Friday, August 7, 2015

കമലാ ദാസിന്റെ കവിതകള്‍ - 1



തടവുകാരി
----------------------------------
ജയില്‍പുള്ളി തന്റെ തടവറയുടെ ഭൂമിശാസ്ത്രം
കണ്ടു പഠിക്കുമ്പോലെ
നിന്റെ ഉടലിന്റെ ഭൂഷകൾ
ഞാൻ പഠിച്ചു വയ്ക്കുന്നു, പ്രിയനേ,
എന്നെങ്കിലുമൊരുനാൾ
അതിന്റെ കെണിയിൽ നിന്നു പുറത്തു കടക്കാൻ
ഞാനൊരു രക്ഷാമാർഗ്ഗം കണ്ടുവയ്ക്കണമല്ലോ.
(1973)

പുഴു
----------------------
സന്ധ്യക്ക് പുഴക്കരയിൽ വച്ച്
അവളെ അവസാനമായി ചുംബിച്ചിട്ടു കൃഷ്ണൻ പോയി.
അന്നു രാത്രിയിൽ ഭർത്താവിനൊപ്പം കിടക്കുമ്പോൾ
അവൾ മരിച്ചപോലെ തണുത്തിരുന്നു.
നിനക്കെന്തു പറ്റി, അയാൾ ചോദിച്ചു,
എന്റെ ചുംബനങ്ങൾ നിനക്കു വിലയില്ലാതായോ?
ഇല്ല, ഇല്ലേയില്ല, അവൾ പറഞ്ഞു;
എന്നാൽ അവൾ ഓർക്കുകയായിരുന്നു,
പുഴുവരിച്ചാൽ ശവത്തിനെന്ത്?
(1967)

കൃഷ്ണൻ
----------------------------
നിന്റെയുടൽ കൃഷ്ണാ, എനിക്കു തടവറയാവുന്നു,
എന്റെ നോട്ടം അതിനുള്ളിൽ മുട്ടിത്തിരിയുന്നു,
നിന്റെ കറുപ്പിൽ എന്റെ കണ്ണുകളന്ധമാവുന്നു,
സമർത്ഥരുടെ ലോകത്തിന്റെ ആരവത്തെ
നിന്റെ പ്രണയവചനങ്ങൾ പുറത്തിട്ടടയ്ക്കുന്നു.

മഞ്ഞുകാലം
----------------------------------
അതിനു പുതുമഴയുടെ മണമായിരുന്നു,
ഇളംകൂമ്പുകളുടെ മണമായിരുന്നു,
അതിന്റെ ഊഷ്മളത
വേരുകൾക്കു പരതുന്ന മണ്ണിന്റേതുമായിരുന്നു...
എന്റെ ആത്മാവും, ഞാനോർത്തു,
എവിടെയ്ക്കോ വേരുകൾ നീട്ടുന്നുണ്ടാവും,
അവന്റെയുടലിനെ ഞാൻ പ്രണയിക്കുകയും ചെയ്തു,
ലജ്ജയേതുമില്ലാതെ...
വെളുത്ത ജനാലച്ചില്ലുകളിൽ
തണുത്ത കാറ്റുകൾ അടക്കിച്ചിരിക്കുന്ന
മഞ്ഞുകാലരാത്രികളിൽ...

ബോംബേയോടു വിട
----------------------------------------------
നിന്നോടു വിട വാങ്ങട്ടെ ഞാൻ, സുന്ദരനഗരമേ,
എന്റെ മുതിർന്ന കണ്ണുകളിലെവിടെയോ കണ്ണീരൊളിക്കുമ്പോൾ,
പുഴയുടെ നിശ്ചേഷ്ടഹൃദയത്തിലൊരു ശില പോലെ
ശോകം നിശ്ശബ്ദമാവുമ്പോൾ...
വിട, വിട, വിട,
മഴയ്ക്കും താന്തോന്നികളായ തൃഷ്ണകൾക്കും നേർക്കടച്ചിട്ട
ജനാലച്ചില്ലുകൾക്കു പിന്നിലെ മെലിഞ്ഞ രൂപങ്ങൾക്ക്;
ആരും നോക്കാനില്ലാത്ത, ആരും സ്നേഹിക്കാനില്ലാത്ത
മഞ്ഞച്ചന്ദ്രന്മാർക്ക്;
മാംസദാഹം തീരാതെ കാറിക്കരഞ്ഞുകൊണ്ടാകാശത്തു
വട്ടം ചുറ്റിപ്പറക്കുന്ന പക്ഷികൾക്ക്;
ഇരുന്നാലും നടന്നാലും സംസാരിച്ചു തീരാത്ത
കടല്ക്കരയിലെ ജനക്കൂട്ടങ്ങൾക്ക്;
നിന്നോടു വിട വാങ്ങട്ടെ ഞാൻ, സുന്ദരനഗരമേ,
നിന്റെ കണ്ണീരും നിന്റെ കോപവും നിന്റെ പുഞ്ചിരിയും
ഇനി വരുന്നവർക്കായി കാത്തുവയ്ക്കുക,
കണ്ണുകൾ പാട കെട്ടാത്ത യൗവനങ്ങൾക്ക്;
അവർക്കു നല്കുക,
കണ്ണുകളിൽ വിഷാദവും മുടിയിൽ മുല്ലയും കിന്നരിയും ചൂടിയ
നിന്റെ ഗണികകളെ,
നിന്റെ ശവമുറികളിലെ മാർബിൾപലകകൾ,
തൊട്ടാൽ പൊടിയുന്ന നിന്റെ വഴിയോരച്ചിരികൾ...
വിട, വിട, വിട...
നിശ്ശബ്ദതയ്ക്കും ശബ്ദങ്ങൾക്കും;
സ്വപ്നത്തിലല്ലാതെ ഞാൻ നടന്നിട്ടില്ലാത്ത തെരുവുകൾക്ക്;
സ്വപ്നത്തിലല്ലാതെ ഞാൻ ചുംബിച്ചിട്ടില്ലാത്ത ചുണ്ടുകൾക്ക്;
എന്നിൽ നിന്നിന്നേവരെ പിറന്നിട്ടില്ലാത്ത
പൂക്കള്‍ പോലത്തെ കുഞ്ഞുങ്ങൾക്ക്...

(1965)

ഒരപേക്ഷ
-------------------------------
മരിച്ചു കഴിഞ്ഞാൽ
എന്റെ അസ്ഥിയും മാംസവും വലിച്ചെറിയരുതേ
അവ കൂന കൂട്ടിവയ്ക്കൂ
അതിന്റെ ഗന്ധം നിങ്ങളോടു പറയട്ടെ
ഈ മണ്ണിൽ
ജീവിതത്തിനെന്തു വിലയാണുണ്ടായിരുന്നതെന്ന്
ഒടുവിൽ നോക്കുമ്പോൾ
പ്രണയത്തിനെന്തു വിലയാണുണ്ടായിരുന്നതെന്ന്

രാധ കൃഷ്ണൻ
-----------------------------------
ഈ നേരം മുതൽ ഈ പുഴ നമ്മുടെ സ്വന്തം,
ഈ വൃദ്ധകദംബം നമ്മുടേതു മാത്രം,
അഗതികളായ നമ്മുടെ ആത്മാക്കൾക്ക്
ഒരു നാൾ വന്നു ചേക്കയേറാൻ,
അതിന്റെ കേവലഭൗതികതയിൽ
കടവാതിലുകൾ പോലെ തൂങ്ങിക്കിടക്കാൻ...
(1965)

പ്രണയം
-----------------------------------

നിന്നെ കണ്ടെത്തും വരെ
ഞാൻ കവിതയെഴുതി,
ചിത്രം വരച്ചു,
കൂട്ടുകാരുമൊത്തു നടക്കാൻ പോയി...
ഇപ്പോൾ,
നിന്നോടു പ്രേമമായതിൽ പിന്നെ,
എന്റെ ജീവിതം
നിന്റെ കാല്ക്കൽ ചുരുണ്ടുകൂടിക്കിടക്കുന്നു,
സംതൃപ്തയായി,

ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ...

1 comment:

ajith said...

കമലാ മാജിക്!!
നന്ദി