Saturday, August 29, 2015

എമീൽ ചൊറാൻ - വെളിപാടുപുസ്തകം



ഈ ഭൂമിയിലെ സകല മനുഷ്യരും, ചെറുപ്പക്കാരും പ്രായമായവരും ദുഃഖിതരും സന്തുഷ്ടരും സ്ത്രീകളും പുരുഷന്മാരും വിവാഹിതരും അല്ലാത്തവരും ഗൗരവബുദ്ധികളും ചിന്താഹീനരും, സർവരും ഒരു ദിവസം വീടുകളും പണിയിടങ്ങളും വിട്ടിറങ്ങുകയും സ്വന്തം കടമകളും ചുമതലകളും പരിത്യജിക്കുകയും ഇനി യാതൊന്നും തങ്ങൾ ചെയ്യുന്നതല്ലെന്ന ദൃഢനിശ്ചയത്തോടെ തെരുവുകളിൽ തടിച്ചുകൂടുകയും ചെയ്യുന്നതു കാണാൻ എനിക്കെന്തു മോഹമാണെന്നോ! ആ ഒരു മുഹൂർത്തത്തിൽ, ചിന്താശൂന്യമായ പ്രവൃത്തിക്കടിമകളായവർ, മനുഷ്യരാശിയുടെ നന്മയ്ക്ക് തങ്ങൾക്കായ വിധം സംഭാവന ചെയ്യുകയാണെന്ന ദാരുണമായ വ്യാമോഹത്തോടെ ഭാവിതലമുറകൾക്കു വേണ്ടി സ്വജീവിതം ഹോമിച്ചവർ, അവർ പക വീട്ടട്ടെ, ഊഷരവും അഗണ്യവുമായ ഒരു ശരാശരിജിവിതത്തിനു മേൽ, ഒരാത്മീയരൂപാന്തരം തങ്ങൾക്കു നിഷേധിച്ച വമ്പിച്ച ദുർവ്യയത്തിനു മേൽ. സകലവിധത്തിലുമുള്ള വിശ്വാസങ്ങളും സമർപ്പണങ്ങളും നഷ്ടമാകുന്ന ആ മുഹൂർത്തത്തിൽ ദൈനന്ദിനജീവിതത്തിന്റെ ചമയങ്ങൾ എന്നെന്നേക്കുമായി അഴിഞ്ഞുവീഴട്ടെ. പരിഭവത്തിന്റെ ഒരു നേർത്ത നെടുവീർപ്പു പോലും പുറത്തു വിടാതെ സർവതും നിശ്ശബ്ദമായി സഹിക്കുന്നവർ സർവ്വശക്തിയുമെടുത്ത് അലറിവിളിക്കട്ടെ, വിചിത്രവും ഭീഷണവും അപസ്വരവുമായ ആ ആരവത്തിൽ ലോകം കിടന്നു വിറയ്ക്കട്ടെ. ഒഴുക്കുകൾക്കൂക്കു കൂടട്ടെ, മലകൾ പേടിപ്പെടുത്തുമ്പോലുലയട്ടെ, നിത്യവും ബീഭത്സവുമായ ഒരധിക്ഷേപം പോലെ മരങ്ങൾ വേരുപടലങ്ങൾ പുറത്തെടുക്കട്ടെ, പക്ഷികൾ മലങ്കാക്കകളെപ്പോലെ കാറട്ടെ, ജന്തുക്കൾ ഭയവിഹ്വലരായി ചിതറിയോടിത്തളർന്നു വീഴട്ടെ. ആദർശങ്ങൾ പൊള്ളകളാണെന്നു പ്രഖ്യാപിക്കപ്പെടട്ടെ; വിശ്വാസങ്ങൾ തൃണങ്ങളാണെന്ന്; കല ഒരു നുണയാണെന്ന്; തത്വശാസ്ത്രം വെറും നേരമ്പോക്കാണെന്നും. മൺകട്ടകൾ വായുവിൽ പൊന്തി കാറ്റിൽ ചിതറട്ടെ; ചെടികൾ ഭയാനകവും വിരൂപവുമായ വിചിത്രചിത്രലിപികൾ ആകാശത്തു വരച്ചിടട്ടെ. കാട്ടുതീയാളിപ്പടരട്ടെ; അന്ത്യമാസന്നമായി എന്ന് ഏറ്റവും ചെറിയ ജന്തുവിനു പോലുമറിയാൻ തക്ക വിധത്തിൽ ഒരു ഭീഷണശബ്ദം സർവതുമതിൽ മുക്കിത്താഴ്ത്തട്ടെ. രൂപമുള്ളതിനൊക്കെ രൂപം നഷ്ടപ്പെടട്ടെ, അവ്യാകൃതത്തിന്റെ കൂറ്റൻ കടല്ച്ചുഴി ലോകത്തിന്റെ ഘടനയെ വിഴുങ്ങട്ടെ. അതിവിപുലമായ സംക്ഷോഭവും ഒച്ചപ്പാടും ഭീതിയും വിസ്ഫോടനവുമുണ്ടാവട്ടെ; അതില്പിന്നെ നിത്യനിശ്ശബ്ദതയും പൂർണ്ണവിസ്മൃതിയുമാവട്ടെ. ആ അന്ത്യനിമിഷങ്ങളിൽ, മനുഷ്യൻ ഇന്നേവരെ അറിഞ്ഞതെല്ലാം, ആശ, ഖേദം, സ്നേഹം, നൈരാശ്യം, വെറുപ്പ്, സകലതും പിന്നിലൊന്നും ശേഷിപ്പിക്കാതെ പൊട്ടിത്തെറിക്കട്ടെ. ആ തരം നിമിഷങ്ങളല്ലേ ശൂന്യതയുടെ വിജയം, അഭാവത്തിന്റെ പരമകാഷ്ഠ?

1 comment:

mattoraal said...

ചിന്തയുടെ അഗ്നി പെയ്യുന്നതാണ് എമീൽ ചൊറാന്റെ ഓരോ കവിതയും ,ഓരോ വരികളും