Saturday, August 1, 2015

എമീൽ ചൊറാൻ - സഹാനുഭൂതിയുടെ പൊള്ളത്തരം


അന്ധരും ബധിരരും ഭ്രാന്തരുമായി ഇത്രയധികം ആളുകൾ ലോകത്തുണ്ടെന്നിരിക്കെ എങ്ങനെയാണു നാം ഇനിയും ആദർശങ്ങളും വച്ചുകൊണ്ടിരിക്കുക? മറ്റൊരാൾക്കു കാണാൻ പറ്റുന്നില്ലെങ്കിൽ എങ്ങനെയാണു ഞാൻ മനഃസാക്ഷിക്കുത്തില്ലാതെ വെളിച്ചം ആസ്വദിക്കുക, മറ്റൊരാൾക്കു കേൾക്കാൻ പറ്റുന്നില്ലെങ്കിൽ ശബ്ദവും? വെളിച്ചത്തിന്റെ മോഷ്ടാവാണു ഞാനെന്ന് എനിക്കു തോന്നുകയാണ്‌. അന്ധനിൽ നിന്നു വെളിച്ചം മോഷ്ടിക്കുകയല്ലേ നാം ചെയ്തത്, ബധിരനിൽ നിന്നു ശബ്ദവും? ഭ്രാന്തന്റെ ഇരുട്ടിനു കാരണമായത് നമ്മുടെ തെളിച്ചം തന്നെയല്ലേ? ഈ തരം കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങുമ്പോൾ എന്റെ എല്ലാ ധൈര്യവും ഇച്ഛാശക്തിയും നഷ്ടപ്പെട്ടു പോകുന്നു, ചിന്തകൾ നിരുപയോഗമായി തോന്നുന്നു, സഹാനുഭൂതി വ്യർത്ഥവും. എന്തെന്നാൽ, ആരോടെങ്കിലും സഹാനുഭൂതി തോന്നാനും മാത്രം ശരാശരിക്കാരനായിട്ടില്ല ഞാൻ. സഹാനുഭൂതി ഉപരിപ്ളവത്വത്തിന്റെ ലക്ഷണമാണ്‌: തകർന്നടിഞ്ഞ ഭാഗധേയങ്ങളും നിലയില്ലാത്ത ദുരിതവും നിങ്ങളെക്കൊണ്ടലറിവിളിപ്പിക്കുകയാണു വേണ്ടത്, അല്ലെങ്കിൽ നിങ്ങളെ കല്ലാക്കി മാറ്റണം. കാരുണ്യം നിഷ്ഫലമാണെന്നുന്നു മാത്രമല്ല, അതൊരവഹേളനം കൂടിയാണ്‌. എന്നു മാത്രമല്ല, നിങ്ങൾ തന്നെ എത്രയും നിന്ദ്യമായ യാതന അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരാളോടു നിങ്ങൾക്കു കനിവു തോന്നുന്നതെങ്ങനെയാണ്‌? സഹാനുഭൂതി സർവസാധാരണമാണെങ്കിൽ അതിനു കാരണം അതു നിങ്ങളെ യാതൊന്നിനോടും തളയ്ക്കുന്നില്ല എന്നതു തന്നെ! ഈ ലോകത്തിന്നേവരെ ഒരാളും മറ്റൊരാളുടെ യാതനയുടെ പേരിൽ മരിച്ചിട്ടില്ല. നമുക്കു വേണ്ടിയാണു താൻ മരിച്ചതെന്നു പറഞ്ഞ ഒരാളാകട്ടെ, മരിക്കുകയായിരുന്നില്ല; അയാളെ കൊല്ലുകയായിരുന്നു. 

(On the Heights of Despair-1934)

1 comment:

സജീവ്‌ മായൻ said...

എമീല്‍ ചൊറാനെ ആദ്യം വായിക്കുകയാണ്.
നന്ദി. സഹാനുഭൂതിയുടെ മുഖപടം വലിച്ചുകീറിയ-
ഈ പരിഭാഷയ്ക്ക്.