Thursday, December 31, 2009

ലോർക്ക-വിസ്മയം

image നെഞ്ചത്തൊരു കഠാരയുമായി
തെരുവിൽ ചത്തുകിടന്നവൻ.
അവനാരെന്നറിയില്ലാർക്കും.
വിറകൊണ്ടുവല്ലോ റാന്തൽ.
ദൈവത്തിനമ്മയായോളേ,
എമ്മട്ടു വിറകൊണ്ടുവെന്നോ
തെരുവിലെ കുഞ്ഞുവിളക്കിൻ നാളം.
പൊട്ടിവിടർന്ന വെട്ടത്തിൽ
ഇരുട്ടടച്ചു കണ്ണുകൾ.
നെഞ്ചത്തൊരു കഠാരയുമായി
തെരുവിൽ ചത്തുകിടന്നവൻ.
അവനാരെന്നറിയില്ലാർക്കും.

 

 

Drawing-Death by Lorca

Wednesday, December 30, 2009

ബോദ്‌ലെയർ-നല്ല നായ്ക്കൾ

(ജോസഫ്‌ സ്റ്റീവൻസിന്‌)

എന്റെ നൂറ്റാണ്ടിലെ ചെറുപ്പക്കാരായ എഴുത്തുകാർക്കു മുന്നിൽ വച്ചുപോലും ബൂഫോണിനോടുള്ള എന്റെ മതിപ്പിനെ പുറത്തു കാണിക്കുന്നതിൽ എനിക്കൊരിക്കലും നാണക്കേടു തോന്നിയിട്ടില്ല. പക്ഷേ ഇന്നു ഞാൻ എന്നെ സഹായിക്കാനായി ആവാഹിച്ചുവരുത്തുന്നത്‌ പ്രകൃതിയെ മഹത്വപ്പെടുത്തിയ ആ ചിത്രകാരന്റെ ആത്മാവിനെയല്ല. അല്ല.  image
സ്റ്റേണിനെ വിളിച്ചുവരുത്താനാണു ഞാനിഷ്ടപ്പെടുക; ഞാൻ അദ്ദേഹത്തോടു പറയും:'അല്ലേ, വികാരജീവിയായ വിദൂഷകാ, താരതമ്യമില്ലാത്ത വിദൂഷകാ, നല്ല നായ്ക്കളെ, സാധുനായ്ക്കളെ കീർത്തിക്കാൻ, അങ്ങയുടെ നിലയ്ക്കു ചേർന്ന ഒരു ഗാനം ചെയ്യാൻ എനിക്കു പ്രചോദനമാകേണ്ടതിലേക്കായി ആ സ്വർഗ്ഗം വിട്ട്‌ അങ്ങിറങ്ങി വന്നാലും എലീഷിയത്തിൽ നിന്നുയർന്നു വന്നാലും! വരുംതലമുറയുടെ ഓർമ്മയിൽ അങ്ങയെ വിട്ടുപിരിയാത്ത പേരുകേട്ട ആ കഴുതയുടെ പുറത്തു കയറി അങ്ങു മടങ്ങിവരൂ! അവന്റെ ചുണ്ടുകൾക്കിടയിൽ അനശ്വരമായ ആ മാക്കറൂൺ ഉണ്ടാകണമെന്നതു മറക്കുകയും ചെയ്യരുതേ!'
image
പണ്ഡിതന്മാരുടെ കാവ്യദേവത മാറിയിരിക്കട്ടെ! നാണം നടിക്കുന്ന ആ കിഴവിയുമായി ഒരിടപാടും എനിക്കു വേണ്ട. ഞാൻ വിളിക്കുന്നത്‌ അടുത്തിടപഴകുന്ന കാവ്യദേവതയെയാണ്‌, ഉശിരുള്ള പട്ടണക്കാരിപ്പെണ്ണിനെയാണ്‌; നല്ല നായ്ക്കളെക്കുറിച്ചു പാടാൻ, സാധുനായ്ക്കളെക്കുറിച്ചു പാടാൻ, നാറുന്ന നായ്ക്കളെക്കുറിച്ചു പാടാൻ അവളെന്നെ തുണയ്ക്കട്ടെ; ചെള്ളരിക്കുന്നതെന്നും വ്യാധി പിടിച്ചതെന്നും പറഞ്ഞ്‌ ആട്ടിയോടിയ്ക്കുകയാണവയെ അവ മാത്രം തുണയായ സാധുക്കളും, അവയെ ഉടപ്പിറന്നവരെപ്പോലെ കാണുന്ന കവിയുമൊഴികെ സകലരും.
ആ നാൽക്കാലിജളൻ, സുന്ദരവിഡ്ഡി, ഗ്രേറ്റ്‌ ഡെയ്ൻ, കിംഗ്‌ ചാൾസ്‌,പഗ്‌,സ്പാനിയൽ അവനെ എനിക്കു കണ്ണിനു കണ്ടുകൂടാ; അവർക്കു തന്നെ ഇഷ്ടപ്പെടാതെ എവിടെപ്പോകാൻ എന്നൊരു ഭാവത്തോടെയാണ്‌ വരുന്നവരുടെ മടിയിലേക്കോ കാലുകളിലേക്കോ അവൻ ചാടിക്കയറുന്നത്‌. ഒരു കുട്ടിയെപ്പോലെ ശല്യക്കാരൻ, തെരുവുവേശ്യയെപ്പോലെ ബുദ്ധി മന്ദിച്ചവൻ,വേലക്കാരനെപ്പോലെ മര്യാദകെട്ടവനും ശാഠ്യക്കാരനും! ഗ്രേഹൗണ്ടെന്നു പേരുള്ള ആ വിറയന്മാർ,അലസന്മാർ അവരും എന്റെ കണ്മറയത്തു പോകട്ടെ; ആ മുനയൻമൂക്കിലുണ്ടോ ഒരു ചങ്ങാതി പോയ വഴിയറിയാനുള്ള ഘ്രാണശക്തി! ആ പരന്നൊട്ടിയ തലയിൽ എവിടെയിരിക്കുന്നു ഒരു ഡൊമിനോ കളിയ്ക്കാനെങ്കിലുമുള്ള ബുദ്ധിശക്തി!

 
മനസ്സു മടുപ്പിക്കുന്ന ആ പരാന്നഭുക്കുകൾ പോയി കൂട്ടിൽ കേറട്ടെ! മെത്തയിട്ടതും പട്ടു വിരിച്ചതുമായ കൂടുകൾ കിടപ്പുണ്ടല്ലോ അവറ്റയ്ക്കു ശയിക്കാൻ!

ഞാൻ കീർത്തിക്കുന്നത്‌ അഴുക്കുപിടിച്ച നായയെയാണ്‌, പാവം നായയെയാണ്‌, വീടില്ലാതെ അലയുന്ന നായയെയാണ്‌, കസർത്തു കാണിക്കുന്ന നായയെയാണ്‌; ദരിദ്രനെപ്പോലെ,ജിപ്സിയെപ്പോലെ,നാടകക്കാര നെപ്പോലെ ആവശ്യം (ധിഷണകളുടെ യഥാർത്ഥരക്ഷകയായ ആ നല്ലമ്മ) ജന്മവാസനയെ മൂർച്ചപ്പെടുത്തിയ ആ നായയെയാണ്‌!
ഞാൻ കീർത്തിക്കുന്നത്‌ ഭാഗ്യദോഷികളായ നായ്ക്കളെയാണ്‌; വിപുലമായ നഗരങ്ങളിലെ ചുറ്റിച്ചുഴലുന്ന ഓടകളിൽ ഏകാകികളായി അലഞ്ഞുനടക്കുന്ന നായ്ക്കൾ; ധിഷണ സ്ഫുരിക്കുന്ന ചിമ്മുന്ന കണ്ണുകൾ കൊണ്ട്‌ ഭ്രഷ്ടരായ മനുഷ്യരോട്‌ ഇങ്ങനെ പറയുന്ന നായ്ക്കൾ:'എന്നെ ഒപ്പം കൂട്ടൂ; രണ്ടുതരം ദുരിതങ്ങളിൽ നിന്ന് ഒരുതരം സന്തോഷം കരുപ്പിടിപ്പിക്കാൻ നമുക്കായാലോ!'

image
'നായ്ക്കൾ പോകുന്നതെങ്ങോട്ട്‌?' അനശ്വരമായ ഒരു ലേഖനത്തിൽ നെസ്റ്റർ റോക്യൂപ്ലാൻ ഒരിക്കൽ ചോദിച്ചു; അദ്ദേഹം തന്നെ മറന്നിരിക്കാവുന്ന ആ ലേഖനം ഞാൻ മാത്രമേ,ഒരുപക്ഷേ സാങ്ങ്‌-ബ്യൂവും, ഇന്നും ഓർമ്മയിൽ വയ്ക്കുന്നുള്ളു.
 
നായ്ക്കൾ പോകുന്നതെങ്ങോട്ടെന്നാണോ, ശ്രദ്ധയില്ലാത്ത ഹേ മനുഷ്യാ, തനിക്കറിയേണ്ടത്‌? അവർ തങ്ങളുടെ പാടു നോക്കി പോകുന്നു.

അവർക്കുണ്ട്‌ തൊഴിൽസംബന്ധമായ ഇടപാടുകൾ, പ്രണയസംബന്ധമായ ഇടപാടുകൾ. മൂടൽമഞ്ഞി ലൂടെ,മഞ്ഞുവീഴ്ചയിലൂടെ,ചെളിയിലൂടെ,തിളയ്ക്കുന്ന വേനൽച്ചൂടിലൂടെ, ചൊരിയുന്ന മഴയിലൂടെ ചെള്ളോ തൃഷ്ണയോ, ആവശ്യമോ കടമയോ കുത്തിയിളക്കിവിട്ട്‌ അവർ വരികയും പോവുകയുമാണ്‌, വണ്ടികൾക്കടിയിലൂടെ നൂണ്ടുകടക്കുകയാണ്‌,ധൃതിയിൽ പാഞ്ഞുപോവുകയാണ്‌. നമ്മെപ്പോലെ അവരും അതിരാവിലെ എഴുന്നേറ്റ്‌ ജീവിതം കഴിക്കാനുള്ള വഴികൾ തേടുകയാണ്‌, തങ്ങളുടേതായ ആനന്ദങ്ങൾക്കു പിന്നാലെ പായുകയാണ്‌.

ചിലർ  പട്ടണത്തിനു പുറത്തുള്ള വല്ല പൊളിഞ്ഞ കെട്ടിടത്തിലും കിടന്നുറങ്ങിയിട്ട്‌ എന്നും കൃത്യസമയത്ത്‌ പലൈ-റോയലിലെ ഏതെങ്കിലും അടുക്കളവാതിൽക്കൽ ചെന്നു കാത്തുകിടക്കും; മറ്റുചിലർ സംഘം ചേർന്ന് പതിനഞ്ചു മൈൽ ഓടിപ്പോയി വിവാഹം കഴിക്കാത്ത ചില അറുപതുകാരികൾ ഉണ്ടാക്കിവിളമ്പുന്ന ധർമ്മക്കഞ്ഞി കഴിക്കാൻ ചെല്ലും; ശേഷി കെട്ട പുരുഷന്മാർക്കു വേണ്ടെന്നതിനാൽ അവർ തങ്ങളുടെ ഹൃദയങ്ങൾ മൃഗങ്ങൾക്കു പങ്കു വയ്ക്കുകയാണ്‌.
മറ്റുചിലരോ, പ്രണയഭ്രാന്തു മൂത്ത്‌ ഒളിച്ചോടുന്ന അടിമകളെപ്പോലെ ചില നാളുകളിൽ സ്വന്തം തട്ടകം വിട്ട്‌ നഗരത്തിലെത്തുകയും ഒരു മണിക്കൂറും അതിലേറെയും ഏതെങ്കിലുമൊരു പെൺപട്ടിയെ ചുറ്റിപ്പറ്റിനടക്കുകയും ചെയ്യുന്നു;അൽപം ചേലു കെട്ടതാണെങ്കിൽക്കൂടി അവൾക്കതിൽ നന്ദിയും അഭിമാനവുമുണ്ട്‌.
image
അവരൊക്കെ കണിശവും കൃത്യനിഷ്ഠയുള്ളവരുമാണ്‌; ഡയറിയും നോട്ടുബുക്കും പോക്കറ്റുബുക്കുമൊന്നും അവർക്കാ വശ്യം വരുന്നില്ല.

ആലസ്യമാർന്ന ബൽജിയത്തിൽ നിങ്ങൾ പോയിട്ടുണ്ടോ? അവിടെ കശാപ്പുകാരന്റെയോ,പാൽക്കാരിയു ടെയോ,അതുമല്ലെങ്കിൽ ബേക്കറിക്കാരന്റെയോ വണ്ടി വലിയ്ക്കുന്ന ഉശിരന്മാരായ നായ്ക്കളെ എന്നെപ്പോലെ ആരാധനയോടെ നിങ്ങൾ നോക്കിനിന്നിട്ടുണ്ടോ? കുതിരകൾക്കു കിടനിൽക്കുന്നതിലുള്ള ആഹ്ലാദവും അഭിമാനവും സാക്ഷ്യപ്പെടുത്തുന്ന ജയഭേരികളാണ്‌ അവരുടെ കുരകൾ.
image
സംസ്ക്കാരത്തിന്റെ അൽപം കൂടി ഉയർന്ന പടവിലുള്ള രണ്ടു നായ്ക്കളെ മനസ്സിൽക്കണ്ടുനോക്കുക! ഒരു തെരുവുസർക്കസുകാരന്റെ മുറിയിലേക്ക്‌ അയാളില്ലാത്ത നേരത്ത്‌ ഞാൻ നിങ്ങളെ ഒന്നു കൊണ്ടുപോവുകയാണ്‌. ചായം തേച്ച ഒരു തടിക്കട്ടിൽ, തിരശ്ശീലകളില്ലാത്ത ജനാലകൾ,മൂട്ടകളുടെ പാടു പറ്റിയ ചുളിഞ്ഞ വിരിപ്പുകൾ,രണ്ടു ചൂരൽക്കസേരകൾ,ഒരിരുമ്പുസ്റ്റൗ,ഒന്നുരണ്ടു വാദ്യോപകരണങ്ങൾ. ഹാ, കണ്ടാലേ വിഷാദം തോന്നുന്ന ഉരുപ്പടികൾ! പക്ഷേ ധിഷണാശാലികളായ ആ രണ്ടു ജീവികളെ ഒന്നു നോക്കൂ: പിന്നിക്കീറിയതെങ്കിലും മോടിയുള്ള ചില ഉടുപ്പുകളുമിട്ട്‌, ഗായകരെയോ പടയാളികളെയോ പോലെ വെടിപ്പായി, സ്റ്റൗവിൽ തിളച്ചുകൊണ്ടിരിക്കുന്ന ഏതോ അജ്ഞാതദ്രാവകത്തിന്‌ മന്ത്രവാദികളെപ്പോലെ കാവലിരിക്കുകയണവർ; കൽപ്പണി കഴിഞ്ഞുവെന്നറിയി ക്കാൻ കെട്ടിടങ്ങളുടെ മുകളറ്റത്തു കുത്തിനിർത്തുന്ന കഴ പോലെ ഒരു നീണ്ട കയിൽ അതിൽ നിന്നു പൊന്തിനിൽപ്പുണ്ട്‌.
ഉത്സാഹികളായ ആ അഭിനേതാക്കൾ കട്ടിയും കടുപ്പവുമുള്ള ഒരു സൂപ്പു കഴിച്ചിട്ട്‌ വഴിയിലേക്കിറങ്ങുന്നതല്ലേ ഭംഗി? എന്താ അങ്ങനെയല്ലേ? ആ സാധുക്കൾക്ക്‌ അങ്ങനെയൊരാനന്ദം നിഷേധിക്കാൻ നിങ്ങൾക്കു മനസ്സു വരുമോ? പൊതുജനത്തിന്റെ നിസ്സംഗതയും നാലുപേരുടെ സൂപ്പ്‌ ഒറ്റയ്ക്കകത്താക്കുന്ന ഒരു മാനേജരുടെ മര്യാദകേടും ഓരോദിവസവും നേരിടാനുള്ളതല്ലേ അവർ?

image
നാലുകാലുള്ള ആ ചിന്തകരെ, എളിമയും അർപ്പണബോധവുമുറ്റ ആ അടിമകളെ, സഹതാപം കലർന്ന ഒരു പുഞ്ചിരിയോടെ എത്ര തവണ നോക്കിനിന്നിരിക്കുന്നുവെന്നോ ഞാൻ. മനുഷ്യരുടെ ക്ഷേമത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന റിപ്പബ്ലിക്കിന്‌ നായ്ക്കളെക്കുറിച്ചും ഒരു ചിന്തയുണ്ടായിരുന്നുവെങ്കിൽ തങ്ങളുടെ നിഘണ്ടുവിൽ കണക്കിൽപ്പെടാത്ത അടിമകളുടെ വിഭാഗത്തിൽപ്പെടുത്താം അവർക്കാ ജീവികളെ.

image
ഇത്രയും ധൈര്യത്തിനും ഇത്രയും ക്ഷമയ്ക്കും ഇത്രയും അധ്വാനത്തിനും പ്രതിഫലമായി ഒരിടം(അങ്ങനെ യൊന്നില്ലെന്ന് ആർക്കു പറയാൻ പറ്റും?)നല്ല നായ്ക്കൾക്ക്‌, സാധുനായ്ക്കൾക്ക്‌, നാറുന്ന,സങ്കടപ്പെടുന്ന നായ്ക്കൾക്ക്‌ ഒരു പ്രത്യേകസ്വർഗ്ഗം കാണേണ്ടതല്ലേയെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്‌. പ്രത്യേകിച്ചൊരിടം തുർക്കികൾക്കുണ്ടെന്നും മറ്റൊന്ന് ഡച്ചുകാർക്കുമുണ്ടെന്നും സ്വീഡൻബർഗ്‌ ഉറപ്പിച്ചു പറയുന്നുമുണ്ടല്ലോ!
വിർജിലിന്റെയും തിയോക്രിറ്റസിന്റെയും ആട്ടിടയന്മാർ സംഗീതമത്സരങ്ങളിൽ സമ്മാനങ്ങളായി പ്രതീക്ഷിച്ചിരുന്നത്‌ നല്ലൊരു പാൽക്കട്ടി,പ്രഗത്ഭനായ ഒരു കൈവേലക്കാരൻ തീർത്ത പുല്ലാങ്കുഴൽ, അതുമല്ലെങ്കിൽ അകിടു വീർത്ത ഒരാട്‌ ഇതൊക്കെയാണല്ലോ. പാവം നായ്ക്കളെ കീർത്തിച്ച കവിയ്ക്കു സമ്മാനം കിട്ടിയത്‌ മനോഹരമായ ഒരു മേലുടുപ്പായിരുന്നു; അതിന്റെ മങ്ങിയതെങ്കിലും ഉജ്ജ്വലമായ നിറം ഓർമ്മപ്പെടുത്തിയതോ, ശരൽക്കാല സൂര്യന്മാരെ,പാകം വന്ന സ്ത്രീകളുടെ സൗന്ദര്യത്തെ,കടുത്ത വേനൽനാളുകളെ.

എന്തു വ്യഗ്രതയോടെയാണ്‌ ചിത്രകാരൻ തന്റെ മേൽക്കുപ്പായമൂരി കവിയെ അണിയിച്ചതെന്ന് വില്ലാ-ഹെർമോ സായിലെ മദ്യക്കടയിൽ അന്നുണ്ടായിരുന്ന ഒരാളും മറക്കാൻ പോകുന്നില്ല; സാധുനായ്ക്കളെ കീർത്തിക്കുക അത്ര നന്മയും നേരുമുള്ള സംഗതിയാണെന്ന് അത്രയ്ക്കദ്ദേഹം മനസ്സു കൊണ്ടറിഞ്ഞിരിക്കുന്നു.

പണ്ടുകാലത്ത്‌ പ്രതാപിയായ ഒരു ഇറ്റാലിയൻ രാജാവ്‌ അമൂല്യമായ ഒരു ഗീതകത്തിനോ വിചിത്രമായ ഒരു ആക്ഷേപഹാസ്യകാവ്യത്തിനോ പകരമായി ദിവ്യനായ അരെറ്റിനോവിന്‌ രത്നങ്ങൾ പതിച്ച ഒരു കഠാരയോ രാജകീയവസ്ത്രമോ ഉപഹാരമായി നൽകിയതും ഈവിധം തന്നെ.

കവി ആ ചിത്രകാരന്റെ മേലുടുപ്പെടുത്തണിയുമ്പോഴൊക്കെയും അയാൾക്കോർക്കാതിരിക്കാനാവുന്നില്ല നല്ല നായ്ക്കളെ,ചിന്തകരായ നായ്ക്കളെ,കടുത്ത വേനൽനാളുകളെ,യൗവനം കടന്ന സ്ത്രീകളുടെ സൗന്ദര്യത്തെ.
_________________________________________________________________________________________________________________________
ജോസഫ്‌ സ്റ്റീവൻസ്‌(1816-18920) ബോദ്‌ലെയറുടെ സ്നേഹിതനായ ബൽജിയം ചിത്രകാരൻ. മൃഗങ്ങളുടെ,പ്രത്യേകിച്ചും നായകളുടെ ചിത്രകാരനെന്ന നിലയിൽ പ്രസിദ്ധി. അദ്ദേഹത്തിന്റെ ഒരു ചിത്രമാണ്‌ ഈ കവിതയ്ക്കു പ്രേരകമായതും.
ബുഫോൺ(1707-1788) ജന്തുജീവിതത്തെക്കുറിച്ച്‌ ധാരാളമെഴുതി.
സ്റ്റേൺ-ട്രിസ്റ്റ്‌റാം ഷാൻഡിയിലാണ്‌ കഴുതയുടെയും മാക്കറൂണിന്റെയും കഥ.
നെസ്റ്റർ റോക്യൂപ്ലാൻ(1804-1870) നാടകസംവിധായകനും വിമർശകനും
സാങ്ങ്‌-ബ്യൂ(1804-1869) ബോദ്‌ലെയറിന്റെ കാലത്തെ പ്രമുഖ സാഹിത്യനായകൻ.
അരെറ്റിനോ(1492-1556) ബോദ്‌ലെയർ ബഹുമാനിച്ചിരുന്ന ഒരു ലാറ്റിൻ കവി.
ബ്രസ്സൽസിലെ ഒരു മദ്യക്കടയിൽ വച്ച്‌ ജോസഫ്‌ സ്റ്റീവൻസ്‌ തനിക്കൊരു മേലുടുപ്പു സമ്മാനിച്ചതിനെയാണ്‌ പരാമർശിക്കുന്നത്‌.
IMAGES FROM WIKIMEDIA COMMONS

Tuesday, December 29, 2009

ലോർക്ക-കഠാര

Lorca_(1914)

പാഴ്‌നിലത്തിലാഴുന്ന കൊഴു പോലെ
നെഞ്ചിലേക്കിറങ്ങുന്നു
കഠാരം.

അരുതേ
അതെന്നിൽ കുത്തിയിറക്കരുതേ.
അരുതേ.

ഒരു വെയിലിന്റെ നാളം പോലെ
കൊടിയ ഗർത്തങ്ങൾക്കു
തീവയ്ക്കുന്നു കഠാരം.

അരുതേ
അതെന്നിൽ കുത്തിയിറക്കരുതേ.
അരുതേ.

 

Lorca_-_Poeta_NY_2

Monday, December 28, 2009

വാസ്കോ പോപ്പാ-എന്റെ പൂർവ്വികരുടെ ഗ്രാമത്തിൽ

image
ആരോയെന്നെ പുണരുന്നു
ആരോയെന്നെ ചെന്നായക്കണ്ണുകൾ കൊണ്ടുഴിയുന്നു
എനിക്കയാളെ നേരാംവണ്ണം കാണേണ്ടതിലേക്കായി
ആരോ തന്റെ തൊപ്പിയൂരിമാറ്റുന്നു

ഞാനും നീയും തമ്മിലുള്ള ബന്ധം നിനക്കറിയുമോ
സകലരും എന്നോടു ചോദിക്കുകയാണ്‌

ഞാനറിയാത്ത കിഴവന്മാരും കിഴവികളും
എന്റെയോർമ്മയിലെ കുട്ടികളുടെ
പേരുകൾ തട്ടിയെടുത്തിരിക്കുന്നു

ഞാനൊരാളോടു ചോദിച്ചു
ദൈവത്തെയോർത്ത്‌ ഒന്നു പറയൂ,
ജോർജ്ജ്‌ വുൾഫ്‌- ആളിപ്പോഴും ജീവനോടുണ്ടോ

ആൾ ഞാൻ തന്നെ
പരലോകത്തിന്റെ സ്വരത്തിൽ ഒരാൾ പറഞ്ഞു

ഞാനയാളുടെ കവിളത്തു വിരലോടിച്ചു
കണ്ണുകൾ കൊണ്ട്‌ ഞാനയാളോടു കെഞ്ചി
എനിക്കു ജീവനുണ്ടോയെന്ന് ഒന്നു പറയാമോ

Sunday, December 27, 2009

ജാപ്പനീസ്‌ കവിതകൾ

Autumn_leaves_sceenario

സകുതരോ ഹഗിവര-എഴുതിത്തീരാത്ത കവിത

അന്തിക്കുള്ള ചുവന്ന വെളിച്ചം
അതിന്നു കീഴെ
തൂന്നുകൂടിയ വീടുകൾ,തെരുവുകൾ
അവയെക്കാൺകെ ഞാൻ തളരുന്നു
അവയിൽ നിന്നെ-
ണ്മയിൽ വീണു പരക്കുവതെന്തോ?
ശബ്ദങ്ങൾ
മൂവന്തിയിലെ
വ്യാപാരികളുടെ ശബ്ദങ്ങൾ
ശരൽക്കാലത്തിന്നൊടുവിലെ
പുതുമഴ മണക്കുന്ന ശബ്ദങ്ങൾ
പലജീവിതങ്ങളുടെ ശബ്ദങ്ങൾ
ഒരു ജാലകത്തിൽ ചാരിനിന്നതു
കേൾക്കുകയല്ലോ ഞാൻ.

kaki

ഷിജേഗി ത്‌സുബോയ്‌-അനക്കമറ്റ രാത്രി

തണുത്തിരുണ്ടൊരീ രാത്രിക്കു ചലനമില്ല
എന്റെ കണ്ണുകളില്ല
മിടിക്കുന്ന ഹൃദയമില്ല
അഴകാർന്ന പൂക്കളില്ല.
ഉറക്കം വരാത്തൊരു ജീവിക്കുള്ളിൽ
കാറ്റു വീശുന്നു
പാതിരാത്രിക്കു ഘടികാരം നിലയ്ക്കുന്നു
അതിനു ചാവി കൊടുക്കാൻ
എനിക്കു തോന്നുന്നില്ല-
ഒഴിഞ്ഞൊരീ മുറിയിൽ
ഞാനൊറ്റയാവുകയും
അത്ഭുതങ്ങളൊന്നുമില്ലാതെ
രാത്രി കനക്കുകയും ചെയ്യുന്നൊരീ
മുറിയിൽ.

Thursday, December 24, 2009

സെൻ വചനങ്ങൾ

aoi-2

*
കാതുകൾ കേൾക്കുന്നു
കണ്ണുകൾ കാണുന്നു
മനസ്സിനെന്തു
പണി പിന്നെ?

*
നിങ്ങളൊന്നിനെ
ഉന്നം വയ്ക്കുമ്പോൾ
അതിൽ നിന്നു മാറി-
പ്പോകുന്നു നിങ്ങൾ.

*
കേൾക്കുമ്പോൾ
കാണുന്നു ഞാൻ
കാണുമ്പോൾ
കേൾക്കുന്നു ഞാൻ.

*
സ്വന്തം ലോകം കണ്ടെത്തുക
അതു നിന്റെ കർമ്മം;
അതിൽ സ്വയം സമർപ്പിക്കുക
അതു നിന്റെ ധർമ്മം.
(ബുദ്ധൻ)

*
വലിയ സംശയമുള്ളിടത്ത്‌
വലിയ ഉണർച്ച,
ചെറിയ സംശയം
ചെറിയ ഉണർച്ച,
സംശയമേയില്ല
ഉണർച്ചയുമില്ല.

 

*
നിത്യജീവിതം വരിഞ്ഞുകെട്ടാൻ
നിന്നുകൊടുക്കരുത്‌;
അതിൽ നിന്നു വിട്ടുപോകാൻ
നോക്കുകയുമരുത്‌.

*
നിങ്ങളിൽ നിന്നതു
കിട്ടുകയില്ലെങ്കിൽ
അതിനെത്തേടിയെവിടെ-
പ്പോകാൻ നിങ്ങൾ?

*
കരുണയുള്ളവനായിരിക്കുക
സാധ്യമാകുമ്പൊഴൊക്കെയും;
സാധ്യമാണതെപ്പൊഴും.

*
ഇളകാത്ത മനസ്സിൻ മുന്നിൽ
അടിപണിയുന്നു സർവ്വതും.
(ലാവോത്‌സു)

*
പരിപൂർണ്ണമാണു സർവ്വതും
ഒന്നു മിനുക്കുകയേ വേണ്ടു.
(സുസുക്കി റോഷി)

*
പറഞ്ഞ പണി ചെയ്യുക
പിന്നെ മാറി നിൽക്കുക-
മനശ്ശാന്തിക്കതു വഴി.
(ലവോത്‌സു)

*
നാമെന്നും നിൽക്കുന്നിടത്തു നിന്നൊരു
പോക്കാണു യാത്രയെങ്കിൽ
ചില നിമിഷങ്ങൾ മതി
നമുക്കൊന്നു പോയിവരാൻ.
(തനാഹാഷി)

*
നൂറുനാഴികയാത്രയിൽ
തൊണ്ണൂറുനാഴിക പാതിവഴി.

*
അഭ്യാസത്തിനു തുടക്കമില്ല
ബോധോദയത്തിനൊടുക്കമില്ല,
ബോധോദയത്തിനു തുടക്കമില്ല
അഭ്യാസത്തിനൊടുക്കവുമില്ല.
(ഡോഗൻ)

*
ജീവിതത്തിന്റെ മുക്കാലും
ഒടുങ്ങിക്കഴിഞ്ഞു നിങ്ങൾക്ക്‌;
അതുമിതും ചെയ്തുചെയ്ത്‌
സ്വന്തം ജീവിതം വിഴുങ്ങി നിങ്ങൾ;
ഞാൻ നിങ്ങളെ വിളിക്കുമ്പോൾ
തിരിഞ്ഞുനോക്കാനാവില്ലെങ്കിൽ
ഞാൻ പിന്നെന്തു ചെയ്യാൻ?
(ഡോഗൻ)

*
ഈ ലോകമേതുപോലെ?
കൊറ്റി കൊക്കു കുടഞ്ഞപ്പോൾ
തെറിച്ചുവീണ മഞ്ഞുതുള്ളിയിൽ
പ്രതിഫലിച്ച നിലാവു പോലെ.
(ഡോഗൻ)

Wednesday, December 23, 2009

ജാപ്പനീസ്‌ കവിതകൾ


സകുതരോ ഹഗിവര-ബുദ്ധൻ(ലോകത്തിന്റെ നിഗൂഢത)

കുന്നു നിറഞ്ഞ്‌
ചുവന്ന മണ്ണു നിറഞ്ഞൊരു നാട്ടിൽ
പാഴടഞ്ഞൊരു ഗുഹയ്ക്കുള്ളിൽ
ഒരാളുറങ്ങുന്നു
നീയൊരു തോടല്ല,എലുമ്പല്ല, ഒരു വസ്തുവുമല്ല
കടൽപ്പായലുണങ്ങുന്ന മണൽപ്പരപ്പിൽ
പൊടി കേറി ദ്രവിച്ച പഴയ വാച്ചുമല്ല
നീ സത്യത്തിന്റെ നിഴലാണോ?
അതോ ഒരു ഭൂതമോ?
അന്തമില്ലാതെ ഇരുപ്പു പിടിച്ചവനേ,
അത്ഭുതമത്സ്യം പോലെ ജീവിക്കുന്നവനേ,
അസഹ്യമായൊരീ പാഴ്‌നിലത്തിനങ്ങേയറ്റത്ത്‌
കടലാകാശത്തോടു ഗർജ്ജിക്കുന്നു
ഭൂകമ്പത്തിരകളിരമ്പിവരുന്ന മുഴക്കം കേൾക്കുന്നു.
നീ നിൻ കാതുകൾ കൊണ്ടതു കേൾക്കുന്നുണ്ടോ?
നിത്യനായവനേ,
ബുദ്ധനായവനേ?

 

മിനോരു യോഷിയോക്ക-മുട്ട

അന്നു ദൈവങ്ങളുണ്ടായിരുന്നില്ല
ജീവനുള്ളവയുടെ നിഴലുകളുണ്ടായിരുന്നില്ല
മരണത്തിന്റെ ഗന്ധം പോലുമുയർന്നിരുന്നില്ല
അഗാധമായ അവസാദത്തിന്റെ ഗ്രീഷ്മാപരാഹ്നം.
തരിശ്ശായൊരിടത്ത്‌
പതഞ്ഞുകവിഞ്ഞൊഴുകുന്ന മേഘരൂപങ്ങളെ കീറിയുയർന്ന്
ഒരു വസ്തു ഉൽപത്തിയാകുന്നു;
ജീവൻ സൂചിപ്പിക്കുന്ന ഒരു വസ്തു.
പൊടിയും വെളിച്ചവും തേച്ചുവിളക്കിയ
മഹത്തായ ഭൂമിയെ അധിവസിക്കുന്ന
ഒരേയൊരു മുട്ട.

 

ഷിൻജിരോ കുരഹര-ഒരു രഹസ്യസങ്കേതം

അകാലത്തിലുയർന്നുവരുന്നൊരീ വസ്തു
എന്താകാം?
ഭാവിയിൽ നിന്നൊരു രഹസ്യസങ്കേതം.
ഒരു മനുഷ്യജീവി അയച്ചതല്ലത്‌
ദൈവം പോലെയൊരാളയച്ചതുമല്ല.
അകലെയകലെയാ മണൽപ്പരപ്പിൽ
വറ്റിവറ്റിവരുന്നൊരാകാശത്തിൻ കീഴിൽ
ഭൂമിയിലവശേഷിച്ച ഒരേയൊരു പുൽക്കൊടിയിൽ
പറ്റിച്ചേർന്നിരുന്നുകൊണ്ട്‌
അവസാനത്തെ ചിത്രശലഭം
ഒരടയാളമയക്കുകയാണ്‌.

 

സബുരോ കുരോഡാ-പ്രകൃതി

കുതറിയോടി
അലറിക്കരഞ്ഞ്‌
അട്ടഹസിച്ചുചിരിച്ച്‌
നിങ്ങളെ കൈയിൽപ്പിടിച്ചുവലിച്ച്‌
മണലു ചവിട്ടിത്തൊഴിച്ച്‌
ഒരു വീട്ടുമൃഗത്തിൽ നിന്ന്
കാട്ടുപ്രകൃതിയിലേക്ക്‌
കടൽ
മടങ്ങുന്നു.

Sunday, December 20, 2009

ജാപ്പനീസ്‌ കവിതകൾ

image

ഷിരോ മുരാനോ-മാൻ

കാടിന്റെയതിരിൽ
മങ്ങൂഴത്തിൽ മുങ്ങി
അനക്കമില്ലാതെ നിൽക്കുകയായിരുന്നു
ഒരു മാൻ.
തന്റെ കൊച്ചുനെറ്റി
ഉന്നം വയ്ക്കപ്പെട്ടിരിക്കുകയാണെന്ന്
അവനറിയാമായിരുന്നു.
എന്നാൽ
അവനു മറ്റെന്തു ചെയ്യാനുണ്ട്‌?
പെരുങ്കാടിന്റെ രാവിനെതിരെ നിന്നുകൊണ്ട്‌
അകലെയുള്ള ഗ്രാമത്തിലേക്കു നോക്കുകയായിരുന്നു
അവൻ.

 

തത്‌സൂയി മിയോഷി-മാൻ

കാടിന്റെ ഇളവെയിലിൽ
ഒരു മാൻ പതിഞ്ഞു കിടക്കുന്നു.
തോളിൽ അവന്റെ കവരക്കൊമ്പിന്റെ
നിഴൽ വീഴുന്നു.
ഒരേയൊരീച്ച
അവന്റെ കാതിനരികിൽ
തത്തിപ്പറന്നു നിൽക്കുന്നു.
വിദൂരമായൊരു നദീതടം
അവർ കാതോർത്തു കേൾക്കുന്നു.

Wednesday, December 16, 2009

സെൻകവിതകൾ

image

1
തിന്നുക കുടിയ്ക്കുക
ഉറങ്ങുക ഉണരുക-
നമുക്കു കർമ്മങ്ങളിതൊക്കെ.
പിന്നെയെന്തുണ്ടു ബാക്കി?
മരിക്കുകതന്നെ.

2
മനസ്സിനില്ലിളക്കമെങ്കിൽ
ലോകത്തിനുമില്ലിളക്കം;
ഉള്ളതൊന്നുമുള്ളതല്ല,
ഇല്ലാത്തതില്ലാതെയുമല്ല.
ഉള്ളതിലള്ളിപ്പിടിയ്ക്കാതെ,
ഇല്ലാത്തതിൽപ്പോയിക്കുടുങ്ങാതെ.
യോഗിയല്ല,ജ്ഞാനിയുമല്ല നിങ്ങൾ
ചെയ്യാനുള്ളതൊക്കെ ചെയ്തുതീർത്ത
സാമാന്യനായൊരാൾ.

3
കൈയിലൊന്നുമെടുത്തില്ല,
തൂമ്പയുണ്ടെൻ കൈയില്ലെന്നാൽ;
നടന്നിട്ടാണു പോക്കെന്നാൽ
പോത്തിൻപുറത്താണിരുപ്പെനിക്ക്‌.
പാലം കടന്നുപോകുമ്പോൾ
ഉറഞ്ഞ പുഴ, ഒഴുകുന്ന പാലം.

4
എവിടുന്നു വന്നു ബുദ്ധൻ,
എവിടെയ്ക്കു പോകുന്നു ബുദ്ധൻ?
എവിടെയുമുണ്ടു ബുദ്ധനെങ്കിൽ
എവിടെക്കാണും ബുദ്ധനെ?

5
ദേഹമൊരു ബോധി
ആത്മാവൊരു ദർപ്പണം;
പൊടി പറ്റിപ്പിടിയ്ക്കാതെ
എന്നും തുടച്ചുവയ്ക്കത്‌.

6
ആയിരം മലകൾക്കു മേൽ
ഉയരത്തിലൊരു മലമുടി.
അതിലുണ്ടൊരു പാഴ്ക്കുടിൽ.
ഒരു പാതിയിലൊരു ഭിക്ഷു
മറുപാതിയിലൊരു മേഘം.
ഇന്നലത്തെ കൊടുങ്കാറ്റിൽ
മേഘമങ്ങു പാറിപ്പോയി.
മേഘത്തിനെങ്ങുന്നു കിട്ടാൻ
ഈ കിഴവന്റെയാക്കഴിവ്‌!

7
അത്ഭുതശക്തി,ആശ്ചര്യവൃത്തി-
വെള്ളം കോരുക, വിറകു വെട്ടുക!

Tuesday, December 15, 2009

നിക്കാനോർ പാർറ-പ്രതികവിതകൾ-2

image
ക്രോണോസ്‌(കാലൻ)

ചിലിയിലെ സാന്തിയാഗോയിൽ
പകലുകൾ അന്തമറ്റത്‌.
ഒരുപാടു നിത്യതകൾ ഒരേ നാളിൽ.

കടൽപ്പായൽ വിൽക്കാൻ
കോവർകഴുതപ്പുറത്തു പോകുന്ന കച്ചവടക്കാരെപ്പോലെ
നിങ്ങൾ കോട്ടുവായിടുന്നു-
കോട്ടുവായിട്ടുകൊണ്ടേയിരിക്കുന്നു.

പക്ഷേ ആഴ്ചകൾക്ക്‌ ദൈർഘ്യമേയില്ല
മാസങ്ങൾ പാഞ്ഞുപോകുന്നു
ആണ്ടുകൾക്ക്‌ ചിറകുമുണ്ട്‌.

 

അവസാനത്തെ പാനോപചാരം

ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും
നമ്മുടെ തിരഞ്ഞെടുപ്പ്‌ മൂന്നിലൊതുങ്ങുന്നു
ഇന്നലെ ഇന്ന് നാളെ

മൂന്നുപോലുമില്ല
തത്വചിന്തകൻ പറഞ്ഞപോലെ
ഇന്നലെ ഇന്നലെയാണല്ലോ
അതോർമ്മയിലേയുള്ളു
പറിച്ചുകഴിഞ്ഞ റോസാപ്പൂവിൽ നിന്ന്
ഇനിയൊരിതൾ കൂടി പറിക്കാനില്ല

കളിക്കാനിനി ശീട്ടുകൾ
രണ്ടേ രണ്ട്‌
വർത്തമാനവും ഭാവിയും

രണ്ടുണ്ടെന്നും പറയാമോ
വർത്തമാനകാലം എന്നൊന്നില്ലെന്ന്
എല്ലാവർക്കുമറിയാവുന്നതാണല്ലോ
ഓരം ചേർന്നു പോകുന്നതും
യൗവനം പോലെ കഴിയുന്നതുമാണത്‌

ഒടുവിൽ ബാക്കിയാവുന്നത്‌
നാളെ മാത്രം
ഒരിക്കലും വന്നുചേരാത്ത ആ നാളിനായി
ഞാനെന്റെ ഗ്ലാസ്സുയർത്തുന്നു

എന്തായായാലും
നമുക്കുള്ളതെന്നു പറയാൻ
അതല്ലേയുള്ളു.

Monday, December 14, 2009

ആർതർ റിംബോ(1854-1891)-തോന്നലുകൾ

rimbaud

അന്നൊരു വേനലിൻ നീലച്ച രാത്രിയിൽ
പാടങ്ങൾ താണ്ടി ഞാൻ യാത്ര പോകും;
മുള്ളിന്റെ മൂർച്ചയും പുല്ലിന്റെയീർപ്പവു-
മെൻകാലടികളിൽ ഞാനറിയും.
കാറ്റെൻ മുടിയിഴ ചിക്കിക്കടന്നു പോ-
മങ്ങനെ ഞാനൊരു യാത്ര പോകും.

ഞാനൊന്നും മിണ്ടില്ല,ഒന്നുമേയോർക്കില്ല,
അതിരറ്റ സ്നേഹത്താൽ ഞാൻ നിറയും.
ഞാനങ്ങകലേക്കകലേക്കലഞ്ഞുപോം
ഭൂമി മുഴുവനും ഞാനലയും.
നാടോടിയെന്ന പോൽ, സ്വന്തമായ്‌ പെണ്ണിനെ
കിട്ടിയൊരാണു പോൽ സന്തുഷ്ടനായ്‌.
(1870)

 

Link to Rimbaud

Sunday, December 13, 2009

നിക്കാനോർ പാർറ-പ്രതികവിതകൾ-1

image

*
എന്റെ ശവവും ഞാനും തമ്മിൽ
എന്തൊരു മനപ്പൊരുത്തമാണെന്നോ!
എന്റെ ശവം ചോദിക്കുകയാണ്‌:
താൻ ദൈവത്തിൽ വിശ്വസിക്കുന്നോ?
അകം നിറഞ്ഞ ഒരു 'ഇല്ല'യാണ്‌ എന്റെയുത്തരം.
എന്റെ ശവം ചോദിക്കുകയാണ്‌:
താൻ സർക്കാരിൽ വിശ്വസിക്കുന്നോ?
ഞാനൊരു ചുറ്റികയും അരിവാളും എടുത്തു കണിക്കുന്നു.
എന്റെ ശവം ചോദിക്കുകയാണ്‌:
താൻ പോലീസിൽ വിശ്വസിക്കുന്നോ?
മുഖത്താഞ്ഞൊരിടിയാണ്‌ എന്റെ മറുപടി.
പിന്നെയവൻ ശവപ്പെട്ടിയിൽ നിന്നെഴുന്നേറ്റുവന്നു,
ഞങ്ങൾ കൈകോർത്തുപിടിച്ച്‌
അൾത്താരയിലേക്കു നടക്കുകയും ചെയ്തു.

*
കുരിശ്ശിന്റെ മുന്നിൽ
അവന്റെ മുറിവുകളും നോക്കി
മുട്ടുകുത്തുമ്പോൾ
എന്തുണ്ടായെന്നറിയണോ?

അവൻ എന്നെ നോക്കി പുഞ്ചിരിയിട്ടുകൊണ്ട്‌
കണ്ണിറുക്കിക്കാണിച്ചു!

ആൾക്കു ചിരിക്കാനറിയില്ലെന്നായിരുന്നു
എന്റെ വിചാരം.
ആ വിശ്വാസം മാറിക്കിട്ടി.

*

Saturday, December 12, 2009

യോകിച്ചി-വാരാന്ത്യം

 

image      മച്ചകത്തിൻ കിളിവാതിൽ തുറക്കുമ്പോൽ 
    

      വാരത്തിന്നന്ത്യത്തിൽ ഞായറെത്തി; 
     

      എൻ നിത്യജീവിതത്തിന്നതിൻ കാരുണ്യം- 
     

       ഒരു കീറു നീലവാനത്തിൻ വരം.

Friday, December 11, 2009

ടാങ്ങ്‌ കവിതകൾ-3

 

A_painting_of_birds_and_flowers_by_Kitayama_Kangan
ലി ഷാങ്ങ്‌-യിൻ(813-858)-ഒരു ഭിക്ഷുവിനെത്തേടി

സൂര്യനിറങ്ങിയ പശ്ചിമഗിരിയിൽ
തേടിയലഞ്ഞേൻ ഭിക്ഷുവിനെ.
അവന്റെ വൈക്കോൽക്കൂരയിലിന്നോ
വീണുകിടപ്പൂ കരിയിലകൾ.
കുളിരും മേഘമടക്കുകൾ നൂഴെ
അകലെക്കേട്ടൂ മണിനാദം.
ദുർബലമെന്നുടെ വടിയിൽത്താങ്ങിയി-
തോർത്തു വിചാരപ്പെട്ടേൻ ഞാൻ-
ഈ ലോകത്തിൽ,ഈ മൺതരിയിൽ
നരകാമനകൾക്കെവിടെയിടം?

Chrysanthemums_and_Bamboos_by_Xu_Wei

ഹി ചി-ചാങ്ങ്‌(659-744)-മടക്കം 

ഏറെനാൾ മുമ്പു ഞാൻ വീടു വിട്ടു
കിഴവനായിന്നു ഞാൻ വീട്ടിലെത്തി;
അറിയുന്നില്ലെന്നെയെൻ പൊന്നുമക്കൾ,
പുഞ്ചിരിക്കൊണ്ടവർ ചോദ്യമായി:
'എങ്ങു നിന്നിങ്ങെത്തി നീ പഥികാ?'

Kachozu_Kano_Eigaku_work

ത്‌സെൻ - ത്‌സാൻ(എട്ടാം നൂറ്റാണ്ട്‌) -തലസ്ഥാനനഗരത്തിലേക്കു പോകുന്ന ദൂതനോട്‌

നാടങ്ങു ദൂരെയാ,ണേറെക്കിഴക്കാണെൻ
കണ്ണീരാലീറനിക്കൈത്തലങ്ങൾ.
വൃദ്ധനായന്യമാം നാട്ടിൽ നരയ്ക്കുന്നൊ-
രിപ്പാവം ചൊന്നതായ്‌ ചൊല്ലുമോ നീ
-ഇല്ലെഴുതാനുള്ളുപായങ്ങളൊന്നുമേ-
'ഇങ്ങു സുരക്ഷിത'നെന്നു മാത്രം?

Thursday, December 10, 2009

അല്ജിമന്റസ് മികുട - ഒരു ചിത്രരചനാക്ലാസ്സ്‌

image 
ഇന്നു നമുക്കൊരു മിന്നലിന്റെ ചിത്രം വരയ്ക്കാം
മരങ്ങൾക്കു മേൽ,
പെരുംനഗരങ്ങളുടെ ഗോപുരങ്ങൾക്കു മേൽ
കുഞ്ഞീച്ചകൾ നുരയുന്ന തേനീച്ചക്കൂടുകൾക്കു മേൽ
തെളിഞ്ഞണയുന്ന മിന്നൽപ്പിണർ.

നാമതിനെന്തു നിറം കൊടുക്കും?
മഞ്ഞയോ നീലപ്പച്ചയോ, അതുമല്ല
കാപ്പിരിച്ചിരി പോലെ തനിവെളുപ്പോ?

ആ വളവും പുളവും ഏതുരൂപത്തിൽ?
യാത്ര വീശുന്ന കൈകളാവാം,
സിരകളും വേരുകളുമാവാം,
മരച്ചില്ലകളായാൽ അതും കേമം.

അങ്ങനെ നാം വരയ്ക്കുന്നു കുഞ്ഞുങ്ങളേ-
അപ്പോൾ നമുക്കു കാണാം,
ഭിത്തിയിൽ ഭംഗിയായി ആണിയടിച്ചിട്ട
വസന്തം പൊള്ളിക്കും മിന്നൽപ്പിണർ.

മറ്റൊന്നുണ്ടോ ഇതുപോലിത്ര
നിർദ്ദോഷവും വിഷാദം നിറഞ്ഞതും
മനസ്സിടിക്കുന്നതുമായി-
മിന്നലിന്റെ ചിത്രം പോലൊന്ന്?

Wednesday, December 9, 2009

ബോദ്‌ലെയർ-വചനങ്ങൾ

baudelaire_matisse

*
ദൈവമില്ലെങ്കിൽക്കൂടി മതത്തിന്റെ പവിത്രതയോ ദിവ്യത്വമോ കുറയാൻ പോകുന്നില്ല.

*

എന്താണു കല? വ്യഭിചാരം.

*

ഗംഭീരനായ ഒരാളു തന്നെയാണീ പുരോഹിതൻ; ജനങ്ങളെക്കൊണ്ട്‌ അത്ഭുതങ്ങളിൽ വിശ്വസിപ്പിക്കാൻ അയാളെക്കൊണ്ടു കഴിയുന്നുണ്ടല്ലോ.

*
ഒരാൾ കിടപ്പിലാവുമ്പോൾ അയാൾ മരിക്കണേയെന്ന് സുഹൃത്തുക്കൾ രഹസ്യമായി ആഗ്രഹിക്കും; ചിലർക്ക്‌ അയാളുടെ ആരോഗ്യം തങ്ങളുടേതിനെക്കാൾ താഴ്‌ന്നതാണെന്നു തെളിയിക്കണം; മറ്റുള്ളവർക്ക്‌ ഒരാളുടെ പ്രാണവേദന മാറിനിന്നു പഠിക്കുകയും വേണം.

*
നമുക്കപരിചിതരായിരിക്കുന്നിടത്തോളം കാലമേ നാം സ്ത്രീകളെ പ്രണയിക്കുന്നുള്ളു.

*
ജപമാല ഒരു മാധ്യമമാണ്‌,ഒരു വാഹനം; എല്ലാവർക്കും പ്രാപ്യമായ പ്രാർത്ഥന.

*
ജീവിതത്തിൽ നമ്മെ ആകർഷിക്കുന്നതായി ഒന്നേയുള്ളു: ചൂതാട്ടം. പക്ഷേ ലാഭനഷ്ടങ്ങളുടെ കാര്യത്തിൽ ഉദാസീനരാണു നമ്മലെങ്കിലോ?

*
ബലിയർപ്പിക്കുന്നതിലൂടെ വിപ്ലവം അന്ധവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.

*
പുരോഗതിയിലുള്ള വിശ്വാസം അലസന്റെ വിശ്വാസപ്രമാണമാണ്‌. ഒരു വ്യക്തി താൻ ചെയ്യേണ്ട കാര്യം അയൽക്കാരെ ഏൽപ്പിക്കുകയാണത്‌.

വ്യക്തിയിലല്ലാതെ,വ്യക്തിയിലൂടെയല്ലാതെ ഒരു പുരോഗതിയും(യഥാർത്ഥപുരോഗതി, എന്നു പറഞ്ഞാൽ ധാർമ്മികപുരോഗതി) ഉണ്ടാകാൻ പോകുന്നില്ല.

പക്ഷേ ലോകം ഉണ്ടാക്കിയിരിക്കുന്നത്‌ ഒരുമിച്ചു ചിന്തിക്കാൻ,പറ്റമായി ചിന്തിക്കാൻ മാത്രം കഴിവുള്ളവരെക്കൊണ്ടാണ്‌.

*
ആദരവർഹിക്കുന്നതായി മൂന്നു ജന്മങ്ങളേയുള്ളു: പുരോഹിതൻ, പടയാളി, കവി. അറിയുക, കൊല്ലുക, സൃഷ്ടിക്കുക.

*
ഒരു പങ്കാളിയില്ലാതെ ചെയ്യാൻ പറ്റാത്ത കുറ്റമാണതെന്നതാണ്‌ പ്രേമത്തെ സംബന്ധിച്ച്‌ എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം.

*

മനുഷ്യന്റെ എല്ലാ ഇടപാടുകളിലുമെന്നപോലെ പ്രേമത്തിലും തൃപ്തികരമായ ഒരു ബന്ധമുണ്ടാകുന്നെങ്കിൽ അത്‌ ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടേ ഉണ്ടാകുന്നുള്ളു. ആനദമെന്നാൽ ഈ തെറ്റിദ്ധാരണ തന്നെ. ഒരുത്തൻ വിളിച്ചുകൂവുന്നു: ഓ,യെന്റെ മാലാഖേ! പെണ്ണു കുറുകുന്നു: മാമാ,മാമാ! ആ കൊഞ്ഞകൾ കരുതുന്നതോ, തങ്ങളുടെ മനസ്സിലിരുപ്പ്‌ ഒരേപോലെയാണെന്നും. അവരെ വേർതിരിക്കുന്ന കടൽ അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്യുന്നു.

*

ഒരു മനുഷ്യൻ കലകളിൽ എത്രത്തോളം മുഴുകുന്നുവോ അത്രത്തോളം അയാളുടെ ഭോഗാസ്കതിയും കുറയുന്നു. മൃഗവും ആത്മാവും തമ്മിലുള്ള വിടവ്‌ അധികമധികം വ്യക്തമായിവരുന്നു.

മനുഷ്യനിലെ മൃഗമാണ്‌ യഥാർത്ഥത്തിൽ ഊറ്റമുള്ളവൻ. ആൾക്കൂട്ടത്തിന്റെ കാവ്യാത്മകതയാണ്‌ ലൈംഗികത.

ഭോഗിക്കുക എന്നാൽ അന്യനൊരാളിൽ കടന്നുകയറുക എന്നാണ്‌; കലാകാരൻ ഒരിക്കലും തന്നിൽ നിന്നു പുറത്തേക്കു വരുന്നില്ല.

*
കച്ചവടക്കാരന്‌ സത്യസന്ധത പോലും ഊഹക്കച്ചവടത്തിന്റെ ഭാഗമാണ്‌.

*
ഓരോ മനുഷ്യനും നായകനായിട്ടുള്ള ആ ദുരന്തനാടകത്തിലെ പിരിയാത്ത തോഴനാണ്‌ ദൈവം.

*

സ്വാതന്ത്ര്യമെന്നാൽ പ്രലോഭനങ്ങളെ ചെറുക്കുകയല്ല, അതിനുള്ള സന്ദർഭങ്ങളെ ഒഴിവാക്കുകയാണ്‌.

ബോദ്‌ലെയറുടെ Intimate Journals എന്ന പുസ്തകത്തിൽ നിന്ന് .

Tuesday, December 8, 2009

ടാങ്ങ്‌ കവിതകൾ-2

 

image

 

ല്യു ചാങ്ങ്‌ ചിംഗ്‌ (എട്ടാം നൂറ്റാണ്ട്‌)

ഒരു വൈണികനോട്‌

ദേവദാരുക്കാട്ടിൽ വീശിയടങ്ങുന്ന
ശീതക്കാറ്റാണു നിൻ വീണക്കമ്പി-
ശാലീനമാകുമാ പ്രാചീനരാഗങ്ങൾ
കാതോർത്തുനിൽപ്പതിന്നാരുമില്ല.

image

വെയ്‌ യിങ്ങ്‌-വു (773-828)

ഒരു സ്നേഹിതന്റെ ഓർമ്മയിൽ

ശരൽക്കാലരാത്രി തൻ കുളിരു പറ്റി
കവിതയും ചൊല്ലി നിന്നോർമ്മയേന്തി
ഞാനുലാത്തീടവെ കേട്ടു മന്ദ്രം
ദേവദാരുക്കായ വീണ ശബ്ദം-
നിർന്നിദ്രമോർത്തിരിപ്പാണു നീയും?

Monday, December 7, 2009

കാഫ്ക-വചനങ്ങള്‍

kafka

*
വിചാരണ നേരിടുന്ന മനുഷ്യനും അതിനു സാക്ഷിയായി നിൽക്കുന്നവനും ഞാനൊരാൾ തന്നെ.

*
ഞാൻ,ക്ഷമിക്കണേ,തീർത്തും അഗണ്യനായ ഒരു മനുഷ്യനാണ്‌; നിങ്ങളെന്നെ കാണാതെപോയാൽ അതു വലിയൊരുപകാരമായിരിക്കും.

*
എന്റെ ചിരി ഒരു കന്മതിലാണ്‌.

*
എഴുതപ്പെട്ടത്‌ ലോകത്തെ പ്രകാശിപ്പിക്കുന്നു; എഴുതിയവനോ, ഇരുട്ടിൽ മറഞ്ഞും പോകുന്നു.

*
ജീവിതം ഒരു പതനമാണ്‌; പാപത്തിലേക്കുള്ള പതനമെന്നും പറയാം.

*
ജീവിതത്തെ പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾക്ക്‌ മരിക്കാൻ പേടിയില്ല. മരണഭയമെന്നത്‌ സഫലമാകാത്ത ഒരു ജീവിതത്തിന്റെ അന്തിമഫലമത്രെ. ഒരു വഞ്ചനയുടെ ലക്ഷണമാണത്‌.

*
നിന്റെ പുഞ്ചിരിയോ? അമർത്തിയ കണ്ണീരായിരുന്നു അത്‌.

*
യേശു-വെളിച്ചം കൊണ്ടു നിറഞ്ഞ ഒരു ഗർത്തം.

*
ജീവിതത്തെ വലിച്ചെറിയുക, അതിനെ വീണ്ടെടുക്കാൻ.

*
നിങ്ങൾ ഒരു സമസ്യയാണ്‌; ഒരു പണ്ഡിതൻ അടുത്തെങ്ങുമില്ലതാനും.

*
എന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയെ കിട്ടുകയെന്നാൽ അത്‌ ദൈവത്തെ കിട്ടുന്നതിനു തുല്യമാണ്‌.

*
വേദിയിൽ ഇരുട്ടല്ല എന്നതാണു യാഥാർത്ഥ്യം. അതു നിറയെ പകൽവെളിച്ചമാണ്‌. അതുകാരണമാണ്‌ ആളുകൾ കണ്ണടയ്ക്കുന്നതും അധികമൊന്നും കാണാത്തതും.

*
എന്തിനെങ്കിലും പ്രാപ്തനാണു നിങ്ങളെങ്കിൽ നിങ്ങൾക്കതിന്റെ ആവശ്യം തന്നെ വരില്ല.

*
അധമമായ കാര്യങ്ങൾ അങ്ങനെതന്നെ കിടക്കട്ടെ എന്നുവയ്ക്കാൻ നിങ്ങൾക്കധികാരമില്ല, മരണക്കിടക്കയിലല്ല നിങ്ങളെങ്കിൽ.

*
നിങ്ങളെ അനന്തമായി സ്നേഹിക്കുന്ന ഒരു നിഴൽ; പക്ഷേ അതിനെ വെളിച്ചത്തിലേക്കു പിടിച്ചുനിർത്തുക എന്നതുണ്ടാവില്ല.

*
തടവറയുടെ മുറ്റത്ത്‌ കഴുമരം ഉയർത്തുന്നതു കണ്ട്‌ അതു തനിക്കാണെന്നു തെറ്റിദ്ധരിക്കുകയും രാത്രിയിൽ തന്റെ മുറി തകർത്തു പുറത്തിറങ്ങി അതിൽച്ചെന്നു തൂങ്ങിച്ചാവുകയും ചെയ്യുന്ന തടവുകാരനെപ്പോലെയാണ്‌ ആത്മഹത്യയ്ക്കു തുനിയുന്നവൻ.
*
രക്തസാക്ഷികൾ തങ്ങളുടെ ഉടലുകളെ വിലകുറച്ചുകാണുന്നില്ല; അവർ അതിനെ കുരിശിലേക്കുയർത്താൻ വിട്ടുകൊടുക്കുകയാണ്‌. ഇക്കാര്യത്തിൽ അവർ തങ്ങളുടെ പ്രതിയോഗികൾക്കൊപ്പവുമാണ്‌.

*
യുദ്ധം കഴിഞ്ഞു വരുന്ന മൽപ്പിടുത്തക്കാരന്റേതു പോലെയായിരുന്നു അയാളുടെ ക്ഷീണം; അയാളുടെ ജോലിയാവട്ടെ, ഒരു സർക്കാരോഫീസിന്റെ ഒരു മൂല വെള്ളവലിക്കുകയും.

*
വേട്ടനായ്ക്കൾ മുറ്റത്തു കളിച്ചുകൊണ്ടുനിൽക്കുകയാണെങ്കിൽക്കൂടി അവയുടെ ഇര രക്ഷപ്പെടാൻ പോകുന്നില്ല, അതിനി എത്രവേഗം കാട്ടിനുള്ളിലൂടെ പാഞ്ഞാൽപ്പോലും.

*
ലോകത്തിനും നിങ്ങൾക്കുമിടയിലുള്ള സംഘർഷത്തിൽ ലോകത്തെ പിന്തുണയ്ക്കൂ.

*
കിട്ടേണ്ടത്‌ ആർക്കും കിട്ടാതെയാക്കരുത്‌, ലോകത്തിനാണു ജയമെങ്കിൽ അതുപോലും.

*
ഒരു കുടുംബദൈവത്തിലുള്ള വിശ്വാസത്തേക്കാൾ മനസ്സിനുന്മേഷമേകാൻ വേറെന്തിനാകും?

*
ജീവിക്കാൻ തുടങ്ങുമ്പോൾ രണ്ടു കാര്യങ്ങൾ ചെയ്യണം: നിങ്ങളുടെ ഭ്രമണപഥം ചുരുക്കിച്ചുരുക്കി കൊണ്ടുവരിക; പിന്നെ സ്വന്തം ഭ്രമണപഥത്തിനു പുറത്തെവിടെയെങ്കിലും ഒളിച്ചിരിക്കുകയല്ല നിങ്ങളെന്ന് നിരന്തരം ഉറപ്പുവരുത്തുക.

*
പാപത്തിന്റെ വരവ്‌ മറയില്ലാതെയാണ്‌; ഇന്ദ്രിയങ്ങൾ അതു വേഗം പിടിച്ചെടുത്തോളും. പിഴുതെടുക്കേണ്ടതില്ല, വേരും പറിച്ചാണ്‌ അതിന്റെ സഞ്ചാരം.

*
ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ തിരിച്ചെത്തൽ എന്നതില്ല. ആ ഘട്ടം എത്തേണ്ടിയിരിക്കുന്നു.

*
തിന്മയുടെ ഏറ്റവും ഫലപ്രദമായ വശീകരണതന്ത്രങ്ങളിലൊന്നാണ്‌ ഒരുകൈ നോക്കാം എന്നു നിങ്ങളോടുള്ള വെല്ലുവിളി. സ്ത്രീകളോടുള്ള യുദ്ധം പോലെയാണത്‌, കിടക്കയിലാണതിന്റെ അവസാനം.

*
തിന്മയിൽ നിന്ന് രഹസ്യങ്ങൾ സൂക്ഷിക്കാൻ പറ്റുമെന്ന് അതു നിങ്ങളെ വിശ്വസിപ്പിക്കാതിരിക്കട്ടെ.

*
ആശ്രയം തേടി ലോകത്തിന്റെ മടിയിലേക്കോടിച്ചെന്നാലല്ലാതെ നിങ്ങൾ അതിൽ നിന്ന് ഏങ്ങനെ സുഖം കണ്ടെത്തും?

*
തിന്മയ്ക്ക്‌ പാർക്കാൻ ഒരിടം കൊടുത്തുകഴിഞ്ഞാൽപ്പിന്നെ നിങ്ങൾ അതിനെ വിശ്വസിക്കണമെന്ന് അതിനുമില്ല.

*
ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു;അതിൽ സംശയമൊന്നുമില്ല; പക്ഷേ അതുകൊണ്ട്‌ ആകാശം നിഷേധിക്കപ്പെടുന്നുമില്ല.കാരണം ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കസാധ്യമായത്‌.

*
ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ ആദ്യലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം നിങ്ങൾക്ക്‌ അസഹ്യമായിത്തോന്നുന്നു; മറ്റൊന്നാവട്ടെ അപ്രാപ്യവും. മരിക്കാനാഗ്രഹിക്കുന്നതിൽ നിങ്ങൾക്കിപ്പോൾ യാതൊരു നാണക്കേടും തോന്നുന്നില്ല. പഴയ തടവറയിൽ നിന്ന്(നിങ്ങൾക്കതിനെ വെറുപ്പാണ്‌) പുതിയൊരു തടവറയിലേക്ക്‌(അതിനെ വെറുക്കാൻ പഠിക്കുകയും വേണം) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌.

*
സത്യമായ മാർഗ്ഗം ഒരു കമ്പക്കയറിലൂടെയാണ്‌; അതു വലിച്ചുകെട്ടിയിരിക്കുന്നതു പക്ഷേ, ഉയരത്തിലല്ല തറനിരപ്പിനു തൊട്ടു മുകളിലായിട്ടാണെന്നേയുള്ളു. നടന്നുപോവുകയല്ല, തടഞ്ഞുവീഴുകയാണ്‌ അതുകൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.

*
മനുഷ്യന്റെ മുഖ്യമായ പാപങ്ങൾ രണ്ടാണ്‌: അക്ഷമയും ആലസ്യവും. മറ്റു പാപങ്ങൾ ജന്മമെടുക്കുന്നതും ഈ രണ്ടിൽ നിന്നുതന്നെ. അക്ഷമ കാരണം അവർ പറുദീസയിൽ നിന്നു ഭ്രഷ്ടരായി; ആലസ്യം കാരണമായി അവർ പിന്നെ മടങ്ങിയതുമില്ല. ഇനിയഥവാ പാപം ഒന്നേയുള്ളുവെന്നും പറയാം: അക്ഷമ. അക്ഷമ കാരണം അവർ ഭ്രഷ്ടരായി; അതുകാരണം തന്നെ അവർ മടങ്ങിയതുമില്ല.

*
ഒരാപ്പിളിന്റെ കാര്യം തന്നെയെടുക്കൂ: എത്ര വ്യത്യസ്തമായ രീതികളിൽ അതിനെ കാണാനാകും. ഒരു കൊച്ചുകുട്ടിക്ക്‌ കഷ്ടപ്പെട്ടു കഴുത്തുനീട്ടി നോക്കിയാൽ മാത്രമേ മേശപ്പുറത്തിരിക്കുന്ന ആപ്പിൾ കഷ്ടിച്ചൊന്നു കാണാനാവൂ; അതേസമയം ഗൃഹനാഥനാവട്ടെ, ആപ്പിൾ കൈയിലെടുത്ത്‌ എതിർവശത്തിരിക്കുന്ന വിരുന്നുകാരനു കൊടുക്കുകയും ചെയ്യുന്നു.

*
പുള്ളിപ്പുലികൾ അമ്പലത്തിനുള്ളിൽ ചാടിക്കയറി ബലിപാത്രങ്ങൾ കുടിച്ചുവറ്റിക്കുന്നു; ഇതു പലതവണ ആവർത്തിച്ചുകഴിയുമ്പോൾ ഇനിയതെന്നുണ്ടാവുമെന്ന് ഗണിച്ചെടുക്കാമെന്നുമാകുന്നു; അത്‌ അനുഷ്ഠാനത്തിന്റെ ഭാഗവുമാകുന്നു.

*
ഒളിച്ചിരിക്കാനുള്ള ഇടങ്ങൾ അസംഖ്യമാണ്‌; മോചനമോ ഒന്നു മാത്രം. എന്നാൽ മോചനത്തിനുള്ള സാദ്ധ്യതകൾ ഒളിയിടങ്ങൾ പോലെതന്നെ എണ്ണമറ്റവയത്രേ.

*
ലക്ഷ്യമുണ്ട്‌, മാർഗ്ഗമില്ല; മാർഗ്ഗമെന്നു നാം പറയുന്നത്‌ ഒരിടർച്ചയാണ്‌.

*
ഏതു ഗൂഢോദ്ദേശ്യത്തോടെയാണോ നിങ്ങൾ തിന്മയ്ക്കു പാർക്കാൻ ഒരിടം കൊടുക്കുന്നത്‌, അതു നിങ്ങളുടേതല്ല തിന്മയുടേതു തന്നെയാണ്‌.

*
എന്റെ ചോദ്യത്തിനുത്തരം കിട്ടാത്തതെന്തുകൊണ്ടെന്നായിരുന്നു മുൻപെനിക്കു മനസ്സിലാകാതിരുന്നത്‌; പക്ഷെ ചോദ്യം ചോദിക്കാൻ കെൽപ്പുള്ളവനാണു ഞാനെന്നു വിശ്വസിക്കാൻ എനിക്കെങ്ങനെ കഴിഞ്ഞു എന്നതാണ്‌ ഇപ്പോഴെനിക്കു മനസ്സിലാകാത്തത്‌. സത്യത്തിൽ ഞാൻ ചോദിച്ചുവെന്നേയുള്ളു, വിശ്വാസം എനിക്കുണ്ടായിരുന്നില്ല.

*
നിത്യതയുടെ പാതയിലൂടെ എത്ര നിഷ്പ്രയാസമായിട്ടാണു തന്റെ സഞ്ചാരം എന്ന് ആശ്ചര്യപ്പെട്ട ഒരാളുണ്ടായിരുന്നു; അയാൾ ഒരു കൊടുംചരിവ്‌ ഓടിയിറങ്ങുകയായിരുന്നു എന്നതാണു വാസ്തവം.

*
അന്ത്യവിധിയെ നാം ആ പേരെടുത്തു വിളിക്കുന്നത്‌ കാലത്തെക്കുറിച്ച്‌ നമ്മുടെ സങ്കൽപം ആ വിധമായതുകൊണ്ടുമാത്രമാണ്‌; യഥാർത്ഥത്തിൽ അതൊരു നിത്യവിചാരണയത്രെ.

*
പുരോഗതിയിൽ വിശ്വസിക്കുക എന്നാൽ പുരോഗതിയെന്തെങ്കിലുമുണ്ടായി എന്നു വിശ്വസിക്കലല്ല; അങ്ങനെ ചെയ്താൽ അതു യഥാർത്ഥമായ ഒരു വിശ്വാസപ്രകടനവുമല്ല.

*
സർപ്പത്തിന്റെ മാധ്യസ്ഥം ഒഴിവാക്കാനാവുമായിരുന്നില്ല; പാപത്തിനു മനുഷ്യനെ വശീകരിക്കാമെന്നേയുള്ളു, മനുഷ്യനാവാൻ പറ്റില്ലല്ലോ.

*
ഒരാൾ ഏറ്റവും കുറവു കള്ളം പറയുന്നത്‌ അയാൾ ഏറ്റവും കുറച്ച്‌ കള്ളം പറയുമ്പോൾ മാത്രമാണ്‌!, അല്ലാതെ കള്ളം പറയാനുള്ള അവസരങ്ങൾ ഏറ്റവും കുറവുള്ളപ്പോഴല്ല.

*
നാശമില്ലാത്ത്‌ ഒന്ന് തന്നിൽത്തന്നെയുണ്ടെന്നുള്ള സ്ഥിരവിശ്വാസമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല. പക്ഷേ ആ നാശമില്ലാത്ത വസ്തുവും അതിന്മേലുള്ള വിശ്വാസവും ഒരുകാലത്തും അയാൾക്കു വെളിപ്പെട്ടുകിട്ടിയില്ലെന്നും വരാം. ആ നിത്യമായ ഗോപനത്തിനു പുറത്തേക്കു വരാനുള്ള ഒരു വഴിയാണ്‌ രൂപമെടുത്ത ദൈവത്തിലുള്ള വിശ്വാസം.

Saturday, December 5, 2009

റിയോകാൻ(1758-1831)-സെൻകവിതകൾ

ryokan 

1

എന്റെ കവിതകൾ കവിതകളാണെന്നാരു പറഞ്ഞു?
എന്റെ കവിതകൾ കവിതകളല്ല.
എന്റെ കവിതകൾ കവിതകളല്ലെന്നറിഞ്ഞിട്ടുവരൂ,
എന്നിട്ടു നമുക്കു കവിതയെക്കുറിച്ചു സംസാരിക്കാം.

2

വഴിവക്കിൽ പൂക്കളിറുത്തുനിൽക്കെ
മറന്നുവച്ചു ഞാനെന്റെ ഭിക്ഷാപാത്രം-
എന്നെക്കാണാതുഴലുകയോ
പാവം,പാവമെൻ പാത്രമേ?

3

തുറന്നിട്ട ജനാലയിലൂടെ
കിനാവിനേക്കാൾ തെളിച്ചത്തിൽ
പോയകാലം കയറിവരുന്നു.

4

മഴ പെയ്യുന്ന നാളിൽ
റിയോകാൻ എന്ന ഭിക്ഷുവിന്‌
തന്നെയോർത്തിട്ടു ഖേദം.

5

വരൂ, കുട്ടികളേ,
പൂക്കൾക്കു വേണം
തെമ്മാടിക്കൈകളെ!

6

കഞ്ഞിയിൽ പാറിവീണു
വേനൽക്കാറ്റിലൊരു
വെള്ളപ്പൂവ്‌.

7

വിശറി വയ്ക്കാ-
നിടം തേടുന്നു
വീശിത്തളർന്ന
കൈകൾ.

8

ജനാലയ്ക്കലൊരു
തിളക്കം
കള്ളൻ മറന്ന
ചന്ദ്രൻ.

9

വസന്തത്തിന്നരങ്ങിൽ
നല്ലതില്ല,കെട്ടതില്ല-
പൂവിട്ട ചില്ലകൾ
ചിലതു നീണ്ട്‌,
ചിലതു കുറുകി.

10

ഈ സ്വപ്നലോകത്ത്‌
സ്വപ്നം കണ്ടു പുലമ്പുന്നു നമ്മൾ-
സ്വപ്നം കണ്ടോളൂ,
സ്വപ്നം കണ്ടോളൂ
മതിയാവും വരെ സ്വപ്നം കണ്ടോളൂ.

11

മലമുടി മൂടുന്ന മ്ലാനമേഘങ്ങളെ
കടന്നുകയറണം നിങ്ങൾ-
മാനം തിളക്കുന്ന തിളക്കം
അല്ലാതെങ്ങനെ കാണും നിങ്ങൾ?

12

മലയിലൊരു
കൂക്കിന്റെ
മാറ്റൊലി-
അതാണീ
ലോകം.

13

അധികമൊന്നും പറയാനില്ല ചങ്ങാതിമാരേ-
പൊരുളിനെത്തേടുകയാണു നിങ്ങളെങ്കിൽ
പലതിനും പിന്നാലെ പായാതെ.

14

അന്യനാട്ടിൽപ്പോയി
നേരു തേടുന്നതെന്തിന്‌?
സ്വന്തം ഹൃദയത്തി-
ന്നറകളിലുണ്ട്‌
സത്യവും മായവും

15

എന്റെ മുറ്റത്തെ
പൂക്കളെ, ചെടികളെ
കാറ്റിന്നിച്ഛയ്ക്കു
വിടുന്നു ഞാൻ.

'Portrait_of_Daruma'_attributed_to_Soga_Dasoku

റിയോകാൻ(1758-1831)- നാടുതെണ്ടിയായി നടന്ന സെൻ സന്യാസി.

wikilink to Ryokan

Friday, December 4, 2009

ചാൾസ്‌ സിമിക്‌-എന്റെ വലംകൈവിരലുകൾക്ക്‌

 

1
പെരുവിരൽ
ഒരു കുതിരയുടെ ആടുന്ന പല്ല്
തന്റെ പിടകൾക്കൊരു പൂവൻ
ഒരു പിശാചിന്റെ കൊമ്പ്‌
ജനനവേളയിൽ
അവരെന്റെ മാംസത്തോടൊട്ടിച്ചുവിട്ട
തടിയൻ വിര
അവനെ അടക്കിനിർത്താൻ
ഞൊട്ടയൊടിയും വരെ
രണ്ടായി വളയ്ക്കാൻ
നാലാളു വേണ്ടിവരുന്നു.

അവനെ മുറിച്ചുതള്ളൂ
സ്വന്തം കാര്യം നോക്കാൻ ആളാണവൻ
ഭൂമിയിൽ വേരു പിടിക്കട്ടെ
അല്ലെങ്കിൽ ചെന്നായ്ക്കളോടൊത്ത്‌
വേട്ടയ്ക്കു പോകട്ടെ.

2
രണ്ടാമൻ വഴി ചൂണ്ടുന്നു
സത്യമായ വഴി
ആ പാത ചന്ദ്രനെയും
ചില നക്ഷത്രങ്ങളെയും കടന്നുപോകുന്നു
ശ്രദ്ധിക്കുക
അവൻ അതിനുമപ്പുറം ചൂണ്ടുന്നു
അവൻ തന്നെത്തന്നെ ചൂണ്ടുന്നു

3
നടുക്കത്തെയാളിനു നടുവേദനയാണ്‌
ഒരു വഴക്കവുമില്ലാത്തവൻ
ഈ ജീവിതത്തോടിനിയും പൊരുത്തപ്പെടാത്തവൻ
പിറവിയിലേ ഒരു കിഴവൻ
തനിക്കു കൈമോശം വന്ന എന്തോ ഒന്നാണ്‌
അവൻ എന്റെ കൈയിൽ തേടുന്നത്‌
കൂർത്ത പല്ലുള്ള നായ
ചെള്ളെടുക്കുന്നപോലെ.

4
നാലാമൻ നിഗൂഢതയത്രെ
ചിലനേരം എന്റെ കൈ
മേശമേൽ വിശ്രമിക്കുമ്പോൾ
ആരോ തന്നെ പേരുചൊല്ലി വിളിച്ചപോലെ
അവൻ ചാടിയെഴുന്നേൽക്കുന്നു.

ഓരോ എല്ലിനും വിരലിനും ശേഷം
ഞാൻ അവന്റെയടുക്കലെത്തുന്നു
മനഃക്ലേശത്തോടെ.

5
അഞ്ചാമനിലെന്തോ കുതറുന്നു
നിതാന്തമായി ജനനാരംഭവേളയിലുള്ള
എന്തോ ഒന്ന്
ദുർബലനും വഴങ്ങുന്നവനും
അവന്റെ സ്പർശം മൃദുവാണ്‌
അവനിൽ ഒരു കണ്ണീർത്തുള്ളി തങ്ങിനിൽക്കുന്നു
അവൻ കണ്ണിലെ കരടെടുക്കുന്നു.

 

link to simic

Thursday, December 3, 2009

വിലാപങ്ങൾ

EndlessKnot3d.svg
1 ശരൽക്കാലചന്ദ്രനെന്നറ കടന്നെത്തവെ
കട്ടിൽത്തലയ്ക്കലൊരു ചീവീടു കരയവെ  
ഒരു ദീർഘനിശ്വാസം,കണ്ണീരിനുപ്പും-
ഓർത്തുപോകുന്നു ഞാൻ പൊയ്പ്പോയ നാളുകൾ.
(കൊറിയ)

2
വീണപൂവും ദുഃഖവു-
മൊന്നുപോലെന്നു ചൊല്ലരുതേ,
പൂക്കളെണ്ണിത്തീർന്നാലും
ദുഃഖം തോരുകയില്ലല്ലോ.
(ജപ്പാൻ)

3
പടിഞ്ഞാറേക്കുടിലുകൾക്കു മേൽ
പൊൻകാക്ക പറന്നിറങ്ങുന്നു-
എത്ര ഹ്രസ്വമീ ജീവിതമെ-
ന്നന്തിച്ചെണ്ടയറഞ്ഞുകൊട്ടുന്നു-
ശ്മശാനത്തിലേക്കുള്ള പാതയിൽ
വഴിയമ്പലങ്ങളൊന്നുമില്ല-
ഞാനിന്നു രാവിൽ പോകുന്ന വീ-
ടാരുടേതാണ്‌?
(ജപ്പാൻ)

4
ഒരു യാത്ര ബാക്കിയുണ്ടെ-
ന്നന്നേ കേട്ടതാണെന്നാ-
ലിന്നാണതെന്നു തെല്ലുമേ-
യോർത്തതില്ല ഞാനിന്നലെ.
(ജപ്പാൻ)

5
മുന്തിരിത്തോപ്പുകൾ വേണ്ടെനിക്ക്‌,
ആടുകൾ, കുതിരകൾ വേണ്ടെനിക്ക്‌-
കേൾപ്പനിതൊന്നെയെൻ തമ്പുരാനേ:
എന്റെയാത്മാവിനെ വിട്ടീടണേ.
ഇക്കളി തീരുവതെങ്ങനെയെ-
ന്നറിയുവാനാർത്തി മുഴുത്തവൻ ഞാൻ.
(തുർക്കി)

5
നാടേതെന്നു പറഞ്ഞില്ല,
വീടേതെന്നു പറഞ്ഞില്ല-
യാത്ര മുഴുമിക്കാതെയൊരാൾ
വീണുകിടപ്പാണീവഴിയിൽ.
(ജപ്പാൻ)

6
എന്നെ ജനിപ്പിച്ചവ,രച്ഛനുമമ്മയ്ക്കും
തിരിച്ചുനൽകാമെന്നസ്ഥിയും മാംസവും;
ഹാ,യെന്നാത്മാവേ, ആർക്കു ഞാ-
നാർക്കു നിന്നെ മടക്കുവാൻ?
(ജപ്പാൻ)

7
ഒരുപോള കണ്ണടച്ചില്ല ഞാനിന്നലെ-
രാവിൽ നിലാവിന്റെ വേലിയേറ്റം;
ആരോ വിളിക്കുന്നു,ആരോ വിളി കേൾക്കുന്നു-
കേട്ടുകിടന്നു ഞാൻ പുലരുവോളം.
(കൊറിയ)

rindo-2

Wednesday, December 2, 2009

ഇറ്റാലോ കാൽവിനോ (1923-1985)- ഹൈവേക്കാടുകൾ

 image
തണുപ്പിനൊരായിരം രൂപങ്ങളാണ്‌; അതിന്റെ ലോകസഞ്ചാരത്തിന്‌ ഒരായിരം രീതികളുമാണ്‌. കടലിൽ അത്‌ കുതിരപ്പറ്റം പോലെ കുതിച്ചുപായുമ്പോൾ നാട്ടിൻപുറത്ത്‌ വെട്ടുക്കിളിപ്പറ്റം പോലെ വന്നുവീഴുകയാണത്‌. നഗരങ്ങളിലാവട്ടെ, അത്‌ കത്തിയലകു പോലെ തെരുവുകളെ കീറിമുറിക്കുകയും ചൂടു പിടിപ്പിക്കാത്ത വീടുകളുടെ വിള്ളലുകളിലൂടെ തുളച്ചുകേറുകയും ചെയ്യുന്നു. മാർക്കോവാൽഡോയുടെ വീട്ടിൽ അന്നു വൈകുന്നേരമായതോടെ അവർ അവസാനത്തെ ചുള്ളിക്കമ്പും എരിച്ചുകഴിഞ്ഞിരുന്നു. സ്റ്റൗവിൽ കനലുകൾ കെട്ടുമറയുന്നതും ഓരോതവണ ശ്വാസം വിടുമ്പോഴും തങ്ങളുടെ വായകളിൽ നിന്ന് കുഞ്ഞുമേഘങ്ങൾ ഉയരുന്നതും നോക്കി ഓവർക്കോട്ടുകളിൽ കൂനിപ്പിടിച്ചിരിക്കുകയായിരുന്നു ആ കുടുംബം. അവർ സംസാരം നിർത്തിയിരുന്നു; അവർക്കു പകരം ആ കുഞ്ഞുമേഘങ്ങളാണ്‌ സംസാരിച്ചത്‌. മാർക്കോവാൽഡോയുടെ ഭാര്യയുടെ വായിൽ നിന്നുയർന്നത്‌ ദീർഘനിശ്വാസങ്ങൾ പോലെ നീണ്ടുകനത്ത മേഘങ്ങളായിരുന്നു; കുട്ടികൾ പലതരം സോപ്പുകുമിളകൾ പോലെ അവ ഊതിവിട്ടു. മാർക്കോവാൽഡോയുടെ വായിൽ നിന്നാവട്ടെ, പ്രതിഭയുടെ മിന്നായങ്ങൾ പോലെ വന്നതും മാഞ്ഞുപോകുന്ന മേഘങ്ങളാണ്‌ തെറിച്ചുതെറിച്ചു പുറത്തേക്കു വന്നത്‌.

അവസാനം മാർക്കോവാൽഡോ ഒരു തീരുമാനമെടുത്തു:"ഞാൻ വിറകു കിട്ടുമോയെന്നു നോക്കിയിട്ടുവരാം. എവിടുന്നെങ്കിലും കിട്ടിയാലോ?" തണുത്ത കാറ്റിനെതിരെ ഒരു കവചമെന്നപോലെ ഷർട്ടിനും ജാക്കറ്റിനുമിടയിലായി നാലഞ്ചു പത്രക്കടലാസുകൾ തിരുകി, ഓവർക്കോട്ടിനുള്ളിൽ നീണ്ടൊരു അറുക്കവാളും ഒളിപ്പിച്ചുവച്ച്‌ ആ ഇരുട്ടത്ത്‌ അയാൾ ഇറങ്ങിപ്പോയി. ഒരു കുടുംബത്തിന്റെ നിർന്നിമേഷവും പ്രതീക്ഷ നിറഞ്ഞതുമായ നോട്ടങ്ങൾ അയാളെ പിന്തുടർന്നുചെന്നു. ഓരോ ചുവടു വയ്ക്കുമ്പോഴും കടലാസ്സുരുമ്മുന്ന മർമ്മരം അയാളിൽ നിന്നുയരുന്നുണ്ടായിരുന്നു; ഇടയ്ക്കിടെ കോളറിനു മുകളിൽ നിന്ന് അറുക്കവാൾ തല നീട്ടുകയും ചെയ്തിരുന്നു.

നഗരത്തിൽ വിറകന്വേഷിക്കുക: പറയാനെന്തെളുപ്പം! രണ്ടു തെരുവുകൾക്കിടയിലുള്ള ഒരു പാർക്കിനു നേർക്ക്‌ മാർക്കോവാൽഡോ വച്ചുപിടിച്ചു. എങ്ങും ആരുമില്ല. ഇലകൊഴിഞ്ഞു നിൽക്കുന്ന മരങ്ങൾ അയാളുടെ നിരീക്ഷണത്തിനു വിധേയമായി. പല്ലു കൂട്ടിയിടിച്ചുകൊണ്ട്‌ തന്നെ കാത്തിരിക്കുന്ന ഒരു കുടുംബമായിരുന്നു അയാളുടെ മനസ്സിൽ.

image

സ്കൂളിലെ വായനശാലയിൽ നിന്ന് അന്നെടുത്ത നാടോടിക്കഥകളുടെ പുസ്തകം പല്ലും കൂട്ടിയിടിച്ചുകൊണ്ട്‌ വായിക്കുകയായിരുന്നു കൊച്ചുമിഷെലിനോ. ഒരു മരംവെട്ടിയുടെ മകൻ മഴുവുമെടുത്ത്‌ കാട്ടിൽ മരം വെട്ടാൻ പോകുന്നതാണു കഥ. "അവിടെയല്ലേ പോകേണ്ടത്‌! മരം വേണമെങ്കിൽ കാട്ടിൽ പോകണം." നഗരത്തിൽ ജനിച്ചുവളർന്ന ആ കുട്ടി ദൂരെനിന്നുപോലും കാടു കണ്ടിട്ടില്ല.

അവൻ അപ്പോൾത്തന്നെ ഏട്ടന്മാരുമായി കൂടിയാലോചിച്ച്‌ ഒരു പദ്ധതിയിട്ടു. ഒരാൾ മഴുവെടുത്തു; മറ്റൊരാൾ കൊളുത്തും ഇനിയൊരാൾ കയറുമെടുത്തു. എന്നിട്ട്‌ മമ്മായോടു യാത്രയും പറഞ്ഞ്‌ അവർ കാടു തിരക്കിയിറങ്ങി.

തെരുവുവിളക്കുകൾ പ്രകാശം പരത്തിയ നഗരത്തിലൂടെ അവർ ചുറ്റിനടന്നു. പക്ഷേ അവർ കണ്ടത്‌ കെട്ടിടങ്ങൾ മാത്രമാണ്‌; കാടിന്റെ പൊടിപോലുമില്ല. ഇടയ്ക്ക്‌ എതിരേ വരുന്നവരോട്‌ കാടെവിടെ എന്നന്വേഷിക്കാൻ അവർക്കു ധൈര്യം വന്നതുമില്ല. നടന്നുനടന്ന് തെരുവ്‌ ഒരു ഹൈവേയിലേക്കു പ്രവേശിക്കുന്നിടത്ത്‌ അവർ എത്തിച്ചേർന്നു. ഹൈവേക്കിരുവശവുമായി കുട്ടികൾ കാടു കണ്ടു. വിചിത്രമായ മരങ്ങളുടെ ഒരു പെരുംകാട്‌ വയലുകളുടെ കാഴ്ച മറച്ചുനിൽക്കുകയാണ്‌. നിവർന്നും ചാഞ്ഞുമൊക്കെ നിൽക്കുന്ന അവയുടെ തടി വളരെ മെല്ലിച്ചവയായിരുന്നു; തലപ്പുകളാവട്ടെ, പരന്നുപന്തലിച്ചതും. കടന്നുപോകുന്ന കാറുകളുടെ വെളിച്ചമടിക്കുമ്പോൾ എത്രയും വിചിത്രമായ രൂപങ്ങളും നിറങ്ങളും അവയിൽ തെളിഞ്ഞു. ടൂത്ത്പേസ്റ്റ്‌ ട്യൂബിന്റെയും മുഖത്തിന്റെയും ചീസിന്റെയും കൈയുടെയും റേസറിന്റെയും കുപ്പിയുടെയും പശുവിന്റെയും ടയറിന്റെയും ആകൃതിയിലുള്ള ചില്ലകൾ; അവയ്ക്കിടയിൽ അക്ഷരങ്ങളുടെ ഇലപ്പടർപ്പുകൾ.

"ഹായ്‌!" മിഷെലിനോ ആർത്തുവിളിച്ചു. "ഇതാ കാട്‌!"

ആ വിചിത്രമായ നിഴലുകൾക്കിടയിലൂടെ ചന്ദ്രനുദിച്ചുയരുന്നതും നോക്കി മന്ത്രമുഗ്ധരായി അവർ നിന്നു. "എന്തു ഭംഗിയാണ്‌....!" തങ്ങൾ വന്നതെന്തിനാണെന്ന് മിഷെലിനോ അവരെ ഓർമ്മപ്പെടുത്തി: വിറകു ശേഖരിക്കുക. അങ്ങനെ മഞ്ഞറോസാക്കുലയുടെ രൂപമുള്ള ഒരു കൊച്ചുമരം വെട്ടിവീഴ്ത്തി കഷണങ്ങളാക്കി അവർ വീട്ടിലേക്കു തിരിച്ചു.

മർക്കോവാൽഡോ തനിക്കു കിട്ടിയ നനഞ്ഞ ചുള്ളിക്കമ്പുകളുമായി വീട്ടിലെത്തിയപ്പോൾ കാര്യമായിട്ടു സ്റ്റൗവെരിയുന്നതാണു കണ്ടത്‌.

"ഇതെവിടുന്നു കിട്ടി?" പരസ്യബോർഡിന്റെ ബാക്കിവന്ന ഒരു കഷണത്തിലേക്കു ചൂണ്ടി അയാൾ ചോദിച്ചു. പ്ലൈവുഡായതുകാരണം ബാക്കിയുള്ളതൊക്കെ എരിഞ്ഞുതീർന്നിരുന്നു.

"കാട്ടിൽ നിന്ന്," കുട്ടികൾ പറഞ്ഞു.

"ഏതു കാട്‌?"

"ഹൈവേയുടെ അടുത്തുള്ളത്‌; അതുനിറയെ മരങ്ങളാണച്ഛാ."

സംഗതി ഇത്ര ലളിതമായ സ്ഥിതിക്ക്‌, വിറകിനിയും വേണ്ടിവരുമെന്നതിനാലും, താനും കുട്ടികളുടെ മാർഗ്ഗം പിന്തുടർന്നാലെന്തെന്ന് മാർക്കോവാൽഡോയ്ക്ക്‌ ചിന്തപോയി. അറുക്കവാളുമായി അയാൾ വീണ്ടും പുറത്തേക്കിറങ്ങി; ഹൈവേയിലേക്കാണ്‌ അയാൾ പോയത്‌.

bonsai2

ഹൈവേപോലീസിൽപ്പെട്ട ഓഫീസർ അസ്റ്റോൾഫോ അൽപ്പം കാഴ്ചക്കുറവുള്ളയാളാണ്‌; രാത്രിഡ്യൂട്ടിക്ക്‌ മോട്ടോർസൈക്കിളിൽ പോകുമ്പോൾ അയാൾ കണ്ണട വയ്ക്കേണ്ടതുമാണ്‌. പക്ഷേ പ്രമോഷനെ ബാധിക്കുമോയെന്ന പേടി കാരണം അയാൾ സംഗതി പുറത്തു മിണ്ടിയിട്ടില്ല.
കുറേ കുട്ടികൾ പരസ്യബോർഡുകൾ നശിപ്പിക്കുന്നതായി അന്നു രാത്രി ഒരു റിപ്പോർട്ടു കിട്ടിയിരുന്നു. ഓഫീസർ അസ്റ്റോൾഫോ അതന്വേഷിക്കാൻ പുറപ്പെട്ടിരിക്കുകയാണ്‌.

ഹൈവേക്കിരുവശവുമായി വിചിത്രരൂപങ്ങൾ നിറഞ്ഞ ഒരു വനം ഉപദേശങ്ങൾ നൽകിയും ചേഷ്ടകൾ കാണിച്ചും അയാളെ അകമ്പടി സേവിച്ചു. വെള്ളെഴുത്തു പിടിച്ച കണ്ണുകൾ വിടർത്തി അയാൾ അവയോരോന്നിനെയും സൂക്ഷിച്ചുനോക്കി. മോട്ടോർസൈക്കിളിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു പരസ്യത്തിന്റെ മുകളറ്റത്തു കയറിപ്പറ്റിയ ഒരു കൊച്ചുപയ്യനെ അയാൾ കണ്ടുപിടിച്ചു. അസ്റ്റോൾഫോ ബ്രേക്കിട്ടു."എന്തെടാ അവിടെ ചെയ്യുന്നത്‌! ഇറങ്ങിവാടാ!" പയ്യൻ പക്ഷേ ഒരു കുലുക്കവുമില്ലാതെ നാവും നീട്ടിക്കാണിച്ചു നിന്നതേയുള്ളു. അസ്റ്റോൾഫോ അടുത്തുചെന്നു നോക്കി; ഒരു ചീസിന്റെ പരസ്യമായിരുന്നു അത്‌. ഒരു കുട്ടി ചിറി നക്കുന്ന ചിത്രവുമുണ്ട്‌. "ഓഹോ, അതു ശരി," അയാൾ പറഞ്ഞു; എന്നിട്ടയാൾ മോട്ടോർസൈക്കിൾ ഇരമ്പിച്ച്‌ മുന്നോട്ടുപോയി.

അൽപ്പദൂരം ചെന്നപ്പോൾ വലിയൊരു പരസ്യബോർഡിന്റെ നിഴലത്ത്‌ ഭീതിയും വിഷാദവും നിറഞ്ഞ ഒരു മുഖം അയാളുടെ കണ്ണിൽപ്പെട്ടു. "അനങ്ങിപ്പോകരുത്‌! ഓടിക്കളയാനൊന്നും നോക്കേണ്ട!" പക്ഷേ ആരും ഓടിപ്പോയില്ല; ആണി ബാധിച്ച ഒരു പാദത്തിന്റെ നടുക്കു വരച്ചുവച്ചിരുന്ന വേദന തിന്നുന്ന ഒരു മുഖമായിരുന്നു അത്‌: ആണിരോഗത്തിനുള്ള ഏതോ മരുന്നിന്റെ പരസ്യം. "അയ്യോ, പാവം!" തന്നത്താൻ പറഞ്ഞുകൊണ്ട്‌ അസ്റ്റോൾഫോ വീണ്ടും മുന്നോട്ടു കുതിച്ചു.

ഒരു വേദനസംഹാരിയുടെ പരസ്യം തലനോവു കൊണ്ടു കണ്ണും പൊത്തിനിൽക്കുന്ന വലിയൊരു മനുഷ്യശിരസ്സായിരുന്നു. അസ്റ്റോൾഫോ അതിനു മുന്നിലൂടെ പോകുമ്പോൾ ഹെഡ്ലൈറ്റിന്റെ വെളിച്ചം മാർക്കോവാൽഡോയുടെ മുഖത്തടിച്ചു; അറുക്കവാളുമായി അതിന്റെ മുകളിൽ കയറി ഇരിക്കുകയായിരുന്നു അയാൾ. വെളിച്ചമടിച്ചു കണ്ണഞ്ചിയപ്പോൾ അയാൾ ആ വൻതലയുടെ ഒരു ചെവിയിൽ മുറുകെപ്പിടിച്ച്‌ നിശ്ചേഷ്ടനായി കൂനിക്കൂടിയിരുന്നു. അറുക്കവാൾ അറുത്തറുത്ത്‌ നെറ്റിയുടെ പകുതി വരെ എത്തിയിരുന്നു.
അസ്റ്റോൾഫോ പരസ്യം അതിസൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കിയിട്ട്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു:"അതുശരി, സ്റ്റപ്പാഗ്ഗുളിക! ഒന്നാന്തരം പരസ്യം! അറുക്കവാളുമായി മുകളിലിരിക്കുന്ന ആ കൊച്ചുമനുഷ്യൻ തല വെട്ടിപ്പൊളിക്കുന്ന ചെന്നിക്കുത്തിനെയാണ്‌ കാണിക്കുന്നത്‌. എനിക്കെത്രവേഗം സംഗതി പിടികിട്ടി!" അയാൾ തൃപ്തിയോടെ വണ്ടി വിട്ടു.

എങ്ങും നിശ്ശബ്ദതയും തണുപ്പും മാത്രമായി. മാർക്കോവാൽഡോ ഒരു ദീർഘനിശ്വാസം വിട്ടു. ഒട്ടും സുഖമില്ലാത്ത ആ ഇരുപ്പിലിരുന്നുകൊണ്ട്‌ അയാൾ തന്റെ മുടങ്ങിയ പണി പുനരാരംഭിച്ചു. അറുക്കവാൾ തടിയിലുരയുന്ന അമർന്ന ശബ്ദം നിലാവു നിറഞ്ഞ ആകാശത്തു പരന്നു.

(ഇറ്റാലിയൻ കഥ)

 

Link to Calvino

Tuesday, December 1, 2009

മിഗ്വെൽ ഹെർണാണ്ടെഥ് (1910-1942) - നികൃഷ്ടമാണു യുദ്ധങ്ങൾ

image 
നികൃഷ്ടമാണു യുദ്ധങ്ങൾ
പ്രണയമല്ല നമുക്കുന്നമെങ്കിൽ.
നികൃഷ്ടം, നികൃഷ്ടം.
നികൃഷ്ടമാണായുധങ്ങൾ
വാക്കുകളല്ലവയെങ്കിൽ.
നികൃഷ്ടം, നികൃഷ്ടം.
നികൃഷ്ടരാണു മനുഷ്യർ
പ്രണയത്തിനല്ലവർ ചാവുന്നതെങ്കിൽ .
നികൃഷ്ടർ, നികൃഷ്ടർ
.


Monday, November 30, 2009

ബഷോ-കവിതയെക്കുറിച്ച്‌

 EnsoZen
ഒരുനൂറെല്ലുകളും ഒമ്പതു ദ്വാരങ്ങളുമുള്ള എന്റെ ഈ മർത്ത്യദേഹത്തിനുള്ളിൽ ഒരു വസ്തു കുടികൊള്ളുന്നുണ്ട്‌; മറ്റൊരു പേരു കിട്ടാത്തതിനാൽ ഞാനതിനെ കാറ്റു പിടിച്ച ഒരാത്മാവ്‌ എന്നു വിളിക്കട്ടെ. കാറ്റൊന്നനങ്ങിയാൽ കീറിപ്പറന്നുപോകുന്ന നേർത്തൊരു തിരശ്ശീല തന്നെയാണത്‌. എന്റെയുള്ളിലിരിക്കുന്ന ഈ വസ്തു വർഷങ്ങൾക്കു മുമ്പ്‌ കവിതയെഴുത്തിലേക്കു തിരിഞ്ഞു; ഒരു രസത്തിനു തുടങ്ങിയതാണെങ്കിലും പിന്നീടത്‌ ആയുഷ്കാലചര്യയായി മാറുകയാണുണ്ടായത്‌. മനസ്സു മടുത്ത്‌ അതു തന്റെ നിയോഗം ഉപേക്ഷിക്കാൻ തീരുമാനിച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ട്‌; മറ്റു ചിലപ്പോഴാവട്ടെ, അന്യർക്കു മേൽ പൊട്ടവിജയങ്ങൾ ഘോഷിച്ചുകൊണ്ട്‌ അതു നെഞ്ചു വിരിച്ചു നിന്നിട്ടുമുണ്ട്‌. എന്തിനു പറയുന്നു, കവിതയെഴുത്തു തുടങ്ങിയതിൽപ്പിന്നെ അതിനു മനസ്സമാധാനമെന്നതുണ്ടായിട്ടില്ല; ഒന്നല്ലെങ്കിൽ മറ്റൊരു സന്ദേഹം അതിനെ അലട്ടാൻ വന്നുകൊണ്ടിരിക്കും. ഒരിക്കലത്ത്‌ ജീവിതസുരക്ഷിതത്വം കൊതിച്ച്‌ സർക്കാരുദ്യോഗത്തിൽ ചേരാനൊരുങ്ങിയതാണ്‌; മറ്റൊരിക്കലാവട്ടെ, തന്റെ അജ്ഞതയുടെ ആഴം എത്രത്തോളമുണ്ടെന്നറിയാൻ ഒരു പണ്ഡിതനാവാനും കൊതിച്ചിരുന്നു.പക്ഷേ കവിതയോടുള്ള അദമ്യമായ പ്രേമം കാരണം രണ്ടും നടക്കാതെപോയി. കവിതയെഴുത്തല്ലാതെ മറ്റൊരു വിദ്യയും അതിനറിയില്ല എന്നതാണു വാസ്തവം; അക്കാരണം കൊണ്ടുതന്നെയാണ്‌ അതു കവിതയിൽ അന്ധമായി തൂങ്ങിപ്പിടിച്ചുകിടക്കുന്നതും.

*

ഏതൊരു കലയുമെടുത്തോളൂ,അതിൽ യഥാർത്ഥമികവു കാണിച്ചവർക്കെല്ലാം പൊതുവായിട്ടൊരു ഗുണമുണ്ടാവും: പ്രകൃതിയെ അനുസരിക്കാനുള്ള ശ്രദ്ധ; ഋതുഭേദങ്ങൾക്കൊപ്പം പ്രകൃതിയുമായി ഒന്നാകാനുള്ള ഒരു മനസ്സ്‌. അങ്ങനെയൊരു മനസ്സ്‌ എന്തു കണ്ടാലും അതൊരു പൂവായിരിക്കും; ആ മനസ്സു സ്വപ്നം കാണുന്നതൊക്കെ ചന്ദ്രനുമായിരിക്കും. കിരാതമായ ഒരു മനസ്സേ പൂവല്ലാതെ മറ്റൊന്നിനെ മുന്നിൽ കാണുന്നുള്ളു; മൃഗീയമായ ഒരു മനസ്സേ ചന്ദ്രനല്ലാതെ മറ്റൊന്നിനെ സ്വപ്നം കാണുന്നുള്ളു. അപ്പോൾ കലാകാരനുള്ള ആദ്യപാഠം ഇതാണ്‌: തന്നിലെ കിരാതനെയും മൃഗത്തെയും കീഴമർത്തുക,പ്രകൃതിയെ അനുസരിക്കുക,പ്രകൃതിയിൽ ലയിക്കുക.

*

യഥാർത്ഥജ്ഞാനത്തിന്റെ ലോകത്തേക്ക്‌ മനസ്സിനെ പ്രവേശിപ്പിക്കുമ്പോൾത്തന്നെ സൗന്ദര്യത്തിന്റെ നേരറിയാൻ നിത്യജീവിതത്തിലേക്കു മടങ്ങുക എന്നതാണു പ്രധാനം. നിങ്ങൾ എന്തു ചെയ്താലുമാകട്ടെ, അതിനൊക്കെ നമ്മുടെയെല്ലാം ആത്മാവായ കവിതയുമായി ബന്ധമുണ്ടാവണം എന്നതു മറക്കരുത്‌.

*

പൈൻമരത്തെ അറിയണോ, പൈൻമരത്തിനടുത്തേക്കു ചെല്ലൂ; മുളയെക്കുറിച്ചറിയണോ, മുളംകാവിലേക്കു ചെല്ലൂ. പക്ഷേ മുൻവിധികളുമായി നിങ്ങൾ പോകരുത്‌.അങ്ങനെയായാൽ മറ്റൊന്നിലാരോപിതമായ നിങ്ങളെത്തന്നെയേ നിങ്ങൾക്കറിയാനുള്ളു. നിങ്ങളും കവിതയുടെ വിഷയവും ഒന്നായിക്കഴിഞ്ഞാൽ,അതായത്‌ ആഴത്തിലൊളിഞ്ഞിരിക്കുന്ന ഒരു നേർത്ത നാളം കണ്ണിൽപ്പെടുന്നിടത്തോളം വിഷയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്കായാൽ കവിത താനേ പുറത്തുവന്നോളും. നിങ്ങളുടെ കവിത എത്ര തേച്ചുമിനുക്കിയ ഉരുപ്പടിയുമായിക്കോട്ടെ, സ്വാഭാവികമല്ല നിങ്ങളുടെ അനുഭവമെങ്കിൽ-നിങ്ങളും വിഷയവും വേർപെട്ട നിലയിലാണെങ്കിൽ-അതു യഥാർത്ഥകവിതയല്ല,നിങ്ങൾ തന്നെ അടിച്ചിറക്കിയ വെറുമൊരു കള്ളനാണയമാണത്‌.

*

മറ്റു സമ്പ്രദായക്കാരുടെ കവിതകൾ വർണ്ണചിത്രങ്ങൾ പോലെയാണ്‌; കരിക്കട്ട കൊണ്ടു വരയുകയാണ്‌ എന്റെ രീതി.

*

വേനല്‍ക്കു ചൂളയും തണുപ്പത്തു വിശറിയുമാണ്‌ എന്റെ കവിത.

aoi-2

Saturday, November 28, 2009

ഒരു വിലാപം

420px-Masque-no-p1000705
ഈ മണ്ണിനോടു വിട,
ഈ രാവിനോടു വിട.
ദുഃഖം കിനാവിൻ കിനാവു പോലെ
ശ്മശാനവീഥിയിലെ മഞ്ഞു പോലെ.
മരണത്തിലേക്കു നാം ചുവടു വയ്ക്കെ
മായുന്നു മഞ്ഞും കിനാവുമൊപ്പം.
പുലരുവാനുണ്ടേഴു മണിമുഴക്കം,
ആറും മുഴങ്ങിക്കഴിഞ്ഞുവല്ലോ.
ഇനിയൊന്നു ബാക്കിയു-
ണ്ടതു നമുക്കായുള്ളൊ-
രവസാനമാറ്റൊലി.

 

 

(ഒരു നോ നാടകത്തിൽ നിന്ന്)

Wednesday, November 18, 2009

ബോദ്‌ലെയർ-തിർസസ്‌

 Liszt_at_the_Piano

                                                             LISZT AT THE PIANO
തിർസസ്‌ എന്നാൽ എന്താണ്‌? ധർമ്മശാസ്ത്രത്തിന്റെയും കാവ്യശാസ്ത്രത്തിന്റെയും നിർവ്വചനമനുസരിച്ച്‌ പൂജാരിമാരോ പൂജാരിണിമാരോ കൈകളിലേന്തുന്നതും അവർ വ്യാഖ്യാതാക്കളും സേവകരുമായിരിക്കുന്ന ദേവത്വത്തിന്റെ വൈദികബിംബവുമാണത്‌. ഭൗതികമായി പക്ഷേ അതൊരു ദണ്ഡു മാത്രമാണ്‌;മുന്തിരിവള്ളികൾക്കു താങ്ങു കൊടുക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഉണങ്ങിയതും മുരണ്ടതും വളവില്ലാത്തതുമായ വെറുമൊരു വടി. ആ ദണ്ഡിനെ ചുറ്റി മുന്തിരിവള്ളികളും പൂക്കളും വളഞ്ഞുപിണഞ്ഞു കിടക്കുന്നു; പുളഞ്ഞുമറയുന്നതാണു ചിലത്‌; ചിലതോ, മണികളോ കമിഴ്‌ന്ന കോപ്പകളോ പോലെ തൂങ്ങിക്കിടക്കുന്നതും. ചിലനേരം ലോലവും ചിലനേരം പകിട്ടാർന്നതുമായ രേഖകളുടെയും വർണ്ണങ്ങളുടെയും ആ കലാപത്തിൽ നിന്നുറപൊട്ടുന്നത്‌ ഒരാശ്ചര്യശോഭയത്രെ.വക്രരേഖകളും സർപ്പിളങ്ങളും നേർരേഖയ്ക്കു സേവ ചെയ്യുകയും മൂകഭക്തിയോടെ അതിനു ചുറ്റും ചുവടുവയ്ക്കുകയാണെന്നും തോന്നുന്നില്ല്ലേ? ആ ലോലപുടങ്ങൾ, വിദളങ്ങൾ , വർണ്ണങ്ങളുടെയും പരിമളങ്ങളുടെയും സ്ഫോടനങ്ങൾ, ആ പൂജാദണ്ഡിനു ചുറ്റുമായി ഒരു നിഗൂഢനൃത്തം വയ്ക്കുകയല്ലേ? പൂക്കളും വല്ലികളുമുണ്ടായത്‌ ദണ്ഡിനു വേണ്ടിയാണോ അല്ല, പൂക്കളുടെയും വല്ലികളുടെയും ശോഭ വെളിവാക്കാനുള്ള ഒരുപായം മാത്രമാണോ ദണ്ഡ്‌ എന്നു നിർണ്ണയിക്കാനുള്ള സാഹസത്തിന്‌ ആരൊരാളൊരുങ്ങും? ശക്തനും ആരാധ്യനുമായ ഗുരോ, നിഗൂഢവും തീക്ഷ്ണവുമായ സൗന്ദര്യത്തിന്റെ പൂജാരിയായോനേ, അവിടത്തെ അതിശയിപ്പിക്കുന്ന ദ്വന്ദ്വഭാവത്തിന്റെ പ്രതീകമത്രെ ഈ തിർസസ്‌. അവിടത്തെ പ്രതിഭ സ്വസഹോദരങ്ങളുടെ ഹൃദയങ്ങൾക്കു മേൽ പ്രവർത്തിക്കുമ്പോഴത്തെ ഊറ്റത്തോടെയും സാരസ്യത്തോടെയും ഗൂഢചാരിയായ ബാക്കസ്സ്‌ ആളിക്കത്തിച്ച ഒരു വനദേവതയും ഉന്മാദികളായ സഹചാരികളുടെ ശിരസ്സുകൾക്കു മേൽ തന്റെ ദണ്ഡു ചലിപ്പിച്ചിട്ടില്ല.-ഋജുവും ബലിഷ്ഠവും അധൃഷ്യവുമായ അവിടത്തെ ഇച്ഛാശക്തിയാണ്‌ ദണ്ഡ്‌; ആ ദണ്ഡിനു ചുറ്റുമായി അങ്ങയുടെ ഭാവനയുടെ സ്വൈരവിഹാരമാണു പൂക്കൾ; പുരുഷനെ ചുറ്റി സ്ത്രൈണതയുടെ അതിശയനൃത്തങ്ങളാണവ. നേർരേഖയും വക്രരേഖകളും, വിവക്ഷയും അതിന്റെ പ്രകാശനവും, ഇച്ഛയുടെ കാർശ്യം, വാക്കിന്റെ വശഗത, ഏകലക്ഷ്യം, മാർഗ്ഗവൈവിധ്യം, ഏകവും സർവ്വശക്തവുമായ പ്രതിഭയുടെ ചേരുവ: അങ്ങയെ വിഭജിക്കാനും വേർപിരിക്കാനുമുള്ള നിന്ദ്യമായ ചങ്കുറപ്പ്‌ ഏതൊരു വിശകലനവിദഗ്ധനുണ്ടാവും?
thyrsus2

പ്രിയപ്പെട്ട ലിസ്റ്റ്‌, മൂടൽമഞ്ഞിനുള്ളിൽ, പുഴകൾക്കുമപ്പുറം, പിയാനോകൾ നിന്റെ മഹിമ ഗാനം ചെയ്യുകയും അച്ചടിയന്ത്രങ്ങൾ നിന്റെ ജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്യുന്ന വിദൂരനഗരങ്ങൾക്കു മേൽ; നിത്യനഗരത്തിന്റെ പകിട്ടുകളിലോ, കാംബ്രിനസ്‌ സാന്ത്വനമരുളുന്ന സ്വപ്നദേശങ്ങളിലെ മൂടൽമഞ്ഞിലോ എവിടെയുമാകട്ടെ നീ; ആനന്ദങ്ങളുടെയോ അടങ്ങാത്ത ദുഃഖത്തിന്റെയോ ഗാനങ്ങൾ വിരചിക്കുകയും കടലാസ്സുതാളിൽ തന്റെ ധ്യാനരഹസ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നീ; നിത്യമായ ആനന്ദത്തിന്റെയും സന്ത്രാസത്തിന്റെയും ഗായകാ, ചിന്തകനും കവിയും കലാകാരനുമായ നിന്റെ അമരത്വത്തിന്‌ എന്റെ നമോവാകം!

_________________________________________________________________________________________________________

ലിസ്റ്റ്‌(1811-86)-ഹംഗേറിയൻ പിയാനിസ്റ്റും കമ്പോസറും കണ്ടകറ്ററും. ലിസ്റ്റും ബോദ്‌ലയറും പരസ്പരം ബഹുമാനിച്ചിരുന്നു.
ബാക്കസ്‌-ഗ്രീക്ക്‌ മദ്യദേവൻ
കാംബ്രിനസ്‌-ബീർ ആദ്യം ഉണ്ടാക്കിയതിദ്ദേഹമാണെന്നു പറയപ്പെടുന്നു.

LINK TO LISZT IN WIKIPEDIA

Sunday, November 15, 2009

ബോദ്‌ലെയെർ-യക്ഷികളുടെ പാരിതോഷികങ്ങൾ

baude14
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഭൂമുഖം കണ്ട സകല നവജാതശിശുക്കൾക്കും പാരിതോഷികങ്ങൾ വിതരണം ചെയ്യാൻ വിളിച്ചുകൂട്ടിയ യക്ഷികളുടെ മഹായോഗം നടക്കുകയാണ്‌.

പ്രാചീനരും ചപലകളുമായ വിധിയുടെ ആ സഹോദരിമാർ, ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും വിചിത്രമാതാക്കൾ, അവർ ഒന്നിനൊന്നു പൊരുത്തമില്ലാത്തവരായിരുന്നു:ചിലർ ഗൗരവക്കാരും മുഷിഞ്ഞ മുഖവുമായി നടക്കുന്നവരുമായിരുന്നു; മറ്റു ചിലർ കൗശലക്കാരും കളിതമാശക്കാരുമായിരുന്നു; ചിലർ ചെറുപ്പമായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു; ചിലർ വൃദ്ധകളായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു.

യക്ഷികളിൽ വിശ്വാസമുള്ള എല്ലാ അച്ഛന്മാരും തങ്ങളുടെ ശിശുക്കളെയും കൈയിലെടുത്ത്‌ അവിടെയെത്തിയിരുന്നു.

പാരിതോഷികങ്ങൾ,അതായത്‌ സിദ്ധികൾ,ഭാഗ്യങ്ങൾ,അവസരങ്ങൾ എന്നിവ ഏതോ വിദ്യാലയത്തിലെ സമ്മാനദാനച്ചടങ്ങിനെന്നപോലെ ന്യായാസനത്തിനരികിൽ കൂട്ടിയിട്ടിരുന്നു. പക്ഷേ ഇവിടെ ഒരു വ്യത്യാസമുള്ളത്‌ ഒരു യത്നത്തിനുള്ള പ്രതിഫലമായിട്ടല്ല പാരിതോഷികം നൽകപ്പെടുന്നത്‌ എന്നതായിരുന്നു. നേരേമറിച്ച്‌, ഇനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത ഒരാൾക്കു മേൽ വന്നുവീഴുന്ന അനുഗ്രഹമാണത്‌; അയാളുടെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതും, അയാളുടെ ദൗർഭാഗ്യത്തിനെന്നപോലെ സന്തോഷത്തിനും സ്രോതസ്സാകുന്നതുമായ ഒരനുഗ്രഹം.

പാവം യക്ഷികൾക്കു തിരക്കോടു തിരക്കായിരുന്നു; നിവേദകരുടെ കൂട്ടം അത്രയ്ക്കായിരുന്നല്ലോ; അതുമല്ല, മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ആ അന്തരാളലോകത്തിനും നമ്മെപ്പോലെതന്നെ കാലത്തിന്റെയും അവന്റെ സന്താനങ്ങളായ ദിവസങ്ങൾ,മണിക്കൂറുകൾ, മിനുട്ടുകൾ,സെക്കന്റുകൾ എന്നിവയുടെയും ഭയാനകമായ ശാസനത്തിനു വിധേയമാകാതെ വയ്യ.

സത്യം പറഞ്ഞാൽ പരാതി കേൾക്കുന്ന ദിവസം മന്ത്രിമാരുടെ മട്ടു പോലെ ചൂടു പിടിച്ചു നടക്കുകയായിരുന്നു അവർ; അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു വിശേഷദിവസം സർക്കാർ മുതലും പലിശയും എഴുതിത്തള്ളുമ്പോൾ പണയക്കടകളിൽ പാടുപെടുന്ന പണിക്കാരെപ്പോലെ. ഇടയ്ക്കിടെ അവർ ഘടികാരസൂചികളിലേക്കു നോക്കിയിരുന്നോയെന്നും എനിക്കു സംശയമുണ്ട്‌; കാലത്തു മുതൽ കേസുകൾ കേൾക്കുകയും അതിനിടയിൽ തങ്ങളുടെ അത്താഴവും കുടുംബവും പ്രിയപ്പെട്ട വള്ളിച്ചെരുപ്പുകളും ദിവാസ്വപ്നം കാണുകയും ചെയ്യുന്ന മനുഷ്യരായ ന്യായാധിപരുടെ അക്ഷമ അവരിൽ കണ്ടെത്താമായിരുന്നു. അപ്പോൾ, ചില തിടുക്കങ്ങളും യാദൃച്ഛികതകളും പ്രകൃത്യതീതനീതിയിൽ വന്നുപെടാമെങ്കിൽ അങ്ങനെയൊന്ന് മനുഷ്യനീതിയുടെ കാര്യത്തിലും ശരിയായേക്കാമെന്നു വരുന്നത്‌ നമ്മെ ആശ്ചര്യപ്പെടുത്താൻ പാടുള്ളതല്ല. അങ്ങനെ ആശ്ചര്യം തോന്നിയാൽ നീതിയില്ലാത്ത ന്യായാധിപരായിപ്പോകും നമ്മൾ.

അങ്ങനെ, ചില അബദ്ധങ്ങളും അന്നുണ്ടായി; ചാപല്യമല്ല, വിവേകമാണ്‌ യക്ഷികളുടെ നിത്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കത്‌ വിചിത്രമായും തോന്നാം.

ഉദാഹരണത്തിന്‌, ധനാകർഷണത്തിനുള്ള സിദ്ധി നൽകപ്പെട്ടത്‌ ഒരു ധനികകുടുംബത്തിലെ ഏകാവകാശിക്കാണ്‌; സഹായമനഃസ്ഥിതിയില്ലാത്ത, ജീവിതത്തിലെ മറ്റു സുഖങ്ങളിൽ തൃഷ്ണയില്ലാത്ത അയാൾക്ക്‌ തന്റെ മേൽ വന്നുകുമിയുന്ന കോടികൾ പിൽക്കാലത്ത്‌ ഒരു ഭാരമായി മാറും.

അതുപോലെ സൗന്ദര്യാരാധനയും കവിത്വവും നൽകിയത്‌ അരസികനായ ഒരു ദരിദ്രവാസിയുടെ, ഒരു പാറമടത്തൊഴിലാളിയുടെ മകനാണ്‌; തന്റെ മകന്റെ സിദ്ധികളെ പോഷിപ്പിക്കാൻ, അവന്റെ നിസ്സാരമായ ആവശ്യങ്ങളെ നിവർത്തിക്കാൻ അയാൾക്കുണ്ടോ കഴിയുന്നു?

ഇത്തരം ഭവ്യമായ സന്ദർഭങ്ങളിൽ പാരിതോഷികങ്ങൾ നിരസിക്കാനോ, മറ്റൊന്നു മതിയെന്നു പറയാനോ ഉള്ള അവകാശം നിങ്ങൾക്കില്ല, അതു ഞാൻ പറയാൻ വിട്ടു.

മുഷിപ്പൻപണി കഴിഞ്ഞല്ലോ എന്ന വിശ്വാസത്തോടെ യക്ഷികൾ പോകാനായി എഴുന്നേറ്റു; കാരണം പാരിതോഷികങ്ങളൊന്നും ബാക്കിയായിട്ടില്ല,ആ മനുഷ്യപറ്റത്തിനിടയിലേക്കെറിഞ്ഞുകൊടുക്കാൻ ഔദാര്യങ്ങളൊന്നും ശേഷിച്ചിട്ടുമില്ല. ആ സമയത്താണ്‌ ഒരു ധൈര്യശാലി -ഒരു പാവം കച്ചവടക്കാരനാണെന്നു തോന്നുന്നു- എഴുന്നേറ്റു നിന്നിട്ട്‌ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരു യക്ഷിയുടെ വർണ്ണവാതകങ്ങൾ കൊണ്ടു നെയ്ത പുടവത്തുമ്പിൽ പിടിച്ച്‌ ഇങ്ങനെ ഒച്ചവയ്ക്കുന്നത്‌:"അയ്യോ, ദേവി! ഞങ്ങളെയങ്ങു മറന്നോ! എന്റെ കുഞ്ഞുമകന്റെ കാര്യം വിട്ടുപോയി! ഇവിടെ വന്നിട്ട്‌ വെറുംകൈയോടെ പോകാനോ!"

യക്ഷിക്ക്‌ എന്തു പറയണമെന്നറിയാതായിട്ടുണ്ടാവും, കാരണം കൊടുക്കാൻ ഒന്നും ബാക്കിയില്ലല്ലോ. അവർക്കു പക്ഷേ, ആ സമയത്ത്‌ ഒരു നിയമത്തിന്റെ കാര്യം ഓർമ്മവന്നു; എല്ലാവർക്കും അറിവുള്ളതാണെങ്കിലും അവരുടെ അതീതലോകത്ത്‌ ,മനുഷ്യന്റെ സുഹൃത്തുക്കളും പലപ്പോഴും അവന്റെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നവരുമായ ആ അദൃശ്യദേവതകൾ,യക്ഷികൾ,ചാത്തന്മാർ,തീപ്പിശാചുക്കൾ, ജലദേവതകൾ എന്നിവർ അധിവസിക്കുന്ന ആ ലോകത്ത്‌ അപൂർവ്വമായി മാത്രം പ്രയോഗിക്കപ്പെടുന്ന ഒരു നിയമം. ഞാനുദ്ദേശിക്കുന്നത്‌ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ, അതായത്‌ ഉപഹാരങ്ങൾ ബാക്കി വരാത്ത അവസരങ്ങളിൽ ഒരു പാരിതോഷികം അധികം നൽകാൻ യക്ഷികൾക്ക്‌ അനുമതി നൽകുന്ന ആ നിയമത്തിന്റെ കാര്യമാണ്‌; പക്ഷേ ഒന്നുണ്ട്‌: നിന്ന നിൽപ്പിൽ അതു സൃഷ്ടിക്കാനുള്ള ഭാവനാശേഷി അതുപയോഗിക്കുന്നവർക്കുണ്ടായിരിക്കണം.

അങ്ങനെ ആ യക്ഷി തന്റെ ഗണത്തിനു ചേർന്ന കുലീനതയോടെ ഇങ്ങനെയരുളി:"നിന്റെ മകനു ഞാൻ ഇതാ നൽകുന്നു...ആനന്ദിപ്പിക്കാനുള്ള സിദ്ധി!"

"എന്താനന്ദം? ആനന്ദമോ? ആരെയാനന്ദിപ്പിക്കാൻ?"ആ കൊച്ചു കടക്കാരൻ വഴങ്ങാൻ കൂട്ടാക്കാതെ ചോദ്യങ്ങളായി; നമ്മൾ സാധാരണ കണ്ടുമുട്ടുന്ന യുക്തിവാദക്കാരിൽപ്പെട്ട ഒരാളാണു കക്ഷിയെന്നതിൽ സംശയമില്ല; അയുക്തികതയുടെ യുക്തി മനസ്സിലാക്കാനുള്ള ത്രാണി അവർക്കില്ല.

"അത്‌...അത്‌...!" അയാൾക്കു പുറംതിരിഞ്ഞുകൊണ്ട്‌ കോപിഷ്ടയായ ആ യക്ഷി പറഞ്ഞു. പിന്നെ, തന്റെ ഒപ്പമുള്ളവരോടു ചേർന്നുകൊണ്ട്‌ അവൾ അവരോടു പരാതിപ്പെട്ടു:"ആ ഫ്രഞ്ചുകാരന്റെ നാട്യം കണ്ടില്ലേ? അവനു സകലതും അറിയണം. ഏറ്റവും നല്ല പാരിതോഷികം തന്റെ മകനു കിട്ടിയിട്ടും ചോദ്യം ചെയ്യാനാവാത്തതിനെ ചോദ്യം ചെയ്യാനും തർക്കമില്ലാത്തതിനെച്ചൊല്ലി തർക്കിക്കാനും വരികയാണവൻ!"

Wednesday, November 11, 2009

കവാഫി-മെഴുകുതിരികൾ

Georges_de_La_Tour_010
വരാനുള്ള നാളുകൾ
കൊളുത്തിവച്ച മെഴുകുതിരികൾ പോലെ
നമുക്കു മുന്നിൽ നിരന്നുനിൽക്കുന്നു...
സൗവർണ്ണമായ,ഊഷ്മളമായ
ജീവൻ തുടിക്കുന്ന കുഞ്ഞുമെഴുകുതിരികൾ.
നമുക്കു പിന്നിലുണ്ട്‌ പൊയ്പ്പോയ നാളുകൾ,
കെട്ടുപോയ മെഴുകുതിരികളുടെ ശോകാകുലമായ ഒരു നിര.
തൊട്ടടുത്തുള്ളവ അപ്പോഴും പുകയുന്നു.
ഉരുകിത്തീർന്ന തണുത്ത മെഴുകുതിരികൾ
വളഞ്ഞുപോയ മെഴുകുതിരികൾ.
എനിക്കവയെ കാണേണ്ട;
അവയുടെ കോലം കണ്ടെനിക്കു സങ്കടമാവുന്നു,
എന്തു വെളിച്ചമായിരുന്നവയ്ക്ക്‌.
മുന്നിലെ കൊളുത്തിയ മെഴുകുതിരികളിലേക്കു നോക്കി
ഞാനിരിക്കുന്നു.
തിരിഞ്ഞുനോക്കാനെനിക്കു വയ്യ,
കാണുന്നതുകണ്ടെന്റെ നെഞ്ചു പിടഞ്ഞുപോകും-
അണഞ്ഞ നിര നീളുന്നതെത്രവേഗം,
കെട്ട മെഴുകുതിരികൾ പെരുകുന്നതെത്രവേഗം.
(1899)

Sunday, November 8, 2009

കവാഫി-തൃഷ്ണകൾ


പ്രായമാകാതെ മരിച്ചവരുടെ സുന്ദരദേഹങ്ങൾ
തലയ്ക്കൽ റോസാപ്പൂക്കളും
കാൽക്കൽ മുല്ലപ്പൂക്കളുമായി
ഗംഭീരമായ ശവകുടീരങ്ങളിൽ
കണ്ണീരോടെ അവർ അടക്കം ചെയ്തു-
ഫലം കാണാതെപോയ തൃഷ്ണകളും അതേവിധം.
ഐന്ദ്രിയാഹ്ലാദത്തിന്റെ ഒരു രാവോ
തെളിഞ്ഞൊരു പ്രഭാതമോ
കണ്ടെത്താനവയ്ക്കായില്ല.

(1904)

Saturday, November 7, 2009

ബോദ്‌ലെയെർ-കൊലക്കയർ

manet-cherries-1859
                                               BOY WITH CHERRIES-MANET-1859
(എഡ്വേർഡ്‌ മാനെയ്ക്ക്‌ )


"മിഥ്യകൾ" എന്റെ സ്നേഹിതൻ എന്നോടു പറയുകയായിരുന്നു,"മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പോലെ,അല്ലെങ്കിൽ മനുഷ്യരും വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ പോലെ അത്ര അസംഖ്യമാണ്‌. ആ മിഥ്യ മായുമ്പോഴാകട്ടെ-അതായത്‌, ഒരു വ്യക്തിയോ വസ്തുവോ നമുക്കു പുറത്ത്‌ യഥാർത്ഥത്തിൽ എങ്ങനെയാണെന്നു നാം കാണുമ്പോൾ-മറഞ്ഞുപോയ മായാരൂപത്തെ പ്രതി ഒരു നഷ്ടബോധവും മുന്നിൽ വന്ന പുതുമയെ,യഥാർത്ഥവസ്തുവെ പ്രതി ആശ്ചര്യവും കലർന്ന സങ്കീർണ്ണമായ ഒരു വിചിത്രവികാരത്തിനു നാം വിധേയരായിപ്പോവുകയും ചെയ്യുന്നു. ഇനി സ്പഷ്ടവും സധാരണവും മാറ്റമില്ലാത്തതും ദുർവ്യാഖ്യാനങ്ങൾക്കിടനൽകാത്തതുമായ ഒരു പ്രതിഭാസമുണ്ടെങ്കിൽ അത്‌ മാതൃസ്നേഹമൊന്നു മാത്രം. മാതൃസ്നേഹമില്ലാത്ത ഒരമ്മയെ സങ്കൽപ്പിക്കുക എന്നാൽ അത്‌ ചൂടില്ലാത്ത തീയിനെ മനസ്സിൽ കാണുന്നതുപോലെ അത്ര ദുഷ്കരമത്രെ. അങ്ങനെ വരുമ്പോൾ തന്റെ കുഞ്ഞിനോടു ബന്ധപ്പെട്ടുള്ള ഒരമ്മയുടെ സകല ചെയ്തികളെയും വാക്കുകളെയും മാതൃസ്നേഹത്തിൽ ആരോപിക്കുന്നതും തികച്ചും സാധുവല്ലേ? എന്നാൽ ഈ കഥയൊന്നു കേട്ടുനോക്കൂ; എല്ലാ മിഥ്യകളിലും വച്ച്‌ ഏറ്റവും സ്വാഭാവികമായ മിഥ്യ എന്റെ മനസ്സിനെ കുഴക്കിയ കഥയാണിത്‌.
"ചിത്രരചന തൊഴിലായ സ്ഥിതിയ്ക്ക്‌ വഴിയിൽ കാണുന്ന മുഖങ്ങളെയും അവയിലെ ഭാവങ്ങളെയും ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്‌. അന്യരെ അപേക്ഷിച്ച്‌ ഞങ്ങളുടെ കണ്ണുകളിൽ ജീവിതത്തെ കൂടുതൽ സചേതനവും സാർത്ഥകവുമാക്കുന്ന ഈയൊരു സിദ്ധിയിൽ നിന്ന് ഞങ്ങൾ ചിത്രകാരന്മാർ ആർജ്ജിക്കുന്ന ആനന്ദം എന്തുമാത്രമാണെന്നു നിങ്ങൾക്കറിയുമോ? നഗരത്തിൽ തിരക്കൊഴിഞ്ഞ ഭാഗത്ത്‌ ഞാൻ താമസിക്കുന്ന സ്ഥലത്ത്‌(അവിടെ ഇപ്പോഴും വീടുകൾക്കിടയിൽ പുല്ലു വളർന്ന വിശാലമായ മുറ്റങ്ങളുണ്ട്‌) ഞാൻ പലപ്പോഴും ഒരു ബാലനെ കണ്ടുമുട്ടാറുണ്ട്‌; മറ്റെന്തിനെക്കാളുമുപരി അവന്റെ മുഖത്തെ തീക്ഷ്ണവും കുസൃതി നിറഞ്ഞതുമായ ഭാവമാണ്‌ എന്നെ ആകർഷിച്ചത്‌. പലതവണ ഞാൻ അവനെ ഒരു മോഡലായി ഉപയോഗിച്ചു; ചിലപ്പോൾ ഒരു കൊച്ചുജിപ്സിയായി,ചിലപ്പോൾ ഒരു മാലാഖയായി, മറ്റു ചിലപ്പോൾ ഒരു ക്യൂപ്പിഡായി ഞാനവനെ രൂപാന്തരപ്പെടുത്തി. ഒരു നാടോടിയുടെ വയലിനും മുൾക്കിരീടവും കുരിശ്ശിൽ തറച്ച ആണികളും ഇറോസിന്റെ ശലാകയും ഞാനവനെക്കൊണ്ടു ചുമപ്പിച്ചു. എന്തിനു പറയുന്നു, ആ കുറുമ്പന്റെ വികൃതികളിൽ അത്രയ്ക്കാകഷ്ടനായിപ്പോയ ഞാൻ സാധുക്കളായ അവന്റെ അച്ഛനമ്മമാരോട്‌ അവനെ എനിക്കു വിട്ടുതരാൻ ഇരന്നു; അവനുടുക്കാനുള്ളതു കൊടുക്കാമെന്നും എല്ലാമാസവും ചെറിയൊരു തുക നൽകാമെന്നും എന്റെ ബ്രഷുകൾ വൃത്തിയാക്കുക,എന്റെ കൈയാളായി നിൽക്കുക എന്നതല്ലാതെ മറ്റു ഭാരിച്ച ജോലികളൊന്നും അവനെക്കൊണ്ടു ചെയ്യിക്കില്ലയെന്നും ഞാനവർക്ക്‌ ഉറപ്പും കൊടുത്തു. ഒന്നു വൃത്തിയാക്കിയെടുത്തപ്പോൾ അവൻ സുന്ദരനായി; തന്റെ മാതാപിതാക്കളോടൊപ്പമുള്ള ചെറ്റക്കുടിലിലെ ജീവിതം വച്ചു നോക്കുമ്പോൾ എന്റെ കൂടെയുള്ള വാസം അവനു സ്വർഗ്ഗസമാനമായി തോന്നിയിട്ടുണ്ടാവണം. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അവൻ ചിലനേരം തന്റെ പ്രായത്തിനു നിരക്കാത്ത ഒരുതരം വിഷാദഭാവം പ്രകടമാക്കിയിരുന്നു; ഒപ്പം പഞ്ചസാരയോടും മദ്യത്തോടും അതിരുകടന്ന ഒരു ഭ്രമവും അവൻ കാണിച്ചിരുന്നു. പലതവണ വിലക്കിയിട്ടും വീണ്ടും അവൻ അങ്ങനെയൊരു കളവു നടത്തിയപ്പോൾ തിരിയെ വീട്ടിലേക്കയയ്ക്കുമെന്നു പറഞ്ഞ്‌ അവനെയൊന്നു ഭീഷണിപ്പെടുത്താതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. അതു കഴിഞ്ഞ്‌ ഞാൻ പുറത്തേക്കു പോയി; ചില ജോലികളുണ്ടായതു കാരണം ദിവസങ്ങൾ കഴിഞ്ഞാണു ഞാൻ പിന്നെ വീട്ടിലെത്തുന്നത്‌.
“മടങ്ങിയെത്തുമ്പോൾ ഞാൻ ആദ്യം കാണുന്ന കാഴ്ച കുസൃതിക്കാരനായ എന്റെ ജീവിതപങ്കാളി സ്റ്റോർമുറിയുടെ വാതിലിൽ തൂങ്ങിനിൽക്കുന്നതാണെന്നു വരുമ്പോൾ എനിക്കുണ്ടാകുന്ന ഭീതിയും ഞെട്ടലും ഒന്നു സങ്കൽപ്പിച്ചുനോക്കൂ! അവന്റെ കാലുകൾ നിലത്തു മിക്കവാറും തൊട്ടനിലയിലായിരുന്നു; അവൻ കാലുകൊണ്ടു തട്ടിയെറിഞ്ഞിരിക്കാവുന്ന ഒരു കസേര തൊട്ടടുത്ത്‌ വീണുകിടപ്പുണ്ട്‌; തല പിരിഞ്ഞ്‌ ഒരു ചുമലിലേക്കു വീണുകിടക്കുന്നു; വീർത്ത മുഖവും തുറിച്ച കണ്ണുകളിലെ നോട്ടവും കണ്ടാൽ അവനു ജീവനുണ്ടെന്ന് ആദ്യമൊന്നു തോന്നിപ്പോകും. അവനെ താഴത്തിറക്കുക നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമായിരുന്നില്ല. അവന്റെ ശരീരം മരവിച്ചുകഴിഞ്ഞിരുന്നു; അവനെ മുറിച്ചു താഴത്തേക്കിടുന്നതിൽ എനിക്കെന്തോ ഒരറപ്പു തോന്നുകയും ചെയ്തു. ഒരു കൈ കൊണ്ട്‌ കയറു മുറിക്കുമ്പോൾ മറ്റേ കൈ കൊണ്ട്‌ ഞാൻ അവനെ താങ്ങിപ്പിടിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോൾ എല്ലാം കഴിഞ്ഞില്ല. ആ പിശാച്‌ കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച നേർത്ത ചരട്‌ അവന്റെ കഴുത്തിൽ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്‌; കഴുത്തു സ്വതന്ത്രമാക്കണമെങ്കിൽ വീർത്തുപൊങ്ങിയ മാംസപാളികൾക്കിടയിലൂടെ ഒരു കത്രിക കടത്തിയാലേ പറ്റൂ.
“ഞാൻ സഹായത്തിനു വേണ്ടി ഉറക്കെ നിലവിളിച്ചിരുന്നുവെന്ന കാര്യം പറയാൻ വിട്ടുപോയി; പക്ഷേ ഒരയൽക്കാരനും എന്റെ സഹായത്തിനെത്തിയില്ല; അക്കാര്യത്തിൽ അവർ തൂങ്ങിച്ചത്ത ഒരുത്തന്റെ കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന സംസ്കാരസമ്പന്നരായ മനുഷ്യരുടെ സമ്പ്രദായത്തോട്‌-അതിന്റെ കാരണമൊന്നും എനിക്കറിയില്ല-ശരിക്കും നീതി പുലർത്തുക തന്നെ ചെയ്തു. ഒടുവിൽ ഒരു ഡോക്ടർ എത്തിച്ചേർന്നു; കുട്ടി മരിച്ചിട്ട്‌ കുറേ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെതു. പിന്നീട്‌ ശവസംസ്കാരത്തിനു വേണ്ടി അവന്റെ വസ്ത്രങ്ങൾ മാറ്റാൻ നോക്കുമ്പോൾ ജഡം അത്ര മരവിച്ചതു കാരണം അവന്റെ കൈകാലുകൾ നിവർക്കാനുള്ള ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു; ഒടുവിൽ കീറിമുറിച്ചാണ്‌ തുണികൾ മാറ്റിയത്‌.
“പൊലീസിൽ വിവരം അറിയിക്കണമല്ലോ; ഇൻസ്പെക്റ്റർ ഏറുകണ്ണിട്ട്‌ എന്നെയൊന്നു നോക്കിയിട്ടു പറഞ്ഞതിതാണ്‌:'ഇതിലെന്തോ ദുരൂഹതയുണ്ടല്ലോ!' കുറ്റവാളികളെന്നോ നിരപരാധികളെന്നോ നോക്കാതെ സർവ്വരിലും ഭയം ജനിപ്പിക്കാനുള്ള കട്ടപിടിച്ച ആഗ്രഹവും ആ തൊഴിലിന്റെ ശീലവുമായിരുന്നു അതിനു പിന്നിലെന്നതിൽ സംശയമില്ല.
“പരമപ്രധാനമായ ഒരു ദൗത്യം അവശേഷിച്ചു: അവന്റെ അച്ഛനെയും അമ്മയെയും വിവരം അറിയിക്കുക. അതോർത്തപ്പോൾത്തന്നെ ഞാൻ കിടിലം കൊണ്ടുപോയി. എന്റെ കാലുകൾ എന്നെ അങ്ങോട്ടു കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ എങ്ങനെയോ ഞാൻ ധൈര്യം കണ്ടെത്തി. പക്ഷേ ഞാൻ അത്ഭുതപ്പെട്ടുപോയി, അമ്മ നിർവ്വികാരയായിരുന്നു; അവരുടെ കൺകോണുകളിൽ ഒരു നീർത്തുള്ളി പോലും പൊടിഞ്ഞില്ല. ആ വിചിത്രമായ പെരുമാറ്റത്തിനു കാരണം അവരനുഭവിക്കുന്ന കൊടുംശോകത്തിൽ ഞാൻ ആരോപിച്ചു; ഏറ്റവും കടുത്ത ദുഃഖങ്ങൾ നിശ്ശബ്ദദുഃഖങ്ങളായിരിക്കുമെന്ന ചൊല്ലും ഞാനപ്പോൾ ഓർത്തു. അച്ഛന്റെ കാര്യമാവട്ടെ, ബുദ്ധി മരവിച്ച പോലെയോ സ്വപ്നം കാണുന്നപോലെയോ അയാൾ പറഞ്ഞതിതാണ്‌:'ഇങ്ങനെയായത്‌ ഒരു വിധത്തിൽ നന്നായി; എന്തായാലും അവൻ ഗുണം പിടിക്കുമായിരുന്നില്ല.'

“ഈ നേരമായപ്പോൾ ജഡം എന്റെ കട്ടിലിൽ ഇറക്കിക്കിടത്തിയിരുന്നു. വേലക്കാരിയുടെ സഹായത്തോടെ ഞാൻ അവസാനത്തെ ഒരുക്കങ്ങൾ നടത്തുമ്പോൾ അവന്റെ അമ്മ എന്റെ സ്റ്റുഡിയോവിലേക്കു കയറിവന്നു. തന്റെ മകന്റെ ശരീരം ഒന്നു കാണണമെന്ന് അവർ പറഞ്ഞു. തന്റെ ദൗർഭാഗ്യത്തിൽ വ്യാപരിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും അന്തിമവും വിഷാദപൂർണ്ണവുമായ ഈയൊരു സമാശ്വാസം അവർക്കു നിഷേധിക്കാനും സത്യം പറഞ്ഞാൽ എനിക്കു മനസ്സു വന്നില്ല. അതു കഴിഞ്ഞപ്പോൾ തന്റെ കുഞ്ഞു തൂങ്ങിച്ചത്ത സ്ഥലം കാട്ടിക്കൊടുക്കണമെന്നായി അവർ. 'അയ്യോ, അമ്മേ!' ഞാൻ പറഞ്ഞു; 'നിങ്ങൾക്കതു താങ്ങാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല.' പക്ഷേ എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ സ്റ്റോർമുറിയുടെ ആ കെട്ട വാതിലിലേക്കു പോയി; ആണി അതിൽത്തന്നെയുണ്ടെന്നതും ചരടിന്റെ നീണ്ടൊരു കഷണം അതിൽ തൂങ്ങിക്കിടക്കുന്നതും അറപ്പും ഭീതിയും കോപവും സമ്മിശ്രമായ ഒരു വികാരത്തോടെ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ കുതിച്ചുചെന്ന് ആ പാതകത്തിന്റെ അവസാനത്തെ ശേഷിപ്പുകളെ പറിച്ചെടുത്ത്‌ ജനാലയിലൂടെ പുറത്തു കളയാനോങ്ങിയപ്പോൾ ആ സാധുസ്ത്രീ എന്റെ കൈയ്ക്കു കടന്നുപിടിച്ച്‌ എതിർക്കാനാവാത്തൊരു സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:'അയ്യോ സാറേ,അതെനിക്കു തരണേ!' ശോകം കൊണ്ടു ഭ്രാന്തു പിടിച്ച ആ സ്ത്രീ തന്റെ മകൻ ചാവാനുപയോഗിച്ച വസ്തുവിനോടു കാണിക്കുന്ന മമതയായി ഞാനതിനെ വ്യാഖാനിച്ചു; ഭീതിദവും അനർഘവുമായ ഒരു തിരുശേഷിപ്പായി അതിനെ സൂക്ഷിക്കാൻ അവർക്കാഗ്രഹമുണ്ടാവാം. അവർ ആ ആണിയും കയറും എന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചു.
“അവസാനം എല്ലാമൊന്നു കഴിഞ്ഞുകിട്ടി. സ്വന്തം ജോലിയിലേക്കു തിരിച്ചുപോവുക എന്നതേ എനിക്കു ചെയ്യാനുണ്ടായിരുന്നുള്ളു-എന്റെ മനസ്സിന്റെ മൂലകളിൽ നിന്നു മാറാതെ നിൽക്കുകയും തുറിച്ച നോട്ടം കൊണ്ട്‌ എന്നെ തളർത്തുകയും ചെയ്യുന്ന ആ കൊച്ചുജഡത്തെ ഉച്ചാടനം ചെയ്യണമെങ്കിൽ പണ്ടത്തെക്കാൾ ഊർജ്ജസ്വലമായി പണിയെടുക്കുക തന്നെ വേണം. അടുത്ത ദിവസം പക്ഷേ, ഒരുകൂട്ടം കത്തുകൾ എന്റെ പേരിൽ വന്നു. ചിലത്‌ ഞാൻ താമസിക്കുന്ന കെട്ടിടത്തിൽത്തന്നെയുള്ളവരിൽ നിന്നായിരുന്നു; ചിലത്‌ തൊട്ടടുത്ത വീടുകളിൽ നിന്നും; താഴത്തെ നിലയിൽ നിന്ന് ഒരെണ്ണം; രണ്ടാമത്തെ നിലയിൽ നിന്ന് ഒരെണ്ണം; മൂന്നാമത്തെ നിലയിൽ നിന്ന് മറ്റൊരെണ്ണം അങ്ങനെയങ്ങനെ; അപേക്ഷയുടെ വ്യഗ്രതയെ പരിഹാസത്തിൽ ഒളിപ്പിച്ചുകൊണ്ടുള്ള തമാശരൂപത്തിലായിരുന്നു ചില കത്തുകൾ; ചിലതാകട്ടെ, നേരിട്ടങ്ങു കാര്യം പറയുന്നതും അക്ഷരത്തെറ്റു നിറഞ്ഞവയുമായിരുന്നു; എല്ലാ കത്തുകളുടെയും ഉള്ളടക്കം ഇതാണ്‌:മാരകമായ ആ ഭാഗ്യച്ചരടിന്റെ ഒരു കഷണം അവർക്കു വേണം. കത്തയച്ചവരിൽ പുരുഷന്മാരെക്കാൾ സ്ത്രീകളായിരുന്നു കൂടുതലെന്ന കാര്യം പറയേണ്ടിയിരിക്കുന്നു; അതേ സമയം എല്ലാവരും സമൂഹത്തിന്റെ താഴ്‌ന്ന പടിയിൽപ്പെട്ടവരായിരുന്നില്ല എന്നു ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം. കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചു.
“അപ്പോഴാണ്‌ എനിക്കു തലയ്ക്കുള്ളിൽ ഒരു വെളിച്ചം വീശിയത്‌; ആ അമ്മ എന്നിൽ നിന്ന് ആ ചരടു തട്ടിയെടുക്കാൻ വ്യഗ്രത കാട്ടിയതെന്തിനെന്നും ഏതുതരം കച്ചവടം നടത്തിയിട്ടാണ്‌ അവർ സമാശ്വാസം കണ്ടെത്താൻ പോകുന്നതെന്നും എനിക്കപ്പോൾ മനസ്സിലായി.”
----------------------------------------------------------------------------------------------------------------------------------------
ഒരു യഥാർത്ഥസംഭവത്തെ ആധാരമാക്കിയിട്ടുള്ളതാണ്‌ ഈ കഥ. ചിത്രകാരനായ മാനെ അലക്സാണ്ഡർ എന്നൊരു കുട്ടിയെ കൂടെ താമസിപ്പിച്ചിരുന്നു; ചെറിപ്പൂക്കളുമായി നിൽക്കുന്ന കുട്ടി എന്ന ചിത്രത്തിനു മോഡലായതും അവനാണ്‌; അവൻ മാനേയുടെ സ്റ്റുഡിയോവിൽ വച്ച്‌ തൂങ്ങിച്ചാവുകയും ചെയ്തു.
മാനെ

Friday, November 6, 2009

കവാഫി-ഒരു വൃദ്ധൻ


Cavafy3

ഇരമ്പുന്ന കാപ്പിക്കടയുടെ മൂലയ്ക്ക്‌
മേശയ്ക്കു മേൽ തലചായ്ച്ച്‌
മുന്നിലൊരു പത്രക്കടലാസ്സുമായി
കൂട്ടിനാരുമില്ലാതെ ഒരു കിഴവൻ.

വാർദ്ധക്യത്തിന്റെ നികൃഷ്ടമായ വൈരസ്യത്തോടെ
അയാൾ ഓർക്കുകയാണ്‌:
തനിക്കു ചന്തവും ബലവും വാക്കിനൂറ്റവുമുണ്ടായിരുന്നപ്പോൾ
ജീവിതസുഖമെന്തെന്ന് താനറിഞ്ഞേയില്ലല്ലോ.

തനിക്കിപ്പോൾ പ്രായമേറിയെന്ന് അയാൾക്കു ബോധമുണ്ട്‌:
അയാളതറിയുന്നുണ്ട്‌, കാണുന്നുമുണ്ട്‌.
എന്നാലും ഇന്നലെ വരെ താൻ ചെറുപ്പമായിരുന്ന പോലെ;
എത്ര ഹ്രസ്വമായൊരു കാലം, എത്ര ഹ്രസ്വം.

വിധി തന്നെ കബളിപ്പിച്ചുവല്ലോയെന്നോർക്കുകയാണയാൾ;
താനവളെ എന്തുമാത്രം വിശ്വസിച്ചു-എന്തൊരു വിഡ്ഢിത്തം!-
"നാളെയാകട്ടെ. ഇഷ്ടംപോലെ സമയമുണ്ടല്ലോ."
ആ നുണച്ചി പറയുകയായിരുന്നു.

സ്വയം തടയിട്ട വികാരങ്ങൾ;
കുരുതി കൊടുത്ത സന്തോഷങ്ങൾ.
നഷ്ടമായ ഓരോ അവസരവും
അയാളുടെ മൂഢമായ കരുതലിനെ കൊഞ്ഞനം കുത്തുകയാണ്‌.

പക്ഷേ അത്രയധികം ചിന്തയും ഓർമ്മയുമായപ്പോൾ
കിഴവനു തല തിരിയുകയാണ്‌.
മേശയ്ക്കു മേൽ തല ചായ്ച്ച്‌
അയാൾ ഉറക്കമാവുന്നു.
(1897

Tuesday, November 3, 2009

കവാഫി-നിങ്ങളാലാവുംവിധം

 Cavafy1
നിങ്ങളാശിച്ചവിധം ജീവിതം കരുപ്പിടിപ്പിക്കാനായില്ലെങ്കിൽ വേണ്ട,
നിങ്ങളാലാവുംവിധം ഇത്രയെങ്കിലും ചെയ്തുകൂടേ?-
അനാവശ്യമായ ലോകസമ്പർക്കം കൊണ്ട്‌
അനാവശ്യമായ പറച്ചിലും പ്രവൃത്തിയും കൊണ്ട്‌
അതിനെ ഹീനമാക്കാതിരിക്കാൻ നിങ്ങൾക്കു ശ്രമിക്കാം.

പോകുന്നിടത്തൊക്കെ കൂടെക്കൊണ്ടുനടന്നും
അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ചും
ബന്ധങ്ങളുടെയും കൂട്ടായ്മകളുടെയും നാളുനാളായുള്ള പൊള്ളത്തരങ്ങളിൽ
കൊണ്ടുചെന്നു പ്രദർശിപ്പിച്ചും
ഒടുവിൽ തന്റേതല്ലാത്ത ഒരു ജീവിതം
തന്നെ തൂങ്ങിനടക്കുന്നതുപോലെ
നിങ്ങൾക്കതിനെ മടുക്കും-
സ്വന്തം ജീവിതത്തെ അങ്ങനെ ഹീനമാക്കാതിരിക്കാൻ ശ്രമിക്കരുതോ?
(1913)

 

More on Cavafy

Monday, November 2, 2009

കവാഫി (1863-1933)-മതിലുകൾ

Cavafy1900

ഒരു പരിഗണനയുമില്ലാതെ,ഒരു കരുണയുമില്ലാതെ,ഒരു നാണക്കേടുമില്ലാതെ
എനിക്കു ചുറ്റും കനത്തുയർന്ന ഒരു മതിൽ കെട്ടിക്കഴിഞ്ഞുവല്ലോ അവർ.
ഞാനിന്നിവിടെയിരുന്നുരുകുകയാണ്‌:
എന്റെ മനസ്സിൽ മറ്റൊന്നുമില്ല;
പുറത്തെന്തൊക്കെ ചെയ്യാനുണ്ടായിരുന്നതാണെനിക്ക്‌.
അവർ മതിലു കെട്ടിപ്പൊക്കുമ്പോൾ
ഞാനെന്തേ അതു ശ്രദ്ധിച്ചില്ല?
അതിനു ഞാനൊന്നും കേട്ടിരുന്നില്ലല്ലോ
പണിക്കാരുടെ ശബ്ദവും ഞാൻ കേട്ടില്ല.
എന്റെ കണ്ണിലും കാതിലും പെടാതെ
അവരെന്നെ പുറംലോകത്തു നിന്ന് കൊട്ടിയടച്ചുകളഞ്ഞു.
(1896)

 

More of Cavafy

Friday, October 30, 2009

റിയുച്ചി തമുര(1923-1998)


നേർത്ത വരമ്പ്‌

നിന്നിൽത്തന്നെ അടങ്ങിയവൾ നീ
നിന്റെ കണ്ണുകളിൽ
(കണ്ണീരു ഞാനതിൽ കണ്ടിട്ടേയില്ലല്ലോ)
കടുപ്പം വച്ചൊരു ശോകം മങ്ങിക്കത്തുന്നു
എനിക്കതിഷ്ടവുമാണ്‌

കാഴ്ച കെട്ട നിന്റെ ഭാവനയിൽ
വേട്ടയ്ക്കുള്ള കാടാണീ ലോകം
നീ മഞ്ഞുകാലത്തെ നായാടിയും
ഒരേയൊരു ഹൃദയത്തെ വീഴ്ത്താൻ
ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണു നീ

വാക്കുകളെ നിനക്കു വിശ്വാസമല്ല
സകലഹൃദയങ്ങളെയും കൊലചെയ്ത നിന്റെ കാൽപ്പാടുകളിൽ
ഭയത്തിനുള്ള ഒരാസക്തി ഞാൻ കാണുന്നു
എനിക്കതു താങ്ങാനാവുന്നില്ല

നീ നടക്കുന്ന നേർത്ത വരമ്പിൽ
മഞ്ഞിൽപ്പോലും ചോരയുടെ മണം പറ്റിപ്പിടിച്ചിരിക്കുന്നു
എത്രയകലെപ്പോയാലും
എനിക്കതറിയാം

നീ കാഞ്ചി വലിക്കുന്നു!
നിന്റെ വാക്കുകൾക്കിടയിൽക്കിടന്ന്
ഞാൻ പിടഞ്ഞു ചാവുന്നു.

 

1999

ഉറുമ്പുകളെക്കുറിച്ചൊരു പ്രഭാഷണം
ഞാനെവിടെയോ കേട്ടിരുന്നു
പരിശ്രമശീലത്തിന്റെ പ്രതീകങ്ങളാണവയത്രെ
തെറ്റാണത്‌
പത്തിലൊന്നേ മുഷിഞ്ഞു പണിയെടുക്കുന്നുള്ളു
മറ്റൊമ്പതു പേർ തെക്കും വടക്കും നോക്കി നടക്കുന്നേയുള്ളു
തിരക്കും നടിച്ച്‌
ചുറുചുറുക്കോടെ
മടിയും പിടിച്ച്‌

എനിക്കും ഒരെറുമ്പായാൽക്കൊള്ളാമെന്നുണ്ട്‌
ഒമ്പതുപേരുടെ കൂട്ടത്തിലാണെന്റെ നോട്ടം
ഇടയ്ക്കൊക്കെ
പ്രത്യയശാസ്ത്രം കൊണ്ടൊരാക്രോശവുമാകാമല്ലോ

അതിലുമാശ്ചര്യം
ഉറുമ്പുകളുടെ ഉറക്കത്തിന്റെ ചിട്ടകളാണ്‌
രണ്ടു മണിക്കൂറേ അവർ ഉണർന്നിരിക്കുന്നുള്ളു
ഇരുപത്തിരണ്ടു മണിക്കൂറും ഉറക്കമാണവർ
1999
ആ പേരിൽ ഒരു കവിതാപുസ്തകമിറക്കാൻ
താൽപര്യമുണ്ടെനിക്ക്‌
അത്രയും കാലം ഞാൻ ജീവിക്കുമെങ്കിൽ
പതിനെട്ടു കൊല്ലം

ഉറുമ്പുകളെപ്പോലെ ഞാനുറങ്ങും
നാവുമടക്കി പണിയെടുക്കുന്നവന്റെ മാനസികവൈകല്യം
നിർണ്ണയിച്ചെഴുതുന്നുണ്ടു ഞാൻ

ഇന്നത്തെ പണി കഴിഞ്ഞു
ഇനി
ഞാനുറങ്ങാൻ പോകുന്നു