Sunday, August 9, 2015

കമലാ ദാസിന്റെ കവിതകള്‍ - 3



ഹിജഡകളുടെ നൃത്തം

ഉഷ്ണമായിരുന്നു,
ഹിജഡകൾ നൃത്തം ചെയ്യാൻ വരും മുമ്പ് അത്യുഷ്ണമായിരുന്നു...
വിടർന്ന പാവാടകൾ പമ്പരം കറങ്ങി,
കൈമണികൾ കൊഴുപ്പോടെ മുഴങ്ങി,
കാൽച്ചിലങ്കകൾ കിലുങ്ങിക്കിലുങ്ങിക്കിലുങ്ങി...
ജ്വലിക്കുന്ന ഗുൽമൊഹറുകൾക്കടിയിൽ
നീട്ടിപ്പിന്നിയ മുടി പറത്തിയും
ഇരുണ്ട കണ്ണുകളെറിഞ്ഞും
അവർ നൃത്തം ചെയ്തു,
ഹാ, കാലടി വിണ്ടു ചോരയൊഴുകും വരെ നൃത്തം ചെയ്തു...
അവർ കവിളുകളിൽ പച്ച കുത്തിയിരുന്നു,
അവർ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു,
ചിലർ ഇരുണ്ടവരായിരുന്നു,
ചിലർ വെളുത്തവരെന്നു പറയാമായിരുന്നു.
അവരുടെ സ്വരം പരുഷമായിരുന്നു,
അവരുടെ പാട്ടുകൾ വിഷാദം നിറഞ്ഞതായിരുന്നു,
അവർ പാടിയത് മരണം വരിക്കുന്ന കമിതാക്കളെക്കുറിച്ചായിരുന്നു,
പിറക്കാൻ അവസരം കിട്ടാതെപോയ കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു...
ചിലർ ചെണ്ടകൾ കൊട്ടി,
ചിലർ മാറത്തടിച്ചു നിലവിളിച്ചു,
നിർവികാരമായ ഹർഷോന്മാദത്തിൽ ഞെളിപിരിക്കൊണ്ടു.
അവരുടെ കൈകാലുകൾ മെലിഞ്ഞതും ശുഷ്കിച്ചതുമായിരുന്നു,
പട്ടടയിലെ പാതി വെന്ത വിറകൊള്ളികൾ പോലെ;
അതിലോരോന്നിലുമുണ്ടായിരുന്നു,
ഒരു വരൾച്ച, ഒരു ചീയലും.
കാക്കകൾ പോലും മരക്കൊമ്പുകളിൽ നിശ്ശബ്ദമായിരുന്നു,
കുട്ടികൾ വിടർന്ന കണ്ണുകളുമായി നിശ്ചേഷ്ടരായിരുന്നു.
സകലരും ആ പാവങ്ങളുടെ കോച്ചിവിറകൾ കണ്ടുനില്ക്കുകയായിരുന്നു.
പിന്നെ ആകാശം വെടിച്ചുകീറി,
ഇടിയും  മിന്നലുമുണ്ടായി,
മഴയും-
മച്ചുമ്പുറത്തെ പൊടിയും എലിയുടെയും പല്ലിയുടെയും മൂത്രവും മണക്കുന്ന
ഒരു ശുഷ്കിച്ച മഴ.
(1965)


വാക്കുകൾ പറവകളാണ്‌

വാക്കുകൾ പറവകളാണ്‌.
എവിടെയാണവ ചേക്കേറിയത്,
കുഴഞ്ഞുതൂങ്ങുന്ന ചിറകുകളുമായി,
അസ്തമയത്തിന്റെ കണ്ണില്പെടാതെ?
അസ്തമയമെന്റെ മുടിയിൽ,
അസ്തമയമെന്റെ തൊലിയ്ക്കു മേൽ;
ഉറങ്ങാൻ കിടക്കുമ്പോൾ
എനിക്കുറപ്പു തോന്നുന്നുമില്ല,
നാളത്തെ പ്രഭാതം കാണാൻ
ധന്യയാണു ഞാനെന്ന്.

കടത്തുവള്ളം

നിന്റെ മെലിഞ്ഞ ഉടൽ
എനിക്കൊരു കടത്തുവള്ളമാകുമോ,
ആ നിശ്ശബ്ദതീരത്തേക്കെന്നെ കൊണ്ടുപോകാൻ,
പകൽ വിളറിച്ച ഗ്രഹം പോലെ
മുഖമില്ലാത്തവളായി അവിടെയെനിക്കു കിടക്കാൻ?
പ്രവാചകരുടെ കണ്ണീരിനാൽ
ഉപ്പുരസം കലർന്നതാണെന്റെ ചോരയെങ്കിലും
ഒരു വന്ധ്യയുടെ തുടകൾക്കിടയിലൂടെ
‘നാളെ’ പൊട്ടിപ്പുറത്തുവരികയും വേണമല്ലോ...

1 comment:

ajith said...

ഞാന്‍ ഇതെല്ലാം വായിക്കുകയും സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുന്നു. താങ്ക്സ്