Friday, August 21, 2015

കമല ദാസിന്റെ കവിതകള്‍ - 7



ഒരു ദേവദാസിയോട്
-------------------------
അങ്ങനെയങ്ങനെ ഒരു കാലം വന്നുചേരും,
അന്നെല്ലാ മുഖങ്ങളുമൊരുപോലിരിക്കും,
എല്ലാ മനുഷ്യർക്കുമൊരേ സ്വരമായിരിക്കും,
മലകളും മരങ്ങളും തടാകങ്ങളും
ഒരേ മുദ്ര വഹിക്കുന്നതായി കാണപ്പെടും,
അന്നാണു കൂട്ടുകാരെ കടന്നുപോകുമ്പോഴും
നിങ്ങളവരെ തിരിച്ചറിയാതിരിക്കുക,
അന്നാണവരുടെ ചോദ്യങ്ങൾ കേട്ടിട്ടും
നിങ്ങൾക്കതെന്താണെന്നു മനസ്സിലാകാതിരിക്കുക,
അന്നാണു നിങ്ങൾക്കു തൃഷ്ണകൾ നശിക്കുകയും
ഒരു ഗൃഹാതുരത തോന്നിത്തുടങ്ങുകയും ചെയ്യുക.
അങ്ങനെ നിങ്ങൾ അമ്പലപ്പടവുകളിലിരിക്കുന്നു,
പ്രണയത്യക്തയായൊരു ദേവദാസിയെപ്പോലെ,
നിശ്ശബ്ദയായി, തന്റെ വിധിയെക്കുറിച്ചു ബോധവതിയായി

സൗന്ദര്യം ദൈർഘ്യം കുറഞ്ഞ ഋതുവായിരുന്നു
-------------------------------------------------------
സന്തോഷം,
അതെ,
അതൊന്നോ രണ്ടോ നിമിഷങ്ങളായിരുന്നു,
സൗന്ദര്യം
ദൈർഘ്യം കുറഞ്ഞ ഒരു ഋതുവും...
ഏതവ്യക്തകാരണം കൊണ്ടാണു നാം
ഫലോല്പാദനകാലം കഴിഞ്ഞും
ആയുസ്സു നീട്ടിക്കൊണ്ടുപോകുന്നത്,
മുരടിച്ചു കോലം കെട്ട ഞാവൽമരങ്ങളെപ്പോലെ?

 ഏറ്റവും പുതിയ കളിപ്പാട്ടം
---------------------------------
അന്നത്തേക്കുള്ള കളികൾ നന്നായി കളിച്ചുകഴിഞ്ഞതില്‍പിന്നെ
തന്റെ ഏറ്റവും പുതിയ കളിപ്പാട്ടം സംസാരിക്കാൻ തുടങ്ങിയപ്പോൾ
അയാൾക്കതിൽ അസ്വസ്ഥത തോന്നിയെങ്കിൽ അത്ഭുതമില്ല;
കളിപ്പാട്ടങ്ങൾ, കൂടി വന്നാൽ, ഒന്നു ഞരങ്ങാനേ പാടുള്ളു,
അയാളുടെ ഏറ്റവും വില പിടിച്ച കളിപ്പാട്ടങ്ങൾ,
നടക്കുകയും മിണ്ടുകയും ചെയ്യുന്ന ആ കൊഴുത്ത പാവകൾ,
അവയും അത്രയേ ചെയ്തിട്ടുള്ളു.
എന്നാൽ കണ്ണീരു കൊണ്ടാർദ്രമായ സ്വരത്തിൽ
ഈ കുഞ്ഞുപാവ സംസാരിക്കുകയാണ്‌.
ഇരുണ്ട നെറ്റി ചുളിച്ചുകൊണ്ടയാൾ പറഞ്ഞു,
ദയവു ചെയ്തു വികാരാധീനയാവരുതേ,
വികാരമാണ്‌ ആനന്ദത്തിന്റെ യഥാർത്ഥശത്രു.

ഒരു പഴയ കഥ
------------------
ഇതിപ്പോൾ
പറഞ്ഞു പഴകിയ ഒരു കഥയായിരിക്കുന്നു:
ഒരിക്കൽ ഞാൻ മുടി കറുപ്പിച്ചു,
അതിൽ വാസനത്തൈലം പുരട്ടി,
മൃദുവചനങ്ങൾ ചൊല്ലി
ഞാനയാളെ എന്റെ ആശ്ളേഷത്തിലൊതുക്കി.
അയാൾ പ്രണയത്തിന്റെ കെണിയിൽ പെട്ടു.
ഒന്നോ രണ്ടോ കൊല്ലം
ഞങ്ങൾ ആനന്ദമറിയുകയും ചെയ്തു.
എന്നാൽ കെണിയിൽ വീണ എല്ലാ മൃഗങ്ങളെയും പോലെ
പുറത്തു പോകാനൊരു വഴി കണ്ടെത്താനായി
ഒരുനാളയാൾ മാന്തിപ്പറിച്ചു.
ഞാൻ ശാന്തയായി വാതിൽ തുറന്നുകൊടുത്തു,
അയാൾക്കിറങ്ങിപ്പോകാനായി.


2 comments:

ajith said...

അങ്ങനെയങ്ങനെ ഒരു കാലം വരും
ക്മാലാദാസിന്റെ ഇംഗ്ലിഷ് കവിതകളെല്ലാം ഒരു ശേഖരമായി കിട്ടുന്നതില്‍ വളരെ സന്തോഷം. അഞ്ചാം ഭാഗവും ആറാം ഭാഗവും വായിച്ചു. എല്ലാറ്റിന്റെയും കൂടെ നന്ദിക്കമന്റ് ആ‍ണിത്

V Revikumar said...

വളരെ സന്തോഷം!