Wednesday, July 15, 2009

ഇന്നത്തെ ഈസോപ്പ്

image76

79. ദീനം പിടിച്ച കലമാൻ

പ്രായാധിക്യം കാരണം മുട്ടുമടങ്ങാതെയായ ഒരു കലമാൻ കാടിനടുത്ത്‌ സമൃദ്ധമായി പുല്ലു വളരുന്ന ഒരു സ്ഥലം കണ്ടുപിടിച്ച്‌ അവിടെച്ചെന്നു കിടന്നു; ശേഷിച്ചകാലം അധികം ആയാസപ്പെടാതെ അവന്‌ അവിടെക്കിടന്നു മേയാം. പക്ഷേ സ്നേഹശീലനും എല്ലാവർക്കും വേണ്ടപ്പെട്ടയാളുമായ കലമാനിന്റെ സുഖമന്വേഷിക്കാൻ കാട്ടിലെ മൃഗങ്ങൾ ഒന്നൊന്നായി വരാൻ തുടങ്ങി; വന്നവർ വന്നവർ അവൻ കണ്ടുവച്ച പുല്ലു കൂടി തിന്നിട്ടാണു മടങ്ങിയത്‌. ഒടുവിൽ ഒരു പുൽക്കൊടി പോലും ശേഷിച്ചില്ല. അങ്ങനെ കലമാൻ അസുഖം ഭേദമായിവന്നപ്പോൾ അവനു കഴിക്കാൻ ഒന്നുമില്ലായിരുന്നു. ഒടുവിൽ കലമാൻ മരിച്ചത്‌ അസുഖം വന്നിട്ടോ വാർധക്യം മൂലമോ അല്ല, പട്ടിണി കിടന്നിട്ടായിരുന്നു; അവനു വേണ്ടി അവന്റെ ചങ്ങാതിമാരാണ്‌ ഭക്ഷണം കഴിച്ചത്‌.

80. ഹെർക്കുലീസും വണ്ടിക്കാരനും

ചെളി നിറഞ്ഞ വഴിയിലൂടെ അശ്രദ്ധമായി വണ്ടിയോടിച്ച കൃഷിക്കാരന്റെ വണ്ടി ചെളിയിൽ പുതഞ്ഞുനിന്നു; കുതിരകൾ ആഞ്ഞു വലിച്ചിട്ടും വണ്ടി അനങ്ങിയില്ല. വണ്ടിക്കാരൻ എന്തു ചെയ്തെന്നോ? അയാൾ നിലത്തു കുത്തിയിരുന്ന്‌ ഹെർക്കുലീസിനെ വിളിച്ചു പ്രാർത്ഥിച്ചു, വണ്ടി പൊക്കിയെടുത്ത്‌ തന്നെ ഒന്നു സഹായിക്കാൻ; അതേ സമയം താനായിട്ടെന്തെങ്കിലും ഒരു ശ്രമം അയാൾ നടത്തിയിട്ടുണ്ടോ, അതുമില്ല. അയാളുടെ പ്രാർത്ഥന കേട്ട്‌ പ്രത്യ ക്ഷനായ ഹെർക്കുലീസ്‌ പക്ഷേ, അയാളെ സഹായിക്കുകയല്ല, ശാസിക്കുകയാണു ചെയ്തത്‌; ചക്രത്തിനടിയിൽ തോളു വച്ച്‌ വണ്ടി ഇളക്കിവിടാൻ അദ്ദേഹം അവനോടാജ്ഞാപിച്ചു. സ്വയം സഹായിക്കാത്തവരെ ദൈവവും സഹായിക്കുകയില്ല എന്ന്‌ അദ്ദേഹം അയാളെ ഓർമ്മപ്പെടുത്തി.
താൻ പാതി, ദൈവം പാതി.

image37

81. കാക്കയും പ്രാവും

താൻ എത്ര കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തിരിക്കുന്നുവെന്ന്‌ സ്വയം പുകഴ്ത്തുകയായിരുന്നു കൂട്ടിലടച്ച മാടപ്രാവ്‌. അതു കേട്ട്‌ കാക്ക പറഞ്ഞു, 'വീമ്പടിക്കാതെ, ചങ്ങാതീ! നീ എത്ര പെറ്റുകൂട്ടുന്നുവോ അത്രയും അടിമകളെച്ചൊല്ലി കരയാനാണു നിന്റെ വിധി.'

സ്വാതന്ത്ര്യമില്ലാതെ എന്തു ജീവിതം?

82. സിംഹി

ഒറ്റപ്രസവത്തിൽ ഏറ്റവുമധികം കുട്ടികളുണ്ടാവുന്നതാർക്കാണെന്നതിനെച്ചൊല്ലി മൃഗങ്ങൾ തമ്മിൽ തർക്കമായി. തർക്കം തീർക്കാൻ അവർ സിംഹിയെച്ചെന്നു കണ്ടു. 'അവിടുത്തെ പ്രസവത്തിൽ എത്ര കുട്ടികളുണ്ടായി?' മൃഗങ്ങൾ ചോദിച്ചു. 'ഒന്നു മാത്രം,' സിംഹി ധാർഷ്‌ട്യത്തോടെ പറഞ്ഞു, 'പക്ഷേ ആ ഒന്ന്‌ ഒരു സിംഹമാണ്‌.'

എത്രയെണ്ണത്തിനു കിടനിൽക്കാനും എണ്ണം പറഞ്ഞ ഒന്നു മതി.

83. കൃഷിക്കാരനും മക്കളും

മരണമടുത്ത ഒരു കൃഷിക്കാരൻ മക്കൾ തമ്മിലടിച്ച്‌ കൃഷി നശിക്കരുതെന്നുവച്ച്‌ അവരെ അടുത്തുവിളിച്ച്‌ ഇങ്ങനെ പറഞ്ഞു, 'മക്കളേ, എന്റെ കാലം കഴിയാറായി. നിങ്ങൾക്കുള്ളത്‌ ഞാൻ തോട്ടത്തിൽ വച്ചിട്ടുണ്ട്‌.' ഒന്നുരണ്ടു നാൾക്കകം കൃഷിക്കാരൻ മരിക്കുകയും ചെയ്തു. അച്ഛൻ തോട്ടത്തിലെവിടെയോ നിധി കുഴിച്ചിട്ടുണ്ടെന്നുള്ള ധാരണയിൽ മക്കൾ തൂമ്പയും കോരിയുമെടുത്ത്‌ തോട്ടം മുഴുവൻ കിളച്ചുമറിച്ചു. നിലമാകെ കുത്തിയിളക്കിയിട്ടും നിധിയൊന്നും കിട്ടിയില്ല. പക്ഷേ അവരുടെ ഉഴുതുമറിക്കൽ കൊണ്ട്‌ പുതുജീവൻ കിട്ടിയ മുന്തിരിവള്ളികളാവട്ടെ അന്നേവരെ ഉണ്ടാവാത്ത ഒരു വിളവാണു നൽകിയത്‌. അങ്ങനെ ആ കർഷകയുവാക്കൾക്ക്‌ അവരുടെ പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടുകയും ചെയ്തു.

പരിശ്രമശീലം തന്നെ ഒരു നിധിയാണ്‌.

84. മനുഷ്യനും നായയും

ഒരാൾ യാത്രയ്ക്കൊരുങ്ങുമ്പോൾ തന്റെ നായ വാതിൽക്കൽ നിൽക്കുന്നതു കണ്ടു. 'നീയെന്തായീ കണ്ണുംമിഴിച്ചു നോക്കിനിൽക്കുന്നത്‌?' അയാൾ ചോദിച്ചു. 'ഇറങ്ങാൻ സമയമായി; പെട്ടെന്നൊരുങ്ങ്‌.' നായ വാലാട്ടിക്കൊണ്ടു പറഞ്ഞു, 'ഞാനെപ്പോഴേ തയ്യാറായിക്കഴിഞ്ഞു യജമാനനെ; ഇനി അങ്ങു തയ്യാറാൽ മതി.'

85. ഒരു കെട്ടു ചുള്ളിക്കമ്പുകൾ

തമ്മിലടിയ്ക്കുന്ന മക്കളെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ച്‌ കൃഷിക്കാരൻ തോറ്റു. എന്നാലിനി മറ്റൊരു വഴി നോക്കാമെന്ന്‌ അയാൾ തീരുമാനിച്ചു. ഒരു ദിവസം അയാൾ മക്കളെ അടുത്തു വിളിച്ച്‌ കുറെ ചുള്ളിക്കമ്പുകൾ എടുത്തുകൊണ്ടുവരാൻ പറഞ്ഞു. എന്നിട്‌ അയാൾ അത്‌ ഒരുമിച്ചൊരു കെട്ടാക്കിയിട്ട്‌ ഓരോത്തുരോടും അതൊടിക്കാൻ പറഞ്ഞു. ആർക്കും ചുള്ളിക്ക മ്പിന്റെ കെട്ടൊടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ കൃഷിക്കാരൻ കെട്ടഴിച്ചിട്ട്‌ ചുള്ളിക്കമ്പുകൾ ഓരോന്നായി എടുത്തുകൊടുത്തു. അതൊടിക്കാൻ അവർക്ക്‌ ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല. 'നിങ്ങളുടെ കാര്യവും ഇതു തന്നെയാണെന്റെ മക്കളെ,' കൃഷിക്കാരൻ അവരോടു പറഞ്ഞു. 'ഒരുമിച്ചുനിൽക്കുന്നിടത്തോളം കാലം ഏതു ശത്രുവിനും കിടനിൽക്കാൻ നിങ്ങളെക്കൊണ്ടു കഴിയും. എന്നാൽ ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കുമ്പോൾ ഈ ചുള്ളിക്കമ്പുകൾ പോലെ ആർക്കും നിഷ്പ്രയാസം നിങ്ങളെ കീഴ്പ്പെടുത്താം.'

No comments: