Thursday, August 27, 2015

കമല ദാസിന്റെ കവിതകള്‍ - 8



മറ്റാരുടെയോ ഗാനം
-----------------------
ഒരു കോടി മനുഷ്യരാണു ഞാൻ,
ഒരുമിച്ചൊരേ നേരം സംസാരിക്കുന്ന ഒരു കോടി മനുഷ്യർ,
കിണറ്റിൻകരയിൽ പെണ്ണുങ്ങളെപ്പോലെ
ഉച്ചത്തിൽ കലപില കൂട്ടുന്നവർ.
ഒരു കോടി മരണങ്ങളാണു ഞാൻ,
വസൂരിക്കല കുത്തിയ ഒരു കോടി മരണങ്ങൾ,
ഓരോ മരണവും ഒരുനാൾ കൊഴിയാനുണങ്ങുന്ന വിത്ത്,
മറ്റാർക്കോ വളരാനുള്ള ഓർമ്മ.
ഒരു കോടി ജനനങ്ങളാണു ഞാൻ,
സഫലമായ ചോര തുടുപ്പിച്ച ഒരു കോടി ജനനങ്ങൾ,
നഖം നീണ്ട കൈകൾ കൊണ്ട്
പൊള്ളയായ വായുവിൽ മാന്തിപ്പറിക്കുന്ന ജീവികൾ.
ഒരു കോടി മൗനങ്ങളാണു ഞാൻ,
മറ്റാരുടെയോ ഗാനത്തിൽ
പളുങ്കുമണികൾ പോലെ കൊരുത്തിട്ട
ഒരു കോടി മൗനങ്ങൾ.

എന്റെ പ്രഭാതവൃക്ഷം
------------------------
പ്രിയവൃക്ഷമേ, വിരൂപവൃക്ഷമേ, നീയെനിക്കു പ്രഭാതവൃക്ഷം,
ഉണരുമ്പോൾ ഓടിവന്നു ഞാൻ നിന്നെ നോക്കുന്നു...
ഇലകളില്ല, മൊട്ടുകളില്ല, പൂക്കളില്ല, ചില്ലകൾ മാത്രം,
ഊഷരാകാശത്തിനു നേർക്കു നീളുന്ന ശോഷിച്ച വേരുകൾ പോലെ.
ഒരു കിഴവിയുടെ നീരു വറ്റിയ കൈകാലുകൾ,
നൈരാശ്യത്തോടെ മുകളിലേക്കെറിഞ്ഞ കൈകൾ,
ആശയില്ല, ആശയില്ല, ആശിക്കാൻ യാതൊന്നുമില്ല...
ചില നാളുകളിൽ മൂടല്മഞ്ഞിന്റെ മാറാമ്പൽ നിന്നെ പൊതിയുന്നു,
പിന്നെച്ചിലപ്പോൾ ഇരുണ്ട കഴുകുകൾ നിന്മേൽ ചിറകൊതുക്കുന്നു,
കുടിലഫലങ്ങൾ പോലവയെ കാണുമ്പോൾ ഞാനോർത്തുപോകുന്നു,
ഒരുനാളവയും വിളഞ്ഞുപാകമാകുമോ, അവയിലും ചാറു നിറയുമോ,
നിന്റെ നിശ്ചേഷ്ടമായ ഉടലിൽ അവയുടെ ചാറൊലിച്ചിറങ്ങുമോ,
നിന്റെ നിഷ്ക്രിയമായ തടിയിൽ ചുടുചോര തുള്ളിതുള്ളിയായിറ്റുമോ?
പ്രഭാതവൃക്ഷമേ, നിന്റെ എല്ലിച്ച ചില്ലയിലൊരുനാൾ
ഒരാകസ്മികപുഷ്പം ഞാൻ കാണും,
എന്റെ മരണം വെറുമൊരു പൂവാണെന്നന്നേരം ഞാനറിയും,
ചുവന്നു, ചുവന്നു, ചുവന്നു തുടുത്തൊരു പ്രഭാതപുഷ്പം,
ഈ ജനാലച്ചില്ലിനു പിന്നിൽ നിന്നു ഞാനന്നു മന്ദഹസിക്കും,
പിന്നെ മന്ദഹസിക്കാനെനിക്കു പ്രഭാതങ്ങളുണ്ടാവുകയുമില്ല.

1 comment:

ajith said...

ഈ പോസ്റ്റ് ഇന്നാണ് കാണുന്നത്. സന്തോഷം