Monday, August 31, 2015

എമീൽ ചൊറാൻ - വ്യക്തിയുടെ ഏകാന്തത, ലോകത്തിന്റെ ഏകാന്തത



ഏകാന്തത രണ്ടു പ്രകാരത്തിൽ അനുഭവമാകാം: ലോകത്തു താൻ ഏകാകിയാണെന്ന തോന്നലായി, അല്ലെങ്കിൽ ലോകത്തിന്റെ ഏകാന്തത എന്ന തോന്നലായി. വ്യക്തിപരമായ ഏകാന്തത ഒരു സ്വകാര്യനാടകമാണ്‌; കേമമായ പ്രകൃതിസൗന്ദര്യത്തിനു നടുവിൽ വച്ചും ഒരാൾക്ക് ഏകാന്തത തോന്നിക്കൂടെന്നില്ല. ലോകത്ത് ഒരു ഭ്രഷ്ടനാവുക, ലോകം ഉജ്ജ്വലമോ ഇരുണ്ടതോ എന്നതിനെക്കുറിച്ചുദാസീനനാവുക, സ്വന്തം വിജയപരാജങ്ങളിൽ സ്വയം ദഹിക്കുക, തനിക്കുള്ളിൽ നടക്കുന്ന നാടകത്തിന്റെ നടനും കാണിയും താൻ തന്നെയാവുക- ഏകാകിയുടെ വിധിയാണത്. പ്രാപഞ്ചികമായ ഏകാന്തതയാവട്ടെ, മനുഷ്യന്റെ ആത്മനിഷ്ഠമായ യാതനയിൽ നിന്നെന്നതിനുപരി ലോകത്തിന്റെ ഒറ്റപ്പെടലിനെക്കുറിച്ചുള്ള അവബോധത്തിൽ നിന്ന്, ശൂന്യതയാണതിന്റെ വാസ്തവം എന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്നതാണ്‌. ഈ ലോകത്തിന്റെ മോടികളെല്ലാം ഒറ്റ നിമിഷത്തിൽ അപ്രത്യക്ഷമാകുന്ന പോലെയാണത്; ഒരു സിമിത്തേരിയുടെ വിരസമായ ഏകതാനത മാത്രമേ പിന്നെ ശേഷിക്കുന്നുള്ളു. ഹിമധവളമായ ഒരേകാന്തത വന്നു മൂടിയ, ഒരു സാന്ധ്യവെളിച്ചത്തിന്റെ വിളറിയ പ്രതിഫലനം പോലും സ്പർശിക്കാത്ത ഒരു വിജനലോകം സ്വപ്നത്തിൽ വന്നലട്ടുന്നവർ കുറച്ചല്ല. ആരാണു കൂടുതൽ അസന്തുഷ്ടർ? സ്വന്തം ഏകാന്തത അനുഭവമായവരോ അതോ ലോകത്തിന്റെ ഏകാന്തത അനുഭവമായവരോ? അതിനുത്തരം പറയുക എളുപ്പമല്ല; തന്നെയുമല്ല, ഞാനെന്തിന്‌ ഏകാന്തതയുടെ തരം തിരിവു നടത്താൻ മിനക്കെടണം? ഏകാകിയാണു ഞാൻ എന്നതു തന്നെ കണക്കിനായില്ലേ?
എനിക്കു പിന്നാലെ വരുന്നവർക്കു വായിക്കാനായി ഞാനിതാ എഴുതിവയ്ക്കുന്നു: ഞാൻ യാതൊന്നിലും വിശ്വസിക്കുന്നില്ല, മറവിയാണ്‌ മോചനം, സർവ്വതും എനിക്കു മറക്കണം, എന്നെ മറക്കണം, ഈ ലോകത്തെ മറക്കണം. നേരുള്ള കുമ്പസാരങ്ങൾ കണ്ണീരു കൊണ്ടെഴുതിയവയാണ്‌. എന്നാൽ എന്റെ കണ്ണീരിൽ ലോകം മുങ്ങിപ്പോകും, എനിക്കുള്ളിലെ അഗ്നി അതിനെ ചാമ്പലാക്കും. എനിക്കാരുടെയും തുണ വേണ്ട, ഒരു പ്രോത്സാഹനവും ഒരു സാന്ത്വനവും വേണ്ട; എന്തെന്നാൽ മനുഷ്യരിൽ വച്ചേറ്റവും നികൃഷ്ടനാണെങ്കില്ക്കൂടി ബലവും കടുപ്പവും വന്യതയും വേണ്ടത്രയുള്ളവനാണെന്ന തോന്നൽ എനിക്കുണ്ടല്ലോ! എന്തെന്നാൽ ആശ വയ്ക്കാതുള്ള ജീവിതം എന്ന വീരത്തത്തിന്റെയും വൈരുദ്ധ്യത്തിന്റെയും പരകോടിയായ ജീവിതം നയിക്കുന്ന ഒരേയൊരാൾ ഞാൻ മാത്രമാണല്ലോ! അതാണ്‌ പരമോന്മാദം! വ്യാമിശ്രവും വന്യവുമായ വികാരങ്ങളെ ഞാൻ മറവിയിലേക്കു ചാലു വെട്ടി ഒഴുക്കണം. എനിക്കുമൊരാശയുണ്ട്: കേവലമായ വിസ്മൃതിയ്ക്കു വേണ്ടിയുള്ള പ്രത്യാശ. അതു പക്ഷേ പ്രത്യാശയാണോ നൈരാശ്യമാണോ? സർവപ്രതീക്ഷകളുടേയും നിരാകരണമല്ലേയത്? എനിക്കറിയേണ്ട, എനിക്കറിയില്ലെന്നുപോലും എനിക്കറിയേണ്ട. എന്തിനാണിത്രയും പ്രശ്നങ്ങൾ, വാദപ്രതിവാദങ്ങൾ, വെറി പിടിക്കലുകൾ? എന്തിനു മരണത്തെക്കുറിച്ചു നാം ബോധവാന്മാരാകണം? ഈ ചിന്തയും തത്വശാസ്ത്രവുമൊക്കെ എത്ര നാൾ നാമിനി കൊണ്ടുനടക്കണം?

No comments: