Wednesday, August 5, 2015

എമീൽ ചൊറാൻ - നിശ്ശേഷമായ അതൃപ്തി




നമ്മിൽ ചിലർക്കു മേൽ ഈ ശാപം എങ്ങനെ വന്നു പതിച്ചു? വെയിലത്തോ അതിനു പുറത്തോ, മനുഷ്യരുടെ കൂടെയോ അല്ലാതെയോ, എവിടെയും നമുക്കു സ്വസ്ഥത കിട്ടുന്നില്ല. ഒരിക്കലും മുഖപ്രസാദമില്ലാതിരിക്കുക- വിസ്മയകരമായ ഒരു നേട്ടം തന്നെ! നിരുത്തരവാദികളാവാൻ കഴിയാത്തവരാണ്‌ മനുഷ്യരിൽ വച്ചേറ്റവും പീഡിതർ. അമിതമായ സ്വബോധത്തിനുടമയാവുക, ലോകത്തു തന്റെ സ്ഥാനത്തെക്കുറിച്ച് എന്നേരവും ബോധവാനായിരിക്കുക, അറിവിന്റെ നിത്യസംഘർഷവുമായി ജീവിക്കുക- ജീവിതം പാഴായി എന്നാണതിനർത്ഥം. അറിവ് ജീവിതത്തെ ബാധിക്കുന്ന പ്ളേഗാണ്‌; ബോധം, അതിന്റെ ഹൃദയത്തിലേറ്റ ഉണങ്ങാത്ത മുറിവും. മനുഷ്യനാവുക എന്നാൽ അതൊരു ദുരന്തമല്ലേ, ജീവിതത്തിനും മരണത്തിനുമിടയിൽ തൂങ്ങിക്കിടക്കാൻ വിധിക്കപ്പെട്ട അതൃപ്തജീവിയാവുക? മനുഷ്യനായിരുന്ന് എനിക്കു മടുത്തു. ആകുമായിരുന്നെങ്കിൽ ഇപ്പോൾ, ഇവിടെ വച്ചു ഞാൻ എന്റെ മനുഷ്യാവസ്ഥ പരിത്യജിക്കുമായിരുന്നു; പക്ഷേ, എന്നിട്ടു പിന്നെ ഞാൻ എന്താവാൻ? ഒരു മൃഗം? വന്ന വഴിയിലൂടെ തിരിച്ചു പോകാൻ എനിക്കു കഴിയില്ല. തന്നെയുമല്ല, തത്വശാസ്ത്രത്തിന്റെ ചരിത്രമറിയുന്ന ഒരു മൃഗമായിട്ടാണു ഞാൻ മാറുക എന്നും വരാം. പിന്നെ, ഒരതിമാനുഷനാവുന്ന കാര്യമാണെങ്കിൽ, ഇത്രയും അപഹാസ്യമായ ഒരു മൂഢത വേറെയില്ലെന്ന് എനിക്കു തോന്നുന്നു. ഒരു തരം ഉപരിബോധത്തിൽ ഒരു പരിഹാരം, പൂർണ്ണമാവില്ലെന്നുറപ്പാണെങ്കിലും, സാദ്ധ്യമാവുമോ? ബോധത്തിന്റെ, ഉത്ക്കണ്ഠയുടെ, വേദനയുടെ എല്ലാ സങ്കീർണ്ണരൂപങ്ങൾക്കുമപ്പുറത്തുള്ള -ഇപ്പുറത്തല്ല, മൃഗത്വത്തിലല്ല-, നിത്യത വെറും മിഥ്യയായ ഒരപ്രാപ്യതയല്ലാത്ത ഒരു ജീവിതമണ്ഡലത്തിൽ ജീവിക്കാൻ നമുക്കു കഴിയില്ലേ? എന്റെ കാര്യം പറയട്ടെ, ഞാൻ മനുഷ്യവർഗ്ഗത്തിൽ നിന്നിറങ്ങിപ്പോകുന്നു. എനിക്കിനി മനുഷ്യനാവേണ്ട, എനിക്കിനി മനുഷ്യനാവാനും കഴിയില്ല. ഞാൻ എന്തു ചെയ്യണം? സാമൂഹ്യരാഷ്ട്രീയപ്രശ്നങ്ങളിൽ ഇടപെടുകയോ? ഏതെങ്കിലും പെണ്ണിന്റെ ജീവിതം ദുസ്സഹമാക്കുകയോ? ദാർശനികപദ്ധതികളിലെ ന്യൂനതകൾ ചികഞ്ഞെടുക്കുകയോ? ധാർമ്മികമോ സൗന്ദര്യപരമോ ആയ ആദർശങ്ങൾക്കായി പൊരുതുകയോ? അതിലൊന്നും ഒരു കാര്യവുമില്ല. ഞാൻ എന്റെ മനുഷ്യത്വം പരിത്യജിക്കുന്നു, ഞാൻ ഏകാകിയായിപ്പോവും എന്നുണ്ടെങ്കില്ക്കൂടി. എനിക്കു യാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത ഈ ലോകത്ത് ഇപ്പോൾത്തന്നെ ഞാൻ ഒറ്റയ്ക്കല്ലേ? വർത്തമാനകാലത്തെ സർവസാധാരണമായ ആദർശങ്ങൾക്കും രൂപങ്ങൾക്കുമതീതമായ ഒരുപരിബോധത്തിൽ ജീവിക്കാൻ നമുക്കായെന്നു വരാം; അവിടെ, നിത്യതയുടെ ലഹരിയിൽ ഈ ലോകത്തെ മനഃസാക്ഷിക്കുത്തുകൾ ദൂരെക്കളയാൻ നമുക്കു കഴിഞ്ഞെന്നു വരാം; അവിടെ സത്ത ശൂന്യത പോലെ തന്നെ ശുദ്ധവും അമൂർത്തവുമായിരിക്കുകയും ചെയ്യും.

(The Heights of Despair)

No comments: