Tuesday, August 4, 2015

മിലൻ കുന്ദേര - ജീവിതം മറ്റൊരിടത്താണ്‌



ഏതു പ്രസ്താവവും തത്ക്ഷണം സത്യമാവുന്ന മണ്ഡലമാണ്‌ ഭാവഗീതം. ഇന്നലെ കവി പറഞ്ഞു, കണ്ണീരിന്റെ താഴ്വാരമാണ്‌ ജീവിതമെന്ന്; ഇന്നയാൾ പറയുന്നു, മന്ദഹാസത്തിന്റെ ദേശമാണ്‌ കവിതയെന്ന്; രണ്ടു തവണയും അയാൾ പറയുന്നത് ശരിയുമാണ്‌. ഒന്നു മറ്റൊന്നിനെതിരല്ല. ഭാവഗായകനായ കവിയ്ക്ക് തെളിവു നിരത്തേണ്ട ബാദ്ധ്യതയില്ല. തന്റെ വികാരങ്ങളുടെയും അനുഭൂതികളുടെയും തീവ്രത തന്നെ മതി ഒരേയൊരു തെളിവായി.
ഭാവഗീതത്തിന്റെ പ്രതിഭ അനുഭവരാഹിത്യത്തിന്റെ പ്രതിഭയാണ്‌. കവിയ്ക്കു ലോകത്തെക്കുറിച്ചു കാര്യമായിട്ടൊന്നും അറിയില്ല; എന്നാൽ തന്റെയുള്ളിൽ നിന്നു പ്രവഹിക്കുന്ന വാക്കുകളെ പരലുകൾ പോലെ ഭദ്രരൂപമായ ഘടനകളായി വിന്യസിക്കാൻ അയാൾക്കറിയാം. കവി അപക്വജിവിയാണെങ്കിലും അയാളുടെ കവിതയ്ക്ക് പ്രവചനത്തിന്റെ ഒരന്തിമസ്വഭാവം കൈവരുന്നു; അതിനു മുന്നിൽ അയാൾ ഭക്ത്യാദരവോടെ നില്ക്കുകയും ചെയ്യുന്നു...കവിയുടെ പക്വതയില്ലായ്മയെ നമുക്കു വേണമെങ്കിൽ പുച്ഛിച്ചു തള്ളാം; അതേ സമയം വിസ്മയാവഹമായതൊന്നു നാം കാണാതിരിക്കയുമരുത്: ഹൃദയത്തിൽ നിന്നൂറുകയും അയാളുടെ വരികൾക്കു സൗന്ദര്യത്തിന്റെ ദീപ്തി പകരുകയും ചെയ്യുന്ന ജലകണങ്ങൾ അയാളുടെ വരികളിൽ തങ്ങിനില്ക്കുന്നുണ്ട്. യഥാർത്ഥജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ പ്രചോദിപ്പിക്കുന്നതാവണമെന്നില്ല, മാന്ത്രികസ്വഭാവമുള്ള ആ മഞ്ഞുതുള്ളികൾ. സലാഡിനു മേൽ നാരങ്ങ പിഴിഞ്ഞൊഴിക്കുന്ന വീട്ടമ്മയുടെ അതേ നിസംഗതയോടെയാണ്‌ കവി ചില നേരം തന്റെ ഹൃദയം ഞെക്കിപ്പിഴിയുന്നതെന്ന് നമുക്കു സംശയം തോന്നുകയുമാവാം.
***

ഒരു യഥാർത്ഥകവിയ്ക്കു മാത്രമേ അറിയൂ, കവിയാകാതിരിക്കാനുള്ള, കാതടപ്പിക്കുന്ന നിശബ്ദത കൊണ്ടു നിറഞ്ഞ കണ്ണാടിവീട്ടിൽ നിന്നു പുറത്തു കടക്കാനുള്ള അഭിവാഞ്ഛയുടെ വൈപുല്യം.
"സ്വപ്നലോകത്തു നിന്നോടിപ്പോന്ന അഭയാർത്ഥി,
ആൾക്കൂട്ടത്തിനിടയിൽ ഞാൻ മനഃശാന്തി കണ്ടെത്തും,
എന്റെ ഗാനങ്ങളെ ഞാൻ ശാപങ്ങളാക്കും."
എന്നാൽ ഈ വരികളെഴുതുമ്പോൾ ഫ്രാന്റിഷെക് ഹലാസ് തെരുവിലെ ആൾക്കൂട്ടത്തിനു നടുക്കായിരുന്നില്ല; അദ്ദേഹം എഴുതാനിരുന്ന മുറി നിശ്ശബ്ദത നിറഞ്ഞതായിരുന്നു.
സ്വപ്നങ്ങളുടെ ദേശത്തു നിന്നുള്ള അഭയാർത്ഥിയാണു താനെന്നു പറഞ്ഞതും സത്യമല്ല. മറിച്ച്, അദ്ദേഹം പറയുന്ന ആൾക്കൂട്ടം ആ സ്വപ്നദേശം തന്നെയായിരുന്നു.
തന്റെ ഗാനങ്ങളെ ശാപങ്ങളാക്കുന്നതിലും അദ്ദേഹം വിജയം കണ്ടില്ല; അദ്ദേഹത്തിന്റെ ശാപങ്ങളോരോന്നും ഗാനമായി മാറുകയായിരുന്നു.
ആ കണ്ണാടിവീട്ടിൽ നിന്നു പുറത്തു കടക്കാൻ ഒരു വഴിയുമില്ലേ?

***

കവിതയുടെ കണ്ണാടിവീട്ടിനുള്ളിൽ എത്ര ഏകാകിയാണു താനെന്ന് ഒരു യഥാർത്ഥകവിയ്ക്കേ അറിയൂ. വിദൂരതയിലെ വെടിയൊച്ചകൾ ജനാല കടന്നെത്തുമ്പോൾ പുറംലോകത്തിനായി ഹൃദയം നോവുന്നു. ലെർമണ്ടോവ് തന്റെ പട്ടാളക്കുപ്പായത്തിന്റെ ബട്ടണിടുകയാണ്‌; ബൈറൺ തന്റെ കിടപ്പുമുറിയിലെ മേശയുടെ വലിപ്പിൽ റിവോൾവർ എടുത്തു വയ്ക്കുകയാണ്‌; വോൾക്കർ, തന്റെ കവിതയിൽ, ആൾക്കൂട്ടങ്ങൾക്കൊപ്പം മാർച്ചു ചെയ്യുകയാണ്‌; ഹലാസ് പ്രാസത്തിൽ ശാപങ്ങൾ ചുഴറ്റിയെറിയുകയാണ്‌; മയക്കോവ്സ്കി സ്വന്തം ഗാനത്തിന്റെ തൊണ്ട ചവിട്ടിയരയ്ക്കുകയാണ്‌; കണ്ണാടികളിൽ മഹത്തായൊരു യുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുകയാണ്‌.
ജാഗ്രത, ഞാൻ നിങ്ങളോടഭ്യർത്ഥിക്കുകയാണ്‌! കവിയ്ക്കു ചുവടൊന്നു പിഴച്ചാൽ, കണ്ണാടികളുടെ മണ്ഡലം വിട്ടു പുറത്തേക്കു കാലു വച്ചാൽ അയാളുടെ കഥ കഴിഞ്ഞു; എന്തെന്നാൽ കവിയ്ക്കു കുറിക്കു കൊള്ളിക്കാനറിയില്ല. അയാൾ കാഞ്ചി വലിച്ചാൽ വീഴുന്നതയാൾ തന്നെ!
***

സ്വന്തം മരണം സ്വപ്നം കാണാത്ത കവിയുണ്ടോ? എന്നെങ്കിലുമൊരിക്കൽ ഭാവനയിലതിനു ചായമിടാത്ത കവിയുണ്ടോ? ഞാൻ മരിക്കണോ? എങ്കിൽ അതഗ്നിയിലാവട്ടെ. ഒരഗ്നിമൃത്യുവിനെക്കുറിച്ചുചിന്തിക്കാൻ യാരോമിലിനെ പ്രേരിപ്പിച്ചത് ഭാവനയുടെ യാദൃച്ഛികവിനോദമായിരുന്നുവെന്നാണോ നിങ്ങൾ കരുതുന്നത്? അല്ലേയല്ല. മരണം ഒരു സന്ദേശമാണ്‌. അതിനു ഭാഷയുണ്ട്; അതിന്റേതായ അർത്ഥവിജ്ഞാനീയമുണ്ട്; ഒരാൾ ഏതു വിധമാണ്‌ മരിക്കുന്നത്, പ്രകൃതിശക്തികളിൽ ഏതു കൊണ്ടാണ്‌ മരിക്കുന്നത് എന്നത് പ്രാധാന്യമില്ലാത്തതല്ല.

ജാൻ മസാരിക് 1948ൽ തന്റെ ജീവിതം അവസാനിപ്പിച്ചത് പ്രാഗിലെ ഒരു കൊട്ടാരത്തിനു മുകളിൽ നിന്ന് മുറ്റത്തേക്കെടുത്തു ചാടിക്കൊണ്ടാണ്‌; നിയതിയുടെ പാറക്കെട്ടിൽ തട്ടി തന്റെ വിധി തവിടുപൊടിയാവുന്നത് അദ്ദേഹം കണ്ടിരുന്നു. മൂന്നു കൊല്ലം കഴിഞ്ഞ് കവിയായ കോൺസ്റ്റന്റിൻ ബീബ്‌ൽ - സഖാക്കളെന്നു താൻ കരുതിയവരാൽത്തന്നെ വേട്ടയാടപ്പെട്ട്- അതേ നഗരത്തിലെ ഒരഞ്ചാം നിലയിൽ നിന്ന് നടപ്പാതയിലേക്കു ചാടി മരിച്ചു. ഇക്കരസിനെപ്പോലെ അദ്ദേഹത്തെ ഞെരിച്ചമർത്തിയത് മണ്ണായിരുന്നു; സ്ഥലവും പിണ്ഡവും തമ്മിലുള്ള, സ്വപ്നവും ഉണർച്ചയും തമ്മിലുള്ള ദുരന്തസംഘർഷത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ മരണം.

ജാൻ ഹൂസും ഗിയോർഡാനോ ബ്രൂണോയും കൊലക്കുറ്റിയിൽ എരിഞ്ഞുതന്നെ മരിക്കണമെന്നുണ്ടായിരുന്നു; വാളും കൊലക്കയറും അവർക്കു പറഞ്ഞതായിരുന്നില്ല. അങ്ങനെ അവരുടെ ജീവിതങ്ങൾ യുഗങ്ങൾക്കപ്പുറത്തേക്കു വെളിച്ചം വീശുന്ന അടയാളവിളക്കുകളായി, ദീപസ്തംഭങ്ങളായി, ശലാകകളായി രൂപാന്തരം പ്രാപിച്ചു; എന്തെന്നാൽ ഉടൽ കാലികവും ചിന്ത നിത്യവുമാണ്‌; ജ്വാലയുടെ ദീപ്തസാരം ചിന്തയുടെ പ്രതീകമാണ്‌.

നേരേ മറിച്ച് ഒഫീലിയയുടെ കാര്യത്തിൽ തീയിലുള്ള മരണം അചിന്ത്യമാണ്‌; അവൾ ജലമൃത്യു തന്നെ മരിക്കണമായിരുന്നു; കാരണം, ജലത്തിന്റെ ആഴങ്ങൾക്ക് മനുഷ്യന്റെ ആഴങ്ങളുമായി അത്രയ്ക്കു ബന്ധമുണ്ട്. തങ്ങളുടെ സ്വന്തം ആത്മാക്കളിൽ, സ്വന്തം പ്രണയത്തിൽ, സ്വന്തം വികാരങ്ങളിൽ, സ്വന്തം ഉന്മാദങ്ങളിൽ, സ്വന്തം പ്രതിബിംബങ്ങളിൽ, കടല്‌ച്ചുഴികളിൽ മുങ്ങിമരിക്കുന്നവരെ കൊല്ലുന്ന പ്രകൃതിശക്തിയാണ്‌ ജലം. പടയ്ക്കു പോയി മടങ്ങാത്ത കാമുകരെയോർത്ത് വെള്ളത്തിൽ ചാടി മരിക്കുന്ന പെൺകുട്ടികളെക്കുറിച്ച് നാടൻ പാട്ടുകളിൽ പറയുന്നുണ്ട്; ഹാരിയെറ്റ് ഷെല്ലി പുഴയിൽ ചാടി മരിക്കുകയായിരുന്നു; പാൾ ചെലാൻ സെൻ നദിയിൽ തന്റെ മരണത്തെ സന്ധിച്ചു.


...അച്ഛനമ്മമാരുടെ അസാന്നിദ്ധ്യമാണ്‌ സ്വാതന്ത്ര്യത്തിന്റെ ഒന്നാമത്തെ മുന്നുപാധി.
പക്ഷേ നിങ്ങൾ ദയവായി മനസ്സിലാക്കണം, അച്ഛനമ്മമാർ മരിച്ചുപോകുന്നതല്ല ഇവിടെ വിഷയം. ഷിറാർദ് ദ് നെർവാലിന്റെ അമ്മ മരിച്ചത് അദ്ദേഹം കുഞ്ഞായിരിക്കുമ്പോഴാണ്‌; എന്നിട്ടും അവരുടെ മനോഹരമായ കണ്ണുകളുടെ മാസ്മരമായ നോട്ടത്തിനു കീഴിലാണ്‌ അദ്ദേഹം ആയുസ്സു കഴിച്ചത്.
അച്ഛനമ്മമാരെ തിരസ്കരിക്കുമ്പോഴോ അവരെ സംസ്കരിക്കുമ്പോഴോ അല്ല സ്വാതന്ത്ര്യം തുടങ്ങുന്നത്; അച്ഛനമ്മമാർ ജനിക്കുമ്പോൾ സ്വാതന്ത്ര്യം മരിക്കുകയാണ്‌.
സ്വന്തം ഉല്പത്തിയെക്കുറിച്ചറിയാത്തവൻ, അവനാണ്‌ സ്വതന്ത്രൻ.
കാട്ടിൽ വന്നുവീഴുന്നൊരു മുട്ട വിരിഞ്ഞു വരുന്നവൻ, അവനാണ്‌ സ്വതന്ത്രൻ.
ആകാശത്തു നിന്നു തുപ്പിയിട്ടപോലെ നന്ദിയുടെ നോവറിയാതെ ഭൂമി തൊടുന്നവൻ, അവനാണ്‌ സ്വതന്ത്രൻ.

2 comments:

Jijo Kurian said...

"ആകാശത്തു നിന്നു തുപ്പിയിട്ടപോലെ നന്ദിയുടെ നോവറിയാതെ ഭൂമി തൊടുന്നവൻ, അവനാണ്‌ സ്വതന്ത്രൻ."
കുപ്പായത്തിന്റെ കൈമടക്കില്‍ ഒരു തുണ്ടു കവിതയുമായി ഏതോ വഴിവക്കില്‍ അവസാനം വീണു മരിക്കുന്നവന്‍, അവനാണ്‌ സ്വതന്ത്രൻ.

സജീവ്‌ മായൻ said...

ഹോ കവികളേ നിങ്ങളുടെ വിധി,
ഹാ കഷ്ടം!
ഒരു കാലം എന്‍റെയും!!!