കണ്ടാൽ പഞ്ചാബിലെ ഏതോ നാട്ടുമ്പുറത്തെ കശാപ്പുകാരനെപ്പോലിരിക്കും; തീറ്റയും കുടിയും ഒരു നിയന്ത്രണവുമില്ലാതെ; എന്നാൽ കവിത തുളുമ്പുന്ന മനസ്സായിരുന്നു ഉസ്താദ് ഗുലാം അലി ഖാൻ സാഹബിന്റേത്. പ്രൊഫസ്സർ ദേവ്ധർ ഓർക്കുകയാണ്: ‘1945ലാണെന്നു തോന്നുന്നു. ഞാനും ഖാൻ സാഹബും ചൗപ്പാത്തി ബീച്ചിലെ മണപ്പുറത്തിരിക്കുകയാണ്. സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നു; അതിന്റെ അന്ത്യരശ്മികൾ പടിഞ്ഞാറൻ ചക്രവാളത്തെ ചുവപ്പിൽ കുളിപ്പിച്ചിരിക്കുന്നു. മുകളിലത്തെ ചിത്രോപമദൃശ്യം താഴെ തിരയടങ്ങിയ അറബിക്കടലിലും പ്രതിഫലിക്കുന്നുണ്ട്. മുന്നിലെ ആ രംഗം കണ്ടു വ്യാമുഗ്ധനായി ഇരിക്കുമ്പോൾ അദ്ദേഹം തിരിഞ്ഞ് എന്നോടു പറഞ്ഞു, “ദേവ്ധർ സാഹബ്, മാർവ ആലപിക്കാനുള്ള സമയം ഇതു തന്നെയാണ്. നമ്മുടെ പൂർവ്വികരുടെ കല്പനാശേഷി എന്നെ അത്ഭുതപ്പെടുത്തുന്നു! ആ രി യും ധ യും എത്ര നിപുണതയോടെയാണ് അവർ ഉപയോഗപ്പെടുത്തുന്നതെന്നു നോക്കൂ. അസ്തമയം ഹൃദയാപഹാരിയായ ഒരു നേരമാണ്. വിരഹികളായ കാമുകർ രാത്രി തങ്ങൾ ഒറ്റയ്ക്കെങ്ങനെ കഴിക്കുമെന്നു വിചാരപ്പെടാൻ തുടങ്ങുന്നു. തലയ്ക്കു മേൽ ഒരു കൂരയില്ലാത്തവരുടെ കാര്യവും ഇതു തന്നെ. പകൽ എങ്ങനെയും കഴിഞ്ഞുപോകും- രാത്രിയോ? കിടക്കാൻ ഒരിടത്തിനു വേണ്ടിയുള്ള ആധി അവരെ പിടി കൂടുന്നു. സ്വരങ്ങളിൽ വിശ്രമത്തിന്റെയും വിരാമത്തിന്റെയും സ്വരമാണ് സ. എന്നാൽ മാർവയിൽ ആ സ്വരം മറഞ്ഞുപോയപോലെയാണ്. ഇടയ്ക്കതൊന്നാലപിക്കാൻ പറ്റുമ്പോൾ ഞങ്ങൾക്കു കിട്ടുന്ന ആശ്വാസം എത്രയാണെന്നോ! ആ ഉത്കണ്ഠയും അനിശ്ചിതത്വവും ചിത്രീകരിക്കുകയാണ് മാർവയുടെ മുഖ്യലക്ഷ്യമെന്ന് എനിക്കു തോന്നുന്നു..‘
No comments:
Post a Comment