Monday, September 28, 2009

ബോദ്‌ലെയെർ-പാവപ്പെട്ടവരുടെ കളിപ്പാട്ടങ്ങൾ

Charles-Baudelaire-1821-67-wi-full

നിഷ്കളങ്കമായ വിനോദമെന്നാൽ എന്താണെന്നതിനെക്കുറിച്ച്‌ എനിക്കുള്ള അഭിപ്രായം നിങ്ങളെ അറിയിക്കാൻ എനിക്കാഗ്രഹമുണ്ട്‌. കുറ്റബോധം തോന്നേണ്ടാത്ത നേരമ്പോക്കുകൾ അത്ര ചുരുക്കവുമാണ്‌.

രാവിലെ എഴുന്നേറ്റ്‌ നടക്കാനിറങ്ങിയിരിക്കുകയാണു നിങ്ങളെങ്കിൽ ഒന്നിന്‌ ഒരണ പോലും വേണ്ടാത്ത തട്ടുമുട്ടുസാധങ്ങൾ വാങ്ങി കീശയിൽ കരുതുക-നൂലിന്മേൽ നീങ്ങുന്ന കടലാസ്സുപാവ,കൂടം കൊണ്ടടിക്കുന്ന കൊല്ലൻ,വാലിന്മേൽ പീപ്പിയുള്ള സവാരിക്കുതിര-അങ്ങനെ എന്തുമാകാം. പോകുന്ന വഴിക്ക്‌ ക്ലബ്ബുകളുടെ മുന്നിലോ മരങ്ങൾക്കടിയിലോ വച്ചുകാണുന്ന നിങ്ങൾ ഇതിനു മുമ്പു കണ്ടിട്ടില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക്‌ അവ സമ്മാനിക്കുക. അവരുടെ കണ്ണുകൾ വിടരുന്നത്‌ നിങ്ങൾക്കു കാണാം. ആദ്യമൊക്കെ അവ സ്വീകരിക്കാൻ അവർക്കു ധൈര്യം വന്നുവെന്നു വരില്ല-തങ്ങൾക്കു കൈവന്ന സൗഭാഗ്യത്തെ അവർക്കു വിശ്വാസം വരാഞ്ഞിട്ടാണത്‌. പിന്നെക്കാണാം, ആ കൈകൾ സമ്മാനവും തട്ടിപ്പറിച്ച്‌ ദൂരേക്കോടുന്നത്‌; പൂച്ചകൾക്കു നിങ്ങളെന്തെങ്കിലും വച്ചുനീട്ടിയാൽ അവ ചെയ്യുന്നതും ഇങ്ങനെ തന്നെയാണ്‌- മനുഷ്യരെ വിശ്വസിക്കാതിരിക്കാൻ അവ പഠിച്ചുപോയി.

വഴിയിൽ വലിയ ഗേറ്റിനുള്ളിലായി വെയിലത്തു വെളുത്തുതിളങ്ങുന്ന ഒരു മാളിക കാണാം; ഗേറ്റിനു പിന്നിൽ കവിളു തുടുത്ത ഒരു സുന്ദരൻ കുട്ടി; ഓമനത്തം തോന്നുന്ന ഗ്രാമീണവസ്ത്രങ്ങളാണ്‌ അവന്റെ വേഷം.

ആഡംബരത്തിൽ മുങ്ങിയ,അല്ലലെന്തെന്നറിയാത്ത,ധാരാളിത്തം ശീലമായ ഈ കുട്ടികളുടെ ഭംഗി കാണുമ്പോൾ പാവപ്പെട്ടവരോ ഇടത്തരക്കാരോ ആയ കുട്ടികളെ സൃഷ്ടിച്ച അതേ സാധനം കൊണ്ടല്ല ഇവരെ സൃഷ്ടിച്ചിരിക്കുന്നതെന്നു വിശ്വസിക്കാൻ നമുക്കു തോന്നിപ്പോകും.

അവന്റെ മുന്നിൽ ഒന്നാന്തരമൊരു കളിപ്പാട്ടം നിലത്തു വീണു കിടപ്പുണ്ട്‌; അതിന്റെ ഉടമസ്ഥനെപ്പോലെതന്നെ പുതുമയാർന്നത്‌; തിളങ്ങുന്നതും പൊൻനിറത്തിലുള്ളതും ചെമ്പട്ടു പുതച്ചതും തൂവലുകളും ചില്ലുമണികളും കൊണ്ടലങ്കരിച്ചതുമാണത്‌. പക്ഷേ കുട്ടിയുടെ നോട്ടം ആ കളിപ്പാട്ടത്തിന്മേലല്ല; അവൻ നോക്കിക്കൊണ്ടുനിന്നത്‌ മറ്റൊന്നാണ്‌:

ഗേറ്റിനു പുറത്ത്‌ വഴിയിൽ പുല്ലിനും മുള്ളിനുമിടയിലായി മറ്റൊരു കുട്ടി നിൽക്കുന്നുണ്ടായിരുന്നു-രക്തപ്രസാദമില്ലാത്ത,വളർച്ച മുരടിച്ച, അഴുക്കും കരിയും പുരണ്ട ഒരു കുട്ടി;തെരുവുതെണ്ടി ജീവിക്കുന്ന ഒരു കുട്ടി. പക്ഷേ അവന്റെ ദേഹത്തുള്ള ദാരിദ്ര്യത്തിന്റെ അറയ്ക്കുന്ന ക്ലാവു കഴുകിക്കളഞ്ഞാൽ ഒരു കലാസ്വാദകന്റെ നിപുണനേത്രം വാർണ്ണീഷിനടിയിൽ നിന്ന് ഒരു ക്ലാസിക്‌ ചിത്രം കണ്ടെടുക്കുന്നതുപോലെ നിഷ്പക്ഷമതിയായ ഒരാൾക്ക്‌ അവന്റെ സൗന്ദര്യവും കണ്ടുപിടിക്കാവുന്നതേയുള്ളു.

ആ രണ്ടു ലോകങ്ങളെ-മാളികയും പെരുവഴിയും-വേർതിരിക്കുന്ന അദൃശ്യമായ വേലിക്കിടയിലൂടെ ദരിദ്രബാലൻ തന്റെ കളിപ്പാട്ടം കാണിച്ചുകൊടുക്കുകയായിരുന്നു; സമ്പന്നബാലനാകട്ടെ,അതെന്തോ അപൂർവ്വവും അപരിചിതവുമായ ഒന്നാണെന്നപോലെ ഔത്സുക്യത്തോടെ അതുതന്നെ നോക്കിനിൽക്കുകയും. ദരിദ്രക്കുട്ടി അഴിയുള്ള ഒരു കൊച്ചുപെട്ടിക്കുള്ളിലിട്ട്‌ കുത്തുകയും കുലുക്കുകയും ചെയ്തിരുന്ന കളിപ്പാട്ടമെന്താണെന്നോ-ജീവനുള്ള ഒരെലി! അവന്റെ അച്ഛനമ്മമാർ കാശുമുടക്കില്ലാതെ ജീവിതത്തിൽ നിന്നുതന്നെ ഒരു കളിപ്പാട്ടം കണ്ടുപിടിക്കുകയായിരുന്നിരിക്കണം.

കുട്ടികളാകട്ടെ, സഹോദരന്മാരെപ്പോലെ പരസ്പരം നോക്കിച്ചിരിക്കുകയുമായിരുന്നു; അവരുടെ പല്ലുകൾക്ക്‌ ഒരേ വെളുപ്പുമായിരുന്നു.

Sunday, September 27, 2009

ബോദ്‌ലെയെർ-നായയും പരിമളവും

Charles_Baudelaire@

"എന്റെ സുന്ദരനായല്ലേ,എന്റെ കുട്ടനല്ലേ,എന്റെ പുന്നാരമുത്തല്ലേ,അടുത്തുവാ,ഈ നല്ല പരിമളമൊന്നു മണത്തുനോക്ക്‌; നഗരത്തിലെ മുന്തിയ കടയിൽ നിന്നു വാങ്ങിയതാണെടോ ഇത്‌.'

നായയാകട്ടെ,വാലുമാട്ടി-ഈ പാവം ജന്തുക്കളുടെ കാര്യത്തിൽ ചിരിക്കും പുഞ്ചിരിക്കും തുല്യമാണീ വാലാട്ടൽ എന്നെനിക്കു തോന്നുന്നു-അടുത്തുവന്ന് ജിജ്ഞാസയോടെ തന്റെ നനഞ്ഞ മൂക്ക്‌ കോർക്കു തുറന്ന കുപ്പിയോടടുപ്പിച്ചു; എന്നിട്ടുപിന്നെ ഭീതിയോടെ പിന്നിലേക്കു ചാടിമാറിക്കൊണ്ട്‌ എന്നെ നോക്കി കുരയ്ക്കാൻ തുടങ്ങി; എന്നോടുള്ള നീരസത്തിന്റെ വ്യക്തമായ ലക്ഷണം.

'ഹൊ,നശിച്ച നായെ,ഒരു പൊതി അമേദ്ധ്യവും കൊണ്ടാണ്‌ ഞാൻ നിന്നെ വിളിച്ചിരുന്നതെങ്കിൽ നീയതു മണത്തിട്ട്‌ സന്തോഷം കൊണ്ടു തുള്ളിച്ചാടിയേനെ; വേണമെങ്കിൽ അതു വെട്ടിവിഴുങ്ങുകയും ചെയ്തേനെ. അങ്ങനെ എന്റെയീ ശപ്തജീവിതത്തിൽ എനിക്കൊരു കൂട്ടായിരുന്ന നീയും എന്നെ തോൽപ്പിച്ചുകളഞ്ഞല്ലോ; നീയുമീ പൊതുജനത്തെപ്പോലെയായല്ലോ: പ്രീതികരമായ പരിമളം മുന്നിലെടുത്തുവച്ചാൽ അവർക്കു കലിയിളകും; ഒന്നാന്തരം മാലിന്യമേ അവർക്കു വേണ്ടൂ."

Friday, September 25, 2009

ബോദ്‌ലെയെർ-പാവങ്ങളെ തല്ലുക!

baude13

രണ്ടാഴ്ചയോളം ഞാൻ പുറത്തിറങ്ങാൻ കഴിയാതെ കിടപ്പിലായിരുന്നു; അക്കാലത്ത്‌(പതിനാറുപതിനേഴുകൊല്ലം മുമ്പത്തെ കാര്യമാണു പറയുന്നത്‌)* ഫാഷനായിരുന്ന പുസ്തകങ്ങളായിരുന്നു ചുറ്റും; എന്നു പറഞ്ഞാൽ ഇരുപത്തിനാലു മണിക്കൂറു കൊണ്ട്‌ സകലർക്കും സന്തോഷവാന്മാരും ബുദ്ധിമാന്മാരും ധനവാന്മാരുമാകാനുള്ള വിദ്യ പഠിപ്പിക്കുന്ന പുസ്തകങ്ങൾ. ആ സർവ്വജനസുഖസംരംഭകരുടെ- അടിമകളായിക്കോളാൻ പാവപ്പെട്ടവരെ ഉപദേശിക്കുന്നവർ മുതൽ സിംഹാസനം നഷ്ടപ്പെട്ട രാജാക്കന്മാരാണ്‌ നിങ്ങൾ എന്ന് അവരെ പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവർ വരെ ആ കൂട്ടത്തിലുണ്ട്‌-പാണ്ഡിത്യശ്രമങ്ങൾ അത്രയും ദിവസം കൊണ്ട്‌ ഞാൻ അരച്ചുകലക്കിക്കുടിച്ചു; വെള്ളം തൊടാതെ വിഴുങ്ങുകയായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. ബുദ്ധി മന്ദിച്ച ഒരവസ്ഥയിലായിരുന്നു ഞാൻ എന്നു പറഞ്ഞാൽ നിങ്ങൾക്കിനി അത്ഭുതം തോന്നുകയില്ലല്ലോ.

എന്നാലും എന്റെ ബോധത്തിന്റെ ഉള്ളറകളിലെവിടെയോ ഒരാശയത്തിന്റെ ബീജം പുറത്തു വരാനാവാതെ കിടക്കുകയാണെന്ന് എനിക്കൊരു തോന്നലുണ്ടായി; ഞാൻ ആയിടെ വായിച്ച വിജ്ഞാനഭണ്ഡാഗാരങ്ങളിൽ സമാഹരിക്കപ്പെട്ട സകല അമ്മൂമ്മക്കഥകളെക്കാളും ശ്രേഷ്ടമായ ഒരാശയം. പക്ഷേ തികച്ചും കേവലമായ ഒരാശയം മാത്രമാണത്‌, ഇന്നതെന്നു പറയാൻ ഒന്നുമില്ല.

ദാഹം സഹിക്കാനാവാതെ ഞാൻ പുറത്തേക്കിറങ്ങി. മോശപ്പെട്ട പുസ്തകങ്ങൾ ആർത്തിപിടിച്ചു വായിക്കുന്നൊരാൾക്ക്‌ അതേ അളവിൽ ശുദ്ധവായുവും തണുത്ത വെള്ളവും വേണ്ടിവരുമല്ലോ.

ഞാൻ ഒരു മദ്യശാലയിലേക്കു കയറാൻ തുടങ്ങുമ്പോൾ ഒരു ഭിക്ഷക്കാരൻ മുന്നിൽ വന്നു കൈനീട്ടി. ആ കണ്ണുകളിലെ നോട്ടം എന്റെ മനസ്സിൽ നിന്നു മായില്ല; മനസ്സിന്‌ വസ്തുക്കളെ ചലിപ്പിക്കാൻ കഴിയുമെങ്കിൽ, ഒരു മാസ്മരവിദ്യക്കാരന്‌ മുന്തിരിപ്പഴങ്ങളെ വിളയിക്കാൻ കഴിയുമെങ്കിൽ ഈ നോട്ടത്തിന്‌ സിംഹാസനങ്ങളെ മറിച്ചിടാനും കഴിയും.*

ഈ സമയത്ത്‌ ഒരു സ്വരം എന്റെ കാതിൽ മന്ത്രിക്കുന്നത്‌ ഞാൻ കേട്ടു; ആരുടേതാണാ ശബ്ദമെന്നു ഞാൻ തിരിച്ചറിയുകയും ചെയ്തു. ഏതുനേരത്തും എന്നോടൊപ്പമുള്ള ഒരു മാലാഖയുടെ,അല്ലെങ്കിൽ ഒരു ഭൂതത്തിന്റേതാണാ സ്വരം. സോക്രട്ടീസിനു സ്വന്തമായിട്ടൊരു മാലാഖയാവാമെങ്കിൽ എനിക്കും എന്തുകൊണ്ടൊരു ഭൂതത്തെ കൂടെക്കൂട്ടിക്കൂടാ? സോക്രട്ടീസിനെന്നപോലെ സ്വന്തം ഭ്രാന്തിനൊരു സാക്ഷ്യപത്രം തരാനാണെങ്കിൽ സൂക്ഷ്മബുദ്ധിയായ ലെലുത്തും പണ്ഡിതരായ ബെയില്ലാർജെറ്റുമുണ്ടുതാനും.*

പക്ഷേ സോക്രട്ടീസിന്റെയും എന്റെയും ഭൂതങ്ങൾക്കു തമ്മിൽ കാര്യമായൊരു വ്യത്യാസമുണ്ടായിരുന്നു: വിലക്കാനും മുന്നറിയിപ്പു നൽകാനും തടഞ്ഞുനിർത്താനുമാണ്‌ സോക്രട്ടീസിന്റെ ഭൂതം പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ദാക്ഷിണ്യത്തോടെ ഉപദേശിക്കാനും നിർദ്ദേശങ്ങൾ നൽകാനും പ്രേരിപ്പിക്കാനുമായിട്ടാണ്‌ എന്റെ ഭൂതത്തിന്റെ വരവ്‌. പാവം സോക്രട്ടീസിന്റേത്‌ തടുക്കാനെത്തുന്ന ഭൂതമായിരുന്നുവെങ്കിൽ എന്റെ ഭൂതം ഇളക്കിവിടുന്നവനാണ്‌, കർമ്മോത്സുകനും യുദ്ധപ്രേമിയുമാണവൻ.

അവന്റെ ശബ്ദം എന്റെ കാതിൽ മന്ത്രിച്ചതെന്താണെന്നോ? "ഒരുവൻ മറ്റൊരുവനു തുല്യനാകണമെങ്കിൽ അവൻ അതു തെളിയിച്ചിരിക്കണം; സ്വാതന്ത്ര്യം കൈയ്യടക്കിയവനേ അതിനർഹതയുമുള്ളു."

അടുത്ത നിമിഷം ഞാൻ ആ ഭിക്ഷക്കാരന്റെ മേൽ ചാടിവീണു. ഒറ്റയടി കൊണ്ട്‌ ഞാനയാളുടെ ഒരു കണ്ണു കലക്കി; ഒരു പന്തിന്റെ വലിപ്പത്തിൽ അതു വീർത്തു. അയാളുടെ രണ്ടു പല്ലുകൾ അടിച്ചുകൊഴിച്ചപ്പോൾ എന്റെ ഒരു വിരലിന്റെ നഖവും പോയി. കിഴവന്റെ കാര്യം വേഗം തീർക്കണമെന്ന വാശിക്ക്‌- ഞാൻ ഒരൽപ്പപ്രാണിയായിരുന്നു, ഗുസ്തി പഠിച്ചിട്ടുമില്ല-ഒരു കൈ കൊണ്ട്‌ അയാളുടെ കോളറിനും മറ്റേ കൈകൊണ്ട്‌ തൊണ്ടയ്ക്കും പിടിച്ച്‌ ഞാൻ അയാളുടെ തല ഭിത്തിയോടു ചേർത്തുവച്ചിടിച്ചു. ഇതൊക്കെച്ചെയ്യുന്നതിനു മുമ്പ്‌ ചുറ്റും നോക്കി ഒരു പോലീസുകാരനും കുറേ നേരത്തേക്ക്‌ ആളൊഴിഞ്ഞ ആ സ്ഥലത്തേക്കു വരാൻ പോകുന്നില്ല എന്നു ഞാൻ ഉറപ്പുവരുത്തിയിരുന്നുവെന്നും പറയട്ടെ.

നട്ടെല്ലു തകർക്കാൻ പോന്നവിധത്തിൽ മുതുകത്തൊരിടിയും കൊടുത്ത്‌ ബലം കെട്ട ആ എഴുപതുകാരനെ ഞാൻ നിലത്തു വീഴ്ത്തി; എന്നിട്ട്‌ കൈവാക്കിനു കിട്ടിയ വലിയൊരു മരക്കൊമ്പെടുത്ത്‌ അയാളെ തലങ്ങും വിലങ്ങും പൂശി.

പെട്ടെന്ന്-ഹാ,എന്തൊരത്ഭുതം!സ്വന്തം സിദ്ധാന്തത്തിനു തെളിവു ലഭിക്കുന്ന ഒരു തത്വചിന്തകന്റെ ആഹ്ലാദം!-ആ കിഴട്ടുജഡം പിടഞ്ഞുചാടിയെഴുന്നേറ്റുനിന്നു; എന്നിട്ട്‌, ഇങ്ങനെയൊരു തല്ലിപ്പൊളിയന്ത്രത്തിലുണ്ടാവുമെന്നു ഞാൻ സ്വപ്നം പോലും കാണാത്ത ഒരൂർജ്ജത്തോടെ എന്നെ ആഞ്ഞൊന്നടിച്ചു. പിന്നെയാ ജീർണ്ണസത്വം എന്റെ മേൽ ചാടിവീണ്‌ എന്റെ കണ്ണു രണ്ടും ഇടിച്ചുകലക്കുകയും നാലു പല്ലുകൾ അടിച്ചുകൊഴിക്കുകയും ചെയ്തു; അതും കഴിഞ്ഞ്‌ ഞാൻ അയാളെ തല്ലാൻ ഉപയോഗിച്ച അതേ മരക്കൊമ്പെടുത്ത്‌ എന്നെ തല്ലി ഇഞ്ചപ്പരുവമാക്കുകയും ചെയ്തു. എന്റെ കഷായപ്രയോഗം കൊണ്ട്‌ അയാൾക്കു തന്റെ ജീവിതവും ആത്മാഭിമാനവും തിരിച്ചുകിട്ടിയിരിക്കുന്നു.

എന്നിട്ടു ഞാൻ നമ്മൾ തമ്മിലുള്ള സംവാദo  ഇതോടെ അവസാനിച്ചതായിട്ടാണു ഞാൻ മനസ്സിലാക്കിയിരിക്കുന്നതെന്ന് പലവിധം ചേഷ്ടകൾ കാട്ടി അയാളെ മനസ്സിലാക്കി. പിന്നെ ഒരു സ്റ്റോയിക്‌ തത്വചിന്തകന്റെ ആത്മസംതൃപ്തിയോടെ എഴുന്നേറ്റു നിന്നുകൊണ്ട്‌ ഞാൻ ഇങ്ങനെ പറഞ്ഞു:"മാന്യമിത്രമേ,നിങ്ങൾ എനിക്കു തുല്യനാണ്‌!എന്റെയീ പഴ്സിലുള്ളതിൽ പകുതി സ്വീകരിക്കാൻ ദയവുണ്ടായാലും! ഇതുകൂടിയോർക്കുക: കൂട്ടത്തിലൊരാൾ നിങ്ങളോടിരക്കാൻ വന്നാൽ ഞാൻ കഷ്ടപ്പെട്ടു നിങ്ങളുടെ മുതുകത്തു പരീക്ഷിച്ച അതേ സിദ്ധാന്തം അവരുടെ മേലും പ്രയോഗിക്കണം!"

അതങ്ങനെതന്നെ ആയിക്കോളാമെന്നും എന്റെ സിദ്ധാന്തം തനിക്കു മനസ്സിലായിക്കഴിഞ്ഞുവെന്നും അയാൾ എനിക്കുറപ്പു തരികയുമുണ്ടായി.

________________________________________________________________________________________________

*1848-ലെ വിപ്ലവത്തിന്റെ കാലം
*ഹിപ്നോട്ടിസത്തിലൂടെ മുന്തിരിയുടെ വിളവുകാലം കുറയ്ക്കാനാവുമോയെന്ന പരീക്ഷണങ്ങൾ അന്നു നടന്നിരുന്നു
*ഒരു ശബ്ദം തന്റെയുള്ളിലിരുന്നുകൊണ്ട്‌ തന്നെ ശാസിച്ചിരുന്നുവെന്ന സോക്രട്ടീസിന്റെ വാദം ഉന്മാദത്തിന്റെ തുടക്കത്തിലുള്ള ലക്ഷണമായിരുന്നുവെന്നാണ്‌ ഈ മനഃശസ്ത്രജ്ഞന്മാർ വാദിച്ചത്‌.

Wednesday, September 23, 2009

ബോദ്‌ലെയെർ-പദ്ധതികൾ

 

baude14

ഉദ്യാനത്തിൽ തനിയെ ഉലാത്തുമ്പോൾ അയാൾ തന്നോടു തന്നെ പറയുകയായിരുന്നു:"സായാഹ്നത്തിന്റെ ആർദ്രത തങ്ങിനിൽക്കുന്ന വേളയിൽ, വിശാലമായ പുൽത്തകിടികളും കളിപ്പൊയ്കകളും മുന്നിലായിട്ടുള്ള ഒരു കൊട്ടാരത്തിന്റെ വെണ്ണക്കൽപ്പടവുകളിറങ്ങി, പകിട്ടേറിയ രാജകീയവേഷത്തിൽ അവൾ വരുന്നതു കാണാൻ എന്തു ഭംഗിയായിരിക്കും! അല്ലെങ്കിൽത്തന്നെ ഒരു രാജകുമാരിയുടെ പ്രകൃതി അവൾക്കു സ്വതേയുള്ളതുമാണല്ലോ."

 

അൽപ്പനേരം കഴിഞ്ഞ്‌ ഒരിടത്തെരുവിലൂടെ നടന്നുപോകുമ്പോൾ ചിത്രങ്ങൾ വിൽക്കുന്ന ഒരു കട കണ്ട്‌ അയാൾ നിന്നു; ഏതോ ഉഷ്ണമേഖലാരാജ്യത്തിലെ പ്രകൃതി വിഷയമായ ഒരു ചിത്രം അയാളുടെ കണ്ണിൽപ്പെട്ടു; അയാൾ സ്വയം പറഞ്ഞു:"അല്ലല്ല! അവളുടെ അനർഘജീവിതം കവരാൻ കൊട്ടാരമല്ല ഉചിതമായ പശ്ചാത്തലം. അവിടെ ഞങ്ങൾക്കു സ്വസ്ഥത കിട്ടുകയെന്നതില്ല. അതുമല്ല, പൊന്നു കൊണ്ടു പൊതിഞ്ഞ ആ ചുമരുകളിൽ അവളുടെ ചിത്രം ഞാനെവിടെയൊന്നു തൂക്കിയിടും? ചിട്ടകൾ അരങ്ങു വാഴുന്ന വിശാലമായ ആ മുറികളിൽ മനുഷ്യർക്കു തമ്മിലടുക്കാൻ എവിടെ ഒഴിഞ്ഞൊരിടം? എന്റെ ജീവിതസ്വപ്നം തഴച്ചുവളരാൻ പറ്റിയൊരു പ്രകൃതി ഞാനിതാ ഇവിടെ കണ്ടെത്തിയിരിക്കുന്നു."

 

ചിത്രത്തിന്റെ ഓരോ സൂക്ഷ്മാംശവും കണ്ണുകൾ കൊണ്ടു പിന്തുടരവെ അയാളുടെ മനോരാജ്യം ഇങ്ങനെ പോയി:"കടൽക്കരയിൽ തടി കൊണ്ടൊരു കുടിൽ... ചുറ്റിനും പേരുകൾ ഓർമ്മയിൽ നിൽക്കാത്ത വിചിത്രവും മിനുങ്ങുന്നതുമായ മരങ്ങൾ...ഇന്നതെന്നറിയാത്ത മത്തുപിടിപ്പിക്കുന്നൊരു പരിമളം വായുവിൽ...പുരയ്യ്ക്കുള്ളിലാകട്ടെ,പനിനീർപ്പൂവിന്റെയും കസ്തൂരിയുടെയും സാന്ദ്രഗന്ധം...അതിനുമപ്പുറം, ഞങ്ങളുടെയാ കൊച്ചുസാമ്രാജ്യത്തിനു പിന്നിൽ തിരക്കോളു താരാട്ടുന്ന പാമരങ്ങളുടെ തലപ്പുകൾ...തട്ടികളിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങി സിന്ദൂരം പൂശുന്ന ആ കുടിലിനുള്ളിൽ, പുത്തൻ പുൽപ്പായകളും തല തിരിക്കുന്ന പൂക്കളും കൊണ്ടലങ്കരിച്ച ആ കുടിലിനുള്ളിൽ, കരിവീട്ടി പോലത്തെ മരത്തിൽ പണിതിട്ട കസേരകളിലൊന്നിൽ കറുപ്പു ചേർത്ത പുകയില കവിൾകൊണ്ടും വീശറിയുടെ കാറ്റു കൊണ്ടും അവൾ അലസം ചാഞ്ഞുകിടക്കുന്നുണ്ടാവും...ഒരു കപ്പലിന്റെയറ പോലത്തെ ആ പുരയ്ക്കു പുറത്ത്‌ വെളിച്ചം കുടിച്ചു മദിച്ച കിളികളുടെ ആരവം, കാപ്പിരിപ്പെൺകുട്ടികളുടെ സല്ലാപം...രാത്രിയിൽ എന്റെ സ്വപ്നങ്ങൾക്കകമ്പടിയായി ചൂളമരങ്ങളുടെ വിഷാദഗാനവും! അതെയതെ,ഞാൻ തേടിനടന്ന അരങ്ങിതു തന്നെ. എനിക്കെന്തിനാണു കൊട്ടാരവും മറ്റും?"

 

പിന്നെയും നടന്ന് വിശാലമായൊരു നടക്കാവിലെത്തിയപ്പോൾ വൃത്തിയുള്ള ചെറിയൊരു മദ്യശാല അയാളുടെ കണ്ണിൽപ്പെട്ടു; വരയൻ കാലിക്കോ തിരശീലകൾ മോടി കൂട്ടിയ ജനാലയ്ക്കൽ രണ്ടുമുഖങ്ങൾ ആകെ സന്തോഷത്തിൽ. പെട്ടെന്ന്: "കൈയകലത്തുള്ള ഒന്നിനു വേണ്ടി ഇത്രയകലെപ്പോകണമെങ്കിൽ ഒരൂരുതെണ്ടിയെന്നല്ലാതെ എന്റെ മനസ്സിനെ ഞാനെന്തു വിളിക്കാൻ? സുഖവും ആനന്ദവുമാണ്‌ നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ആദ്യം കാണുന്ന മദ്യശാലയിൽത്തന്നെ അതു കിട്ടാനുണ്ട്‌. തീ കായാൻ നല്ലൊരടുപ്പ്‌,കടുംനിറത്തിലുള്ള കവിടിപ്പിഞ്ഞാണങ്ങൾ,തരക്കേടില്ലാത്ത ഭക്ഷണം,തെളിയ്ക്കാത്ത വീഞ്ഞ്‌,പരുക്കനെങ്കിലും വൃത്തിയുള്ള വിരിയിട്ട വലിയ കിടക്ക-ഇതിൽപ്പരം എന്തു വേണം?" അയാൾ സ്വയം പറഞ്ഞു.

 

ഒറ്റയ്ക്കു വീട്ടിലേക്കു മടങ്ങുമ്പോൾ-ഈ നേരത്തിനി വിവേകത്തിന്റെ കാതുകളെ കൊട്ടിയടയ്ക്കാൻ ബാഹ്യലോകത്തിന്റെ കോലാഹലത്തിനാവതുമില്ല-അയാൾ മനസ്സിൽ പറഞ്ഞു:"ഇന്നു ഞാനെന്റെ ദിവാസ്വപ്നത്തിൽ മൂന്നിടത്തു താമസിച്ചു; മൂന്നിടത്തും ഒരേപോലത്തെ സുഖവും എനിക്കു കിട്ടി. എന്റെയാത്മാവിന്‌ ഇത്രയനായാസം എവിടെയും സഞ്ചരിക്കാൻ കഴിയുമെന്നിരിക്കെ ഞാനെന്തിന്‌ എന്റെ ശരീരത്തെ അങ്ങോടുമിങ്ങോട്ടും അടിച്ചോടിക്കണം? പദ്ധതിയിട്ടാൽത്തന്നെ മനസ്സിനു സുഖം കിട്ടുമെങ്കിൽപ്പിന്നെ അതു നടപ്പിലാക്കാൻ ബുദ്ധിമുട്ടുന്നതുമെന്തിന്‌?

Tuesday, September 22, 2009

ബോദ്‌ലെയെർ-സൂപ്പും മേഘങ്ങളും

baude11

എന്റെ പ്രേമഭാജനം, തുമ്പുകെട്ട ആ കുറുമ്പത്തി എന്നെ അത്താഴമൂട്ടുകയായിരുന്നു; ഞാനോ തീൻമുറിയുടെ തുറന്നിട്ട ജനാലയിലൂടെ മേഘസഞ്ചാരം കണ്ടിരിക്കുകയും. ആവിയിൽ നിന്നു ദൈവം മെനഞ്ഞെടുക്കുന്ന അസ്പൃശ്യവും അത്ഭുതകരവുമായ ആ ചലിക്കുന്ന എടുപ്പുകളെ നോക്കി ധ്യാനിക്കവെ എന്റെ ആത്മഗതം ഒന്നുറക്കെയായിപ്പോയി:"ആ മായക്കാഴ്ച്കൾക്ക്‌ എന്റെ ഓമനയുടെ,തലയ്ക്കു തുമ്പു കെട്ട ഈ കുറുമ്പത്തിയുടെ കണ്ണുകളുടെ ഭംഗിയുണ്ടെന്നു പറയാം."

അടുത്ത നിമിഷം എന്റെ മുതുകത്ത്‌ ഒരു പ്രഹരം വന്നുപതിച്ചു; ഉരത്തതും മയക്കുന്നതും ബ്രാണ്ടിയുടെ മത്തു പിടിച്ചതുമായ ഒരു കാറിയ സ്വരം ഇങ്ങനെ പറയുന്നതും ഞാൻ കേട്ടു:"ആ സൂപ്പെടുത്തു കുടിക്കാൻ നോക്ക്‌, മേഘം വിൽക്കാൻ നടക്കുന്ന ക...മോനേ?"

Monday, September 21, 2009

ബോദ്‌ലെയെർ-നിന്റെ മുടിയിൽ ഒരർദ്ധഗോളം

Baudelaire-Gustave_Courbet_033

നിന്റെ മുടിയുടെ പരിമളം ശ്വസിച്ചുകിടക്കട്ടെ ഞാൻ ഏറെനേരം; ദാഹം പൊറാതൊരുവൻ അരുവിയിൽച്ചെന്നു മുങ്ങുംപോലെ അതിൽ മുഖം പൂഴ്ത്തിക്കിടക്കട്ടെ ഞാൻ; ഓർമ്മകൾ കുടഞ്ഞുകളയാൻ സുഗന്ധം പൂശിയൊരു തൂവാല പോലെ ഞാനതെടുത്തു വീശട്ടെ.

എന്തൊക്കെക്കാഴ്ചകളാണ്‌ ഞാനതിൽ കാണുന്നതെന്നോ! എന്തൊക്കെക്കേൾവികൾ! എന്തൊക്കെയനുഭൂതികൾ! അന്യരുടെ ആത്മാവുകൾ സംഗീതത്തിൽ പ്രയാണം ചെയ്യുമ്പോൾ പരിമളങ്ങളിലാണ്‌ എന്റെയാത്മാവിന്റെ പ്രയാണം.

നിന്റെ മുടിയിലുണ്ട്‌ പായകളും പാമരങ്ങളുമായി ഒരു സ്വപ്നമങ്ങനെതന്നെ; അതിലുണ്ടാഴക്കടലുകൾ; അവയിലെ കാലവർഷക്കാറ്റുകൾ മനോജ്ഞമായ അന്യദേശങ്ങളിലേക്ക്‌ എന്നെ ആനയിക്കുന്നു. ആഴുന്ന നീലിമയാണ്‌ ആകാശത്തിനവിടങ്ങളിൽ; ഇലകളും പഴങ്ങളും മനുഷ്യചർമ്മവും മണക്കുന്നതാണന്തരീക്ഷം.

നിന്റെ മുടിയിലെ കടലിൽ ഞാനൊരു തുറമുഖം ദർശിക്കുന്നു-ശോകഗാനങ്ങൾ തങ്ങിനിൽക്കുന്നവിടെ; നാനാദേശക്കാരായ കരുത്തന്മാർ തിക്കിത്തിരക്കുന്നു; ഉഷ്ണം അലസശയനം നടത്തുന്ന വിപുലാകാശത്തിൽ നാനാതരം യാനങ്ങൾ സൂക്ഷ്മവും ലോലവുമായ വാസ്തുരൂപങ്ങൾ കോറിയിടുകയും ചെയ്യുന്നു.

നിന്റെ മുടിയുടെ ലാളനകളിലമർന്നുകിടക്കെ, രമ്യമായൊരു നൗകയുടെ ഉള്ളറയിലൊരു മഞ്ചത്തിൽ , പൂപ്പാത്രങ്ങൾക്കും നീർക്കുടങ്ങൾക്കുമിടയിൽ, കണ്ണിൽപ്പെടാത്ത തിരയിളക്കത്തിന്റെ തൊട്ടിലാട്ടവുമേറ്റ്‌ ദീർഘശയനം നടത്തുന്ന സുഖം ഞാൻ വീണ്ടും കണ്ടെത്തുന്നു.

നിന്റെ മുടിയുടെ തീ കാഞ്ഞിരിക്കെ കറുപ്പും പഞ്ചാരയും കലർത്തിയ പുകയിലയുടെ മണം ഞാൻ വലിച്ചുകേറ്റുന്നു; നിന്റെ മുടിയുടെ രാത്രിയിൽ ഉഷ്ണമേഖലയിലെ അനന്തമായ നീലാകാശം തിളങ്ങുന്നതു ഞാൻ കാണുന്നു; നിന്റെ മുടിയുടെ കരയ്ക്കിരുന്ന് കീലും കസ്തൂരിയും വെളിച്ചെണ്ണയും മണത്തു ഞാനുന്മത്തനാകുന്നു.

നിന്റെ തഴച്ചിരുണ്ട മുടിയിഴകളിൽ ഞാനെന്റെ പല്ലുകളാഴ്ത്തട്ടെ. മെരുങ്ങാത്ത നിന്റെ മുടി കരളവെ ഓർമ്മകൾ തിന്നുന്ന പോലെയാണെനിക്ക്‌.

Sunday, September 20, 2009

ബോദ്‌ലെയെർ-ഇരട്ടമുറി

baude8

ദിവാസ്വപ്നം പോലെ ഒരു മുറി; ദേഹബന്ധമേയില്ലാത്തത്‌; നിഷ്പന്ദമായ അന്തരീക്ഷത്തിൽ നേർത്ത ഛായകളായി നീലയും പാടലവും.

ആസക്തിയുടെയും മനസ്താപത്തിന്റെയും പരിമളം പൂശി ആലസ്യത്തിൽ സ്നാനം ചെയ്യുകയാണ്‌ ആത്മാവതിൽ. നീലഛായയിൽ,പാടലഛായയിൽ സന്ധ്യയെ ഓർമ്മപ്പെടുത്തുമത്‌; ഗ്രഹണനേരത്തെ സുഖസ്വപ്നം.

അലസഭാവത്തിൽ പതിഞ്ഞു കിടക്കുന്ന ദീർഘരൂപങ്ങളാണ്‌ അകസാമാനങ്ങൾ. സ്വപ്നത്തിലാണവയെന്നു തോന്നാം; സസ്യജാലത്തെപ്പോലെ, ധാതുലോകത്തെപ്പോലെ അവയുടേത്‌ ഒരു സ്വപ്നജീവിതമാണെന്നു വരാം. മേശവിരികൾക്കും ജനാലപ്പടുതകൾക്കും ഒരു നിശ്ശബ്ദഭാഷ- പൂക്കളെപ്പോലെ,മാനത്തെപ്പോലെ,അസ്തമയസൂര്യനെപ്പോലെ.

ചുമരുകളിൽ കലാഭാസങ്ങളൊന്നുമില്ല. ശുദ്ധസ്വപ്നത്തെ അപേക്ഷിച്ച്‌, വിശകലനത്തിനു വിധേയമാവാത്ത പ്രതീതികളെ അപേക്ഷിച്ച്‌ അതിരു തിരിച്ച കല, സ്ഥാപിതകല ഒരു ദൈവനിന്ദയാണ്‌. ഇവിടെയോ, സർവ്വതിനുമുണ്ട്‌ മതിയായ തെളിച്ചം, ഹൃദ്യമായ ഗോപനം-സംഗീതത്തെപ്പോലെ.

ഈർപ്പത്തിന്റെ ലാഞ്ഛന കലർന്ന അതിവിശിഷ്ടമായ പരിമളത്തിന്റെ സൂക്ഷ്മമായ കണികകൾ വായുവിൽ ഒഴുകിനടക്കുന്നു; മയക്കത്തിലാണ്ട ആത്മാവിനെ തൊട്ടിലാട്ടുകയാണ്‌ ഉഷ്ണഗൃഹത്തിലെ ഇന്ദ്രിയസുഖങ്ങൾ.

ജനാലകൾക്കും കിടക്കയ്ക്കും മേൽ മസ്ലിനുകളുടെ സമൃദ്ധവർഷം; മഞ്ഞിന്റെ നിർഝരി പോലെ അതൊഴുകിപ്പരക്കുന്നു. കിടക്കയിലതാ മയക്കത്തിലാണ്ടുകിടക്കുകയാണ്‌ എന്റെ പൂജാവിഗ്രഹം-എന്റെ സ്വപ്നറാണി.അവളെങ്ങനെ ഇവിടെയെത്തി? ആരാണവളെ ഇവിടെക്കാനയിച്ചത്‌? ദിവാസ്വപ്നത്തിന്റെയും ഇന്ദ്രിയസുഖത്തിന്റെയും ഈ സിംഹാസനത്തിൽ അവളെ അവരോധിച്ചത്‌ ഏതു മന്ത്രശക്തി? അതു ഞാനെന്തിനറിയണം? എന്റെ കണ്മുന്നിൽ അതാ അവൾ! ഞാനവളെ കണ്ടറിയുകയും ചെയ്യുന്നു.

അതെ, ആ കണ്ണുകൾ അവളുടേതു തന്നെ-അവയിലെ തീനാളങ്ങൾ സാന്ധ്യപ്രകാശത്തെ കീറിപ്പായുന്നു; പേടിപ്പെടുത്തുന്ന ആ സൂക്ഷ്മദീപങ്ങളെ അവയിലെ കൊടുംപക കൊണ്ടുതന്നെ എനിക്കു തിരിച്ചറിയാം. അവയിലേക്കു നോക്കാൻ ചങ്കൂറ്റം കാട്ടുന്ന ദൃഷ്ടികളെ അവ കടന്നുപിടിക്കുന്നു, കീഴടക്കുന്നു, വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. നമ്മുടെ ജിജ്ഞാസയും ആരാധനയും പിടിച്ചുവാങ്ങുന്ന ആ കറുത്ത നക്ഷത്രങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്‌ ഞാൻ പലപ്പോഴും.

ഈവിധം നിഗൂഢതയും നിശ്ശബ്ദതയും പരിമളവും ശാന്തിയും കൊണ്ടെന്നെ വലയം ചെയ്തതിന്‌ ഏതു സാത്വികനായ രാക്ഷസണോടാണു ഞാൻ കടപ്പെട്ടിരിക്കുന്നത്‌? ഹാ, ഇതാണു പരമാനന്ദം! നാം ജീവിതമെന്നു പൊതുവെ വിളിക്കുന്ന ആ ഏർപ്പാടിന്‌, അതിനി സന്തോഷത്തിന്റെ ഏതു വിസ്തൃതി കൈവരിച്ചാലും ശരി, ഞാനീയനുഭവിക്കുന്ന അതീതജീവിതവുമായി ഒരു ചാർച്ചയുമില്ല. ഓരോ മിനുട്ടും ഓരോ സെക്കന്റും അതിന്റെ മാധുര്യം നുണയുകയാണു ഞാൻ.

എനിക്കു തെറ്റി! ഇനി മിനുട്ടുകളുടെയും സെക്കന്റുകളുടെയും കണക്കുകളൊന്നുമില്ല! കാലം അപ്രത്യക്ഷമായിരിക്കുന്നു; ഇപ്പോൾ വാഴുന്നതു നിത്യതയാണ്‌, സുഖാനുഭവങ്ങളുടെ നിത്യത!

ഈ സമയത്താരോ കതകിൽ തട്ടുന്നു; ആഞ്ഞുപതിക്കുന്ന ഭീഷണപ്രഹരം. നരകപീഡകളെക്കുറിച്ചുള്ള എന്റെ പേക്കിനാവുകളിലെപ്പോലെ അടിവയറ്റിൽ ആരോ മഴുവെടുത്തു വെട്ടുന്നു.
പിന്നെ ഒരു ഭൂതം കടന്നുവരുന്നു. നിയമത്തിന്റെ പേരും പറഞ്ഞ്‌ എന്നെ പീഡിപ്പിക്കാൻ വരുന്ന ഒരാമീനാണത്‌; പരാതികളുടെ കെട്ടുമഴിച്ച്‌ എന്റെ സന്താപങ്ങളുടെ കൂടെ അവളുടെ ക്ഷുദ്രതകളും കലർത്താൻ വന്ന കുപ്രസിദ്ധയായ തേവിടിശ്ശിയാണത്‌; അതുമല്ലെങ്കിൽ കൈയെഴുത്തുപ്രതിയുടെ അടുത്ത ഭാഗത്തിനായി ഏതെങ്കിലും പത്രാധിപർ പറഞ്ഞുവിട്ട പയ്യൻ.

സ്വർഗ്ഗീയമായ മുറി,പൂജാവിഗ്രഹം,സ്വപ്നറാണി,മഹാനായ റെനെയുടെ വാക്കുകളിൽ പറഞ്ഞാൽ സുന്ദരയക്ഷി-ആ ഇന്ദ്രജാലമൊക്കെയും ഭൂതത്തിന്റെ ക്രൂരമായ ഒരു കതകിൽ മുട്ടലോടെ അപ്രത്യക്ഷമായിരിക്കുന്നു.
ഭീകരമായ മറ്റൊന്നു കൂടി സംഭവിക്കുന്നു-എനിക്കെന്നെ ഓർമ്മ വരുന്നു! ഈ നായക്കൂട്‌, നിത്യമായ മടുപ്പിന്റെ ഈ പാർപ്പിടം എന്റെ മുറി തന്നെയാണ്‌. പൊടി പിടിച്ചതും ഒടിഞ്ഞുവീഴാൻ പോകുന്നതുമായ ആ കസേരയും മേശയും കണ്ടോ? തീയും കനലും കെട്ട, തുപ്പി വൃത്തികേടാക്കിയ അടുപ്പ്‌; പൊടിയിൽ മഴ വിരലോടിച്ച നിരുന്മേഷമായ ജനാലകൾ; വെട്ടും തിരുത്തുമായി മുഴുമിക്കാതെ കിടക്കുന്ന കൈയെഴുത്തുപ്രതികൾ; അശുഭദിനങ്ങൾ പെൻസിലു കൊണ്ടടയാളപ്പെടുത്തിയ കലണ്ടർ!

തീവ്രഭാവനയിൽ എന്നെ ഉന്മത്തനാക്കിയ ആ അലോകപരിമളം,അതെവിടെപ്പോയി? അതിന്റെ സ്ഥാനത്തിപ്പോൾ മനംപുരട്ടുന്ന പൂത്ത നാറ്റവും പുകയിലയുടെ കെട്ട മണവുമാണ്‌. ജീർണ്ണതയുടെ വളിച്ച നാറ്റം.
അത്രയ്ക്കിടുങ്ങിയതും അത്രയ്ക്കറയ്ക്കുന്നതുമായ ഈ ലോകത്ത്‌ പരിചിതമായ ഒരു വസ്തു മാത്രം സ്നേഹഭാവത്തിൽ എന്നെ നോക്കി പുഞ്ചിരി തൂകുന്നു: കറുപ്പിന്റെ ചെപ്പ്‌; ത്രസിപ്പിക്കുന്ന ചിരകാലപ്രണയം; എല്ലാ പ്രണയഭാജനങ്ങളെയും പോലെ പക്ഷേ, ലാളനകളാലും വഞ്ചനകളാലും സമൃദ്ധം!

അതെയതെ! കാലം തിരിച്ചുവന്നിരിക്കുന്നു; കാലമാണിനി അധികാരി; അറയ്ക്കുന്ന ആ കിഴവനോടൊപ്പം അയാളുടെ ഭൂതഗണങ്ങളുമുണ്ട്‌- ഓർമ്മകൾ,കുറ്റബോധങ്ങൾ,കോച്ചിപ്പിടുത്തങ്ങൾ,ഭീതികൾ,ഉത്കണ്ഠകൾ,പേടിസ്വപ്നങ്ങൾ,രോഷങ്ങൾ,ഞരമ്പുരോഗങ്ങൾ.

ഇനിമുതൽ സെക്കന്റുകളുടെ ഊന്നൽ മറ്റൊരുവിധമായിരിക്കുമെന്നു ഞാൻ പറയുന്നു; ഘടികാരത്തിൽ നിന്നു പുറത്തുചാടുന്ന ഓരോ സെക്കന്റും വിളിച്ചുപറയുകയാണ്‌: "ഞാനാണു ജീവിതം, താങ്ങറ്റതും മെരുങ്ങാത്തതുമായ ജീവിതം!"

നല്ല വാർത്തയും കൊണ്ടെത്തുന്ന ഒരൊറ്റ സെക്കന്റേ മനുഷ്യജീവിതത്തിലുള്ളു; ആ നല്ല വാർത്തയാകട്ടെ ഓരോ മനുഷ്യനിലും അവാച്യമായ ഭീതി നിറയ്ക്കുന്നതും!

അതെ! കാലം ഭരിക്കുന്നു; അതു തന്റെ നിഷ്ഠുരമായ സ്വേച്ഛാഭരണം വീണ്ടും സ്ഥാപിച്ചുകഴിഞ്ഞു. മുനവച്ച തോട്ടി കൊണ്ട്‌ അവനെന്നെ കുത്തിയിളക്കിവിടുകയാണ്‌:"നടക്കെടാ കഴുതേ! പോയി പണിയെടുക്കെടാ അടിമേ! തുലഞ്ഞവനേ, നിന്റെ ജീവിതം നീളട്ടെ!"

Saturday, September 19, 2009

ബോദ്‌ലെയെർ-പരിവേഷനഷ്ടം

baudelaire_matisse

"അല്ല ചങ്ങാതീ, താനെന്താ ഇവിടെ! അമൃതം ഭുജിച്ചു സോമം കുടിച്ചു കഴിയുന്ന താൻ ഈ മോശപ്പെട്ട സ്ഥലത്ത്‌ എങ്ങനെ എത്തിപ്പെട്ടു! നല്ല കഥ!"

"എന്റെ പൊന്നുചങ്ങാതീ, എനിക്കീ കുതിരയും വണ്ടിയുമൊക്കെ എന്തു പേടിയാണെന്ന് തനിക്കറിയാവുന്നതാണല്ലോ. അൽപനേരം മുമ്പ്‌ ഞാനീ നിരത്തൊന്നു മുറിച്ചുകടക്കാൻ നോക്കുകയായിരുന്നു; നാലുപാടും നിന്ന് കുതിച്ചുവരുന്ന മരണത്തിന്റെ കുളമ്പടികൾക്കടിയിൽപ്പെടാതെയും ചെളിയിൽ ചവിട്ടാതെയും തത്രപ്പെട്ടു പായുന്നതിനിടയിൽ തലയിലെ പരിവേഷമൂരി താഴെ വീണു. അതു ചെന്നെടുക്കാനുള്ള ധൈര്യം എനിക്കുണ്ടായതുമില്ല; കീർത്തിമുദ്ര പോയാൽ പോകട്ടെ, എല്ലു നുറുങ്ങാതെ നോക്കുന്നതാണു ബുദ്ധിയെന്ന് എന്റെ ചിന്ത പോയി. തന്നെയുമല്ല, ആലോചിച്ചുനോക്കിയപ്പോൾ ഇതൊരു ഉർവ്വശീശാപമായെന്ന് എനിക്കു തോന്നുകയും ചെയ്തു. ഇനി ഒരുത്തന്റെയും കണ്ണിൽപ്പെടാതെ എനിക്കു കറങ്ങിനടക്കാമല്ലോ; എന്താഭാസത്തരവും കാണിച്ചുകൂട്ടാം; അന്യജനത്തെപ്പോലെ കുടിച്ചും മദിച്ചും നടക്കാം. അങ്ങനെയാണെടോ തന്നെപ്പോലെ ഞാനും ഇവിടെ വന്നുപെട്ടത്‌, ഇപ്പോൾ മനസ്സിലായില്ലേ!"

"എന്നാലും പരിവേഷം കൈമോശം വന്ന വിവരം താനൊന്നു പത്രത്തിൽ കൊടുക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു, അതുമല്ലെങ്കിൽ പൊലീസ്‌സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാമായിരുന്നല്ലോ."

"എന്റെ ദൈവമേ, അതിനൊന്നും ഞാനില്ല! എനിക്കിപ്പോൾ പരമസുഖമാണ്‌! ഞാൻ ഇന്നയാളാണെന്ന് നിങ്ങളൊരാളേ മനസ്സിലാക്കിയിട്ടുള്ളു. ഈ പേരും പ്രശസ്തിയുമൊക്കെ എന്നെ ബോറടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. പിന്നെ, ഏതെങ്കിലും മോശം കവി ആ പരിവേഷം ചെന്നെടുത്ത്‌ നിർലജ്ജം തന്റെ തലയിലണിയുന്നതോർക്കുമ്പോൾ വല്ലാത്ത സന്തോഷവും തോന്നുന്നു. ആരെയെങ്കിലും സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ മനസ്സിനെന്തു സുഖമാണെന്നോ! ഓർക്കുമ്പോഴേ ചിരി വരുന്ന ഒരാളാണയാളെങ്കിൽ പ്രത്യേകിച്ചും! അവനെയോ ഇവനെയോ മറ്റവനെയോ ഒന്നു മനസ്സിൽ കണ്ടുനോക്കൂ! എന്താ, നല്ല തമാശയല്ലേ!"

Friday, September 18, 2009

ബോദ്‌ലെയെർ-ഡോറത്തി എന്ന സുന്ദരി

Baudelaire_-_Jeanne_Duval

നഗരത്തിനു മേൽ കൊടുംവെയിൽ കൊട്ടിച്ചൊരിയുകയാണ്‌ സൂര്യൻ; പൂഴിമണ്ണിൽ കണ്ണു പുളിയ്ക്കുന്നു; കണ്ണാടി കണക്കെ വെട്ടിത്തിളങ്ങുന്ന കടൽ. ബോധം മന്ദിച്ച ലോകം ഭീരുവിനെപ്പോലെ കുഴഞ്ഞുവീഴുകയും ഉച്ചമയക്കത്തിലാഴുകയും ചെയ്യുന്നു. ഈ മയക്കം ഹൃദ്യമായൊരു മരണമാണ്‌: ഉറങ്ങുന്നയാൾ പാതിബോധത്തിൽ സ്വന്തം ഉന്മൂലനം ആസ്വദിക്കുന്നു.

ഈ നേരത്താണ്‌ ഡോറത്തി, സൂര്യനെപ്പോലെ ബലത്തവൾ, അത്രയ്ക്കഭിമാനിയും, ജനം വെടിഞ്ഞ തെരുവിലൂടെ നടക്കാനിറങ്ങിയിരിക്കുന്നത്‌; വിപുലമായ നീലാകാശത്തിനു ചുവട്ടിൽ ഇവളൊരാൾക്കേ അനക്കമുള്ളു; ആ വെളിച്ചത്തിൽ തെളിഞ്ഞുകിടക്കുന്ന കറുത്ത പാടാണവൾ.

അത്രയ്ക്കു കനത്ത അരക്കെട്ടിനു മേൽ അത്രയ്ക്കു കൃശമായ ഉടലുലച്ച്‌ അവൾ നടക്കുന്നു. ദേഹത്തൊട്ടിക്കിടക്കുന്ന പാടലവർണ്ണമായ പട്ടുടുപ്പാകട്ടെ, അവളുടെ ഇരുണ്ടനിറവുമായി ഇടയുന്നു, വിസ്തൃതമായ ജഘനത്തിന്റെ,ഒടിഞ്ഞ ചുമലിന്റെ,കൂർത്ത മുലകളുടെ വടിവുകളെ കൃത്യമായി പകർത്തുന്നു.

കൈയിലെടുത്ത ചെമ്പട്ടുകുട അവളുടെ ഇരുണ്ട മുഖത്ത്‌ സിന്ദൂരം പൂശുന്നു.

നീണ്ടിടതൂർന്ന്, നീലനിറം തന്നെയായ മുടിക്കെട്ടിന്റെ ഭാരത്താൽ പിന്നിലേക്കമർന്ന ശിരസ്സിന്‌ പ്രതാപത്തിന്റെയും ആലസ്യത്തിന്റെയും ഭാവങ്ങൾ. കനം തൂങ്ങിയ കർണ്ണാഭരണങ്ങൾ ഭംഗിയുള്ള ആ കാതുകളിൽ രഹസ്യങ്ങൾ മന്ത്രിക്കുന്നുണ്ട്‌.

ഇടയ്ക്കിടെ കടൽക്കാറ്റു വീശുമ്പോൾ പാവാടത്തുമ്പുയർന്ന് മിനുസമുള്ള, പ്രൗഢിയുറ്റ കാലുകൾ വെളിവാകുന്നു. യൂറോപ്പ്‌ അതിന്റെ കാഴ്ചബംഗ്ലാവുകളിൽ അടച്ചുപൂട്ടിയിട്ടിരിക്കുന്ന വെണ്ണക്കൽദേവിമാരുടെ പാദങ്ങൾക്കു കിടനിൽക്കുന്ന അവളുടെ പാദങ്ങൾ പുതയുന്ന പൂഴിയിൽ അവയുടെ വടിവുകൾ അതേപടി വീഴ്ത്തുന്നു. ആരെയും മോഹിപ്പിക്കുന്നവളാണീ ഡോറത്തി; അതിനാൽത്തന്നെ വിടുതൽ കിട്ടിയ ഒരടിമയുടെ ആത്മാഭിമാനത്തേക്കാൾ അന്യർക്കാരാധനാവസ്തുവാകുന്നതിലെ ആനന്ദമാണ്‌ അവൾക്കു കാമ്യം; സ്വതന്ത്രയാണു താനെങ്കിൽക്കൂടി അവൾ ചെരുപ്പുപയോഗിക്കാറില്ല.

അങ്ങനെ, ജീവിച്ചിരിക്കുന്നതിന്റെ ആഹ്ലാദത്തോടെ, വെളുത്ത മന്ദഃസ്മിതവും തൂകി താളത്തിൽ നടന്നുപോവുകയാണവൾ. തന്റെ നടയും തന്റെ സൗന്ദര്യവും അകലെയേതോ കണ്ണാടിയിൽ പ്രതിഫലിക്കുന്നതായി അവൾ കാണുന്നുണ്ടോ?

കൊല്ലുന്ന സൂര്യനു ചുവട്ടിൽ, നായ്ക്കൾ പോലും ചൂടു താങ്ങാനാവാതെ മോങ്ങുന്ന ഈ നേരത്ത്‌, വെങ്കലപ്രതിമ പോലെ സുന്ദരിയായവൾ, അതേപോലെ തണുത്തവൾ, അലസയായ ഈ ഡോറത്തി എന്തു കാര്യസാധ്യത്തിനാണിറങ്ങിനടക്കുന്നത്‌?

പൂക്കളും പായകളും കൊണ്ട്‌ ചിലവില്ലാതെ ഒരന്തഃപുരം പോലെ അലങ്കരിച്ച തന്റെ കുടിൽ വിട്ട്‌ എവിടെയ്ക്കാണവൾ പോകുന്നത്‌? മുടി കോതിയും ഹുക്ക വലിച്ചും വിശറിയുടെ കാറ്റു കൊണ്ടും തൂവൽച്ചാമരങ്ങൾ അരികു പിടിപ്പിച്ച കണ്ണാടിയിൽ സ്വയം ചന്തം നോക്കിയും സുഖിച്ചുകഴിഞ്ഞതാണല്ലോ അവളവിടെ. ഒരു നൂറു ചുവടു മാത്രമകലെ അലയലയ്ക്കുന്ന കടൽ അതിന്റെ ബലിഷ്ടവും ഏകതാനവുമായ ഗാനാലാപനം കൊണ്ട്‌ അവളുടെ ദിവാസ്വപ്നങ്ങൾക്ക്‌ അകമ്പടി നൽകിയിരുന്നു; പിന്നാമ്പുറത്ത്‌ ഒരിരുമ്പുചട്ടിയിൽ അരിയും ഞണ്ടും കുങ്കുമവും കലർന്നു വേവുന്നതിന്റെ കൊതിയൂറുന്ന ഗന്ധം അവളെത്തേടിയെത്തിയിരുന്നതുമാണ്‌.

ഇനിയൊരുപക്ഷേ ചെറുപ്പക്കാരനായ ഏതോ പട്ടാളക്കാരനുമായി സന്ധിക്കാൻ പോവുകയാവാം അവൾ: ഡോറത്തി എന്ന വമ്പത്തിയെക്കുറിച്ച്‌ തന്റെ ചങ്ങാതിമാർ സംസാരിക്കുന്നത്‌ ദൂരെയേതോ തുറമുഖത്തു വച്ച്‌ അയാളുടെ കാതിൽ പെട്ടിട്ടുണ്ടായിരിക്കണം. പാരീസിലെ നൃത്തശാലകളെക്കുറിച്ചു വിവരിക്കാൻ ഈ ശുദ്ധഗതിക്കാരി അയാളോടു യാചിക്കുമെന്നതു തീർച്ച; ഞായറാഴ്ചകളിൽ കിഴവികളായ കാപ്പിരിപ്പെണ്ണുങ്ങൾ പോലും കുടിച്ചുമദിക്കുന്ന ഈ നാട്ടിലെപ്പോലെ അവിടെയും ചെരുപ്പിടാതെ കയറിച്ചെല്ലാമോയെന്ന് അവൾ ആരായാം; പാരീസിലെ പെണ്ണുങ്ങൾ തന്നെപ്പോലെ സുന്ദരികളാണോയെന്നും അവൾക്കറിയേണ്ടതുണ്ട്‌.

ഏവരുടെയും പൂജാവിഗ്രഹവും കളിപ്പാവയുമാണ്‌ ഡോറത്തി; പക്ഷേ തന്റെ കൊച്ചനിയത്തിയുടെ സ്വാതന്ത്ര്യം വിലയ്ക്കുവാങ്ങാനുള്ള പണം കണ്ടെത്താനായി ഓരോ ചെമ്പുതുട്ടും പിടിച്ചുവയ്ക്കേണ്ടതില്ലായിരുന്നെങ്കിൽ ഇതിലുമെത്രയോ സന്തോഷവതിയായേനേ അവൾ; പതിനൊന്നു വയസ്സേ ആയിട്ടുള്ളുവെങ്കിൽക്കൂടി വളർച്ചയെത്തിയ ഒരു സുന്ദരിയായിരിക്കുന്നു ആ കുട്ടി. തന്റെ ഉദ്യമത്തിൽ വിജയം കാണുകതന്നെ ചെയ്യും നമ്മുടെ ഡോറത്തി; കുട്ടിയുടെ യജമാനനാകട്ടെ, പണത്തിന്റെ സൗന്ദര്യമല്ലാതെ മറ്റൊരു സൗന്ദര്യവും കണ്ണിൽപ്പെടാത്ത ഒരു പിശുക്കനുമാണ്‌!

Thursday, September 17, 2009

ബോദ്‌ലെയെർ-അന്തിവെളിച്ചം

Twilight_wilderness-F E Church-1860

സന്ധ്യയാവുന്നു. ഒരു പകലത്തെ ജീവിതാധ്വാനം കൊണ്ടു തളർന്ന സാധുക്കളായ ആത്മാക്കൾക്കു മേൽ വലിയൊരു സമാധാനം വന്നിറങ്ങുന്നു; അവരുടെ ചിന്തകളിൽ അന്തിവെളിച്ചത്തിന്റെ ആർദ്രവും സന്ദിഗ്ധവുമായ ഒരു നിറം കലരുകയും ചെയ്യുന്നു.

ഈ സമയത്തു പക്ഷേ മലമുകളിൽ നിന്ന് സുതാര്യമായ സാന്ധ്യമേഘങ്ങൾ നൂണ്‌ ഒരു ഹൂങ്കാരം എന്റെ വരാന്തയിലേക്കെത്തുന്നു; അത്ര ദൂരം താണ്ടി അപസ്വരങ്ങളുടെ ആ കലാപം എന്റെ കാതുകളിലേക്കെത്തുന്നത്‌ ശോകാകുലമായ ഒരു സംഗീതം പോലെയാണ്‌-കടലിന്റെ വേലിയേറ്റം പോലെ,ഉരുണ്ടുകൂടുന്ന കൊടുംകാറ്റു പോലെ.

സായാഹ്നം സാന്ത്വനമണയ്ക്കാത്ത ഭാഗ്യദോഷികൾ അവർ ആരാവാം? കൂമന്മാരെപ്പോലെ പിശാചുമായി സങ്കേതം കുറിക്കാനുള്ള മുഹൂർത്തമായി സന്ധ്യ മാറുന്നതാർക്കാവാം? മലമുകളിലുള്ള ഇരുളടഞ്ഞ ഭ്രാന്താലയത്തിൽ നിന്നാണ്‌ പൈശാചികമായ ആ ഓരിയിടൽ എന്നിലേക്കെത്തുന്നത്‌. സന്ധ്യയ്ക്കൊരു ചുരുട്ടും പുകച്ചുകൊണ്ട്‌ വീടുകൾ തൂന്നുകൂടിക്കിടക്കുന്ന വിശാലമായ താഴ്‌വാരം നോക്കിനിൽക്കെ( ഓരോ ജനാലയും വിളിച്ചുപറയുകയാണ്‌"സമാധാനമുണ്ടിവിടെ,ഒരു സന്തുഷ്ടകുടുംബമുണ്ടിവിടെ") ആശ്ചര്യചകിതമായിപ്പോകുന്ന എന്റെ മനസ്സിനെ സമാധാന പ്പെടുത്താൻ ആ നരകസംഗീതത്തിന്റെ മാറ്റൊലിക്കു കഴിയുന്നുണ്ട്‌.

സന്ധ്യ ഭ്രാന്തന്മാരുടെ മനസ്സിളക്കുന്നു. ഇരുളു വീഴുമ്പോൾ സ്വസ്ഥത കെട്ടിരുന്ന രണ്ടു സുഹ്രുത്തുക്കളെ ഞാനോർക്കുന്നു. ഒരാൾ എല്ലാ മര്യാദയും മറന്ന് ആദ്യം കാണുന്നയാളിനു നേർക്കെടുത്തുചാടും. ഒരിക്കലയാൾ നല്ലൊരു കോഴിക്കറിയെടുത്ത്‌ വിളമ്പുകാരന്റെ നേർക്കെറിയുന്നത്‌ ഞാനെന്റെ കണ്ണുകൊണ്ടു കണ്ടു: തന്നെ അധിക്ഷേപിക്കുന്ന എന്തോ ഗൂഢലിപി അയാൾ ആ കറിയിൽ വായിച്ചെടുക്കുകയായിരുന്നു. അമിതാനന്ദങ്ങളുടെ ക്ഷണിതാവായ സന്ധ്യ പക്ഷേ ഈ മനുഷ്യന്റെ കാര്യത്തിൽ കാമ്യമായതൊക്കെയും തകർക്കുകയാണു ചെയ്തത്‌.

മറ്റേയാൾ, എന്തൊക്കെയോ എത്തിപ്പിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരാൾ, പകൽവെളിച്ചം താഴുന്നതിനൊപ്പം വിഷാദിയും ദുർമ്മുഖനും വഴക്കാളിയുമാവാൻ തുടങ്ങും. പകൽസമയത്ത്‌ ആരുടെയും ഹിതാനുവർത്തിയും സ്നേഹിതനുമായ ഒരാൾ രാത്രിയാവുന്നതോടെ കണ്ണിൽ ചോരയില്ലാത്ത ദുഷ്ടനായി മാറുകയാണ്‌. അന്യരെ മാത്രമല്ല, തന്നെക്കൂടി ആ ഉന്മാദത്തിന്റെ രോഷത്തിന്‌ അയാൾ ഇരയാക്കിയിരുന്നു.

ആദ്യത്തെയാൾ തന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടി തിരിച്ചറിയാനാവാതെ ഭ്രാന്തെടുത്തുമരിച്ചു. മറ്റേയാളാവട്ടെ, തീരാത്ത അശാന്തി ഇപ്പോഴും മനസ്സിൽ പേറിനടക്കുന്നു. ഇനിയെന്തൊക്കെ കീർത്തിമുദ്രകൾ രാഷ്ട്രത്തലവന്മാരും രാജാക്കന്മാരും അയാൾക്കു ചാർത്തിക്കൊടുത്താലും ഭാവനയിലെ ബഹുമതികൾക്കായുള്ള അയാളുടെ തൃഷ്ണയ്ക്ക്‌ സന്ധ്യ തിരികൊളുത്തുമെന്നാണ്‌ എന്റെ വിശ്വാസം. അവരുടെ മനസ്സുകളെ നിഴലടച്ചതാക്കിയ അതേ രാത്രി എങ്ങനെ എന്റെ മനസ്സിനെ പ്രദീപ്തമാക്കുന്നു? ഒരേ കാരണത്തിൽ നിന്നു വിരുദ്ധഫലങ്ങളുണ്ടാവുന്നത്‌ അപൂർവ്വമല്ലെങ്കിൽക്കൂടി എന്നെയതു ഭീതനാക്കുന്നു, ഉത്കണ്ഠാകുലനാക്കുന്നു.

രാത്രീ! നവോന്മേഷം പകരുന്ന താമസീ! എന്നെ വിരുന്നിനു വിളിക്കാൻ വന്നവൾ നീ! മനോവ്യഥയിൽ നിന്നെന്നെ കൈപിടിച്ചു കയറ്റുന്നവൾ! താഴ്‌വരയിലെ ഏകാന്തതയിൽ, നഗരത്തിന്റെ കല്ലുപടുത്ത രാവണൻകോട്ടയിൽ നീ നക്ഷത്രങ്ങളുടെ സ്ഫുരണം, വിളക്കുകളുടെ ജ്വാലാകലാപം- സ്വാതന്ത്ര്യത്തിന്റെ ദേവിയുടെ ദീപക്കാഴ്ചയാണു നീ!

അന്തിവെളിച്ചമേ, എത്ര സൗമ്യയും ആർദ്രയുമാണു നീ! വിജിഗീഷുവായ രാത്രി കീഴടക്കിയ പകലിന്റെ പ്രാണവേദന പോലെ ചക്രവാളത്തിൽ മായാതെനിൽക്കുന്ന പാടലഛവി; അസ്തമയത്തിന്റെ അന്ത്യപ്രതാപത്തിനു മേൽ ചെന്നിറം ചാമ്പുന്ന ദീപയഷ്ടികൾ; ഏതോ അദൃശ്യഹസ്തം കിഴക്കിന്റെ ആഴങ്ങളിലേക്കു വലിച്ചുതാഴ്ത്തുന്ന വർണ്ണത്തുകിലുകൾ-ജീവിതത്തിലെ ഭവ്യമുഹൂർത്തങ്ങളിൽ മനുഷ്യഹൃദയങ്ങൾക്കുള്ളിൽ പരസ്പരം പോരടിക്കുന്ന സങ്കീർണ്ണവികാരങ്ങളുടെ പ്രതിഫലനമാണവ.

ഇനിയഥവാ നർത്തകർ എടുത്തണിയുന്ന ഒരു വിചിത്രവേഷമാണതെന്നും പറഞ്ഞുകൂടേ? ഇരുളടഞ്ഞ വർത്തമാനകാലത്തെ തുളച്ചു പുറത്തുകാണുന്ന മധുരമായൊരു ഭൂതകാലം പോലെ ഇരുണ്ട ജാലികയ്ക്കടിയിലൂടെ മങ്ങിത്തെളിയുന്ന വർണ്ണപ്പാവാട. അതിൽ പറ്റിപ്പിടിച്ചിരുന്ന് മിന്നിമിന്നിക്കത്തുന്ന വെള്ളിനക്ഷത്രങ്ങളും സ്വർണ്ണനക്ഷത്രങ്ങളും-രാത്രിയുടെ കൊടുംശോകത്തിൽ  മാത്രം ആളിക്കത്തുന്ന കാൽപ്പനികാഗ്നിയുമാണത്‌.

Tuesday, September 15, 2009

യോരുബാ നാടൻപാട്ട്‌-മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ

yoruba

ചെളി കെട്ടിയ കുളം മെല്ലെ പുഴയായി മാറുന്നു
അമ്മയുടെ ദീനം മെല്ലെ മരണമായ്‌ മാറുന്നു.
തടി പൊട്ടിയാൽ പിന്നെ കൂട്ടിയിണക്കാം
ദന്തമോ പൊട്ടുന്നതെന്നേക്കുമായി.
മുട്ടയുടയുമ്പോൾ ഒരു കുഴഞ്ഞ രഹസ്യം വെളിവാകുന്നു;
അമ്മ പോയി, തന്റെ രഹസ്യവും കൊണ്ടുപോയി.
അവർ പോയതങ്ങകലെ,
നമ്മളിനി തിരയുന്നതു വെറുതെ-
എന്നാൽ
കാട്ടിലേക്കു പോകുന്ന പേടമാനിനെ കാൺകെ
ആറ്റിലേക്കു നടക്കുന്ന പേടമാനിനെ കാൺകെ
അമ്പുകൾ ആവനാഴിയിൽത്തന്നെ ഇട്ടേക്കുക
മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ.

Monday, September 14, 2009

മാഴ്സൽ ഷ്വോബ്‌ –ഭാവനാജീവിതങ്ങൾ-2

Crates_of_Thebes_Villa_Farnesina

ക്രേറ്റസ്‌-സിനിക്‌

തീബ്സിലാണു ജനനം; ഡയോജനിസിന്റെ ശിഷ്യനായിരുന്നു; അലക്സാണ്ഡറെ കാണുകയും ചെയ്തിട്ടുണ്ട്‌. ധനികനായ അച്ഛൻ അസ്കോന്ദാസിൽ നിന്ന് പിതൃസ്വത്തായി അയാൾക്ക്‌ ഇരുന്നൂറ്‌ താലന്ത്‌ കിട്ടിയിരുന്നു. ഒരുദിവസം യൂറിപ്പിഡീസിന്റെ ഒരു നാടകം കണ്ടുകൊണ്ടിരിക്കെ അയാൾക്കു പെട്ടെന്നൊരു വെളിപാടുണ്ടായി. മൈസിയായിലെ രാജാവായ തെലോഫോസ്‌ ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ കൈയിലൊരു സഞ്ചിയുമായി നിൽക്കുന്നത്‌ അയാൾ കണ്ടു.അയാൾ ഉടനെ ചാടിയെഴുന്നേറ്റു നിന്നുകൊണ്ട്‌ വിളിച്ചുപറഞ്ഞു,തനിക്കു കിട്ടിയ ഇരുന്നൂറു താലന്ത്‌ ആർക്കു വേണമെങ്കിലും എടുക്കാമെന്നും താൻ ഇനിമേലിൽ തെലോഫോസിന്റെ വേഷത്തിലേ നടക്കുന്നുള്ളുവെന്നും. തീബ്സുകാർ അട്ടഹസിച്ചു ചിരിച്ചുകൊണ്ട്‌ അയാളുടെ വീടിനു ചുറ്റും കൂട്ടം കൂടി; അവർ കണ്ടത്‌ അയാൾ തങ്ങളേക്കാൾ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നതാണ്‌. അയാൾ തന്റെ പണവും വീട്ടുസാധനങ്ങളുമൊക്കെയെടുത്ത്‌ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. എന്നിട്ട്‌ ചാക്കു കൊണ്ടുള്ള ഒരു മേലങ്കിയും ഒരു സഞ്ചിയും മാത്രമെടുത്ത്‌ അയാൾ വീടു വിട്ടിറങ്ങി.

അയാൾ ഏതെൻസിലേക്കു പോയി. പകലു മുഴുവൻ അയാൾ തെരുവുകളിൽ അലഞ്ഞുതിരിയും; രാത്രിയിൽ അഴുക്കുപിടിച്ച ചുമരുകളിൽ ചാരിയിരുന്ന് വിശ്രമിക്കും. ഡയോജനിസ്‌ ഉപദേശിച്ചതൊക്കെ അയാൾ പ്രവൃത്തിയിലാക്കി. ഡയോജനിസിന്റെ വീപ്പ ഒരനാവശ്യവസ്തുവായിട്ടാണ്‌ അയാൾക്കു തോന്നിയത്‌:ഒച്ചോ സന്യാസിഞ്ഞണ്ടോ ഒന്നുമല്ലല്ലോ മനുഷ്യൻ. അഴുക്കുകൾക്കിടയിൽ നഗ്നനായി അയാൾ ജീവിച്ചു; അപ്പക്കഷണങ്ങളും അഴുകിയ ഒലീവിലകളും ഉണങ്ങിയ മീൻമുള്ളുകളും പെറുക്കി അയാൾ തന്റെ സഞ്ചി നിറച്ചു. തന്റെ സഞ്ചിയെ തന്റെ നഗരം എന്നാണ്‌ അയാൾ വിളിച്ചിരുന്നത്‌; പരാന്നഭോജികളേയോ വേശ്യകളേയോ അവിടെ കാണാൻ കിട്ടില്ല; തന്റെ രാജാവിനു മതിയായ അപ്പവും വെളുത്തുള്ളിയും അത്തിയും പുതിനയും അവിടെയുണ്ടാകുന്നുണ്ട്‌. അങ്ങനെ ക്രേറ്റസ്‌ തന്റെ രാജ്യത്തെ മുതുകത്തു പേറിക്കൊണ്ടുനടന്നു; അതയാൾക്ക്‌ ഭക്ഷണം നൽകുകയും ചെയ്തു.
krates

പൊതുക്കാര്യങ്ങളിൽ അയാൾ ഒരു താൽപ്പര്യവുമെടുത്തില്ല;അയാൾ അവയെ വിമർശിക്കാനും പോയില്ല. രാജാക്കന്മാരെ കളിയാക്കുന്ന പ്രകടനങ്ങളും അയാൾ കാഴ്ചവച്ചില്ല. ഡയോജനിസിന്റെ ആ സ്വഭാവം അയാൾക്കു ഹിതമായില്ല. ഡയോജനിസ്‌ വിളിച്ചുപറയും,"മനുഷ്യന്മാരേ അടുത്തുവരൂ!" ആരെങ്കിലും അതുകേട്ട്‌ അടുത്തു ചെന്നാൽ അയാൾ വടിയെടുത്ത്‌ അവരെ അടിച്ചോടിക്കും:" ഞാൻ വിളിച്ചത്‌ മനുഷ്യരെയാണ്‌,തീട്ടക്കൂനകളെയല്ല."
ക്രേറ്റസിനു പക്ഷേ മനുഷ്യരോടു സഹാനുഭൂതിയായിരുന്നു. അയാൾക്കാരോടും ഒരു വിദ്വേഷവുമില്ലായിരുന്നു. മുറിവുകൾ അയാൾക്കു പുതുമയായിരുന്നില്ല; നായ്ക്കളെപ്പോലെ അവ നക്കിത്തുടയ്ക്കാൻ തന്റെ ശരീരം വഴങ്ങുന്നില്ലല്ലോ എന്നതു മാത്രമായിരുന്നു അയാളുടെ ഖേദം. മനുഷ്യൻ ഖരഭക്ഷണം കഴിക്കണം,വെള്ളം കുടിക്കണം എന്നു പറയുന്നതിനോടും അയാൾക്കെതിർപ്പായിരുന്നു. ബാഹ്യലോകത്തു നിന്ന് ഒരു സഹായവും വേണ്ടാത്ത രീതിയിൽ മനുഷ്യൻ തന്നെക്കൊണ്ടുതന്നെ എല്ലാം നടത്തിക്കോളണം. അയാളാകട്ടെ വെള്ളമെടുത്തു കുളിയ്ക്കുക എന്നതില്ല; ദേഹത്തു കണ്ടമാനം അഴുക്കു കേറുമ്പോൾ അയാൾ ഏതെങ്കിലും ചുമരിൽ ദേഹമുരച്ചു വൃത്തിയാക്കും; കഴുതകൾ അങ്ങനെ ചെയ്യുന്നത്‌ അയാൾ ഒരിക്കൽ കണ്ടിരുന്നു.ദേവന്മാരെക്കുറിച്ച്‌ അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല; അവരെക്കുറിച്ചോർത്ത്‌ തലപുണ്ണാക്കാനും അയാളില്ല. അവരുണ്ടായാലും ഇല്ലെങ്കിലും തനിക്കതൊരുപോലെയാണ്‌; കാരണം തന്റെ കാര്യത്തിൽ അവർക്കു ചെയ്യാനായി യാതൊന്നുമില്ലല്ലോ. പക്ഷേ അവരെക്കുറിച്ച്‌ ഒരു പരാതി അയാൾക്കുണ്ടായിരുന്നു: മനുഷ്യനെ ആകാശത്തേക്കു നോക്കി നടത്തുക വഴി അവർ അവനെ മനഃപൂർവം ദ്രോഹിക്കുകയാണു ചെയ്തത്‌, നാലുകാലിൽ നടക്കുന്ന മറ്റു ജന്തുക്കൾക്കുള്ള ഒരു കഴിവ്‌ അവനു നിഷേധിക്കുകയാണു ചെതത്‌. മനുഷ്യൻ തിന്നുവേണം ജീവിക്കാൻ എന്നു ദേവകൾ നിശ്ചയിച്ച സ്ഥിതിക്ക്‌ അവർ അവന്റെ നോട്ടം കിഴങ്ങുകൾ വളരുന്ന മണ്ണിലേക്കു തിരിക്കേണ്ടതായിരുന്നു; മനുഷ്യനു നക്ഷത്രങ്ങൾ തിന്നു ജീവിക്കാനാവില്ലല്ലോ.

ജീവിതം ക്രേറ്റസിനോടു കരുണ കാണിച്ചില്ല. അറ്റിക്കായിലെ പൊടിക്കാറ്റിൽ അയാളുടെ കണ്ണുകൾ പീളയടിഞ്ഞു; അജ്ഞാതമായ ഏതോ ചർമ്മരോഗം മൂലം അയാളുടെ ദേഹം മൊത്തം കുരു പൊന്തി. വെട്ടാത്ത നഖങ്ങൾ കൊണ്ട്‌ ദേഹം മാന്തുമ്പോൾ അയാൾ പറയും, തനിക്കിതുകൊണ്ട്‌ രണ്ടുണ്ട്‌ പ്രയോജനമെന്ന്: നഖത്തിന്റെ നീളം കുറയുന്നു, ദേഹത്തിന്റെ കടിയും മാറുന്നു. നീണ്ടു ജടകെട്ടിയ മുടി മഴയും വെയിലും തട്ടാതിരിക്കാൻ പാകത്തിൽ അയാൾ തലയിൽ കെട്ടിവച്ചുനടന്നു.

അലക്സാണ്ഡർ തന്നെ കാണാൻ വന്നപ്പോൾ പ്രത്യേകിച്ചൊരഭിപ്രായപ്രകടനവും അയാൾ നടത്തിയില്ല; ആൾക്കൂട്ടത്തിൽ മറ്റൊരാളായിട്ടേ അയാൾ അദ്ദേഹത്തെ കണ്ടുള്ളു. വിശിഷ്ടവ്യക്തികളെക്കുറിച്ച്‌ അയാൾക്ക്‌ യാതൊന്നും പറയാനുണ്ടായിരുന്നില്ല. ദേവന്മാരുടെ സ്ഥാനമേ അയാളുടെ കണ്ണിൽ അവർക്കുണ്ടായിരുന്നുള്ളു. അയാളെ ആകർഷിച്ചത്‌ മനുഷ്യരാണ്‌, എത്ര ലളിതമായി ജീവിക്കാം എന്നതാണ്‌. ഡയോജനിസിന്റെ ധാർമ്മികരോഷങ്ങൾ അയാൾക്കു ചിരിക്കാനുള്ള വകയായിരുന്നു. അത്തരം വഷളൻചിന്തകൾക്കതീതനാണു താനെന്ന് അയാൾ കരുതിപ്പോന്നു. ഡൽഫിയിലെ ക്ഷേത്രകവാടത്തിൽ എഴുതിവച്ചിട്ടുള്ള സൂക്തം അൽപമൊന്നു ഭേദപ്പെടുത്തി അയാൾ പറയും:"നിന്നെത്തന്നെ കാണുക!" അറിവിനുള്ള സാധ്യത തന്നെ ഒരസംബന്ധമായിട്ടാണ്‌ അയാൾക്കു തോന്നിയത്‌. തന്റെ ശാരീരികാവശ്യങ്ങളായിരുന്നു അയാളുടെ പഠനവിഷയം; അതു കഴിയുന്നത്ര കുറയ്ക്കുക എന്നതായിരുന്നു അയാളുടെ യത്നം. ഡയോജനിസ്‌ നായയെപ്പോലെ കടിക്കുമായിരുന്നു, പക്ഷെ ക്രേറ്റസ്‌ നായായിത്തന്നെ ജീവിച്ചു.
Crates_and_Hipparchia_Villa_Farnesina

മെട്രോക്ലിസ്‌ എന്നു പേരായി ഒരു ശിഷ്യൻ അയാൾക്കുണ്ടായിരുന്നു. മരോണായിലെ ഒരു ധനികകുടുംബത്തിലെ അംഗമായിരുന്നു അയാൾ. അയാളുടെ സഹോദരി, സുന്ദരിയായ ഹിപ്പാർക്കിയ ക്രേറ്റസിനോടു പ്രേമത്തിലായി. അസാധ്യമായി തോന്നാമെങ്കിലും നടന്ന കാര്യമാണത്‌. അയാളുടെ ദാരിദ്ര്യമോ വൃത്തികേടോ പരസ്യമായ ജീവിതരീതിയോ യാതൊന്നും അവളെ പിന്തിരിപ്പിച്ചില്ല. തെരുവുകളിൽ നായ്ക്കളെപ്പോലെ നടന്നാണു താൻ ജീവിക്കുന്നതെന്നും ചവറ്റുകൂനകളിലെ എല്ലുകളാണു തന്റെ ഭക്ഷണമെന്നും അയാൾ അവളെ ഓർമ്മപ്പെടുത്തി. മറ്റൊന്നു കൂടിയുണ്ട്‌: ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിൽ ഒരു രഹസ്യവും ഉണ്ടായിരിക്കുന്നതല്ല; തനിക്കു വേണമെന്നു തോന്നുമ്പോൾ താൻ അവളുമായി നായ്ക്കളെപ്പോലെ പരസ്യമായി ഇണചേരുകയും ചെയ്യും. ഹിപ്പാർക്കിയ എല്ലാറ്റിനും തയ്യാറായിരുന്നു. അച്ഛനമ്മമാർ അവളെ പറഞ്ഞുപിന്തിരിപ്പിക്കാൻ നോക്കി. താൻ ജീവിതം അവസാനിപ്പിക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തി; അവർ ഒടുവിൽ അവളെ അവളുടെ വഴിക്കു വിട്ടു. അങ്ങനെ ഒരൊറ്റത്തുണി കൊണ്ട്‌ നഗ്നത മറച്ച്‌, മുടി അഴിച്ചിട്ട്‌ അവൾ മരോണാ വിട്ടു. അന്നു മുതൽ അവൾ അയാളെപ്പോലെ വേഷം ധരിച്ച്‌ അയാളോടൊപ്പം ജീവിക്കാൻ തുടങ്ങി. അവർക്കൊരു മകനുണ്ടായിരുന്നുവെന്നും പാസിക്ലിസ്‌ എന്നാണവന്റെ പേരെന്നും പറഞ്ഞുകേൾക്കുന്നുണ്ട്‌; പക്ഷേ അതിനു തെളിവൊന്നുമില്ല.

ഹിപ്പാർക്കിയ പാവങ്ങളോടു കരുണയുള്ളവളായിരുന്നു. രോഗികളെ അവൾ തന്റെ കൈകൊണ്ടു തലോടി ആശ്വസിപ്പിക്കും; അവരുടെ വ്രണങ്ങൾ ഒരറപ്പും കൂടാതെ അവൾ വൃത്തിയാക്കും. ആടുകൾക്കും നായ്ക്കൾക്കും സ്വജാതികളെങ്ങനെയോ അതുപോലെയായിരുന്നു അവൾക്ക്‌ മറ്റു മനുഷ്യർ. തണുപ്പു കൂടിയ രാത്രികളിൽ അവളും ക്രേറ്റസും പാവങ്ങളെ അടുക്കിപ്പിടിച്ചു കിടന്നുറങ്ങും. വാക്കുകളില്ലാത്ത ആ കാരുണ്യം അവർ പഠിച്ചത്‌ ജന്തുക്കളിൽ നിന്നാണ്‌. തങ്ങളെ സമീപിക്കുന്നവർ അവർക്കൊരുപോലെയായിരുന്നു. മനുഷ്യജീവിയെങ്കിൽ അതുമതി.
ക്രേറ്റസിന്റെ ഭാര്യയെക്കുറിച്ച്‌ നമുക്കുള്ള വിവരം ഇത്രമാത്രമാണ്‌. അവൾ മരിച്ചതെന്നാണെന്നോ എങ്ങനെയാണെന്നോ നമുക്കറിയില്ല. അവളുടെ സഹോദരനായ മെട്രോക്ലിസ്‌ ക്രേറ്റസിനെ ആരാധിക്കുകയും അയാൾ ചെയ്തതുപോലെയൊക്കെ ചെയ്യുകയും ചെയ്തു. പക്ഷേ അയാൾക്കു മനസ്സമാധാനമില്ലായിരുന്നു. നിയന്ത്രണമില്ലാത്ത അധോവായു അയാൾക്കൊരു പ്രശ്നമായിരുന്നു. മനസ്സു മടുത്ത്‌ അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഇതറിഞ്ഞ ക്രേറ്റസ്‌ കുറെ പയർമണിയെടുത്തു വായിലിട്ടു ചവച്ചുകൊണ്ട്‌ മെട്രോക്ലിസിനെ കാണാൻ ചെന്നു. തന്റെ രോഗം കൊണ്ടുള്ള നാണക്കേട്‌ തനിക്കിനി സഹിക്കാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞപ്പോൾ ക്രേറ്റസ്‌ തന്റെ ശിഷ്യനു മുന്നിൽ നിന്നുകൊണ്ട്‌ അധോവായു വിടുകയും പ്രകൃതി എല്ലാവരെയും ഒരേ വ്യാധികൾക്കു വിധേയരാക്കുന്നുവെന്ന് അയാളെ ബോധവാനാക്കുകയും ചെയ്തു. മറ്റുള്ളവരെപ്രതി നാണക്കേടു തോന്നിയതിന്‌ അയാളെ ശാസിച്ചുകൊണ്ട്‌ ക്രേറ്റസ്‌ അയാളെ വിളിച്ചുകൊണ്ടുപോയി.

അവർ പിന്നെ വളരെക്കാലം ഹിപ്പാർക്കിയായുമൊരുമിച്ച്‌ ഏതൻസിലെ തെരുവുകളിൽ ജീവിച്ചു. അവർ അന്യോന്യം സംസാരിക്കുക ചുരുക്കമായിരുന്നു; അവർക്കു നാണിക്കാൻ യാതൊന്നുമുണ്ടായിരുന്നതുമില്ല. ഒരേ ചവറ്റുകൂനകളിൽ ഭക്ഷണം തിരയുമ്പോൾ നായ്ക്കൾക്കവരെ ബഹുമാനമായിരുന്നുവെന്നു തോന്നുന്നു. വിശപ്പിന്റെ കാഠിന്യത്തിൽ ഒരേ എല്ലിനു വേണ്ടി മനുഷ്യനും നായയും കടിപിടി കൂടിയേക്കാം; പക്ഷേ ക്രേറ്റസിന്റെ ജീവചരിത്രകാരന്മാർ അങ്ങനെയൊരു സംഭവം രേഖപ്പെടുത്തിക്കാണുന്നില്ല. ക്രേറ്റസ്‌ മരിക്കുമ്പോൾ പ്രായമേറെയായിരുന്നു. അവസാനകാലത്ത്‌ പിറേയൂസിൽ നാവികർ ചരക്കിറക്കിവയ്ക്കുന്ന ഒരു പണ്ടകശാലയുടെ ചായ്പ്പിൽ അയാൾ ഒരേ കിടപ്പായിരുന്നുവെന്ന് നമുക്കറിയാം; കടിച്ചുകാരാൻ എല്ലിനു വേണ്ടി അയാൾ പിന്നെ എങ്ങും പോയില്ല; കൈ ഒന്നു നീട്ടാൻ കൂടി അയാൾ വിസമ്മതിച്ചു. ഒടുവിൽ വിശന്നുമരിച്ച നിലയിൽ അയാളെ കണ്ടെത്തുകയായിരുന്നു.

 

crates of Thebes

Life of Crates

ബോദ്‌ലെയെർ-ഘടികാരം

baude7

ചൈനാക്കാർ സമയമറിയുന്നത്‌ പൂച്ചയുടെ കണ്ണിൽ നോക്കിയാണ്‌.

ഒരിക്കൽ നാങ്കിങ്ങിന്റെ പ്രാന്തദേശത്തു കൂടി നടന്നുപോവുകയായിരുന്ന ഒരു മിഷനറി താൻ വാച്ചെടുക്കാൻ മറന്നതോർത്തിട്ട്‌ ഒരു കുട്ടിയോട്‌ സമയമെന്തായെന്നു ചോദിച്ചു.
സ്വർഗ്ഗീയസാമ്രാജ്യത്തിലെ ആ യുവപ്രജ ആദ്യമൊന്നു ശങ്കിച്ചിട്ട്‌ "ഞാൻ ഇപ്പോൾത്തന്നെ പറയാം" എന്നു മറുപടി നൽകി. അൽപനേരം കഴിഞ്ഞ്‌ അവൻ വീണ്ടും വരുമ്പോൾ കൈയിൽ ഭീമനൊരു പൂച്ചയുമുണ്ടായിരുന്നു. അതിന്റെ കണ്ണുകളുടെ വെള്ളയിൽ നോക്കിയിട്ട്‌ അവൻ ഇങ്ങനെ പ്രഖ്യാപിച്ചു:"ഉച്ചയായിട്ടില്ല." അതു കൃത്യവുമായിരുന്നു.

എന്റെ കാര്യം പറയട്ടെ: സുന്ദരിയായ ഫിലൈൻ *(അന്വർത്ഥമാണേ ആ പേര്‌) -പെൺജാതിക്കൊരു തിലകം,എന്റെ നെഞ്ചിനഭിമാനം,എന്റെ ആത്മാവിന്റെ സുഗന്ധം-രാത്രിയാവട്ടെ പകലാവട്ടെ,ഇരുട്ടോ വെളിച്ചമോ ആവട്ടെ,അവളുടെ കണ്ണിന്നാഴങ്ങളിലേക്കു നോക്കുമ്പോൾ സമയം കൃത്യമായിട്ടെനിക്കറിയാം: ഒരേ സമയമാണത്‌,വിപുലമായ ഒരു മുഹൂർത്തം,സ്ഥലരാശി പോലെ പരന്നത്‌,മിനുട്ടുകളോ സെക്കന്റുകളോ ആയി വിഭജിക്കാത്തത്‌,-ചലനമറ്റ ഒരു മുഹൂർത്തം,അതു ഘടികാരങ്ങളിൽ കാണില്ല; എന്നാൽ ഒരു നിശ്വാസം പോലെ ലോലമാണത്‌, ഒരിമവെട്ടൽ പോലെ ദൃതവും.

എന്റെ നോട്ടം നിർവൃതിദായകമായ ആ ഘടികാര-മുഖത്തു പറ്റിയിരിക്കുന്ന നേരത്ത്‌ ഏതെങ്കിലും രസംകൊല്ലി കയറിവന്ന് എന്നെ ശല്യപ്പെടുത്തിയെന്നിരിക്കട്ടെ,ദുർവ്വിനീതനും ക്ഷമകെട്ടവനുമായ ഒരു ജിന്ന്,അശുഭകാലത്തിന്റെ ദുരാത്മാവു വന്നെന്നെ ഇങ്ങനെ ചോദ്യം ചെയ്തെന്നിരിക്കട്ടെ:"താനെന്താ ഇത്ര സൂക്ഷിച്ചുനോക്കുന്നത്‌? ആ ജീവിയുടെ കണ്ണുകളിൽ താൻ തേടുന്നതെന്തിനെയാണ്‌? അലസനും മുടിയനുമായ മനുഷ്യാ, തനിക്കതിൽ സമയമറിയാൻ പറ്റുന്നുണ്ടോ?" എന്റെ എടുത്തടിച്ച മറുപടി ഇതായിരിക്കും:"അതെ,ഞാൻ കാണുന്നുണ്ട്‌ സമയം-നിത്യതയാണത്‌!"

ഉചിതമയൊരു പ്രണയഗാനമല്ലേ ശ്രീമതീ, ഇത്‌; നിന്നെപ്പോലെതന്നെ ജാഡ നിറഞ്ഞതും? സത്യം പറയാമല്ലോ, അത്ര രസം പിടിച്ചാണീ വീരകൃത്യം ഞാൻ ചെയ്തതെന്നതിനാൽ പകരം നീ എന്തു തരുമെന്നു ഞാൻ ചോദിക്കുന്നുമില്ല.

 

*മാർജ്ജാരജാതി

Sunday, September 13, 2009

മാഴ്സൽ ഷ്വോബ്‌ –ഭാവനാജീവിതങ്ങൾ-1

                                                                                   

Marcel_Schwob

മാഴ്സൽ ഷ്വോബ്‌ (1867-1905)

മല്ലാർമെ,ഷീദ്‌,ലിയോൺ ബ്ലോയ്‌,ഷൂൾ റെനാർഡ്‌ ഇവരെപ്പോലെ സിംബലിസ്റ്റ്‌ കാലത്തിന്റെ ഒരു പ്രതിനിധിയാണ്‌ മാഴ്സൽ ഷ്വോബും.ആർ.എൽ.സ്റ്റീവെൻസന്റെ കൃതികൾ ആദ്യമായി ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്യുന്നത്‌ അദ്ദേഹമാണ്‌; ശലോമി എന്ന നാടകം ഫ്രഞ്ചിലെഴുതാൻ ഓസ്ക്കാർ വൈൽഡിനെ സഹായിച്ചതും ഷ്വോബാണ്‌. ഇരട്ടഹൃദയം(1891),സ്വർണ്ണമുഖംമൂടിയണിഞ്ഞ രാജാവ്‌(1892),ഭാവനാജീവിതങ്ങൾ എന്നിവയാണ്‌ പ്രധാനകൃതികൾ.

ഭാവനാജീവിതങ്ങൾ ഇരുപത്തിരണ്ട്‌ സാങ്കൽപ്പികജീവചരിത്രങ്ങളുടെ ഒരു സമാഹാരമാണ്‌. അവരിൽ ചരിത്രപുരുഷന്മാരുണ്ട്‌,ആഭിചാരക്കാരുണ്ട്‌,കലാപകാരികളുണ്ട്‌,കലാകാരന്മാരുണ്ട്‌,തത്വചിന്തകന്മാരുണ്ട്‌,കുപ്രസിദ്ധരായ കുറ്റവാളികളുമുണ്ട്‌. മനുഷ്യജീവിതത്തിന്റെ വൈവിധ്യം പൂർണ്ണതോതിൽത്തന്നെ.ഇക്കാര്യത്തിൽ ജോർജ്ജ്‌ ലൂയി ബോർഹസിനും അൽഫോൺസോ റെയ്സിനും വഴികാട്ടിയായത്‌ ഷ്വോബ്‌ ആണെന്നു പറയണം.

uccello

1. പൗലോ ഉചെല്ലോ-ചിത്രകാരൻ

                                                                                               

അയാളുടെ ശരിക്കുള്ള പേര്‌ പൗലോ ഡി ഡോണോ എന്നായിരുന്നു; എന്നാൽ ഫ്ലോറൻസുകാർ അയാളെ വിളിച്ചുപോന്നത്‌ പൗലോ ഉചെല്ലോ അഥവാ പക്ഷിക്കാരൻ ഉചെല്ലോ എന്നാണ്‌; അയാളുടെ വീടു നിറയെ പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളായിരുന്നു എന്നതാണതിനു കാരണം. മൃഗങ്ങളെ പോറ്റാനോ തനിക്കു പരിചയമില്ലാത്തവയെ വാങ്ങിവളർത്താനോ തന്റെ ദാരിദ്ര്യം അയാളെ അനുവദിച്ചുമില്ല. പാദുവായിൽ വച്ച്‌ അയാൾ ചതുർഭൂതങ്ങളുടെ ഒരു ചുമർചിത്രം വരച്ചതിനെക്കുറിച്ച്‌ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്‌: അതിൽ വായുവിനെ പ്രതിനിധാനം ചെയ്യാൻ അയാൾ ഒരോന്തിനെയാണ്‌ വരച്ചത്‌; പക്ഷേ ഓന്തിനെ കണ്ടിട്ടേയില്ലാത്ത ഉചെല്ലോ അതിനെ ചിത്രീകരിച്ചത്‌ ഉന്തിയ വയറും തുറന്ന വായയുമൊക്കെയായി ഒരൊട്ടകത്തെപ്പോലെയും.(അതേസമയം,വാസരി വിശദീകരിക്കുന്നതുപോലെ, ഓന്ത്‌ ശുഷ്കിച്ച പല്ലി പോലത്തെ ഒരു ജന്തുവും ഒട്ടകം പൂഞ്ഞയുള്ള ഒരു തടിയൻ മൃഗവുമാണല്ലോ.) ഉചെല്ലോയ്ക്കു പക്ഷേ വസ്തുക്കളുടെ യാഥാർത്ഥ്യം പ്രശ്നമായിരുന്നില്ല; അവയുടെ വൈവിധ്യവും അവയുൾക്കൊള്ളുന്ന അനന്തരേഖകളുമാണ്‌ അയാളെ ആകർഷിച്ചത്‌. അങ്ങനെ അയാളുടെ ചിത്രങ്ങളിൽ പാടങ്ങൾക്കു നീലനിറമായി,നഗരങ്ങൾക്കു ചുവപ്പുരാശിയായി,തീതുപ്പുന്ന കരിംകുതിരകൾക്കു മേൽ കറുത്ത പടച്ചട്ടയണിഞ്ഞ പടയാളികൾ സൂര്യരശ്മികൾ പോലെ ആകാശത്തെ തുളച്ചുകേറുന്ന കുന്തങ്ങളും പേറി പാഞ്ഞുപോയി. മസോച്ചിയോ വരയ്ക്കുന്നത്‌ അയാളുടെ മറ്റൊരു താൽപര്യമായിരുന്നു: തലയിൽ വച്ചാൽ തുണിയുടെ മടക്കുകൾ വീണ്‌ മുഖം മറയ്ക്കുന്ന ഒരു പ്രത്യേകതരം തലപ്പാവാണീ മസോച്ചിയോ.അയാൾ ചതുരത്തിലും കൂർത്തതും കൂമ്പിച്ചതുമൊക്കെയായി മസോച്ചിയോ വരച്ചു; സാധ്യമായ എല്ലാ പരിപ്രേക്ഷ്യങ്ങൾക്കുമനുസൃതമായി അയാൾ അവയെ ചിത്രീകരിച്ചു; മസോച്ചിയോയുടെ മടക്കുകളിൽ ബന്ധങ്ങളുടെ ഒരു ലോകം തന്നെ അയാൾ കണ്ടെത്തി. ശിൽപ്പിയായ ഡൊണാടെല്ലോ അയാളോടു പറയാറുണ്ടായിരുന്നു:"അല്ലാ പൗലോ, താൻ വസ്തുക്കളെ ഉപേക്ഷിച്ച അവയുടെ നിഴലിനു പിന്നാലെ പോവുകയാണല്ലോ."

uccello-Micheletto-da-Cotignola-Engages-in-Battle-1450s-small

പക്ഷേ ഉചെല്ലോ തന്റെ ജോലി ക്ഷമയോടെ ചെയ്തുപോന്നു; അയാൾ വൃത്തങ്ങൾ ഘടിപ്പിച്ചു, കോണുകൾ വിഭജിച്ചു, സർവ്വസൃഷ്ടികളേയും സാധ്യമായ നിലകളിലൊക്കെ പരിശോധിച്ചു. സ്നേഹിതനായ ജിയോവന്നി മനേറ്റി എന്ന ഗണിതജ്ഞനിൽ നിന്ന് അയാൾ യൂക്ലിഡിന്റെ ഗണിതസിദ്ധാന്തങ്ങൾ മനസ്സിലാക്കി; എന്നിട്ടയാൾ മുറിയിൽ അടച്ചിരുന്ന് പലകകളും തോൽച്ചുരുണകളും ബിന്ദുക്കളും വക്രരേഖകളും കൊണ്ടു നിറച്ചു. ഫിലിപ്പോ ബ്രൂണെലെച്ചിയുടെ സഹായത്തോടെ അയാൾ വാസ്തുവിവ്ദ്യയും പഠിച്ചു; അതു പക്ഷേ നിർമ്മാണം ഉദ്ദേശിച്ചൊന്നുമായിരുന്നില്ല. അസ്ഥിവാരത്തിൽ നിന്ന് സ്തൂപാഗ്രങ്ങളിലേക്കു രേഖകൾ നീളുന്നതെങ്ങനെ,നേർരേഖകൾ ഒരേ ബിന്ദുവിൽ സന്ധിക്കുന്നതെങ്ങനെ,കമാനങ്ങൾ ആണിക്കല്ലുകളിൽ നിന്നു തിരിയുന്നതെങ്ങനെ, നീണ്ട മുറികൾക്കറ്റത്ത്‌ കഴുക്കോലുകൾ വിശറി പോലെ ചുരുണ്ടുകൂടുന്നതെങ്ങനെ ഇതൊക്കെയേ അയാൾക്കറിയേണ്ടിയിരുന്നുള്ളു. സകല ജന്തുക്കളേയും അവയുടെ ചലനങ്ങളേയും മനുഷ്യരുടെ വിവിധ ചേഷ്ടകളേയും അയാൾ ചിത്രീകരിച്ചു; എന്നുപറഞ്ഞാൽ കേവലരേഖകളായി അയാൾ അവയെ ലഘൂകരിച്ചു.
uccello-Miracle-of-the-Desecrated-Host-(Scene-1)-1465-69-small

പിന്നെ, ലോഹങ്ങളുടെയും രാസദ്രവ്യങ്ങളുടെയും മിശ്രിതം ഉലയിലേക്കൊഴിച്ച്‌ അവ സ്വർണ്ണമായി ഉരുകിക്കൂടാൻ നോക്കിയിരിക്കുന്ന അൽകെമിസ്റ്റിനെപ്പോലെ അയാൾ ആ രൂപങ്ങളെല്ലാം കൂടി ഒരു മൂശയിലേക്കു പകർന്നു.എന്നിട്ടയാൾ അവയെ കൂട്ടുകയും കലർത്തുകയും ഉരുക്കുകയും ചെയ്തു; മറ്റു രൂപങ്ങൾക്കാധാരമായ ആ ഒരു കേവലരൂപത്തിലേക്ക്‌ അയാൾക്കവയെ രൂപാന്തരപ്പെടുത്തണം.അതിനു വേണ്ടിയാണ്‌ പൗലോ ഉചെല്ലോ തന്റെ കുടിലിനുള്ളിൽ അടച്ചിട്ടുകഴിഞ്ഞത്‌. സർവ്വരേഖകളേയും കൂടി ഒരൊറ്റ ആദർശരൂപത്തിൽ ലയിപ്പിക്കാനാവുമെന്ന് അയാൾ വിശ്വസിച്ചു. സൃഷ്ടലോകത്തെ ദൈവം കണ്ടപോലെ കാണാൻ അയാൾ കൊതിച്ചു. സർവ്വരൂപങ്ങളും ഒരൊറ്റ സങ്കീർണ്ണകേന്ദ്രത്തിൽ നിന്നുത്ഭവിക്കുന്നതായി കാണുന്ന കണ്ണാണല്ലോ ദൈവത്തിന്റേത്‌. ഘിബെർട്ടി, ഡെല്ലാ റോബിയാ,ബ്രൂണെല്ലെച്ചി,ഡൊണാടെല്ലോ ഇവരൊക്കെ അയാളുടെ അയൽക്കാരായിരുന്നു; തങ്ങളുടെ കലകളിൽ പ്രവീണന്മാരും അതിൽ അഭിമാനിക്കുന്നവരുമായിരുന്നു. അവർക്കു പാവം ഉചെല്ലോയെയും പരിപ്രേക്ഷ്യങ്ങൾക്കു മേലുള്ള അയാളുടെ ഭ്രാന്തിനേയും പുച്ഛമായിരുന്നു. മാറാല കെട്ടിയ ദരിദ്രം പിടിച്ച അയാളുടെ കുടിൽ അവർക്കു പറഞ്ഞുചിരിക്കാനുള്ള വിഷയമായിരുന്നു. പക്ഷേ അവരെക്കാൾ അഭിമാനിയായിരുന്നു ഉചെല്ലോ. രേഖകളുടെ ഓരോ പുതുചേരുവയിലും താനിതാ സൃഷ്ടിയുടെ രീതി കണ്ടെത്താറായി എന്നയാൾ മോഹം കൊണ്ടു. അനുകരണമായിരുന്നില്ല അയാളുടെ ലക്ഷ്യം; സകലവസ്തുക്കളേയും സൃഷ്ടിക്കാൻ വേണ്ട ശക്തി-അതാണയാൾ തേടിയത്‌. മഹാനായ ഡൊണാടെല്ലോയുടെ ഗംഭീരമായ മാർബിൾശിൽപ്പങ്ങളേക്കാൾ അയാൾക്കു പ്രചോദകമായത്‌ തന്റെ മസോച്ചിയോയുടെ വിചിത്രമായ ആലേഖനങ്ങളായിരുന്നു.
uccello-Head-of-Prophet-3-1443-small

അങ്ങനെയാണയാൾ ജീവിച്ചത്‌: ഒരു സന്യാസിയെപ്പോലെ, ഒരു ശിരോവസ്ത്രം കൊണ്ടു തല മൂടി ,എന്തു കഴിക്കുന്നു എന്തു കുടിക്കുന്നു എന്നു പോലും ശ്രദ്ധിക്കാതെ.

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുൽപ്പരപ്പിൽ വച്ച്‌ പുല്ലിൽ പാതി മറഞ്ഞുകിടന്ന ഒരു കൂട്ടം പ്രാചീനശിലകൾക്കരികിലായി അയാൾ ഒരു പെൺകുട്ടിയെ കണ്ടുമുട്ടി; ഒരു പൂമാല തലയിലണിഞ്ഞുനിന്ന് ചിരിക്കുകയായിരുന്നു അവൾ.അരയിൽ ഒരു മഞ്ഞനാട കൊണ്ടു വാരിക്കെട്ടിയ ഒരു നേർത്ത ഉടുപ്പാണ്‌ അവൾ ധരിച്ചിരുന്നത്‌; അവളുടെ ചലനങ്ങളാകട്ടെ അവൾ തലോടിക്കൊണ്ടുനിൽക്കുന്ന ആ പുൽക്കൊടികളെപ്പോലെത്തന്നെ അത്ര വിലോലവുമായിരുന്നു. അവളുടെ പേര്‌ സെൽവാഗിയാ എന്നായിരുന്നു; അവൾ ഉചെല്ലൊയെ നോക്കി പുഞ്ചിരി തൂകി. അയാൾ അവളുടെ പുഞ്ചിരിയുടെ വക്രരേഖ ശ്രദ്ധിച്ചു; അവൾ തന്നെ കണ്ണുയർത്തി നോക്കിയപ്പോൾ കൺപീലികളുടെ നേർത്ത രേഖകളും കൺമണികളുടെ വൃത്തങ്ങളും കണ്ണിമകളുടെ വളവുകളും മുടിനാരുകളുടെ സൂക്ഷ്മമായ ഇഴയോട്ടവും അയാൾ കണ്ടു. അവൾ നെറ്റിയിലണിഞ്ഞിരുന്ന പൂമാല അയാൾ മറ്റനേകം രീതികളിൽ മനസ്സിൽ കണ്ടു. സെൽവാഗിയോ പക്ഷേ ഇതൊന്നും അറിഞ്ഞില്ല; അവൾക്കു പതിമൂന്നു വയസ്സേ ആയിട്ടുള്ളു. അവൾ അയാളുടെ കരം ഗ്രഹിച്ചു; അവൾക്കയാളെ ഇഷ്ടവുമായി. അവൾ ഫ്ലോറൻസുകാരൻ ഒരു ചായംമുക്കുകാരന്റെ മകളായിരുന്നു; അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമതും കെട്ടി; രണ്ടാനമ്മയുടെ ഉപദ്രവം സഹിക്കാതെ വീട്ടിൽ നിന്നിറങ്ങിയതാണവൾ. ഉചെല്ലോ അവളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഉചെല്ലോ തന്റെ ആദർശരൂപങ്ങൾ വരച്ചുകൂട്ടിയ ചുമരിനു മുന്നിലിരുന്ന് സെൽവാഗിയാ പകലു മുഴുവൻ കഴിച്ചുകൂട്ടും. തന്നെ കണ്ണുകളുയർത്തി നോക്കുന്ന ലോലമുഖത്തെ വിട്ട്‌ ഋജുവും വക്രവുമായിട്ടുള്ള ആ രേഖകളെ നോക്കിയിരിക്കാൻ അയാൾ ഇഷ്ടപ്പെട്ടതെന്തു കൊണ്ടാണെന്ന് അവൾക്കു മനസ്സിലായതേയില്ല. രാത്രിയിൽ ബ്രൂണെലെച്ചിയോ മനേറ്റിയോ ഉചെല്ലൊയെ കാണാൻ വരും; അർദ്ധരാത്രിയിൽ അവർ വായനയിലും പഠനത്തിലും മുഴുകിയിരിക്കുമ്പോൾ പരസ്പരം ഖണ്ഡിക്കുന്ന രേഖകൾക്കു കീഴെ വിളക്കിന്റെ ചുവട്ടിലുള്ള നിഴൽവട്ടത്തിനുള്ളിൽക്കിടന്ന് അവൾ ഉറക്കം പിടിക്കും. രാവിലെ അവൾ ഉചെല്ലൊയെക്കാൾ നേരത്തേ ഉണരും. ചിത്രത്തിലെഴുതിയ പക്ഷികൾക്കും വിവിധവർണ്ണത്തിലുള്ള മൃഗങ്ങൾക്കുമിടയിൽ ഉറക്കമുണരുക അവൾക്കിഷ്ടമായിരുന്നു. ഉചെല്ലോ അവളുടെ ചുണ്ടുകളും കണ്ണുകളും മുടിയും കൈകളും ചിത്രത്തിലാക്കി; അവളുടെ ശരീരത്തിന്റെ സർവ്വഭാവങ്ങളും അയാൾ രേഖപ്പെടുത്തി. പക്ഷേ മറ്റു ചിത്രകാരന്മാർ ചെയ്യാറുള്ള പോലെ താൻ സ്നേഹിക്കുന്ന സ്ത്രീയുടെ ഛായാചിത്രം വരയ്ക്കാൻ അയാൾ തയാറായില്ല. ഒരു വ്യക്തിയിൽത്തന്നെ തങ്ങിനിൽക്കുന്നതിന്റെ ആനന്ദം അയാൾക്കജ്ഞാതമായിരുന്നല്ലോ.സ്ഥലരാശിക്കു മേൽ പാറിനിൽക്കാനായിരുന്നു അയാൾക്കു കൊതി. മൃഗങ്ങളുടെ ചലനങ്ങൾ, സസ്യങ്ങളുടെയും ശിലകളുടെയും രേഖകൾ, പ്രകാശരശ്മികൾ,മേഘങ്ങളുടെ മറിയലുകൾ, കടലിലെ തിരയിളക്കങ്ങൾ ഇവയ്ക്കൊപ്പം സെൽവാഗിയായുടെ രൂപങ്ങളും അയാൾ തന്റെ മൂശയിലേക്കിട്ടു. സെൽവാഗിയായെ മറന്നിട്ട്‌ താൻ രൂപത്തെ വാർത്തെടുക്കുന്ന മൂശയെത്തന്നെ ധ്യാനിച്ച്‌ അയാൾ ജീവിച്ചു.

അങ്ങനെപോകെ ഉചെല്ലൊയുടെ വീട്ടിൽ ആഹാരത്തിനുള്ളതൊക്കെ തീർന്നു. ഡൊണാടെല്ലോയോടോ മറ്റാരോടെങ്കിലുമോ ഇക്കാര്യം പറയാൻ സെൽവാഗിയാ ധൈര്യപ്പെട്ടുമില്ല. എല്ലാം ഉള്ളിലൊതുക്കി അവൾ മരിച്ചു. ഉചെല്ലോ അവളുടെ ദേഹത്തിന്റെ മരവിപ്പും മെലിഞ്ഞ കൈകളുടെ ചേർപ്പുകളും ആ പാവം കണ്ണുകളുടെ രേഖകളും വരച്ചെടുത്തു. അവൾ മരിച്ചുവെന്ന് അയാൾ അറിഞ്ഞില്ല; അവൾ ജീവിച്ചിരുന്നതും അയാൾ അറിഞ്ഞിരുന്നില്ലല്ലോ.

പക്ഷിക്കാരനു പ്രായമേറി; അയാളുടെ ചിത്രങ്ങൾ ആർക്കും കണ്ടാൽ മനസ്സിലാകാതെയായി. വക്രരേഖകളുടെ ഒരു കലാപമായിരുന്നു അവ. ഭൂമിയോ സസ്യമോ മൃഗമോ മനുഷ്യനോ ഒന്നും അവയിൽ നിന്നു കണ്ടെടുക്കാനാവുമായിരുന്നില്ല. കുറേ വർഷങ്ങളായി അയാൾ തന്റെ പ്രകൃഷ്ടകൃതിയുടെ പണിയിലായിരുന്നു. ആരെയും അയാൾ അതു കാണിച്ചിട്ടില്ല. തന്റെ ഇതേവരെയുള്ള ഗവേഷണങ്ങളുടെയൊക്കെ ഫലവും സാരവുമാണയാൾക്കത്‌. അതിന്റെ വിഷയമാകട്ടെ-സംശയാലുവായ തോമസ്‌ യേശുക്രിസ്തുവിന്റെ തിരുമുറിവ്‌ സ്പർശിക്കുന്നു-ആ ഗവേഷണങ്ങളുടെ പ്രതീകവുമായിരുന്നു. എമ്പതാമത്തെ വയസ്സിൽ ഉചെല്ലോ തന്റെ ചിത്രം പൂർത്തിയാക്കി. ഡൊണാട്ടെല്ലോയ്ക്ക്‌ ആളയച്ചുവരുത്തി അയാൾ തന്റെ ചിത്രം ഭവ്യതയോടെ അനാവരണം ചെയ്തു. ഡൊണാടെല്ലോ വിളിച്ചുപറഞ്ഞു:'ഉചെല്ലോ, താനാ ചിത്രം മൂടൂ!"പക്ഷിക്കാരൻ ആ മഹാനായ ശിൽപ്പിയോട്‌ എടുത്തെടുത്തു ചോദിച്ചു; പക്ഷേ അദ്ദേഹം മൗനം പാലിച്ചതേയുള്ളു.അങ്ങനെ താനാ ദിവ്യാത്ഭുതം നിറവേറ്റിയതായി ഉചെല്ലോ അറിഞ്ഞു. അതേസമയം ഡൊണാടെല്ലോ ആകട്ടെ, രേഖകളുടെ ഒരു വ്യാമിശ്രപിണ്ഡമല്ലാതെ മറ്റൊന്നും കണ്ടിരുന്നുമില്ല.

 

uccello-Clock-With-Heads-Of-Prophets-small

കുറേ കൊല്ലം കഴിഞ്ഞ്‌ പൗലോ ഉചെല്ലൊയെ കിടക്കയിൽ മരിച്ചുകിടക്കുന്നതായി കണ്ടു; പ്രായം കൊണ്ടും ക്ഷീണം കൊണ്ടും അവശനായിരുന്നു അയാൾ. അയാളുടെ മുഖം ചുളിവുകളുടെ ഒരു കൂടായിരുന്നു. നിഗൂഢമായ ഏതോ വെളിപാടിൽ തറഞ്ഞുനിൽക്കുകയായിരുന്നു കണ്ണുകൾ. മുറുകെപ്പിടിച്ച കൈക്കുള്ളിൽ വൃത്താകാരത്തിലുള്ള ഒരു തോൽച്ചുരുണ കണ്ടു: അതു നിറയെ കെട്ടുപിണഞ്ഞ രേഖകളായിരുന്നു; അവ ഒരു കേന്ദ്രബിന്ദുവിൽ നിന്നു പുറപ്പെട്ട്‌ പരിധിയിലേക്കു പോവുകയും തിരിച്ച്‌ പരിധിയിൽ നിന്ന് കേന്ദ്രബിന്ദുവിലേക്കു മടങ്ങുകയും ചെയ്തു.
*

uccello

marcel schwob

paulo uccello/complete works

ബോദ്‌ലെയെർ-കലാകാരന്റെ കുറ്റസമ്മതം

baude3

എത്ര തീക്ഷ്ണമാണീ ശരൽക്കാലസന്ധ്യകൾ! നീറ്റുന്നതാണാ തീവ്രത! ചില മധുരവികാരങ്ങളുണ്ട്‌, അവ്യക്തമായാൽക്കൂടി തീക്ഷ്ണമായവ; അനന്തതയേക്കാൾ മൂർച്ചയേറിയ കത്തിമുന വേറെയില്ല!

ആകാശത്തിന്റെയും കടലിന്റെയും വൈപുല്യത്തിൽ സ്വന്തം നോട്ടം നഷ്ടമാക്കുക ഒരാനന്ദം തന്നെയാണ്‌! ഏകാന്തത,നിശ്ശബ്ദത,നീലിമയുടെ സാമ്യമകന്ന നൈർമല്യം! ചക്രവാളരേഖയിൽ വിറകൊള്ളുന്ന ഒരു കൊച്ചുകപ്പൽപ്പായ(അതിന്റെ നിസ്സാരതയും ഒറ്റപ്പെടലും എന്റെതന്നെ അസാധ്യജീവിതത്തിന്റെ പ്രതിഫലനമല്ലേ), തിരയിളക്കത്തിന്റെ ഏകതാനമായ പല്ലവി ഇതൊക്കെ എന്നിലൂടെ ചിന്തിക്കുന്നു അഥവാ ഞാൻ അവയിലൂടെ ചിന്തിക്കുന്നു(ദിവാസ്വപനത്തിന്റെ വൈപുല്യത്തിൽ നിങ്ങളിലെ ഞാൻ നഷ്ടപ്പെടുന്നത്‌ എത്ര വേഗമാണെന്നോ!); അവ ചിന്തിക്കുന്നു എന്നു ഞാൻ പറഞ്ഞാൽ സംഗീതാത്മകമാണ്‌,ദൃശ്യാത്മകമാണതെന്നാണർത്ഥം-വക്രോക്തികളില്ലാതെ,തർക്കവാദങ്ങളില്ലാതെ,നിഗമനങ്ങളില്ലാതെ.

അതേസമയം എന്നിൽ നിന്നു പുറപ്പെടുന്നവയോ അന്യവസ്തുക്കൾ എയ്തുവിടുന്നതോ ആയ ഈ ചിന്തകൾക്ക്‌ എത്രവേഗമാണു മുനവയ്ക്കുന്നത്‌! ഇന്ദ്രിയസുഖങ്ങളിൽ നിന്നുറവെടുക്കുന്ന ഊർജ്ജം സ്വസ്ഥത കെടുത്തുന്നതാണ്‌, വേദനിപ്പിക്കുന്നതാണ്‌. വലിഞ്ഞുമുറുകിയ എന്റെ ഞരമ്പുകളിൽ നിന്നിനി അപശബ്ദങ്ങളും ആക്രന്ദനങ്ങളുമേ പുറപ്പെടൂ.

ഇപ്പോഴിതാ ആകാശത്തിന്റെ അഗാധത എന്നെ സംഭീതനാക്കുന്നു, അതിന്റെ നൈർമല്യം എന്നെ ഈറപിടിപ്പിക്കുന്നു. കടലിന്റെ നിർവ്വികാരതയും രംഗത്തിന്റെ മാറ്റമില്ലായ്മയും എന്നെ പ്രകോപിപ്പിക്കുന്നു. ഹാ, നിത്യദുരിതമാണോ എന്റെ വിധി? അതോ സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ നിന്ന് എന്നെന്നേക്കുമായി പലായനം ചെയ്യുകയാണോ ഞാൻ വേണ്ടത്‌? പ്രകൃതീ, കരുണയറ്റ മോഹിനീ, എന്നും ജയിക്കുന്ന പ്രതിയോഗീ, എന്നെ വെറുതെവിടൂ! എന്റെ തൃഷ്ണകളേയും ആത്മാഭിമാനത്തെയും ഇനി പരീക്ഷിക്കരുതേ! സൗന്ദര്യത്തെ ധ്യാനിക്കുക എന്നാൽ തോറ്റുവീഴുന്നതിനു മുമ്പ്‌ കലാകാരൻ ഭീതിയോടെ നിലവിളിക്കുന്ന ഒരു ദ്വന്ദ്വയുദ്ധമാണത്‌.

Saturday, September 12, 2009

ബോദ്‌ലെയെർ-ഏകാന്തത

Baudelaire3
ഏകാന്തത മനുഷ്യനു നല്ലതല്ലെന്ന് മനുഷ്യസ്നേഹിയായ ഒരു പത്രക്കാരൻ എന്നോടു പറയുകയുണ്ടായി; തന്റെ സിദ്ധാന്തത്തിനുപോദ്ബലകമായി എല്ലാ അവിശ്വാസികളേയും പോലെ സഭാപിതാക്കന്മാരെ അദ്ദേഹം കൂട്ടുപിടിക്കുകയും ചെയ്തു.


പിശാചിന്റെ വിഹാരരംഗമാണ്‌ തരിശുനിലങ്ങളെന്ന് എനിക്കറിയാത്തതല്ല; ഹിംസയുടെയും ഭോഗാസക്തിയുടെയും ദുരാത്മാക്കൾ തഴയ്ക്കുന്നത്‌ ഏകാന്തയിലാണെന്നുമറിയാം. അതേസമയം തന്റെ ഏകാന്തതയിൽ സ്വന്തം ആസക്തികളേയും വേതാളങ്ങളേയും കുടിപാർപ്പിക്കുന്ന അലസനും ലക്ഷ്യമില്ലാത്തവനുമായ ഒരാൾക്കേ അതപകടമായി വരുന്നുള്ളു എന്നും വരാം.


പൊതുവേദിയിലോ മണ്ഡപത്തിലോ കയറിനിന്ന് പ്രസംഗിക്കുന്നതുതന്നെ ജീവിതാനന്ദമായ ഒരു വിടുവായന്‌ റോബിൻസൺ ക്രൂസോയുടെ ദ്വീപിലകപ്പെട്ടാൽ ഭ്രാന്തു പിടിച്ചുപോകുമെന്നുള്ളതു സംശയമില്ലത്ത കാര്യമാണ്‌. നമ്മുടെ പത്രക്കാരൻസുഹൃത്തിന്‌ ക്രൂസോയുടെ ധൈര്യവും സ്ഥൈര്യവും ഉണ്ടായിരിക്കണമെന്ന വാശിയൊന്നും എനിക്കില്ല; ഒപ്പംതന്നെ ഏകാന്തതയുടെയും നിഗൂഢതയുടെയും കമിതാക്കളെ അദ്ദേഹം കുറ്റവാളികളായി കാണരുതെന്ന നിർബന്ധവും എനിക്കുണ്ട്‌.


കഴുമരത്തിനു ചുവട്ടിൽ നിന്ന് ഒരു ദീർഘപ്രസംഗം ചെയ്യാൻ അനുവാദം കിട്ടിയാൽ വധശിക്ഷയ്ക്കു വിധേയരാകുന്നതിൽ അത്ര തരക്കേടൊന്നും കാണാത്ത വ്യക്തികളെ നമ്മുടെ വായാടിവർഗ്ഗത്തിൽ കണ്ടെത്താം; സാന്തെരെയുടെ ചെണ്ടയടി അനവസരത്തിൽ വന്നുകയറി ഒരു തടസ്സമാകുമെന്ന് ഇനി പേടിക്കാനുമില്ലല്ലോ.

എനിക്കവരോടു സഹതാപമില്ല, കാരണം മറ്റുള്ളവർ ഏകാന്തതയും നിശബ്ദതയും വഴി സമ്പാദിക്കുന്ന അതേ ആനന്ദങ്ങൾ തന്നെയാണ്‌ അവർക്ക്‌ തങ്ങളുടെ വാഗ്ധോരണിയിൽ നിന്നു കിട്ടുന്നതെന്ന് ഞാൻ ഊഹിക്കുന്നു-പക്ഷേ എനിക്കവരെ വെറുപ്പാണ്‌.


ഈ നശിച്ച പത്രക്കാരനെന്താ എന്നെ എന്റെയിഷ്ടത്തിനു വിട്ടുകൂടേ? "സ്വന്തം സന്തോഷങ്ങൾ പങ്കുവയ്ക്കണമെന്ന് നിങ്ങൾക്കൊരിക്കലും തോന്നാറില്ലേ?" സുവിശേഷക്കാരുടെ ആ അനുനാസികസ്വരത്തിൽ അയാൾ ചോദിക്കുകയാണ്‌. അയാളുടെ ഉള്ളിന്റെയുള്ളിലുള്ള ആ അസൂയാലു പുറത്തുവരുന്നതു നിങ്ങൾ കാണുന്നുണ്ടോ?താൻ ജീവിതാനന്ദങ്ങളെന്നു കരുതുന്നവയെ എനിക്കത്ര വെറുപ്പാണെന്ന് അയാൾക്കറിയാം; എന്നിട്ട്‌ എന്റെ സന്തോഷങ്ങളിൽ കയറിക്കൂടാൻ നോക്കുകയാണ്‌ അറയ്ക്കുന്ന ആ രസംകൊല്ലി.


ഒറ്റപ്പെടാൻ കഴിയാത്തത്‌ മഹാദൗർഭാഗ്യമാണെന്ന അർത്ഥത്തിൽ ലാ ബ്രൂയേ എവിടെയോ പറഞ്ഞിട്ടുണ്ട്‌; തങ്ങൾക്കു തന്നെ തങ്ങളെ സഹിക്കാൻ കഴിയാതെ വരുമോയെന്ന പേടികൊണ്ടുതന്നെയാവണം, ആൾക്കൂട്ടത്തിലേക്കോടിക്കയറി സ്വയം നഷ്ടപ്പെടുത്തുന്നവരെ നാണം കെടുത്താൻ വേണ്ടിത്തന്നെയായിരിക്കും അദ്ദേഹം അതു പറഞ്ഞത്‌.


"സ്വന്തം മുറിയിൽ അടച്ചിരിക്കാൻ കഴിയാതെ വരുന്നതാണ്‌ നമ്മുടെ മിക്കവാറുമെല്ലാ കഷ്ടങ്ങൾക്കും കാരണം," പാസ്കൽ, അറിവുള്ള മറ്റൊരാൾ പറയുന്നു; നിരന്തരമായ ചലനത്തിലും എന്റെ കാലത്തെ മനോജ്ഞമായ ശൈലിയിൽ പറഞ്ഞാൽ കൂട്ടായ്മ എന്ന വ്യഭിചാരത്തിലും ആനന്ദം കണ്ടെത്തിയവരെയൊക്കെ തങ്ങളുടെ ധ്യാനപ്പുരകളിലേക്കു മടക്കിവിളിക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നതെനിക്കു തോന്നുന്നു.

--------------------------------------------------------------------------------------------------------------------------------
സാന്തെരെ-ഫ്രഞ്ചുവിപ്ലവകാലത്തെ ഒരു ജനറൽ; കഴുമരത്തിനു ചുവട്ടിൽ വച്ച്‌ ലൂയി ചെയ്ത പ്രസംഗം പുറത്തു കേൾക്കാതിരിക്കാൻ വേണ്ടി പട്ടാളക്കാരോട്‌ വാദ്യം മുഴക്കാൻ ആവശ്യപ്പെട്ടുവത്രെ.

ലാ ബ്രൂയെ(1646-1696)-ഫ്രഞ്ച്‌ ഉപന്യാസകാരൻ

പാസ്കൽ(1623-1662)-ഫ്രഞ്ച്‌ ഗണിതജ്ഞനും മതചിന്തകനും

Friday, September 11, 2009

ബോദ്‌ലെയെർ- ഒരു കോമാളി

baude6 

പുതുവത്സരം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്‌; ചെളിയും മഞ്ഞും കുഴഞ്ഞ മണ്ണിൽ കളിപ്പാട്ടങ്ങളും മിഠായികളുമലങ്കരിച്ച, മോഹങ്ങളും നൈരാശ്യങ്ങളും കുത്തിനിറച്ച ഒരായിരം വണ്ടികൾ ചാലുകീറിയിരിക്കുന്നു. ഒരു മഹാനഗരത്തിന്റെ ഔദ്യോഗികജ്വരം; ഏതു വൈരാഗിയുടെയും ഉള്ളുലയ്ക്കുമത്‌.

ആ ബഹളത്തിനും തിരക്കിനുമിടയിലൂടെ ഒരു പൊണ്ണന്റെ ചാട്ടയടിയുമേറ്റ്‌ നടന്നുപോവുകയാണ്‌ ഒരു കഴുത.
അത്‌ അടുത്ത തിരിവു കടക്കാൻ തുടങ്ങുമ്പോൾ ഒരു മാന്യദേഹം, കൈയ്യുറകൾ ധരിച്ചവൻ,ആകെ വെടിപ്പുറ്റവൻ,നിർദ്ദയമായ ഒരു ടൈ കുടുക്കിയവൻ, ഉടവു തട്ടാത്ത കോട്ടും സൂട്ടും തടവിൽ പിടിച്ചവൻ ആ സാധുമൃഗത്തിനു മുന്നിൽ ഉപചാരത്തോടെ തല കുമ്പിട്ടുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു:"അവിടുത്തേക്ക്‌ പുതുവത്സരാശംശകളുണ്ട്‌!" എന്നിട്ടയാൾ ആത്മസംതൃപ്തി തുളുമ്പുന്ന ഒരു ഭാവത്തോടെ തിരിഞ്ഞ്‌ തന്റെ കൂടെ വന്നവരെ ഒന്നു നോക്കി, അവരുടെ അംഗീകാരം കൂടി കിട്ടിയാലേ തന്റെ തൃപ്തി പൂർണ്ണമാകൂ എന്നപോലെ.

കഴുതയാവട്ടെ ആ കോമാളിയെ കാണാതെ തന്റെ ചുമടും പേറി നടന്നുപോവുകയും ചെയ്തു.

എന്റെയുള്ളിൽ ആ ജളപ്രഭുവിന്റെ നേർക്ക്‌ വന്ധ്യമായൊരു രോഷം ഇരച്ചുകേറി; ഫ്രഞ്ചുകാരന്റെ ഫലിതബോധത്തിന്റെ ആകത്തുകയാണയാളെന്ന് എനിക്കു തോന്നിപ്പോയി.

Thursday, September 10, 2009

ബോദ്‌ലെയെർ-ചിത്രകാരന്റെ മോഹം

baude
തൃഷ്ണ കടിച്ചുകീറുന്ന മനുഷ്യൻ നിർഭാഗ്യവാനായേക്കാം; പക്ഷേ കലാകാരൻ സന്തുഷ്ടനത്രേ.

ഒരു സ്ത്രീയെ വരയ്ക്കാനുള്ള മോഹം കൊണ്ടെരിയുകയാണു ഞാൻ: ഇടയ്ക്കെന്നോ എന്റെ കണ്മുന്നിൽ പ്രത്യക്ഷയായി അതേപോലെ മറഞ്ഞവൾ; യാത്രികൻ ഖേദത്തോടെ നോക്കിനിൽക്കെ രാത്രി വന്നപഹരിക്കുന്ന സുന്ദരവസ്തു. അവൾ പോയിമറഞ്ഞിട്ടെത്ര കാലമായിരിക്കുന്നു.

സുന്ദരിയാണവൾ; എന്നല്ല, ഒരു വിസ്മയവുമാണവൾ. കറുപ്പാണവളിൽ സമൃദ്ധം; അവൾ പ്രസരിപ്പിക്കുന്നതോ ഇരുളും ആഴവും. നിഗൂഢത മുനിഞ്ഞുകത്തുന്ന ഗഹ്വരങ്ങളാണവളുടെ കണ്ണുകൾ; അവൾ നോക്കുമ്പോൾ മിന്നൽ പായുന്നു; ഇരുട്ടത്തൊരു സ്ഫോടനമാണത്‌.

പ്രകാശവും പ്രസാദവും പ്രസരിപ്പിക്കുന്ന ഒരു കറുത്ത സൂര്യനെ സങ്കൽപ്പിക്കാനാവുമോ? എങ്കിൽ ഞാൻ അവളെ അതിനോടുപമിക്കും. അല്ലല്ല, ചന്ദ്രനോടാണ്‌ അവൾക്ക്‌ അതിലുമടുപ്പം; ചന്ദ്രൻ അവളിൽ കുടിപാർക്കുകയും ചെയ്യുന്നു. അതുപക്ഷേ ഇടയഗാനങ്ങളിലെ വികാരങ്ങളുറഞ്ഞ വധുവിനെപ്പോലുള്ള വിളർത്ത ചന്ദ്രനല്ല; കൊടുങ്കാറ്റു വീശുന്ന രാത്രിയിൽ, പായുന്ന മേഘങ്ങൾക്കിടയിൽ തങ്ങിനിൽക്കുന്ന അശുഭചന്ദ്രനാണ്‌, ലഹരി പിടിപ്പിക്കുന്ന ആ ചന്ദ്രനാണ്‌; പാപബോധമില്ലാത്തവരുടെ സ്വപ്നങ്ങളിലെത്തുന്ന ശാന്തനും വിവേകിയുമായ ചന്ദ്രനല്ല, തെസ്സാലിയിലെ മന്ത്രവാദികളോടു കലഹിച്ചുതോറ്റപ്പോൾ അവർ പറിച്ചെടുത്തു മണ്ണിലേക്കെറിഞ്ഞ ചന്ദ്രൻ; വിറകൊണ്ട പുൽപ്പരപ്പിൽ നൃത്തം വയ്ക്കാൻ അവർ കൽപ്പിച്ച ചന്ദ്രൻ!

അവളുടെ നെറ്റിത്തടത്തിലുണ്ട്‌ ഇച്ഛാശക്തിയുടെ കിനാവള്ളികളും വേട്ടയ്ക്കിറങ്ങുന്ന മൃഗവും. ശാന്തി കെടുത്തുന്ന ആ മുഖത്തിനടിയിൽ, അജ്ഞാതമായതും അസാധ്യമായതും വലിച്ചെടുക്കുന്ന നാസകൾക്കു താഴെയായി വെളുത്തതും ചുവന്നതും സ്വാദിഷ്ടവുമായ ഒരു വദനത്തിൽ നിന്ന് അനിർവ്വചനീയമായ ഒരു മുഗ്ധഹാസം പൊട്ടിപ്പുറപ്പെടുന്നു; അഗ്നിപർവ്വതങ്ങളുടെ നാട്ടിൽ പൊട്ടിവിടരുന്ന അത്ഭുതപുഷ്പത്തെയാണ്‌ നിങ്ങൾ അപ്പോളോർക്കുക.

കീഴടക്കി ആനന്ദിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുണ്ട്‌; ഇവളാകട്ടെ, തന്റെ ദൃഷ്ടിപാതത്തിൻ കീഴിൽ സ്വച്ഛന്ദമൃത്യു വരിക്കാൻ നമ്മെ ക്ഷണിക്കുന്നു.

Wednesday, September 9, 2009

ബോദ്‌ലെയെർ-വീനസും കോമാളിയും

venustatue

എത്ര മനോഹരമായ ദിവസം! സുര്യന്റെ കത്തുന്ന കണ്ണിന്റെ ചോടെ ഉദ്യാനത്തിന്റെ വൈപുല്യം മൂർച്ഛിക്കുന്നു, പ്രേമത്തിന്റെ കോയ്മയിൽപ്പെട്ട യൗവനം പോലെ.

ഈ ഉന്മാദത്തിനു നാവുകളില്ല; ചോലകൾ പോലും നിദ്രയിലാണ്ടപോലെ. മനുഷ്യരുടെ മേളകൾ പോലെയല്ല, ആരവമില്ലാത്തതാണീ ഉത്സവം.

പെരുകുന്ന വെളിച്ചത്തിൽ ഓരോന്നും ദീപ്തിമത്താകുന്നു;ഉന്മത്തരായ പൂക്കൾ ആകാശനീലിമയെ തങ്ങളുടെ നിറഭേദങ്ങൾ കൊണ്ടു വെല്ലാൻ വെമ്പുകയാണ്‌; ഉഷ്ണം പരിമളങ്ങൾക്കു രൂപമേകി ധൂമം പോലെ അവയെ താരങ്ങളിലേക്കുയർത്തുന്നു.

പ്രപഞ്ചത്തിന്റെ ഈ ആഘോഷവേളയിലും അതാ, ഒരു പീഡിതജന്മത്തെ ഞാൻ കാണുന്നു.

വീനസ്ദേവിയുടെ ഭീമാകാരമായ ഒരു പ്രതിമയ്ക്കു ചുവട്ടിൽ ഒരു കോമാളി; രാജാക്കന്മാരെ മടുപ്പോ കുറ്റബോധമോ ബാധിക്കുമ്പോൾ അവരെ ആനന്ദിപ്പിക്കേണ്ട നിയോഗം ഏറ്റെടുത്ത ഒരു വിദൂഷകൻ; പലതരം കടുംനിറങ്ങൾ തുന്നിച്ചേർത്ത്‌, കൂർമ്പൻതൊപ്പിയും മണികളുമൊക്കെയായി ഒരു വിഡ്ഢിവേഷം; പ്രതിമയുടെ പീഠത്തിൽ ചുരുണ്ടുകൂടിക്കിടന്ന് അമരയായ ആ ദേവിയെ നിറഞ്ഞ കണ്ണുകളുയർത്തി നോക്കുകയാണയാൾ.

അയാളുടെ കണ്ണുകൾ പറഞ്ഞതിതാണ്‌: "മനുഷ്യജീവികളിൽ വച്ചേറ്റവും അധമനും ഏകനുമാണു ഞാൻ; എനിക്കുള്ളതല്ല സ്നേഹവും സൗഹൃദവും; അതിനാൽ ഏറ്റവും താഴ്‌ന്ന മൃഗത്തിലും താഴ്‌ന്നവൻ. ഈയെന്നെക്കൂടി എന്നാൽ അനശ്വരമായ സൗന്ദര്യത്തെ അറിയാനും അനുഭവിക്കാനുമാണല്ലോ സൃഷ്ടിച്ചത്‌. ഹാ,ദേവീ! ഈയുള്ളവന്റെ സങ്കടവും ഉന്മാദവും കരുണയോടെ കാണേണമേ!"

പ്രസാദിപ്പിക്കാനാവാത്ത ആ ദേവി തന്റെ മാർബിൾക്കണ്ണുകൾ കൊണ്ട്‌ വിദൂരതയിൽ എന്തു നോക്കുകയായിരുന്നുവെന്ന് എനിക്കറിയില്ല.

Tuesday, September 8, 2009

ബോദ്‌ലെയെർ-പാവപ്പെട്ടവരുടെ കണ്ണുകൾ

Baudelaire4

അതു ശരി, ഇന്നു ഞാൻ നിന്നെ വെറുക്കുന്നതെന്തുകൊണ്ടാണെന്നു നിനക്കറിയണം,അല്ലേ? അതു നിന്നെ പറഞ്ഞുമനസ്സിലാക്കുന്നതിനേക്കാൾ പ്രയാസമായിരിക്കും നിനക്കതു മനസ്സിലാക്കാൻ; കാരണം സ്ത്രൈണനിഗൂഢതയുടെ ഏറ്റവും സുന്ദരമായ നിദർശനമാണു നീയെന്നെനിക്കു തോന്നുന്നു.

എനിക്കത്രമേൽ ഹ്രസ്വമെന്നു തോന്നിയ ദീർഘമായൊരു പകൽ നമ്മൾ പങ്കിട്ടുകഴിഞ്ഞിരുന്നു. ഇനി നമ്മൾ പരസ്പരം ചിന്തകൾ കൈമാറുമെന്നും ഇനി രണ്ടാൾക്കും കൂടി ഒറ്റയാത്മാവേയുണ്ടാകൂ എന്നും നാം അന്യോന്യം പ്രതിജ്ഞ കൂടിചെയ്തു-ഭൂമിയിൽ ജീവിച്ച ഓരോ മനുഷ്യനും സ്വപ്നം കണ്ടതെങ്കിലും ഒരാൾക്കും സാക്ഷാത്കരിക്കാനാകാതെ പോയ ഒരു സ്വപ്നമെന്നല്ലാതെ മറ്റൊരു മൗലികതയുമില്ലാത്ത ഒരു സ്വപ്നം.

സന്ധ്യയായപ്പോൾ ക്ഷീണം മാറ്റാൻ വേണ്ടി നാം നടക്കാവിന്റെ തിരിവിൽ പുതുതായി തുറന്ന കഫേയിലേക്കു നടന്നു. പണി തീർന്നിട്ടില്ലെങ്കിൽക്കൂടി അതു തന്റെ പകിട്ടുകൾ വിളിച്ചുകാട്ടിത്തുടങ്ങിയിരിക്കുന്നു. കഫേ വെട്ടിത്തിളങ്ങുകയാണ്‌. ഒരു കന്നിക്കാരന്റെ ഉത്സാഹത്തോടെ ഇരമ്പിക്കത്തുന്ന ഗ്യാസ്‌ലൈറ്റിന്റെ രൂക്ഷമായ വെളിച്ചത്തിൽ പ്രകാശമാനമാണ്‌ കണ്ണു മഞ്ഞളിക്കുന്ന വെൺചുമരുകൾ,കണ്ണാടികളുടെ പരപ്പുകൾ,സ്വർണ്ണം പൂശിയ ദണ്ഡുകളും സ്തൂപങ്ങളും,തുടലിട്ട വേട്ടനായ്ക്കൾ വലിച്ചുപിടിച്ചുകൊണ്ടോടുന്ന കവിൾ തുടുത്ത പയ്യന്മാർ,കൈത്തണ്ടകളിൽ പ്രാപ്പിടിയന്മാരുമായി ചിരിച്ചുകൊണ്ടിരിക്കുന്ന അഭിജാതകൾ,അപ്പവും പഴങ്ങളും വാത്തുകളും തലയിലേന്തിയ വനദേവതകൾ,നീട്ടിപ്പിടിച്ച കൈകളിൽ ബവേറിയൻപാൽക്കട്ടി നിറച്ച ചഷകങ്ങളുമായി ഹീബിയും ഗാനിമീഡും-അതിഭക്ഷണത്തിനു വിടുപണി ചെയ്യാൻ ചരിത്രവും പുരാണവും.

നമുക്കു നേരേ മുന്നിലായി നാൽപതു കഴിഞ്ഞ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു;ക്ഷീണിച്ച മുഖം,നരച്ചുതുടങ്ങിയ താടി. ഒരാൺകുട്ടി അയാളുടെ കൈ പിടിച്ചുനിൽക്കുന്നു; നടക്കാനുള്ള ബലമില്ലാത്ത മറ്റൊരു കുട്ടിയെ അയാൾ കൈയിലെടുത്തിട്ടുമുണ്ട്‌. കുട്ടികളെയും കൊണ്ട്‌ സന്ധ്യയ്ക്കു നടക്കാനിറങ്ങിയതാവണം അയാൾ. എല്ലാവരുടെയും വേഷം തുന്നിക്കൂട്ടിയതാണ്‌. മൂന്നു മുഖങ്ങളും അസാധാരണമാം വിധം ഗൗരവം പൂണ്ടിരിക്കുന്നു; ആറു കണ്ണുകൾ ആ പുതിയ കഫേയെ ഉറ്റുനോക്കി നിൽക്കുകയാണ്‌,ഒരേ വിസ്മയത്തോടെ,എന്നാൽ പ്രായത്തിന്റെ വ്യത്യാസത്തോടെ.

അച്ഛന്റെ കണ്ണുകൾ പറഞ്ഞു:"എന്തു ഭംഗി!എന്തു ഭംഗി! ഈ പാവപ്പെട്ട ലോകത്തുള്ള പൊന്നെല്ലാം ആ ചുമരിലുണ്ടെന്നു തോന്നിപ്പോകും!" കുട്ടിയുടെ കണ്ണുകൾ പറയുകയാണ്‌:"എന്തു ഭംഗി!എന്തു ഭംഗി!എന്നാൽ ഞങ്ങളെപ്പോലല്ലാത്തവർക്കേ ഉള്ളിൽ കയറാൻ പറ്റൂ."മറ്റേ കുഞ്ഞിന്റെ കണ്ണുകളിലാവട്ടെ, മൂഢവും തീവ്രവുമായ ഒരു സന്തോഷം മാത്രമേയുള്ളു; ഒന്നും തെളിച്ചുപറയാൻ പറ്റാത്ത ഒരു വശീകരണത്തിന്നടിപ്പെട്ടിരിക്കുകയായിരുന്നു അത്‌.

ആനന്ദം ആത്മാവിനെ ഉയർത്തുകയും ഹൃദയത്തെ അലിയിക്കുകയും ചെയ്യുന്നുവെന്നല്ലേ പാട്ടെഴുത്തുകാർ പറയുന്നത്‌.സന്ധ്യനേരത്തെ ഈ ഗാനം എനിക്കിണങ്ങുന്നതു തന്നെയായിരുന്നു. ആ കണ്ണുകളുടെ കുടുംബം എന്റെ മനസ്സിനെ ഇളക്കി എന്നുതന്നെയല്ല, നമ്മുടെ മേശപ്പുറത്തെ ഗ്ലാസ്സുകളും ജഗ്ഗുകളും എന്നെ തെല്ലൊന്നു നാണിപ്പിക്കുകയും ചെയ്തു; നമ്മുടെ ദാഹത്തെക്കാൾ എത്രയോ വലുതായിരുന്നു അവ. ഞാൻ എന്റെ ദൃഷ്ടികൾ നിന്നിലേക്കു തിരിച്ചു; എന്റെ ചിന്തകൾ നിന്റെ കണ്ണുകളിലും വായിക്കാമെന്നു ഞാൻ കരുതിപ്പോയി. മനോഹരവും വിചിത്രമാം വിധം സൗമ്യവുമായ നിന്റെ കണ്ണുകളിൽ, നിന്റെ പച്ചക്കണ്ണുകളിൽ, ചാപല്യം കുടിയേറിയ,ചന്ദ്രൻ പ്രചോദിപ്പിക്കുന്ന നിന്റെ കണ്ണുകളിൽ ഞാൻ ആണ്ടിറങ്ങി. അപ്പോൾ നീ പറഞ്ഞു:"ആ നിൽക്കുന്നവരെ എനിക്കു തീരെ പിടിക്കുന്നില്ല; കണ്ണും തുറിച്ചുള്ള നിൽപ്പു കണ്ടില്ലേ! വെയ്റ്ററോടു പറഞ്ഞ്‌ അവരെ ഓടിച്ചുവിടരുതോ?"

അന്യോന്യം മനസ്സിലാക്കുക അത്ര ദുഷ്കരമാണെന്റെ മാലാഖേ; ഒരാളുടെ ചിന്ത മറ്റൊരാൾക്കു മനസ്സിലാവില്ല, അതിനി തമ്മിലിഷ്ടപ്പെടുന്നവരായാൽപ്പോലും!

Monday, September 7, 2009

ബോദ്‌ലെയെർ-ആൾക്കൂട്ടങ്ങൾ

baudelaire200hy0ms4

ഒരാൾക്കൂട്ടത്തിൽ സ്നാനം ചെയ്യുക എന്നത്‌ എല്ലാവർക്കും പറഞ്ഞിട്ടുള്ള സംഗതിയല്ല; ആൾക്കൂട്ടത്തിൽ രമിക്കുന്നത്‌ ഒരു കലയാണ്‌; മനുഷ്യവർഗ്ഗത്തിന്റെ ചെലവിൽ ഒരു മദിരോത്സവത്തിലാറാടണമെങ്കിൽ തൊട്ടിലിൽ കിടക്കുമ്പോഴേ അതിനനുഗ്രഹം കിട്ടിയ ആളായിരിക്കണം നിങ്ങൾ; വേഷപ്പകർച്ചകളോടും മറച്ച മുഖങ്ങളോടും ആഭിമുഖ്യം,വീടിനോടു വെറുപ്പ്‌,അലഞ്ഞ യാത്രകൾ ചെയ്യാൻ ആവേശം ഇതൊക്കെ നിങ്ങൾക്കു വരം കിട്ടിയിരിക്കണം.

പുരുഷാരം,എകാന്തത-ഉത്സാഹിയും ഉറവ വറ്റാത്തവനുമായ ഒരു കവിയ്ക്ക്‌ സമാനപദങ്ങളാണു രണ്ടും,വെച്ചുമാറാവുന്നവയാണവ. തന്റെ ഏകാന്തതയെ ആളുകളെക്കൊണ്ടു നിറയ്ക്കാനറിയാത്തൊരാൾക്ക്‌ തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിനിടയിൽ ഏകനാവാനും അറിയില്ല.

മറ്റാർക്കുമില്ലാത്ത ഒരവകാശം കവിയ്ക്കു വകവച്ചുകൊടുത്തിട്ടുണ്ട്‌-അയാൾക്കു തന്നിഷ്ടം പോലെ താനോ മറ്റൊരുവനോ ആയി മാറാം. കൂടുവിട്ടു കൂടുമാറുന്ന ആത്മാക്കളെപ്പോലെ അയാൾക്കു മറ്റുള്ളവരിൽ ചെന്നുകേറാം.അയാളെ സംബന്ധിച്ചു പറഞ്ഞാൽ എവിടെയും ഒഴിഞ്ഞു കിടക്കുകയാണ്‌; ചിലയിടങ്ങൾ അടഞ്ഞുകിടക്കുകയാണെന്നു തോന്നിയാൽത്തന്നെ അയാളുടെ നിലയ്ക്കു പോരാത്തതാണവയെന്നേ അർത്ഥമാക്കാനുള്ളു.

ഏകാകിയും ചിന്താധീനനുമായ യാത്രികന്‌ മറ്റെവിടെയും കിട്ടാത്ത ലഹരിയാണ്‌ ഈ വേഴ്ചയിൽ നിന്നു കിട്ടുന്നത്‌.ആൾക്കൂട്ടത്തിനിടയിൽ സ്വയം നഷ്ടപ്പെടാൻ മടിക്കാത്ത ഒരാൾ ത്രസിപ്പിക്കുന്ന ആനന്ദങ്ങൾ അറിയുന്നു; ഉരുക്കുപെട്ടിയിൽ സ്വയം പൂട്ടിയിട്ട സ്വാർത്ഥിക്കും ഒച്ചിനെപ്പോലെ ഓട്ടിയിലേക്കു വലിഞ്ഞ അലസനും നിഷേധിക്കപ്പെട്ടവയാണവ. തനിക്കു വീണുകിട്ടുന്ന ഏതൊരു വൃത്തിയും സന്തോഷവും ദുരിതവും അയാൾ തന്റേതായി ഏറ്റെടുക്കുന്നു.

ഓർക്കാതെ വന്നുകയറുന്ന ഒരാൾക്ക്‌, ആരെന്നറിയാത്ത വഴിപോക്കന്‌ തന്റെ സർവ്വസ്വവും-തന്റെ കവിതയും ഔദാര്യവും-സമർപ്പിക്കുന്ന ആത്മാവിന്റെ ആ വിശുദ്ധവ്യഭിചാരവുമായി,വാക്കുകളിലൊതുങ്ങാത്ത ആ ആനന്ദക്കൂത്തുമായി ഒത്തുനോക്കുമ്പോഴേ മനുഷ്യർ സ്നേഹം എന്നു വിളിക്കുന്ന ഏർപ്പാട്‌ എത്ര തുച്ഛവും പരിമിതവും ദുർബലവുമാണെന്നു നാമറിയുന്നുള്ളു.

ഇടയ്ക്കൊക്കെ ഈ ലോകത്തിലെ സന്തുഷ്ടരായ മനുഷ്യരെ അവരുടെ സന്തോഷങ്ങളേക്കാൾ ഉത്കൃഷ്ടവും വിപുലവും പരിഷ്കൃതവുമായ സന്തോഷങ്ങൾ വേറെയുണ്ടെന്നു പഠിപ്പിക്കുക നല്ലതാണ്‌,മറ്റൊന്നിനുമല്ലെങ്കിൽ അവരുടെ മൂഢമായ അഭിമാനത്തെ ഒന്നടിച്ചിരുത്താനെങ്കിലും. കോളനികൾ സ്ഥാപിച്ചവർ,മനുഷ്യപ്പറ്റങ്ങളെ മേച്ചുനടന്നവർ,ഭൂമിയുടെ അതിരുകളിലേക്കു ഭ്രഷ്ടരായ പ്രേഷിതർ ഇവരൊക്കെ ആ നിഗൂഢമായ ലഹരി അറിഞ്ഞവരായിരുന്നു. തങ്ങളുടെ സിദ്ധി കൊണ്ടു പടുത്ത വംശപ്പെരുമയ്ക്കു നടുവിൽ നിൽക്കുമ്പോൾ അത്ര പീഡിതമായ തങ്ങളുടെ ഭാഗധേയത്തെക്കുറിച്ചും അത്ര ശുദ്ധമായ തങ്ങളുടെ ജീവിതത്തെക്കുറിച്ചും സഹതപിക്കുന്നവരെയോർത്ത്‌ അവർക്കു ചിരി വരുന്നുണ്ടാവണം.

Sunday, September 6, 2009

ബോദ്‌ലെയെർ-ഈ ലോകം വിട്ടെവിടെയെങ്കിലും

baudelaire_matisse

കിടക്കകൾ വെച്ചുമാറാൻ കൊതിക്കുന്ന രോഗികളെക്കൊണ്ടു നിറഞ്ഞ ഒരാശുപത്രിയാണ്‌ ഈ ജീവിതം. അടുപ്പിന്റെ ചൂടിൽ ദേഹം പൊള്ളിച്ചാലേ ഒരാൾക്കു തൃപ്തിയാവുള്ളൂ എങ്കിൽ മറ്റൊരാൾ കരുതുന്നത്‌ തുറന്നിട്ട ജനാലയ്ക്കടുത്തു നിന്നാൽ തന്റെ രോഗം ഭേദപ്പെടുമെന്നാണ്‌.

മറ്റൊരിടത്തായാലേ എനിക്കു മേൽഗതിയുള്ളു എന്നൊരു ചിന്ത എന്നെ വിടാതെ പിടികൂടിയിരിക്കുന്നു. ഇക്കാര്യം സംബന്ധിച്ച്‌ ഞാൻ എന്റെ ആത്മാവുമായി അന്തമറ്റ ചർച്ചകളിൽ ഏർപ്പെടാറുമുണ്ട്‌.

"പാവം, നീ തണുത്തുവിറയ്ക്കുകയാണല്ലോ ആത്മാവേ! ലിസ്ബണിൽ പോയി താമസിക്കുന്നതിനെക്കുറിച്ച്‌ എന്തു പറയുന്നു? കടലോരത്താണാ നഗരം; മാർബിളു കൊണ്ടാണു പണിയൊക്കെ. പച്ചപ്പു കണ്ണിനു കണ്ടുകൂടാത്തതിനാൽ ആ നാട്ടുകാർ സകല മരങ്ങളും പുഴക്കിയെടുത്തു കളഞ്ഞുവത്രെ. നിനക്കാ നഗരം നന്നായി ബോധിക്കും-വെളിച്ചവും ധാതുക്കളും കൊണ്ടു പടുത്ത പ്രകൃതി; ജലത്തിൽ പ്രതിഫലനവും!"

എന്റെ ആത്മാവ്‌ ഒന്നും മിണ്ടിയില്ല.

"ചലനങ്ങളുടെ മേളയും കണ്ട്‌ അനങ്ങാതിരിക്കാൻ നിനക്കു വളരെയിഷ്ടമാണല്ലോ. അങ്ങനെയെങ്കിൽ നമുക്കു ഹോളണ്ടിലേക്കു പോയാലോ? എത്രതവണ കാഴ്ചബംഗ്ലാവുകളിൽ ആ നാടിന്റെ ദൃശ്യങ്ങളും നോക്കി ആരാധനയോടെ നീ നിന്നിരിക്കുന്നു. അവിടെ നിനക്കു സമാധാനം കിട്ടിയേക്കും. പാമരങ്ങളുടെ കാടുകളേയും വീട്ടിറമ്പത്തു നങ്കൂരമിട്ട നൗകകളേയും സ്നേഹിക്കുന്ന നിനക്ക്‌ റോട്ടർഡാം ഇഷ്ടപ്പെടാതിരിക്കുമോ?

അപ്പോഴും എന്റെ ആത്മാവിനു മൗനമായിരുന്നു.

"ഇനിയഥവാ ബറ്റേവിയ ആണോ നിനക്കു പിടിക്കുക? യൂറോപ്പിന്റെ ബോധവും ഉഷ്ണമേഖലയുടെ സൗന്ദര്യവും മേളിക്കുകയാണവിടെ."

എന്നിട്ടും അനക്കമില്ല-ഇതെന്താ, എന്റെയാത്മാവു മരണപ്പെട്ടോ?

"നിത്യരോഗിയായിട്ടിരുന്നാലേ നിനക്കു സന്തോഷമാകുള്ളൂ? അത്ര ജാഡ്യം ബാധിച്ചോ നിന്നെ! അങ്ങനെയെങ്കിൽ നമുക്ക്‌ മരണത്തിന്റെ പര്യായങ്ങൾ തന്നെയായ നാടുകളിലേക്കങ്ങോടിപ്പോകാം-പറ്റിയൊരു സ്ഥലം ഞാൻ കണ്ടുവച്ചിട്ടുമുണ്ട്‌. പെട്ടിയുമെടുത്തു നമുക്ക്‌ ടോർണിയോവിലേക്കു പോകാം.വേണമെങ്കിൽ അതും കഴിഞ്ഞ്‌ ബാൾടിക്‌ കടലിനപ്പുറത്തേക്കും പോകാം. അത്രകൂടി ജീവിതം വേണ്ടെങ്കിൽ അതും നോക്കാം-നമുക്കു ധ്രുവപ്രദേശത്തു പോയി ജീവിക്കാമല്ലോ.അവിടെ സൂര്യരശ്മികൾ നേരേ പതിക്കില്ല; ഇരുളിന്റെയും വെളിച്ചത്തിന്റെയും സാവധാനമായ പകർച്ചകൾക്കടിയിൽ വൈവിധ്യങ്ങൾ അദൃശ്യമാകുന്നു,ശൂന്യതയുടെ മറുപാതിയായ ഏകതാനത കനക്കുകയും ചെയ്യുന്നു. ഇരുട്ടിന്റെ കയങ്ങളിൽ നമുക്കെത്രനേരം വേണമെങ്കിലും മുങ്ങിക്കുളിക്കാം. ഇടയ്ക്കിടെ ചില ചെങ്കതിരുകൾ വീശി ധ്രുവദീപ്തി നമ്മെ വിനോദിപ്പിക്കുകയും ചെയ്യും-നരകത്തിൽ വെടിക്കെട്ടു നടക്കുകയാണെന്നേ തോന്നൂ!"

അവസാനം എന്റെയാത്മാവു പൊട്ടിത്തെറിക്കുന്നു,എന്റെ നേർക്കു കുരച്ചുചാടുന്നു: "എവിടെ വേണമെങ്കിലും പോകാം!എവിടെ വേണമെങ്കിലും പോകാം! ഈ ലോകം വിട്ടു പോയാൽ മതി!"

Saturday, September 5, 2009

ബോദ്‌ലെയെർ-തുറമുഖം

Baudelaire1

ജീവിതസമരം കൊണ്ടു ക്ഷയിച്ച ഒരാത്മാവിനെ മോഹിപ്പിക്കുന്ന ഒരഭയസങ്കേതമാണ്‌ തുറമുഖം. ആകാശത്തിന്റെ വൈപുല്യം,മേഘങ്ങളുടെ ചലിക്കുന്ന വാസ്തു,കടലിന്റെ നിറഭേദങ്ങൾ,ദീപസ്തംഭങ്ങളിൽ നിന്നുള്ള ഒളിമിന്നലുകൾ - കണ്ണുകളെ ഒരിക്കലും ക്ഷീണിപ്പിക്കാതെ അവയ്ക്കു സുഖം നൽകുന്ന ഒരതിശയസ്ഫടികത്തിലെ ദൃശ്യങ്ങളാണവ. പാമരങ്ങളും കപ്പിയും കയറുമൊക്കെയായി ഓളപ്പെരുക്കത്തിൽ തെന്നിനീങ്ങുന്ന നൗകകളുടെ നീണ്ടുകൃശമായ രൂപങ്ങൾ താളത്തിന്റെയും സൗന്ദര്യത്തിന്റെയും അനുഭൂതികളെ ആത്മാവിൽ കെടാതെ നിർത്തുന്നു. ഇതിനൊക്കെപ്പുറമേ,എല്ലാ ജിജ്ഞാസയും അവസാനിച്ച,ആഗ്രഹങ്ങൾ അവസാനിച്ച ഒരു മനുഷ്യന്‌ ഗൂഢവും അഭിജാതവുമായ സംതൃപ്തി പകരുന്ന ഒരു സംഗതി കൂടിയുണ്ട്‌-മട്ടുപ്പാവിലോ കടൽഭിത്തിയിലോ ചാരിനിന്നുകൊണ്ട്‌ അയാൾക്ക്‌ ആളുകളെ കാണാം: യാത്രപോകുന്നവർ,യാത്ര കഴിഞ്ഞു വരുന്നവർ,ആഗ്രഹിക്കാനുള്ള മനശ്ശക്തി ബാക്കിയായവർ,യാത്രചെയ്യാനുള്ള ആഗ്രഹം നശിക്കാത്തവർ, പണക്കാരാകാനാഗ്രഹിക്കുന്നവർ.

Friday, September 4, 2009

ബോദ്‌ലെയെർ-പുലർച്ചയ്ക്കൊരുമണിയ്ക്ക്‌

 

 

ഒടുവിൽ ഞാനൊറ്റയ്ക്കാകുന്നു!

മടങ്ങാൻ വൈകിയ ചില പഴഞ്ചൻവണ്ടികളുടെ കടകടശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഇനി കുറേ നേരത്തേക്ക്‌ ശാന്തതയല്ലെങ്കിൽ നിശ്ശബ്ദതയെങ്കിലും നമുക്കു പ്രതീക്ഷിക്കാം. മനുഷ്യമുഖങ്ങളുടെ ദുർഭരണത്തിനവസാനമായിരിക്കുന്നു; ഇനി എന്റെ വക ദുരിതങ്ങളേ എനിക്കനുഭവിക്കാനുള്ളു.

ഹാവൂ! ഇനിയീ ഇരുട്ടു കോരിയൊഴിച്ച്‌ എനിക്കൊരു കുളികഴിക്കാം. അതിനു മുമ്പ്‌ ഞാനീ വാതിലൊന്ന് താക്കോലിട്ടു പൂട്ടട്ടെ; താക്കോൽ വീഴുന്ന ആ ശബ്ദം എന്റെ ഏകാന്തതയുടെ കനം കൂട്ടുന്ന പോലെയാണ്‌ എനിക്കു തോന്നുന്നത്‌; പുറംലോകത്തിൽ നിന്ന് എന്നെ വേർപെടുത്തുന്ന കന്മതിൽ ഒന്നുകൂടി ബലപ്പെടുത്തുകയാണത്‌.

അസഹ്യമായ ജീവിതം!അസഹ്യമായ നഗരം! ഇന്നു പകലു നടന്നതെന്തൊക്കെയാണ്‌-കുറേ സാഹിത്യകാരന്മാരെ കണ്ടുമുട്ടി;അവരിലൊരാൾക്ക്‌ റഷ്യയിലേക്കു കരമാർഗ്ഗമുള്ള വഴി ഞാൻ പറഞ്ഞുകൊടുക്കണമത്രെ(റഷ്യ കടലിനു നടുവിൽക്കിടക്കുന്ന ദ്വീപാണെന്നായിരിക്കണം ആൾ കരുതിയിരിക്കുന്നത്‌); ഒരു പത്രാധിപരുമായി ശ്വാസം വിടാതെ നിന്നു തർക്കിച്ചു;എന്റെ ഓരോ തടസ്സവാദത്തിനും അയാളുടെ മറുപടി ഇതായിരുന്നു:"ഞങ്ങൾ മര്യാദക്കാരുടെ കൂടെയാണ്‌." എന്നതിനർത്ഥം മറ്റു പത്രാധിപന്മാരൊക്കെ പോക്കിരികളാണെന്നാണല്ലോ; ഒരിരുപതു പേരുടെ അഭിവാദനങ്ങൾക്ക്‌ പ്രത്യഭിവാദനം ചെയ്യേണ്ടിവന്നു; അതിൽ പതിനഞ്ചുപേരും എനിക്കു കണ്ടുപരിചയം പോലുമില്ലാത്തവരുമായിരുന്നു; അതേയളവിൽത്തന്നെ ഹസ്തദാനങ്ങളും നടത്തി, അതും ഒരു കൈയുറയുടെ മുൻകരുതൽ പോലുമില്ലാതെ; മഴ ചാറിയ നേരത്ത്‌ സമയം കൊല്ലാൻ വേണ്ടി ഒരു സർക്കസ്സുകാരിയെ കാണാൻ പോയി; അവൾക്കു  ഞാനൊരു വേഷം ഡിസൈൻ ചെയ്തു കൊടുക്കണമത്രെ; കുറേനേരം ഒരു നാടകസംവിധായകന്റെ പിന്നാലെ തൂങ്ങിനടന്നു; ഒടുവിൽ എന്നെ ഒഴിവാക്കാൻ അയാൾ പറയുകയാണ്‌:"ഇന്നയാളെ ഒന്നു പോയിക്കാണൂ. എന്റെ നാടകകൃത്തുക്കളിൽ വച്ച്‌ ഏറ്റവും പൊണ്ണനും ഏറ്റവും ബുദ്ധിഹീനനും ഏറ്റവും പ്രശസ്തനും അയാളാണ്‌. അയാളോടൊട്ടിനടന്നാൽ തനിക്കെവിടെയെങ്കിലുമെത്താം. പോയിട്ടുവാ, എന്നിട്ടു നമുക്കു നോക്കാം." ചെയ്തിട്ടേയില്ലാത്ത ചില കന്നത്തരങ്ങൾ ചെയ്തതായി ഞാൻ വീരവാദം മുഴക്കി(എന്തിന്‌); മര്യാദകേടുകൾ ചിലതു ചെയ്തത്‌ ഒരു പേടിത്തൊണ്ടനെപ്പോലെ ഞാൻ നിഷേധിക്കുകയും ചെയ്തു.ഒരു സുഹൃത്തിന്‌ നിഷ്‌പ്രയാസം സാധിച്ചുകൊടുക്കാമായിരുന്ന ഒരു സഹായം ചെയ്യാൻ ഞാൻ മിനക്കെട്ടില്ല; അതേസമയം ഒരൊന്നാന്തരം പോക്കിരിയ്ക്ക്‌ ഒരു ശുപാർശക്കത്തു തന്നെ എഴുതിക്കൊടുക്കുകയും ചെയ്തു. ഹൊ,ഇത്രയൊക്കെപ്പോരേ!

സകലതും വെറുത്ത,എന്നെത്തന്നെ വെറുത്ത ഞാൻ ഈ രാത്രിയുടെ നിശ്ശബ്ദതയിലും ഏകാന്തതയിലും സ്വയമൊന്നു വീണ്ടെടുടക്കട്ടെ; നഷ്ടമായ ആത്മാഭിമാനം അൽപമെങ്കിലും ഞാൻ കണ്ടെടുക്കട്ടെ. ഞാൻ സ്നേഹിച്ചവരുടെ ആത്മാക്കളേ,ഞാൻ കവിതകളിൽ കൊണ്ടാടിയവരുടെ ആത്മാക്കളേ, എനിക്കു ബലം തരൂ,എന്നെ താങ്ങിനിർത്തൂ,ഈ ലോകത്തിന്റെ നുണകളിലും ദുഷിച്ച വായുവിലും നിന്ന് എന്നെ രക്ഷപെടുത്തൂ. എന്റെ ദൈവമേ, അവിടുന്നും ഒന്നു ചെയ്യാനുണ്ട്‌: മനോഹരമായ ചില കവിതകളെഴുതാൻ വേണ്ട അനുഗ്രഹം എനിക്കു നൽകേണമേ; മനുഷ്യർക്കിടയിൽ ഏറ്റവും താഴ്‌ന്നവനല്ല ഞാനെന്ന്, ഞാൻ വെറുക്കുന്നവരേക്കാൾ അധമനല്ല ഞാനെന്ന് എനിക്കു ബോധ്യമാവട്ടെ.

Thursday, September 3, 2009

ബോദ്‌ലെയെർ-ഉന്മത്തനാകൂ

charles_baudelaire

ഉന്മത്തനായിട്ടിരിക്കൂ.

അതേ ചിന്തിക്കാനുള്ളു;

മറ്റൊന്നും പ്രശ്നമാക്കാനില്ല.

കാലത്തിന്റെ ഭീഷണമായ ഭാരം

നിങ്ങളെ ചുമലുകളിൽപ്പിടിച്ചു ഞെരിച്ചു

മണ്ണിനോടു ചേർത്തരയ്ക്കുന്നതറിയാതിരിക്കണമെങ്കിൽ,

ഒരു നിമിഷമൊഴിവില്ലാതെ മത്തനായിട്ടിരിക്കൂ.

 

എന്തിന്റെ ലഹരിയിലാണു നിങ്ങൾ ഉന്മത്തനാകേണ്ടതെന്നാണോ?

മദ്യമോ,

കവിതയോ,

നന്മയോ

നിങ്ങൾക്കിഷ്ടമുള്ളതെന്തുമാകാം.

നിങ്ങൾ അതിന്റെ ലഹരിയിലായിരിക്കണമെന്നേയുള്ളു.

ഇനി ചിലപ്പോൾ

ഒരു കൊട്ടാരത്തിന്റെ പടവിൽ വച്ച്‌,

ഒരോടയിലെ പച്ചപ്പുല്ലിൽ വച്ച്‌,

സ്വന്തം മുറിയുടെ മ്ലാനമായ ഏകാന്തതയിൽ വച്ച്‌

നിങ്ങൾക്കു ബോധം തെളിയുകയും

ലഹരിയിറങ്ങിയതായി നിങ്ങളറിയുകയും ചെയ്താൽ

കാറ്റിനോടു ചോദിക്കൂ,

താരത്തോടു ചോദിക്കൂ,

തിരയോടു ചോദിക്കൂ,

കിളിയോടു ചോദിക്കൂ,

ഘടികാരത്തോടു ചോദിക്കൂ,

പറക്കുകയോ

കരയുകയോ

ഒഴുകയോ

പാടുകയോ

ചെയ്യുന്നതേതിനോടും ചോദിക്കൂ-

നേരമെന്തായി?

കാറ്റും

തിരയും

താരവും

കിളിയും

ഘടികാരവും

ഈയൊരുത്തരം തരും-

“ഉന്മത്തനാകാനുള്ള നേരം!

കാലത്തിന്റെ രക്തസാക്ഷികളായ അടിമകളാകരുതെന്നുണ്ടോ?

കുടിച്ചുമത്തനാകൂ!

മദ്യമോ നന്മയോ കവിതയോ എന്തുമാകട്ടെ,

അതിന്റെ ലഹരിയിറങ്ങാതെ നോക്കൂ!”

*

Wednesday, September 2, 2009

ബോദ്‌ലെയെർ-ജനാലകൾ

തുറന്ന ജനാലയിലൂടെ അകത്തേയ്ക്കു നോക്കുന്ന ഒരാൾ ഒരിക്കലും അടഞ്ഞുകിടക്കുന്ന ജനാലയിലേക്കു നോക്കുന്ന മറ്റൊരാൾ കാണുന്നത്രയും കാണുന്നില്ല.ഒരൊറ്റ മെഴുകുതിരി തിളക്കുന്ന ഒരു ജനാലയെക്കാൾ അഗാധവും നിഗൂഢവും അർത്ഥഗർഭവും തന്നിലേക്കു വലിഞ്ഞതുംദീപ്തവുമായ മറ്റൊന്നുണ്ടോ? പകൽവെളിച്ചത്തിൽ കാണുന്നതിനേക്കാൾ എത്രയോ താൽപ്പര്യമുണർത്തുന്നതാണ്‌ ഒരു ജനാലച്ചില്ലിനു പിന്നിൽ നടക്കുന്നത്‌.ഇരുണ്ടതോ തിളങ്ങുന്നതോ ആയ ആ പഴുതിനുള്ളിൽ ജീവിതം ജീവിക്കുന്നു, ജീവിതം സ്വപ്നം കാണുന്നു, ജീവിതം ദുരിതമനുഭവിക്കുന്നു.

മേൽക്കൂരകളുടെ ഈ കടലിനുമപ്പുറത്ത്‌ മുഖത്തു ചുളിവു വീണ ഒരു പാവം വൃദ്ധയെ ഞാൻ കാണുന്നു-അവരെപ്പോഴും എന്തിനോ മേൽ കുനിഞ്ഞുനിൽക്കുകയാണ്‌; അവർ ഒരിക്കലെങ്കിലും പുറത്തുപോകുന്നതായി ഞാൻ കണ്ടിട്ടില്ല. അവരുടെയാ മുഖത്തു നിന്ന്, അവരുടെ ഉടുവസ്ത്രത്തിൽ നിന്ന്, അവരുടെ ചേഷ്ടകളിൽ നിന്ന് ,ഇതൊന്നുമില്ലാതെതന്നെ ഞാൻ അവരുടെ ജീവിതകഥ,അതുമല്ലെങ്കിൽ അവരുടെ ഇതിഹാസം മെനഞ്ഞെടുത്തു; സ്വയമതു ചൊല്ലുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞുപോയിട്ടുണ്ട്‌. ഇനിയൊരു കിഴവന്റെ കാര്യത്തിലായാൽപ്പോലും അത്രയനായാസമായി എനിക്കയാളുടെ ജീവിതം പുനഃസൃഷ്ടിക്കാവുന്നതേയുള്ളു.

എന്നിട്ട്‌, ഞാനല്ലാതെ മറ്റൊരാൾക്കുവേണ്ടി വേദന തിന്നതിന്റെ പേരിലുള്ള ഒരുവക അഭിമാനവുമായി ഞാൻ ഉറങ്ങാൻ ചെന്നു കിടക്കുകയും ചെയ്യുന്നു.

'നിങ്ങൾ മെനഞ്ഞെടുത്ത ആ കഥ തന്നെയാണ്‌ യഥാർത്ഥമെന്ന് നിങ്ങൾക്കത്ര തീർച്ചയാണോ?' നിങ്ങൾ ചോദിച്ചേക്കാം.

എന്നെ ജീവിപ്പിച്ചുനിർത്താനും ജീവനുള്ള ഒരു ജന്തുവാണു ഞാനെന്നെ ഓർമ്മപ്പെടുത്താനും എന്റെ സ്വത്വം ഇന്നതാണെന്ന് എന്ന് ബോധവാനാക്കാനും അതുതകുമെങ്കിൽപ്പിന്നെ എനിക്കുപുറത്തുള്ള യാഥാർത്ഥ്യത്തിന്റെ കൃത്യതയെക്കുറിച്ചോർത്ത്‌ ഞാനെന്തിനു വേവലാതിപ്പെടണം?