Sunday, July 19, 2009

ഇന്നത്തെ ഈസോപ്പ്

image79a

106. കടൽക്കരയിലെ യാത്രക്കാർ

കടലോരത്തു കൂടി യാത്ര ചെയ്തിരുന്ന ചിലർ ഒരു പാറക്കെട്ടിനു മുകളിലെത്തിയപ്പോൾ കടലിൽ ദൂരെയായി ഒരു മരമുട്ടി ഒഴുകിനടക്കുന്നതു കണ്ടു. അവർ ആദ്യം കരുതിയത്‌ അതു വലിയൊരു കപ്പലാണെന്നാണ്‌. അങ്ങനെ കപ്പൽ തുറമുഖത്തേക്കടുക്കുന്നതു കാണാമെന്ന പ്രതീക്ഷയോടെ അവർ കാത്തുനിന്നു. പക്ഷേ മരമുട്ടിയൊഴുകി തീരത്തോടു കുറേയടുത്തപ്പോൾ അതു കപ്പലല്ല, തോണിയാണെന്നായി അവരുടെ തോന്നൽ. ഒടുവിൽ അതു തീരത്തടിഞ്ഞപ്പോഴാണ്‌ വെറുമൊരു മരക്കഷണമാണതെന്നും തങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നത്‌ വൃഥാവിലായെന്നും അവർക്കു ബോധ്യമാകുന്നത്‌.

ജീവിതയാഥാർഥ്യങ്ങളെ കവച്ചുവയ്ക്കുന്നവയാവാറുണ്ട്‌ നമ്മുടെ പ്രതീക്ഷകൾ പലപ്പോഴും.

i067_th

107. വാനനിരീക്ഷകൻ

ഒരു വാനനിരീക്ഷകൻ എന്നും രാത്രിയിൽ ആകാശം നോക്കിനടക്കുക പതിവായിരുന്നു. ഒരു ദിവസം അയാൾ ഗ്രാമത്തിനു പുറത്തൊരിടത്ത്‌ ഇങ്ങനെ നക്ഷത്രങ്ങളെ നോക്കിനടക്കുമ്പോൾ കാലുതെറ്റി ഒരു കിണറ്റിൽ വീണു. അയാൾ കിണറ്റിൽക്കിടന്ന്‌ ഒച്ചയും ബഹളവും ഉണ്ടാക്കിയപ്പോൾ ആളുകൾ ഓടിക്കൂടി അയളെ പിടിച്ചുകയറ്റി. അയാളുടെ കഥ കേട്ടിട്ട്‌ രക്ഷിക്കാനെത്തിയവർ ഇങ്ങനെ പറഞ്ഞു, 'ആകാശത്തിലെ രഹസ്യങ്ങൾ ചുഴിഞ്ഞുനോക്കുന്ന മനുഷ്യാ, സ്വന്തം കാൽച്ചുവട്ടിലെ സധാരണവസ്തുക്കൾ നിങ്ങൾ കാണാതെ പോകുന്നല്ലോ.'
245

108. വേട്ടക്കാരനും മരംവെട്ടിയും

സിംഹത്തെ വേട്ടയാടാൻ പുറപ്പെട്ട ഒരാൾ കാട്ടിൽ വച്ച്‌ ഒരു മരംവെട്ടിയെ കണ്ടു; സിംഹത്തിന്റെ കാൽപ്പാടുകൾ അവിടെങ്ങാനും കണ്ടോയെന്നും സിംഹത്തിന്റെ മട എവിടെയാണെന്നും അയാൾ അന്വേഷിച്ചു. തന്റെ കൂടെ വന്നാൽ സിംഹത്തെത്തന്നെ കാണിച്ചുതരാമെന്നായി മരംവെട്ടി. അതു കേട്ടയുടനെ വേട്ടക്കാരന്റെ മുഖം വിളറിവെളുത്തു; അയാളുടെ പല്ലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. 'ഏയ്‌, അതൊന്നും വേണ്ട,' അയാൾ പറഞ്ഞു. 'ഞാൻ സിംഹത്തിന്റെ കാൽപ്പാടുകളെയാണ്‌ വേട്ടയാടുന്നത്‌, സിംഹത്തെയല്ല.'

ദൂരെനിന്നാളാകാനേ ഭീരുവിന്നറിയൂ.
i097_th

109. കാക്കയും കുറുക്കനും

ജനാലപ്പടിയിൽ നിന്നു വലിയൊരു വെണ്ണക്കട്ടി തട്ടിയെടുത്ത കാക്ക അതും കൊത്തിയെടുത്ത്‌ ഒരു മരത്തിനു മുകളിൽ ചെന്നിരുന്നു. ആ വഴി വന്ന ഒരു കുറുക്കന്റെ കണ്ണിൽ അതു പെട്ടു; വെണ്ണക്കട്ടി കൈക്കലാക്കാൻ എന്താ വഴിയെന്നാലോചിച്ച്‌ അവൻ ഒരു സൂത്രം കണ്ടു. 'അല്ല കാക്കേ,' അവൻ പറഞ്ഞു, 'നിന്റെ ചിറകിന്‌ എന്തു ഭംഗിയാണ്‌! നിന്റെ കണ്ണിന്റെ തിളക്കമോ! കഴുത്തിന്റെ വളവ്‌ അതിനെക്കാൾ മനോഹരം! നിന്റെ നെഞ്ചിന്റെ കാര്യം പറയുകയും വേണ്ട-ഒരു കഴുകന്റെ നെഞ്ചു തന്നെ! നിന്റെ നഖങ്ങൾ, ക്ഷമിക്കണേ, നിന്റെ നഖങ്ങൾ ഏതു ജന്തുവിനും എതിരു നിൽക്കും. ഹൊ, നിന്റെ ഈ സൗന്ദര്യം പോലെ ശബ്ദവും നന്നായിരുന്നെങ്കിൽ പിന്നെ നിന്നെ പക്ഷികളുടെ റാണിയെന്നു വിളിക്കേണ്ട കാര്യമേയുള്ളു!' അവന്റെ മുഖസ്തുതിയിൽ വീണുപോയ കാക്ക തന്റെ കാവിളി കൊണ്ട്‌ കുറുക്കനെ ആശ്ചര്യപ്പെടുത്തുന്നതോർത്ത്‌ ഉള്ളിൽ ചിരിച്ചുകൊണ്ട്‌ വായ തുറന്നു-അതാ പോയി വെണ്ണക്കട്ടി! കുറുക്കൻ ഒറ്റച്ചാട്ടത്തിന്‌ അതു കൈക്കലാക്കുകയും ചെയ്തു. സ്ഥലം വിടുന്നതിനു മുമ്പ്‌ അവനു കാക്കയോട്‌ ഇതുകൂടി പറയാനുണ്ടായിരുന്നു, 'നിനക്ക്‌ ശബ്ദമുണ്ടെന്നു മനസ്സിലായി, പക്ഷേ ബുദ്ധിയുണ്ടോയെന്നാണ്‌ എന്റെ സംശയം.'

മുഖസ്തുതിക്കാരനു കാതു കൊടുക്കുന്നവർ അവന്റെ കൂലിയും കൊടുക്കേണ്ടിവരും.
108

110. കരടിയും കുറുക്കനും

തനിക്കു മനുഷ്യരെ എന്തു സ്നേഹമാണെന്നും താൻ ഇന്നേവരെ ഒരു മനുഷ്യന്റെ ശവത്തെ തൊടുകയോ കടിച്ചുകീറുകയോ ചെയ്തിട്ടില്ലെന്നും വീമ്പടിക്കുകയായിരുന്നു കരടി. അതു കേട്ട കുറുക്കൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു, 'ജീവനുള്ള മനുഷ്യരെ തിന്നാതെയാണ്‌ നീയിതു പറയുന്നതെങ്കിൽ എനിക്കു നിന്റെ മനുഷ്യസ്നേഹത്തിൽ മതിപ്പു തോന്നിയേനെ.'

മനുഷ്യൻ മരിച്ചിട്ടേ അവനോട്‌ ആദരവു കാണിക്കാവൂ എന്നില്ല.

i075_th

111. കഴുതയും നായയും

ഒരു കൃഷിക്കാരന്‌ ഒരു കഴുതയും അയാൾ അരുമയായി വളർത്തിയിരുന്ന ഒരു നായക്കുട്ടിയുമുണ്ടായിരുന്നു. കഴുതയ്ക്ക്‌ അയാൾ സ്വന്തമായിട്ടൊരു തൊഴുത്തു കെട്ടിക്കൊടുത്തിരുന്നു; ആവശ്യത്തിനു വൈക്കോലും കാടിയും കൊടുക്കുകയും ചെയ്തു. എന്നു പറഞ്ഞാൽ കഴുതയെന്ന നിലയിൽ അവനു യാതൊന്നിന്റെയും കുറവുണ്ടായിരുന്നില്ല എന്നർഥം. നായക്കുട്ടിയാവട്ടെ, ഊണും ഉറക്കവുമൊക്കെ കൃഷിക്കാരന്റെ വീട്ടിലായിരുന്നു. എപ്പോഴും ഓടിക്കളിച്ചുനടക്കുന്ന അവന്‌ കൃഷിക്കാരന്റെ മടിയിൽ കയറിയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്‌. കഴുതയ്ക്കു പക്ഷേ പിടിപ്പതു പണിയുണ്ടായിരുന്നു; പകലു മൊത്തം വണ്ടി വലിക്കുക, എന്നിട്ടു രാത്രിയിൽ ചക്രം തിരിക്കുകയും വേണം. താനിങ്ങനെ കഷ്ടപ്പെടുമ്പോൾ ആ നായ എന്തുമാത്രം സുഖിക്കുന്നുവെന്നോർത്ത്‌ കഴുതയ്ക്കു ക്രമേണ പക വളർന്നു. നായ കാണിക്കുമ്പോലെയൊക്കെ കാണിച്ചാൽ തനിക്കും യജമാനന്റെ സ്നേഹവും ലാളനയും കിട്ടും എന്നും അവൻ വിശ്വസിച്ചുപോയി. അങ്ങനെയൊരു ദിവസം അവൻ കെട്ടും പൊട്ടിച്ച്‌ തൊഴുത്തിൽ നിന്നോടി വീട്ടിനുള്ളിൽ ചെന്നുകയറി; എന്നിട്ട്‌ കൃഷിക്കാരന്റെ മുന്നിൽ ചെന്നുനിന്ന്‌ കാലുയർത്തി തുള്ളാനും കളിക്കാനും തുടങ്ങി. പോരാഞ്ഞിട്ട്‌ അയാൾ ആഹാരം കഴിച്ചുകൊണ്ടിരുന്ന മേശപ്പുറത്തു ചാടിക്കയറി പാത്രങ്ങളൊക്കെ ഇട്ടുടയ്ക്കുകയും ചെയ്തു. ഇതിനൊക്കെപ്പുറമേ അയാളുടെ മടിയിൽ കയറി അയാളുടെ മുഖത്തു നക്കാൻ കൂടി അവൻ പരിശ്രമിച്ചു. ഇത്രയുമായപ്പോൾ വേലക്കാർ ഓടിവന്ന്‌ ആ കഴുതയെ തല്ലിപ്പുറത്താക്കി. തല്ലു കൊണ്ടു വീർത്ത ദേഹം നക്കിത്തുടയ്ക്കുമ്പോൾ അവൻ പഠിച്ച പാഠം ഇതാണ്‌:

കോപ്പിരാട്ടി കാണിച്ചാൽ തമാശയാവില്ല.

112. മീവൽപ്പക്ഷിയും മറ്റു പക്ഷികളും

മീവൽപ്പക്ഷി മറ്റു പക്ഷികളോടൊപ്പം പാടത്തു കൊത്തിപ്പെറുക്കുമ്പോൾ കൃഷിക്കാരൻ അവിടെ ചണവിത്തു വിതക്കുന്നത്‌ അതിന്റെ ശ്രദ്ധയിൽപ്പെട്ടു. 'അയാളെ സൂക്ഷിക്കണേ!' മീവൽ മറ്റു പക്ഷികളോടു പറഞ്ഞു. 'എന്താ കാര്യം?' അവർ തിരക്കി. 'അയാൾ ചണവിത്താണു വിതയ്ക്കുന്നത്‌; ഒന്നില്ലാതെ കൊത്തിയെടുക്കണം. അല്ലെങ്കിൽ ഒടുവിൽ ഖേദിക്കേണ്ടിവരും.' മറ്റു പക്ഷികൾ പക്ഷേ മീവലിന്റെ വാക്കുകൾ ഗൗരവത്തിലെടുക്കാൻ പോയില്ല. അങ്ങനെ ചണവിത്തുകൾ കിളിർത്ത്‌ വളർന്നുവലുതായി. കൃഷിക്കാരൻ ആ ചണം പിരിച്ച്‌ ചരടാക്കി ഒരു വലയുണ്ടാക്കൂകയും ചെയ്തു. എന്നിട്ടയാൾ ആ വല വിരിച്ച്‌ കിളികളെ കുടുക്കാൻ തുടങ്ങി. 'ഞാൻ അപ്പോഴേ പറഞ്ഞില്ലേ?' മീവൽ ചോദിച്ചു.

