Friday, July 3, 2009
ഇക്ക്യു (1394-1481)-സെന്‍ കവിതകള്‍
ചിട്ടകള്‍ തെറ്റിച്ച സെന്‍ഗുരു. ജീവചരിത്രം അടുത്ത പോസ്റ്റില്‍
1
എന്റെയാശ്രമം
മൂന്നുമുറിയുള്ള പുൽക്കുടിൽ-
മ്ലേച്ഛലോകത്തെപ്പേടി-
ച്ചൊളിച്ചിരിക്കുകയാണതിൽ
ഒരു ഭ്രാന്തമേഘം.
രാത്രി കനക്കുമ്പോൾ
ഒറ്റയ്ക്കു ഞാൻ-
നീണ്ടുനീണ്ടുപോകുന്ന
ശരൽക്കാലരാത്രിയിൽ
തിളങ്ങിനിൽക്കുന്നൊ-
രേകാന്തദീപം.
2
ഒരു യതിയുടെ ചെയ്തികളെ ആരളക്കും?
അതാണു സെൻ, ഇതാണു സെൻ എന്നു പക്ഷേ
വായിട്ടലയ്ക്കുന്നു സന്യാസിമാർ.
കള്ളഭിക്ഷുവല്ലിക്കിഴവൻ-
ബുദ്ധന്റെ മുന്നിലെ ധൂപം മണക്കുമ്പോൾ
എനിക്കെന്റെ മൂക്കങ്ങു
ചൊറിഞ്ഞുവരുന്നു.
3
എന്നെപ്പോൽ ക്ഷയിച്ചതാണു
കണ്മുന്നിലെ ലോകം.
ജരപിടിച്ച മണ്ണ്,
കാറ്റുലയ്ക്കുന്ന വിണ്ണ്;
കരിഞ്ഞുവീണ പുൽക്കൊടിയിൽ
വസന്തത്തിൻ കാറ്റോട്ടമില്ല-
ഹേമന്തമേഘങ്ങളെ-
ന്ന്Iറക്കുടിൽ വിഴുങ്ങുന്നു.
4
ഇലകൊഴിഞ്ഞ പടുമരത്തിൽ
വസന്തമായ് വന്നു നീ.
പുതുമുളകൾ,തളിരിലകൾ,
പൂവിൻ നറുമൊട്ടുകൾ.
ഒരുനാളെങ്കിലും നിന്നെ-
യോർക്കാതെ പോയെങ്കിൽ
മോരീ, ഞാൻ വീഴട്ടെ
നരകത്തിന്നെരിതീയിൽ.
5
ഒരു പാടും വയ്ക്കാതെ മാഞ്ഞുപോകുന്ന
എലുമ്പിൻകൂട്ടം-
അതിനെ പട്ടും മാലയുമണിയിക്കുന്ന-
തെന്തിനാണാളുകൾ?
6
മലയുടെ മുകളിലേക്കു
വഴികളേറെ;
മുകളിലെത്തിയാൽപ്പക്ഷേ
എല്ലാരും കാണുന്ന-
തൊരു ചന്ദ്രനെ.
7
യാത്രയ്ക്കൊടുവിൽ
വിശ്രമിക്കാനിടമില്ലെങ്കിൽപ്പിന്നെ
വഴിതെറ്റുമോയെന്നു
ഭയക്കുന്നതെന്തിനു നാം?
8
പൈനിലകൾ വാരിമൂടി
പോന്നവഴി മറയ്ക്കുക-
എവിടെ നിങ്ങളിരിയ്ക്കുമിടമെ-
ന്നറിയാതെ പോകട്ടെ ലോകം.
9
ഒരു സ്വപ്നമീ ലോകമെങ്കിൽ
സ്വപ്നം പോലതു പോയി മറഞ്ഞിടട്ടെ.
അതിൻ പേരിലെന്തിനീ വേവലാതി?
10
ചെറിമരം വെട്ടിപ്പിളർന്നാൽ
പൂക്കളെവിടെ?
വസന്തമെത്തുമ്പോൾപ്പക്ഷേ
പൂക്കളാണെങ്ങും!
11
പൈൻമരങ്ങളിൽ
കാറ്റിന്റെ ചിത്രവേല-
ആരുണ്ടതു കേൾക്കാൻ?
12
അതെയതെ, വസ്തുക്കളുണ്ട്-
വന്മലയ്ക്കടിയിൽ നിന്നു കൂക്കുമ്പോൾ
അതിന്റെ മാറ്റൊലി പോലെ.
13
രണ്ടല്ല, ഒന്നല്ല-
ചിത്രത്തിൽ വരയാത്ത
തെന്നലു കൊണ്ടെനിക്കു
കുളിരുകോരുന്നു!
14
പ്രകൃതിയൊരു കൊലയാളി-
അതിനെ ഞാൻ പാടിപ്പുകഴ്ത്തുകില്ല .
വീർപ്പടക്കിക്കേട്ടുനിൽക്കുന്നു ഞാൻ-
പുൽക്കൊടികൾക്കടിയിൽ
മരിച്ചവർ പാടുന്നു.
15
നാൽപ്പത്തേഴെനിക്കായപ്പോൾ
സകലരും വന്നെന്നെക്കണ്ടു;
അതിനാൽ ഞാനിവിടം വി-
ട്ടന്നേ പോയി.
16
എനിക്കൊരു ചങ്ങാതിയുണ്ട്,
സന്യാസിയുമാണയാൾ.
പ്രിയതരം,വിചിത്രമൊരു
ശീലവുമുണ്ടയാൾക്ക്-
പാദരക്ഷകൾ തുന്നുമയാൾ,
വഴിവക്കിൽ കളയുമയാൾ.
17
മരങ്ങൾക്കും കല്ലുകൾക്കും മുന്നിൽ
ഞാനാരുമായിരുന്നില്ല;
മരിച്ചുപോയാൽപ്പിന്നെ
ഒരിടത്തും ഞാൻ
ഒന്നുമാവില്ല.
18
ഒരുനാൾ മരിച്ചെന്റെ
കുരുവിക്കുഞ്ഞ്-
അതിനെ ഞാനടക്കിയെൻ
മകളെപ്പോലെ.
19
നിങ്ങൾ കൊളുത്തിയ തീയിൽ
പുര വെന്തുതീരുമ്പോൾ
അതിൽ ദഹിക്കുന്നു നിങ്ങളും.
20
യോനി
ആദിയിലെ വായ-
എന്നാൽ വാക്കുകളില്ലാത്തത്.
അതിനു വരമ്പിടുന്നു
പ്രതാപത്തോടൊരു രോമക്കാട്.
ജ്ഞാനികൾ ജീവികൾ പലർ
അതിൽപ്പോയിത്തുലഞ്ഞിരിക്കുന്നു.
പതിനായിരം ലോകത്തേക്കുള്ള
ബുദ്ധന്മാർ പിറവിയെടുത്തതും
അവിടെത്തന്നെ.
21
ലിംഗം
എട്ടിഞ്ചു ബലത്തിൽ
ഇതാണെൻ പ്രിയവസ്തു.
രാത്രിയിലൊറ്റയ്ക്ക്
ഞാനതിനെപ്പുണരുന്നു.
ഒരുവളും തൊട്ടിട്ടി-
ല്ലതിനെ യുഗങ്ങളായ്.
എന്റെ കോണകത്തിനുള്ളിലുണ്ട്
ഒരു മുഴുവൻപ്രപഞ്ചം!
22
നല്ലതെന്നാൽ
കെട്ടതിനെ വെറുക്കലാണെന്നു
കരുതുന്നു നിങ്ങൾ-
വെറുക്കുന്ന മനസ്സു തന്നെ
കെട്ടതാണെ-
ന്നറിയണം നിങ്ങൾ.
23
ബുദ്ധനെ നേരാംവണ്ണ-
മറിഞ്ഞുകഴിഞ്ഞാൽ
താനൊട്ടും മാറീട്ടില്ലെ-
ന്നറിയും നിങ്ങൾ.
24
കുറേനാളായിട്ടെനിക്കില്ല
മോക്ഷത്തിൻ ചിന്തകൾ.
അതുകൊണ്ടെന്താ,
രാവിലെയെഴുന്നേൽക്കാ-
നെന്തു സുഖം!
25
മരിക്കുക-പിന്നെ ജീവിക്കുക
അതീ ലോകത്തുതന്നെ രാവും പകലും.
ഒരിക്കലതു ചെയ്താലോ
ലോകം നിങ്ങൾക്കുള്ളംകൈയിൽ.
26
എങ്ങും തിരഞ്ഞിട്ടൊടുവിൽ
ഒരുനാളും പ്രായമേശാത്തൊരാളെ
കണ്ടെടുക്കുന്നു നിങ്ങൾ-
"അഹം"-എന്തൊരത്ഭുതം!
27
ഈ ദേഹമിവന്റെ ദേഹമെന്ന്
ഇവനു വിചാരമില്ലതിനാൽ
നാടാവട്ടെ,നഗരമാവട്ടെ
ഒരേയിടത്താണിവന്റെ വാസം.
28
ഒരുന്മാദിയെപ്പോലെ പാപം ചെയ്യുക-
ഇനിയൊന്നും ചെയ്യാനില്ലെന്നു വരുംവരെ,
ഇനിയൊന്നിനുമിടമില്ലെന്നു വരുംവരെ.
29
ധനം,ഭോഗം,വിജയം,ആത്മപ്രശംസ-
മലർന്നുകിടന്ന്
വിരലീമ്പുന്നു ഞാൻ.
30
ആ കല്ലുബുദ്ധന്
അത്രയും പക്ഷിക്കാഷ്ടം കിട്ടണം-
നെടുംതണ്ടിനറ്റത്ത്
പൂവുലയുന്നപോലെ
ഞാനെന്റെ
എലുമ്പൻകൈ വീശുന്നു.
31
എന്നെക്കാണണോ?
വരൂ, വേശ്യാലയങ്ങളിൽ
കള്ളുകടയിൽ
മീഞ്ചന്തയിൽ!
32
വാളുകൾ വളരുന്ന,
കത്തിമരങ്ങൾ തിങ്ങിയ
കുന്നു പോലാണു ജീവിതം-
എന്തോ നിങ്ങളെ
കുത്തിക്കീറുന്നു
രാവും പകലും.
33
എങ്ങും പോകാനല്ലെങ്കിൽ
ഏതു വഴിയും നേരായ വഴി.
34
മേഘങ്ങളില്ലാത്ത മാനത്ത്
തിളങ്ങിനിൽക്കുന്നു
പൂർണ്ണചന്ദ്രൻ.
ലോകത്തിന്നിരുട്ടിൽ നാം
തപ്പിത്തടയുകയാണെന്നാൽ.
35
മനുഷ്യർക്കില്ല ശത്രുക്കൾ-
തുടക്കമാണങ്ങനെ.
ശരിതെറ്റുകളിഴക്Iറി
അവരെ നിങ്ങൾ സൃഷ്ടിക്കും.
36
ഉയരത്തിലെ മേഘങ്ങളെ നോക്കൂ,
ഒരു വാക്കും പൊന്തിച്ചിട്ടല്ല
അവയവിടെയെത്തി.
37
ആരും പറഞ്ഞിട്ടല്ല
പൂക്കൾ വന്നത്;
വസന്തത്തിനൊപ്പം
അവരും പോകും-
ആരും പറയാതെതന്നെ.
38
അതിനെക്കുറിച്ചെത്ര വാക്കുകൾ-
വേണ്ടതൊരു ഭാഷ-
മൗനം.
39
കൊണ്ടുനടന്ന വേദങ്ങളൊക്കെ
ചുട്ടെരിച്ചു ഞാൻ-
കവിതകളാളുന്നെൻ
നെഞ്ചിലെന്നാൽ.
40
നിങ്ങൾ ശ്വസിക്കുന്നുണ്ട്,
കൈകാലുകൾക്കനക്കമുണ്ട്-
അതിനാൽ
തുറസ്സിൽക്കിടക്കുന്ന ശവമല്ല
നിങ്ങളെന്നും പറയാം.
41
ഞാൻ പാർക്കുമിടത്തിനു
തൂണുകളില്ല,
കൂരയുമില്ല.
അതിനാൽ
മഴയതിനെ നനയ്ക്കില്ല
കാറ്റതിനെ വീഴ്ത്തില്ല.
42
ഒരു സൂചിമുനയിൽ
പെരുവിരലൂന്നിനിൽക്കൂ
വെയിലിൽത്തിളങ്ങുന്ന
മണൽത്തരി പോലെ.
43
ഭിക്ഷുക്കൾ നിത്യവും
ധർമ്മത്തെ വ്യാഖ്യാനിക്കുന്നു,
ദുരൂഹസൂത്രങ്ങൾ
നിർത്താതെ ചൊല്ലുന്നു-
അവരറിയേണ്ടതൊന്നുണ്ട്:
കാറ്റും മഴയും
മഞ്ഞും നിലാവുമയക്കുന്ന
പ്രേമലേഖനങ്ങൾ വായിക്കാൻ.
44
സ്വന്തം ജീവൻ പണയം വച്ചും
സ്വർണ്ണം വാരിക്കൂട്ടും നിങ്ങൾ-
അതു വെറും കട്ടയെന്ന്
മരണം കൊണ്ടറിയും നിങ്ങൾ.
45
ഒഴുക്കിൽപ്പെട്ടൊരീലോകം
അയഥാർത്ഥമെന്നിരിക്കെ
ഉള്ളിലൊന്നും വയ്ക്കേണ്ടാ,
പോയിപ്പാടൂ ചങ്ങാതീ!
46
നിങ്ങൾ തെറ്റു ചെയ്യുമ്പോൾ
ചെയ്യുന്ന ബുദ്ധി നിങ്ങളുടേത്-
അതിനാൽ
പുറത്തില്ലൊരു നരകം.
47
നരകത്തെ വെറുത്തും
സ്വർഗ്ഗത്തിനു ദാഹിച്ചും
സുഖിക്കേണ്ട ലോകത്ത്
നീറുന്നു നിങ്ങൾ.
*.
Subscribe to:
Post Comments (Atom)
1 comment:
美しい美しい
beautiful beautiful
Post a Comment