Wednesday, August 12, 2015

കമലാ ദാസിന്റെ കവിതകള്‍ - 4



കൊറ്റികള്‍
മയക്കത്തിനുള്ള ഗുളിക കഴിച്ചു കിടക്കുമ്പോൾ
എന്റെ സൗന്ദര്യമിരട്ടിക്കുന്നുവത്രെ
എന്റെ ഭർത്താവ് പറഞ്ഞതാണ്‌
എന്റെ സംസാരം മഞ്ഞു മേയുന്ന നിലമാകുന്നു
എന്റെ വാക്കുകളിൽ നിദ്രയുടെ നിറം കലരുന്നു
സ്വപ്നങ്ങളുടെ നിശ്ചലമായ അഴിമുഖത്തു നിന്ന്
കൊറ്റികളെപ്പോലലസമവ പറന്നുയരുന്നു...
തുണിപ്പാവയുടേതു പോലായ എന്റെ കൈകാലുകൾ
അയാളുടെ നിപുണഭോഗത്തിനിപ്പോൾ
കൂടുതൽ വഴങ്ങുന്നതുമാകുന്നു...
പാടാനറിയാഞ്ഞിട്ടാണ്‌,
അല്ലെങ്കിലയാൾ തന്റെ ഭാര്യയുടെ ആത്മാവിനെ
താരാട്ടുപാട്ടുകൾ പാടി കേൾപ്പിച്ചേനെ,
അതിനെ കൂടുതൽ മയക്കത്തിലാഴ്ത്തുന്ന ഓമനപ്പാട്ടുകൾ...
മയക്കത്തിനുള്ള ഗുളിക കഴിച്ചു കിടക്കുമ്പോൾ
എന്റെ സൗന്ദര്യമിരട്ടിക്കുന്നുവത്രെ
എന്റെ ഭർത്താവ് പറയുകയാണ്‌
(1984)

 ഒരുനാൾ ഞാൻ
ഒരുനാൾ ഞാനുപേക്ഷിച്ചുപോകും,
രാവിലത്തെ ചായയും
വാതില്ക്കൽ വച്ചെറ്റിവിടുന്ന പ്രണയവചനങ്ങളും
പിന്നെ നിന്റെ തളർന്ന കാമവും കൊ-
ണ്ടെനിക്കു ചുറ്റും നീ പണിത കൊക്കൂൺ
ഒരുനാൾ ഞാനുപേക്ഷിച്ചു പോകും.
ഒരുനാൾ ഞാൻ ചിറകെടുക്കും,
വിമുക്തമായ പൂവിതളുകളെപ്പോലെ
പറന്നുനടക്കും,
എന്റെ പ്രിയനേ, നീയോ,
നീ ഒരു വേരിന്റെ ദയനീയമായ ശേഷിപ്പു മാത്രമായി
പിന്നിൽ ഒരിരട്ടക്കട്ടിലിൽ കിടക്കണം,
അഭിമാനഹീനനായി വ്യസനിക്കണം.
എന്നാൽ, പിന്നെയൊരുനാൾ
ഞാൻ മടങ്ങിവരും,
മിക്കവാറുമെല്ലാം നഷ്ടപ്പെട്ട്,
കാറ്റിനാൽ, മഴയാൽ, വെയിലാൽ മുറിപ്പെട്ട്,
മറ്റൊരുലാത്തലോ,
സ്വാതന്ത്ര്യത്തിന്റെ മറ്റൊരിടവേളയോ
ആഗ്രഹിക്കാൻ തോന്നാത്തത്ര
പ്രചണ്ഡാനന്ദത്താൽ മുറിപ്പെട്ട്...
മാംസമുതിർന്ന്, സിരകളഴിഞ്ഞ്, ചോര വാർന്ന്
വെറുമൊരെല്ലിൻകൂടാണെന്റെ ലോകമെന്ന്
അന്നു ഞാൻ കാണും.
അപ്പോൾ കണ്ണുകളിറുക്കിയടച്ചു ഞാനഭയം തേടും,
മറ്റെങ്ങുമല്ലെങ്കിൽ,
പരിഹാസം പരിചിതമായ നിന്റെ കൂട്ടിൽ...
(1965)

വാക്കുകൾ
എനിക്കു ചുറ്റും വാക്കുകളാണ്‌, വാക്കുകളും വാക്കുകളുമാണ്‌,
ഇലകളെന്നപോലെ അവ എന്നിൽ മുളയ്ക്കുന്നു,
അവസാനമെന്നതില്ലാതെ ഉള്ളിൽ നിന്നവ വളരുന്നു...
എന്നാൽ എന്നോടു തന്നെ ഞാൻ പറയുന്നു:
വാക്കുകൾ ഒരു ശല്യമാണ്‌, അവയെ കരുതിയിരിക്കുക,
അവ പലതുമാകാം, ഒരു നോട്ടം,
ഓടിച്ചെല്ലുന്ന പാദങ്ങളെ പിടിച്ചുനിർത്തുന്ന ഒരു ഗർത്തം,
മരവിപ്പിക്കുന്ന തിരകളിളകുന്ന സമുദ്രം,
പൊള്ളുന്ന കാറ്റിന്റെ ആകസ്മികാഘാതം,
ഉറ്റ ചങ്ങാതിയുടെ കഴുത്തറുക്കാനൊരു മടിയുമില്ലാത്ത ഒരു കത്തി...
വാക്കുകൾ ഒരു ശല്യം തന്നെ,
എന്നിട്ടും മരത്തിൽ ഇലകളെന്നപോലെ
എന്നിലവ വളരുന്നു,
അതിനൊരവസാനവുമില്ല,
ഉള്ളിന്റെയുള്ളിലെവിടെയോ ഒരു മൗനത്തിൽ നിന്ന്
അവ പുറത്തു വന്നുകൊണ്ടേയിരിക്കുന്നു...
(1965)


4 comments:

ajith said...

കൊക്കൂണ്‍ ഉപേക്ഷിച്ചുപോയ ശലഭം!

താങ്ക്സ്, രവികുമാര്‍

സൗഗന്ധികം said...

മാധവിക്കുട്ടിയുടെ കവിതകൾ..!

നല്ല പരിഭാഷ

ശുഭാശംസകൾ.....

അൻവർ തഴവാ said...

എങ്ങനെ ഇത്രയും മിനക്കെടാൻ കഴിയുന്നു ?
ബ്ലോഗുകളിലൊന്നും ഇത്ര മഹത്തായ സൃഷ്ടികൾ കാണുന്നില്ല ..
കമന്റ് ബോക്സ്‌ ഒന്ന് കൂടി വൃത്തി ആക്കൂ
Identification എടുത്തു കളയൂ

V Revikumar said...

വായനയ്ക്കു നന്ദി. കമന്റ് ബോക്സ് പറഞ്ഞതു പോലെ ആക്കിയിട്ടുണ്ട്.