ഒരു മുഖവുര
----------------
രാഷ്ട്രീയമെന്തെന്ന് എനിക്കറിയില്ല,
എന്നാൽ അധികാരത്തിലിരിക്കുന്നവരുടെ പേരുകൾ എനിക്കറിയാം,
നെഹ്രുവിൽ നിന്നു തുടങ്ങി
അവരുടെ പേരുകൾ ഉരുക്കഴിക്കാനും എനിക്കറിയാം,
ആഴ്ചകളുടെ, മാസങ്ങളുടെ പേരുകൾ പോലെ.
ഞാൻ ഇന്ത്യക്കാരിയാണ്,
തൊലിനിറം ഇരുണ്ടവൾ, മലബാറിൽ ജനിച്ചവൾ,
ഞാൻ മൂന്നു ഭാഷകൾ സംസാരിക്കുന്നു,
രണ്ടിൽ എഴുതുന്നു,
ഒന്നിൽ സ്വപ്നം കാണുന്നു.
ഇംഗ്ളീഷിൽ എഴുതരുത്, അവർ പറഞ്ഞു,
ഇംഗ്ളീഷ് നിന്റെ മാതൃഭാഷയല്ലല്ലോ?
നിങ്ങൾക്കെന്നെ വെറുതെ വിട്ടുകൂടേ,
വിമർശകരേ, സ്നേഹിതരേ, വിരുന്നു വരുന്ന ബന്ധുക്കളേ?
എനിക്കിഷ്ടമുള്ള ഭാഷ ഞാൻ സംസാരിച്ചോട്ടെന്നേ.
ഞാൻ സംസാരിക്കുന്ന ഭാഷ എന്റേതാകുന്നു,
അതിന്റെ വൈകല്യങ്ങളും അതിന്റെ വൈചിത്ര്യങ്ങളും
എന്റേതാകുന്നു, എന്റേതു മാത്രമാകുന്നു.
അതു പാതി ഇംഗ്ളീഷും പാതി ഇന്ത്യനുമാണ്,
പരിഹാസ്യമെങ്കിലും സത്യസന്ധമാണത്,
എന്നെപ്പോലെ തന്നെ മാനുഷികമാണതെന്നു കണ്ടുകൂടേ?
അതു ശബ്ദം കൊടുക്കുന്നത്
എന്റെ ആഹ്ളാദങ്ങൾക്കും എന്റെ അഭിലാഷങ്ങൾക്കും
എന്റെ പ്രത്യാശകൾക്കുമാണ്,
കാക്കകൾക്കു കരച്ചിൽ പോലെ,
സിംഹത്തിനലർച്ച പോലെ
എനിക്കതുപയോഗപ്രദവുമാണ്,
അതു മനുഷ്യഭാഷണമാണ്,
ഇവിടെ, ഇപ്പോഴുള്ള ഒരു മനസ്സിന്റെ,
കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന
ഒരു മനസ്സിന്റെ മൊഴിയാണത്.
കൊടുങ്കാറ്റിലുലയുന്ന മരങ്ങളുടെയോ
കാലവർഷമേഘങ്ങളുടെയോ മഴയുടെയോ
ബധിരവും അന്ധവുമായ മൊഴിയല്ല,
എരിയുന്ന പട്ടടത്തീയുടെ അസ്പഷ്ടജല്പനവുമല്ല.
ഞാൻ കുട്ടിയായിരുന്നു,
ഞാൻ മുതിർന്നുവെന്ന് പിന്നീടവർ എന്നോടു പറഞ്ഞു,
എന്തെന്നാൽ എനിക്കുയരം വച്ചിരുന്നു,
എന്റെ അവയവങ്ങൾക്കു പുഷ്ടി വന്നിരുന്നു,
ഒന്നുരണ്ടിടങ്ങളിൽ രോമം കിളിർത്തിരുന്നു.
ഞാൻ സ്നേഹത്തിനു ചോദിച്ചപ്പോൾ
(മറ്റെന്തു ചോദിക്കണമെന്ന് എനിക്കറിയില്ലായിരുന്നു)
അയാൾ ഒരു പതിനാറുകാരൻ പയ്യനെ
കിടപ്പുമുറിക്കുള്ളിലേക്കു വലിച്ചിട്ടിട്ട് വാതിലുമടച്ചു.
അയാൾ എന്നെ തല്ലിയിട്ടില്ല,
എന്നാൽ തല്ലു കൊണ്ടപോലെ എന്റെ സ്ത്രൈണശരീരം തളർന്നു.
എന്റെ മുലകളുടെയും ഗർഭപാത്രത്തിന്റെയും ഭാരത്തിൽ
ഞാൻ ഞെരിഞ്ഞമർന്നു.
ഞാൻ ദയനീയമായി ശുഷ്കിച്ചു.
പിന്നെ...പിന്നെ ഞാനൊരു ഷർട്ടെടുത്തിട്ടു,
എന്റെ സഹോദരന്റെ ട്രൗസറിട്ടു, മുടി ക്രോപ്പു ചെയ്തു,
എന്റെ സ്ത്രൈണതയെ ഞാൻ അവഗണിച്ചു.
സാരിയുടുക്കൂ, സ്ത്രീയാകൂ, ഭാര്യയാകൂ, അവർ പറഞ്ഞു.
തുണി തുന്നൂ, പാചകം ചെയ്യൂ,
വേലക്കാരോടു വഴക്കിടൂ. ഒതുങ്ങൂ, ഉൾപ്പെടൂ,
കള്ളി തിരിക്കുന്നവർ ആക്രോശിച്ചു.
ചുമരിൽ കയറി ഇരിക്കരുത്,
ഞങ്ങളുടെ നേർത്ത ജനാലക്കർട്ടനുകൾക്കിടയിലൂടെ
പാളി നോക്കരുത്.
ആമിയാവൂ, കമലയാവൂ.
മാധവിക്കുട്ടിയായാൽ ഭേഷായി.
ഒരു പേരു കണ്ടെത്താൻ കാലമായിരിക്കുന്നു,
ഒരു റോളെടുക്കാൻ.
നാട്യങ്ങളൊന്നും വേണ്ട,
സ്കിസോഫ്രേനിയ അഭിനയിക്കരുത്,
നിംഫോമാനിയാക്കുമാകരുത്.
പ്രണയത്തിൽ വഞ്ചിക്കപ്പെട്ടാൽ
ആവശ്യത്തിലധികം ഉച്ചത്തിൽ കരയരുത്...
ഞാനൊരാണിനെ കണ്ടു, ഞാനയാളെ സ്നേഹിച്ചു.
അയാളുടെ പേരെന്തെന്നോടു ചോദിക്കരുത്,
പെണ്ണിനെ വേണ്ട ഏതൊരാണുമാണയാൾ,
പ്രണയം തേടുന്ന ഏതു പെണ്ണുമാണ് ഞാനെന്നപോലെ.
അയാളിലുണ്ട്...പുഴകളുടെ ദാഹാർത്തമായ തിടുക്കം,
എന്നിലുണ്ട്...കടലിന്റെ തളരാത്ത കാത്തിരുപ്പ്.
ആരാണു നിങ്ങൾ,
ഒരാളുമൊഴിയാതെല്ലാവരോടും ഞാൻ ചോദിക്കുന്നു.
ഇതു ഞാനാണ്, അതാണുത്തരം.
എന്നും എവിടെയും ഞാൻ കാണുന്നത്
സ്വയം ഞാൻ എന്നു വിളിക്കുന്നയാളെ;
ഉറയിൽ വാളെന്നപോലെ
ഈ ലോകത്തയാൾ ഇറുകിപ്പിടിച്ചുകിടക്കുന്നു.
ഞാനാണ് പാതിരാത്രിയിൽ,
അപരിചിതമായ നഗരങ്ങളിലെ ഹോട്ടൽമുറിയിൽ
ഒറ്റയ്ക്കിരുന്നു കുടിക്കുന്നവൾ,
ഞാനാണ് ചിരിക്കുന്നവൾ,
ഞാനാണ് സുരതത്തിനു ശേഷം നാണക്കേടു തോന്നുന്നവൾ,
ഞാനാണ് ഊർദ്ധ്വൻ വലിച്ചു മരിക്കാൻ കിടക്കുന്നവൾ.
പാപിയാണു ഞാൻ, പുണ്യവതിയാണു ഞാൻ.
പ്രേമഭാജനമാണു ഞാൻ, വഞ്ചിക്കപ്പെടുന്നവളാണു ഞാൻ.
നിങ്ങളുടേതല്ലാത്ത ഒരാഹ്ളാദവും എനിക്കില്ല,
നിങ്ങളുടേതല്ലാത്ത ഒരു വേദനയും എനിക്കില്ല.
ഞാനും എന്നെ ഞാൻ എന്നു വിളിക്കുന്നു.
(1965)
No comments:
Post a Comment