തിന്മയുടെ വിത്തുകൾ ബാക്കിവയ്ക്കരുത്‌; ഇല്ലെങ്കിൽ അവ വളർന്ന്‌ നിങ്ങളെ നശിപ്പിക്കും.
091

113. തവളകൾക്ക്‌ രാജാവിനെ വേണം

തവളകൾ ആരെയും കൂട്ടാക്കാതെ തോന്നുംപടി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ കുത്തഴിഞ്ഞ ആ ജീവിതം അവർക്കുതന്നെ മടുത്തു. അവർ കൂടിയാലോചിട്ട്‌ തങ്ങൾക്കൊരു രാജാവിനെ അയച്ചുതരാൻ ദൈവത്തോടപേക്ഷിച്ചു. തലക്കുമേൽ ഒരാളുണ്ടായാൽ തങ്ങളുടെ ജീവിതത്തിന്‌ ഒരടുക്കും ചിട്ടയുമൊക്കെയുണ്ടാവുമെന്നും തങ്ങൾ ഉത്തരവാദിത്തബോധമുള്ളവരായി മാറുമെന്നും അവർ വാദിച്ചു. ഇവർ എന്തു വിഡ്ഢികളാണ്‌ എന്നോർത്ത്‌ ചിരിച്ചുപോയ ദൈവം ഒരു മരമുട്ടിയെടുത്ത്‌ കുളത്തിലേക്കിട്ടുകൊടുത്തു. 'ഇതാ, നിങ്ങളുടെ രാജാവ്‌!' മരമുട്ടി വെള്ളത്തിൽ വീണ ഒച്ച കേട്ടു പേടിച്ചുപോയ തവളകൾ നേരേ ഊളിയിട്ട്‌ ചെളിയിൽപ്പോയി പുതഞ്ഞുകിടന്നു. മരമുട്ടി അനക്കമറ്റു കിടക്കുകയായിരുന്നെങ്കിലും അതിനോടടുക്കാൻ ആർക്കും ധൈര്യം വന്നില്ല. അൽപം കഴിഞ്ഞപ്പോൾ ഒരു ധൈര്യശാലി തല പൊന്തിച്ച്‌ ദൂരെ മാറിനിന്ന്‌ തങ്ങളുടെ രാജാവിനെ വീക്ഷിച്ചു. മരമുട്ടി ഇളക്കമൊന്നുമില്ലാതെ കിടക്കുന്നതു കണ്ടപ്പോൾ മറ്റു ചിലരും പൊങ്ങിവന്ന്‌ അതിനു ചുറ്റും കൂട്ടം കൂടാൻ തുടങ്ങി. എന്തിനു പറയുന്നു, ഈ രാജാവിനെ പേടിക്കാനൊന്നുമില്ലെന്നു മനസ്സിലായ തവളകൾ ഒടുവിൽ അതിനു മുകളിൽ കയറി തുള്ളിച്ചാടാനും പരമമായ പുച്ഛത്തോടെ അതിനെ തട്ടിക്കളിക്കാനും തുടങ്ങി. ഇത്ര മെരുങ്ങിയ ഒരു രാജാവിനെ തങ്ങൾക്കു വേണ്ടെന്നു പറഞ്ഞ്‌ വീണ്ടും ദൈവത്തിനു നിവേദനം പോയി. ഉശിരുള്ള ഒരു രാജാവിനെയാണ്‌ തങ്ങൾക്കു വേണ്ടത്‌. എങ്കിൽ അങ്ങനെയായിക്കോട്ടെ. ഇത്തവണ ദൈവം ഒരു കൊക്കിനെയാണയച്ചത്‌. വന്നപാടെ അവൻ തവളകളെ ഒന്നൊന്നായി കൊത്തിവിഴുങ്ങാനും തുടങ്ങി.

മാറ്റത്തിനാഗ്രഹിക്കുമ്പോൾ അതു നല്ലതിനാണെന്നുകൂടി ഉറപ്പാക്കുക.

No comments: