Wednesday, July 8, 2009

ഇന്നത്തെ ഈസോപ്പ്‌

i092_th

34. നായയും നിഴൽനായയും

കശാപ്പുകടയിൽ നിന്നു കട്ടെടുത്ത എല്ലിൻകഷണവുമായി വീട്ടിലേക്കോടിയ നായ പാലം കടക്കുമ്പോൾ വെള്ളത്തിൽ തന്റെ നിഴൽ കണ്ടു. മറ്റൊരു നായ എല്ലും കടിച്ചുപിടിച്ചു നിൽക്കുകയാണെന്നു ധരിച്ചുപോയ നമ്മുടെ നായക്ക്‌ ആ എല്ലു കൂടി കൈയിലാക്കാൻ മോഹമായി. നിഴലിനെ നോക്കി കുരച്ച നായക്കു കഷ്ടം, വായിലുള്ളതും പോയി, വെള്ളത്തിൽക്കണ്ടതും പോയി.

നിഴലിനു പിന്നാലെ പായുന്നവൻ നിഴലിനു പിന്നിലുള്ളതിനെ മറക്കുന്നു.
image12

35. ആമയും കഴുകനും

ആമയ്ക്ക്‌ തന്റെ ഹീനജന്മം ആകെ മടുത്തു; എത്ര കാലമാണ്‌ ഒരൊച്ചിനെപ്പോലെ നിലത്തിങ്ങനെ ഇഴഞ്ഞുനടക്കുക? തോന്നുമ്പോലെ ആകാശത്തു പാറിനടക്കുന്ന പറവകളോട്‌ അവന്‌ അസൂയ തോന്നിപ്പോയി. ആകാശത്തൊന്നുയർന്നുകിട്ടിയാൽമതി, തനിക്കും അവരെപ്പോലെ പറക്കാൻ പറ്റുമെന്നായിരുന്നു അവന്റെ വിചാരം. അങ്ങനെയൊരു ദിവസം അവൻ കഴുകനെ അടുത്തു വിളിച്ചുപറഞ്ഞു, സമുദ്രത്തിനടിയിലെ നിധി മുഴുവൻ തരാം, തന്നെയൊന്ന്‌ പറക്കാൻ പഠിപ്പിക്കാൻ. അവന്റെ ആഗ്രഹം യുക്തിക്കു നിരക്കാത്തതും നടപ്പാകാത്തതുമാണെന്നു പറഞ്ഞ്‌ കഴുകൻ അവനെ നിരുത്സാഹപ്പെടുത്താൻ നോക്കി; ആമയുണ്ടോ വിടുന്നു? അവന്റെ വാശിയും കരച്ചിലും കൊണ്ടു സഹികെട്ട കഴുകൻ ഒടുവിൽ വഴങ്ങി. കഴുകൻ ആമയെ എടുത്ത്‌ ആകാശത്തേക്കുയർന്നിട്ട്‌ അവനെ താഴേക്കിട്ടു; പിടിവിടുമ്പോൾ 'കാലുകൾ വിടർത്തിക്കോ!' എന്ന്‌ കഴുകൻ ആമയോടു പറഞ്ഞു. പക്ഷേ തിരിച്ചെന്തെങ്കിലും പറയാൻ പറ്റുന്നതിനു മുമ്പ്‌ ആമ താഴെ ഒരു പാറയിൽ വന്നിടിച്ചു കഷണങ്ങളായി.

ഇന്ന വഴിയിലൂടെയേ പോകൂ എന്നു വാശി പിടിച്ചാൽ ആ വഴി നാശത്തിലായിരിക്കും എത്തുക.

36. കഴുതയും പച്ചത്തുള്ളനും

പച്ചത്തുള്ളന്മാരുടെ സംഗീതം കഴുതയെ ആകെ വശീകരിച്ചുകളഞ്ഞു. അവരെപ്പോലെ ഒരു പാട്ടുകാരനാകണമെന്നായി അയാളുടെ പിന്നത്തെ ആഗ്രഹം. ഇത്ര മധുരമായി പാടുന്നതിന്‌ എന്താണവർ കഴിക്കുന്നതെന്ന്‌ അയാൾ പോയി അന്വേഷിച്ചു; തങ്ങൾ മഞ്ഞുതുള്ളിയേ കഴിക്കാറുള്ളുവെന്ന്‌ അവർ പറഞ്ഞു. ആ ഭക്ഷണക്രമം തന്റെ ജീവിതത്തിലും നടപ്പാക്കിയ കഴുത പക്ഷേ, വിശന്നുചാവുകയാണുണ്ടായത്‌.

ഒരാളുടെ പഥ്യാഹാരം മറ്റൊരാൾക്കു വിഷഹേതു.
image102

37. ആട്ടിൻകുട്ടിയും ചെന്നായയും

ചെന്നായ ഓടിച്ച ആട്ടിൻകുട്ടി അമ്പലത്തിനുള്ളിൽ അഭയം തേടി. പൂജാരി കണ്ടാൽ പിടിച്ചു ബലി കൊടുക്കുമെന്ന്‌ ചെന്നായ ഭീഷണിപ്പെടുത്തിയപ്പോൾ ആട്ടിൻകുട്ടി പറഞ്ഞതിതാണ്‌: 'അങ്ങനെയായിക്കോട്ടെ. നീ പിടിച്ചു വിഴുങ്ങുന്നതിലും ഭേദമാണ്‌ അമ്പലത്തിൽ ബലിയാടാവുന്നത്‌!'

image53

38. മഴുവും മരങ്ങളും

ഒരു മരംവെട്ടി കാട്ടിൽച്ചെന്ന്‌ തനിക്കൊരു മഴുത്തായ തന്നു സഹായിക്കണമെന്ന്‌ മരങ്ങളോടഭ്യർത്ഥിച്ചു. വന്മരങ്ങൾ തങ്ങളിൽ കൂടിയാലോചിച്ചിട്ട്‌ മരംവെട്ടിയുടെ ആ മിതമായ ആവശ്യം നിവർത്തിച്ചുകൊടുക്കാൻ പാവം പൂവരശ്ശിനോടാജ്ഞാപിച്ചു. തന്റെ കാര്യം നടന്നുകിട്ടിയ മരംവെട്ടി എന്തു ചെയ്തു, കാട്ടിലെ വന്മരങ്ങൾ ഒന്നൊന്നായി വെട്ടിവീഴ്ത്താൻ തുടങ്ങി. വൈകിവന്ന പശ്ചാത്താപത്തോടെ തേക്കുമരം അടുത്തുനിന്ന വീട്ടിയോടു പറഞ്ഞു, 'ഒരിളവു ചെയ്തു കൊടുത്തതോടെ എലാലം നമുക്കു നഷ്ടപ്പെട്ടു. നമ്മളാ പാവം പൂവരശ്ശിനെ ബലി കൊടുക്കാതിരുന്നെങ്കിൽ നാമിനി എത്ര കാലം ജീവിച്ചിരുന്നേനെ.'

പണക്കാർ പാവങ്ങളുടെ അവകാശങ്ങൾ കവരുമ്പോൾ അവർ തങ്ങളുടെ നാശത്തിനും വഴിയൊരുക്കുകയാണ്‌.

No comments: