനില്ല എന്നതിനാൽ എന്നെ എന്തു വേണമെങ്കിലും വിളിച്ചോളൂ. എല്ലാം എനിക്കു നഷ്ടപ്പെട്ടു കഴിഞ്ഞു! എനിക്കു ചുറ്റുമെവിടെ നോക്കിയാലും പൂക്കൾ വിടർന്നുനില്ക്കുകയാണ്‌, കിളികൾ പാടുകയാണ്‌. സകലതിൽ നിന്നും എത്രയകലെയായിപ്പോയി ഞാൻ!

(On the Heights of Despair)


Tuesday, August 18, 2015

കമല ദാസിന്റെ കവിതകള്‍ - 6



വൃന്ദാവനം
-----------------------------
ഓരോ സ്ത്രീയുടെ ഹൃദയത്തിലും
വൃന്ദാവനം ഇന്നും ജീവിക്കുന്നു
വീട്ടിൽ നിന്നും ഭർത്താവിൽ നിന്നും
അവളെ വിളിച്ചിറക്കിക്കൊണ്ടുപോകുന്ന പുല്ലാങ്കുഴലും
മാറിടത്തിലെ തവിട്ടുവട്ടത്തിൽ
ആ നീണ്ട പോറലെങ്ങനെ വന്നുവെന്ന്
പിന്നീടയാൾ ചോദിക്കുമ്പോൾ
തുടുത്ത കവിൾ മറച്ചുകൊണ്ട്
നാണത്തോടവൾ പറയുന്നു
പുറത്തു നല്ല ഇരുട്ടായിരുന്നു
കാട്ടിലെ മുൾച്ചെടി മേൽ ഞാൻ തട്ടിവീഴുകയായിരുന്നു...
(1991)

സർപ്പക്കാവ്
----------------------------------
വർഷങ്ങൾക്കു മുമ്പ്
തറവാട്ടിലെ സർപ്പക്കാവിൽ
നാം കൊളുത്തിയ തിരി പോലെ
ആസക്തി എരിഞ്ഞുനില്ക്കുന്നു.
ഭഗത്തിന്റെ പട്ടുമടക്കുകൾക്കുള്ളിലെവിടെയോ
ഒരു നാളം കെടാതെ നില്ക്കുന്നു
പ്രായത്തെ ചെറുത്തും
മരണത്തെ ധിക്കരിച്ചും...

ഉന്മാദം എന്ന ദേശം
---------------------------------------------
ഉന്മാദം എന്ന ദേശം
തൊട്ടപ്പുറത്തു തന്നെ
അതിന്റെ തീരം
ഒരു വിളക്കും തെളിയാത്തതും
നൈരാശ്യത്തിന്റെ തോണിയേറി
നിങ്ങളവിടെ ചെന്നാലാകട്ടെ
കാവല്ക്കാർ നിങ്ങളോടു പറയും
ആദ്യം തുണിയുരിയാൻ
പിന്നെ മാംസവും
ഒടുവിൽ നിങ്ങളുടെ അസ്ഥികളും
സ്വാതന്ത്ര്യം എന്ന
ഒരു നിയമമേ അവർക്കുള്ളു
എന്തിനു പറയുന്നു,
വിശന്നാൽ
നിങ്ങളുടെ ആത്മാവിനെപ്പോലും
അവർ തിന്നുകളയും
എന്നാലും ആ തീരത്തെത്തിയാൽ
വെളിച്ചമില്ലാത്ത ആ തീരത്തെത്തിയാൽ
തിരിച്ചുവരരുതേ,
ഒരിക്കലും തിരിച്ചുവരരുതേ...

പേര്‌ കേടാക്കരുത്
------------------------------------------
എനിക്കൊരു പേരുണ്ട്,
മുപ്പതു കൊല്ലമായി എന്നോടൊപ്പമുള്ളത്,
തങ്ങളുടെ സൗകര്യത്തിനു വേണ്ടി
മറ്റാരോ തിരഞ്ഞെടുത്തത്...
എന്നാൽ സ്വന്തം പേരു കേടാക്കരുതെന്ന്
നിങ്ങൾ എന്നോടു പറയുമ്പോൾ
എനിക്കു ചിരിക്കാതെ പറ്റില്ലെന്നാവുന്നു,
എന്തെന്നാൽ എനിക്കറിയാം,
എനിക്കു ജീവിക്കാനൊരു ജീവിതമുണ്ടെന്ന്,
എന്നിലെ പേരില്ലാത്ത ഓരോ രക്താണുവിനുമുണ്ട്
ജിവിക്കാനൊരു ജിവിതമെന്ന്...
കേൾക്കാനത്രയും മാധുര്യമുള്ള ആ പേര്‌
എന്തിനെന്നോടൊപ്പം വരണം,
തന്നെത്തന്നെയല്ലാതെ മറ്റൊന്നും എനിക്കു തരാത്ത,
തന്റെ സ്വകാര്യനിമിഷങ്ങളിൽ
എന്നെ വിളിക്കാൻ ഒരു പേരും വേണ്ടാത്ത
ഒരു പുരുഷനെ കാണാൻ
ഞാൻ ഒരു മുറിയിലേക്കു ചെല്ലുമ്പോൾ
എന്തിനതെന്റെ കൂടെ കയറിവരണം?
പൊടിയടിഞ്ഞ നഗരത്തെരുവുകളിൽ
പഴയ പുസ്തകങ്ങളും പുരാതനവസ്തുക്കളും
പ്രതീക്ഷിക്കാതെ കിട്ടുന്ന പുളകങ്ങളും തേടി
ഞാൻ നടക്കുന്ന സായാഹ്നങ്ങളിൽ
എന്തിനതൊപ്പം വരണം?
ഞാനാകെ ജ്വലിച്ചു നില്ക്കുന്ന നിമിഷങ്ങളിൽ
എന്തിനു ഞാനാ മധുരനാമമോർക്കണം,
അർഹിക്കാതെ കിട്ടിയ പതക്കം പോലെ
ഞാനതു കുത്തി നടക്കണം?
തീരെ ബാലിശമായതൊന്നു ചെയ്യാനാണ്‌
നിങ്ങൾ എന്നോടു പറയുന്നത്...
ആ പേരെന്ന പാരിതോഷികം
ഒരു ജഡത്തെപ്പോലെ പേറിനടക്കാൻ,
അതിന്റെ ഭാരം താങ്ങി വേയ്ച്ചുവേയ്ച്ചു നടക്കാൻ,
അതു താങ്ങാനാവാതെ താഴെ വീഴാൻ...
ഈ ജീവിതമെന്ന പാരിതോഷികത്തെ
മറ്റെന്തിലുമേറെ സ്നേഹിക്കുന്ന എന്നോട്!

അനെറ്റ്
----------------------------
കണ്ണാടിയ്ക്കു മുന്നിൽ
അനെറ്റ്.
കണ്ണാടിപ്പാടങ്ങൾക്കു മേൽ
വിളറിയ വിരലുകൾ
ഗോതമ്പുനിറമായ
മുടിയിഴകൾ കൊയ്യുന്നു.
എല്ലാ നഗരങ്ങളിലും
കലണ്ടറുകൾ മറിയുമ്പോൾ
പഴകിയ കണ്ണാടികളിൽ
പതിരു പോലെ
കൊഴിയുന്ന സൗന്ദര്യം...

ഒരാടിന്റെ മരണം
----------------------------------------
വീട്ടിൽ ആകെയുള്ള സ്ത്രീയ്ക്ക് സുഖമില്ലാതായി,
കലി കയറിയ വെളിച്ചപ്പാടിനെപ്പോലെ
ഓടിനടന്നു വീട്ടുജോലി ചെയ്തിരുന്നവർ,
അവരുടെ ഒട്ടിയ കവിളും ചുള്ളി പോലത്തെ കാലും കണ്ട്
മക്കൾ പറയാറുണ്ടായിരുന്നു,
“അമ്മേ, അമ്മയെ കണ്ടാൽ ഒരാടിനെപ്പോലെ തന്നെ.”
വീൽചെയറിലിരുത്തി ആശുപത്രിയിൽ കയറ്റിയപ്പോൾ
ജ്വരം കൊണ്ട കണ്ണു തുറന്നവർ നിലവിളിച്ചു.
“എന്നെ വിടൂ, എന്നെ വിടൂ,
അടുപ്പിൽ പരിപ്പു കരിയുന്ന മണം വരുന്നു...”


കമല ദാസിന്റെ കവിതകള്‍ - 5



ഒരു മുഖവുര
----------------


രാഷ്ട്രീയമെന്തെന്ന് എനിക്കറിയില്ല,
എന്നാൽ അധികാരത്തിലിരിക്കുന്നവരുടെ പേരുകൾ എനിക്കറിയാം,
നെഹ്രുവിൽ നിന്നു തുടങ്ങി
അവരുടെ പേരുകൾ ഉരുക്കഴിക്കാനും എനിക്കറിയാം,
ആഴ്ചകളുടെ, മാസങ്ങളുടെ പേരുകൾ പോലെ.
ഞാൻ ഇന്ത്യക്കാരിയാണ്‌,
തൊലിനിറം ഇരുണ്ടവൾ, മലബാറിൽ ജനിച്ചവൾ,
ഞാൻ മൂന്നു ഭാഷകൾ സംസാരിക്കുന്നു,
രണ്ടിൽ എഴുതുന്നു,
ഒന്നിൽ സ്വപ്നം കാണുന്നു.
ഇംഗ്ളീഷിൽ എഴുതരുത്, അവർ പറഞ്ഞു,
ഇംഗ്ളീഷ് നിന്റെ മാതൃഭാഷയല്ലല്ലോ?
നിങ്ങൾക്കെന്നെ വെറുതെ വിട്ടുകൂടേ,
വിമർശകരേ, സ്നേഹിതരേ, വിരുന്നു വരുന്ന ബന്ധുക്കളേ?
എനിക്കിഷ്ടമുള്ള ഭാഷ ഞാൻ സംസാരിച്ചോട്ടെന്നേ.
ഞാൻ സംസാരിക്കുന്ന ഭാഷ എന്റേതാകുന്നു,
അതിന്റെ വൈകല്യങ്ങളും അതിന്റെ വൈചിത്ര്യങ്ങളും
എന്റേതാകുന്നു, എന്റേതു മാത്രമാകുന്നു.
അതു പാതി ഇംഗ്ളീഷും പാതി ഇന്ത്യനുമാണ്‌,
പരിഹാസ്യമെങ്കിലും സത്യസന്ധമാണത്,
എന്നെപ്പോലെ തന്നെ മാനുഷികമാണതെന്നു കണ്ടുകൂടേ?
അതു ശബ്ദം കൊടുക്കുന്നത്
എന്റെ ആഹ്ളാദങ്ങൾക്കും എന്റെ അഭിലാഷങ്ങൾക്കും
എന്റെ പ്രത്യാശകൾക്കുമാണ്‌,
കാക്കകൾക്കു കരച്ചിൽ പോലെ,
സിംഹത്തിനലർച്ച പോലെ
എനിക്കതുപയോഗപ്രദവുമാണ്‌,
അതു മനുഷ്യഭാഷണമാണ്‌,
ഇവിടെ, ഇപ്പോഴുള്ള ഒരു മനസ്സിന്റെ,
കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന
ഒരു മനസ്സിന്റെ മൊഴിയാണത്.
കൊടുങ്കാറ്റിലുലയുന്ന മരങ്ങളുടെയോ
കാലവർഷമേഘങ്ങളുടെയോ മഴയുടെയോ
ബധിരവും അന്ധവുമായ മൊഴിയല്ല,
എരിയുന്ന പട്ടടത്തീയുടെ അസ്പഷ്ടജല്പനവുമല്ല.
ഞാൻ കുട്ടിയായിരുന്നു,
ഞാൻ മുതിർന്നുവെന്ന് പിന്നീടവർ എന്നോടു പറഞ്ഞു,
എന്തെന്നാൽ എനിക്കുയരം വച്ചിരുന്നു,
എന്റെ അവയവങ്ങൾക്കു പുഷ്ടി വന്നിരുന്നു,
ഒന്നുരണ്ടിടങ്ങളിൽ രോമം കിളിർത്തിരുന്നു.
ഞാൻ സ്നേഹത്തിനു ചോദിച്ചപ്പോൾ
(മറ്റെന്തു ചോദിക്കണമെന്ന് എനിക്കറിയില്ലായിരുന്നു)
അയാൾ ഒരു പതിനാറുകാരൻ പയ്യനെ
കിടപ്പുമുറിക്കുള്ളിലേക്കു വലിച്ചിട്ടിട്ട് വാതിലുമടച്ചു.
അയാൾ എന്നെ തല്ലിയിട്ടില്ല,
എന്നാൽ തല്ലു കൊണ്ടപോലെ എന്റെ സ്ത്രൈണശരീരം തളർന്നു.
എന്റെ മുലകളുടെയും ഗർഭപാത്രത്തിന്റെയും ഭാരത്തിൽ
ഞാൻ ഞെരിഞ്ഞമർന്നു.
ഞാൻ ദയനീയമായി ശുഷ്കിച്ചു.
പിന്നെ...പിന്നെ ഞാനൊരു ഷർട്ടെടുത്തിട്ടു,
എന്റെ സഹോദരന്റെ ട്രൗസറിട്ടു, മുടി ക്രോപ്പു ചെയ്തു,
എന്റെ സ്ത്രൈണതയെ ഞാൻ അവഗണിച്ചു.
സാരിയുടുക്കൂ, സ്ത്രീയാകൂ, ഭാര്യയാകൂ, അവർ പറഞ്ഞു.
തുണി തുന്നൂ, പാചകം ചെയ്യൂ,
വേലക്കാരോടു വഴക്കിടൂ. ഒതുങ്ങൂ, ഉൾപ്പെടൂ,
കള്ളി തിരിക്കുന്നവർ ആക്രോശിച്ചു.
ചുമരിൽ കയറി ഇരിക്കരുത്,
ഞങ്ങളുടെ നേർത്ത ജനാലക്കർട്ടനുകൾക്കിടയിലൂടെ
പാളി നോക്കരുത്.

ആമിയാവൂ, കമലയാവൂ.
മാധവിക്കുട്ടിയായാൽ ഭേഷായി.
ഒരു പേരു കണ്ടെത്താൻ കാലമായിരിക്കുന്നു,
ഒരു റോളെടുക്കാൻ.
നാട്യങ്ങളൊന്നും വേണ്ട,
സ്കിസോഫ്രേനിയ അഭിനയിക്കരുത്,
നിംഫോമാനിയാക്കുമാകരുത്.
പ്രണയത്തിൽ വഞ്ചിക്കപ്പെട്ടാൽ
ആവശ്യത്തിലധികം ഉച്ചത്തിൽ കരയരുത്...
ഞാനൊരാണിനെ കണ്ടു, ഞാനയാളെ സ്നേഹിച്ചു.
അയാളുടെ പേരെന്തെന്നോടു ചോദിക്കരുത്,
പെണ്ണിനെ വേണ്ട ഏതൊരാണുമാണയാൾ,
പ്രണയം തേടുന്ന ഏതു പെണ്ണുമാണ്‌ ഞാനെന്നപോലെ.
അയാളിലുണ്ട്...പുഴകളുടെ ദാഹാർത്തമായ തിടുക്കം,
എന്നിലുണ്ട്...കടലിന്റെ തളരാത്ത കാത്തിരുപ്പ്.
ആരാണു നിങ്ങൾ,
ഒരാളുമൊഴിയാതെല്ലാവരോടും ഞാൻ ചോദിക്കുന്നു.
ഇതു ഞാനാണ്‌, അതാണുത്തരം.
എന്നും എവിടെയും ഞാൻ കാണുന്നത്
സ്വയം ഞാൻ എന്നു വിളിക്കുന്നയാളെ;
ഉറയിൽ വാളെന്നപോലെ
ഈ ലോകത്തയാൾ ഇറുകിപ്പിടിച്ചുകിടക്കുന്നു.
ഞാനാണ്‌ പാതിരാത്രിയിൽ,
അപരിചിതമായ നഗരങ്ങളിലെ ഹോട്ടൽമുറിയിൽ
ഒറ്റയ്ക്കിരുന്നു കുടിക്കുന്നവൾ,
ഞാനാണ്‌ ചിരിക്കുന്നവൾ,
ഞാനാണ്‌ സുരതത്തിനു ശേഷം നാണക്കേടു തോന്നുന്നവൾ,
ഞാനാണ്‌ ഊർദ്ധ്വൻ വലിച്ചു മരിക്കാൻ കിടക്കുന്നവൾ.
പാപിയാണു ഞാൻ, പുണ്യവതിയാണു ഞാൻ.
പ്രേമഭാജനമാണു ഞാൻ, വഞ്ചിക്കപ്പെടുന്നവളാണു ഞാൻ.
നിങ്ങളുടേതല്ലാത്ത ഒരാഹ്ളാദവും എനിക്കില്ല,
നിങ്ങളുടേതല്ലാത്ത ഒരു വേദനയും എനിക്കില്ല.
ഞാനും എന്നെ ഞാൻ എന്നു വിളിക്കുന്നു.

(1965)






Wednesday, August 12, 2015

കമലാ ദാസിന്റെ കവിതകള്‍ - 4



കൊറ്റികള്‍
മയക്കത്തിനുള്ള ഗുളിക കഴിച്ചു കിടക്കുമ്പോൾ
എന്റെ സൗന്ദര്യമിരട്ടിക്കുന്നുവത്രെ
എന്റെ ഭർത്താവ് പറഞ്ഞതാണ്‌
എന്റെ സംസാരം മഞ്ഞു മേയുന്ന നിലമാകുന്നു
എന്റെ വാക്കുകളിൽ നിദ്രയുടെ നിറം കലരുന്നു
സ്വപ്നങ്ങളുടെ നിശ്ചലമായ അഴിമുഖത്തു നിന്ന്
കൊറ്റികളെപ്പോലലസമവ പറന്നുയരുന്നു...
തുണിപ്പാവയുടേതു പോലായ എന്റെ കൈകാലുകൾ
അയാളുടെ നിപുണഭോഗത്തിനിപ്പോൾ
കൂടുതൽ വഴങ്ങുന്നതുമാകുന്നു...
പാടാനറിയാഞ്ഞിട്ടാണ്‌,
അല്ലെങ്കിലയാൾ തന്റെ ഭാര്യയുടെ ആത്മാവിനെ
താരാട്ടുപാട്ടുകൾ പാടി കേൾപ്പിച്ചേനെ,
അതിനെ കൂടുതൽ മയക്കത്തിലാഴ്ത്തുന്ന ഓമനപ്പാട്ടുകൾ...
മയക്കത്തിനുള്ള ഗുളിക കഴിച്ചു കിടക്കുമ്പോൾ
എന്റെ സൗന്ദര്യമിരട്ടിക്കുന്നുവത്രെ
എന്റെ ഭർത്താവ് പറയുകയാണ്‌
(1984)

 ഒരുനാൾ ഞാൻ
ഒരുനാൾ ഞാനുപേക്ഷിച്ചുപോകും,
രാവിലത്തെ ചായയും
വാതില്ക്കൽ വച്ചെറ്റിവിടുന്ന പ്രണയവചനങ്ങളും
പിന്നെ നിന്റെ തളർന്ന കാമവും കൊ-
ണ്ടെനിക്കു ചുറ്റും നീ പണിത കൊക്കൂൺ
ഒരുനാൾ ഞാനുപേക്ഷിച്ചു പോകും.
ഒരുനാൾ ഞാൻ ചിറകെടുക്കും,
വിമുക്തമായ പൂവിതളുകളെപ്പോലെ
പറന്നുനടക്കും,
എന്റെ പ്രിയനേ, നീയോ,
നീ ഒരു വേരിന്റെ ദയനീയമായ ശേഷിപ്പു മാത്രമായി
പിന്നിൽ ഒരിരട്ടക്കട്ടിലിൽ കിടക്കണം,
അഭിമാനഹീനനായി വ്യസനിക്കണം.
എന്നാൽ, പിന്നെയൊരുനാൾ
ഞാൻ മടങ്ങിവരും,
മിക്കവാറുമെല്ലാം നഷ്ടപ്പെട്ട്,
കാറ്റിനാൽ, മഴയാൽ, വെയിലാൽ മുറിപ്പെട്ട്,
മറ്റൊരുലാത്തലോ,
സ്വാതന്ത്ര്യത്തിന്റെ മറ്റൊരിടവേളയോ
ആഗ്രഹിക്കാൻ തോന്നാത്തത്ര
പ്രചണ്ഡാനന്ദത്താൽ മുറിപ്പെട്ട്...
മാംസമുതിർന്ന്, സിരകളഴിഞ്ഞ്, ചോര വാർന്ന്
വെറുമൊരെല്ലിൻകൂടാണെന്റെ ലോകമെന്ന്
അന്നു ഞാൻ കാണും.
അപ്പോൾ കണ്ണുകളിറുക്കിയടച്ചു ഞാനഭയം തേടും,
മറ്റെങ്ങുമല്ലെങ്കിൽ,
പരിഹാസം പരിചിതമായ നിന്റെ കൂട്ടിൽ...
(1965)

വാക്കുകൾ
എനിക്കു ചുറ്റും വാക്കുകളാണ്‌, വാക്കുകളും വാക്കുകളുമാണ്‌,
ഇലകളെന്നപോലെ അവ എന്നിൽ മുളയ്ക്കുന്നു,
അവസാനമെന്നതില്ലാതെ ഉള്ളിൽ നിന്നവ വളരുന്നു...
എന്നാൽ എന്നോടു തന്നെ ഞാൻ പറയുന്നു:
വാക്കുകൾ ഒരു ശല്യമാണ്‌, അവയെ കരുതിയിരിക്കുക,
അവ പലതുമാകാം, ഒരു നോട്ടം,
ഓടിച്ചെല്ലുന്ന പാദങ്ങളെ പിടിച്ചുനിർത്തുന്ന ഒരു ഗർത്തം,
മരവിപ്പിക്കുന്ന തിരകളിളകുന്ന സമുദ്രം,
പൊള്ളുന്ന കാറ്റിന്റെ ആകസ്മികാഘാതം,
ഉറ്റ ചങ്ങാതിയുടെ കഴുത്തറുക്കാനൊരു മടിയുമില്ലാത്ത ഒരു കത്തി...
വാക്കുകൾ ഒരു ശല്യം തന്നെ,
എന്നിട്ടും മരത്തിൽ ഇലകളെന്നപോലെ
എന്നിലവ വളരുന്നു,
അതിനൊരവസാനവുമില്ല,
ഉള്ളിന്റെയുള്ളിലെവിടെയോ ഒരു മൗനത്തിൽ നിന്ന്
അവ പുറത്തു വന്നുകൊണ്ടേയിരിക്കുന്നു...
(1965)


Tuesday, August 11, 2015

എമീൽ ചൊറാൻ - തീനാളങ്ങളുടെ സൗന്ദര്യം



തീനാളങ്ങളുടെ സൗന്ദര്യമിരിക്കുന്നത് ഏതനുപാതത്തിനും ലയത്തിനുമപ്പുറത്തുള്ള അവയുടെ വിചിത്രലീലയിലാണ്‌. ഒരേനേരം ചാരുതയുടെയും ദുരന്തത്തിന്റെയും, മുഗ്ധതയുടെയും നൈരാശ്യത്തിന്റെയും, വിഷാദത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്‌ ആ സുതാര്യജ്വലനം. മഹത്തായ ശുദ്ധീകരണങ്ങൾക്കുള്ള ലാഘവത്തിന്റേതായതെന്തോ ആ എരിയുന്ന തെളിമയിലടങ്ങിയിരിക്കുന്നു. ആ ആഗ്നേയാതീതം എന്നെ പൊക്കിയെടുത്ത് ഒരഗ്നിസമുദ്രത്തിലെറിഞ്ഞെങ്കിൽ എന്നു ഞാൻ മോഹിച്ചുപോകുന്നു; ലോലവും മോഹകവുമായ ആ നാവുകൾ ദഹിപ്പിക്കുമ്പോൾ ഒരു പ്രഹൃഷ്ടമരണം ഞാൻ മരിക്കും. പ്രഭാതവെളിച്ചത്തിനു സമാനമായ, നിർമ്മലവും ഉദാത്തവുമായ ഒരു മരണത്തിന്റെ പ്രതീതിയാണ്‌ തീനാളങ്ങളുടെ സൗന്ദര്യം സൃഷ്ടിക്കുന്നത്. തീനാളങ്ങളിൽ മരിക്കുകയെന്നാൽ ലോലവും സുന്ദരവുമായ ചിറകുകളുടെ ദഹനമാണ്‌. ചിത്രശലഭങ്ങളേ അഗ്നിജ്വാലകളിൽ മരിക്കുന്നുള്ളൂ? അവനവനുള്ളിലെ തീനാളങ്ങൾ വിഴുങ്ങുന്നവരുടെ കാര്യമോ?
(On the Heights of Despair-1934)

എമീൽ ചൊറാൻ - നിശ്ശബ്ദതയ്ക്കു നേർക്കുനേർ നില്ക്കുമ്പോൾ



നിശ്ശബ്ദതയെ അത്രയധികം ആശ്രയിക്കാൻ പഠിച്ചു കഴിഞ്ഞാൽ അരികു ചേർന്നുള്ള ജീവിതത്തിന്റെ മൗലികാവിഷ്കാരങ്ങളിലൊന്നിൽ നിങ്ങൾ എത്തിക്കഴിഞ്ഞു. മഹാന്മാരായ ഏകാകികൾക്കും മതസ്ഥാപകർക്കും മൗനത്തിനോടുള്ള ആദരവിന്‌ നാം കരുതുന്നതിലുമധികം ആഴത്തിൽ പോയ വേരുകളാണുള്ളത്. നിശ്ശബ്ദതയെ അല്ലാതെ മറ്റൊന്നിനെയും പരിഗണിക്കാതിരിക്കാനും മാത്രം മനുഷ്യസാന്നിദ്ധ്യം അവർക്ക് അസഹ്യമായിപ്പോയിട്ടുണ്ടാവണം, മനുഷ്യരുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ അറപ്പുളവാക്കുന്നതായി അവർക്കു തോന്നിയിട്ടുണ്ടാവണം.
ലോകത്തോടുള്ള തീരാത്ത മടുപ്പും തജ്ജന്യമായ തളർച്ചയും നിശ്ശബ്ദതയെ സ്നേഹിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു; ആ നിശ്ശബ്ദതയിൽ വാക്കുകൾ അർത്ഥം നഷ്ടപ്പെട്ട് യാന്ത്രികമായ ചുറ്റികയടികൾ പോലെ നമ്മുടെ കാതുകളിൽ വന്നലയ്ക്കുന്നു; ആശയങ്ങൾ ദുർബലമാകുന്നു, വാക്കുകൾ അസമർത്ഥമാകുന്നു, ഭാഷ മരുഭൂമി പോലെ വന്ധ്യവുമാവുന്നു. പുറംലോകത്തിന്റെ വേലിയേറ്റവും ഇറക്കവും നമ്മുടെ താല്പര്യമോ ജിജ്ഞാസയോ ഉണർത്താൻ കെല്പില്ലാത്ത വിധം വിദൂരവും ഏകതാനവുമായ ഒരു മർമ്മരം മാത്രമാവുന്നു. ഒരഭിപ്രായം പറയുന്നത്, ഒരു നിലപാടെടുക്കുന്നത്, ഒരടയാളം പതിപ്പിക്കുന്നത് നിരുപയോഗമായി അപ്പോൾ നിങ്ങൾക്കു തോന്നും; താൻ ത്യജിച്ച ഒച്ചവയ്പുകൾ ആത്മാവിനെ ഉത്ക്കണ്ഠപ്പെടുത്താനേ ഉതകിയിരുന്നുള്ളു എന്നു നിങ്ങൾക്കു ബോദ്ധ്യമാകും. ലോകത്തെ സകല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാഹസപ്പെട്ടതില്പിന്നെ, നൈരാശ്യത്തിന്റെ പാരമ്യത്തിൽ തീവ്രയാതന അനുഭവിച്ചതില്പിന്നെ, വെളിപാടിന്റെ മുഹൂർത്തത്തിൽ നിങ്ങൾ കണ്ടെത്തും, ഒരേയൊരുത്തരം, ഒരേയൊരു യാഥാർത്ഥ്യം നിശ്ശബ്ദതയാണെന്ന്.

(On the Heights of Despair)

Sunday, August 9, 2015

കമലാ ദാസിന്റെ കവിതകള്‍ - 3



ഹിജഡകളുടെ നൃത്തം

ഉഷ്ണമായിരുന്നു,
ഹിജഡകൾ നൃത്തം ചെയ്യാൻ വരും മുമ്പ് അത്യുഷ്ണമായിരുന്നു...
വിടർന്ന പാവാടകൾ പമ്പരം കറങ്ങി,
കൈമണികൾ കൊഴുപ്പോടെ മുഴങ്ങി,
കാൽച്ചിലങ്കകൾ കിലുങ്ങിക്കിലുങ്ങിക്കിലുങ്ങി...
ജ്വലിക്കുന്ന ഗുൽമൊഹറുകൾക്കടിയിൽ
നീട്ടിപ്പിന്നിയ മുടി പറത്തിയും
ഇരുണ്ട കണ്ണുകളെറിഞ്ഞും
അവർ നൃത്തം ചെയ്തു,
ഹാ, കാലടി വിണ്ടു ചോരയൊഴുകും വരെ നൃത്തം ചെയ്തു...
അവർ കവിളുകളിൽ പച്ച കുത്തിയിരുന്നു,
അവർ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു,
ചിലർ ഇരുണ്ടവരായിരുന്നു,
ചിലർ വെളുത്തവരെന്നു പറയാമായിരുന്നു.
അവരുടെ സ്വരം പരുഷമായിരുന്നു,
അവരുടെ പാട്ടുകൾ വിഷാദം നിറഞ്ഞതായിരുന്നു,
അവർ പാടിയത് മരണം വരിക്കുന്ന കമിതാക്കളെക്കുറിച്ചായിരുന്നു,
പിറക്കാൻ അവസരം കിട്ടാതെപോയ കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു...
ചിലർ ചെണ്ടകൾ കൊട്ടി,
ചിലർ മാറത്തടിച്ചു നിലവിളിച്ചു,
നിർവികാരമായ ഹർഷോന്മാദത്തിൽ ഞെളിപിരിക്കൊണ്ടു.
അവരുടെ കൈകാലുകൾ മെലിഞ്ഞതും ശുഷ്കിച്ചതുമായിരുന്നു,
പട്ടടയിലെ പാതി വെന്ത വിറകൊള്ളികൾ പോലെ;
അതിലോരോന്നിലുമുണ്ടായിരുന്നു,
ഒരു വരൾച്ച, ഒരു ചീയലും.
കാക്കകൾ പോലും മരക്കൊമ്പുകളിൽ നിശ്ശബ്ദമായിരുന്നു,
കുട്ടികൾ വിടർന്ന കണ്ണുകളുമായി നിശ്ചേഷ്ടരായിരുന്നു.
സകലരും ആ പാവങ്ങളുടെ കോച്ചിവിറകൾ കണ്ടുനില്ക്കുകയായിരുന്നു.
പിന്നെ ആകാശം വെടിച്ചുകീറി,
ഇടിയും  മിന്നലുമുണ്ടായി,
മഴയും-
മച്ചുമ്പുറത്തെ പൊടിയും എലിയുടെയും പല്ലിയുടെയും മൂത്രവും മണക്കുന്ന
ഒരു ശുഷ്കിച്ച മഴ.
(1965)


വാക്കുകൾ പറവകളാണ്‌

വാക്കുകൾ പറവകളാണ്‌.
എവിടെയാണവ ചേക്കേറിയത്,
കുഴഞ്ഞുതൂങ്ങുന്ന ചിറകുകളുമായി,
അസ്തമയത്തിന്റെ കണ്ണില്പെടാതെ?
അസ്തമയമെന്റെ മുടിയിൽ,
അസ്തമയമെന്റെ തൊലിയ്ക്കു മേൽ;
ഉറങ്ങാൻ കിടക്കുമ്പോൾ
എനിക്കുറപ്പു തോന്നുന്നുമില്ല,
നാളത്തെ പ്രഭാതം കാണാൻ
ധന്യയാണു ഞാനെന്ന്.

കടത്തുവള്ളം

നിന്റെ മെലിഞ്ഞ ഉടൽ
എനിക്കൊരു കടത്തുവള്ളമാകുമോ,
ആ നിശ്ശബ്ദതീരത്തേക്കെന്നെ കൊണ്ടുപോകാൻ,
പകൽ വിളറിച്ച ഗ്രഹം പോലെ
മുഖമില്ലാത്തവളായി അവിടെയെനിക്കു കിടക്കാൻ?
പ്രവാചകരുടെ കണ്ണീരിനാൽ
ഉപ്പുരസം കലർന്നതാണെന്റെ ചോരയെങ്കിലും
ഒരു വന്ധ്യയുടെ തുടകൾക്കിടയിലൂടെ
‘നാളെ’ പൊട്ടിപ്പുറത്തുവരികയും വേണമല്ലോ...

Saturday, August 8, 2015

കമലാ ദാസിന്റെ കവിതകള്‍ - 2



എന്റെ മുത്തശ്ശിയുടെ വീട്
-------------------------------

ഇന്നേറെ അകലെയായ ഒരു വീട്ടിൽ വച്ച്
സ്നേഹം ഞാൻ അറിഞ്ഞിരുന്നു...
അവർ, എന്റെ മുത്തശ്ശി, മരിച്ചു,
വീട് മൗനത്തിലേക്കു പിൻവാങ്ങി,
ആ പ്രായത്തിൽ എനിക്കപ്രാപ്യമായിരുന്ന പുസ്തകങ്ങൾക്കിടയിൽ
പാമ്പുകൾ ഇഴഞ്ഞുകയറി,
എന്റെ ചോര ചന്ദ്രനെപ്പോലെ തണുത്തുകഴിഞ്ഞു.
അവിടെയ്ക്കൊന്നു പോകാൻ
എത്ര തവണ ഞാനാഗ്രഹിച്ചുവെന്നോ,
ചത്ത ജനാലക്കണ്ണുകളിലൂടുള്ളിലേക്കെത്തിനോക്കാൻ,
മരവിച്ച വായുവിനൊന്നു കാതോർക്കാൻ,
അവിടെനിന്നൊരു പിടി ഇരുട്ടു വാരി
ഇവിടെ കൊണ്ടു വരാൻ,
എന്റെ കിടപ്പുമുറിയുടെ വാതിലിനു പിന്നിൽ
ചിന്താമഗ്നയായ ഒരു നായയെപ്പോലതിനെ കിടത്താൻ...
നിനക്കു വിശ്വാസം വരുന്നില്ല, അല്ലേ, പ്രിയനേ,
അങ്ങനെയൊരു വീട്ടിൽ ഞാൻ ജീവിച്ചിരുന്നുവെന്ന്,
എനിക്കവിടെ സ്നേഹവും ബഹുമാനവും ലഭിച്ചിരുന്നുവെന്ന്?
ഞാൻ, വഴി തെറ്റിപ്പോയ ഞാൻ,
ചില്ലറത്തുട്ടായിട്ടെങ്കിലും സ്നേഹം കിട്ടാൻ
ഇന്നന്യരുടെ വാതില്ക്കൽ മുട്ടി യാചിക്കുന്ന ഞാൻ...

(1965)


മനുഷ്യരുടെ പ്രണയം
----------------------------

പ്രണയത്തിൽ ആത്മാർത്ഥത
അമരർക്കു മാത്രം പറഞ്ഞതാണ്‌,
നിഗൂഢസ്വർഗ്ഗങ്ങളിൽ
തളർച്ചയറിയാതെ ക്രീഡിക്കുന്ന
കാമചാരികളായ ദേവകൾക്ക്.
എന്റെയും നിന്റെയും കാര്യമെടുത്താൽ,
പൂർണ്ണനിർവൃതി അറിയാനും മാത്രം
നമ്മൾ ദീർഘായുസ്സുകളായില്ല,
അന്യോന്യം വഞ്ചിക്കാതിരിക്കാനും മാത്രം
നമ്മൾ അല്പായുസ്സുകളുമായില്ല.
(1991)




ബഡെ ഗുലാം അലി ഖാന്‍ മാര്‍വ രാഗത്തെക്കുറിച്ച്



കണ്ടാൽ പഞ്ചാബിലെ ഏതോ നാട്ടുമ്പുറത്തെ കശാപ്പുകാരനെപ്പോലിരിക്കും; തീറ്റയും കുടിയും ഒരു നിയന്ത്രണവുമില്ലാതെ; എന്നാൽ കവിത തുളുമ്പുന്ന മനസ്സായിരുന്നു ഉസ്താദ് ഗുലാം അലി ഖാൻ സാഹബിന്റേത്. പ്രൊഫസ്സർ ദേവ്ധർ ഓർക്കുകയാണ്‌: ‘1945ലാണെന്നു തോന്നുന്നു. ഞാനും ഖാൻ സാഹബും ചൗപ്പാത്തി ബീച്ചിലെ മണപ്പുറത്തിരിക്കുകയാണ്‌. സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നു; അതിന്റെ അന്ത്യരശ്മികൾ പടിഞ്ഞാറൻ ചക്രവാളത്തെ ചുവപ്പിൽ കുളിപ്പിച്ചിരിക്കുന്നു. മുകളിലത്തെ ചിത്രോപമദൃശ്യം താഴെ തിരയടങ്ങിയ അറബിക്കടലിലും പ്രതിഫലിക്കുന്നുണ്ട്. മുന്നിലെ ആ രംഗം കണ്ടു വ്യാമുഗ്ധനായി ഇരിക്കുമ്പോൾ അദ്ദേഹം തിരിഞ്ഞ് എന്നോടു പറഞ്ഞു, “ദേവ്ധർ സാഹബ്, മാർവ ആലപിക്കാനുള്ള സമയം ഇതു തന്നെയാണ്‌. നമ്മുടെ പൂർവ്വികരുടെ കല്പനാശേഷി എന്നെ അത്ഭുതപ്പെടുത്തുന്നു! ആ രി യും ധ യും എത്ര നിപുണതയോടെയാണ്‌ അവർ ഉപയോഗപ്പെടുത്തുന്നതെന്നു നോക്കൂ. അസ്തമയം ഹൃദയാപഹാരിയായ ഒരു നേരമാണ്‌. വിരഹികളായ കാമുകർ രാത്രി തങ്ങൾ ഒറ്റയ്ക്കെങ്ങനെ കഴിക്കുമെന്നു വിചാരപ്പെടാൻ തുടങ്ങുന്നു. തലയ്ക്കു മേൽ ഒരു കൂരയില്ലാത്തവരുടെ കാര്യവും ഇതു തന്നെ. പകൽ എങ്ങനെയും കഴിഞ്ഞുപോകും- രാത്രിയോ? കിടക്കാൻ ഒരിടത്തിനു വേണ്ടിയുള്ള ആധി അവരെ പിടി കൂടുന്നു. സ്വരങ്ങളിൽ വിശ്രമത്തിന്റെയും വിരാമത്തിന്റെയും സ്വരമാണ്‌ സ. എന്നാൽ മാർവയിൽ ആ സ്വരം മറഞ്ഞുപോയപോലെയാണ്‌. ഇടയ്ക്കതൊന്നാലപിക്കാൻ പറ്റുമ്പോൾ ഞങ്ങൾക്കു കിട്ടുന്ന ആശ്വാസം എത്രയാണെന്നോ! ആ ഉത്കണ്ഠയും അനിശ്ചിതത്വവും ചിത്രീകരിക്കുകയാണ്‌ മാർവയുടെ മുഖ്യലക്ഷ്യമെന്ന് എനിക്കു തോന്നുന്നു..‘
(Kumar Prasad Mukherji - The Lost World of Hindustani Music)

Friday, August 7, 2015

കമലാ ദാസിന്റെ കവിതകള്‍ - 1



തടവുകാരി
----------------------------------
ജയില്‍പുള്ളി തന്റെ തടവറയുടെ ഭൂമിശാസ്ത്രം
കണ്ടു പഠിക്കുമ്പോലെ
നിന്റെ ഉടലിന്റെ ഭൂഷകൾ
ഞാൻ പഠിച്ചു വയ്ക്കുന്നു, പ്രിയനേ,
എന്നെങ്കിലുമൊരുനാൾ
അതിന്റെ കെണിയിൽ നിന്നു പുറത്തു കടക്കാൻ
ഞാനൊരു രക്ഷാമാർഗ്ഗം കണ്ടുവയ്ക്കണമല്ലോ.
(1973)

പുഴു
----------------------
സന്ധ്യക്ക് പുഴക്കരയിൽ വച്ച്
അവളെ അവസാനമായി ചുംബിച്ചിട്ടു കൃഷ്ണൻ പോയി.
അന്നു രാത്രിയിൽ ഭർത്താവിനൊപ്പം കിടക്കുമ്പോൾ
അവൾ മരിച്ചപോലെ തണുത്തിരുന്നു.
നിനക്കെന്തു പറ്റി, അയാൾ ചോദിച്ചു,
എന്റെ ചുംബനങ്ങൾ നിനക്കു വിലയില്ലാതായോ?
ഇല്ല, ഇല്ലേയില്ല, അവൾ പറഞ്ഞു;
എന്നാൽ അവൾ ഓർക്കുകയായിരുന്നു,
പുഴുവരിച്ചാൽ ശവത്തിനെന്ത്?
(1967)

കൃഷ്ണൻ
----------------------------
നിന്റെയുടൽ കൃഷ്ണാ, എനിക്കു തടവറയാവുന്നു,
എന്റെ നോട്ടം അതിനുള്ളിൽ മുട്ടിത്തിരിയുന്നു,
നിന്റെ കറുപ്പിൽ എന്റെ കണ്ണുകളന്ധമാവുന്നു,
സമർത്ഥരുടെ ലോകത്തിന്റെ ആരവത്തെ
നിന്റെ പ്രണയവചനങ്ങൾ പുറത്തിട്ടടയ്ക്കുന്നു.

മഞ്ഞുകാലം
----------------------------------
അതിനു പുതുമഴയുടെ മണമായിരുന്നു,
ഇളംകൂമ്പുകളുടെ മണമായിരുന്നു,
അതിന്റെ ഊഷ്മളത
വേരുകൾക്കു പരതുന്ന മണ്ണിന്റേതുമായിരുന്നു...
എന്റെ ആത്മാവും, ഞാനോർത്തു,
എവിടെയ്ക്കോ വേരുകൾ നീട്ടുന്നുണ്ടാവും,
അവന്റെയുടലിനെ ഞാൻ പ്രണയിക്കുകയും ചെയ്തു,
ലജ്ജയേതുമില്ലാതെ...
വെളുത്ത ജനാലച്ചില്ലുകളിൽ
തണുത്ത കാറ്റുകൾ അടക്കിച്ചിരിക്കുന്ന
മഞ്ഞുകാലരാത്രികളിൽ...

ബോംബേയോടു വിട
----------------------------------------------
നിന്നോടു വിട വാങ്ങട്ടെ ഞാൻ, സുന്ദരനഗരമേ,
എന്റെ മുതിർന്ന കണ്ണുകളിലെവിടെയോ കണ്ണീരൊളിക്കുമ്പോൾ,
പുഴയുടെ നിശ്ചേഷ്ടഹൃദയത്തിലൊരു ശില പോലെ
ശോകം നിശ്ശബ്ദമാവുമ്പോൾ...
വിട, വിട, വിട,
മഴയ്ക്കും താന്തോന്നികളായ തൃഷ്ണകൾക്കും നേർക്കടച്ചിട്ട
ജനാലച്ചില്ലുകൾക്കു പിന്നിലെ മെലിഞ്ഞ രൂപങ്ങൾക്ക്;
ആരും നോക്കാനില്ലാത്ത, ആരും സ്നേഹിക്കാനില്ലാത്ത
മഞ്ഞച്ചന്ദ്രന്മാർക്ക്;
മാംസദാഹം തീരാതെ കാറിക്കരഞ്ഞുകൊണ്ടാകാശത്തു
വട്ടം ചുറ്റിപ്പറക്കുന്ന പക്ഷികൾക്ക്;
ഇരുന്നാലും നടന്നാലും സംസാരിച്ചു തീരാത്ത
കടല്ക്കരയിലെ ജനക്കൂട്ടങ്ങൾക്ക്;
നിന്നോടു വിട വാങ്ങട്ടെ ഞാൻ, സുന്ദരനഗരമേ,
നിന്റെ കണ്ണീരും നിന്റെ കോപവും നിന്റെ പുഞ്ചിരിയും
ഇനി വരുന്നവർക്കായി കാത്തുവയ്ക്കുക,
കണ്ണുകൾ പാട കെട്ടാത്ത യൗവനങ്ങൾക്ക്;
അവർക്കു നല്കുക,
കണ്ണുകളിൽ വിഷാദവും മുടിയിൽ മുല്ലയും കിന്നരിയും ചൂടിയ
നിന്റെ ഗണികകളെ,
നിന്റെ ശവമുറികളിലെ മാർബിൾപലകകൾ,
തൊട്ടാൽ പൊടിയുന്ന നിന്റെ വഴിയോരച്ചിരികൾ...
വിട, വിട, വിട...
നിശ്ശബ്ദതയ്ക്കും ശബ്ദങ്ങൾക്കും;
സ്വപ്നത്തിലല്ലാതെ ഞാൻ നടന്നിട്ടില്ലാത്ത തെരുവുകൾക്ക്;
സ്വപ്നത്തിലല്ലാതെ ഞാൻ ചുംബിച്ചിട്ടില്ലാത്ത ചുണ്ടുകൾക്ക്;
എന്നിൽ നിന്നിന്നേവരെ പിറന്നിട്ടില്ലാത്ത
പൂക്കള്‍ പോലത്തെ കുഞ്ഞുങ്ങൾക്ക്...

(1965)

ഒരപേക്ഷ
-------------------------------
മരിച്ചു കഴിഞ്ഞാൽ
എന്റെ അസ്ഥിയും മാംസവും വലിച്ചെറിയരുതേ
അവ കൂന കൂട്ടിവയ്ക്കൂ
അതിന്റെ ഗന്ധം നിങ്ങളോടു പറയട്ടെ
ഈ മണ്ണിൽ
ജീവിതത്തിനെന്തു വിലയാണുണ്ടായിരുന്നതെന്ന്
ഒടുവിൽ നോക്കുമ്പോൾ
പ്രണയത്തിനെന്തു വിലയാണുണ്ടായിരുന്നതെന്ന്

രാധ കൃഷ്ണൻ
-----------------------------------
ഈ നേരം മുതൽ ഈ പുഴ നമ്മുടെ സ്വന്തം,
ഈ വൃദ്ധകദംബം നമ്മുടേതു മാത്രം,
അഗതികളായ നമ്മുടെ ആത്മാക്കൾക്ക്
ഒരു നാൾ വന്നു ചേക്കയേറാൻ,
അതിന്റെ കേവലഭൗതികതയിൽ
കടവാതിലുകൾ പോലെ തൂങ്ങിക്കിടക്കാൻ...
(1965)

പ്രണയം
-----------------------------------

നിന്നെ കണ്ടെത്തും വരെ
ഞാൻ കവിതയെഴുതി,
ചിത്രം വരച്ചു,
കൂട്ടുകാരുമൊത്തു നടക്കാൻ പോയി...
ഇപ്പോൾ,
നിന്നോടു പ്രേമമായതിൽ പിന്നെ,
എന്റെ ജീവിതം
നിന്റെ കാല്ക്കൽ ചുരുണ്ടുകൂടിക്കിടക്കുന്നു,
സംതൃപ്തയായി,

ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ...

Thursday, August 6, 2015

എമീൽ ചൊറാൻ - സത്യം, എന്തൊരു പദം!




മനുഷ്യമനസ് രൂപം കൊടുത്ത ഏറ്റവും വലിയ വിഡ്ഢിത്തമാണ്‌ തൃഷ്ണാനിരോധത്തിലൂടെ മുക്തി എന്ന ആശയം. പൂർണ്ണമായ നിർവികാരതയും മുക്തി എന്ന മിഥ്യയുമാണ്‌ നമുക്കതിൽ നിന്നു കിട്ടുന്നതെങ്കിൽ എന്തിനു നാം ജീവിതത്തെ വെട്ടിച്ചുരുക്കണം, എന്തിനതു നശിപ്പിക്കണം? തനിക്കുള്ളിൽ അതിനെ ശ്വാസം മുട്ടിച്ചു കൊന്നിട്ട് ജീവിതത്തെക്കുറിച്ചു സംസാരിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു? നിർവികാരനും ഗർവിഷ്ഠനുമായ തത്വശാസ്ത്രജ്ഞനേക്കാൾ ഞാൻ ബഹുമാനിക്കുക, ആഗ്രഹങ്ങൾ നടക്കാതെപോയ, പ്രണയത്തിന്റെ നൈരാശ്യവും അസന്തുഷ്ടിയും പേറുന്ന മനുഷ്യനെയാണ്‌. ഒരു ലോകം നിറയെ ദാർശനികന്മാർ, എത്ര ഭയാനകമായ ഒരു സാദ്ധ്യതയാണത്! ഒന്നൊഴിയാതെ സകലതിനെയും തുടച്ചുമാറ്റണം: ജീവിതം സ്വാഭാവികമായി മുന്നോട്ടു പോകട്ടെ- അന്ധമായി, അയുക്തികമായി.

സത്യങ്ങൾ കൊണ്ടു മനസ്സിളകാത്ത, സ്വന്തം ഞരമ്പുകളും സ്വന്തം മാംസവും സ്വന്തം ചോരയും കൊണ്ടു ജീവിതയാതന അറിയാത്ത ഈ മനുഷ്യരുടെ ജ്ഞാനം ഞാൻ അവജ്ഞയോടെ തള്ളിക്കളയുന്നു. എനിക്കിഷ്ടം നമ്മുടെ ഉത്ക്കണ്ഠയുടെ സന്തതികളായ സജീവവും ജൈവവുമായ സത്യങ്ങളാണ്‌. ചിന്തകൾക്കു ജീവനുള്ളവർ എന്നും ശരിയായിരിക്കും; അവർക്കെതിരെ ഉയർത്താൻ ഒരു പ്രതിവാദവുമില്ല; ഉണ്ടെങ്കിൽത്തന്നെ അത് ഹ്രസ്വായുസ്സുമായിരിക്കും. സത്യാന്വേഷകർ ഇക്കാലത്തുമുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ജ്ഞാനികൾക്കിനിയും മനസ്സിലായിട്ടില്ലേ, സത്യം ഉള്ളതല്ലെന്ന്?

(On the Heights of Despair)



Wednesday, August 5, 2015

എമീൽ ചൊറാൻ - നിശ്ശേഷമായ അതൃപ്തി




നമ്മിൽ ചിലർക്കു മേൽ ഈ ശാപം എങ്ങനെ വന്നു പതിച്ചു? വെയിലത്തോ അതിനു പുറത്തോ, മനുഷ്യരുടെ കൂടെയോ അല്ലാതെയോ, എവിടെയും നമുക്കു സ്വസ്ഥത കിട്ടുന്നില്ല. ഒരിക്കലും മുഖപ്രസാദമില്ലാതിരിക്കുക- വിസ്മയകരമായ ഒരു നേട്ടം തന്നെ! നിരുത്തരവാദികളാവാൻ കഴിയാത്തവരാണ്‌ മനുഷ്യരിൽ വച്ചേറ്റവും പീഡിതർ. അമിതമായ സ്വബോധത്തിനുടമയാവുക, ലോകത്തു തന്റെ സ്ഥാനത്തെക്കുറിച്ച് എന്നേരവും ബോധവാനായിരിക്കുക, അറിവിന്റെ നിത്യസംഘർഷവുമായി ജീവിക്കുക- ജീവിതം പാഴായി എന്നാണതിനർത്ഥം. അറിവ് ജീവിതത്തെ ബാധിക്കുന്ന പ്ളേഗാണ്‌; ബോധം, അതിന്റെ ഹൃദയത്തിലേറ്റ ഉണങ്ങാത്ത മുറിവും. മനുഷ്യനാവുക എന്നാൽ അതൊരു ദുരന്തമല്ലേ, ജീവിതത്തിനും മരണത്തിനുമിടയിൽ തൂങ്ങിക്കിടക്കാൻ വിധിക്കപ്പെട്ട അതൃപ്തജീവിയാവുക? മനുഷ്യനായിരുന്ന് എനിക്കു മടുത്തു. ആകുമായിരുന്നെങ്കിൽ ഇപ്പോൾ, ഇവിടെ വച്ചു ഞാൻ എന്റെ മനുഷ്യാവസ്ഥ പരിത്യജിക്കുമായിരുന്നു; പക്ഷേ, എന്നിട്ടു പിന്നെ ഞാൻ എന്താവാൻ? ഒരു മൃഗം? വന്ന വഴിയിലൂടെ തിരിച്ചു പോകാൻ എനിക്കു കഴിയില്ല. തന്നെയുമല്ല, തത്വശാസ്ത്രത്തിന്റെ ചരിത്രമറിയുന്ന ഒരു മൃഗമായിട്ടാണു ഞാൻ മാറുക എന്നും വരാം. പിന്നെ, ഒരതിമാനുഷനാവുന്ന കാര്യമാണെങ്കിൽ, ഇത്രയും അപഹാസ്യമായ ഒരു മൂഢത വേറെയില്ലെന്ന് എനിക്കു തോന്നുന്നു. ഒരു തരം ഉപരിബോധത്തിൽ ഒരു പരിഹാരം, പൂർണ്ണമാവില്ലെന്നുറപ്പാണെങ്കിലും, സാദ്ധ്യമാവുമോ? ബോധത്തിന്റെ, ഉത്ക്കണ്ഠയുടെ, വേദനയുടെ എല്ലാ സങ്കീർണ്ണരൂപങ്ങൾക്കുമപ്പുറത്തുള്ള -ഇപ്പുറത്തല്ല, മൃഗത്വത്തിലല്ല-, നിത്യത വെറും മിഥ്യയായ ഒരപ്രാപ്യതയല്ലാത്ത ഒരു ജീവിതമണ്ഡലത്തിൽ ജീവിക്കാൻ നമുക്കു കഴിയില്ലേ? എന്റെ കാര്യം പറയട്ടെ, ഞാൻ മനുഷ്യവർഗ്ഗത്തിൽ നിന്നിറങ്ങിപ്പോകുന്നു. എനിക്കിനി മനുഷ്യനാവേണ്ട, എനിക്കിനി മനുഷ്യനാവാനും കഴിയില്ല. ഞാൻ എന്തു ചെയ്യണം? സാമൂഹ്യരാഷ്ട്രീയപ്രശ്നങ്ങളിൽ ഇടപെടുകയോ? ഏതെങ്കിലും പെണ്ണിന്റെ ജീവിതം ദുസ്സഹമാക്കുകയോ? ദാർശനികപദ്ധതികളിലെ ന്യൂനതകൾ ചികഞ്ഞെടുക്കുകയോ? ധാർമ്മികമോ സൗന്ദര്യപരമോ ആയ ആദർശങ്ങൾക്കായി പൊരുതുകയോ? അതിലൊന്നും ഒരു കാര്യവുമില്ല. ഞാൻ എന്റെ മനുഷ്യത്വം പരിത്യജിക്കുന്നു, ഞാൻ ഏകാകിയായിപ്പോവും എന്നുണ്ടെങ്കില്ക്കൂടി. എനിക്കു യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഈ ലോകത്ത് ഇപ്പോൾത്തന്നെ ഞാൻ ഒറ്റയ്ക്കല്ലേ? വർത്തമാനകാലത്തെ സർവസാധാരണമായ ആദർശങ്ങൾക്കും രൂപങ്ങൾക്കുമതീതമായ ഒരുപരിബോധത്തിൽ ജീവിക്കാൻ നമുക്കായെന്നു വരാം; അവിടെ, നിത്യതയുടെ ലഹരിയിൽ ഈ ലോകത്തെ മനഃസാക്ഷിക്കുത്തുകൾ ദൂരെക്കളയാൻ നമുക്കു കഴിഞ്ഞെന്നു വരാം; അവിടെ സത്ത ശൂന്യത പോലെ തന്നെ ശുദ്ധവും അമൂർത്തവുമായിരിക്കുകയും ചെയ്യും.

(The Heights of Despair)

Tuesday, August 4, 2015

മിലൻ കുന്ദേര - ജീവിതം മറ്റൊരിടത്താണ്‌



ഏതു പ്രസ്താവവും തത്ക്ഷണം സത്യമാവുന്ന മണ്ഡലമാണ്‌ ഭാവഗീതം. ഇന്നലെ കവി പറഞ്ഞു, കണ്ണീരിന്റെ താഴ്വാരമാണ്‌ ജീവിതമെന്ന്; ഇന്നയാൾ പറയുന്നു, മന്ദഹാസത്തിന്റെ ദേശമാണ്‌ കവിതയെന്ന്; രണ്ടു തവണയും അയാൾ പറയുന്നത് ശരിയുമാണ്‌. ഒന്നു മറ്റൊന്നിനെതിരല്ല. ഭാവഗായകനായ കവിയ്ക്ക് തെളിവു നിരത്തേണ്ട ബാദ്ധ്യതയില്ല. തന്റെ വികാരങ്ങളുടെയും അനുഭൂതികളുടെയും തീവ്രത തന്നെ മതി ഒരേയൊരു തെളിവായി.
ഭാവഗീതത്തിന്റെ പ്രതിഭ അനുഭവരാഹിത്യത്തിന്റെ പ്രതിഭയാണ്‌. കവിയ്ക്കു ലോകത്തെക്കുറിച്ചു കാര്യമായിട്ടൊന്നും അറിയില്ല; എന്നാൽ തന്റെയുള്ളിൽ നിന്നു പ്രവഹിക്കുന്ന വാക്കുകളെ പരലുകൾ പോലെ ഭദ്രരൂപമായ ഘടനകളായി വിന്യസിക്കാൻ അയാൾക്കറിയാം. കവി അപക്വജിവിയാണെങ്കിലും അയാളുടെ കവിതയ്ക്ക് പ്രവചനത്തിന്റെ ഒരന്തിമസ്വഭാവം കൈവരുന്നു; അതിനു മുന്നിൽ അയാൾ ഭക്ത്യാദരവോടെ നില്ക്കുകയും ചെയ്യുന്നു...കവിയുടെ പക്വതയില്ലായ്മയെ നമുക്കു വേണമെങ്കിൽ പുച്ഛിച്ചു തള്ളാം; അതേ സമയം വിസ്മയാവഹമായതൊന്നു നാം കാണാതിരിക്കയുമരുത്: ഹൃദയത്തിൽ നിന്നൂറുകയും അയാളുടെ വരികൾക്കു സൗന്ദര്യത്തിന്റെ ദീപ്തി പകരുകയും ചെയ്യുന്ന ജലകണങ്ങൾ അയാളുടെ വരികളിൽ തങ്ങിനില്ക്കുന്നുണ്ട്. യഥാർത്ഥജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ പ്രചോദിപ്പിക്കുന്നതാവണമെന്നില്ല, മാന്ത്രികസ്വഭാവമുള്ള ആ മഞ്ഞുതുള്ളികൾ. സലാഡിനു മേൽ നാരങ്ങ പിഴിഞ്ഞൊഴിക്കുന്ന വീട്ടമ്മയുടെ അതേ നിസംഗതയോടെയാണ്‌ കവി ചില നേരം തന്റെ ഹൃദയം ഞെക്കിപ്പിഴിയുന്നതെന്ന് നമുക്കു സംശയം തോന്നുകയുമാവാം.
***

ഒരു യഥാർത്ഥകവിയ്ക്കു മാത്രമേ അറിയൂ, കവിയാകാതിരിക്കാനുള്ള, കാതടപ്പിക്കുന്ന നിശബ്ദത കൊണ്ടു നിറഞ്ഞ കണ്ണാടിവീട്ടിൽ നിന്നു പുറത്തു കടക്കാനുള്ള അഭിവാഞ്ഛയുടെ വൈപുല്യം.
"സ്വപ്നലോകത്തു നിന്നോടിപ്പോന്ന അഭയാർത്ഥി,
ആൾക്കൂട്ടത്തിനിടയിൽ ഞാൻ മനഃശാന്തി കണ്ടെത്തും,
എന്റെ ഗാനങ്ങളെ ഞാൻ ശാപങ്ങളാക്കും."
എന്നാൽ ഈ വരികളെഴുതുമ്പോൾ ഫ്രാന്റിഷെക് ഹലാസ് തെരുവിലെ ആൾക്കൂട്ടത്തിനു നടുക്കായിരുന്നില്ല; അദ്ദേഹം എഴുതാനിരുന്ന മുറി നിശ്ശബ്ദത നിറഞ്ഞതായിരുന്നു.
സ്വപ്നങ്ങളുടെ ദേശത്തു നിന്നുള്ള അഭയാർത്ഥിയാണു താനെന്നു പറഞ്ഞതും സത്യമല്ല. മറിച്ച്, അദ്ദേഹം പറയുന്ന ആൾക്കൂട്ടം ആ സ്വപ്നദേശം തന്നെയായിരുന്നു.
തന്റെ ഗാനങ്ങളെ ശാപങ്ങളാക്കുന്നതിലും അദ്ദേഹം വിജയം കണ്ടില്ല; അദ്ദേഹത്തിന്റെ ശാപങ്ങളോരോന്നും ഗാനമായി മാറുകയായിരുന്നു.
ആ കണ്ണാടിവീട്ടിൽ നിന്നു പുറത്തു കടക്കാൻ ഒരു വഴിയുമില്ലേ?

***

കവിതയുടെ കണ്ണാടിവീട്ടിനുള്ളിൽ എത്ര ഏകാകിയാണു താനെന്ന് ഒരു യഥാർത്ഥകവിയ്ക്കേ അറിയൂ. വിദൂരതയിലെ വെടിയൊച്ചകൾ ജനാല കടന്നെത്തുമ്പോൾ പുറംലോകത്തിനായി ഹൃദയം നോവുന്നു. ലെർമണ്ടോവ് തന്റെ പട്ടാളക്കുപ്പായത്തിന്റെ ബട്ടണിടുകയാണ്‌; ബൈറൺ തന്റെ കിടപ്പുമുറിയിലെ മേശയുടെ വലിപ്പിൽ റിവോൾവർ എടുത്തു വയ്ക്കുകയാണ്‌; വോൾക്കർ, തന്റെ കവിതയിൽ, ആൾക്കൂട്ടങ്ങൾക്കൊപ്പം മാർച്ചു ചെയ്യുകയാണ്‌; ഹലാസ് പ്രാസത്തിൽ ശാപങ്ങൾ ചുഴറ്റിയെറിയുകയാണ്‌; മയക്കോവ്സ്കി സ്വന്തം ഗാനത്തിന്റെ തൊണ്ട ചവിട്ടിയരയ്ക്കുകയാണ്‌; കണ്ണാടികളിൽ മഹത്തായൊരു യുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുകയാണ്‌.
ജാഗ്രത, ഞാൻ നിങ്ങളോടഭ്യർത്ഥിക്കുകയാണ്‌! കവിയ്ക്കു ചുവടൊന്നു പിഴച്ചാൽ, കണ്ണാടികളുടെ മണ്ഡലം വിട്ടു പുറത്തേക്കു കാലു വച്ചാൽ അയാളുടെ കഥ കഴിഞ്ഞു; എന്തെന്നാൽ കവിയ്ക്കു കുറിക്കു കൊള്ളിക്കാനറിയില്ല. അയാൾ കാഞ്ചി വലിച്ചാൽ വീഴുന്നതയാൾ തന്നെ!
***

സ്വന്തം മരണം സ്വപ്നം കാണാത്ത കവിയുണ്ടോ? എന്നെങ്കിലുമൊരിക്കൽ ഭാവനയിലതിനു ചായമിടാത്ത കവിയുണ്ടോ? ഞാൻ മരിക്കണോ? എങ്കിൽ അതഗ്നിയിലാവട്ടെ. ഒരഗ്നിമൃത്യുവിനെക്കുറിച്ചുചിന്തിക്കാൻ യാരോമിലിനെ പ്രേരിപ്പിച്ചത് ഭാവനയുടെ യാദൃച്ഛികവിനോദമായിരുന്നുവെന്നാണോ നിങ്ങൾ കരുതുന്നത്? അല്ലേയല്ല. മരണം ഒരു സന്ദേശമാണ്‌. അതിനു ഭാഷയുണ്ട്; അതിന്റേതായ അർത്ഥവിജ്ഞാനീയമുണ്ട്; ഒരാൾ ഏതു വിധമാണ്‌ മരിക്കുന്നത്, പ്രകൃതിശക്തികളിൽ ഏതു കൊണ്ടാണ്‌ മരിക്കുന്നത് എന്നത് പ്രാധാന്യമില്ലാത്തതല്ല.

