ജ്ഞാനികളെന്നു പറയുന്നവരെ ഞാൻ വെറുക്കുന്നു, എന്തെന്നാൽ, അവർ അലസരാണ്, ഭീരുക്കളാണ്, വിവേകികളുമാണ്. സുഖദുഃഖങ്ങളോടൊരേപോലുദാസീനരായ തത്വചിന്തകരുടെ സമചിത്തതയേക്കാൾ ഞാനിഷ്ടപ്പെടുക ദഹിപ്പിക്കുന്ന തൃഷ്ണകളാണ്. ജ്ഞാനിക്ക് ആസക്തിയുടെ ദുരന്തമറിയില്ല, മരണഭയമറിയില്ല, എടുത്തുചാട്ടങ്ങളറിയില്ല, ഉത്സാഹമറിയില്ല, പ്രാകൃതമോ വികൃതമോ ഉദാത്തമോ ആയ സാഹസികതകളുമറിയില്ല. അയാൾ ജീവിക്കുന്നില്ല, അയാൾ വികാരങ്ങളറിയുന്നില്ല, അയാൾക്കാഗ്രഹങ്ങളില്ല, അയാൾ ഒന്നിനും കാത്തിരിക്കുന്നുമില്ല. ജീവിതത്തിലെ പൊരുത്തക്കേടുകൾ മുഴുവൻ അയാൾ ഇടിച്ചുനിരത്തുന്നു, എന്നിട്ടതിന്റെ പരിണതഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. അളവറ്റ ഉത്കണ്ഠ അനുഭവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതം അതിലുമെത്രയോ സങ്കീർണ്ണമാണ്. ജ്ഞാനിയുടെ ജീവിതം ശൂന്യവും വന്ധ്യവുമാണ്, കാരണം അതിൽ വൈരുദ്ധ്യങ്ങളില്ല, നൈരാശ്യമില്ല. അതിനെക്കാളെത്രയോ സമൃദ്ധവും സർഗ്ഗാത്മകവുമാണ് പൊരുത്തപ്പെടുത്താനാവാത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജീവിതം. ജ്ഞാനിയുടെ നിർമ്മമത ഉറവെടുക്കുന്നത് ആന്തരശൂന്യതയിൽ നിന്നാണ്, ആന്തരാഗ്നിയിൽ നിന്നല്ല. ശൂന്യതയിൽ മുങ്ങിമരിക്കാനല്ല, അഗ്നിയിൽ ദഹിച്ചു മരിക്കാനാണ് ഞാനിഷ്ടപ്പെടുക.
(On the Heights of Despair)
No comments:
Post a Comment