86. പൊന്മുട്ടയിടുന്ന താറാവ്
ഒരു ഭാഗ്യവാന് എന്നും പൊന്മുട്ടയിടുന്ന ഒരു താറാവുണ്ടായിരുന്നു. ദുരാഗ്രഹിയായ അയാ ൾക്കു പക്ഷേ, ഒരു പൊന്മുട്ട കിട്ടാൻ ഒരു ദിവസം കാത്തിരിക്കുക വയ്യെന്നായി; നിധി മുഴു വൻ ഒറ്റയടിക്കു കിട്ടിയാൽ പിന്നെ താറാവിന്റെ പിന്നാലെ നടക്കേണ്ടല്ലോ എന്ന വിചാരത്തോടെ അയാൾ അതിന്റെ കഥ കഴിച്ചു. ഒടുവിൽ വയറു കീറിനോക്കുമ്പോൾ മറ്റേതൊരു താറാവിന്റെ വയറ്റിലുള്ളതേ അതിലും കണ്ടുള്ളു.
87. ഉപ്പു ചുമന്ന കഴുത
ഒരു വ്യാപാരി ചുമടെടുക്കാനായി ഒരു കഴുതയെ വളർത്തിയിരുന്നു. കടലോരത്ത് കുറഞ്ഞ വിലയ്ക്ക് ഉപ്പു കിട്ടുമെന്നു കേട്ട് അയാൾ ഒരു ദിവസം കഴുതയേയും കൊണ്ട് അങ്ങോട്ടു പുറപ്പെട്ടു. കഴുതയുടെ മേൽ അതിനെടുക്കാവുന്നത്ര ഉപ്പു വച്ചുകെട്ടി അയാൾ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പോരുംവഴി ഒരു പുഴ കടക്കുമ്പോൾ കഴുത കാലിടറി വെള്ളത്തിൽ വീണു; ഉപ്പു മുഴുവൻ അലിഞ്ഞുപോയി ഭാരത്തിൽ നിന്നു മുക്തനായ കഴുതയാവട്ടെ, നീന്തി കരപറ്റി സുഖമായി യാത്ര തുടരുകയും ചെയ്തു. കുറെനാൾ കഴിഞ്ഞ് വ്യാപാരി വീണ്ടും കഴുതയുമായി കടലോരത്തു പോയി; പഴയതിന്റെ ഇരട്ടി ഭാരം ഉപ്പു വാങ്ങി കഴുതയുടെ മേൽ വച്ചുകെട്ടി അയാൾ മടങ്ങി. ഇത്തവണയും അതേ പുഴ കടക്കുമ്പോൾ കഴുത വേണമെന്നുവച്ചുതന്നെ വെള്ളത്തിലേക്കു വീണു. ഉപ്പു മുഴുവൻ പോയി, കഴുതയ്ക്കു സുഖമാവുകയും ചെയ്തു. കഴുതയുടെ തന്ത്രം മനസ്സിലാക്കിയ വ്യാപാരി അവനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. അടുത്ത തവണ അയാൾ വാങ്ങിയത് പഞ്ഞിക്കെട്ടുകളാണ്. പതിവു പോലെ പുഴയിലെത്തിയപ്പോൾ കഴുത തന്റെ അടവെടുത്തു; അവൻ ഉരുണ്ടുപിരണ്ട് വെള്ളത്തിലേക്കു വീണു. പക്ഷേ വെള്ളംകുടിച്ചുവീർത്തപ്പോൾ പഞ്ഞിക്കെട്ടിന്റെ ഭാരം കൂടുകയാണു ചെയ്തത്. അങ്ങനെ അന്നവന് ഇരട്ടി ഭാരവും ചുമന്നു നടക്കേണ്ടിവന്നു.
ഒരേ വിദ്യ എന്നും ഫലിക്കില്ല.
88. പൂച്ചയ്ക്കാരു മണി കെട്ടും
പൂച്ചയുടെ ശല്യം സഹിക്കവയ്യാതായ എലികൾ യോഗം കൂടി ഈ നിത്യദുരിതത്തിൽ നിന്നു മോചനം കിട്ടാൻ എന്താണൊരു വഴിയെന്നാലോചിച്ചു. പലരും പല നിർദേശങ്ങളും മുന്നോട്ടു വച്ചെങ്കിലും ഒന്നും അംഗീകരിക്കപ്പെട്ടില്ല. ഒടുവിൽ ഒരു ചെറുപ്പക്കാരനെലി എഴുന്നേറ്റുനിന്ന് ഇങ്ങനെയൊരു നിർദ്ദേശം വച്ചു: പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടുക; അങ്ങനെയെങ്കിൽ പൂച്ച വരുന്നത് കാലേ കൂട്ടിയറിഞ്ഞ് എല്ലാവർക്കും രക്ഷപ്പെടാമല്ലോ. ഹർഷാരവത്തോടെയും കൈയടിയോടെയുമാണ് എലികൾ ആ നിർദ്ദേശം അംഗീകരിച്ചത്. ആരവം ഒന്നടങ്ങിയപ്പോൾ അത്രയും നേരം എല്ലാം കണ്ടും കേട്ടുംകൊണ്ട് ഒന്നും മിണ്ടാതിരുന്ന വയോധികനായ ഒരെലി എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു: സംഗതിയൊക്കെ കൊള്ളാം; നടപ്പാക്കാൻ പറ്റിയാൽ വിജയിക്കുമെന്ന കാര്യത്തിൽ എനിക്കു സംശയവുമില്ല. പക്ഷേ ഒരു ചോദ്യമേ നിങ്ങളോടെനിക്കു ചോദിക്കാനുള്ളു: നിങ്ങളിൽ ആരാണു പൂച്ചയ്ക്കു മണി കെട്ടാൻ പോകുന്നത്?
89. മുടി പോയ രാജാവ്
രാജാവിനു പ്രായമായപ്പോൾ മുടിയോരോന്നു കൊഴിഞ്ഞുതുടങ്ങി; ഒടുവിൽ മുടിയൊക്കെപ്പോയി കഷണ്ടിയായപ്പോൾ വെപ്പുമുടി വച്ച് കുറവു നികത്താമെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു ദിവസം രാജാവ് ചങ്ങാതിമാരോടൊപ്പം നായാട്ടിനു പോയപ്പോൾ പെട്ടെന്നൊരു കാറ്റു വീശി വെപ്പുമുടി പറന്നുപോയി. കഷണ്ടിയായി നിൽക്കുന്ന രാജാവിനെ കണ്ടപ്പോൾ ചങ്ങാതിമാർക്ക് ചിരിയടക്കാൻ പറ്റിയില്ല. രാജാവും പക്ഷേ ഒട്ടും നീരസം കാണിക്കാതെ അവരോടൊപ്പം ചേർന്നു പൊട്ടിച്ചിരിക്കുകയാണുണ്ടായത്. 'സ്വന്തം മുടി പിടിച്ചിരിക്കില്ലെങ്കിൽപ്പിന്നെ വെപ്പുമുടി എങ്ങനെ പിടിച്ചിരിക്കാൻ!' അദ്ദേഹം ചോദിച്ചു.
90. കലമാനും വള്ളിപ്പടർപ്പും
നായാട്ടുകാരെ ഭയന്നോടിയ ഒരു കലമാൻ ഒരു വള്ളിപ്പടർപ്പിൽ കയറി ഒളിച്ചു. നായാട്ടുകാർ കടന്നുപോയി ഇനിയൊന്നും പേടിക്കാനില്ലെന്നു തോന്നിയപ്പോൾ കലമാൻ വള്ളിപ്പടർപ്പിന്റെ ഇലകൾ കടിച്ചുതിന്നാൻ തുടങ്ങി. ഇലയനങ്ങുന്നതു കേട്ടു തിരിഞ്ഞുനിന്ന ഒരു നായാട്ടുകാരൻ ശബ്ദം കേട്ട ദിക്കു നോക്കി ഒരമ്പയച്ച് കലമാനെ കൊല്ലുകയും ചെയ്തു. അന്ത്യശ്വാ സമെടുക്കുമ്പോൾ കലമാൻ ഇങ്ങനെ ഖേദിച്ചു: 'അപകടത്തിൽപ്പെട്ടപ്പോൾ എന്നെ രക്ഷപെടുത്തിയ വള്ളിപ്പടർപ്പിനോടു കാണിച്ച നന്ദികേടിന് എനിക്ക് ഈ ശിക്ഷ തന്നെ കിട്ടണം.'
91. കാട്ടാടും കാളക്കൂറ്റനും
സിംഹത്തെ ഭയന്നോടിയ കാളക്കൂറ്റൻ ഒരു ഗുഹയിൽക്കയറി ഒളിച്ചു. അതിനുള്ളിൽ ഒരു കാട്ടാട് പാർപ്പുണ്ടായിരുന്നു; മുഠാളനായ ആ ജന്തു കൊമ്പു കൊണ്ടു കുത്തിയും തിക്കിയും തിരക്കിയും കാളയെ ഗുഹയിൽ നിന്നു പുറത്താക്കാൻ ശ്രമിച്ചപ്പോൾ കാള പറഞ്ഞു, 'ഞാനിപ്പോൾ അടങ്ങിയിരിക്കുന്നെങ്കിൽ അതു നിന്നെ പേടിച്ചിട്ടാണെന്നു കരുതരുത്. ആ സിംഹം കണ്ണിൽ നിന്നൊന്നു മറഞ്ഞോട്ടെ, കാളയും ആടും തമ്മിലുള്ള വ്യത്യാസം ഞാൻ നിനക്കു കാണിച്ചുതരാം.'
നമുക്കു വിഷമം നേരിടുമ്പോൾ അൽപന്മാരായ മനുഷ്യരുടെ സഹായം തേടാൻ പോകരുത്.
1 comment:
അറബിയില്‍ ഒരു കഥയുണ്ട്.
kalila wa dimna
സിംഹവും കാളയും എന്നാണ് മലയാളത്തില്‍.
ഇംഗ്ലീഷ് പേരില്‍ ഗൂഗിള്‍ ചെയ്താല്‍ കഥ കിട്ടും.
മലയാളത്തിലേക്ക് അതൊന്നു പരിഭാഷപ്പെടുത്തിക്കൂടേ.
Post a Comment