ജാൻ മസാരിക് 1948ൽ തന്റെ ജീവിതം അവസാനിപ്പിച്ചത് പ്രാഗിലെ ഒരു കൊട്ടാരത്തിനു മുകളിൽ നിന്ന് മുറ്റത്തേക്കെടുത്തു ചാടിക്കൊണ്ടാണ്‌; നിയതിയുടെ പാറക്കെട്ടിൽ തട്ടി തന്റെ വിധി തവിടുപൊടിയാവുന്നത് അദ്ദേഹം കണ്ടിരുന്നു. മൂന്നു കൊല്ലം കഴിഞ്ഞ് കവിയായ കോൺസ്റ്റന്റിൻ ബീബ്‌ൽ - സഖാക്കളെന്നു താൻ കരുതിയവരാൽത്തന്നെ വേട്ടയാടപ്പെട്ട്- അതേ നഗരത്തിലെ ഒരഞ്ചാം നിലയിൽ നിന്ന് നടപ്പാതയിലേക്കു ചാടി മരിച്ചു. ഇക്കരസിനെപ്പോലെ അദ്ദേഹത്തെ ഞെരിച്ചമർത്തിയത് മണ്ണായിരുന്നു; സ്ഥലവും പിണ്ഡവും തമ്മിലുള്ള, സ്വപ്നവും ഉണർച്ചയും തമ്മിലുള്ള ദുരന്തസംഘർഷത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ മരണം.

ജാൻ ഹൂസും ഗിയോർഡാനോ ബ്രൂണോയും കൊലക്കുറ്റിയിൽ എരിഞ്ഞുതന്നെ മരിക്കണമെന്നുണ്ടായിരുന്നു; വാളും കൊലക്കയറും അവർക്കു പറഞ്ഞതായിരുന്നില്ല. അങ്ങനെ അവരുടെ ജീവിതങ്ങൾ യുഗങ്ങൾക്കപ്പുറത്തേക്കു വെളിച്ചം വീശുന്ന അടയാളവിളക്കുകളായി, ദീപസ്തംഭങ്ങളായി, ശലാകകളായി രൂപാന്തരം പ്രാപിച്ചു; എന്തെന്നാൽ ഉടൽ കാലികവും ചിന്ത നിത്യവുമാണ്‌; ജ്വാലയുടെ ദീപ്തസാരം ചിന്തയുടെ പ്രതീകമാണ്‌.

നേരേ മറിച്ച് ഒഫീലിയയുടെ കാര്യത്തിൽ തീയിലുള്ള മരണം അചിന്ത്യമാണ്‌; അവൾ ജലമൃത്യു തന്നെ മരിക്കണമായിരുന്നു; കാരണം, ജലത്തിന്റെ ആഴങ്ങൾക്ക് മനുഷ്യന്റെ ആഴങ്ങളുമായി അത്രയ്ക്കു ബന്ധമുണ്ട്. തങ്ങളുടെ സ്വന്തം ആത്മാക്കളിൽ, സ്വന്തം പ്രണയത്തിൽ, സ്വന്തം വികാരങ്ങളിൽ, സ്വന്തം ഉന്മാദങ്ങളിൽ, സ്വന്തം പ്രതിബിംബങ്ങളിൽ, കടല്‌ച്ചുഴികളിൽ മുങ്ങിമരിക്കുന്നവരെ കൊല്ലുന്ന പ്രകൃതിശക്തിയാണ്‌ ജലം. പടയ്ക്കു പോയി മടങ്ങാത്ത കാമുകരെയോർത്ത് വെള്ളത്തിൽ ചാടി മരിക്കുന്ന പെൺകുട്ടികളെക്കുറിച്ച് നാടൻ പാട്ടുകളിൽ പറയുന്നുണ്ട്; ഹാരിയെറ്റ് ഷെല്ലി പുഴയിൽ ചാടി മരിക്കുകയായിരുന്നു; പാൾ ചെലാൻ സെൻ നദിയിൽ തന്റെ മരണത്തെ സന്ധിച്ചു.


...അച്ഛനമ്മമാരുടെ അസാന്നിദ്ധ്യമാണ്‌ സ്വാതന്ത്ര്യത്തിന്റെ ഒന്നാമത്തെ മുന്നുപാധി.
പക്ഷേ നിങ്ങൾ ദയവായി മനസ്സിലാക്കണം, അച്ഛനമ്മമാർ മരിച്ചുപോകുന്നതല്ല ഇവിടെ വിഷയം. ഷിറാർദ് ദ് നെർവാലിന്റെ അമ്മ മരിച്ചത് അദ്ദേഹം കുഞ്ഞായിരിക്കുമ്പോഴാണ്‌; എന്നിട്ടും അവരുടെ മനോഹരമായ കണ്ണുകളുടെ മാസ്മരമായ നോട്ടത്തിനു കീഴിലാണ്‌ അദ്ദേഹം ആയുസ്സു കഴിച്ചത്.
അച്ഛനമ്മമാരെ തിരസ്കരിക്കുമ്പോഴോ അവരെ സംസ്കരിക്കുമ്പോഴോ അല്ല സ്വാതന്ത്ര്യം തുടങ്ങുന്നത്; അച്ഛനമ്മമാർ ജനിക്കുമ്പോൾ സ്വാതന്ത്ര്യം മരിക്കുകയാണ്‌.
സ്വന്തം ഉല്പത്തിയെക്കുറിച്ചറിയാത്തവൻ, അവനാണ്‌ സ്വതന്ത്രൻ.
കാട്ടിൽ വന്നുവീഴുന്നൊരു മുട്ട വിരിഞ്ഞു വരുന്നവൻ, അവനാണ്‌ സ്വതന്ത്രൻ.
ആകാശത്തു നിന്നു തുപ്പിയിട്ടപോലെ നന്ദിയുടെ നോവറിയാതെ ഭൂമി തൊടുന്നവൻ, അവനാണ്‌ സ്വതന്ത്രൻ.

പ്രണയത്തിന്റെ തിണകൾ




അകം കവിതകൾ


ക്ളാസ്സിക്കൽ തമിഴ് സാഹിത്യമായ സംഘം കൃതികളെ അകം, പുറം എന്നു രണ്ടായി തിരിച്ചിരിക്കുന്നതിൽ അകം, പ്രണയം തുടങ്ങിയുള്ള ഗൃഹജീവിതസംബന്ധിയായ വിഷയങ്ങൾ പ്രമേയമാക്കുന്നു; രാജ്യഭരണം, ഭക്തി തുടങ്ങിയവയാണ്‌ പുറവിഷയങ്ങൾ. സ്ത്രീപുരുഷപ്രണയമാണ്‌ അകം കവിതകളുടെ പ്രധാനവിഷയം. പ്രണയത്തെ അഞ്ചായി തിരിച്ചിരിക്കുന്നു. ഇതു പശ്ചാത്തലമാവുന്ന ഭൂപ്രദേശങ്ങളെ അഞ്ചു തിണകളായും പറയുന്നു, കുറിഞ്ചി, മുല്ല, മരുതം, പാല, നെയ്തല്‍ എന്നിങ്ങനെ .
നായിക, നായകൻ, തോഴി, തോഴൻ, അമ്മ, വളർത്തമ്മ, നാട്ടുകാർ എന്നിവരാണ്‌ കഥാപാത്രങ്ങൾ. അവർക്കു പേരുകളില്ല. അകം കവിതകളുടെ പ്രത്യേകതയാണ്‌ സ്ത്രീകൾക്കാണതിൽ പ്രാധാന്യമെന്നത്. അവരുടെ അഭിലാഷങ്ങളും സങ്കടങ്ങളുമാണ്‌ കവിതയെ മുന്നോട്ടു കൊണ്ടുപോകുന്നത്.



കുറിഞ്ചിത്തിണ


മലയും മലയോടു ചേർന്ന ഇടവും. കുറവരാണ്‌ ഇവിടെ പാർക്കുന്നത്. കൃഷിയും വേട്ടയും തൊഴിൽ. യൗവനത്തിന്റെയും സൗന്ദര്യത്തിന്റെയും യുദ്ധത്തിന്റെയും ദേവനായ മുരുകൻ ദേവത.  നായകനും നായികയും പരസ്പരം കണ്ടെത്തുന്നതും അവർക്കു പ്രണയം തോന്നുന്നതും കുറിഞ്ചിനിലത്തിൽ വച്ചാണ്‌. കാമുകീകാമുകന്മാരുടെ രഹസ്യസംഗമമാണ്‌ കുറിഞ്ചിയിലെ പ്രണയത്തിന്റെ മുഖം.



1.   കപിലർ - ഒരേയൊരു സാക്ഷി


അവനെന്നെ രഹസ്യമായി വേട്ട നാൾ
ആ കള്ളനല്ലാതാരുമതിനു സാക്ഷിയുണ്ടായില്ല.
അവൻ നുണ പറഞ്ഞാൽ ഞാനെന്തു ചെയ്യാൻ?
തിനത്തണ്ടു പോലെ മെലിഞ്ഞ കാലുകളിൽ
ഒഴുക്കുവെള്ളത്തിലാരലും നോക്കി
ഒരു ഞാറക്കിളി പക്ഷേ, അന്നവിടെ നിന്നിരുന്നു.

(നായിക തോഴിയോടു പറഞ്ഞത്; പിന്നീടു വന്നു കണ്ടുകൊള്ളാമെന്നു പറഞ്ഞു പോയ കാമുകനെപ്പറ്റി നായിക ആവലാതി പറയുകയാണ്‌. ഏകാന്തമായ ഒരു സ്ഥലത്തു വച്ചു ചെയ്ത പ്രതിജ്ഞ ആരെ പറഞ്ഞു വിശ്വസിപ്പിക്കാൻ? ആകെ ഒരു സാക്ഷിയുണ്ടായത് ഒരു ഞാറക്കിളിയാണ്‌; അതിനു പക്ഷേ, ആരലിനെ പിടിക്കുക എന്നതല്ലാതെ മറ്റൊന്നിലും ശ്രദ്ധയുണ്ടായിരുന്നതുമില്ല!)

കുറുന്തൊക 25

2.   പേരെയിൻ മുറുവലാർ - പ്രണയം തലയ്ക്കു പിടിച്ചാൽ


മടൽക്കുതിര മേൽ സവാരി ചെയ്യും,
എരുക്കിൻ മൊട്ടു മാല കെട്ടി തലയിലണിയും,
തെരുവിൽ ആളുകളുടെ പരിഹാസപാത്രമാകും
-
പ്രണയം തലയ്ക്കു പിടിച്ചവനെന്തൊക്കെച്ചെയ്യില്ല!

(നായകൻ നായികയുടെ തോഴിയോടു പറഞ്ഞത്)
കുറുന്തൊക 17

  1. ദേവകുലത്താർ - പാരിനെക്കാൾ പരന്നത്

പാരിനെക്കാൾ പരന്നതാ-
ണാകാശത്തെക്കാളുയർന്നതാ-
ണാഴിയെക്കാളാഴമേറിയതത്രേ,
തണ്ടിരുണ്ട കുറിഞ്ചിപ്പൂക്കളിൽ നിന്നു
തേനീച്ചകൾ തേനെടുക്കുന്ന കുന്നുകൾ
തനിയ്ക്കു നാടായവനോടെന്റെ പ്രണയം.

(നായിക തോഴിയോടു പറഞ്ഞത്)

കുറുന്തൊക 3

  1. ഇറൈയനാർ - മുടി മണക്കുന്നവൾ

തേൻ തേടൽ തന്നെ ജീവിതമായ വണ്ടേ,
എന്റെ ഹിതം നോക്കാതെ
നേരു നേരായിത്തന്നെ പറയൂ:
വരിയൊത്ത പല്ലുള്ളവൾ,
മയിലിനെപ്പോലഴകുള്ളവൾ,
എന്നിൽ പ്രണയമുറച്ചവൾ,
അവളുടെ മുടി പോലെ വാസനിക്കുമോ,
നീയറിഞ്ഞ പൂവുകളിലൊന്നെങ്കിലും?

(കാമുകൻ വണ്ടിനോടു പറഞ്ഞത്, നായിക അതൊളിച്ചുനിന്നു കേൾക്കുന്നുമുണ്ട്)
അകനാനൂറ്‌ 2

  1. കണ്ണനാർ - കൂട്ടിലിട്ട മയിലുകളെപ്പോലെ
എല്ലാവരുമുറങ്ങുന്ന രാത്രിയിൽ
മദയാനയെപ്പോലിറങ്ങിനടന്നവനേ,
ഞങ്ങളുടെ പടിക്കൽ നീയെത്തുന്നതും
കതകു തുറക്കാൻ നോക്കുന്നതും ഞങ്ങളറിയാതെയല്ല.
ഞങ്ങളതു കേട്ടിരുന്നു;
പക്ഷേ,
കൂട്ടിലടച്ച മയിലുകളെപ്പോലെ
തലപ്പൂവു ചാഞ്ഞും പീലികളൊടിഞ്ഞും
ഞങ്ങളുള്ളിൽ കിടന്നു പിടയ്ക്കുമ്പോൾ
അമ്മ ഞങ്ങളെ അടുക്കിപ്പിടിക്കുകയായിരുന്നു,
ഞങ്ങളുടെ പേടി മാറ്റാനെന്നപോലെ!

(തോഴി നായകനോടു പറഞ്ഞത്. അയാൾ രാത്രിയിൽ വന്നപ്പോൾ നായിക കതകു തുറന്നു ചെല്ലാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, അവൾ വീട്ടുതടങ്കലിലായിരുന്നതു കൊണ്ടാണ്‌.)
കുറുന്തൊക 244

  1. ചെമ്പുലപ്പെയൽനീരാർ- ചെമ്മണ്ണും പെയ്ത്തുവെള്ളവും
എന്റമ്മയും നിന്റമ്മയും തമ്മിലെന്തിരിക്കുന്നു?
എന്റച്ഛനും നിന്റച്ഛനും തമ്മിലെന്തു ബന്ധം?
നീയും ഞാനും തമ്മിലെങ്ങനെയറിയാൻ?
എങ്കിലും നമ്മുടെ ഹൃദയങ്ങൾ തമ്മിലെങ്ങനെയൊന്നായി,
ചെമ്മണ്ണിൽ വീണ പെയ്ത്തുവെള്ളം പോലെ!

(തികച്ചും അപരിചിതരായിരുന്നിട്ടും ആദ്യദർശനത്തിൽ തന്നെ പ്രണയബദ്ധരായപ്പോൾ നായകൻ നായികയോടു പറഞ്ഞത്)
കുറുന്തൊക 40


7.   നെടുവെണ്ണിലവിനാർ - നിലാവിന്റെ സഹായം

പതുങ്ങുന്ന പുലിക്കുട്ടികൾ പോലെ
പാറകൾക്കു മേൽ വേങ്ങപ്പൂക്കൾ വീണ കാട്ടിലൂടെ
കാമുകനൊളിവേഴ്ചയ്ക്കെത്തുമ്പോൾ
നീ ചെയ്യുന്നതു വലിയ സഹായമല്ല,
നെടുവെണ്ണിലാവേ!

(തോഴി പറയുന്നത്. ഒളിച്ചെത്തുന്നവനെ കാട്ടിക്കൊടുക്കുകയാണ്‌ നിലാവു ചെയ്യുന്നതെന്നു സാരം! )
കുറുന്തൊക 47


8.   കപിലർ - തേനും പാലും


ഇന്നാട്ടിലെ തേനിലും പാലിലു-
മെനിക്കു മധുരിക്കും
അവന്റെ നാട്ടിലെ
മാൻ കലക്കിയ ചേറ്റുവെള്ളം.

(നായകനോടൊപ്പം ഒളിച്ചോടി തിരിച്ചുവന്ന നായിക തോഴിയോടു പറഞ്ഞത്)
ഐങ്കുറുനൂറ്‌ 203


9.   മിളൈപ്പെരുംകന്തനാർ - പ്രണയമെന്ന മദപ്പാട്


പ്രണയം, പ്രണയമെന്നാളുകൾ പറയുന്നു.
പ്രണയമെന്നാൽ പുതിയൊരാധിയല്ല,
മാറാത്ത വ്യാധിയല്ല.
ഇല ചിലതു തിന്നുമ്പോൾ
കൊമ്പനെ ബാധിക്കുന്ന മദപ്പാടു പോലെ
പ്രണയം കാത്തിരിക്കുന്നു,
നോക്കാൻ നിങ്ങളൊരാളെ കാണും വരെ.

(ആനയ്ക്കു മദം പൊട്ടുന്നത് ഏതോ ഇല തിന്നുമ്പോഴാണെന്നു വിശ്വാസം.)
കുറുന്തൊക 136


10. കൊല്ലൻ അഴിചി - മയില്ച്ചോടു പോലിലകൾ


ഇപ്പെരും ഗ്രാമമെല്ലാമുറങ്ങിയിട്ടും
ഞങ്ങൾ ഉണർന്നു തന്നെയിരുന്നു;
വീടിനടുത്ത കുന്നിനു മേൽ
മയിൽച്ചോടു പോലിലകളുള്ള നൊച്ചിയിൽ നിന്നും
ഇന്ദ്രനീലപ്പൂവുകൾ കൊഴിയുന്നത്
രാവു മുഴുവൻ ഞങ്ങൾ കേട്ടുകിടന്നു.


(തോഴി നായകനോടു പറയുന്നത്. തലേ രാത്രിയില്‍ അയാള്‍ വന്നപ്പോള്‍ അവരെ കാണാതെ മടങ്ങി. എന്നാല്‍ തങ്ങള്‍ ഉറങ്ങാതെ അയാളെ കാത്തിരിക്കുകയായിരുന്നു എന്ന്‍ തോഴി ബോധ്യപ്പെടുത്തുന്നു.)
കുറുന്തൊക 138


11. കപിലർ - കല്ലു പോലെ ഹൃദയം


നറുംപാൽ കുടിച്ചു നിറഞ്ഞ വയറുമായി
വരയാട്ടിൻ കുട്ടികളോടിക്കളിക്കുന്ന നാടിനു നാഥൻ,
കല്ലു പോലലിയാത്തതാണവന്റെ ഹൃദയമെങ്കിലും
അവനെയോർത്തെന്റെ മെയ് മെലിയുന്നു തോഴീ!

കുറുന്തൊക 185


12. കപിലർ - അവൾക്കറിയുമോ?


അവൾക്കറിയുമോ,
പൂവുകൾ കണ്ണുകളായവൾ,
മാല കോർക്കാനാമ്പലിറുക്കുന്നവൾ,
തിനപ്പാടത്തു കിളിയാട്ടുന്നവൾ,
അവൾക്കറിയുമോ, അതോ അറിയില്ലേ,
എന്റെ നെഞ്ചിപ്പോഴുമവൾക്കരികിലാണെന്ന്,
നടുരാവിലുറക്കം പിടിച്ച കൊമ്പനെപ്പോലെ
നെടുവീർപ്പിടുകയാണതെന്ന്?

കുറുന്തൊക 142

13. കോപ്പെരുഞ്ചോഴൻ - വാരിക്കുഴിയിൽ വീണ ആന


കരിങ്കടലിരുളിൽ നിന്നഷ്ടമിച്ചന്ദ്രനുദിക്കുമ്പോലെ
അവളുടെ മുടിച്ചുരുൾ തെന്നി നെറ്റിത്തടം കാൺകെ,
വാരിക്കുഴിയിൽ വീണ കൊമ്പനെപ്പോലായി ഞാൻ.


(കാമുകൻ തോഴനോടു പറഞ്ഞത്.)
കുറുന്തൊക 129


14. നക്കീരർ - ഒരു നാൾ മതി


അവളുടെ നീൾമുടി മൃദുമെത്തയാക്കി
ഒരു നാളെങ്കിലുമുറങ്ങാനായാൽ
പിന്നെയരനാൾ പോലുമെനിക്കു
ജീവിതം വേണ്ട!

കുറുന്തൊക 278




മുല്ലത്തിണ


കാടും കാടിനോടു ചേർന്ന ഇടങ്ങളും. ആടുമാടു വളർത്തൽ തൊഴിൽ. വിഷ്ണു ദേവത. ഭർത്താവിന്റെ പ്രത്യാഗമനം കാത്തിരിക്കുന്ന ഭാര്യയുടെ പ്രതീക്ഷയാണ്‌ പ്രണയത്തിന്റെ ഭാവം.


15. പേയനാർ - മയിലാടുമ്പോൾ


മയിലാടുന്ന ചുവടു കണ്ടപ്പോൾ
നിന്റെ നടത്തയെനിക്കോർമ്മ വന്നു,
മാൻപേടയുടെ നോട്ടം കണ്ടപ്പോൾ
വിരണ്ട കണ്ണുകളെനിക്കോർമ്മ വന്നു,
മുല്ലമലർ വിടരുന്നതു കണ്ടപ്പോൾ
വാസനിക്കുന്ന നെറ്റിയെനിക്കോർമ്മ വന്നു-
നിന്നെക്കാണാനുഴറി ഞാൻ വന്നുവല്ലോ,
മഴമേഘങ്ങളെക്കാൾ വേഗത്തിൽ!

(വിദൂരദേശത്തു നിന്നു വന്ന ഭർത്താവ് ഭാര്യയോടു പറഞ്ഞത്)
ഐങ്കുറുനൂറ്‌, 492


16. മാരൻ പോരയ്യനാർ - മുല്ലമൊട്ടു പോലെ പല്ലുള്ളവൾ


മുല്ലമൊട്ടിനു നാണമാവുന്ന പല്ലുള്ള തോഴീ,
എന്റെ പുരുഷൻ പോയ വെളിനാട്ടിൽ മഴക്കാലമില്ലേ?
ആകാശത്തെടുത്തുവീശാനതിനായുധങ്ങളില്ലേ,
അമറുന്ന മേഘങ്ങൾ പോലെ, മിന്നല്പിണർ പോലെ,
ഗർജ്ജിക്കുന്ന വെള്ളിടി പോലെ?

(ഭാര്യ തോഴിയോടു പറഞ്ഞത്)
ഐന്തിണൈ ഐമ്പത് 3




പാലത്തിണ


വരണ്ടു മണല്ക്കാടായ മലഞ്ചുരങ്ങളും മറ്റുമാണ്‌ പാലനിലം. കൊള്ളയും പിടിച്ചുപറിയും നടത്തുന്ന മറവർ ഇവിടെ വസിക്കുന്നു. കൊറ്റവൈ ദേവത.  പണം സമ്പാദിക്കാൻ പോകുന്ന നായകനും കാമുകനൊത്ത് ഒളിച്ചോടുന്ന നായികയും പാലനിലത്തിലൂടെയാണ്‌ യാത്ര ചെയ്യുന്നത്. വിരഹം അടിസ്ഥാനഭാവം.


  1. ഒരേരുഴവനാർ - ഉലയും മുള പോലെ

ഉലയും മുള പോലെ കൈ മെലിഞ്ഞവൾ,
വിടർന്ന കണ്ണുകളിലടക്കം നിറഞ്ഞവൾ,
എത്രമേലസാദ്ധ്യമാണെന്റെ ഹൃദയമേ,
അകലെയവൾ പാർക്കുമൂരിലെത്തിപ്പെടുക!
പുതുമഴ പെയ്തു വിത കാക്കുന്ന പാടം കാൺകെ
ഒറ്റമൂരിക്കാരനുഴവനു നെഞ്ചു പിടയ്ക്കുമ്പോലെ
കിടന്നുപിടയ്ക്കുന്നു നീ,യെന്റെ ഹൃദയമേ!

(നായകൻ സ്വന്തം ഹൃദയത്തോടു പറഞ്ഞത്)
കുറുന്തൊക 131
പ്രകടമായ ലൈംഗികാഭിലാഷം സൂചിപ്പിക്കുന്ന കവിത. മലർന്ന മണ്ണിൽ കൊഴുവിറക്കുന്നനെരൂദയുടെ ഉഴവനെ ഓർമ്മ വരികയും ചെയ്യുന്നു. ഒറ്റ മൂരിയുള്ള കൃഷിക്കാരൻ എന്ന ഉപമയുടെ ഭംഗി കാരണം കവിയ്ക്കും ആ പേരു തന്നെ വീണു.

 

18. ഔവയാർ - പ്രണയമാളിക്കത്തുമ്പോൾ


എഴുന്നേറ്റുചെന്നു സർവതും തച്ചുടയ്ക്കണോ?
ചുമരിൽ തല കൊണ്ടിടിച്ചു പൊട്ടിക്കണോ?
ഭ്രാന്തു പിടിച്ചപോലെ പിച്ചും പേയും പറയണോ?
തണുത്ത കാറ്റത്തെന്റെ പ്രണയമാളിക്കത്തുമ്പോൾ
എത്ര സുഖമായിട്ടാണൂരുറങ്ങുന്നതെന്നു നോക്കൂ!

(നായിക തോഴിയോടു പറഞ്ഞത്; രാത്രിയിലെ തണുത്ത കാറ്റ് കാമുകരെ എരിപൊരി കൊള്ളിക്കുന്നതാണെങ്കിൽ ഗ്രാമക്കാർക്കത് ഉറക്കം സുഖമാകാനുള്ള കാരണമാണ്‌!)

കുറുന്തൊക 28

19. വെള്ളിവീതിയാർ- തൂവിപ്പോയ പാൽ


കുട്ടി കുടിക്കാതെ, കലത്തിലും വീഴാതെ
നിലത്തു തൂവുന്ന പശുവിൻ പാലു പോലെ
എന്റെയുടലിന്റെ സൌന്ദര്യം വിളറുന്നു,
എനിക്കുതകാതെ, എന്റെ നാഥനുമുതകാതെ.

(വിരഹിണിയായ നായിക തോഴിയോടു പറഞ്ഞത്)

കുറുന്തൊക 27


20. വെള്ളിവീതിയാർ - അവനെവിടെപ്പോവാൻ!


അവനങ്ങനെ ഭൂമി കുഴിച്ചിറങ്ങില്ല,
ആകാശത്തു കയറി മറയില്ല,
കടലിനു മേൽ നടന്നുപോവുകയുമില്ല;
നാടുനാടായിത്തിരഞ്ഞുനടന്നാൽ,
വീടുവീടായിക്കേറിനോക്കിയാൽ,
എങ്ങനെയവൻ നമ്മുടെ കണ്ണു വെട്ടിച്ചു പോകാൻ!

(അത്ഭുതസിദ്ധികളൊന്നുമില്ലാത്ത കാമുകനെ അന്വേഷിച്ചാൽ കണ്ടെത്താവുന്നതേയുള്ളുവെന്ന് തോഴി നായികയെ ആശ്വസിപ്പിക്കുന്നു. കവയിത്രിയുടെ സ്വന്തം അനുഭവമാണിതെന്നും വ്യാഖ്യാനം.)
കുറുന്തൊക 130

21. കോപ്പെരുഞ്ചോഴൻ - ഞാൻ മൂഢയായിക്കോളാം


കരുണയും മമതയും തട്ടിത്തെറിപ്പിച്ചു
പണത്തിനു പിന്നാലെ പോകുന്നതാണറിവെങ്കിൽ
അയാൾ അറിവുള്ളവനായിക്കോട്ടെ;
ഞാൻ മൂഢയായിക്കോളാം.

(പണത്തിനായി നാടു വിട്ട നായകനെക്കുറിച്ച് നായിക തോഴിയോടു പറഞ്ഞത്)
കുറുന്തൊകൈ 20


22. കച്ചിപ്പേട്ടു നന്നാകൈയാർ - നേരും നുണയും


പെരുംനുണയനെൻ കാമുകൻ
നേരു പോലെ നുണ ചൊല്ലുന്ന കിനാവിൽ
എന്നുടൽ പുല്കിയരികിൽ കിടന്നു.
പിന്നെയുണർന്നു കിടക്ക തഴുകുമ്പോൾ
അവനില്ലാതെ ഞാനൊറ്റയ്ക്കായിരുന്നു!
ഏകാന്തവ്യഥയിൽ ഞാൻ മെലിയുന്നു തോഴീ,
വണ്ടുകൾ കരളുന്ന കരിങ്കൂവളപ്പൂവു പോലെ.

കുറുന്തൊക 30


23. അണിലാടുമന്റിലാർ - അണ്ണാനോടുന്ന മുറ്റം


അവനരികത്തുള്ളപ്പോൾ
മേള നടക്കുമൂരു പോലെ
ഞാൻ സന്തുഷ്ട;
എന്നാലവൻ പൊയ്ക്കഴിഞ്ഞാൽ
ഞാൻ ദുഃഖിത,
മുറ്റത്തണ്ണാനോടിക്കളിക്കുന്ന
ആളനക്കമില്ലാത്ത വീടു പോലെ.


കുറുന്തൊക 41


24. കപിലർ - ആശംസ


കൊടുംവെയിലെരിയായ്ക,
മലമ്പാതകൾ തണൽ നിറഞ്ഞതാവുക,
ഇടവഴികൾ പൂഴി വിരിച്ചതാവുക,
കുളിർമഴ കുളിരു പെയ്യുന്നതാവുക,

എന്റെ പാവം മകൾ,
മേനി മാന്തളിർ നിറമായവൾ,
നെടിയ വേലേന്തിയ കാമുകനൊപ്പം
നമ്മെ വിട്ടു പോകുമ്പോൾ.


(കാമുകനോടൊപ്പം ഒളിച്ചോടുന്ന വളർത്തുമകൾക്കായി മനസ്സിൽ പ്രാർത്ഥിക്കുന്ന പോറ്റമ്മ.)
കുറുന്തൊക 378


25. നക്കീരൻ - വേങ്ങ


എന്നെ മുറുകെപ്പുല്കി
നാടു വിട്ട നായകൻ
പിന്നെയൊരു പുള്ളിനെപ്പോലും
ദൂതനായി വിട്ടില്ലല്ലോ;
പണ്ടെത്രയോ രാത്രികളിൽ 
ഞങ്ങൾക്കഭയമായ വേങ്ങയും
അവൻ മറന്നു!

കുറുന്തൊക 264



മരുതത്തിണ


വയലും വയലിനോടു ചേർന്ന ഇടങ്ങളും. കൃഷിക്കാരാണ്‌ നാട്ടുകാർ. ഇന്ദ്രൻ ദേവത. ഭർത്താവ് വേശ്യാസക്തനാവുമ്പോഴുണ്ടാവുന്ന പ്രണയകലഹമാണ്‌ പ്രതിപാദ്യം.


26. പരണർ - ഉടൽവിളർച്ച


ഊരിലെ കുളം മൂടുന്ന
പായൽ പോലെയാണെന്റെ വിളർച്ച;
അവൻ തൊടുമ്പോഴതു നീങ്ങുന്നു,
അവൻ പോകുമ്പോഴതു പിന്നെയും പടരുന്നു.


(നായിക തോഴിയോടു പറയുന്നത്)
കുറുന്തൊക 399


27. അള്ളൂർ നന്മുല്ലൈ - പുലരിവാൾ


കൊക്കരക്കോ കോയെന്നു പൂവൻകോഴി കൂകുമ്പോൾ
എന്റെ നെഞ്ചിലൂടൊരു കുളിരു പാഞ്ഞുപോകുന്നു:
കാമുകന്റെ കൈകളിൽ നിന്നെന്നെ വെട്ടിമാറ്റാൻ
കരുണയറ്റ വാൾ പോലെ പുലരി വന്നെത്തിയല്ലോ!


(കാമുകി തന്നോടു തന്നെ പറഞ്ഞത്)
കുറുന്തൊക 157


28. ഓരമ്പോകിയാർ - ഏഴുനാളുരുക്കം


തോഴീ,
അവനെന്റെ വീട്ടിൽ വന്ന-
തൊരേയൊരുനാൾ,
പിന്നെയവനെയോർത്തു
തീയിൽ മെഴുകു പോലെ
ഞാനുരുകിയതേഴുനാൾ.


ഐങ്കുറുനൂറ്‌, 32

29. മിളൈക്കന്തനാർ - മാറ്റം


പണ്ടവൾ വേപ്പിന്റെ പച്ചക്കായ വായിൽ വച്ചു തരുമ്പോൾ
മധുരിക്കുന്ന കല്ക്കണ്ടമെന്നു നീ പറഞ്ഞിരുന്നു;
ഇന്നതേയവൾ കുളിരുന്ന ഉറവെള്ളം പകരുമ്പോൾ
എന്തു ചൂടും പുളിയുമെന്നതേ നീ പഴിക്കുന്നു!


(തോഴി നായകനോടു പറയുന്നത്)
കുറുന്തൊക 194




നെയ്തൽത്തിണ

കടല്ക്കരയാണ്‌ നിലം. പരതർ പാർപ്പുകാർ. മീൻപിടുത്തവും ഉപ്പുകുറുക്കലും തൊഴിൽ. വിരഹിണിയായ നായികയുടെ വിലാപമാണ്‌ പ്രമേയം.


30. അമ്മൂവനാർ - കടലിന്റെ പ്രണയം


നിന്നെ ദംശിച്ചതാരുടെ പ്രണയം, കടലേ!
കൈതക്കാട്ടിൽ നീ തിര തല്ലുന്നതു
നിശ്ചേഷ്ടരാത്രിയിൽ ഞാൻ കേൾക്കുന്നു.

(നായികയുടെ ആത്മഗതം)
കുറുന്തൊക 163

31. പതുമനാർ - ഒരാൾ മാത്രം


പാതിരാവിന്റെ നിശ്ചലതയിൽ
ശ്രുതി മീളുന്ന കാലം;
വാക്കുകളെല്ലാമടങ്ങി,
ആരവം കൊണ്ട ലോകവുമുറങ്ങി-
ഞാനൊരാൾ മാത്രം
ഉറങ്ങാതിരിക്കുന്നു.


(വിദേശത്തു പോയ നായകനെ ഓർത്തിരിക്കുന്ന നായിക തോഴിയോടു പറഞ്ഞത്; തോഴിയും ഇടയ്ക്കൊന്നു മയങ്ങിപ്പോയി!)
കുറുന്തൊക 64


32. ഐയൂർ മുടവൻ - ഉത്ക്കണ്ഠ


കോരിക്കൂട്ടിയ നിലാവു പോലെ മണൽത്തിട്ട,
അതിനു നേരരികിൽത്തന്നെ
കരിമ്പുന്നമരത്തോപ്പിന്റെ നിഴൽ,
കൂരിരുൾ കൂട്ടിവച്ച പോലെ-

നമ്മുടെയാളിങ്ങെത്തിയിട്ടില്ല,
നമ്മുടെയാൾക്കാർ
മീൻവേട്ട കഴിഞ്ഞെത്താറുമായി.


(തോഴി നായികയോടു പറയുന്നത്. നമ്മുടെയാൾ, കാമുകൻ; നമ്മുടെയാൾക്കാർ, കാമുകിയുടെ ബന്ധുക്കൾ. കാമുകൻ ഇത്ര വൈകിയാൽ ഇനി അയാൾ അപകടത്തിലാവും!)
കുറുന്തൊക 123


33. നന്നാകയാർ - വാതിലടയ്ക്കുന്ന നേരം


ഏകാന്തദുഃഖത്തിന്റെ സന്ധ്യാകാലത്ത്
കവാടമടച്ചും കൊണ്ടു കാവല്ക്കാരൻ പറയുന്നു,
എല്ലാവരുമകത്തു വരുവിൻ.
-അവരിലെന്റെ കാമുകനില്ല.


(കാമുകി തോഴിയോടു പറയുന്നത്)
കുറുന്തൊക 118


34. മതുര എഴുത്താളൻ ചേന്തൻ പൂതൻ - താഴപ്പൂക്കൾ


ഒരിക്കൽ

രാവുതോറുമവനോടൊത്തു ഞാൻ ചിരിച്ചിരുന്നു,
പരന്ന കടലോരത്തല തല്ലുമ്പോൾ,
കൊക്കുകൾ പോലെ താഴപ്പൂക്കൾ വിരിയുമ്പോൾ.

എന്റെ കണ്ണുകളന്നു കൂവളപ്പൂവുകളായിരുന്നു,
കൈകളിളമുളന്തണ്ടുകളായിരുന്നു,
നെറ്റിത്തടം പിറയുദിച്ച പോലായിരുന്നു.

ഇന്നു പക്ഷേ...

കുറുന്തൊക 226


35. വെണ്മണിപ്പൂതി - പുന്നമരത്തണലിൽ


മണ്ണിലും പ്രായമായ കടൽ കഴുകുന്ന കരയിൽ,
കിളിയൊച്ചയടങ്ങാത്ത തോപ്പുകൾക്കരികിൽ,
പൂത്ത പുന്നമരങ്ങളുടെ തണലിൽ
അന്നു ഞങ്ങളാദ്യമായൊരുമിക്കെ,
എന്റെ കണ്ണുകളവനെക്കണ്ടു,
എന്റെ കാതുകളവന്റെ വാക്കു കേട്ടു;
അവനെപ്പുണരുമ്പോഴെന്റെ കൈകൾക്കഴകേറുന്നു,
അവൻ പിരിയുമ്പോഴവ മെലിഞ്ഞുതൂങ്ങുന്നു.

കുറുന്തൊക 299


36. ഓരം പോകിയാർ - നശിച്ച സന്ധ്യ


പച്ചക്കാലിക്കൊക്കിന്റെ പുറവെണ്മ പോലെ
കയങ്ങളിലാമ്പല്പൂവുകൾ കൂമ്പി;
സന്ധ്യയായി;
വൈകാതെ രാത്രിയുമാവും.

കുറുന്തൊക 122


37. കച്ചിപ്പേട്ടു നന്നാകയാർ - ഒറ്റയുല


പഴമരങ്ങളിലാവലെത്തുന്ന വേളയിൽ
എന്നെത്തനിച്ചാക്കിയെൻ കാമുകൻ പോയാൻ;
ഏഴൂരിനാകെയുള്ളൊരാലയിൽ
നിലയ്ക്കാതൂതുമുല പോലെ
എന്റെ നെഞ്ചു നെടുവീർപ്പിടുന്നതു കേൾക്കൂ!


(പല ഗ്രാമങ്ങൾക്കായി ഒരു കൊല്ലനേയുള്ളുവെന്നതിനാൽ അയാളുടെ ഉലയ്ക്കു വിശ്രമമില്ല.)
കുറുന്തൊക 170